Eroticism അഥവാ ലൈംഗികപരത ലോകത്തെവിടെയും കലയുടെ ഭാഗമാണ്. ഇന്ത്യയില്‍ ഖജുരാഹോ ശില്പങ്ങളില്‍ ഇത് ഏറ്റവും പ്രകടമാണ്. സാഹിത്യത്തിലും ഇത് വളരെക്കാലം മുന്‍പു മുതല്‍ തന്നെ സജീവമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ജയദേവ വിരചിതമായ ഗീതാഗോവിന്ദത്തില്‍ ഭക്തിയും കവിതയും എന്ന പോലെ രതി വര്‍ണ്ണനയും നിറഞ്ഞു നില്‍ക്കുന്നു. രണ്ടു ഡസന്‍ ശ്ലോകങ്ങളിലെങ്കിലും നമുക്കീ രതി വര്‍ണ്ണനാ ചാതുര്യം കാണാം.
”മാരാങ്കേ രതികേളി സങ്കുല രണാരംഭേ സാഹസ
പ്രായം കാന്തജയായ കിഞ്ചിദുപരി പ്രാരംഭിയത് സംഭ്രമാത്
നിഷ്പന്ദാ ജഘനസ്ഥലീ ശിഥിലിതാദോര്‍വല്ലിരുത്കമ്പിതം
വക്ഷോമിലിതമക്ഷി പൗരുഷരസഃ സ്ത്രീണാം കുതഃ സിദ്ധ്യത്”, എന്ന ശ്ലോകവും
”ദോര്‍ഭ്യാം സംയമിത: പയോധരഭരേണാപീഡിത: പാണിജൈ രാവിദ്ധോദശനൈഃ ക്ഷതാധരപുടഃ ശ്രോണിതടോനാഹതഃ
ഹസ്‌തേനാനമിതഃ കുചേങ്കധരസുധാ പാനേന സംമോഹിതഃ
കാന്തഃ കാമപി തൃപ്തി മാപ തദഹോ കാമസ്യ വാമഗതിഃ”
ഈ ശ്ലോകവും ഈ രതിവര്‍ണ്ണനയുടെ പരമകാഷ്ഠയില്‍ എത്തുന്നവയാണ്. രതിയുടെ വലിയ ആവിഷ്‌കാരമുണ്ടെങ്കിലും അതിനെ അതിവര്‍ത്തിക്കുന്ന തരത്തില്‍ അനുപമമായ കവിത്വം കൊണ്ട് അനുഗൃഹീതമാണ് ഗീതാഗോവിന്ദം. ചങ്ങമ്പുഴയെപ്പോലുള്ള കവികള്‍ തങ്ങളുടെ രചനയ്ക്കു വേണ്ട ഊര്‍ജ്ജം മുഴുവന്‍ സ്വീകരിച്ചത് ഈ കൃതിയില്‍ നിന്നാണ്.
എല്ലാ ഭാഷകളിലും പഴയകാല കൃതികളില്‍ തുടങ്ങി ഇത്തരം രതിവര്‍ണ്ണനകള്‍ കാണാം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ചോസറിന്റെ (Geoffery Chaucer) The Canterbury Tales മുതല്‍ തന്നെ അത്തരം രചനാരീതി കാണാവുന്നതാണ്. The Miller’s Tale  ‘And poively he caught hire by the qugnte (And intimately he caught her by her vagina) എന്നും Nether eye incident  But with his mouth he kiste hir naked ers (ers-buttocks) എന്നിങ്ങനെയും ഏറ്റവും അശ്ലീലം (Vulgar) ആയ തരത്തില്‍ ചോസര്‍ കഥ പറയിപ്പിക്കുന്നുണ്ട്. ഷേക്‌സ്പിയര്‍ തന്റെ സോണുകളില്‍ ഹോമോ സെക്ഷ്വാലിറ്റിയാണ് അവതരിപ്പിക്കുന്നതെന്ന് പൊതുവെ അഭിപ്രായമുണ്ടെങ്കിലും അതൊന്നും അത്ര പ്രകടമല്ല. Antony and Cleopatra യില്‍ ലൈംഗിക താല്പര്യം പ്രകടിപ്പിക്കുന്നത് (amorous) എന്നു നിരൂപകര്‍ പറയുന്ന ചില സംഭാഷണങ്ങളുണ്ടെങ്കിലും അതൊന്നും പരിധി കടക്കുന്നില്ല എന്നു പറയാം.
1725ല്‍ പുറത്തു വന്ന Eliza Haywood sâ Fantomina ഇംഗ്ലീഷിലെ ശൃംഗാര (erotic) സാഹിത്യത്തിന്റെ തുടക്ക രചനയായി ചിലര്‍ കണക്കാക്കുന്നു. എന്നാല്‍ John Clelend ന്റെ Fanny Hill ആണ് എല്ലാ അതിരുകളും തകര്‍ത്ത ആദ്യകൃതി. ഇതിനെ ആദ്യത്തെ അശ്ലീല (Pornographic) നോവലായി പൊതുവെ കണക്കാക്കുന്നു. രതിയെ സംബന്ധിച്ച് വലിയ തുറന്നെഴുത്തുകള്‍ ഉണ്ടായിരുന്നിട്ടും അക്കാലത്ത് ഈ കൃതി നിരോധിക്കപ്പെടുകയോ വിവാദങ്ങളുണ്ടാവുകയോ ചെയ്തില്ല. എന്നാല്‍ പില്‍ക്കാലത്ത് D.H. Lawrence തന്റെ ‘Lady Chatterey’s Lover പുറത്തിറക്കിയപ്പോള്‍ (1928) വലിയ വിവാദങ്ങളും നിരോധനവുമൊക്കെയുണ്ടായി.
ആധുനികതയുടെ തുടക്കത്തോടെ ലോകത്തെല്ലായിടത്തും ലൈംഗികതയുടെ തുറന്നെഴുത്തുകള്‍ സജീവമായി. അതിലെ ഏറ്റവും സവിശേഷമായ വസ്തുത മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന നിലവാരമുള്ള ഭാഷാരീതിപോലും ഇന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്നതാണ്. ഏറ്റവും മോശം (filthy) ആയിട്ടുള്ള ഭാഷ തന്നെ ഉപയോഗിക്കുക എന്നതാണ് ഇന്നത്തെ രീതി. ഇപ്പോള്‍ ലോകത്തെല്ലായിടത്തും പുറത്തിറങ്ങുന്ന നോവലുകളില്‍ ഒട്ടുമിക്കവാറും എല്ലാം തന്നെ ലൈംഗികത വളരെ അസ്വസ്ഥജനകമായ (awkward) ഭാഷ ഉപയോഗിച്ച് അവതരിപ്പിക്കുന്നവയാണ്. അതൊന്നും ഒരു മോശം സംഗതിയായി ഇപ്പോള്‍ ആരും കണക്കാക്കുന്നില്ല. പാശ്ചാത്യരുടെ ചുവടുപിടിച്ച് മലയാളികളും അത്തരം ഭാഷ ഉപയോഗിച്ച് രതി ചിത്രങ്ങള്‍ നോവലുകളില്‍ വരച്ചു വയ്ക്കുന്നു. അതില്ലാതെ ഒരു കൃതി പുറത്തിറങ്ങുന്നതാണ് ഇന്ന് അസാധാരണമായിത്തീര്‍ന്നിരിക്കുന്നത്.
മലയാളത്തില്‍ മണിപ്രവാളകാലം മുതല്‍ തന്നെ ഇത്തരം രതിസാഹിത്യമുണ്ടായിരുന്നു എന്നത് വാസ്തവം. സുപ്രസിദ്ധ മണി പ്രവാളകൃതിയായ ചന്ദ്രോത്സവത്തിലെ രണ്ടു ശ്ലോകങ്ങള്‍ ഉദ്ധരിക്കാം.
(1) അവനഥ സവിധേ ചെന്നമ്പൊടാദായ
ബലാംമടിയിലുടനിരുത്തിപ്പൂണ്ടു പൂര്‍ണ്ണാനുരാഗാം
അധരപുടമിളമ്പോര്‍ക്കൊങ്കനേത്രാരവിന്ദം
പലപരിചിലുപാഘ്രാതായഹൃഷ്ടാമുവാച
(2) യുവമനസിവളര്‍ക്കും മാരകമ്പം നിതംബം
തുടയിണതരുണാനാം ചട്ടറും മുട്ടുകമ്പം
മധുരമുഖി മുഴങ്ങാലംഗലാവണ്യവാപീ-
കുവളയൊടു സമാനം നൂന മംഭോരുഹാക്ഷ്യാ:
മണിപ്രവാള കാലത്തെ ഇത്തരം കുലീനഭാഷാപ്രയോഗങ്ങളെ വിട്ട് ഇന്ന് ഏറ്റവും അശ്ലീലം എന്നു വിവക്ഷിക്കുന്ന പദപ്രയോഗങ്ങളുപയോഗിച്ച് രചനകള്‍ അവതരിപ്പിക്കുന്നു.
ഈയടുത്ത് ഹാരുകി മുറാകാമി എന്ന (Haruki Murakami) എന്ന ജാപ്പനീസ് എഴുത്തുകാരന്റെ ‘Norwegian Wood’ എന്ന കൃതി വായിക്കാനിടയായി. 388 പേജൂകളുള്ള സാമാന്യം വലിയ നോവലാണിത്. Jay Rubin (ജേ റൂബിന്‍) എന്ന അമേരിക്കക്കാരനാണ് തര്‍ജ്ജമ നിര്‍വ്വഹിച്ചിരിക്കുന്നത്. ലൈംഗികബന്ധവുമായി ബന്ധപ്പെട്ട ഒരു ഡസന്‍ വിവരണങ്ങളെങ്കിലും നോവലിലുണ്ട്. അതില്‍ പലതും മുകളില്‍ സൂചിപ്പിച്ചതുപോലെ Filthy Language ഉപയോഗിക്കുന്നതാണ് ‘masturbate’ എന്ന പദത്തിനുപകരം ‘Wank’ എന്ന അശ്ലീല പദമാണുപയോഗിക്കുന്നത്.
ജാപ്പനീസ് സാഹിത്യം അതിന്റെ ഉദ്ഭവകാലം മുതല്‍ തന്നെ ലൈംഗികതയുടെ തുറന്നെഴുത്തുകള്‍ കൊണ്ട് കുപ്രസിദ്ധമാണെന്നു പറയാം. ലോകത്തിലെ ആദ്യനോവലെന്നു കരുതപ്പെടുന്ന 11-ാം നൂറ്റാണ്ടിലെ ജാപ്പനീസ് കൃതിയായ ‘ഗഞ്ചിയുടെ കഥ’യില്‍ പോലും അത്തരം വിവരണങ്ങളുണ്ട്. അതിലെ നായകനായ Prince Genji (ഗഞ്ചി രാജകുമാരന്‍) പല സ്ത്രീകളോടും നടത്തുന്ന ലൈംഗികബന്ധത്തിന്റെ വിവരണം കൂടാതെ Kogini എന്ന ആണ്‍കുട്ടിയോടുള്ള ഹോമോസെക്ഷ്വല്‍ ബന്ധത്തെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ഒരു പക്ഷേ ഫ്രഞ്ചു സാഹിത്യത്തേക്കാള്‍ കൂടുതല്‍ ലൈംഗികമായ തുറന്നെഴുത്തുകള്‍ ഉള്ളത് ജാപ്പനീസ് കൃതികളിലാണെന്നു പറയാം. യൂകിയോ മിഷിമയെപ്പോലുള്ളവര്‍ സ്വവര്‍ഗ്ഗാനുരാഗത്തെ (Homosexuality) ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുന്നു.
മുറകാമിയുടെ കൃതി എന്റെ വായനയിലെത്താന്‍ കാരണം അതിന്റെ പ്രചാരമാണ്. 45ലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടെന്നും ദശലക്ഷക്കണക്കിനു കോപ്പികള്‍ വിറ്റഴിഞ്ഞുവെന്നുമുള്ള പ്രചാരണം ശരിയായിരിക്കാനാണ് സാധ്യത. കാരണം ഒരുതെരുവു പുസ്തകക്കച്ചവടക്കാരനില്‍ നിന്നാണ് ഞാനീ പുസ്തകം വാങ്ങിയത്. ഒരു ജാപ്പനീസ് കൃതി കേരളത്തില്‍ തെരുവില്‍ വില്‍ക്കപ്പെടണമെങ്കില്‍ അതിന് അത്രമാത്രം പ്രചാരം സിദ്ധിച്ചിട്ടുണ്ടാവണം. ലൈംഗികതയുടെ ഒരു മറവും ഇല്ലാത്ത ആവിഷ്‌കാരമുണ്ടെങ്കിലും അതുവായിക്കാന്‍ വേണ്ടി മാത്രം ആരും ഇപ്പോള്‍ സാഹിത്യകൃതി വായിക്കാനിടയില്ല. കാരണം മൊബൈലില്‍ പോലും പോണോമൂവികള്‍ ലഭിക്കുന്ന ഇക്കാലത്ത് ആരും രതി ആസ്വദിക്കാന്‍ പുസ്തകം വായിക്കാന്‍ സാധ്യതയില്ല. എന്നാലും നോവലിന്റെ വലിയ സ്വീകാര്യതയ്ക്ക് അതും ഒരു ഘടകമാവാം.
നോര്‍വീജിയന്‍ വുഡ് എന്ന ഈ കൃതിയെ വിമര്‍ശനപരമായി സമീപിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് മറ്റൊരു ഘടകമാണ്. ജപ്പാനില്‍ ജനിച്ച് അവിടെത്തന്നെ ജീവിക്കുന്ന ഒരാളുടെ കൃതിയുടെ പേര്, എഴുപതുകളിലും എണ്‍പതുകളിലും പാശ്ചാത്യലോകത്ത് പ്രസിദ്ധമായിരുന്ന സംഗീതസംഘമായിരുന്ന ബീറ്റില്‍സിന്റെ സുപ്രസിദ്ധമായ ഒരു ഗാനത്തില്‍ നിന്നെടുത്തതാണ് (യാതൊരു കഴമ്പുമില്ലാത്ത ആ പാട്ട് ഇന്റര്‍നെറ്റില്‍ ലഭ്യമായതിനാല്‍ ഇവിടെ ചേര്‍ക്കുന്നില്ല). പേരുമാത്രമല്ല, കൃതിയാകമാനം അമേരിക്കന്‍ സംസ്‌കാരത്തെ അപ്പടി ഛര്‍ദ്ദിച്ചു വയ്ക്കുകയാണ്. കഥാപാത്രങ്ങള്‍ വായിക്കുന്നത് പാശ്ചാത്യസംഗീതോപകരണങ്ങളായ പിയാനോയും ഗിത്താറും മാത്രം. ജാപ്പനീസ് സംഗീതോപകരണങ്ങളെക്കുറിച്ചോ അവരുടെ സംഗീതത്തെക്കുറിച്ചോ ഒരു പരാമര്‍ശവുമില്ല. നായകനായ തോരുവതനബേ (Toru watanabe) വായിക്കുന്നതു മിക്കവാറും എല്ലാം തന്നെ അമേരിക്കന്‍ എഴുത്തുകാരുടെ കൃതികളാണ്. കൂടാതെ മറ്റൊരു കഥാപാത്രമായ നഗാസവ (Naga sava)യും വായിക്കുന്നതെല്ലാം പാശ്ചാത്യകൃതികള്‍ തന്നെ. ജാപ്പനീസ് എഴുത്തുകാരനെക്കുറിച്ച് ഒരു പരാമര്‍ശവും നോവലിലില്ല. റഷ്യന്‍, ഫ്രഞ്ച് എഴുത്തുകാരെക്കുറിച്ചും പറയുന്നുണ്ടെങ്കിലും സ്വന്തം രാജ്യത്തെ കവികളോ നോവലിസ്റ്റോ ഒരിക്കലും സ്മരിക്കപ്പെടുന്നില്ല.
ജാപ്പനീസ് സംസ്‌കാരത്തിന്റെ മുദ്രകളൊന്നുമില്ലാത്ത കൃതിയില്‍ നിരന്തരമുള്ള ലൈംഗികബന്ധത്തിന്റെ ആവിഷ്‌കാരങ്ങള്‍ മാത്രമാണ് സജീവമായുള്ളത്. പ്രണയത്തെക്കുറിച്ചാണ് കഥാപാത്രങ്ങളെല്ലാം സംസാരിക്കുന്നത്; നായകന്‍ ഉള്‍പ്പെടെ. എന്നാല്‍ ഏതു സ്ത്രീയേയും കാണുന്ന മാത്രയില്‍ത്തന്നെ അയാള്‍ ശാരീരിക അടുപ്പം സ്ഥാപിക്കുന്നു. അവരുമായുള്ള കിടപ്പറരംഗങ്ങള്‍ തന്റെ കാമുകിമാരോട് പങ്കുവയ്ക്കുന്നു. അതിലൊരു കാമുകി (മിഡോറി) തന്റെ പിതാവ് രോഗം മൂലം മരിച്ചതിനു പിറ്റേദിവസം ചോദിക്കുന്നത്.
”Will you really take me to a pornomovie?” എന്നാണ്. നായകന്റെ മറുപടി ”Of course Juris” എന്നാണ്. അടുത്ത വാചകം നായിക പറയുന്നത് ”A really disgusting one” എന്നത്രേ! നായകന്‍ ”I will research the matter thor oughly”എന്ന് കാമുകിയായ മിഡോറിയെ ആശ്വസിപ്പിക്കുന്നു.
നോവലില്‍ അവതരിപ്പിക്കപ്പടുന്ന സ്ത്രീ കഥാപാത്രങ്ങളെല്ലാം കാണുന്ന മാത്രയില്‍ത്തന്നെ ശാരീരികബന്ധത്തിലേര്‍പ്പെടുന്നവരാണ്. കൃതി വായിക്കുന്ന ഒരാള്‍ക്ക് ജപ്പാന്‍കാരുടെ ജീവിതരീതി അങ്ങനെയാണെന്നു തോന്നിപ്പോയാല്‍ കുറ്റം പറയാനാവില്ല. ഒരു കാലത്ത് പാശ്ചാത്യര്‍ അസൂയയോടെ നോക്കിയിരുന്ന ജപ്പാന്‍ സംസ്‌കാരത്തിന്റെ സൂചന നല്‍കുന്ന ഒരു വാക്കുപോലും ഈ കൃതിയിലില്ല. ഇപ്പോള്‍ പുറത്തുവരുന്ന ഒട്ടുമിക്കവാറും ജാപ്പനീസ് നോവലുകളും അങ്ങനെയാണ്. അനുനിമിഷം അപസംസ്‌കൃതീകരണത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന ജപ്പാന്‍ വൈകാതെ ഒരു വലിയ തകര്‍ച്ചയെ അഭിമുഖീകരിക്കേണ്ടിവരും എന്ന കാര്യത്തില്‍ സംശയമില്ല. ഒരു കാലത്ത് അതിശക്തമായിരുന്ന ജപ്പാന്‍ ദേശീയത പുതിയ തലമുറയ്ക്കന്യമായിത്തീര്‍ന്നിരിക്കുന്നു; നമ്മുടെ കേരളത്തിലെ പുതുതലമുറയെപ്പോലെ.
സമകാലിക മലയാളം വാരികയില്‍ (ജൂണ്‍ 8) ബിജോയ് ചന്ദ്രന്‍ ‘മണക്കാട്’ എന്നൊരു കവിത എഴുതിയിരിക്കുന്നു. വായിക്കും മുന്‍പ് തോന്നിയത് തിരുവനന്തപുരം നഗരത്തിലെ പ്രസിദ്ധമായ മണക്കാട് എന്ന സ്ഥലത്തെക്കുറിച്ചാണ് എന്നായിരുന്നു (സിവിയുടെ മാര്‍ത്താണ്ഡവര്‍മ്മയിലും നീലികഥയിലുമൊക്കെ പരാമൃഷ്ടമായ സ്ഥലം). എന്നാല്‍ കവിത അമ്മയെക്കുറിച്ചാണ്. മണത്തിന്റെ കാടാണ് മണക്കാട്; അമ്മയുടെ മണങ്ങളുടെ കാട്. കാമുകന്മാരുമായിച്ചേര്‍ന്ന് മക്കളെ കൊല്ലുന്ന അമ്മമാര്‍ ഇന്നൊരുസ്ഥിരം വാര്‍ത്തയായിരിക്കേ ഇത്തരം മാതൃത്വങ്ങളെക്കുറിച്ചെഴുതാനുമാളുണ്ടല്ലോ എന്നതില്‍ സമാധാനിക്കാം. അത്യന്തം കാല്പനികമായ ഈ അമ്മ മണങ്ങള്‍ എന്തോ നമുക്കത്ര വിശ്വാസമാവുന്നില്ല.
ഹൃഷികേശന്‍ പി.ബി മലയാളത്തിലെഴുതിയിരിക്കുന്ന മറ്റൊരു കവിതയാണ് ‘കാഴ്ചയ്ക്കും കേള്‍വിക്കും ലിംഗമുണ്ടോ?’ എന്നത്. പേരു സൂചിപ്പിക്കുന്ന ഒന്നും കവിതയിലില്ല. കേള്‍വിക്ക് കാഴ്ചയ്ക്കില്ലാത്ത ചില മേന്മകളൊക്കെയുണ്ടെന്നാണ് കവി പറയുന്നത്; ശരിയായിരിക്കാം. പക്ഷേ തന്റെ അഭിപ്രായം കവിതയിലൂടെ സ്ഥാപിച്ചെടുക്കാന്‍ ഈ കവിക്ക് കഴിയുന്നില്ല.
ഫുട്ബാളിനെക്കുറിച്ച് എഴുതി നിറച്ചിരിക്കുന്ന ദേശാഭിമാനി വാരികയില്‍ (ജൂണ്‍ 14) ഒരൊറ്റക്കവിതയേയുള്ളൂ. ആര്യാഗോപിയുടെ ‘മറ്റൊരാള്‍’. ”ഓര്‍മ്മകളിലും മറവികളിലും ഒരേകാലൂന്നി നടന്നു ഞാനിപ്പോള്‍ മറ്റൊരാളെ പോലെ ചിരിക്കുന്നു” എന്ന ഏറ്റുപറച്ചില്‍ നന്നായിട്ടുണ്ട്. കവിത ഒരു മോശം രചനയല്ല.






















