രവീന്ദ്രനാഥ ടാഗൂര്‍ ജനിച്ച് (1861) 71 വര്‍ഷം കഴിഞ്ഞാണ് വി.എസ്. നയ്‌പോള്‍ ജനിക്കുന്നത് (1932). നയ്‌പോള്‍ ജനിച്ച് 9 വര്‍ഷം കഴിഞ്ഞപ്പോള്‍ ടാഗൂര്‍ മരിക്കുകയും ചെയ്തു (1941). രണ്ടുപേരും പ്രകടമായും രണ്ട് തലമുറയേയും രണ്ടുകാലഘട്ടങ്ങളേയും പ്രതിനിധീകരിക്കുന്നവരാണ് എന്ന വസ്തുത സൂചിപ്പിക്കാനാണ് രണ്ടുപേരുടേയും ജനന വര്‍ഷങ്ങള്‍ സൂചിപ്പിച്ചത്. രണ്ടുപേര്‍ക്കും പൊതുവില്‍ ഉള്ള സംഗതികള്‍ രണ്ടാളും നൊബേല്‍ സമ്മാനം നേടി എന്നുള്ളതും രണ്ടുപേരും ഇന്ത്യക്കാരാണ് എന്നുള്ളതുമാണ്. ഇന്ത്യക്കാരാണ് എന്നു പറഞ്ഞതില്‍ ചില പോരായ്മകളുണ്ട്. നയ്‌പോള്‍ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഒരിന്ത്യക്കാരനേയല്ല. അദ്ദേഹം ജനിച്ചത് ട്രിനിഡാഡ് ടൊബാഗോ എന്ന കരീബിയന്‍ രാജ്യത്താണ്. മരിച്ചത് യു.കെ പൗരനായി ലണ്ടനില്‍ വച്ചും. പല തവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട് എന്നതും അദ്ദേഹത്തിന്റെ മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയുമൊക്കെ ഇന്ത്യന്‍ വംശജരായിരുന്നു എന്നതും മാത്രമാണ് ഭാരതവുമായുള്ള ബന്ധം. എന്നാല്‍ ഇന്ത്യയെക്കുറിച്ച് വളരെ ഗൃഹാതുരമായ ഓര്‍മ്മകള്‍ സൂക്ഷിച്ചിരുന്ന ഒരാളാണ് അദ്ദേഹം. കൃതികളിലെ കഥാപാത്രങ്ങള്‍ മിക്കവാറും എല്ലാ ഇന്ത്യന്‍ പേരുകളുള്ളവരോ ഇന്ത്യന്‍ രീതികള്‍ പിന്‍തുടരുന്നവരോ ആണ്. അവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം ഭാരതീയം തന്നെ.
നൊബേല്‍ നേടിയ ഇന്ത്യക്കാരെക്കുറിച്ചു പറയുമ്പോള്‍ ഒരിടത്തും നയ്‌പോളിന്റെ പേര് ആരും പരാമര്‍ശിക്കാറില്ല. ഇന്ത്യയില്‍ ജനിച്ച ആരേക്കാളും കൂടുതല്‍ അദ്ദേഹം ഇന്ത്യയെക്കുറിച്ചെഴുതിയിട്ടുണ്ട്. മൂന്ന് കൃതികള്‍, ഇന്ത്യയിലൂടെ നടത്തിയ യാത്രകള്‍ക്കുശേഷം ഇന്ത്യനവസ്ഥകളെക്കുറിച്ചെഴുതിയവയാണ്. അവ India: An area of darkness, India: A Wounded Civilization, India: A Million Mutinies now എന്നിവയാണ്. ഈ യാത്രകളില്‍ അദ്ദേഹം കണ്ട ഇന്ത്യ ദാരിദ്ര്യത്തിന്റെ പടുകുഴിയായിരുന്നു. അക്കാലത്തെ നമ്മുടെ രാജ്യത്തിന്റെ സ്ഥിതി അതുതന്നെയായിരുന്നു. 2018ല്‍ അന്തരിച്ച നയ്‌പോള്‍ ഈ മൂന്നു കൃതികളും എഴുതിയത് 2014നു മുന്‍പായിരുന്നു. ഭാരതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ പ്രകടമായിത്തുടങ്ങിയത് 2014ലെ ഭരണമാറ്റത്തിനു ശേഷമായിരുന്നുവെന്ന് ഏവര്‍ക്കുമറിയാം. അതിനുമുന്‍പുള്ള ഈ രാജ്യത്തിന്റെ സ്ഥിതി സത്യസന്ധമായി അവതരിപ്പിക്കുകയായിരുന്നു ഈ എഴുത്തുകാരന്‍ ചെയ്തത്. അതിന്റെ പേരില്‍ അദ്ദേഹത്തെ വലുതായി തമസ്‌കരിക്കുകയുണ്ടായി.
ഈ തമസ്‌കരണത്തിനു കാരണം ഭാരതത്തിലെ ദാരിദ്ര്യത്തെ പര്‍വ്വതീകരിച്ചതുകൊണ്ടാണെന്നാണു പൊതുവ പ്രചരിപ്പിക്കപ്പെട്ടത്. എല്ലാ ഇന്ത്യക്കാരേയും പോലെ ഈ ലേഖകനും അതുവിശ്വസിച്ചുപോന്നു. അദ്ദേഹത്തിന്റെ കൃതികള്‍ നമ്മുടെ വായനശാലകളില്‍ പൊതുവെ ലഭ്യമല്ലാത്തതിനാല്‍ അതൊന്നും വായിക്കാനാവസരം ലഭിച്ചതുമില്ല. എന്നാല്‍ ഈയടുത്തകാലത്താണ് ഇന്ത്യ: എ മില്യണ്‍ മ്യൂട്ടിനീസ് നൗ എന്ന കൃതി മലയാളത്തിലേയ്ക്ക് പ്രൊഫ. പ്രമീളാദേവി വിവര്‍ത്തനം ചെയ്തത് വായിക്കാനിടയായത്. അതു വായിച്ചപ്പോഴാണ് നയ്‌പോളിനെ തമസ്‌കരിച്ചതിനു കാരണം മറ്റൊന്നാണെന്നു മനസ്സിലായത്. തന്റെ പിതൃഭൂമി എന്ന നിലയ്ക്ക് ഭാരതത്തോടും ഇവിടത്തെ ആചാരാനുഷ്ഠാനങ്ങളോടും ഈ സംസ്‌കൃതിയോടുമൊക്കെ വലിയ വൈകാരിക ബന്ധം ഈ വൈദേശിക ഇന്ത്യന്‍ എഴുത്തുകാരനുണ്ടെന്നു മനസ്സിലായി. അദ്ദേഹം എഴുതുന്നത് ഇങ്ങനെയാണ്: മെക്‌സിക്കോയിലെ അസ്‌ടെക് ദൈവങ്ങളെപ്പോലെ ഹിന്ദു അംഗോറിലെ ആ ദ്ധ്യാത്മിക പ്രതീകങ്ങളെപ്പോലെ ഇന്ത്യയുടെ ഹൈന്ദവ പാരമ്പര്യവും സങ്കീര്‍ണ്ണമായ ദര്‍ശനങ്ങളും അര്‍ത്ഥശൂന്യമെന്നു ലോകം വിലയിരുത്തുമെന്നു പലരും കരുതി. പക്ഷേ അങ്ങനെ സംഭവിച്ചില്ല. ചരിത്രത്തിന്റെ എല്ലാ വളവുതിരിവുകളും പിന്നിട്ട് സാമ്രാജ്യത്വവാദികളുടെ എല്ലാ അധിനിവേശങ്ങളേയും മറികടന്ന് പോര്‍ച്ചുഗീസുകാര്‍ മുതല്‍ ബ്രിട്ടീഷുകാര്‍ വരെ നടത്തിയ നശീകരണങ്ങളെ ചെറുത്ത് ഒരു ഹൈന്ദവ ഇന്ത്യ പുനര്‍ജനിച്ചിരിക്കുന്നു. ഭൂതകാലത്തിലെ ഇന്ത്യയേക്കാള്‍ കരുത്തും ഐക്യബോധവുമുള്ള ഇന്ത്യ (മൂന്നാം അധ്യായം വേര്‍പിരിയലുകള്‍ പേജ്: 143 India A Million Mutinies now). ഈ കൃതിയില്‍ത്തന്നെ ‘ബോംബെ തീയറ്റര്‍’ എന്ന ഒന്നാമധ്യായത്തില്‍ 75-ാം പേജില്‍ എഴുതുന്നത് ഇങ്ങനെയാണ്: മുസ്ലീം അധോലോക സംഘങ്ങള്‍ അവരുടെ സമുദായക്കാര്‍ക്കിടയില്‍ ആരാധ്യരാണ്. പക്ഷേ ഞങ്ങളെപ്പോലുള്ള ഹിന്ദു കുറ്റവാളികള്‍ ഹിന്ദുക്കളുടെയിടയില്‍ വെറുക്കപ്പെടുന്നവരും.
ഇങ്ങനെയൊക്കെ എഴുതാന്‍ ഇന്ത്യയില്‍ ഒരെഴുത്തുകാരനും ധൈര്യം കാണിക്കാനിടയില്ല. ഇന്ത്യയിലെ ദാരിദ്ര്യത്തെ തുറന്നു കാണിച്ചു എന്ന കാരണം പറഞ്ഞ് നയ്‌പോളിനെ അകറ്റി നിര്‍ത്തിയതിന്റെ യഥാര്‍ത്ഥ കാരണം ഇത്തരം എഴുത്തുകളാണ്. ഇന്ത്യന്‍ പൗരനായിരുന്നില്ലെങ്കിലും ഇന്ത്യയോട് കടുത്ത വിധേയത്വം പുലര്‍ത്തിയിരുന്നു അദ്ദേഹം. ഒരു ബ്രാഹ്മണനായിരുന്ന നയ്‌പോള്‍ ഭാരതത്തിന്റെ ആത്മാവിനെ തിരിച്ചറിഞ്ഞിരുന്നു. മറ്റെഴുത്തുകാരെപ്പോലെ തന്നെ വ്യക്തിജീവിതത്തില്‍ വലിയ അച്ചടക്കമൊന്നും ഇദ്ദേഹത്തിനുമുണ്ടായിരുന്നില്ല. അതൊരു സാഹിത്യകാരനെ അനാദരിക്കാന്‍ കാരണമായെടുക്കാമെങ്കില്‍ പ്രശസ്തരായ എഴുത്തുകാരില്‍ ആരേയും ആദരിക്കാന്‍ കഴിഞ്ഞില്ലെന്നുവരും. അതല്ല നയ്‌പോളിനെ അനാദരിക്കാന്‍ കാരണം; അദ്ദേഹം ഒരു ഭാരതപക്ഷപാതിയാണെന്നതാണ് യഥാര്‍ത്ഥ കാരണം. നൊബേല്‍ ലഭിച്ച ഭാരതീയരുടെ പട്ടികയില്‍ വിദ്യാധര്‍ സൂരജ് നയ്‌പോളിന്റെ പേരും ഉള്‍പ്പെടുത്തേണ്ടതുതന്നെ. ജനിച്ചതും മരിച്ചതും ഇന്ത്യയിലല്ലെങ്കിലും അദ്ദേഹത്തിന്റെ ഹൃദയം നിറയെ എന്നും ഇന്ത്യയായിരുന്നു. ജീവിക്കാന്‍ വേറെ വഴിയില്ലാതെ ഉത്തര്‍പ്രദേശിലെ ഗോരക്പൂരില്‍ നിന്നും കരാര്‍ തൊഴിലാളിയായി ട്രിനിഡാഡിലെത്തിയ ഒരാളുടെ കൊച്ചുമകനായിരുന്നു നയ്‌പോള്‍. അതുകൊണ്ട് അദ്ദേഹം ഒരിക്കലും ഇന്ത്യക്കാരനല്ലാതാകുന്നില്ല.
ടാഗൂര്‍ കൃതികളില്‍ കാണുന്ന ആത്മീയ സൗരഭ്യമൊന്നും നയ്‌പോളിന്റെ കൃതികളിലില്ല. അതു തലമുറകളുടെ വ്യത്യാസമാണ്. നയ്‌പോളിന്റെ കാലമായപ്പോഴേയ്ക്കും സാഹിത്യം വളരെയേറെ മാറിക്കഴിഞ്ഞിരുന്നു. ടാഗൂര്‍ എഴുതിയതുപോലെ എഴുതിയിരുന്നെങ്കില്‍ ഇക്കാലത്ത് ശ്രദ്ധേയനാകാന്‍ കഴിയുമായിരുന്നില്ല. മറ്റൊരു ധാരയിലേയ്ക്ക് ലോകസാഹിത്യം മാറിക്കഴിഞ്ഞിരുന്നു. ആ സാഹചര്യത്തില്‍ എഴുതി നൊബേല്‍ നേടുന്നതിന് കൂടുതല്‍ പ്രതിഭയും പരിശ്രമവും ആവശ്യമാണ്. ഇന്ത്യയില്‍ ടാഗൂര്‍ കൃതികള്‍ പോലെ ചര്‍ച്ച ചെയ്യപ്പെടേണ്ട നയ്‌പോള്‍ രചനകള്‍ ലൈബ്രറികളില്‍ പോലും ലഭ്യമല്ല. ആ ദുഃ സ്ഥിതി മാറേണ്ടതുതന്നെ.
ഡിവൈഎഫ്‌ഐ എന്ന സംഘടന നടത്തുന്ന പൊതിച്ചോറു വിതരണത്തെ ശ്ലാഘിച്ചുകൊണ്ട് പി.എസ്. റംഷാദ് സമകാലിക മലയാളം വാരികയില്‍ ”വിശക്കുന്നവന് അന്നം കൊടുത്താല്‍ ഉറക്കം നഷ്ടപ്പെടുന്നതാര്‍ക്ക്” എന്നൊരു ലേഖനം എഴുതിയിരിക്കുന്നു. ഡിവൈഎഫ്‌ഐ എന്ന സംഘടനയേക്കാള്‍ വിപുലമായി വര്‍ഷങ്ങളായി ഒരു പ്രതിഫലവുമിച്ഛിക്കാതെ ഇത്തരം സേവനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സേവാഭാരതി എന്ന സംഘടനയെക്കുറിച്ച് അദ്ദേഹം ഒന്നും പറയുന്നില്ല. ഒരിടത്തുമാത്രം സേവാഭാരതിയും പൊതിച്ചോറു കൊടുക്കുന്നുണ്ടെന്ന് അലക്ഷ്യമായി സൂചിപ്പിച്ചു പോകുന്നു അത്രമാത്രം.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഒരു ഷെഡ്ഡുകെട്ടി സേവാഭാരതി പൊതിച്ചോറു വിതരണം ചെയ്തു എന്നത് വലിയ കോലാഹാലങ്ങള്‍ക്കു വഴിവച്ചു. കേരളത്തിലെ ആദ്യ സ്വകാര്യ മെഡിക്കല്‍ കോളേജായിരുന്ന തിരുമല ദേവസ്വം മെഡിക്കല്‍ കോളേജ് ഗൗഡസാരസ്വതബ്രാഹ്മണരുമായി ബന്ധപ്പെട്ട ഒരു സ്വകാര്യ ട്രസ്റ്റിന്റെയോ മറ്റോ വകയായിരുന്നുവെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുമൂലം നടത്തികൊണ്ടുപോകാന്‍ ബുദ്ധിമുട്ടായപ്പോള്‍ ഈ സ്ഥാപനം സര്‍ക്കാരിനു ലീസിനു കൈമാറുകയായിരുന്നുവെന്നും കേട്ടിട്ടുണ്ട്. 1972 മുതല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും മെഡിക്കല്‍ കോളേജിന്റെ നിയമപരമായുള്ള അവകാശികള്‍ പ്രസ്തുത ട്രസ്റ്റ് ആണെന്നു പറയപ്പെടുന്നു. തിരുമല ദേവസ്വം എന്നതിന്റെ ചുരുക്കപ്പേരായ ടിഡി എന്നത് ഇപ്പോഴും മെഡിക്കല്‍ കോളേജിന്റെ പേരിനോടൊപ്പം കാണാനുണ്ട്. ഹിന്ദുസംഘടനകളേതെങ്കിലും കോടതിയെ സമീപിച്ചാല്‍ മെഡിക്കല്‍ കോളേജിന്റെ ഉടമസ്ഥാവകാശം ഗൗഡസാരസ്വത ട്രസ്റ്റിനു മടക്കിക്കൊടുക്കേണ്ടിവരും എന്നാണു കേട്ടത്. അങ്ങനെയുള്ള സ്ഥാപനത്തിന്റെ വളപ്പില്‍ സേവാഭാരതി കുടില്‍ കെട്ടി ഒരു സേവന പ്രവര്‍ത്തനം നടത്തിയതിനെയാണ് ചില മനുഷ്യവിരുദ്ധര്‍ എതിര്‍ത്തത് എന്നതാണ് രസകരം. കഴിഞ്ഞ പ്രളയ കാലത്ത് സേവാഭാരതി കേരളം മുഴുവന്‍ വലിയ ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. ആ മഹത്തായ കര്‍മ്മത്തിനിടയില്‍ അവരുടെ ചില പ്രവര്‍ത്തകര്‍ മുങ്ങി മരിച്ചുപോവുകയും ചെയ്തു. എന്നാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ മറ്റുള്ളവര്‍ക്കു വേണ്ടി ജീവന്‍ കൊടുത്ത ആ യുവാക്കളെക്കുറിച്ച് ഒരു വാക്കുപോലും എഴുതിയില്ല. ചില വ്യാജ പ്രകടനങ്ങള്‍ സേവനമെന്ന പേരില്‍ നടത്തി ഫോട്ടോ എടുത്ത് പ്രസിദ്ധപ്പെടുത്തിയവരെ നിരന്തരം പുകഴ്ത്തിക്കൊണ്ടുമിരുന്നു. അടിമുടി അധര്‍മം അരങ്ങുവാഴുന്ന കേരള സമൂഹം അതിന്റെ സ്വാഭാവികമായ തകര്‍ച്ചയിലേയ്ക്കു നീങ്ങും എന്ന കാര്യത്തില്‍ സംശയമില്ല.
ഇന്ത്യയില്‍ ആരും ഇംഗ്ലീഷ് സംസാരിക്കുന്നില്ല. എന്നിട്ടും ഒരു ബന്ധഭാഷയായി നമ്മളിപ്പോഴും ആ വിദേശഭാഷ ഉപയോഗിക്കുന്നു. സ്വാതന്ത്ര്യസമരകാലത്ത് രാഷ്ട്രഭാഷയായി സംസ്‌കൃതം ഉപയോഗിക്കണം എന്ന രീതിയില്‍ വാദഗതികള്‍ ഉണ്ടായിരുന്നു. ഔദ്യോഗികഭാഷയായി സംസ്‌കൃതത്തെ പ്രയോജനപ്പെടുത്തണം എന്ന വാദം ഡോക്ടര്‍ അംബേദ്കര്‍ ഉന്നയിച്ചിരുന്നതായി കാണുന്നുണ്ട്. എന്നാല്‍ ഹിന്ദുസ്ഥാനിയെ രാഷ്ട്രഭാഷയാക്കണമെന്ന ഗാന്ധിജിയുടെ നിര്‍ബ്ബന്ധമാണ് ഒടുവില്‍ ഹിന്ദിയെ രാഷ്ട്രഭാഷയാക്കുന്നതില്‍ കലാശിച്ചത്. ഭാരതീയര്‍ എടുത്ത ഏറ്റവും വലിയ മണ്ടന്‍ തീരുമാനങ്ങളിലൊന്നാണ് സംസ്‌കൃതത്തെ മാറ്റിനിര്‍ത്തുക എന്നത്. ഇന്ത്യയുടെ രാഷ്ട്രഭാഷയും ഔദ്യോഗികഭാഷയും സംസ്‌കൃതം തന്നെ ആകേണ്ടതായിരുന്നു. ലോകത്ത് മറ്റൊരു രാജ്യത്തിനുമവകാശപ്പെടാനില്ലാത്ത പൗരാണിക വിജ്ഞാനം നമുക്കുണ്ടെങ്കിലും അതൊക്കെ പുതിയ തലമുറയില്‍ നിന്നും ഇന്ന് സമ്പൂര്‍ണ്ണമായി അകന്നു കഴിഞ്ഞു. സംസ്‌കൃതം സാര്‍വത്രികമായി ഉപയോഗിച്ചിരുന്നുവെങ്കില്‍ നമ്മുടെ വൈജ്ഞാനികമേഖലയും രാഷ്ട്രാഭിമാനവും ഇന്നത്തേതിന്റെ എത്രയോ മടങ്ങ് വളരുമായിരുന്നു.
മലയാളഭാഷയെ മനോഹരമാക്കിയ എത്രയോ സംഗതികള്‍ സംസ്‌കൃതം പ്രദാനം ചെയ്തതാണ്. ഉദാഹരണത്തിനു നമ്മുടെ ശൈലികളെ സ്വാധീനിച്ച സംസ്‌കൃതത്തിലെ ന്യായങ്ങള്‍ തന്നെ നോക്കാം. ‘മല എലിയെ പെറ്റു’ എന്ന് എല്ലാവരും പറയാറുണ്ട്. എന്നാലത് സംസ്‌കൃതത്തിലെ അദ്രിമൂഷികപ്രസവന്യായത്തില്‍ നിന്നുമുണ്ടായതാണെന്നു ആര്‍ക്കും ധാരണയില്ല. ‘അന്ധരെ അന്ധര്‍ നയിക്കുന്ന ലോകം’ എന്ന് ആലങ്കാരികമായി എല്ലാവരും പറയാറുണ്ട്. അതിന്റെ ഉദ്ഭവം ബൈബിളില്‍ നിന്നാണെന്നായിരുന്നു ഇതെഴുതുന്നയാളിന്റേയും ധാരണ. എന്നലത് സംസ്‌കൃതത്തിലെ അന്ധാനുഗതാന്ധന്യായമാണെന്ന് പിന്നീടാണ് മനസ്സിലായത്. കിണറ്റിലെ തവളയെക്കുറിച്ചു പറയാത്ത പ്രാസംഗികരാരുമുണ്ടാവില്ല. എന്നാലതിന്റെ പ്രാരംഭം കൂപമണ്ഡൂകന്യായത്തില്‍ നിന്നാണെന്ന് പലരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ‘വനരോദനം പോലെയായിപ്പോയി’ എന്ന് എല്ലാവരും പരിഭവിക്കാറുണ്ട്. അതിന്റെയും പ്രഭവം ‘വനരോദനന്യായം’ എന്ന സംസ്‌കൃതന്യായമാണ്. ഉള്ളൂരിന്റെ പ്രേമസംഗീതം കവിത പഠിച്ചപ്പോഴാണ് ഓതപ്രോതങ്ങള്‍ എന്ന സമസ്തപദം പഠിക്കുന്നത്. സംസ്‌കൃതത്തിലെ ഓതപ്രോതന്യായത്തില്‍ നിന്നാണ് കവി അത് സൂചിപ്പിച്ചത് എന്നത് ന്യായങ്ങളെക്കുറിച്ചു വായിച്ചപ്പോള്‍ മാത്രമാണ് മനസ്സിലാക്കിയത്. ‘കരതലാമലകം പോലെ വ്യക്തം’ എന്ന് എത്രയോ തവണ നമ്മള്‍ കേട്ടു കാണും. അതും ‘കരതലാമലകന്യായം’ എന്ന സംസ്‌കൃത ന്യായത്തിന്റെ സന്തതി തന്നെ. ‘കഴുത കുങ്കുമം ചുമക്കുന്നതുപോലെ’ എന്നു പരിഹസിക്കാത്തവര്‍ വിരളമായിരിക്കും. കുങ്കുമഗര്‍ദ്ദഭന്യായത്തില്‍ നിന്നാണ് ആ ശൈലി ഉടലെടുത്തത്
”പക്ഷീന്ദ്രനുണ്ടു ഗരുഡനെന്നോര്‍ത്തിട്ടു
മക്ഷികക്കൂട്ടം മദിക്കും കണക്കിനെ” എന്നു കുഞ്ചന്‍ നമ്പ്യാരെഴുതിയതു വായിച്ച കാലത്ത് ഇത് സംസ്‌കൃതത്തിലെ ഗരുഡ മക്ഷികാന്യായത്തില്‍ നിന്നും സ്വീകരിച്ചതാണെന്ന് അറിയുമായിരുന്നില്ല. ഇങ്ങനെയെഴുതിപ്പോയാല്‍ ധാരാളം ന്യായങ്ങള്‍ മലയാളീകരിക്കപ്പെട്ടതിന്റെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും. സ്ഥലപരിമിതി കാരണം ഇവിടെ നിര്‍ത്തുന്നു. മലയാളഭാഷയെ അടിമുടി ചേതോഹരമാക്കുന്നത് സംസ്‌കൃതവുമായി അതിനുള്ള ബന്ധം ഒന്നു തന്നെയാണെന്ന് കൂടുതല്‍ ആഴത്തില്‍ പഠിക്കുമ്പോള്‍ മനസ്സിലാകും. എല്ലാ കുട്ടികളും സംസ്‌കൃതം പഠിച്ചിരുന്നുവെങ്കില്‍ ഇന്നത്തേതിനേക്കാള്‍ എത്രയോ മടങ്ങ് സമ്പല്‍സമൃദ്ധമായ ഒരു ഭാരതം കെട്ടിപ്പടുക്കാന്‍ നമുക്കു കഴിയുമായിരുന്നു. അക്കാര്യത്തില്‍ സംശയത്തിനവകാശമില്ല. സംസ്‌കൃതത്തെ വരേണ്യഭാഷ എന്നൊക്കെ വിളിച്ചു പുച്ഛിച്ച വിഡ്ഢികള്‍ ഇതൊക്കെ പഠിച്ചിരുന്നെങ്കില്‍ പിന്നെ ദുഃഖിച്ചേനേ.
കലാകൗമുദിയില്‍ എഴുമറ്റൂര്‍ രാജരാജവര്‍മ്മ ഖണ്ഡശ: പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ന്യായദര്‍ശനം എന്ന ലേഖനപരമ്പര വായിച്ചപ്പോഴാണ് സംസ്‌കൃതത്തിലെ ന്യായങ്ങളെക്കുറിച്ച് ഓര്‍മ്മവന്നത്. ന്യായദര്‍ശനവും മേല്‍സൂചിപ്പിച്ച ന്യായങ്ങളും തമ്മില്‍ ഒരു ബന്ധവുമില്ല. എങ്കിലും ഏറെക്കാലമായി സൂചിപ്പിക്കണമെന്നു കരുതിയിരുന്ന ഒരുകാര്യത്തിന് ഇതുകാരണമായി എന്നേയുള്ളു. ഠവല ച്യമ്യമ ടൗൃേമ െീള ഏീമോമ എന്ന മഹോപാദ്ധ്യായ സതീശചന്ദ്ര വിദ്യാഭൂഷന്റെ കൃതിയെ അടിസ്ഥാനപ്പെടുത്തിയാണ് എഴുമറ്റൂര്‍ എഴുതുന്നതെന്നു തോന്നുന്നു. സനാതനധര്‍മ്മത്തിനും അതിന്റെ ഉള്‍പ്പിരിവുകളായ ജൈന ബൗദ്ധചിന്തകള്‍ക്കും അടിത്തറയായി വര്‍ത്തിക്കുന്ന ഷഡ്ദര്‍ശനങ്ങളില്‍ പ്രമുഖമായ ഗൗതമന്റെ ന്യായദര്‍ശനത്തെക്കുറിച്ച് മലയാളികളെ ഓര്‍മ്മിപ്പിക്കാന്‍ ശ്രീ.രാജരാജവര്‍മ്മ നടത്തുന്ന ശ്രമം അഭിനന്ദനാര്‍ഹമാണ്. സംസ്‌കൃതമെന്ന വിജ്ഞാനസാഗരത്തിലെ മുത്തുകള്‍ എത്രയോ ശേഖരിക്കപ്പെടാതെ കിടക്കുന്നു.





















