പരംപൂജനീയ ശ്രീ ഗുരുജിക്ക് രാജനൈതിക കാര്യങ്ങളില്‍ അഭിരുചി ഉണ്ടായിരുന്നില്ലെങ്കിലും അതെങ്ങനെ രാഷ്ട്രതാല്പര്യത്തെ ബാധിക്കുന്നു. അതിനുള്ള പരിഹാരമെന്ത് എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയും കാഴ്ചപ്പാടും ഉണ്ടായിരുന്നു.
1971ലെ ബംഗ്ലാദേശ് യുദ്ധത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ രണ്ടായി പിളര്‍ന്നു. പാകിസ്ഥാനും ബംഗ്ലാദേശും! ഈ പശ്ചാത്തലത്തില്‍, ശ്രീ ഗുരുജി മാ.ഗോ. വൈദ്യജിയോട് ചോദിച്ചു: ”പാകിസ്ഥാന്‍ രണ്ടായി വിഭജിക്കപ്പെട്ടത് നമുക്ക് ഗുണകരമാണോ, അതോ ദോഷകരമാണോ?” വൈദ്യജി, ‘അതു നന്നായി’ എന്ന് പറഞ്ഞപ്പോള്‍, ശ്രീ ഗുരുജി ചോദിച്ചു: ”നന്നായി എന്നു പറയാന്‍ എന്താണ് കാരണം?”
”പാകിസ്ഥാനുമായി എപ്പോഴെങ്കിലുമൊക്കെ യുദ്ധമുണ്ടാകും. മുമ്പ് ആണെങ്കില്‍ രണ്ടു ഭാഗത്തുനിന്നും ആക്രമണം നേരിടേണ്ടി വരുമായിരുന്നു. ഇപ്പോള്‍ ഒരു ഭാഗത്ത് സുരക്ഷിതത്വം ഉണ്ടാകുമല്ലൊ. കാരണം ബംഗ്ലാദേശ് നമ്മുടെ മിത്രദേശമാണല്ലോ!” വൈദ്യജി വിശദീകരിച്ചു.
”ബംഗ്ലാദേശ് എക്കാലത്തും നമ്മോട് സൗഹൃദം പുലര്‍ത്തും എന്നതിന് എന്തുറപ്പാണുള്ളത്?” വീണ്ടും ശ്രീ ഗുരുജിയുടെ ചോദ്യം. ഈ സംഭവം വിവരിച്ചുകൊണ്ട് വൈദ്യജി പറയുന്നു: ”ശ്രീ ഗുരുജി എന്തിനാണ് ഇങ്ങനെ സംശയം പ്രകടിപ്പിക്കുന്നതെന്ന് അന്ന് എനിക്കു തോന്നി. പക്ഷേ, ഗുരുജിയുടെ സംശയം എത്രമാത്രം സംഗതമായിരുന്നുവെന്ന് പിന്നീടുണ്ടായ സംഭവവികാസങ്ങളില്‍ നിന്ന് എനിക്ക് ബോധ്യമായി!”






















