ഇടതുപക്ഷ ക്ലാസിക്കുകള്‍ എന്നു വിളിക്കാവുന്ന പല കൃതികളുമുണ്ടായിരുന്നു. ഇന്നവയെല്ലാം വിസ്മൃതിയിലായിരിക്കുന്നു. മാക്‌സിം ഗോര്‍ക്കിയുടെ ‘അമ്മ’യ്ക്കുപോലും ഇന്നു വായനക്കാരില്ല. മലയാളത്തിലെ ഒരിടതുപക്ഷ എഴുത്തുകാരനേയും ഇന്ന് ഇടതുപക്ഷക്കാര്‍ പോലും വായിക്കുന്നില്ല. ടി.എസ്. തിരുമുമ്പ്, കെടാമംഗലം പപ്പുക്കുട്ടി, ചെറുകാട് കെ.പി.ജി. നമ്പൂതിരി, പൊന്‍കുന്നം ദാമോദരന്‍ തുടങ്ങി പഴയകാലത്തെ വിപ്ലവ കവികളെ ഇന്നാരും അറിയുന്നതു തന്നെയില്ല. ഒരുകാലത്ത് വളരെയേറെ വായിക്കപ്പെട്ടിരുന്ന ചെറുകാടിന്റെ ‘മുത്തശ്ശി’ എന്ന കൃതിയെപ്പോലും ഇന്നാരും ഓര്‍ക്കുന്നില്ല. അക്കാലത്ത് ‘മുത്തശ്ശി’യില്ലാത്ത ഒരു ഗ്രന്ഥപ്പുരയും കേരളത്തിലുണ്ടായിരുന്നില്ല. കൂട്ടത്തില്‍ ചില നല്ല കവിതകളെഴുതിയ കവിയായിരുന്നു ടി.എസ്. തിരുമുമ്പ്.
”തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം
തലനരയ്ക്കാത്തതല്ലെന്‍ യുവത്വവും
പിറവി തൊട്ടുനാളെത്രയെന്നെണ്ണുമ-
പ്പതിവുകൊണ്ടല്ലളപ്പതെന്‍ യൗവ്വനം
കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരുമുമ്പില്‍
തലകുനിയ്ക്കാത്ത ശീലമെന്‍ യൗവനം”
ഈ വരികള്‍ വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു നടന്നിരുന്നു. എന്നാല്‍ അന്നും ആരും എഴുതിയ കവിയാരെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ‘മലയാളത്തിലെ മയക്കോവ്‌സ്‌കി’ എന്നൊക്കെ കേസരി ബാലകൃഷ്ണപിള്ള വിശേഷിപ്പിച്ച കെടാമംഗലം പപ്പുക്കുട്ടിയെ ആ നാട്ടുകാര്‍ കൂടി ഇന്നോര്‍ക്കുന്നില്ല.
എ.പി. കളയ്ക്കാട് എന്ന എഴുത്തുകാരനേയും ഇന്നാരും ഓര്‍ക്കുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ‘ഇടുക്കി’ എന്ന നോവലിനെക്കുറിച്ച് ഈ പംക്തിയില്‍ മുന്‍പൊരിക്കല്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇടതുപക്ഷ ആശയങ്ങള്‍ പ്രചരിപ്പിക്കലാണ് ഉദ്ദേശ്യമെങ്കിലും കലാപരതയുള്ള ഒരു കൃതിയാണ് ഇടുക്കി. കണ്ണുനനയാതെ വായിക്കാന്‍ പ്രയാസമാണ്. ആ കൃതി ഇന്നാരും അറിയാതെ പോകുന്നത് കഷ്ടമാണ്. ശ്രദ്ധിക്കേണ്ട കൃതികളില്‍ ഒന്നാണത്. സോവിയറ്റ് എഴുത്തുകാരനായിരുന്ന നിക്കൊലായ് ഒസ്‌ട്രോവ്‌സ്‌കിയുടെ (Nikolai Ostrovsky) ‘How the steel was Tempered’ ഇടുക്കിയുടെ കാര്യം പറഞ്ഞതുപോലെ ഒരു നല്ല നോവലാണ്. പഴയ കാലത്തെ ഇടതുപക്ഷ വായനക്കാരുടെ ഗ്രന്ഥാലയങ്ങളിലെ പതിവു കാഴ്ചയായിരുന്ന ഈ കൃതി പക്ഷേ ഇന്ന് അപ്രസക്തമായിരിക്കുന്നു. മനുഷ്യന്റെ ഇച്ഛാശക്തിയുടെ മഹത്വം വിളിച്ചോതുന്ന ഈ നോവലിന് എല്ലാക്കാലത്തും പ്രസക്തിയുണ്ടാവേണ്ടതാണ്. ആയുധങ്ങള്‍ മനുഷ്യന്റെ ഭാഗധേയത്തെ അപ്രസക്തമാക്കുന്ന ഇക്കാലത്ത് ഒസ്‌ട്രോവ്‌സ്‌കിയ്ക്കും അദ്ദേഹത്തിന്റെ ആഖ്യായികക്കും സാധ്യതകളൊന്നുമില്ല. ഇറാനിലെ നേതാക്കന്മാര്‍ വലിയ വെല്ലുവിളികള്‍ നടത്തുകയും അതിനടുത്ത ദിവസം തന്നെ ഇസ്രായേലിന്റെ അത്യന്തം ആധുനികമായ ആയുധങ്ങളാല്‍ മാഞ്ഞുപോകുന്നതും നമ്മള്‍ നിരന്തരം കണ്ടുകൊണ്ടിരിക്കുന്നു. എങ്കിലും വലിയ വെല്ലുവിളികളെ അതിജീവിക്കുന്ന മനുഷ്യഗാഥകള്‍ ഒരു പ്രകാശം പോലെ മാനവികത സമ്പൂര്‍ണ്ണമായും അസ്തമിച്ചിരിക്കുന്ന ഇക്കാലത്തും ചിലപ്പോഴെങ്കിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ജപ്പാനില്‍ അണുബോംബിനെപ്പോലും അതിജീവിച്ച ചിലരുടെ കഥകള്‍ നമ്മള്‍ വായിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ ഉക്രൈനിലെ ഷെപ്പറ്റോവ്ക (Shepelovka) നഗരത്തിലാണ് How the steel was tempered ന്റെ തുടക്കം. പഠിക്കുന്ന കാലത്ത് വലിയ വികൃതി കാട്ടിയതിന് സ്‌കൂളില്‍ നിന്നു പുറത്താക്കപ്പെടുന്ന പാവേല്‍ കോര്‍ച്ചാഗിന്‍ (Pavel Korchagin) യഥാര്‍ത്ഥത്തില്‍ ഗ്രന്ഥകര്‍ത്താവ് തന്നെയാണ്. അദ്ദേഹത്തിന്റെ ആത്മകഥാപരമായ നോവലായാണ് പലരും ഈ കൃതിയെ കണക്കാക്കുന്നത്. തുടര്‍ന്ന് വലിയ സഹനങ്ങളിലൂടെയാണ് ഈ കഥാപാത്രം കടന്നുപോകുന്നത്. ഹോട്ടലുകളില്‍ പാത്രം കഴുകുന്ന ജോലി ഉള്‍പ്പെടെ ചെയ്യേണ്ടി വരുന്നു. നോവലിസ്റ്റിനും ഇത്തരത്തില്‍ പല കഷ്ടപ്പാടുകളും സഹിക്കേണ്ടി വരുന്നുണ്ട്. 16 വയസ്സു കഴിഞ്ഞപ്പോള്‍ കോര്‍ച്ചാഗിന്‍ ബോള്‍ഷെവിക് പടയോടൊപ്പം ചേരുന്നു. ആഭ്യന്തര യുദ്ധത്തിലും പോളിഷ് – സോവിയറ്റ് യുദ്ധത്തിലും പങ്കാളിയാകുന്നു. തുടര്‍ന്ന് പരുക്കേല്‍ക്കുന്ന ഈ കഥാപാത്രത്തിന് അനവധി കഷ്ടപ്പാടുകളിലൂടെ കടന്നുപോകേണ്ടിവരുന്നു. ഒടുവില്‍ കാഴ്ച നഷ്ടപ്പെടുന്ന സ്ഥിതിപോലുമുണ്ടാകുന്നു. കഷ്ടപ്പാടുകള്‍ അതിജീവിച്ച് ഒരു കമ്മ്യൂണിസ്റ്റ് ഉരുക്ക് പോലെ രൂപപ്പെടുന്നതിനെ കാണിക്കുന്ന ഈ കൃതി വെറും ഭാവനയില്‍ മാത്രം സംഭവിക്കുന്ന അസംഭവ്യമായ ഒന്നാണെന്നു വേണമെങ്കില്‍ പറയാം. എന്നാലിത്തരം കഥാപാത്രങ്ങളെ ഏണസ്റ്റ് ഹെമിങ്ങ്‌വേയും രൂപപ്പെടുത്തിയിട്ടുണ്ട്. പരാജയങ്ങളില്‍ തകരാതെ മുന്നോട്ടു നീങ്ങുന്ന മനുഷ്യന്‍ ലോകത്തിനു പ്രത്യാശ നല്‍കുന്നതാണ്.

ഇടതുപക്ഷ ഐഡിയോളജിയെ ലോകം തള്ളിക്കളഞ്ഞുവെങ്കിലും വിധിയോടു പടവെട്ടി മുന്നേറുന്ന മനുഷ്യജീവിതം ലോകത്തിനു മാതൃകയാണ്. പ്രൊഫസര്‍ എം. കൃഷ്ണന്‍ നായര്‍ വെറും ജേര്‍ണലിസ്റ്റിക് എന്നുപറഞ്ഞ് എഴുതിത്തള്ളിയ കൃതിയാണിത്. എന്നാല്‍ അക്കാലത്ത് വലിയ കമ്മ്യൂണിസ്റ്റും യുക്തിവാദിയുമായിരുന്ന പവനന്‍ ഈ കൃതിയെ മഹത്തായ നോവലെന്നു വാഴ്ത്തുകയും ചെയ്തു. യുക്തിവാദികളുടെ കൂട്ടത്തിലെ ഒരു നിരൂപകന്‍ കൂടിയായിരുന്നു പവനന്‍. സാധാരണയുക്തിവാദികളേയും കമ്മ്യൂണിസ്റ്റുകളേയും പോലെ അദ്ദേഹം വെറും യാന്ത്രിക ഭൗതികവാദിയായിരുന്നില്ല. നല്ല സാഹിത്യകൃതികളെ തിരിച്ചറിയാനും വിലയിരുത്താനും കഴിവുള്ളയാളായിരുന്നു ഈ യുക്തിവാദി. കൃഷ്ണന്‍നായര്‍ വലിയ വായനക്കാരനായിരുന്നെങ്കിലും ഒരു നല്ല നിരൂപകന്‍ ആയിരുന്നില്ല എന്ന പക്ഷക്കാരനാണു ഞാന്‍. അദ്ദേഹത്തിന്റെ വിലയിരുത്തല്‍ പല കൃതികളെ സംബന്ധിച്ചും അപക്വമായിരുന്നു. പ്രശസ്തരായ എഴുത്തുകാരെ പരിധി വിട്ടു പുകഴ്ത്തുകയും അപ്രശസ്തരെ വേണ്ടത്ര പരിഗണിക്കാതിരിക്കുകയും ചെയ്യുക ഈ നിരൂപകന്റെ പോരായ്മയായിരുന്നുവെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മലയാളത്തിലെ മറ്റു നിരൂപകരെപ്പോലെ തന്നെ പുതിയ ഒരെഴുത്തുകാരേയും കണ്ടെത്താനാവാതെ സര്‍ഗ്ഗാത്മക സാഹിത്യത്തെ നിരുത്സാഹപ്പെടുത്തുകയായിരുന്നു എം.കൃഷ്ണന്‍ നായരും ചെയ്തത്. ചങ്ങമ്പുഴയേയും ഓ.വി. വിജയനേയും ബഷീറിനേയും നിരന്തരം പുകഴ്ത്തിക്കൊണ്ടിരുന്ന അദ്ദേഹം പുതിയ ഒരെഴുത്തുകാരനേയും പ്രോത്സാഹിപ്പിച്ചതേയില്ല. അതു നിരൂപകധര്‍മ്മമാണെന്നു പറയാനാവില്ല. വൈലോപ്പിള്ളിയെപ്പോലുള്ള അത്ഭുത പ്രതിഭയെപ്പോലും തിരിച്ചറിയാന്‍ കൃഷ്ണന്‍നായര്‍ക്കായില്ല. വൈലോപ്പിള്ളിയെപ്പോലെ എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കവിയും മലയാളത്തിലില്ല.
കേസരി വാരികയില്‍ (ജൂലായ് 3) ദേവീപ്രസാദം എന്ന കവി ‘നിളാനദിക്കരയില്‍’ എന്നൊരു കവിത എഴുതിയിരിക്കുന്നു. വാരിക വൈകിക്കിട്ടിയതു കാരണം ഇപ്പോഴാണ് വായിക്കാനായത്. കവിതയിലെ ഉള്ളടക്കം സോദ്ദേശ്യമാണ്. നിളയുടെ തീരത്തു നടന്ന മഹാകുംഭമേളയെ അനുമോദിക്കുകയാണ് കവിയുടെ ലക്ഷ്യം. എന്നാല്‍ കവിതയില്‍ പുലര്‍ത്തുന്ന കൈയടക്കത്തെ കാണാതിരിക്കാന്‍ വയ്യ. പദങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വലിയ നിഷ്‌ക്കര്‍ഷ പുലര്‍ത്തിയിരിക്കുന്നു. ‘ഹൃത്താമരപൊയ്കകള്‍’ എന്ന സമസ്തപദം ഏറെ ഹൃദ്യമായി അനുഭവപ്പെടുന്നു. ഏറ്റവും എടുത്തു പറയേണ്ടതായി തോന്നുന്നത് അതില്‍ ഉപയോഗിച്ചിരിക്കുന്ന വൃത്തത്തെയാണ്. ശാര്‍ദ്ദൂലവിക്രീഡിതം എന്ന സംസ്‌കൃത വൃത്തത്തില്‍ ഒരുതരത്തിലുള്ള അഭംഗിയും തോന്നാതെ എഴുതാന്‍ കവിക്കു കഴിഞ്ഞിരിക്കുന്നു. എവിടേയും വൃത്തഭംഗം ശ്രദ്ധയില്‍പ്പെടുന്നില്ല. കവി അനുഷ്ഠിച്ചിരിക്കുന്നത് ഒരു വലിയ ഭാഷാസേവനമാണ്. വൃത്തപഠനം തന്നെ അനാവശ്യമാണെന്നു കരുതുന്ന വിദ്യാഭ്യാസ വിചക്ഷണന്മാരുള്ള ഇക്കാലത്ത് സംസ്‌കൃതവൃത്തത്തില്‍ തട്ടും തടവുമില്ലാതെ എഴുതുക എന്നത് വലിയ ഭാഷാസേവനം തന്നെയാണ്.

എഴുത്തച്ഛന്‍ ജീവിച്ചിരുന്നിട്ടില്ല എന്നുപോലും പറയാന്‍ ധൈര്യമുള്ള വര്‍ഗീയഭ്രാന്തന്മാര്‍ നമ്മുടെ സംസ്‌കാരമണ്ഡലത്തെ ഭരിക്കുന്ന ഇക്കാലത്താണ് ദേവീപ്രസാദത്തെപ്പോലുള്ളവര്‍ സംസ്‌കൃത വൃത്തത്തിലെഴുതാന്‍ ധൈര്യം കാണിച്ചിരിക്കുന്നത്. ഈ കവിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ‘അന്തഹന്തയ്ക്കിന്തപ്പട്ട്’ എന്നുപറഞ്ഞതുപോലെ ആ ശാര്‍ദൂലവിക്രീഡിതത്തിന് എന്റെ നമസ്‌കാരം. എഴുത്തച്ഛന്‍ ജീവിച്ചിരുന്നിട്ടുണ്ടോ ഇല്ലയോ എന്നൊരു തര്‍ക്കം ഒരിക്കലും ഉയര്‍ത്തിക്കൊണ്ടുവരുന്നതിലര്‍ത്ഥമില്ലാത്തതിനാല്‍ അതിനു മറുപടി പറയുന്നില്ല. കാരണം ഭാഷാപിതാവിന്റെ കാലം ബിസി ഒന്നാം നൂറ്റാണ്ടോ പത്താം നൂറ്റാണ്ടോ അല്ല; 16-ാം നൂറ്റാണ്ടാണ്. ക്രിസ്തുദേവന്‍ ജീവിച്ചിരുന്നിട്ടുണ്ടോ ഇല്ലയോ എന്നൊക്കെ ചിലര്‍ തര്‍ക്കിക്കുന്നതു കണ്ടിട്ടുണ്ട്. ആ തര്‍ക്കത്തിനു വേണമെങ്കില്‍ ഇടമുണ്ട്. കാരണം അതു രണ്ടായിരം വര്‍ഷം മുന്‍പുള്ള കാര്യമാണ്. എന്നാല്‍ എഴുത്തച്ഛന്റെ ജീവിത കാലത്തിന് കഷ്ടിച്ചു നാനൂറ്റമ്പതു വര്‍ഷത്തെ പഴക്കമേയുള്ളൂ. അത്രയും വര്‍ഷം മുന്‍പുള്ള ഒരു കാര്യം നമുക്കു ഭാവനകൊണ്ടു സൃഷ്ടിക്കാനാവില്ല. അങ്ങനെ ചെയ്താല്‍ നിലനില്‍ക്കില്ല. ഗുണ്ടര്‍ട്ടുപോലും കേരളോല്‍പ്പത്തിയെഴുതിയിട്ട് അതു എഴുത്തച്ഛനെഴുതിയതാണെന്നു പറഞ്ഞു. കാരണം അക്കാലത്തു തന്നെ ആ കവിയുടെ ജീവിതവുമായി ബന്ധപ്പെട്ട് അത്രമാത്രം കഥകള്‍ കേരള സമൂഹത്തില്‍ നിറഞ്ഞു നിന്നിരുന്നു. അദ്ദേഹത്തിന്റെ പേരില്‍ വച്ചാല്‍ പിന്നെ എതിരുണ്ടാവില്ല എന്ന ഗുണ്ടര്‍ട്ടിന്റെ നിഗമനം വളരെ ശരിയായിരുന്നു. കേരളോല്‍പ്പത്തി വലിയ പ്രമാണമായി കേരളത്തിലെ ചരിത്രകാരന്മാരും ഭാഷാ സ്‌നേഹികളും കണക്കാക്കി. അതു തന്നെയായിരുന്നു ഗുണ്ടര്‍ട്ട് പ്രതീക്ഷിച്ചതും.
പാതിരി മലയാളം, അറബി മലയാളം എന്നൊക്കെയുള്ള പദപ്രയോഗങ്ങളുണ്ടാവാന്‍ കാരണം യഥാര്‍ത്ഥ മലയാളത്തില്‍ നിന്നും വിഭിന്നമായ ചിലത് അവകളിലുണ്ടായിരുന്നതുകൊണ്ടാണ്. മലയാളിക്ക് അതുവരെ പരിചയമില്ലാതിരുന്ന കൊന്തയും അള്‍ത്താരയും പരീശമാരും തുടങ്ങി അസംഖ്യം അന്യഭാഷാ പദങ്ങള്‍ കുത്തിച്ചെലുത്തിയ ബൈബിള്‍ മലയാളത്തെ അത്ഭുതത്തോടും സംശയത്തോടുമാണ് അന്നത്തെ മലയാളികള്‍ നോക്കിയത്. പിന്നെപ്പിന്നെ എന്തിനേയും സ്വാംശീകരിക്കുന്ന സ്വഭാവമുള്ള ഹിന്ദു മനസ്സ് അതൊക്കെ ഉള്‍ക്കൊള്ളാന്‍ തയ്യാറായി. ആ സൗമനസ്യത്തെ ആദരിക്കുന്നതിനുപകരം വിനയ് തോമസിനെപ്പോലുള്ള വര്‍ഗീയവാദികള്‍ പറയുന്നത് ഈ ഭാഷ തന്നെ അവര്‍ സൃഷ്ടിച്ചതെന്നാണ്. ആയിരവും രണ്ടായിരവും വര്‍ഷം പഴക്കമുള്ള മഹാക്ഷേത്രങ്ങളും പാതിരിമാരുണ്ടാക്കിയതെന്നു പറഞ്ഞു കളയുമോ? ചന്ദ്രോത്സവം തുടങ്ങിയ മണിപ്രവാള കൃതികള്‍ നോക്കൂ! അവയിലൊന്നും ബൈബിള്‍ മലയാളത്തിലെ അന്യഭാഷാ പദങ്ങളിലൊന്നു പോലുമില്ല. അതില്‍ നിന്നു നമുക്ക് പോര്‍ച്ചുഗീസുകാരുടെ വരവിനുശേഷമാണ് ഈ പറഞ്ഞ പദങ്ങളൊക്കെ നമ്മുടെ ഭാഷയിലെത്തിയതെന്നു മനസ്സിലാക്കാം. യൂറോപ്യന്‍ സാമ്രാജ്യങ്ങള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തിനായി അവര്‍ ഇവിടേയ്ക്കയച്ച പാതിരിമാരെ തല്ലിയോടിക്കാതിരുന്നത് ഭാരതീയരുടെ മഹാമനസ്‌കത. ആ വലിയ മനസ്സിനു മുന്‍പില്‍ നമിക്കുന്നതിനു പകരം ഈ മഹാസംസ്‌കൃതിയും ഭാഷയുമൊക്കെ ഞങ്ങളുണ്ടാക്കിയതാണെന്നു പറഞ്ഞു നടക്കുന്നത് അല്പത്തമല്ലാതെ മറ്റെന്താണ്.
ഭാഷാപോഷിണി ജൂലായ് ലക്കത്തില്‍ ആറ് കവിതകളുണ്ട്. എസ്. ജോസഫിന്റെ ‘ആ മൂന്നു പേര്‍’, റോസ് മേരിയുടെ ‘വെറുതെ, വെറുതെയങ്ങനെ, ‘മാസ്‌ക്’ – കെ. ജയകുമാര്‍, ‘അസ്ഥിരമൃഗം’ – വി. ആര്‍. സന്തോഷ്, ‘ശ്രുതി’ശ്രീധരനുണ്ണി, ‘പണയപ്പാട്’ – ലീന പി. രവി. എസ്. ജോസഫിന്റെ കവിത പതിവുപോലെ അന്തസ്സാര ശൂന്യം തന്നെ. അദ്ദേഹംമൂന്നു പേരെപ്പറ്റിപ്പറയുന്നു. ആരാണോ ആ മൂന്നു പേര്‍. പലതവണ വായിച്ചിട്ടും മനസ്സിലായില്ല. ‘ഈന്തപ്പനയുടെ കാ പോലെ വളഞ്ഞ ചന്ദ്രന്‍’ എന്നൊക്കെ കവി എഴുതിയിരിക്കുന്നു. ഈന്തപ്പനയുടെ വളഞ്ഞ കായ ഇതെഴുതുന്നയാള്‍ ഇതുവരെ കണ്ടിട്ടില്ല. കവി കണ്ടിട്ടുണ്ടാവും. അദ്ദേഹത്തിന്റെ നാട്ടില്‍ ഒരു പക്ഷേ അങ്ങനെയുള്ള ഈന്തപ്പനയുണ്ടാവും. വായനക്കാരനായ എന്റെ ലോക വിവരമില്ലായ്മയെക്കുറിച്ചെന്തു പറയാന്‍?
റോസ് മേരിയുടെ ‘കവിത വെറുതെ, വെറുതെയങ്ങനെ’ പേരുസൂചിപ്പിക്കും പോലെ വെറുതെ എഴുതിയതാണെന്നു തോന്നുന്നു. പ്രത്യേകിച്ചൊന്നുമില്ല. കവിയുടെ ആത്മാവ് വെറുതെയങ്ങനെ കാറ്റിനും മുകിലിനുമൊപ്പം പറന്നു പോകുമത്രേ! മനുഷ്യന് ആത്മാവുണ്ടെങ്കില്‍ അതു തന്നെയാവും സ്ഥിതി. അതു കവി പറഞ്ഞില്ലെങ്കിലും അങ്ങനെയൊക്കെത്തന്നെയാണല്ലോ കാര്യങ്ങള്‍. ഒരു ദൃക്‌സാക്ഷി വിവരണമെഴുതാന്‍ കവിയുടെ ആവശ്യമില്ലല്ലോ! കെ. ജയകുമാര്‍ നല്ല ഗാനരചയിതാവാണ്.
സൂര്യാംശുവോരോ വയല്‍പ്പൂവിലും വൈരം പതിക്കുന്നുവോ?
സീമന്ത കുങ്കുമശ്രീയണിഞ്ഞു ചെമ്പകം പൂക്കുന്നുവോ
മണ്ണിന്റെ പ്രാര്‍ത്ഥനാലാവണ്യമായ് വിണ്ണിന്റെയാശംസയായ്. എത്ര മനോഹരമായ വരികള്‍. പക്ഷേ കവിത അദ്ദേഹത്തിന് അപൂര്‍വ്വമായേ വഴങ്ങുന്നുള്ളൂ. പദ്യത്തിലെഴുതിയ ചില ആദ്യകാല കവിതകള്‍ നന്നായിരുന്നു. എന്നാല്‍ ഗദ്യപരീക്ഷണങ്ങള്‍ വളരെ ദയനീയമെന്നു പറയാതെ വയ്യ. ‘മാസ്‌ക്’ ഒരു വിവരണം എന്നല്ലാതെ കവിതയെന്നു പറയാനേ വയ്യ. ‘വികാരവിക്ഷോഭം മറയ്ക്കാന്‍ നിസ്സംഗന് മാസ്‌ക് വേണമത്രേ! നിസ്സംഗനെന്നാല്‍ വിരക്തനല്ലേ, വികാരങ്ങളില്ലെന്നു സൂചിപ്പിക്കാനല്ലേ പൊതുവെ ആ പദം ഉപയോഗിക്കുന്നത്. പിന്നെന്തു വികാരവിക്ഷോഭമാണ് നിസ്സംഗനില്‍ ഉള്ളത്. എന്തായാലും ഗാന രചയിതാവിന്റെ ഗദ്യകവനത്തെ ശ്ലാഘിക്കാന്‍ വയ്യാ!
വി.ആര്‍. സന്തോഷിന്റെ അസ്ഥിരമൃഗം ഗാരിസ്‌നൈഡര്‍ എന്ന അമേരിക്കന്‍ കവിയുടെ (Gary snyder) ‘The poem is for Deer’ ന്റെ ആശയാനുവാദമാണെന്നു കവി തന്നെ പറയുന്നു. കിഴക്കിന്റെ ആരാധകരും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രചാരകരും ജാപ്പനീസ് സെന്‍ ബുദ്ധിസത്തിന്റെ വക്താക്കളുമായിരുന്ന അമേരിക്കന്‍ ബീറ്റ് പൊയറ്റ്‌സിന്റെ (Beat Poets) കൂട്ടത്തില്‍പ്പെട്ട കവിയാണ് ഗാരി. വൃത്തരഹിതമായ കവിതയെ പ്രോത്സാഹിപ്പിച്ചിരുന്ന ഇക്കൂട്ടര്‍ വലിയ പരിസ്ഥിതി പ്രകൃതിവാദികളും സ്പരിച്ച്യുലിസ്റ്റുകളുമാണ്. സ്‌നൈഡറുടെ ഏറ്റവും പ്രശസ്തമായ കവിതയാണ് The Bath. ഈ കവിതയില്‍ കവിയും തന്റെ ഭാര്യയും മകനായ കായ് (Kai) യും ചേര്‍ന്നുള്ള ഒരു കൂട്ടസ്‌നാന രംഗത്തില്‍ നിന്ന് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഏകത്വത്തെക്കുറിച്ചു പറയാന്‍ ശ്രമിക്കുന്നു. തികച്ചും പുതിയ സങ്കേതങ്ങളുപയോഗിച്ചെഴുതപ്പെട്ട ഈ കവിത നമ്മുടെ ആസ്വാദനത്തെ വെല്ലുവിളിക്കുന്നതാണ്. അതുപോലെ തന്നെയാണ് The poem is for Deer ന്റെയും സ്ഥിതി. ആ കവിതയുടെ കരുത്തൊന്നും സന്തോഷിന്റെ കവിതയ്ക്കില്ല. സത്യത്തില്‍ സ്‌നൈഡറുടെ കവിതയുടെ ആശയാനുവാദമൊന്നും വി.ആര്‍. സന്തോഷിന്റെ കവിതയിലില്ല.






















