”ആസേതുഹിമാചലം സംസ്‌കൃതഭാഷയില്‍ ഈഷദ്ജ്ഞാനം ഉള്ള ഒരുവനും സൗന്ദര്യലഹരിയില്‍ പരിശേഷാല്‍ ഒരുപദ്യമെങ്കിലും വശമായിരിക്കും. ഭാഷാജ്ഞാനം ലേശം ഇല്ലാത്തവര്‍പോലും ചിലപ്പോള്‍ അതിന്റെ പദാനുപൂര്‍വ്വിയുടെ അതിമോഹനമായ പരിപാടിയാല്‍ ആകൃഷ്ടന്മാരോ എന്നു തോന്നുമാറ് അപഭ്രംശമായിട്ടെങ്കിലും അതിലെ പദ്യങ്ങളെ ഗാനം ചെയ്ത് ആനന്ദമഗ്നന്മാരായിരിക്കുന്നതും നാം കാണുന്നു. സംസ്‌കൃതത്തില്‍ ബഹുക്കളായ സ്‌തോത്ര പ്രബന്ധങ്ങളില്‍ നിന്നും ഇതിനുള്ള ഗുണവിശേഷത്തിന് ഇവ സ്ഥൂലനിദര്‍ശനങ്ങളാകുന്നു” ഈ വരികള്‍ തന്റെ സൗന്ദര്യലഹരി വിവര്‍ത്തനത്തിന് ആശാന്‍ എഴുതിയിരിക്കുന്ന അവതരണികയില്‍ നിന്നും എടുത്തതാണ്. ഈ വരികളില്‍ നിന്നും സൗന്ദര്യ ലഹരിയുടെ സാഹിത്യമൂല്യം എത്രമാത്രമുണ്ടെന്നു മനസ്സിലാക്കാം. ഈ കൃതിയുടെ ഭക്തിമൂല്യം മാത്രമാണ് സാധാരണക്കാര്‍ പരിഗണിക്കുന്നത്. എന്നാല്‍ ആശാന്‍ അതിന്റെ സാഹിത്യസംബന്ധിയായ ഔന്നത്യം തിരിച്ചറിഞ്ഞ് എടുത്തു കാണിച്ചിരിക്കുന്നു.
സാഹിത്യകൃതികളുടെ ഗുണനിലവാരത്തെക്കുറിച്ച് പറയുമ്പോള്‍ ഒരു വിട്ടുവീഴ്ചയും കാണിക്കാത്ത സ്വഭാവമായിരുന്നു ആശാന്റേത്. പണ്ഡിറ്റ് കെ.പി. കറുപ്പന്റെ സാഹിത്യസംഭാവനകളെ ആശാന്‍ ഇകഴ്ത്തി സംസാരിച്ചപ്പോള്‍ സഹോദരന്‍ അയ്യപ്പന്‍ അതുപാടുണ്ടോ എന്നു സംശയിച്ചു. കറുപ്പന്‍ അധഃസ്ഥിതവിഭാഗത്തില്‍ പെട്ടതാണെന്നും അതിനാല്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും വേണ്ടതല്ലേ എന്ന് അയ്യപ്പന്‍ സൂചിപ്പിച്ചപ്പോള്‍ സാഹിത്യത്തിന്റെ നിയമങ്ങള്‍ വേറെയാണെന്നും അതിന് സാമൂഹ്യകാരണങ്ങളുമായി ബന്ധമില്ലെന്നും ആശാന്‍ അറുത്തുമുറിച്ചു പറഞ്ഞു കളഞ്ഞു. സാഹിത്യത്തിന്റെ മേന്മയെ സംബന്ധിച്ചിടത്തോളം ഒരു രീതിയിലും വഴങ്ങുന്ന പ്രകൃതക്കാരനായിരുന്നില്ല ആശാന്‍. വള്ളത്തോളിന്റെ ഖണ്ഡകൃതികളെക്കുറിച്ച് നല്ല അഭിപ്രായമുണ്ടായിരുന്ന അദ്ദേഹത്തിനു പക്ഷേ ചിത്രയോഗത്തെക്കുറിച്ച് ഒരു മതിപ്പും ഉണ്ടായിരുന്നില്ല. മഹാകാവ്യങ്ങളെപ്പറ്റി (മലയാളത്തിലെ എന്നെടുത്തു പറയണം. സംസ്‌കൃത മഹാകാവ്യങ്ങളെ അദ്ദേഹത്തിനു നല്ല മതിപ്പുണ്ടായിരുന്നു) പൊതുവെ താല്പര്യമില്ലാതിരുന്ന ആശാന്‍ അവയെ ക്ഷേത്രങ്ങളിലെ ‘നെടുങ്കുതിര’ കെട്ടി എടുപ്പിനോട് ഉപമിക്കാന്‍ മടിച്ചിരുന്നില്ല. ചിത്രയോഗത്തെക്കുറിച്ചുള്ള ആശാന്റെ അഭിപ്രായം അസ്ഥാനത്തല്ല എന്ന് ആ കൃതി വായിച്ചുനോക്കിയാല്‍ മനസ്സിലാവും. അതേ ആശാന്‍ തന്നെയാണ് സൗന്ദര്യലഹരിയെ വാഴ്ത്തിയതും അതു വിവര്‍ത്തനം ചെയ്തവതരിപ്പിച്ചതും.
ബാലചന്ദ്രന്‍ ചുള്ളിക്കാട് ഖണ്ഡശ: സൗന്ദര്യലഹരി മാതൃഭൂമിയില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. ഇതുകാണുമ്പോള്‍ എനിക്ക് മലാളത്തിലെ രണ്ടു തലക്കെട്ടുകളാണ് ഓര്‍മ്മ വരുന്നത്. ഒന്നാമത്തേത് ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’യെന്ന പ്രശസ്തമായ തോപ്പില്‍ഭാസി നാടകത്തിന്റെ പേര്. പിന്നൊന്നു പൊന്‍കുന്നം വര്‍ക്കിയുടെ ‘അന്തോണി നീയുമച്ചനായോടാ’ എന്ന കഥ. രണ്ടും നിശിതമായി പരിശോധിച്ചാല്‍ ഈ സന്ദര്‍ഭത്തിനു യോജിക്കുന്നതല്ല. എങ്കിലും അവ ഓര്‍ത്തു പോകുന്നുവെന്നുമാത്രം. സൗന്ദര്യലഹരി തര്‍ജ്ജമ ചെയ്തതിനാല്‍ ബാലചന്ദ്രനെ ഇനി സംഘിയെന്നേ നമ്മുടെ മാധ്യമങ്ങള്‍ വിളിക്കൂ! അങ്ങനെ ‘നിങ്ങളെന്നെ സംഘിയാക്കി’ എന്നു കവിക്കു പറയേണ്ടിവരും. വര്‍ക്കിയുടെ കഥ നിഷേധാര്‍ത്ഥത്തിലുള്ള ഒരുതരം മതവിമര്‍ശനമാകയാല്‍ ഈ സന്ദര്‍ഭത്തിനു യോജിക്കുന്നതല്ല. ഒരു പാതിരിയുടെ രാത്രികാലങ്ങളിലുള്ള സ്ത്രീസംഗമത്തെയാണീ കഥ കളിയാക്കുന്നത്. അതേ സ്ത്രീയുടെ അടുത്തു തന്നെ അച്ചന്റെ വേഷമിട്ടുവരുന്ന അന്തോണിയെന്ന കുശിനിക്കാരനെ കണ്ടിട്ട് ആ സ്ത്രീയുടെ അമ്മാവി അതിശയത്തോടെ ചോദിച്ചു പോകുന്നതാണ് ”അന്തോണീ നീയുമച്ചനായോടാ?” എന്ന്. അത്തരത്തിലുള്ള പരിഹാസമല്ല ചുള്ളിക്കാടെന്ന പ്രതിഭാധനനായ കവിയുടെ ഈ മഹദ്കര്‍മ്മത്തിനു ചേരുന്നത്. എങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലത്തുള്ള ചില മതനിരാസ പ്രകടനങ്ങളും ബുദ്ധമതത്തിലേയ്ക്കു മാറിയെന്ന പ്രഖ്യാപനവുമൊക്കെയോര്‍ക്കുമ്പോള്‍ ഈ രണ്ടു തലക്കെട്ടുകളും ഓര്‍ത്തുപോകും.
മാതൃഭൂമിയില്‍ (ജൂണ്‍ 28 ജൂലായ് 4) അദ്ദേഹം വിവര്‍ത്തനം ചെയ്തുചേര്‍ത്തിരിക്കുന്ന നാലാം ശ്ലോകം
ത്വദന്യഃ പാണിഭ്യാമഭയവ
രദോ ദൈവത ഗണ-
സ്ത്വമേകാ നൈവാസി പ്ര
കടിതവരാഭീത്യഭിനയാ
ഭയാത്ത്രാതും ദാതും ഫലമപിച വാഞ്ഛാസമധിക
ശരണ്യേ ലോകാനാം തവഹി ചരണാവേവ നിപുണൗ
ഇങ്ങനെയാണ് ഇതിന് അമ്പാടി മീനാക്ഷിയമ്മ കൊടുത്തിരിക്കുന്ന ഗദ്യ വിവര്‍ത്തനം
അല്ലയോ, സകലലോകങ്ങള്‍ക്കും ശരണം പ്രാപിക്കത്തക്ക മാഹാത്മ്യത്തോടുകൂടിയ ദേവി, നിന്തിരുവടിയില്‍ നിന്ന് അന്യമായ ദേവസമൂഹം കൈകളെക്കൊണ്ട് അഭയവരദാനങ്ങളെ ചെയ്യുന്നു. നിന്തിരുവടിമാത്രം കൈകളെക്കൊണ്ടു സ്ഫഷ്ടമായി ഭവിക്കുന്നില്ല. അത്രമാത്രമല്ല, ഭയത്തില്‍ നിന്നു രക്ഷിപ്പാനും ആഗ്രഹത്തെ കവിഞ്ഞതായ വരത്തെ ദാനം ചെയ്യുവാനും അവിടുത്തെ പാദങ്ങള്‍ തന്നെ സമര്‍ത്ഥങ്ങളാകുന്നു.
ഇതിന് ആശാന്‍ നല്‍കിയിരിക്കുന്ന വിവര്‍ത്തനം ഇങ്ങനെയാണ്.
ആമോദം പൂണ്ടുകൈകൊണ്ടമരഭയമോ-
ടൊത്തഭീഷ്ടം കൊടുക്കും
നീ മാത്രം ദേവീ! യെന്നാല്‍ നലമൊടവയെന-
നല്‍കുന്നതമ്മട്ടിലല്ലാ
ഭീമാറ്റിപ്പാലനം ചെയ്‌വതിനുമുടനടിഭീ-
ഷ്ടാധികം നല്‍കുവാനും
സാമര്‍ത്ഥ്യം പൂണ്ടതോര്‍ക്കില്‍ തവ കഴലിണയാ-
കുന്നു ലോകൈകനാഥേ!
ഇതിന് ചുള്ളിക്കാട് നിര്‍വ്വഹിച്ചിരിക്കുന്ന ഭാഷാന്തരം നോക്കാം.
മറ്റുദേവകരങ്ങള്‍ വരാഭയ
മുദ്രകാട്ടിയനുഗ്രഹം നല്‍കുന്നു.
അപ്രകാരമഭിനയിക്കാതെ നീ
ആശ്രയിപ്പോര്‍ക്കഭയമരുളുന്നു
നിന്റെ ഭക്തര്‍ക്കു ലോകശരണ്യയാം
നിന്‍ചരണം പുരുഷാര്‍ത്ഥദായകം.
എത്ര മനോഹരമായി ലളിതമായി മൂലശ്ലോകത്തില്‍ നിന്നു കിട്ടേണ്ടതൊക്കെ വായനക്കാര്‍ക്കു കിട്ടത്തക്ക തരത്തില്‍തന്നെ മൊഴിമാറ്റം നടത്തിയിരിക്കുന്നു. അഞ്ചും ആറും ശ്ലോകങ്ങളും അതിമനോഹരമായിത്തന്നെ മൊഴിമാറ്റിയിരിക്കുന്നു. കവിയുടെ ഈ വിവര്‍ത്തനം വായിക്കുന്നവര്‍ തീര്‍ച്ചയായും മൂലകൃതി അന്വേഷിച്ചുപോകും എന്ന കാര്യത്തില്‍ സംശയമില്ല.
നിരീശ്വരത്വം പ്രസംഗിച്ചു നടന്ന കവിയില്‍ സംഭവിച്ചിരിക്കുന്ന ഈ പരിവര്‍ത്തനം അനിവാര്യമായ എന്തോ സാമൂഹ്യമാറ്റത്തിന്റെ കാഹളമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഒരുപക്ഷേ ആശാനെപ്പോലെ തന്നെ കവിത്വം പൂര്‍ണ്ണമാകണമെങ്കില്‍ അക്ഷരാത്മികയായ ദേവിയെ ഭജിച്ചാലേ സാധ്യമാകൂ എന്ന് ഇക്കവിയും തിരിച്ചറിഞ്ഞതു കൊണ്ടാണോ ഈ ഭാവ പരിണാമം എന്നു തോന്നിപ്പോകുന്നു. അതോ എല്ലാവരിലും സാധാരണ സംഭവിക്കാറുള്ളതുപോലെ വാര്‍ദ്ധക്യത്തിലുണ്ടാകുന്ന തിരിച്ചറിവോ?
കേരളത്തിലെ മാധ്യമങ്ങള്‍ രാജ്യനന്മയ്ക്കുവേണ്ടി ഒരുവാക്കെങ്കിലും പറയും എന്നു പ്രതീക്ഷിക്കുന്നത് ‘ഒട്ടകം സൂചിക്കുഴയിലൂടെ കടക്കു’മെന്ന് കരുതുന്നതുപോലെയാണ്. മാധ്യമങ്ങള്‍ ഇങ്ങോട്ടു രാജ്യവിരുദ്ധമായി പെരുമാറിക്കൊണ്ടിരിക്കുമ്പോള്‍ തിരിച്ചെല്ലാവരും മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുകയും അവരെ ബഹുമാനിക്കുകയും വേണം. മാധ്യമങ്ങളുടെ ഇന്ത്യാവിരുദ്ധ മുഖം തുറന്നുകാട്ടിക്കൊണ്ടല്ലാതെ കേരളത്തില്‍ പൊതുപ്രവര്‍ത്തനം നടത്തുന്നതിലര്‍ത്ഥമില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇത്തരം മാധ്യമപ്രവര്‍ത്തനത്തില്‍ മനംനൊന്ത് അവരോടു തട്ടിക്കയറാനുള്ള ചങ്കൂറ്റം കാണിച്ചപ്പോള്‍ സ്വന്തം പക്ഷത്തുള്ളവര്‍ കൂടി അദ്ദേഹം മാധ്യമങ്ങളോടു മൃദുസമീപനം കാണിക്കുന്നില്ല എന്നു പരാതി ഉന്നയിക്കാന്‍ തുടങ്ങി. ‘പൂച്ചയ്ക്ക് ആരെങ്കിലും മണികെട്ടിയല്ലേ’ തീരൂ! ഈ രാഷ്ട്രവിരുദ്ധമാധ്യമപ്രവര്‍ത്തനം അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിക്കാനുള്ള ചങ്കൂറ്റം ആരെങ്കിലും കാണിച്ചേ മതിയാകൂ!
ന്യൂനപക്ഷങ്ങള്‍ അളവില്ലാത്ത പരിഗണനകള്‍ അനുഭവിച്ച ഭരണകാലമായിരുന്നു പിണറായിയുടേത്. അവരെ പ്രീണിപ്പിക്കാന്‍ വേണ്ടി ഏതറ്റം വരേയും പോകാന്‍ അദ്ദേഹം തയ്യാറായിരുന്നു. എന്നിട്ടും വെള്ളാപ്പള്ളി ചില സത്യങ്ങള്‍ വിളിച്ചു പറഞ്ഞപ്പോള്‍ അദ്ദേഹത്തെ പ്രത്യക്ഷമായിത്തന്നെ വിജയന്‍ തള്ളിപ്പറഞ്ഞില്ല എന്ന കാരണം പറഞ്ഞ് ന്യൂനപക്ഷ സമുദായക്കാര്‍ ഒന്നൊഴിയാതെ പിണറായിക്കെതിരെ വോട്ടു ചെയ്തു. അക്കൂട്ടത്തില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ലോക്കല്‍ കമ്മറ്റി, ഏരിയാ കമ്മറ്റി അംഗങ്ങള്‍ വരെയുണ്ടായിരുന്നു. അതിനുമുകളിലുള്ളവരാരെങ്കിലും ഉണ്ടായിരുന്നോ എന്ന് കൂടുതല്‍ അന്വേഷിച്ചാലേ പറയാന്‍ പറ്റൂ. സമകാലിക മലയാളം വാരികയില്‍ ‘താഹ മാടായി’ എന്ന മാധ്യമ പ്രവര്‍ത്തകന്‍ ‘സഖാവ് ബേബിക്ക് ഒരു തുറന്ന കത്ത്’ എന്ന പേരില്‍ ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷവിരുദ്ധതയ്‌ക്കെതിരെ എഴുതിയിരിക്കുന്നു. പിണറായി വിജയന്റെ ഭരണകാലം ന്യൂനപക്ഷവര്‍ഗീയതയുടെ അഴിഞ്ഞാട്ടകാലമായിരുന്നുവെന്ന് ഏവര്‍ക്കുമറിയാം. എന്നിട്ടിപ്പോള്‍ അവര്‍ തന്നെ വിജയന്റെ തലയില്‍ ആണിയടിച്ചിരിക്കുന്നു. ‘കൊണ്ടു നടന്നതും നീയേ ചാപ്പാ കൊണ്ടുപോയ് കൊന്നതും നീയേ ചാപ്പാ’ എന്നല്ലാതെ എന്തു പറയാന്‍!
ജിതിന്‍ എസ്.ആര്‍. മലയാളത്തിലെഴുതിയിരിക്കുന്ന ‘രണ്ടുകവിതകള്‍’ നിര്‍ലക്ഷ്യമായ രചനയല്ല. വലിയ ഭാഷാകസര്‍ത്തുകളൊന്നുമില്ലെങ്കിലും നമുക്കാ കവിതയെ അവഗണിക്കാനാവില്ല. ഒന്നാം നമ്പര്‍ കവിത സ്‌കൂള്‍ അസംബ്ലിയില്‍ തലകറങ്ങിവീഴുന്ന കുട്ടികളെക്കുറിച്ചാണ്. ഒരധ്യാപകന്‍ എന്ന നിലയില്‍ ഈ അനുഭവം പലപ്പോഴും നേരിടേണ്ടിവന്നിട്ടുള്ള ഒരാളാണ് ഇതെഴുതുന്നയാളും. സ്‌കൂള്‍അസംബ്ലികളില്‍ അങ്ങനെ സംഭവിക്കാറുണ്ട്. എന്നാലും അസംബ്ലികള്‍ ഒഴിവാക്കുന്നതുബുദ്ധിയല്ല. ഇന്നത്തെ സാഹചര്യത്തില്‍ അറിയിപ്പുകള്‍ അസംബ്ലി വിളിച്ചുകൂട്ടാതെ തന്നെ ക്ലാസുകളില്‍ എത്തിക്കാന്‍ മാര്‍ഗ്ഗമുണ്ട്. എന്നാല്‍ അസംബ്ലികള്‍ കുട്ടികളില്‍ അച്ചടക്കവും സാമൂഹ്യബോധവും വളര്‍ത്താന്‍ അനിവാര്യമാണ്. അതുകൊണ്ടുതന്നെ അതൊഴിവാക്കാനാവില്ല. കുട്ടികള്‍ തലകറങ്ങി വീഴുന്നത് ഒഴിവാക്കാന്‍ വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. വളരെ ദുര്‍ബ്ബലമായ ശാരീരികഘടനയാണ് ഇന്നത്തെ കുട്ടികള്‍ക്കു പൊതുവെയുള്ളത്. അതിനു പ്രധാന കാരണം സ്‌കൂളില്‍ കളിക്കളങ്ങളില്ലാത്തതാണ്. വിദ്യാഭ്യാസം പോലെതന്നെ പ്രധാനമാണ് കായിക വിനോദങ്ങളും. അതിന് അവസരമില്ലാത്ത സ്‌കൂളുകള്‍ സമ്പൂര്‍ണ്ണമായും പൂട്ടേണ്ടതാണ്. എല്ലാ സ്‌കൂളുകളിലും കളിക്കളങ്ങള്‍ നിര്‍ബ്ബന്ധമാക്കണം എന്നാല്‍ മാത്രമേ ആരോഗ്യമുള്ള ഒരു തലമുറയുണ്ടാവൂ! ഒരു കവിതയിലൂടെ ഈ പ്രശ്‌നം അവതരിപ്പിച്ച കവി അഭിനന്ദനം അര്‍ഹിക്കുന്നു.
രണ്ടാം നമ്പര്‍ കവിത പഴയ കാസറ്റിനെക്കുറിച്ചാണ്. ഇന്നു കാണുന്ന തരത്തില്‍ സിഡിയും പെന്‍ഡ്രൈവുമൊന്നും ഇല്ലാതിരുന്ന ഒരുകാലത്ത് കാസറ്റുകളായിരുന്നല്ലോ ശരണം. വളരെ നീളത്തിലുള്ള റീല്‍ ചുറ്റുന്നതും കുരുങ്ങുന്നതുമൊക്കെ അക്കാലത്ത് പതിവു കാഴ്ചകളായിരുന്നു. അതിനെ ഒരു കവിതയാക്കാമെന്നു ജിതിന്‍ തെളിയിച്ചിരിക്കുന്നു. എന്തിനെക്കുറിച്ചും കവിതയെഴുതാം. ‘ആ പാട്ടു ഞാന്‍ മറന്നുപോയി എന്നതിനുപകരം ‘ആ പാട്ടെന്നോടു മറന്നു പോയി’ എന്ന പ്രയോഗം ചാരുതയുള്ളതാണ്. പഴമയെ താലോലിക്കുന്നവര്‍ക്കും ഓര്‍മകളെ ചുമന്നു നടക്കുന്നവര്‍ക്കും ഈ കവിത മനോഹരമായി തോന്നും. ഞാനും അങ്ങനെയൊരാള്‍ ആയതുകൊണ്ട് ജിതിന്റെ കവിത എനിക്കും ഹൃദ്യമായി തോന്നുന്നു. ഗദ്യമാണെങ്കിലും കവിതയ്ക്കു നമ്മളോടു ചിലതു പറയുവാനുണ്ട്.
മലയാളത്തില്‍ മറ്റൊരു കവിത കൂടിയുണ്ട്. വിനോദ് ശങ്കരന്റെ ‘അതിരാവിലെ’. അന്തരിച്ചുപോയ കവി ചായം ധര്‍മരാജന്റെ ‘അതീവ രാവിലെ’ എന്ന കവിത ഓര്‍ത്തു പോകുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ മലയാളം അധ്യാപകനായിരുന്ന ധര്‍മരാജന്‍ വിരമിച്ച ഉടനെതന്നെ ഭൂമിവിട്ടുപോയി. അദ്ദേഹം ചില ശ്രദ്ധേയമായ കവിതകള്‍ എഴുതിയിട്ടുണ്ട്. അക്കൂട്ടത്തിലൊന്നാണ് ‘അതീവ രാവിലെ’. വിനോദ് ശങ്കരന്റെ കവിത ‘അതിരാവിലെ’ യും നല്ല രചന തന്നെ. മനുഷ്യജീവിതത്തിന്റെ ആകസ്മികതയിലേയ്ക്ക് വിരല്‍ചൂണ്ടുന്ന കവിത. പഠിക്കുന്നതുകൊണ്ട് നല്ലഭാവിയുണ്ടാകുമെങ്കിലും കുഞ്ഞായിരുന്ന കാലത്ത് ഇഷ്ടത്തോടെ സ്‌കൂളില്‍ പോയവര്‍ ആരുമുണ്ടാകാനിടയില്ല. എന്നാല്‍ കുറച്ചുകൂടി വളര്‍ന്നു കഴിഞ്ഞാല്‍ സൗഹൃദങ്ങളുടെ ശക്തികൊണ്ടു പഠനകാലത്തെ ആസ്വദിക്കുന്നവരാണ് കൗമാരക്കാരും യൗവ്വനാരംഭത്തിലെ കുട്ടികളും; പ്രത്യേകിച്ചും പെണ്‍കുട്ടികള്‍. കോളേജു വിദ്യാഭ്യാസം അവസാനിക്കുമ്പോള്‍ കണ്ണീരോടെ മാത്രമേ പെണ്‍കുട്ടികള്‍ പിരിയാറുള്ളൂ. അതിരാവിലെ സ്‌കൂളില്‍ പോകാന്‍ മടിച്ച കുട്ടിയെ അവതരിപ്പിച്ചു കൊണ്ടാണു തുടങ്ങുന്നതെങ്കിലും അവസാനിക്കുന്നത് ഒരു ട്രെയിന്‍ മറ്റൊരു കുട്ടിയുടെ മാതാപിതാക്കളെ അപഹരിച്ചു കടന്നുപോകുന്നതോടെയാണ്. അവരെന്തിനാണ് ആത്മഹത്യ ചെയ്തതെന്നൊന്നും കവി പറയുന്നില്ല. തികച്ചും ആകസ്മികമായി ആ പ്രഭാതത്തില്‍ അങ്ങനെ സംഭവിക്കുന്നുവെന്നേ വരച്ചു കാണിക്കുന്നുള്ളൂ. ‘ആക്‌സ്മികം’ എന്നൊരു പേരായിരുന്നു കവിതയ്ക്കു കൂടുതല്‍ യോജിച്ചത്.





















