ഭാരത നവോത്ഥാനത്തിന്റെ കളിത്തൊട്ടിലെന്നു കേളികേട്ട രാഷ്ട്രീയ ഭൂമികയാണ് ബംഗാളിന്റേത്. പ്രബുദ്ധത കൊണ്ടും പ്രക്ഷോഭങ്ങള്‍ കൊണ്ടും പലപ്പോഴായി മുഴുവന്‍ രാഷ്ട്രത്തെയും പ്രകമ്പനം കൊള്ളിച്ച പാരമ്പര്യം വംഗനാടിനുണ്ട്. ഒരുകാലത്ത് ഭാരതത്തിലെ ബ്രിട്ടീഷ് ഭരണത്തിന്റെ സിരാകേന്ദ്രം തന്നെ അവിടെയായിരുന്നു. 1905 ല്‍ ബ്രിട്ടീഷ് ഭരണകൂടം രാഷ്ട്ര വിഭജനത്തിന്റെ പരീക്ഷണക്കളമൊരുക്കിയതും ബംഗാളിലായിരുന്നു. രാജാറാം മോഹന്റോയി, ദയാനന്ദ സരസ്വതി, പണ്ഡിറ്റ് ഈശ്വര്‍ചന്ദ്ര വിദ്യാസാഗര്‍, ശ്രീരാമകൃഷ്ണ പരമഹംസര്‍, സ്വാമി വിവേകാനന്ദന്‍, ബങ്കിംചന്ദ്ര ചാറ്റര്‍ജി തുടങ്ങിയ മഹാപുരുഷന്മാരുടെ ജന്മഭൂമിയും കര്‍മ്മഭൂമിയുമാണത്. സ്വാതന്ത്ര്യസമരകാലത്ത് അനുശീലന്‍ സമിതി ഉള്‍പ്പെടെയുള്ള വിപ്ലവപ്രസ്ഥാനങ്ങളുടെ കേദാരവും അവിടമായിരുന്നു.
ബംഗാളിലാണ് മഹാകവി രബീന്ദ്രനാഥ ടാഗൂര്‍ വിഖ്യാത ജ്ഞാനാശ്രമമായ ‘ശാന്തിനികേതന്‍’ സ്ഥാപിച്ചത്. എന്നാല്‍ ബംഗാള്‍ ഇന്ന് വാര്‍ത്തകളില്‍ നിറയുന്നത് ശാന്തിനികേതന്റെ പേരിലല്ല, മറിച്ച് മമതാ ഭരണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഭീകരതയുടെ അശാന്തിപര്‍വ്വങ്ങളുടെ പേരിലാണ്. അഴിമതിയും അരാജകത്വവും ഒരേസമയം അവിടെ കൊടികുത്തി വാഴുകയാണ്. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍പ്പെടുന്ന സന്ദേശ്ഖാലിയില്‍ നാലരമാസം മുമ്പ് ആരംഭിച്ച പ്രശ്‌നങ്ങള്‍ ഇപ്പോള്‍ അങ്ങേയറ്റം അപകടകരവും ആശങ്കാവഹവുമായ നിലയിലെത്തിയിരിക്കുന്നു. ഒരേസമയം മതഭീകരതയും രാഷ്ട്രീയ ഭീകരതയും പരസ്പരം കൈകോര്‍ത്ത് ഹിന്ദു വംശഹത്യ നടത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് പശ്ചിമ ബംഗാളില്‍ കാണുന്നത്.
കഴിഞ്ഞ ജനുവരി മാസത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവായ ഷെയ്ഖ് ഷാജഹാനെ ലക്ഷ്യമാക്കി ഇ.ഡി. ഉദ്യോഗസ്ഥര്‍ സന്ദേശ്ഖാലിയില്‍ അന്വേഷണത്തിനെത്തിയതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ബംഗാളിലെ പൊതുവിതരണ സംവിധാനത്തിന്റെ ഭാഗമായി നടക്കുന്ന വലിയ അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇഡി ഉദ്യോഗസ്ഥര്‍ ഷാജഹാന്റെ വീട്ടില്‍ റെയ്ഡ് നടത്താനെത്തിയത്. എന്നാല്‍ ഉദ്യോഗസ്ഥരെ തൃണമൂല്‍ ഗുണ്ടകള്‍ വഴിയില്‍ തടയുകയും മാരകമായി ആക്രമിക്കുകയും ചെയ്തു. അന്ന് അന്വേഷണ സംഘത്തിന്റെ പിടിയിലാവാതെ രക്ഷപ്പെട്ട ഷാജഹാന്‍ ഇപ്പോഴും ഒളിവിലാണ്. ഈ സംഭവത്തിനുശേഷമാണ് ഞെട്ടിപ്പിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ അവിടെ നിന്നു പുറത്തുവന്നത്. ഷാജഹാനെയും അയാളുടെ അനുയായികളായ ഷിബ പ്രസാദ് ഹസ്‌റയെയും ഉത്തം സര്‍ദാറിനെയും ഉടനടി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആ ഗ്രാമത്തിലെ സ്ത്രീകള്‍ സന്ദേശ്ഖാലിയിലെ പ്രധാന റോഡ് ഉപരോധിച്ചു. സന്ദേശ്ഖാലിയില്‍ ഒരു സ്വതന്ത്ര സാമ്രാജ്യം സൃഷ്ടിച്ച് ഷാജഹാനും സംഘവും നടത്തിയ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് സ്ത്രീകള്‍ പരസ്യമായി തന്നെ തുറന്നടിച്ചു. ഈ പ്രദേശത്ത് കൊള്ളയും കലാപവും നടത്തുന്നത് ഷാജഹാന്റെ നേതൃത്വത്തിലുള്ള റോഹിങ്ക്യന്‍ ബ്രിഗേഡാണെന്നത് വൈകിയെങ്കിലും പുറംലോകം അറിഞ്ഞിരിക്കുന്നു. ഇത്തരം നീചകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വ്യക്തിക്ക് രാഷ്ട്രീയ അഭയമൊരുക്കുകയാണ് ബംഗാള്‍ മുഖ്യമന്ത്രി ചെയ്യുന്നത്. ഹൈക്കോടതി അനുവാദം നല്‍കിയിട്ടും പ്രശ്‌നബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ ബിജെപി നേതാവും ബംഗാളിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിക്ക് പോലീസ് സന്ദേശ്ഖാലിയിലേക്ക് കടക്കാന്‍ അനുമതി നല്‍കിയില്ല.
ഇസ്ലാമിക അധിനിവേശത്തിന്റെയും കമ്മ്യൂണിസ്റ്റ് അധിനിവേശത്തിന്റെയും രക്തപങ്കിലമായ രാഷ്ട്രീയ ചരിത്രത്തിന്റെ തനിയാവര്‍ത്തനമാണ് മമത ഭരണത്തില്‍ ബംഗാളില്‍ നടക്കുന്നത്. 12-ാം നൂറ്റാണ്ടില്‍ മുഹമ്മദ് ബിന്‍ ബഖ്തിയാര്‍ ഖില്‍ജിയുടെ കീഴിലായിരുന്ന ബംഗാളില്‍ അന്ന് ഹിന്ദുക്കള്‍ക്കെതിരെ വ്യാപകമായ ഉന്മൂലന ശ്രമങ്ങളാണ് നടന്നത്. 1977 മുതല്‍ 2011 വരെയുള്ള സിപിഎം ഭരണകാലത്ത് രാഷ്ട്രീയ കൊലപാതകങ്ങളുടെ നീണ്ട പരമ്പരയാണ് അവിടെ അരങ്ങേറിയത്. സൈന്‍ബാരിയും നന്ദിഗ്രാമും ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ രാജ്യവ്യാപകമായി തന്നെ ചര്‍ച്ചചെയ്യപ്പെട്ടവയാണ്. 2011 ല്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയതു മുതല്‍ മതമൗലികവാദവും രാഷ്ട്രീയ മൗലികവാദവും ഒത്തുചേര്‍ന്ന ഉന്മൂലന നയമാണ് മമത നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. 2016 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തിരഞ്ഞെടുക്കപ്പെട്ട 2100 അംഗങ്ങള്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണത്തെ തുടര്‍ന്ന് വീടുപേക്ഷിച്ച് അസമിലേക്കും ഒറീസയിലേക്കും കുടിയേറ്റം നടത്തേണ്ടി വന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഴുപത്തഞ്ച് സീറ്റുകള്‍ നേടി ശക്തമായ പ്രതിപക്ഷ സാന്നിധ്യമായി ബിജെപി സംസ്ഥാനത്ത് വേരുറപ്പിച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപകമായ കലാപങ്ങള്‍ അഴിച്ചുവിട്ടു. ഈ കലാപം 3662 ഗ്രാമങ്ങളെയാണ് ബാധിച്ചത്. ഇതില്‍ 353 ഗ്രാമങ്ങള്‍ തുടര്‍ച്ചയായി ആക്രമണത്തിന് വിധേയമായി. നാല്പതിനായിരത്തോളം ജനങ്ങള്‍ ഇതിന്റെ ദുരിതമനുഭവിച്ചു. 11,000 ഹിന്ദുക്കളാണ് കലാപത്തെ തുടര്‍ന്ന് ബംഗാളില്‍ നിന്ന് പലായനം ചെയ്തത്. ഇതില്‍ 3000 പേര്‍ അസമില്‍ അഭയം പ്രാപിച്ചു. കലാപബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്താനെത്തിയ കേന്ദ്രമന്ത്രിമാര്‍ക്ക് നേരെ പോലും അന്ന് ആക്രമണങ്ങള്‍ നടന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാമനവമി ഘോഷയാത്രകള്‍ക്ക് നേരെ ബംഗാളില്‍ സംഘടിതമായ ആക്രമണങ്ങള്‍ നടക്കുകയാണ്. ബംഗ്ലാദേശികള്‍ക്കും റോഹിങ്ക്യന്‍ കുടിയേറ്റക്കാര്‍ക്കും വോട്ടവകാശം നല്‍കി അവരെ ആക്രമണം നടത്താന്‍ അനുവദിച്ച്, മുസ്‌ലിം പ്രീണനവും ഹിന്ദു പീഡനവും പ്രയോഗവല്‍ക്കരിക്കാനുള്ള രാഷ്ട്രീയ തന്ത്രമാണ് ബംഗാളില്‍ മമത സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയെ മുന്നില്‍ നിര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ ഒരു മുദ്രാവാക്യം ബംഗാള്‍ നിജേര്‍ മൊയേക്കി ഛായ-‘ബംഗാളിന് വേണ്ടത് അതിന്റെ മകളെയാണ്’ എന്നായിരുന്നു. കല്‍ക്കരി അഴിമതി കേസില്‍ തന്റെ മരുമകന്റെ ഭാര്യയെ ചോദ്യം ചെയ്തതിനെ പോലും ‘സഹതാപമര്‍ഹിക്കുന്ന ബംഗാളി സ്ത്രീ’ എന്ന പ്രതിച്ഛായാ നിര്‍മ്മിതിക്കുവേണ്ടി അവര്‍ ഉപയോഗിച്ചു. കേന്ദ്രം ഭരിക്കുന്ന ‘കുഴപ്പക്കാരായ അന്യദേശക്കാര്‍’ ബംഗാളി സ്ത്രീകളെ ആക്രമിക്കുകയാണെന്നും ‘ആക്രമിക്കപ്പെടുന്ന ബംഗാളി സ്ത്രീയുടെ പ്രതിനിധിയായ മമതയെ’ സഹായിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ആവര്‍ത്തിച്ച് ആഹ്വാനം ചെയ്തു. ആക്രമിക്കപ്പെടുന്ന ബംഗാളി സ്ത്രീ എന്ന സഹതാപ പരിവേഷം ജനമസ്സുകളില്‍ തന്ത്രപരമായി ഉറപ്പിച്ചെടുത്താണ് മമത കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഭരണം നിലനിര്‍ത്തിയത്. ഇപ്പോള്‍ മമതാ ഭരണത്തില്‍ മാനം സംരക്ഷിക്കാന്‍ വേണ്ടി സ്ത്രീകള്‍ക്ക് തെരുവിലിറങ്ങേണ്ടി വന്നത് ബംഗാള്‍ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് തന്നെ സൃഷ്ടിക്കുമെന്നത് തീര്‍ച്ചയാണ്. സിപിഎം ഭരണത്തിന് അന്ത്യംകുറിച്ചത് നന്ദിഗ്രാമില്‍ നിന്നാണെങ്കില്‍ തൃണമൂലിന്റെ തകര്‍ച്ചയുടെ തുടക്കം സന്ദേശ്ഖാലിയില്‍ നിന്നായിരിക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നാല്പതില്‍ പതിനെട്ട് സീറ്റുകള്‍ നേടി സംസ്ഥാനത്ത് വന്‍ മുന്നേറ്റം നടത്തിയിരുന്നു. വംഗനാട്ടില്‍ നടമാടിക്കൊണ്ടിരിക്കുന്ന തൃണമൂലിന്റെ വന്യനീതിക്കെതിരായ വിധിയെഴുത്തായിരിക്കും ആസന്നമായ പൊതുതിരഞ്ഞെടുപ്പില്‍ വരാനിരിക്കുന്നത്.