കഠിനവ്രതത്തിന്റെ കെട്ടുമുറുക്കി കാനനവഴിയുടെ കാഠിന്യം കൂടി കടന്നാണ് കറുപ്പുടുത്ത ഓരോ അയ്യപ്പഭക്തനും ശബരിമലയില്‍ തീര്‍ത്ഥാടനത്തിനായി എത്തിച്ചേരുന്നത്. ഗുരുസ്വാമിയില്‍ നിന്ന് അനുഷ്ഠാനത്തിന്റെ പവിത്രമുദ്ര ഹൃദയപീഠത്തില്‍ ധരിച്ചുകഴിഞ്ഞാല്‍പ്പിന്നെ അയ്യപ്പഭക്തന്മാര്‍ കാടും മേടും കല്ലും മുള്ളുമെല്ലാം താണ്ടി പതിനെട്ടു മലകളുടെ സങ്കേതമായ പുണ്യപൂങ്കാവനത്തില്‍ ചെന്ന് പന്തള രാജകുമാരനെ ദര്‍ശിച്ച് സായൂജ്യമടയാനുള്ള മനസ്സൊരുക്കം തുടങ്ങും. മറവപ്പടയെ ഭേദിച്ച് മഹിഷിയെ വധിച്ച് അഭയമുദ്രയില്‍ അനുഗ്രഹം ചൊരിഞ്ഞുനില്‍ക്കുന്ന കാനനവാസനെ ദര്‍ശിക്കാനെത്തുന്ന ഭക്തന്മാര്‍ പ്രകൃതിയൊരുക്കുന്ന ഘോരവഴികള്‍ പോലും ആത്മബലം കൊണ്ട് പുഷ്പപാതകളാക്കുന്നു. എന്നാല്‍ ശബരിമലയുടെ പ്രശസ്തിയും പ്രസക്തിയും വര്‍ദ്ധിച്ചു തുടങ്ങിയ കാലംതൊട്ട് ശരണപാതകളില്‍ അശനിപാതങ്ങളും ശരശയ്യകളുമൊരുക്കാനുള്ള ചില ഗൂഢശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.
ദക്ഷിണ ഭാരതത്തിലെ, വിശേഷിച്ച് കേരളത്തിലെ ഹൈന്ദവ സമാജത്തെ ആദ്ധ്യാത്മികതയോട് ആഭിമുഖ്യമുള്ളവരും ധര്‍മ്മത്തിന്റെ അനുഷ്ഠാതാക്കളുമായി നിലനിര്‍ത്തുന്നതില്‍ ശബരിമല തീര്‍ത്ഥാടനത്തിന് വളരെ ഗണനീയമായ പങ്കാണുള്ളത്. ഇതു തിരിച്ചറിഞ്ഞുകൊണ്ട് തന്നെ ശബരിമലയുടെ പ്രൗഢിയും പ്രസക്തിയും കെടുത്തിക്കളയാനുള്ള നീക്കങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ചില കോണുകളില്‍ നിന്ന് തുടങ്ങിക്കഴിഞ്ഞിരുന്നു. കേരള രൂപീകരണത്തിനുശേഷം അധികാരത്തിലേറിയ സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നാകെ ശബരിമല വിശ്വാസത്തിന്റെ വ്യാപ്തിയില്ലാതാക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമം നടത്തിയിട്ടുണ്ട്. 1950ല്‍ നടന്ന ശബരിമല തീവെപ്പ് ആ കാനനക്ഷേത്രത്തിന്റെ കാന്തിയും കീര്‍ത്തിയും കെടുത്തിക്കളയാനുള്ള ഗൂഢലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ടതായിരുന്നു. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടാണ് കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയതു പോലും. എന്നാല്‍ അന്നുമുതല്‍ ഇന്നുവരെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഭരണകൂടവും അയ്യപ്പ വിശ്വാസത്തില്‍ വിള്ളല്‍വീഴ്ത്താനുള്ള ശ്രമങ്ങളാണ് നടത്തിയിട്ടുള്ളത്.
മതഭീകരവാദികളുടെയും മതപരിവര്‍ത്തന മാഫിയയുടെയും കപട മതേതര ഭരണകൂടങ്ങളുടെയുമെല്ലാം സംഘടിതമായ ആക്രമണങ്ങളും ഭീഷണികളും ശബരിമല ക്ഷേത്രത്തിനുനേരെ നാളിതുവരെ ഉണ്ടായിട്ടുണ്ട്. ശബരിമല ക്ഷേത്രത്തിലെ വരുമാനത്തില്‍ മാത്രം കണ്ണുംനട്ട് അയ്യപ്പഭക്തരെയും അവരുടെ വിശ്വാസങ്ങളെയും അവഗണിക്കാനും അവമതിക്കാനുമാണ് കേരളത്തില്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ ശ്രമിച്ചുപോന്നിട്ടുള്ളത്. നിലയ്ക്കല്‍ പ്രക്ഷോഭ കാലത്ത് പോലും കേരളത്തിലെ കോണ്‍ഗ്രസ്സുകാരോ കമ്മ്യൂണിസ്റ്റുകളോ ശബരിമല വിശ്വാസത്തിന് അനുകൂലമായ നിലപാടെടുത്തിട്ടില്ല. 2018ല്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായ യുവതീപ്രവേശനവിധിയെ തുടര്‍ന്ന് ശബരിമലയില്‍ ആചാരലംഘനത്തിന് ആളും അര്‍ത്ഥവുമൊരുക്കാനും വിശ്വാസസംരക്ഷകരായ അയ്യപ്പഭക്തന്മാരെ തല്ലിച്ചതയ്ക്കാനും നാമജപം പോലും നിരോധിക്കാന്‍ തന്നെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അവരുടെ ഭരണകൂടവും നടത്തിയ ഗൂഢനീക്കങ്ങള്‍ കേരളം കണ്ടതാണ്.
ശരണമന്ത്രം ജപിച്ച്, ശബരിമലയില്‍ ഒഴുകിയെത്തുന്ന അയ്യപ്പഭക്തന്മാര്‍ ശരണപാതകളില്‍ അശരണരായി മാറുന്ന കാഴ്ചയാണ് ഏറെക്കാലമായി കണ്ടുവരുന്നത്. ഓരോ തവണയും ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ ഗൂഢാലോചനകളും കൂടിയാലോചനകളും നടക്കുന്നു. ഏറ്റവും കൂടുതല്‍ ഭക്തന്മാര്‍ ശബരിമല സന്നിധാനത്തെത്തുന്ന മണ്ഡല- മകരവിളക്ക് കാലത്ത് മുല്ലപ്പെരിയാര്‍ ഡാമിന്റെ ബലക്ഷയത്തെക്കുറിച്ചുള്ള ആശങ്കകളും ചര്‍ച്ചകളും വര്‍ഷങ്ങളായി കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ബോധപൂര്‍വം ഉയര്‍ന്നുവരാറുണ്ട്. ശബരിമലയിലെ അപ്പവും അരവണയും ഉള്‍പ്പെടെയുള്ള പ്രസാദങ്ങളുടെ ഗുണമേന്മയെ സംബന്ധിച്ച വിവാദങ്ങളും തീര്‍ത്ഥാടന കാലത്ത് വളരെ ആസൂത്രിതമായി തന്നെ അരങ്ങേറുന്നു. അരവണപ്പായസത്തിലെ എലിവാലും ബീഡിക്കുറ്റിയും പഴകിപ്പോയ ചില പത്രവാര്‍ത്തകള്‍ മാത്രം. ശബരിമല വിശ്വാസത്തിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള പല ശ്രമങ്ങളും കേരളത്തില്‍ ഓരോ വര്‍ഷവും പ്രത്യക്ഷപ്പെടാറുണ്ട്. അവയില്‍ പലതും നിക്ഷിപ്ത താല്പര്യമുള്ള ചില ബുദ്ധികേന്ദ്രങ്ങളില്‍ നിന്ന് ബോധപൂര്‍വം പടച്ചുവിടുന്നത് തന്നെയാണ്. കേരളത്തില്‍ ഹലാല്‍ വിവാദം ചൂടുപിടിച്ചു നില്‍ക്കുമ്പോഴാണ് കഴിഞ്ഞ വര്‍ഷം ശബരിമലയില്‍ ഹലാല്‍ സ്റ്റിക്കര്‍ പതിച്ച ശര്‍ക്കര തന്നെ പ്രസാദം തയ്യാറാക്കാന്‍ വേണ്ടി എത്തിച്ചത്.
വിവാദങ്ങളും വാര്‍ത്തകളും മാറ്റിനിര്‍ത്തിയാല്‍ പോലും, സന്നിധാനത്ത് വിതരണം ചെയ്യുന്ന പ്രസാദത്തിന്റെ ഗുണമേന്മ ഉറപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ഉചിതമായ ഇടപെടല്‍ നടത്തേണ്ടത് അനിവാര്യമാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ശബരിമലയില്‍ അരവണയ്ക്കായി ഉപയോഗിച്ച ഏലക്കയില്‍ ഗുരുതരമായ കീടനാശിനിയുടെ അംശമുണ്ടെന്ന കണ്ടെത്തല്‍ പുറത്തുവരികയും ഇതിന്റെ അടിസ്ഥാനത്തില്‍ സന്നിധാനത്തെ അരവണ വിതരണം ഹൈക്കോടതി തടയുകയും ചെയ്തിരുന്നു. ഇതിലൂടെ ടണ്‍കണക്കിന് പ്രസാദം ഉപയോഗശൂന്യമായി മാറി. ‘ഭക്തജനങ്ങള്‍ സമര്‍പ്പിക്കുന്ന കോടിക്കണക്കിന് രൂപയാണ് ഇത്തരത്തില്‍ ഭരണകര്‍ത്താക്കളുടെ അനാസ്ഥമൂലം പാഴായിപ്പോവുന്നത്. കൂടാതെ നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നിലവാരം കുറഞ്ഞ സാമഗ്രികളാണ് ഉപയോഗിക്കുന്നത്. ഇതിനുപിന്നില്‍ ഉദ്യോഗസ്ഥ- കോണ്‍ട്രാക്ടര്‍- രാഷ്ട്രീയ കൂട്ടുകെട്ടാണ്. ഇതുവഴി കോടികളാണ് കരാറുകാരിലൂടെ രാഷ്ട്രീയക്കാരിലെത്തുന്നത്.
ഇത്തരം വീഴ്ചകള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. തീര്‍ത്ഥാടന കാലത്ത് സന്നിധാനത്തും മറ്റിടങ്ങളിലുമുള്ള കച്ചവടങ്ങള്‍ കൂട്ടത്തോടെ കൈയടക്കാനും, പ്രസാദനിര്‍മ്മാണത്തിന്റെ കരാറുകള്‍ കരസ്ഥമാക്കാനും അങ്ങനെ ശബരിമലയെ മൊത്തത്തില്‍ ‘ഹലാല്‍’വല്‍ക്കരിക്കാനുമുള്ള ചില ശ്രമങ്ങള്‍ ആസൂത്രിതമായി നടക്കുന്നുണ്ടെന്ന ആരോപണം അവഗണിച്ചുതള്ളേണ്ടതല്ല.
കഴിഞ്ഞ സീസണില്‍ അമ്പത് ലക്ഷം പേരാണ് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത്. കോവിഡ് ഭീഷണികളും നിയന്ത്രണങ്ങളും പൂര്‍ണമായും ഒഴിഞ്ഞ സ്ഥിതിക്ക് ഈ വര്‍ഷം തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടായേക്കാം. അടുത്ത കാലത്തായി കേരളത്തിന്റെ ആഭ്യന്തരസുരക്ഷ വലിയ അപകടത്തിലാണ് എന്ന വസ്തുത കൂടി ഇതൊടൊപ്പം നിലനില്‍ക്കുന്നുണ്ട്. കോഴിക്കോട്ടെ ട്രെയിന്‍ കത്തിക്കലും കളമശ്ശേരി സ്‌ഫോടനവും ഒക്കെ നടന്ന സാഹചര്യത്തില്‍ ശബരിമലയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കുറേക്കൂടി കര്‍ശനമാക്കാന്‍ ആവശ്യമായ അടിയന്തര നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം. തിരക്ക് നിയന്ത്രിക്കാന്‍ പുതിയ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. അടിയന്തര സാഹചര്യത്തില്‍ സന്നിധാനത്ത് നിന്ന് പെട്ടെന്ന് തന്നെ ആളുകളെ ഒഴിപ്പിക്കാനുള്ള സംവിധാനങ്ങള്‍ മുന്‍കൂട്ടി ഒരുക്കാന്‍ തയ്യാറാവണം. ഏതാനും ദിവസം മുന്‍പ് ശരംകുത്തിയിലെ ബിഎസ്എന്‍എല്‍ ടവറിലേക്കുള്ള കേബിള്‍ മുറിച്ച് കടത്തുകയും ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്ത സംഭവത്തിന്റെ ദുരൂഹത ഇപ്പോഴും നീങ്ങിയിട്ടില്ല. മാത്രമല്ല, നിരോധിത വനമേഖലയിലൂടെ സഞ്ചരിച്ച് ചിലര്‍ സന്നിധാനത്തിന് സമീപമുള്ള കെഎസ്ഇബി ടവറിന്റെ അടുത്തെത്തിയത് ആഴ്ചകള്‍ക്ക് മുമ്പാണ്. ഇക്കാര്യങ്ങളെല്ലാം ഗൗരവബുദ്ധിയോടെ അന്വേഷിക്കേണ്ടതുണ്ട്. ശരണപഥത്തില്‍ ശരവര്‍ഷങ്ങളും ശരശയ്യകളും ഒരുക്കിക്കൊണ്ട് അയ്യപ്പഭക്തന്മാര്‍ക്ക് മുന്നില്‍ ബോധപൂര്‍വം പ്രതിസന്ധികളും പ്രശ്‌നങ്ങളും സൃഷ്ടിച്ച് മാറിയ കാലത്തിന്റെ മറവപ്പടയായി മാറാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ഇനിയെങ്കിലും ഉപേക്ഷിക്കണം. ശബരിമലയെ ഒരു കറവപ്പശുവായി കാണുന്നതിനു പകരം ഭക്തന്മാര്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കി തീര്‍ത്ഥാടനം സുഗമമാക്കാനുള്ള ബാധ്യത തീര്‍ച്ചയായും ഭരണകര്‍ത്താക്കള്‍ക്കുണ്ട്.