പരംപൂജനീയ ശ്രീ ഗുരുജിയുടെ പിതാവ് സര്‍ക്കാര്‍ ഉദ്യോഗത്തിലിരുന്നപ്പോള്‍ ഖണ്ഡ്‌വയില്‍ അദ്ദേഹം കുടുംബസമേതം താമസിച്ചിരുന്നത് പരാഗേജിയുടെ വാടകവീട്ടിലായിരുന്നു. സര്‍സംഘചാലക് ആയശേഷം ശ്രീ ഗുരുജി ആദ്യമായി ഖണ്ഡ്‌വയില്‍ ചെന്നപ്പോള്‍, പരാഗേജി അസുഖബാധിതനായി കിടപ്പിലാണെന്നറിഞ്ഞ് അദ്ദേഹത്തിന്റെ വസതിയിലെത്തി.
പരാഗേജിയോട് അദ്ദേഹത്തിന്റെ ഓരോ കുടുംബാംഗത്തെയും കുറിച്ച് പേരെടുത്ത് പറഞ്ഞ് ശ്രീ ഗുരുജി അന്വേഷിച്ചപ്പോള്‍ അദ്ദേഹത്തിന് അതിശയം തോന്നി. കുട്ടിയായിരുന്നപ്പോള്‍ കണ്ടവരുടെ പേരുകള്‍ ഇപ്പോഴും ഓര്‍ക്കുന്നെന്നോ? ശേഷം, ശ്രീഗുരുജി പരാഗേജിയുടെ മാതാവിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ അടുക്കളയിലാണെന്ന് അറിഞ്ഞു. ശ്രീഗുരുജി അവരെ ഭാഭി (ജ്യേഷ്ഠത്തിയമ്മ) എന്നാണ് വിളിച്ചിരുന്നത്. അവരെ കാണാന്‍ അദ്ദേഹം നേരെ അടുക്കളയിലേക്ക് ചെന്ന് അവിടെ ഉണ്ടായിരുന്ന ഒരു പലകയില്‍ ഇരുന്നു. കുശലപ്രശ്‌നത്തിനിടയ്ക്ക് ഭാഭിജി ശ്രീ ഗുരുജിയോട് ചോദിച്ചു: ”മധൂ, നീയെന്താണ് താടിയും മുടിയും നീട്ടിയിരിക്കുന്നത്! ഇത്ര പ്രായമായിട്ടും വിവാഹം കഴിക്കാത്തതെന്ത്?” ഇത്രയുമായപ്പോള്‍, തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പൊട്ടിച്ചിരിച്ചുകൊണ്ട് ശ്രീ ഗുരുജി അവരോടു പറഞ്ഞു: ”ഞാന്‍ രാഷ്ട്രകാര്യത്തിനുവേണ്ടി എന്നെ സ്വയം സമര്‍പ്പിച്ചു കഴിഞ്ഞു! മറ്റൊരു കാര്യത്തെക്കുറിച്ചും എനിക്കിനി ചിന്തിക്കാനാവില്ല!”





















