- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- മുഖംമൂടിക്കാരന്‍ (ഹാറ്റാചുപ്പായുടെ മായാലോകം 7)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ദേവു കുറേ കാര്യങ്ങള്‍ മനസ്സിലാക്കി. ചെമ്പൂവട്ടമെന്ന ആ നാട്ടിലുളള പ്രായമായ മറ്റു സ്ത്രീകളെപ്പോലെയല്ല തന്റെ മമ്മ എന്നതായിരുന്നു അതിലാദ്യത്തേത്. മറ്റു സ്ത്രീകളുടെയെല്ലാം വേഷം നീണ്ട ഗൗണോ സാരിയോ ഒക്കെയാണ്. മമ്മയാണെങ്കിലോ? ജീന്‍സും ടോപ്പും! മമ്മയുടെ കയ്യിലും കാതിലും കഴുത്തിലുമൊന്നും ആഭരണങ്ങളൊന്നുമില്ല. മമ്മ ഒരു നിമിഷം പോലും അടങ്ങിയിരിക്കില്ല. എപ്പോഴും ഓടി നടന്നു ജോലി ചെയ്യലാണ്. പിന്നെ, മമ്മയ്‌ക്കെല്ലാവരോടും സ്‌നേഹമാണ്. മനുഷ്യരോടും മൃഗങ്ങളോടും പക്ഷികളോടും മരങ്ങളോടുമെല്ലാം! ആരും വിശന്നിരിക്കുന്നതും സങ്കടപ്പെടുന്നതുമൊന്നും മമമയ്ക്കിഷ്ടമല്ല. ദേവു മനസ്സിലാക്കിയ മറ്റൊരു കാര്യം, താന്‍ പേടിച്ചിരുന്നതുപോലെ മോശം സ്ഥലമല്ല ഇവിടം! വസന്ത് വിഹാര്‍ W 14 സെക്ടര്‍ 2വിലെ ‘ദേവ്’ എന്ന തന്റെയും അച്ഛന്റെയും അമ്മയുടേയും വീടാണേറ്റവും നല്ലതെന്നായിരുന്നു ഇതുവരെ അവള്‍ വിശ്വസിച്ചിരുന്നത്. വലിയ റോഡുകളില്ലാത്ത, മാളില്ലാത്ത, നിറയെ കടകളും ചീറിപ്പായുന്ന വാഹനങ്ങളുമില്ലാത്ത ഏതു സ്ഥലവും ചീത്തയാണെന്നായിരുന്നു ദേവുവിന്റെ വിചാരം. പക്ഷേ, ഇപ്പോഴിതാ, ടാറിട്ട റോഡും ഒരു വലിയ കടയും പോലുമില്ലാത്ത ഈ സ്ഥലം അവള്‍ക്കിഷ്ടമായിരിക്കുന്നു! മാത്രമല്ല, വലിയ, പച്ചനിറത്തിലുള്ള കുളത്തില്‍ കുളിക്കുന്നതും ഇപ്പോള്‍ ദേവൂനിഷ്ടമാണ്!
വസന്ത് വിഹാറിലെ വീട്ടിലായിരുന്നപ്പോള്‍, എല്ലാ ദിവസവും ഉണര്‍ന്നെഴുന്നേറ്റാലുടനെ ടി.വി. കാണുകയായിരുന്നു അവളുടെ ശീലം. റിമോട്ട് കയ്യില്‍ മുറുകെ പിടിച്ചു കൊണ്ടു തന്നെയാണ് അവള്‍ പാല് കുടിക്കുന്നതും ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതുപോലും! വൈകുന്നേരം സ്‌കൂളില്‍ നിന്നു വന്നാലോ? ട്യൂഷനും കരാട്ടെ ക്ലാസ്സും ഡാന്‍സ് ക്ലാസ്സുമൊക്കെ കഴിഞ്ഞാല്‍ ബാക്കി സമയം മിക്കവാറും ടി.വി.യുടെ മുന്‍പില്‍ തന്നെ!
ഇവിടെയും ടി.വിയുണ്ട്. പക്ഷേ എപ്പോഴും ടി.വി. കാണാനൊന്നും മമ്മ സമ്മതിക്കില്ല. ”വേറെന്തെല്ലാം പുതിയ പുതിയ കാര്യങ്ങളുണ്ട് ദേവിക്കുട്ടീ!” എന്നാണ് ടി.വി. കാണണമെന്നു പറഞ്ഞാലുടനെയുള്ള മമ്മയുടെ മറുപടി. ശരിയാണ്, ഇതുവരെ കണ്ടിട്ടില്ലാത്തതും ചെയ്തിട്ടില്ലാത്തതുമായ ഒരുപാട് കാര്യങ്ങള്‍ ഇവിടെയുണ്ടെന്നത് സത്യമാണ്. ദേവേശി മമ്മയുടെ വീട്ടിലെത്തിയിട്ട് ഒരാഴ്ചയാവുന്നതേയുള്ളൂ. പക്ഷേ അതിനോടകമവള്‍ പച്ചക്കുളത്തില്‍ നീന്തല്‍ പഠിക്കാന്‍ തുടങ്ങി. തെക്കും പുറംതോട് എന്നു പേരുള്ള വലിയ തോട്ടിലൂടെ കൊതുമ്പുവള്ളം തുഴയാന്‍ പഠിച്ചു തുടങ്ങി.
പിന്നെ, സന്ധ്യയ്ക്ക് തുളസിത്തറയില്‍ നെയ്ത്തിരി കത്തിച്ചുവെയ്ക്കാനും നാമം ജപിക്കാനും പഠിച്ചിരിക്കുന്നു, ദേവു!
~ഒരു രാത്രി മമ്മയെ കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നു ദേവു. പുറത്തു നിന്ന് വവ്വാലുകളുടെ ചിറകടി കേള്‍ക്കാം. ഇടക്കിടെ കുരങ്ങന്മാരുടെ ചിലയ്ക്കലും. അതിനിടയിലാണ് ആരോ വാതില്‍ തള്ളിത്തുറക്കുന്നതു പോലെയൊരു ശബ്ദം കേട്ടത്. വീണ്ടും അതേ ശബ്ദം കേട്ടപ്പോള്‍ മമ്മ എഴുന്നേറ്റിരുന്നു. മിണ്ടരുതെന്ന് ചൂണ്ടുവിരല്‍ ചുണ്ടിലമര്‍ത്തി ആംഗ്യം കാണിച്ചിട്ട് ശബ്ദം കേട്ട സ്ഥലത്തേക്ക് മമ്മ പമ്മിപ്പതുമ്മി ഒച്ചയുണ്ടാക്കാതെ നടന്നു. കതകിനടുത്തായി ഭിത്തിയില്‍ ചാരിവെച്ചിരുന്ന ഒരു നീളന്‍ വടി കയ്യിലെടുക്കാനും മമ്മ മറന്നില്ല!
തളത്തിലൂടെ കുനിഞ്ഞു നടന്ന് ഇളം തിണ്ണയിലിറങ്ങി വലിയ ചാവടിപ്പുരയ്ക്കിപ്പുറത്തുള്ള വരാന്തയിലെത്തിയപ്പോഴാണ് ദേവു പേടിയോടെ ആ കാഴ്ച കണ്ടത്! കറുകറുത്ത വേഷം ധരിച്ച് മുഖംമൂടി വെച്ച ഒരാള്‍ വലിയ ചാവടിപ്പുരയുടെ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നു!
(തുടരും)