അമേരിക്കന്‍ ചാരസംഘടനയായ സിഐഎ പല രാജ്യങ്ങളിലും കലാപങ്ങള്‍ ഇളക്കിവിട്ടിട്ടുണ്ട്. 2005 ജൂലായ് 13ന് സിഐഎ തന്നെ പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് 16 രാജ്യങ്ങളിലെ ഭരണ അട്ടിമറിയില്‍ അമേരിക്കന്‍ ചാരസംഘടനയ്ക്ക് പങ്കുണ്ട്. 1947 ജൂലായില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പാസ്സാക്കിയ അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ആക്ട് പ്രകാരം വിപുലമായ അധികാരങ്ങള്‍ സിഐഎയ്ക്കുണ്ട്. അമേരിക്കയിലെ പൊതു നിയമങ്ങളെ മറികടന്നുകൊണ്ട് പലതരം രഹസ്യ ഇടപെടലുകള്‍ നടത്താന്‍ ഈ ചാരസംഘടനയ്ക്ക് അധികാരമുണ്ട്. ആ അധികാരം ഉപയോഗിച്ച് രാജ്യത്തിനകത്തും പുറത്തും പലതരം ഇടപെടലുകള്‍ അവര്‍ നടത്താറുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളെ നിഷ്പ്രയാസം കടപുഴക്കി എറിഞ്ഞിട്ടുണ്ട്. ഭരണാധികാരികളെ തടവിലാക്കുകയോ വധിക്കുകയോ ചെയ്തിട്ടുണ്ട്. ഇരയാകുന്ന രാജ്യങ്ങളിലെ ജനങ്ങള്‍ ഒന്നടങ്കം എതിര്‍ത്താല്‍ പോലും ചിലപ്പോള്‍ അമേരിക്കന്‍ പാവഗവണ്‍മെന്റുകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അത്തരം ഇടപെടലുകളുടെ ചരിത്രം വളരെ നീണ്ടതാകയാല്‍ എല്ലാം ഈ ചെറുപംക്തിയില്‍ പറയാന്‍ സാധ്യമല്ല.
1954-56 കാലഘട്ടത്തില്‍ കോസ്റ്ററിക്കയില്‍ നടത്തിയ അട്ടിമറി ശ്രമമാണ് സിഐഎയുടെ ആദ്യപരിശ്രമം എന്നുവേണമെങ്കില്‍ പറയാം. 1953ലെ ജനാധിപത്യപരമായ പൊതു തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ ജോസ് ഫിഗൂറെസിനെ (Jose Figueres) ഒരു സോഷ്യലിസ്റ്റാണെന്നതിന്റെ പേരിലാണ് അട്ടിമറിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഫിദല്‍ കാസ്‌ട്രോയെപ്പോലെ വലിയ മെയ്‌വഴക്കക്കാരനായതിനാല്‍ ഫിഗൂറെസ് വധശ്രമങ്ങളില്‍ നിന്നും അട്ടിമറികളില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. പിന്നീടങ്ങോട്ട് സിഐഎ തങ്ങളുടെ നിരന്തരമായ കടന്നാക്രമണങ്ങളിലൂടെ ഭരണകൂടങ്ങളെ തകര്‍ക്കുകയും ഭരണാധികാരികളെ വധിക്കുകയും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ക്യൂബന്‍ ഭരണാധികാരിയായിരുന്ന ഫിദല്‍ കാസ്‌ട്രോ സിഐഎയുടെ 638 വധശ്രമങ്ങളെ അതിജീവിച്ചു എന്ന് ക്യൂബക്കാര്‍ പറയുന്നത് കുറച്ച് പര്‍വ്വതീകരണം ആണെങ്കിലും പല ശ്രമങ്ങളും നടന്നിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യം തന്നെ.
1971ല്‍ ബൊളീവിയയില്‍ നാടുവിട്ടു പോയിരുന്ന വിക്ടര്‍ പാസ് എസ്റ്റന്‍സറോയെ (Victor Paz Estenssoro) അധികാരത്തില്‍ കൊണ്ടുവരാന്‍ ഒരു വലിയ പദ്ധതി അമേരിക്കന്‍ ചാരന്മാര്‍ തയ്യാറാക്കിയെങ്കിലും നടന്നില്ല. കേണല്‍ ഹ്യൂഗോ ബന്‍സര്‍ (Hugo Banzer) അധികാരം പിടിച്ചെടുക്കുകയായിരുന്നു. ഇത്തരത്തില്‍ ബ്രസീല്‍, ചിലി, കോംഗോ ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഈജിപ്റ്റ്, ഗോട്ടിമാല, ഇന്തോനേഷ്യ, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ജോര്‍ദ്ദാന്‍, ഇറാക്ക്, ലാവോസ്, ഉറുഗ്വേ, വിയറ്റ്‌നാം എന്നിവിടങ്ങളിലെല്ലാം ഭരണമാറ്റത്തിനായി അമേരിക്കന്‍ ഇടപെടലുകളുണ്ടായി. ഇപ്പോള്‍ മധ്യേഷ്യയില്‍ അമേരിക്കന്‍ പട്ടാളം നേരിട്ടു യുദ്ധത്തിലുമാണ്.
ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടേയും വധത്തില്‍ സിഐഎയ്ക്കു പങ്കുണ്ടായിരുന്നുവെന്നു വ്യാപകമായി ആക്ഷേപമുയര്‍ന്നെങ്കിലും ഇതുവരേയ്ക്കും തെളിയിക്കപ്പെട്ടിട്ടില്ല. 25 വര്‍ഷം കഴിയുമ്പോള്‍ അമേരിക്കന്‍ ചാരസംഘടന തങ്ങളുടെ ഓപ്പറേഷന്‍ സീക്രട്ടുകള്‍ ഡീക്ലാസിഫൈ ചെയ്തു പുറത്തുവിടാറുണ്ടെങ്കിലും അത്തരം പുറത്തുവിടലുകളിലൊന്നും ഇന്ദിരാ-രാജീവ് വധങ്ങളുടെ വിവരങ്ങളൊന്നും പുറത്തുവന്നതായി അറിവില്ല. ചില പ്രധാന ഓപ്പറേഷനുകള്‍ വളരെക്കാലം കഴിഞ്ഞാലും പുറത്തു വിടാറുപതിവില്ല. ഇത് അക്കൂട്ടത്തിലാണോ? അറിയില്ല.
പല രാജ്യങ്ങളുടേയും തെരഞ്ഞെടുപ്പു പ്രക്രിയയില്‍ അമേരിക്ക ഇടപെടാറുണ്ട്. സിഐഎ നേരിട്ടോ മറ്റു പല എജന്‍സികള്‍ മുഖേനയോ ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളില്‍ ഇത്തരം അമേരിക്കന്‍ ഇടപെടലുകള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ആരാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ പണം വാങ്ങി രാജ്യത്ത ഒറ്റിക്കൊടുക്കുന്നതെന്നൊന്നും കൃത്യമായി ജനങ്ങള്‍ക്ക് അറിയാനേ കഴിയില്ല. പുറമേ വലിയ ആദര്‍ശധീരന്മാരായും മാന്യന്മാരായും പ്രത്യക്ഷപ്പെടുന്ന ചിലരായിരിക്കാം യഥാര്‍ത്ഥ ചാരന്മാര്‍. യഥാര്‍ത്ഥ കുറ്റവാളികള്‍ ഒരിക്കലും പിടിക്കപ്പെടാതെ പോവുകയാണ് പലപ്പോഴും പതിവ്. കാരണം അവരുടെ ബന്ധങ്ങള്‍ അത്രയ്ക്ക് ശക്തമായിരിക്കും. സിഐഎ ചാരന്‍ എന്നൊക്കെ വിളിച്ചാക്ഷേപിച്ച് പല രാജ്യസ്‌നേഹികളേയും മൂലയ്ക്കിരുത്തിയ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്.
സോഷ്യല്‍ മീഡിയ സജീവമായ ഇക്കാലത്ത് ഇത്തരം ചാരന്മാരുടെ പ്രവര്‍ത്തനങ്ങള്‍ പണ്ടത്തേതിലും വേഗത്തിലും വ്യാപകമായുമാണ് സംഭവിക്കുന്നത്. വളരെ പെട്ടെന്നു ചില രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവരുന്നു. എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരം നേടുന്നു, എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് തെരഞ്ഞെടുപ്പുകള്‍ ജയിക്കുകയും ചെയ്യുന്നു, എങ്ങനെ സംഭവിച്ചുവെന്നു ഒട്ടും മനസ്സിലാകാതെ നമ്മള്‍ വാപൊളിച്ചിരുന്നു പോകുന്നു. ദില്ലിയിലെ ആം ആദ്മി പാര്‍ട്ടിയുടെ വിജയം, തമിഴ്‌നാട്ടിലെ നടന്‍ വിജയിന്റെ ടിവികെയുടെ വിജയം ഇങ്ങനെ പലതും നമുക്കു മനസ്സിലാകുന്നതേയില്ല. അതുപോലെയാണ് ഇപ്പോള്‍ ചില രാജ്യങ്ങളില്‍ നടന്ന ജന്‍സീ കലാപങ്ങളും. വളരെ ആസൂത്രിതമായ സോഷ്യല്‍ മീഡിയ ക്യാംപെയ്‌നുകളും പണം കൊടുത്ത് ഗുണ്ടാസംഘങ്ങളെ വശത്താക്കലും എല്ലാം കൂടി ഒരുമിപ്പിച്ചെടുക്കാനായാല്‍ ഒരു ജന്‍സി കലാപം സംഘടിപ്പിക്കുക അസാധ്യമല്ല. മനുഷ്യര്‍ വികാരജീവികളാണ് എന്നതിനാല്‍ ഒരറ്റത്തു നിന്നു മാലപ്പടക്കത്തിനു തിരികൊളുത്തും പോലെ ഇളക്കി വിട്ടു കഴിഞ്ഞാല്‍ ചിലപ്പോള്‍ അതൊരു വലിയ കലാപമായി പടര്‍ന്നു കയറിയേക്കാം. അത്തരത്തില്‍ ഒരു വലിയ കലാപമുണ്ടാക്കി ഭാരതമെന്ന മഹാരാജ്യത്തെ തകര്‍ക്കാനായി വിദേശ ശക്തികളുമായി ചേര്‍ന്നു നടത്തിയ ഒരു വിഫലശ്രമമായിരുന്നു കോക്രോച്ചു പാര്‍ട്ടിയും മറ്റും നടത്തിയത്. യുവാക്കള്‍ക്കിടയില്‍ അമ്പരപ്പിക്കുന്ന സ്വീകാര്യത എന്നു പ്രചരിപ്പിച്ചു ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടിയതൊക്കെ വലിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു. പണം മുടക്കിയാല്‍ ഫോളോവേഴ്‌സിനെയൊക്കെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ തന്നെ കൂട്ടിത്തരും. പിന്നെയീ സോഷ്യല്‍ മീഡിയ സ്വീകാര്യത എങ്ങനെ ജനപിന്തുണയുടെ അടയാളമാകും. പക്ഷേ സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ നടത്തുന്ന വ്യാജ പ്രചരണങ്ങളില്‍ ചിലപ്പോള്‍ നിഷ്‌ക്കളങ്കരായ ജനങ്ങള്‍ പെട്ടുപോയേക്കാം.
അതുകൊണ്ടു തന്നെ രാജ്യസ്‌നേഹശക്തികള്‍ വളരെ കരുതലോടെയിരിക്കണം. മാതൃഭൂമിയില്‍ (ജൂണ്‍ 28 ജൂലായ് 04) എന്‍.പി. സജീഷ് എഴുതിയിരിക്കുന്ന കവര്‍ സ്റ്റോറി ‘അപ്പോള്‍ ആരാണ് ഈ ജന്‍സി’ എന്ന ലേഖനത്തില്‍ പുതിയ തലമുറയുടെ അജ്ഞാതമായ സോഷ്യല്‍ മീഡിയ ജീവിതത്തിന്റെ ചുഴികളെ വിശകലനം ചെയ്യുന്നുണ്ട്.
ഇപ്പോഴത്തെ തലമുറയ്ക്ക് തൊട്ടുമുന്‍പുള്ള തലമുറയ്ക്കു പോലും മനസ്സിലാകാത്ത തരത്തില്‍ തികച്ചും സമൂഹനിരപേക്ഷമായ ഒരു വ്യക്തിത്വമാണ് ഈ സോഷ്യല്‍ മീഡിയ ജനറേഷനുള്ളത്. അവര്‍ എങ്ങനെ പ്രതികരിക്കും എന്നു തീര്‍ത്തു പറയാനാവില്ല. യുക്തിയുടേയോ രാജ്യസ്‌നേഹത്തിന്റെയോ അടിസ്ഥാനത്തിലൊന്നും അവര്‍ പ്രതികരിച്ചു കൊള്ളണം എന്നില്ല. അവരുടെ മനുഷ്യസ്‌നേഹം എന്നതുതന്നെ ഒരുതരം അപ്രായോഗികമായ ഫാസ്റ്റുഫുഡ് മാനവികതയാണ്. ഗുണ്ടാസംഘങ്ങളെ പണം കൊടുത്ത് ഇവര്‍ക്കിടയിലേക്ക് കടത്തിവിട്ടാല്‍ ബംഗ്ലാദേശിലും നേപ്പാളിലും ഉണ്ടായതുപോലുള്ള ലക്ഷ്യമില്ലാത്ത, രാജ്യവിരുദ്ധകലാപങ്ങള്‍ ഇളക്കിവിടാനാകും. അതിനെ നേരിടാന്‍ രാജ്യസ്‌നേഹികള്‍ എപ്പോഴും ഉണര്‍ന്നിരിക്കുക എന്നതു മാത്രമാണു പോംവഴി.
അന്ന് അഖ്മത്തോവയെക്കുറിച്ചും അവരുടെ റിക്വിയം (Requiem-ചരമഗീതം) എന്ന കവിതയെക്കുറിച്ചും ഈ പംക്തിയില്‍ ഏകദേശം ഒരു മാസം മുന്‍പ് സാമാന്യം വിശദമായി പ്രതിപാദിച്ചിരുന്നു. ആ കവിതയിലെ കാവ്യഭംഗിയുള്ള ഏതാനും വരികള്‍ എടുത്തു കാണിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ മാതൃഭൂമിയില്‍ ആ കവിത വിവര്‍ത്തനം ചെയ്തു ചേര്‍ത്തിരിക്കുന്നു. പക്ഷേ വിവര്‍ത്തകന്‍ മധുസൂദനന്‍ വി. കവിതയുടെ ആത്മാവ് അറിഞ്ഞു തന്നെയാണോ ഭാഷാന്തരം നടത്തിയിരിക്കുന്നത് എന്നു സംശയം തോന്നുന്നു.
”Where you, my unwithing friends
Captives of my two satanic years? What miracles do you see in Siberian Blizzard?
What shimmering mirage around the circle of the moon.
I send each one of you my salutation and farewell.”
ഈ വരികള്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നതു നോക്കൂ: ആ രണ്ടുവര്‍ഷത്തെ നരകജീവിതം പങ്കിട്ട എന്റെ ഹതഭാഗ്യകാല സുഹൃത്തുക്കള്‍ ഇപ്പോള്‍ എവിടെയാകും. സൈബീരിയയിലെ മഞ്ഞു കാറ്റുകള്‍ എന്നാകും അവരെ ഓര്‍മ്മിപ്പിക്കുന്നത്? ചന്ദ്രന്റെ വട്ടപ്പൊട്ടില്‍ അവരുടെ ഭാഗ്യത്തിനായി തെളിയുന്നതെന്താവും? ഇതവര്‍ക്കായിരിക്കട്ടെ, ഇതെന്റെ ആശംസകള്‍ യാത്രാമൊഴിയും. ഒരുവിധം ഇംഗ്ലീഷും കവിതയും അറിയാവുന്നവര്‍ക്ക് ഈ രണ്ടും കൂടി താരതമ്യം ചെയ്യാനാവും. കവിതയുടെ വിവര്‍ത്തനം ഏകദേശം അര്‍ത്ഥം പറയലല്ല, ചില ട്യൂട്ടോറിയല്‍ കോളേജ് അധ്യാപകര്‍ ചെയ്യും പോലെ. ഏറ്റവും അനുയോജ്യമായ ഭാഷാപദങ്ങള്‍ തെരഞ്ഞെടുത്ത് കവിതയുടെ ധ്വന്യാത്മകത അണഞ്ഞു പോകാതെ വേണം മൊഴിമാറ്റം നിര്‍വ്വഹിക്കാന്‍. ആ ഗുണമോ, ശരിക്കുള്ള അര്‍ത്ഥമോ പോലുമില്ല ഈ വിവര്‍ത്തനത്തില്‍. മൂലകൃതി റഷ്യനിലാണെങ്കിലും നമുക്കറിയാവുന്ന ഇംഗ്ലീഷ് പരിഭാഷയുമായി നമ്മള്‍ തട്ടിച്ചു നോക്കുമല്ലോ. മധുസൂദനന്‍ ഇനി റഷ്യനില്‍ നിന്നും നേരിട്ടു തര്‍ജ്ജമ ചെയ്തതാണോ? അങ്ങനെ സൂചനയൊന്നും വാരികയില്‍ ഇല്ല. റഷ്യനില്‍ നിന്നും നേരിട്ടു ഭാഷാന്തരം നടത്തിയതാണെങ്കില്‍ ഇംഗ്ലീഷ് വിവര്‍ത്തകനായിരിക്കും തെറ്റിയിട്ടുണ്ടാവുക. എങ്കില്‍ തോല്‍വി സമ്മതിക്കുന്നു.
പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ കലാകൗമുദിയില്‍ (ജൂണ്‍ 21-23) പുതിയ ചരിത്രപാഠപുസ്തകങ്ങളില്‍ സിന്ധൂ നദീതടത്തില്‍ നിന്നു കണ്ടെടുത്ത നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ ശില്പത്തിന്റെ ചിത്രങ്ങള്‍ നഗ്നത മറച്ച് അച്ചടിച്ചിരിക്കുന്നതായി പറയുന്നു. ഇടതുപക്ഷാഖ്യാനങ്ങളെ തൃപ്തിപ്പെടുത്താനായി എത്ര വളച്ചൊടിക്കലുകള്‍ വേണമെങ്കിലും നടത്താന്‍ മടിയില്ലാത്ത വ്യക്തിയാണ് കാര്‍ത്തികേയന്‍ നായര്‍ സര്‍. അതുകൊണ്ട് ഈ സംഭവം ശരിയാണോ എന്നതില്‍ പൂര്‍ണ വിശ്വാസം വരുന്നില്ല. അങ്ങനെ ഒരു പ്രാചീന ശില്പത്തെ തുണിയുടുപ്പിച്ചു എങ്കില്‍ അതൊരു വലിയ തമാശതന്നെയാണ്. അതാണവസ്ഥയെങ്കില്‍ മലമ്പുഴയിലെ യക്ഷിയെ സമ്പൂര്‍ണ്ണമായും കെട്ടിമറയ്ക്കുകയോ ഇടിച്ചു നിരത്തുകയോ ചെയ്യേണ്ടി വരും. സദാചാര സങ്കല്പങ്ങള്‍ വികലമായാല്‍ അതൊക്കെ വലിയ നര്‍മ്മത്തിനു വഴിവയ്ക്കും. പ്രാചീനശില്പങ്ങള്‍ ഒരു മാറ്റവുമില്ലാതെ വേണം പഠിക്കാനും പഠിപ്പിക്കപ്പെടാനും. അല്ലാതെ അതിനെ തുണിയുടുപ്പിക്കുന്നതൊന്നും ആശാസ്യമല്ല.
കലാകൗമുദിയില്‍ പതിവുപോലെ കവിതകള്‍ക്കു പഞ്ഞമൊന്നുമില്ല. പെരിയാര്‍ വിജയന്റെ അന്യഗ്രഹത്തിലൊരു ഭൂമി പൂജ തുടങ്ങി മല്ലികാ വേണുകുമാറിന്റെ ‘എന്‍ കണിയിലെ പ്രകാശം വരെ’ ഏഴ് കവിതകള്‍. കൂട്ടത്തില്‍ എടുത്തെഴുതാന്‍ പോന്ന കവിത്വം പ്രദര്‍ശിപ്പിക്കുന്ന രചനയൊന്നും ഇല്ലെന്നു പറയട്ടേ. മല്ലികാവേണുകുമാറിന്റെ കവിത ലാളിത്യം കൊണ്ടു ശ്രദ്ധേയമാണെന്നു പറയാം. വലിയ കാവ്യാഡംബരമൊന്നുമില്ലെങ്കിലും ആത്മാര്‍ത്ഥമായ കൃഷ്ണ ഭക്തി കവിതയെ അനാഡംബര വിശുദ്ധമാക്കുന്നു. തമിഴ് അധ്യാപകനായ പെരിയാര്‍ വിജയന്റെ ഗദ്യ കവിത അന്യഗ്രഹത്തിലൊരു ഭൂമി പൂജ എന്ന ഗദ്യകവനം ചില സാമൂഹ്യപ്രശ്‌നങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. കോളേജില്‍ പുതിയ സൗകര്യങ്ങളൊക്കെ ഏര്‍പ്പെടുത്തിയിട്ടും കുട്ടികളുടെ വിദ്യാഭ്യാസനിലവാരം അവരുടെ പ്രണയംപോലെ നിലവാരമില്ലാത്തതായിത്തന്നെയിരിക്കുന്നു എന്ന നിരീക്ഷണം രസകരമാണ്! കുഴല്‍ക്കിണറില്‍ വീഴുന്ന കുട്ടികളെക്കുറിച്ചുള്ള വ്യാകുലതയെ ഒരു കവിതയിലൂടെ (വ്യാഖ്യാനം) അഭിസംബോധന ചെയ്യുന്നതും നന്നായിരിക്കുന്നു.
എസ്. സുമേഷ്‌കൃഷ്ണന്‍ എന്ന കവി പഴകി ദ്രവിച്ച ബിംബങ്ങള്‍ കൊണ്ട് ‘അമൃതവര്‍ഷിണി’ എന്ന പേരില്‍ ഒരു പ്രണയ കവിതയെഴുതാന്‍ ശ്രമിച്ചിരിക്കുന്നു. കവിതയും പ്രണയവും ചുരത്താന്‍ കവിതയ്ക്കാവുന്നില്ല. ഷിബു കൈതയ്ക്കല്‍ മാലിദ്വീപ് ‘അതിരുകാക്കും മല’ എന്നൊരു കവിത തന്നിരിക്കുന്നു. കവിതയ്ക്കു മൊത്തത്തില്‍ ഒരു ആശയവും സമ്മാനിക്കാന്‍ കഴിയുന്നില്ലെങ്കിലും ചില വരികളില്‍ കവിതയുടെ മിന്നലാട്ടമുണ്ട്.
‘അതിരുകാക്കും മലയ്ക്കുള്ളില്‍ പുകയും വാക്ക്
അടങ്ങാത്ത പ്രതിഷേധപ്പെരുമ്പറയായ്
തടയുന്നു തുടികൊട്ടിത്തിടമ്പണിഞ്ഞു അതിരുപാറിപ്പറക്കുന്ന കുളിര്‍ന്ന കാറ്റേ’
എന്നതിലെ വാക്കുകളുടെ ചേരുവയ്ക്ക് ഒരു ഭംഗിയൊക്കെയുണ്ട്. എല്ലാ വരികളിലും ആ ഭംഗികാണാം. എന്നാല്‍ ഒരു കേന്ദ്രാശയം പകരാന്‍ കവിതയ്ക്കു കഴിയുന്നില്ല. അതിരു കാക്കുന്ന മലയെന്നാണ് കവിതയുടെ പേരെങ്കിലും കാറ്റിനെ കുറിച്ചാണു പറയുന്നതെല്ലാം.





















