സാംസ്‌കാരിക വിപ്ലവത്തിനു രാഷ്ട്രീയ വിപ്ലവത്തേക്കാള്‍ പ്രഹരശേഷിയുണ്ടെന്നു വളരെക്കാലം മുന്‍പേ തിരിച്ചറിഞ്ഞിട്ടുള്ളവരാണ് കമ്മ്യൂണിസ്റ്റുകള്‍. രാഷ്ട്രീയ മണ്ഡലത്തേക്കാള്‍ ആഴത്തില്‍ അവര്‍ വേരുറപ്പിക്കാന്‍ ശ്രമിച്ചതും സാംസ്‌കാരിക മണ്ഡലത്തിലാണ്. വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ വിത്തുകള്‍ വിതച്ച് സാംസ്‌കാരിക ഭൂമികയില്‍ നിന്ന് അജയ്യമായ രാഷ്ട്രീയ വിജയം കൊയ്‌തെടുക്കാമെന്ന അവരുടെ വ്യാമോഹം മാനവമൂല്യങ്ങള്‍ക്കേല്‍പ്പിച്ചിട്ടുള്ള ആഘാതം ചെറുതല്ല.
കേരളത്തിന്റെ സാംസ്‌കാരിക സാമൂഹിക ജീവിതത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വര്‍ഗ്ഗരാഷ്ട്രീയം സൃഷ്ടിച്ച സാംസ്‌കാരിക അധ:പതനത്തിന്റെ ആഴം അളവറ്റതാണ്. മതവെറിയും ജാതിവെറിയും വര്‍ണ്ണവെറിയും വമിപ്പിച്ച് സമൂഹത്തില്‍ വിദ്വേഷവും വിഭജനവും വ്യാപിപ്പിക്കുകയാണ് അവര്‍ ചെയ്തുപോന്നിട്ടുള്ളത്. കേരളത്തില്‍ നവോത്ഥാന നായകന്മാര്‍ മുന്നോട്ടു വെച്ച ജാതീയതയ്ക്കതീതമായ സമൂഹ സൃഷ്ടിയെന്ന സങ്കല്പം പോലും അങ്ങനെയാണ് അട്ടിമറിക്കപ്പെട്ടത്. ജാതീയവും വംശീയവുമായ അധിക്ഷേപങ്ങള്‍ അലങ്കാരമാക്കി സാമൂഹിക സമത്വമെന്ന നവോത്ഥാന ലക്ഷ്യത്തിന്റെ കടയ്ക്കല്‍ തന്നെ കമ്മ്യൂണിസ്റ്റുകള്‍ കത്തിവെച്ചു. പ്രമുഖ കലാകാരനും, നര്‍ത്തകനും, കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപം കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ കേരളത്തിന്റെ സാംസ്‌കാരിക വേദികളെ അടക്കിഭരിക്കുന്നതിന്റെ ദുരന്തഫലമാണ്. കറുത്ത നിറമുള്ളവര്‍ മോഹിനിയാട്ടം കളിക്കരുതെന്നും, രാമകൃഷ്ണന്‍ നൃത്തം ചെയ്യുന്നതു കണ്ടാല്‍ പെറ്റതള്ള പോലും സഹിക്കില്ലെന്നുമാണ് ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സത്യഭാമ അഭിപ്രായപ്പെട്ടത്. പരാമര്‍ശം വിവാദമായപ്പോഴും പറഞ്ഞ വാക്കില്‍ ഉറച്ചുനില്‍ക്കുന്നതായി അവര്‍ അഭിമാനപൂര്‍വ്വം ആവര്‍ത്തിക്കുകയും ചെയ്തു.
കേരളത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയ മേഖലയില്‍ നിലനില്‍ക്കുന്ന ഇടതുപക്ഷ സ്വാധീനത്തിന്റെ പിന്‍ബലമാണ് ഒരു കലാകാരനെ വളരെ നിന്ദ്യമായും നീചമായും അധിക്ഷേപിക്കാന്‍ സത്യഭാമയ്ക്ക് ആത്മവിശ്വാസം പകര്‍ന്നത്. പിണറായി സര്‍ക്കാരാണ് അവരെ കേരള കലാമണ്ഡലത്തിന്റെ ഭരണസമിതിയില്‍ അംഗമാക്കിയത്. സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കുന്ന ചിലങ്ക നൃത്തോത്സവത്തിന്റെ ഉദ്ഘാടകരിലൊരാള്‍ സത്യഭാമയായിരുന്നു. സാംസ്‌കാരിക മന്ത്രിക്ക് പകരക്കാരിയായി പോലും അവര്‍ പല പരിപാടികളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്നെ ഉന്നത സ്ഥാനങ്ങളിലേക്ക് അവരോധിക്കാന്‍ സിപിഎം നേതാക്കള്‍ സഹായിച്ചിട്ടുണ്ടെന്ന് സത്യഭാമ തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ കമ്മ്യൂണിസ്റ്റ് സാമൂഹിക ബോധത്തിന്റെ പ്രതിഫലനമാണ് സത്യഭാമയുടെ പ്രതികരണത്തിലൂടെ പുറത്തുവന്നതെന്ന് പകല്‍പോലെ വ്യക്തമാണ്. 2020 ല്‍ കേരള സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവത്തില്‍ പങ്കെടുക്കാന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന് അവസരം നിഷേധിക്കപ്പെട്ടിരുന്നു. അന്ന് ജാതിവിവേചനവും ലിംഗവിവേചനവും നേരിടേണ്ടി വന്നതിനെ തുടര്‍ന്ന് രാമകൃഷ്ണന്‍ ആത്മഹത്യാശ്രമവും നടത്തിയിരുന്നു.
രാഷ്ട്രീയമായ അയിത്തത്തോടൊപ്പം വംശീയവും ജാതീയവുമായ അയിത്തം കൂടി കമ്മ്യൂണിസ്റ്റുകളുടെ ജനിതകഘടനയില്‍ അന്തര്‍ലീനമായിട്ടുണ്ട്. കാള്‍ മാര്‍ക്‌സ് തന്റെ പ്രതിയോഗികളെ വംശീയമായി അധിക്ഷേപിച്ചിരുന്നതായി നിരവധി ഗവേഷകന്മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടിയുമായുള്ള അഭിപ്രായവ്യത്യാസം നിലനില്‍ക്കവേ കെ.ആര്‍. ഗൗരിയമ്മയെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വെച്ച് ‘ചോവത്തി ഗൗരി’ എന്നു വിളിച്ച് സിപിഎം അവരുടെ വ്യക്തിത്വത്തെ പോലും വസ്ത്രാക്ഷേപം ചെയ്യുകയുണ്ടായി. 2016 ജൂണ്‍ 18ന് പാര്‍ട്ടി ഓഫീസില്‍ കയറിയതിന് അഞ്ജന, അഖില എന്നീ ദളിത് പെണ്‍കുട്ടികളെ കൈക്കുഞ്ഞുമായി ജയിലിലടച്ചത് സിപിഎം സര്‍ക്കാരാണ്. കമ്മ്യൂണിസ്റ്റ് ആധിപത്യമുള്ള ആന്തൂര്‍ നഗരസഭയില്‍ അവര്‍ണ്ണര്‍ക്ക് പ്രവേശനമില്ലാത്ത അമ്പലങ്ങള്‍ ഇപ്പോഴുമുണ്ട്. പയ്യന്നൂരില്‍ ചിത്രലേഖയെന്ന ഓട്ടോറിക്ഷ ഡ്രൈവറെ സിപിഎമ്മുകാര്‍ പുലച്ചി എന്നു വിളിക്കുകയും വണ്ടി കത്തിക്കുകയും ചെയ്തിട്ട് അധികകാലമായിട്ടില്ല. നാട്ടകം കോളേജില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിനെ പുലയക്കുടില്‍ എന്നു വിളിച്ചത് കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയായിരുന്നു. ഇതേ സംഘടനയുടെ നേതാവാണ് ദളിത് പെണ്‍കുട്ടികളെ പുലച്ചി എന്നു വിളിച്ച് അധിക്ഷേപിക്കുകയും അവര്‍ക്ക് തന്തയില്ലാത്ത കുട്ടികളെ നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്. ഒരേസമയം ജാതിയില്ലാ വിളംബരം ആഘോഷിക്കുകയും ജാതി സെന്‍സസ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന അപഹാസ്യകരമായ ഇരട്ടത്താപ്പാണ് ജാതി വിഷയത്തില്‍ ഇക്കൂട്ടര്‍ക്കുള്ളത്.
കറുത്ത നിറമുള്ളവര്‍ നൃത്തം ചെയ്യാന്‍ പാടില്ലെന്ന വിധികല്പന ഒരു കലാകാരിയില്‍ നിന്നും ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തതാണ്. നൃത്തസമ്പ്രദായത്തിലൊരിടത്തും ഇത്തരമൊരു നിയമമില്ല. നാട്യശാസ്ത്രത്തില്‍ നര്‍ത്തകിയുടെ പ്രമാണവാക്യം തന്നെ ‘തന്വി രൂപതി ശ്യാമ’ ഇരുണ്ട നിറമുള്ളവള്‍ എന്നാണ്. കറുപ്പിനെ അശുഭകരമായി അവതരിപ്പിക്കുന്നതിനെ കൊളോണിയല്‍ കാഴ്ചപ്പാടിന്റെ ദുരന്തചിത്രമായേ കാണാന്‍ കഴിയൂ. ഭാരതത്തിന്റെ ആരാധന കൃഷ്ണനും കൃഷ്ണയും കാളിയുമെല്ലാം ഒത്തുചേര്‍ന്നതാണ്. നര്‍ത്തകര്‍ക്ക് സൗന്ദര്യത്തെപ്പോലെ സഹിഷ്ണുതയും അനിവാര്യമാണെന്നും ആകാരസൗഷ്ഠവം പോലെ പ്രധാനമാണ് ആന്തരികവിശുദ്ധിയെന്നും നാട്യശാസ്ത്ര ഗ്രന്ഥങ്ങള്‍ അനുശാസിക്കുന്നുണ്ട്. പുരുഷന്‍ നൃത്തം ചെയ്യാന്‍ പാടില്ലെന്നതും അടിസ്ഥാനമില്ലാത്ത ഒരവകാശവാദം മാത്രമാണ്. നടരാജമൂര്‍ത്തിയെയാണ് ശാസ്ത്രങ്ങള്‍ നാട്യദേവനായി വാഴ്ത്തുന്നത്. നാട്യശാസ്ത്രം രചിച്ചതാവട്ടെ ഭരതമുനിയും. കലാമണ്ഡലത്തിലെ ആദ്യ മോഹിനിയാട്ട ഗുരു അപ്പുരയിടത്ത് കൃഷ്ണപ്പണിക്കരാശാനായിരുന്നുവെന്നതും വിസ്മരിക്കപ്പെടാന്‍ പാടില്ലാത്ത വസ്തുതയാണ്.
സത്യഭാമ നടത്തിയ പ്രസ്താവന വിവാദമായപ്പോള്‍ അവര്‍ കേസരിയുടെ ഒരു സ്ഥിരം എഴുത്തുകാരിയാണെന്ന തരത്തില്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ ചില തെറ്റായ പ്രചാരണങ്ങള്‍ നടന്നു. ഒരേയൊരു തവണ മാത്രമാണ് അവര്‍ കേസരിയില്‍ ലേഖനമെഴുതിയിട്ടുള്ളത്. 2021 ഏപ്രില്‍ 30 ന് കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട ലേഖനമായിരുന്നു അത്. കേസരിയില്‍ പ്രസിദ്ധീകരിച്ച ഉള്ളടക്കത്തിന് പുറത്ത് ഏതെങ്കിലുമൊരു എഴുത്തുകാരന്‍ ഭാവിയില്‍ നടത്തുന്ന പ്രസ്താവനകളുടെ പേരില്‍ ഒരു മാധ്യമ സ്ഥാപനത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത് ബാലിശമാണ്. കലാവതരണവുമായി ബന്ധപ്പെട്ട് അവര്‍ നടത്തിയ പ്രസ്താവനയെ കേസരി ഒരിക്കലും അനുകൂലിക്കുന്നില്ല. മാത്രമല്ല കേസരി ഭവനില്‍ കഴിഞ്ഞ വര്‍ഷം നടന്ന നവരാത്രി സര്‍ഗ്ഗോത്സവത്തില്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ മോഹിനിയാട്ടം അവതരിപ്പിച്ചിരുന്നുവെന്ന വസ്തുതയും ഇക്കൂട്ടര്‍ കാണേണ്ടതാണ്. അദ്ദേഹത്തെ അവിടെ ആദരിക്കുകയും ചെയ്തിരുന്നു. ഇത്തരമൊരു വിവാദത്തിലേക്ക് കേസരിയുടെ പേര് പരാമര്‍ശിച്ചത് അപകീര്‍ത്തികരവും അപലപനീയവുമാണ്. വാസ്തവത്തില്‍ വ്യക്തിപരമായ വിയോജിപ്പുകളുടെ പേരില്‍ കേരളത്തില്‍ ഒരു കലാകാരിക്ക് വര്‍ണ്ണവെറികളാടിത്തിമിര്‍ക്കാനുള്ള വേദിയൊരുക്കിക്കൊടുത്തത് സാംസ്‌കാരിക മേഖലയില്‍ നിലനില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് സ്വാധീനമാണ്. ഹിന്ദു സമാജത്തില്‍ എക്കാലവും ജാതീയമായ വിഭജനവും വിദ്വേഷവും ആളിക്കത്തിക്കാന്‍ ശ്രമിക്കുന്ന ഗൂഢശക്തികളുടെ ചട്ടുകമായി ഇവര്‍ മാറുകയായിരുന്നോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അടുക്കളയില്‍ വരെ ജാതി തിരയുന്ന സാഹചര്യമുണ്ടായത് ഒട്ടും യാദൃച്ഛികമല്ല. ആദ്യം കലോത്സവ വേദിയിലും ഇപ്പോള്‍ കലാ വേദിയിലും ജാതി ചിന്തയെ ചിലങ്കയണിയിച്ച് ആനയിക്കുന്നത് തീര്‍ത്തും ദുരുപദിഷ്ടമാണ്. സ്വത്വ ഭാരതത്തെ വീണ്ടെടുക്കേണ്ടത് കൊളോണിയല്‍ തിരുശേഷിപ്പുകളെ തിരസ്‌കരിച്ചുകൊണ്ടാണെങ്കില്‍ സാംസ്‌കാരിക കേരളത്തെ തിരിച്ചുപിടിക്കേണ്ടത് കമ്മ്യൂണിസ്റ്റ് സ്വാധീനത്തെ പുറന്തള്ളിക്കൊണ്ടാവണം. വര്‍ഗ്ഗരാഷ്ട്രീയം വിതയ്ക്കുന്ന വര്‍ണ്ണവെറിയുടെ വിത്തുകള്‍ കൈരളിയുടെ സാംസ്‌കാരിക ഭൂമികയെ ഊഷരമാക്കാതിരിക്കാനുള്ള ജാഗ്രത കേരളീയ സമൂഹം പുലര്‍ത്തണം.