കൂനന്‍ കുത്തിയാല്‍ ഗോപുരം ചെരിയുമോ? എന്നൊരു ചൊല്ലുണ്ട് മലയാളത്തില്‍. മുസ്ലീം ന്യൂനപക്ഷത്തിലെ സുന്നികളിലെ ഒരു വിഘടിത ഗ്രൂപ്പുമാത്രമായ കാന്തപുരക്കാരുടെ ഗ്രാന്റ് മുഫ്തി എന്ന അഹങ്കാരത്താല്‍ ഒരു ഉസ്താദ് ഫത്വയിറക്കിയാല്‍ ഭാരതഭരണഘടനക്കു പകരം ശരീയത്ത് നടപ്പാക്കാനാകുമോ? കാട്ടറബി മതച്ചട്ടം മാത്രം ഓതി ശീലിച്ച് മതിഭ്രമം സംഭവിച്ചവര്‍ അങ്ങനെ സ്വപ്‌നം കണ്ടേക്കാം. ‘കേരള’ എന്ന പേര് ഒരു വട്ടപ്പൂജ്യം ചേര്‍ത്ത് (മലയാള ഭാഷയിലെ അനുസ്വാരം) ‘കേരളം’ എന്നാക്കണമെങ്കില്‍ പോലും ഭാരതപാര്‍ലമെന്റിന്റെ രണ്ടു സഭകളും അംഗീകരിക്കണം. എന്നിട്ടാണോ സ്ത്രീകളെ മുഴുവന്‍ വീട്ടിനകത്ത് തളച്ചിടുന്ന ശരീയത്ത് നിയമം രാജ്യത്ത് നടപ്പാക്കാനുള്ള ഫത്വയുമായി ഉസ്താദ് ഇറങ്ങിപ്പുറപ്പെട്ടത്? സ്ത്രീകള്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടാല്‍ വലിയ നാശമുണ്ടാകുമെന്നും അവരെ വീട്ടിനകത്ത് തളച്ചിടണമെന്നും പര്‍ദ്ദയില്‍ പൊതിയണമെന്നും ഉള്ളത് ഇസ്ലാമിക നോളജ് സിറ്റിയിലെ ഹിറാഗുഹയില്‍ നിന്ന് കിട്ടിയ വെളിപാടാണോ എന്നറിയില്ല. ആരെതിര്‍ത്താലും ശരീയത്ത് നിയമം നടപ്പാക്കുന്നതില്‍ നിന്ന് പിറകോട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. മര്‍ക്കസിലെ അന്താരാഷ്ട്രമില്ലത്ത് കോണ്‍ഫറന്‍സില്‍ വെച്ച് ഉസ്താദ് പറഞ്ഞത് ഇതിനുവേണ്ടി ജില്ലകള്‍ തോറും ശരീയത്ത് കോണ്‍ഫറന്‍സ് നടത്താന്‍ പോകുന്നു എന്നാണ്. ഉസ്താദ് ഒരുമ്പെട്ടിറങ്ങി എന്ന് ഇതില്‍നിന്ന് വ്യക്തം. എന്താണിതിന് കാരണം എന്ന് ഗവേഷണം നടത്തിയവര്‍ പറയുന്നത് നബിദിനറാലിയിലെ ചില തുള്ളിച്ചാട്ടം അദ്ദേഹത്തെ പ്രകോപിപ്പിച്ചു എന്നാണ്. അതിന് റാലിയില്‍ നിയന്ത്രണം കൊണ്ടുവരുകയല്ലേ വേണ്ടത്, സ്ത്രീകളുടെ മേക്കിട്ട് കയറലല്ലല്ലോ എന്നാണ് മറ്റു ചിലരുടെ ചോദ്യം. ഒറിജിനല്‍ സമസ്ത തങ്ങളാണെന്ന കാന്തപുരക്കാരുടെയും ചേളാരിക്കാരുടെയും ഗ്രൂപ്പു തിരിഞ്ഞുള്ള പോരില്‍ ഉസ്താദ് ശരീയത്ത് എന്ന ബ്രഹ്മാസ്ത്രം പ്രയോഗിച്ചു എന്നതാണ് സത്യം. ഇത് എല്ലാ മുസ്ലീം നേതാക്കളും തിരിച്ചറിഞ്ഞിട്ടുമുണ്ട്. ശരീയത്തില്‍ തൊട്ടാല്‍ ഷോക്കടിക്കും എന്നതിനാല്‍ അവര്‍ വായ തുറക്കാന്‍ തയ്യാറില്ല.
ഉസ്താദ് ലിംഗസമത്വം പിച്ചിക്കീറി കാറ്റില്‍പറത്തിയതിന്റെ ശബ്ദകോലാഹലമൊന്നും വനിതാമതില്‍ വിപ്ലവകാരിയായ നവോത്ഥാനനായകന്‍ വിജയന്‍ സഖാവ് അറിഞ്ഞിട്ടേയില്ല. അദ്ദേഹത്തിന്റെ കാതിന്റെ ഫ്യൂസ് പോയി എന്നു തോന്നുന്നു. സി. പി. എമ്മില്‍ നിന്ന് പ്രതികരിച്ചത് ചില പച്ചിലപ്പാമ്പുകള്‍ മാത്രം. ഉസ്താദിന്റെ വക്കാലത്തെടുക്കാനാവട്ടെ ഹംസയും ജലീലും ഉണ്ടുതാനും. ആര്‍.എസ്.എസ് കാര്യാലയത്തിനുമുമ്പില്‍ മനുസ്മൃതി കത്തിക്കാന്‍ ആവേശം കാണിച്ച ഒരു കോണ്‍ഗ്രസ്സുകാരനെയും കാന്തപുരത്തോ പരിസരത്തോ ഇത്തരം നാടകം കളിക്കാന്‍ ചൂട്ടു കത്തിച്ചു നോക്കിയാലും കാണാനില്ല. ഇതില്‍ കുടുങ്ങിപ്പോയത് വി.ഡി. സതീശനാണ്. മുഖ്യമന്ത്രിയായതിനാല്‍ പ്രതികരിക്കാതെ വയ്യ എന്നായി. ഉസ്താദിന്റെ വിശ്വസ്തരായ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വഴി സമ്മതം വാങ്ങിയ ശേഷം സതീശന്‍ പറഞ്ഞത് കാന്തപുരത്തിന്റേത് പത്തൊമ്പതാം നൂറ്റാണ്ടിലെ ചിന്താഗതിയാണ് എന്ന മയപ്പെട്ട വാക്കുകളാണ്.
ഇത് അവസരമാക്കി ചേളാരി സമസ്തക്കാര്‍ യുദ്ധത്തില്‍ പുതിയ അടവ് പയറ്റിത്തുടങ്ങി. ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന സപ്തംമ്പര്‍ 6-ലെ സുപ്രഭാതത്തിന്റെ മുഖപ്രസംഗം രൂക്ഷമായ പദപ്രയോഗങ്ങള്‍ സതീശനു നേരെ തൊടുത്തുവിട്ടെങ്കിലും അതിന്റെ യഥാര്‍ത്ഥ ലക്ഷ്യം കാന്തപുരം ഉസ്താദായിരുന്നു. കാന്തപുരത്തിന്റെ കളത്തില്‍ ഇപ്പോള്‍ കളിക്കുന്നത് ജിഫ്രി തങ്ങളാണ്. ശരീയത്ത് എന്ന തീക്കൊള്ളി കൊണ്ടുള്ള ഈ കളി കേരളത്തെ എവിടെ എത്തിക്കുമെന്ന് ജനം ചോദിക്കുമ്പോഴും ഇടത് പുരോഗമന ശാസ്ത്ര സാഹിത്യ നവോത്ഥാന വില്ലാളിവീരന്മാര്‍ കൂര്‍ക്കം വലിച്ച് ഉറങ്ങുകയാണ്.
തലവര:
ശ്രീകൃഷ്ണജയന്തി ശോഭായാത്രയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് എ.എല്‍.എയെ ഹിന്ദു ഐക്യവേദി അഭിനന്ദിച്ചു.
ഞാനൊന്നും കണ്ടില്ലേ രാമനാരായണ എന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്






















