പരംപൂജനീയ ശ്രീഗുരുജിയുടെ ദീര്‍ഘവീക്ഷണത്തിന്റെയും സംപൂജ്യ ചിന്മയാനന്ദ സ്വാമികളുടെ പ്രേരണയുടെയും പിന്തുണയുടെയും ഫലമായി 1964ല്‍ വിശ്വഹിന്ദു പരിഷത്ത് സ്ഥാപിക്കപ്പെട്ടു. 1966ല്‍ പ്രയാഗ്‌രാജില്‍ കുംഭമേള നടക്കുന്ന അവസരത്തില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ വിശാലമായ ഒരു സമ്മേളനം നടത്താന്‍ നിശ്ചയിച്ച സാഹചര്യത്തില്‍ അതിനുവേണ്ട വ്യവസ്ഥകള്‍ ഒരുക്കുവാന്‍ സംഘത്തെയാണ് ചുമതലപ്പെടുത്തിയത്.
തൃപ്പൂണിത്തുറയിലെ കൊട്ടാരത്തില്‍ വെച്ച് കേന്ദ്ര ചിന്മയമിഷന്റെ ഉപദേശക സമിതിയോഗം നടന്നപ്പോള്‍, സമ്മേളനത്തിന്റെ നടത്തിപ്പില്‍ ചിന്മയ മിഷന്‍ ഉള്‍പ്പെടെ ഒട്ടേറെ സ്ഥാപനങ്ങള്‍ക്ക് പങ്കാളിത്തമുണ്ടെന്നിരിക്കെ വ്യവസ്ഥയുടെ ചുമതല പൂര്‍ണമായും എന്തുകൊണ്ട് സംഘത്തിനു മാത്രം ഏല്‍പ്പിച്ചു കൊടുത്തു എന്ന് മിഷന്റെ ഒരു പ്രവര്‍ത്തകന്‍ ചോദിച്ചു. അതിന് സംപൂജ്യ ചിന്മയാനന്ദ സ്വാമികള്‍ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു:
”സ്വയംസേവകര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്നത് ശ്രീഗുരുജി ഗോള്‍വല്‍ക്കറാണ്. നമ്മുടെ മിഷനിലെ പത്ത് പ്രവര്‍ത്തകര്‍ പത്ത് മണിക്കൂറില്‍ ചെയ്യുന്ന കാര്യങ്ങള്‍ ഒരൊറ്റ സ്വയംസേവകന്‍ ഒരു മണിക്കൂറില്‍ ചെയ്തുതീര്‍ക്കും. സംഘത്തിന്റെ സ്വയംസേവകര്‍ പരിശീലനം നേടിയവരാണ്, അവര്‍ അച്ചടക്കമുള്ളവരാണ്, സംഘടിച്ചു പ്രവര്‍ത്തിക്കുന്നവരാണ്. ഇത്രയും വിശാലമായ ഒരു സമ്മേളനം സംഘടിപ്പിക്കാനുള്ള സാങ്കേതിക നൈപുണ്യം അവര്‍ക്കുണ്ട്. അതുകൊണ്ട് ആ കാര്യം അവര്‍ കൈകാര്യം ചെയ്യുന്നത് തന്നെയാണ് നല്ലത്. നമുക്ക് മറ്റ് പല കാര്യങ്ങളും ചെയ്യാനുണ്ടല്ലോ.






















