ഏതൊരു സംഘടനയ്ക്കും മൂന്ന് അവസ്ഥാ വിശേഷങ്ങളിലൂടെ കടന്നുപോകേണ്ടിവരും: ഒന്ന്, തിരസ്‌ക്കാരത്തിന്റേത് രണ്ട്, എതിര്‍പ്പിന്റേത് മൂന്ന്, അംഗീകാരത്തിന്റേത്. സംഘത്തിന്റെ ശതാബ്ദി വേളയില്‍, ആദ്യത്തെ രണ്ട് അവസ്ഥാവിശേഷങ്ങളും വിജയകരമായി പിന്നിട്ട് അംഗീകാരത്തിന്റെ സ്ഥിതിവിശേഷത്തിലാണ് സംഘം എത്തിനില്‍ക്കുന്നത്. എന്നാല്‍ സംഘത്തിന്റെ നൂറു വര്‍ഷത്തെ പ്രയാണം ഒരിക്കലും സുഗമമോ, സരളമോ ആയിരുന്നില്ല. സംഘകാര്യകര്‍ത്താക്കളുടെ, സ്വയംസേവകരുടെ, അവരുടെ കുടുംബാംഗങ്ങളുടെ അനന്യ നിഷ്ഠയുടേയും ത്യാഗമനോഭാവത്തിന്റേയും ഫലമായാണ് അവജ്ഞയുടെയും എതിര്‍പ്പിന്റെയും സാഹചര്യങ്ങളെ വിജയകരമായി തരണം ചെയ്യാന്‍ സംഘത്തിനായത്. ഈ ചരിത്രം ഇന്നത്തെ സ്വയംസേവകര്‍ അറിയേണ്ടതും ഓര്‍ക്കേണ്ടതുമുണ്ട്. ഒരു സംഭവം പറയാം.
സംഘത്തിന്റെ ആരംഭദശയില്‍, നാഗപ്പൂരില്‍ നിന്ന് ഒരു പ്രചാരകനെ ഭഗല്‍പ്പൂരില്‍ സംഘപ്രവര്‍ത്തനം ആരംഭിക്കാനായി അയച്ചു. അഞ്ച് രൂപയാണ് കൊടുത്തിരുന്നത്. അതില്‍ മൂന്നേ മുക്കാല്‍ രൂപ വണ്ടിക്കൂലി കഴിച്ച്, ഭഗല്‍പ്പൂരില്‍ വണ്ടിയിറങ്ങിയപ്പോള്‍ കയ്യില്‍ ഒന്നേകാല്‍ രൂപമാത്രമാണുണ്ടായിരുന്നത്. ആ സമയത്ത്, പാറ്റ്‌നയില്‍ നിന്ന് പുറപ്പെടുന്ന ഒരു വണ്ടി രാത്രി 10 മണിക്ക് ഭഗല്‍പ്പൂരില്‍ എത്തി, കാലത്ത് 5 മണിക്ക് വീണ്ടും പാറ്റ്‌നയിലേക്ക് പോയിരുന്നു. രാത്രി ആ വണ്ടിയില്‍ കിടന്നുറങ്ങി, കാലത്ത് സ്റ്റേഷനിലെ ശൗചാലയത്തില്‍ പ്രാഥമിക കര്‍മ്മങ്ങള്‍ നടത്തി, പിന്നീട് ശാഖ തുടങ്ങാന്‍ ആളുകളെ സമ്പര്‍ക്കം ചെയ്യുകയായിരുന്നു അദ്ദേഹം ചെയ്തത്. ഭക്ഷണത്തിന് വകയില്ലാത്തതുകൊണ്ട് കുറഞ്ഞ തുകയ്ക്ക് കിട്ടുന്ന കടലവാങ്ങി കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്തുകൊണ്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. അങ്ങനെ അവിടെ ശാഖ തുടങ്ങി.
ശാഖയിലെ ഒരു സ്വയംസേവകന്റെ വീട്ടില്‍ ഒരു വ്രതസമാപ്തിയുടെ ഭാഗമായി, അതിഥിഭോജനത്തിന് ആ സ്വയംസേവകന്‍ പ്രചാരകനെ ക്ഷണിച്ചു. അവിടെയെത്തി, ഭക്ഷണം കഴിക്കുന്നതിനിടയ്ക്ക് പ്രചാരകന് ഭക്ഷണത്തിന് വ്യവസ്ഥയില്ലെന്ന് ആ വീട്ടിലെ അമ്മ മനസ്സിലാക്കി. ”ഉച്ചഭക്ഷണം തരമായില്ലെങ്കില്‍ ഉച്ചക്ക് 12 മണിക്കും, രാത്രിഭക്ഷണവ്യവസ്ഥ ആയില്ലെങ്കില്‍ രാത്രി 8 മണിക്കും തന്നെ അറിയിക്കണമെന്നും, ഹിന്ദു സമൂഹത്തിന്റെ സംഘടിതാവസ്ഥയ്ക്കും രാഷ്ട്രത്തിന്റെ ഉന്നതിക്കും വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവര്‍ക്കുവേണ്ടി ഇതെല്ലാം അനിവാര്യമായും ചെയ്യേണ്ടത് തന്റെ കര്‍ത്തവ്യമായി കരുതുന്നു”വെന്നും ആ അമ്മ പ്രചാരകനോടു പറഞ്ഞു. അവരത് അക്ഷരാര്‍ത്ഥത്തില്‍ നിര്‍വ്വഹിക്കുകയും ചെയ്തു.




















