സംഘം ആരേയും വിരോധിയായി കാണുന്നില്ല. സംഘത്തെ എതിര്‍ക്കുന്നവരെപ്പോലും സംഘത്തിന്റെ അനുകൂലികളാക്കി മാറ്റണം, അതിനുവേണ്ടി പ്രയത്‌നിക്കണം എന്നതാണ് സംഘത്തിന്റെ കാഴ്ചപ്പാട്. തികഞ്ഞ ആത്മവിശ്വാസത്തോടെ സ്വയംസേവകര്‍ ഈ ദൗത്യം വിജയകരമായി നിര്‍വ്വഹിച്ച ഉദാഹരണങ്ങള്‍ ധാരാളം കാണാം.
അഭിഭാഷകനായ ഇന്ദര്‍മല്‍ ജൈന്‍ ശൂജാല്‍പൂരിലെ ഒരു പ്രമുഖ കുടുംബത്തിലെ അംഗമായിരുന്നു. കോണ്‍ഗ്രസ്സുകാരനായ അദ്ദേഹം കടുത്ത സംഘവിരോധിയായിരുന്നു. അതേസമയം, സ്വയംസേവകരുടെ അച്ചടക്കം, സ്വഭാവശുദ്ധി എന്നിവയെക്കുറിച്ച് അദ്ദേഹത്തിന് അങ്ങേയറ്റത്തെ മതിപ്പുമുണ്ടായിരുന്നു.
1972ല്‍ ശാജാപൂര്‍ ജില്ലയിലെ സ്വയംസേവകരുടെ ശിബിരം ശൂജാല്‍പൂരില്‍ നടത്താന്‍ നിശ്ചയിച്ചു. സംഘ കാര്യകര്‍ത്താക്കള്‍ അദ്ദേഹത്തെ ചെന്നു കണ്ട് ശിബിരാധികാരിയാകണമെന്ന് അഭ്യര്‍ത്ഥിച്ചു. അതിനു സമ്മതിക്കുന്നതിന് അദ്ദേഹം ഒരു ഉപാധി മുന്നോട്ടുവെച്ചു. അവിടെ താന്‍ നടത്തുന്ന പ്രഭാഷണത്തില്‍ തനിക്കിഷ്ടപ്പെട്ട കാര്യങ്ങള്‍ പറയാന്‍ അവസരമുണ്ടാകണം. സംഘകാര്യകര്‍ത്താക്കള്‍ സസന്തോഷം അദ്ദേഹത്തിന്റെ നിബന്ധന അംഗീകരിച്ചു. കാരണം. അവര്‍ക്ക് സ്വയംസേവകരുടെ ആദര്‍ശനിഷ്ഠയിലും പ്രതിബദ്ധതയിലും അചഞ്ചലമായ വിശ്വാസം ഉണ്ടായിരുന്നു!
ശിബിരത്തിലെത്തിയ അദ്ദേഹം അവിടെ നടക്കുന്ന കാര്യക്രമങ്ങള്‍, സ്വയംസേവകരുടെ പെരുമാറ്റം, അച്ചടക്കം, ആവേശം എന്നിവയെല്ലാം സസൂക്ഷ്മം നിരീക്ഷിച്ചു. താന്‍ ധരിച്ചുവെച്ചതിനു വിപരീതമായി, സംഘത്തില്‍ യാതൊരു ഭേദഭാവവും കൂടാതെ സ്വയംസേവകരെല്ലാം ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത് അദ്ദേഹം കണ്ടു. മാത്രമല്ല, ദേശഭക്തിയുമായി ബന്ധപ്പെട്ട കാര്യങ്ങളല്ലാതെ മറ്റൊന്നും അദ്ദേഹത്തിന് അവിടെ കാണാനായില്ല. ശിബിരത്തില്‍ മധ്യഭാരത് പ്രാന്തപ്രചാരക് മാന്യ. സുദര്‍ശന്‍ജിയുടെ ബൗദ്ധിക് അദ്ദേഹത്തിന്റെ സംശയങ്ങളെല്ലാം തീര്‍ത്തു. അവസാനം അദ്ദേഹം പറഞ്ഞു: ”ഞാന്‍ പല കാര്യങ്ങളും പറയണമെന്ന് ഉദ്ദേശിച്ചാണ് ഇവിടെ വന്നത്. ഇവിടത്തെ അന്തരീക്ഷം എന്റെ ചിന്താഗതിയെ തീര്‍ത്തും മാറ്റി. ഇനി സംഘത്തിനെതിരായി എന്തെങ്കിലും പറയാന്‍ എനിക്കാവില്ല!”





















