- ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍
- ഒരു ചൂണ്ടുപലക ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 2)
- ചെറുത്തുനില്‍പ്പിന്റെ ആരംഭം ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 3)
- ഈക്വല്‍ ഓപ്പര്‍ച്ചുനിറ്റിയുടെ നാനാര്‍ത്ഥങ്ങള്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 11)
- ഒഴിഞ്ഞ ഇടങ്ങള്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 4)
- വിദ്യാര്‍ത്ഥി ജീവിതം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 5)
- ഹോളിസ്റ്റിക് ചികിത്സ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 6)
Equal opportunity, ഈ പദത്തെ വിക്കിപ്പീഡിയ നിര്‍വചിക്കുന്നത് ഇനി പറയും വിധമാണ്.’Equal opportunity is a state of fairness in which individuals are treated similarly, unhampered by artificial barriers, prejudices, or preferences, except when particular distinctions can be explicitly justified’ (Definition accessed on 06-11-2022).
വളരെ ആകര്‍ഷകമായ നിര്‍വചനം തന്നെ. ഒരു ഇന്റര്‍വ്യൂവിനെ സംബന്ധിച്ചാണെങ്കില്‍ ഈ നയം ഉദ്യോഗാര്‍ഥിയില്‍ വളരെ ആത്മവിശ്വാസം ഉണര്‍ത്തും. ‘ഞാന്‍ ഒരു നല്ല സാധ്യതയാണ്, എന്നിലേക്കു നോക്കൂ’ എന്നു കേഴാതെ തന്നെ കമ്പനികള്‍ ശ്രദ്ധ പതിപ്പിക്കുന്നുവെങ്കില്‍ ഒരു വികലാംഗനായ ഉദ്യോഗാര്‍ത്ഥിക്ക് അതില്‍പരം സന്തോഷം എന്തുണ്ട്?
ബാംഗ്ലൂര്‍ നഗരത്തില്‍ ഞാനും കുറേ ഈക്വല്‍ ഓപ്പര്‍ച്ചുനിറ്റി തൊഴില്‍ദാതാക്കളെ കണ്ടു. തൊഴില്‍ സംബന്ധമായ എല്ലാ പത്ര, വെബ്‌സൈറ്റ് പരസ്യങ്ങളിലും അവര്‍ ആ ‘തിലകം’ ചാര്‍ത്തും. മറ്റു ചിലര്‍ അത്ര ആത്മവിശ്വാസം കാണിക്കില്ല. എങ്കിലും ആന്തരികമായി ‘തങ്ങളും ഈക്വല്‍ ഓപ്പര്‍ച്ചുനിറ്റി തൊഴില്‍ദാതാക്കള്‍ ആണ്’ എന്നാണ് വയ്പ്. ശാരീരിക വൈകല്യമുള്ള ഉദ്യോഗാര്‍ത്ഥികളോടു കമ്പനിയുടെ സമീപനം എങ്ങനെയാണെന്ന് ഏതെങ്കിലും ജീവനക്കാരനോട് അന്വേഷിച്ചു നോക്കൂ. വിക്കിപ്പീഡിയ നിര്‍വചനം പോലൊരു സുന്ദരപ്രസ്താവന നമുക്കു കേള്‍ക്കാം. അതു സത്യമാണെന്നു പൊതുവെ എല്ലാവരും വിശ്വസിക്കുന്നു. പക്ഷേ മറിച്ചുള്ള അനുഭവങ്ങള്‍ ധാരാളം നേരിട്ടിട്ടുള്ളതിനാല്‍ എനിക്കു വിയോജിക്കാതെ വയ്യ.
ഈക്വല്‍ ഓപ്പര്‍ച്ചുനിറ്റി തൊഴില്‍ദാതാക്കള്‍ എന്നു പരസ്യമായി പറയുന്ന കമ്പനികള്‍ സത്യത്തില്‍ അങ്ങനെയൊന്നുമല്ല. അവര്‍ നടപ്പിലാക്കുന്ന ‘ഈക്വല്‍ ഓപ്പര്‍ച്ചുനിറ്റി’യില്‍ വിവേചനം അന്തര്‍ലീനമാണ്. ഒരു ‘ഓര്‍ത്തോപീഡിക്കല്‍ Vs റെസ്റ്റ് ഓഫ് ടീം’ മാച്ച്. അതില്‍, കമ്പനി എന്ന റഫറിയാല്‍, റെസ്റ്റ് ഓഫ് ടീം മിക്കപ്പോഴും തോല്‍പ്പിക്കപ്പെടുന്നു. ഫലം, ഈക്വല്‍ ഓപ്പര്‍ച്ചുനിറ്റി എന്നത് ഓര്‍ത്തോപീഡിക്കലി ഹാന്‍ഡിക്കേപ്പ്ഡ് ആയവര്‍ക്കും, ഹിയറിംഗ് എയ്ഡ് ഉപയോഗിച്ചാല്‍ കേള്‍ക്കാവുന്ന ‘ശ്രവണന്യൂനത’ ഉള്ളവര്‍ക്കും മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. ബാക്കിയുള്ളവര്‍ എന്നും സഡണ്‍ ഡെത്തിനു വിധേയമാകുന്നു.
ഇതാ അത്തരം ഒരു സഡണ്‍ ഡെത്ത്!
****************
വിശാലമായ പാടശേഖരത്തിന്റെ ഓരത്തുള്ള പാതയിലൂടെ യാത്ര ചെയ്യുന്നത് രണ്ടാമത്തെ തവണയാണ്. ആദ്യസന്ദര്‍ശനത്തില്‍ ഇതു പൊടിനിറഞ്ഞ ചെമ്മണ്‍പാതയായിരുന്നു. പിന്നീടു ടാറിങ്ങിനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നു സൂചിപ്പിച്ച്, റോഡില്‍ കരിങ്കല്ലുകള്‍ ചിതറിക്കിടക്കുന്നുണ്ട്. ഞാന്‍ സൂക്ഷ്മതയോടെ ബൈക്ക് ഓടിച്ചു.
കട്ടിഗെനഹള്ളിയില്‍ ആദ്യസന്ദര്‍ശനം നടത്തിയ കാലത്തു ഞാന്‍ ബാംഗ്ലൂര്‍ നഗരത്തില്‍ പുതുമുഖമായിരുന്നു. പലയിടത്തേക്കും യാത്രപോകുമ്പോള്‍ മുഖത്തു പരിഭ്രമം പരക്കും. അപരിചിതദേശത്തു പാലിക്കേണ്ട ചിട്ടവട്ടങ്ങളറിയാതെ, റൂമിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നതിന്റെ ഹാങ്ങോവര്‍. അല്ലെങ്കില്‍ മറ്റേതെങ്കിലും കാരണം.
ബാംഗ്ലൂരില്‍ എത്തിയശേഷം ആദ്യം പരിചയപ്പെട്ടത് അടുത്ത റൂമിലുള്ളവരെയാണ്. വര്‍ഷങ്ങളായി താമസിക്കുന്ന കൊട്ടാരക്കര സ്വദേശികള്‍. കന്നഡഭാഷയും ദേശവും അവര്‍ക്കു നല്ലപോലെ പരിചിതം. കാരംസ് കളിച്ച് സമയം പോക്കുന്ന വിരസമായ ഒരു ദിവസം രാജേഷ് അപ്പോള്‍ തോന്നിയ ആശയം പറഞ്ഞു.
‘കട്ടിഗെനഹള്ളിയില്‍ പോയി നാടന്‍കോഴിയും കപ്പയും വാങ്ങുക’
പുഴുങ്ങിയ കപ്പയും കോഴിക്കറിയും. നല്ല വിഭവമാണ്. ബുദ്ധിമുട്ട് ഒന്നേയുള്ളൂ. സ്ഥലം ദൂരെയാണ്. ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശമായ ഹൊസക്കോട്ടെയില്‍ നിന്നും കുറച്ചു ദൂരമുണ്ട്. ബൈക്കുള്ളതിനാല്‍ ദൂരം പ്രശ്‌നമല്ലായിരുന്നു. അപ്പോള്‍ത്തന്നെ പോയി വാങ്ങിക്കൊണ്ടു വന്നു. നാടന്‍ കോഴിയിറച്ചിയുടെ രുചിയേക്കാള്‍ മനസ്സില്‍ തങ്ങിനിന്നത് കട്ടിഗെനഹള്ളിയുടെ മനോഹാരിതയാണ്. നഗരത്തിന്റെ കരാളഹസ്തം എത്തിയിട്ടില്ലാത്ത സുന്ദരിയായ ഉള്‍പ്രദേശം. വിശാലമായ വയലുകള്‍, തഴച്ചുവളര്‍ന്ന തക്കാളിച്ചെടികള്‍, തണ്ണിമത്തനുകള്‍, മറ്റു പച്ചക്കറികള്‍. അവയുടെ പച്ചപ്പും ഉന്മേഷഭാവവും. അത് സന്തോഷം നല്‍കിയ യാത്രയായിരുന്നു. വീണ്ടുമെത്തുമെന്നു തീര്‍ച്ചപ്പെടുത്താന്‍ അധികം ആലോചിച്ചില്ല. സമയവും കാലവും ഒത്തുവന്നത് ഇപ്പോള്‍ മാത്രം. നഗരം തരിശാക്കിയ മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം.
ടിന്‍ഫാക്ടറി ജംങ്ഷനിലെ ഇന്റര്‍നെറ്റ് കഫെയില്‍നിന്ന് ഇറങ്ങുമ്പോള്‍ വേനല്‍മഴ പെയ്‌തേക്കുമെന്നു സൂചിപ്പിച്ചു കാര്‍മേഘങ്ങള്‍ ആകാശത്ത് അണിനിരക്കുന്നത് കണ്ടു. കുറച്ചു ദിവസമായി അതു പതിവാണ്. ചുട്ടുപഴുത്തു കിടക്കുന്ന മണ്ണിലേക്കു പെയ്യുക അപൂര്‍വ്വവും. എങ്ങോട്ടു പോകണമെന്ന കാര്യത്തില്‍ എനിക്കു തീരുമാനമെടുക്കാനായില്ല. മുറിയിലേക്കില്ലെന്നു മാത്രം ഉറപ്പിച്ചു. ഇന്റര്‍നെറ്റ് കഫേയുടെ വീതിയില്ലാത്ത ഗോവണിക്കു താഴെ, പൂക്കടക്കു മുന്നില്‍ കുറേ തണ്ണിമത്തനുകള്‍ കൂട്ടിയിട്ടിരിക്കുന്നത് ഞാന്‍ കണ്ടു. പച്ചയും വെള്ളയും ഇടകലര്‍ന്ന തണ്ണിമത്തന്റെ കാഴ്ച ഓര്‍മകളെ തട്ടിയുണര്‍ത്തി. ചെമ്മണ്‍പാതയും, ചുറ്റുമുള്ള പച്ചപ്പും മനസ്സില്‍ തെളിഞ്ഞു. പിന്നെ അമാന്തിച്ചില്ല. കേബിള്‍ ബ്രിഡ്ജിലേക്കു ബൈക്ക് പ്രവേശിക്കുമ്പോള്‍ ബസ് കാത്തുനില്‍ക്കുന്ന ഗ്രാമീണരെ കണ്ടു. കട്ടിഗെനഹള്ളിയെ പച്ചപ്പുതപ്പ് അണിയിക്കുന്നവര്‍.
കെആര്‍ പുരം കഴിഞ്ഞാല്‍ സിഗ്‌നല്‍ ക്രോസുകള്‍ ഇല്ല. റോഡ് സാവധാനം വിജനമായി മാറും. കോളാറിലേക്കുള്ള നാലുവരിപ്പാതയുടെ നിര്‍മ്മാണം നടക്കുന്നതിനാല്‍ ഗതാഗതം പലവഴിയിലൂടെ വഴിതിരിച്ചു വിട്ടിട്ടുണ്ട്. റോഡ് പതിവിലേറെ വിജനം. ഹൊസക്കോട്ട കഴിഞ്ഞതോടെ ബൈക്ക് മെയിന്റോഡില്‍ നിന്നിറങ്ങി. ഞാന്‍ കൂടുതല്‍ വേഗമെടുത്തു. മനസ്സിന്റെ പാച്ചിലിന് അതിലും വേഗമായിരുന്നു. ഭൂതകാലത്തേക്കു നടത്തുന്ന കൂപ്പുകുത്തല്‍ അല്ലെങ്കിലും അങ്ങനെയാണ്. ജലോപരിതലത്തില്‍വന്നു മുഖംകാണിച്ചു ആഴങ്ങളിലേക്കു കുതിക്കുന്ന മത്സ്യങ്ങള്‍ക്കു സമാനം.
“”U attend it. Don’t run away this time.”
ജിത്തുവാണ് നിര്‍ബന്ധിപ്പിച്ച് അയച്ചത്. നേരില്‍ നല്ല പരിചയമില്ലാതിരുന്നിട്ടും അദ്ദേഹം താല്പര്യമെടുത്തു. ആദ്യത്തെ ഇന്റര്‍വ്യൂ സമയക്കുറവ് മൂലം പങ്കെടുക്കാതെ ഒഴിവാക്കിയപ്പോള്‍ ശകാരത്തോടെ, സ്‌നേഹപൂര്‍ണമായ നിര്‍ബന്ധം. ഒഫീഷ്യലായി റഫര്‍ ചെയ്യുകയും ചെയ്തു. അദ്ദേഹം അയച്ച ഇമെയിലില്‍ ഒരു സ്‌മൈലിയുണ്ടായിരുന്നു. അതെന്റെ മുഖത്തും വിരിഞ്ഞു. ഇന്റര്‍വ്യൂവിനു ശേഷവും പുഞ്ചിരി മുഖത്തു തുടര്‍ന്നു. സുഹൃത്തിന്റെ ആത്മവിശ്വാസം അഭിമുഖം നടത്തിയ ടെക്‌നിക്കല്‍ എക്‌സിക്യുട്ടീവും പകര്‍ന്നു തന്നിരുന്നു. പൂരിപ്പിച്ച എംബ്ലോയ്‌മെന്റ് ആപ്ലിക്കേഷന്‍ ഫോം കൊടുക്കുമ്പോള്‍ അദ്ദേഹം എന്നെ അറിയിച്ചു.
“”We will contact you soon.”
ഞാന്‍ ഒരു പെട്ടിക്കടക്കു മുന്നില്‍ ബൈക്ക് നിര്‍ത്തി. സത്യത്തില്‍ അതിനെ കടയെന്നു വിശേഷിപ്പിക്കാന്‍ പറ്റില്ല. ഒരു ഉന്തുവണ്ടിയില്‍ സജ്ജീകരിച്ചിരിക്കുന്ന, മുക്കാലും ഒഴിഞ്ഞ, കുറച്ചു പലഹാരക്കുപ്പികള്‍. മുകള്‍വശത്തെ കമ്പിയില്‍ തൂങ്ങുന്ന പല ബ്രാന്‍ഡിലുള്ള പാന്‍മസാലകള്‍. അവയാണ് പ്രധാന കച്ചവടം. പാനീയങ്ങള്‍ കിട്ടുമെന്നു തോന്നിയില്ല. അറിയാവുന്ന ഹിന്ദിയില്‍ അന്വേഷിച്ചു.
”ജി പാനി കഹാം മിലേഗാ?”
ഇതുവഴി യാത്രക്കാര്‍ കുറച്ചേ വരാറുള്ളൂ. എന്നിട്ടും ഒരു കസ്റ്റമറെ നഷ്ടപ്പെട്ട വിഷമം കടക്കാരന്‍ പുറത്തു കാണിച്ചില്ല. അകലെയുള്ള വളവിനുനേരെ അദ്ദേഹം കൈചൂണ്ടി. നീണ്ട പാതയാണ്. അവിടെ കടകളുടെ ലാഞ്ചന പോലുമില്ല.
”ഉധര്‍!” ഞാന്‍ അല്‍ഭുതപ്പെട്ടു.
”ഉധര്‍ ഏക് ദൂകാന്‍ ഹൈ. തും ചലോ”
ഒന്നു സംശയിച്ചശേഷം പുറപ്പെട്ടു. അല്ലെങ്കിലും ആ വഴിയിലൂടെയും പോകാനുള്ളതല്ലേ. പിന്നെന്തിനു സന്ദേഹിക്കുന്നു. ഞാന്‍ തിരികെ വണ്ടിയില്‍ കയറി.
കടക്കാരന്‍ ചൂണ്ടിക്കാണിച്ച വളവില്‍ നാലു ചെറിയ കടകളുണ്ടായിരുന്നു. മൂന്നും പൂട്ടിയ നിലയില്‍. നാലാമത്തേത് ഇങ്ങോട്ടേക്കു വഴിപറഞ്ഞു തന്ന വൃദ്ധന്റേതുപോലെ പെട്ടിവണ്ടിയില്‍ സജ്ജീകരിച്ച പാന്‍ഷോപ്പാണ്. അവിടെയൊരു തടിച്ച പയ്യനിരുന്ന് ഉറക്കം തൂങ്ങുന്നു. നാലുകടകളില്‍ നിന്നും കുറച്ചുമാറിയാണ് ഇളനീര്‍ കച്ചവടം. നാലഞ്ച് മെടഞ്ഞ തെങ്ങോലകള്‍ക്കു മുളങ്കാല്‍കൊണ്ടു താങ്ങു കൊടുത്തിരിക്കുന്നു. അതിന്റെ തണലില്‍ അഞ്ചാറു കരിക്കിന്‍കുലകള്‍. കുറച്ചുനീങ്ങി പനയോല മേഞ്ഞ ഒറ്റമുറിയുടെ വലുപ്പം മാത്രമുള്ള ചെറിയ കുടില്‍. കരിക്കിന്‍ കുലകളുടെ സ്റ്റോര്‍ റൂം. കുടിലിന്റെ വരാന്തയിലേക്കു ചിതല്‍പറ്റങ്ങള്‍ പടര്‍ന്നു കയറിയിരുന്നു. അവിടെ ആരും സ്ഥിരം താമസമില്ലെന്നു വ്യക്തം. കുടിലിനു മുന്നില്‍ വരാന്തയോടു ചേര്‍ന്നു കഷ്ടിച്ചു രണ്ടുപേര്‍ക്കിരിക്കാവുന്ന പൊക്കം കുറഞ്ഞ കരിങ്കല്‍ ബെഞ്ച്. ചെത്തിമിനുക്കാത്ത അതിന്റെ പ്രതലത്തില്‍ കോഴിക്കാഷ്ഠത്തിന്റെ അവശിഷ്ടങ്ങള്‍ വെള്ള, ചാരനിറത്തില്‍ ഉണക്കിപ്പിടിച്ചിട്ടുണ്ട്.
ഞാന്‍ ചുറ്റും കണ്ണോടിച്ച് കുടിലിന്റെ പിന്‍ഭാഗത്തു ചെന്നു. അവിടെ ആരുമില്ല. അന്വേഷിക്കാന്‍ മിനക്കെടാതെ ഞാന്‍ കരിങ്കല്‍ ബെഞ്ചില്‍ വന്നിരുന്നു. റോഡിനപ്പുറം, എതിര്‍വശത്തു മൈതാനമാണ്. ചില ഭാഗങ്ങളില്‍ വെയിലേറ്റു വാടിയ പുല്‍പ്പരപ്പുകള്‍. വിജനമായ മൈതാനത്തു ചെറിയ ചുഴലിക്കാറ്റുകള്‍ രൂപം കൊള്ളുന്നുണ്ട്. അവ വേഗം ഉയരുകയും അതിനേക്കാള്‍ വേഗം നിലംപറ്റുകയും ചെയ്തു. ഏതെങ്കിലുമൊരു ചുഴലിക്കാറ്റ് വലിപ്പമാര്‍ജ്ജിച്ച് എന്നെയും കൊണ്ടുപോകുമോ? എന്തും സംഭവിക്കാം. കരുതിയിരുന്നോളൂ. അനുഭവങ്ങള്‍ അതാണ് പഠിപ്പിക്കുന്നത്.
“Sorry Sunil. They already selected a guy. So you have less chance now.”
ഒരുമണിക്കൂര്‍ മുമ്പ് ഇന്റര്‍നെറ്റ് കഫെയിലിരുന്നു ജിത്തുവിന്റെ ഇമെയില്‍ വായിച്ചപ്പോള്‍, മനസ്സില്‍ അത്രനാള്‍ കൂടെ കൊണ്ടുനടന്നിരുന്ന ഒരു ഉറച്ച വിശ്വാസം തകര്‍ന്നു വീണതിന്റെ അവിശ്വസനീയതയുണ്ടായിരുന്നു. EGL ബിസിനസ് പാര്‍ക്കിലെ കമ്പനിയില്‍ ഇന്റര്‍വ്യൂ നേരിടുമ്പോള്‍ പുറത്തു കനത്ത മഴയായിരുന്നു. കട്ടിച്ചില്ലിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളച്ചാലുകള്‍ പുറത്തുള്ള ദൃശ്യങ്ങളെ വികലമാക്കി. അതിനിടയിലാണ് ഇന്റര്‍വ്യൂ ചെയ്ത സാര്‍ ചോദ്യശരങ്ങളെറിഞ്ഞത്. ഞാന്‍ ഒട്ടും പതറിയില്ല. മനസ്സില്‍ ആത്മവിശ്വാസം വേണ്ടുവോളമായിരുന്നു.
മഴ എന്നുമൊരു ശുഭസൂചനയായിരുന്നു. ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള പല നല്ല സംഭവങ്ങളിലും എനിക്കു കൂട്ടായി മഴയുണ്ടായിരുന്നു. അന്നേവരെ ചതിച്ചിട്ടില്ലാത്ത ഉറ്റചങ്ങാതി. അവനെ വലിയ വിശ്വാസമായിരുന്നു. അതൊക്കെയാണ് കുറച്ചുമുമ്പ് തകര്‍ന്നു വീണത്. ഞാന്‍ ആശ്വസിച്ചു. തകരട്ടെ. ഇന്നുവരെ ശരിയെന്നു കരുതിയ വിശ്വാസപ്രമാണങ്ങള്‍ എല്ലാം തകര്‍ന്നു വീഴട്ടെ. അവയുടെ അടിത്തറയില്‍ പുതിയ മിഥ്യാധാരണങ്ങള്‍ ഉയരട്ടെ. വിശ്വസിക്കാന്‍ വേണ്ടി മാത്രം പുതിയ വിശ്വാസങ്ങള്‍ രൂപംകൊള്ളട്ടെ.
മൈതാനത്തു കണ്ണുനട്ടിരുന്ന എനിക്കുമുന്നില്‍ ഒരു അക്ക പ്രത്യക്ഷപ്പെട്ടു. അവര്‍ ചോദിച്ചു.
”എന്ത് വേണം?”
അരയുടെ ഒടിവില്‍ തുളുമ്പുന്ന മണ്‍കുടം. ഇടുപ്പിനു താഴോട്ടു വെള്ളം നനഞ്ഞ മുഷിഞ്ഞസാരി ദേഹത്തോട് ഒട്ടിക്കിടക്കുന്നു. കടുത്ത ചൂടില്‍ വിയര്‍ത്ത അക്കയുടെ മുഖത്തിനു വല്ലാത്ത മുറുക്കമുണ്ട്. ഞാന്‍ കരിക്കിന്‍കുലയ്ക്കു നേരെ വിരല്‍ചൂണ്ടി. മണ്‍കുടമേന്തി അക്ക കുടിലിനകത്തു പോയി. ഉച്ചവെയിലിന്റെ ചൂട് ശരീരത്തിലേക്കു അരിച്ചു കയറി.
”നീയെന്താ ഒന്നും മിണ്ടാത്തത്?”
നാട്ടില്‍വച്ചു ആത്മസുഹൃത്താണ് ചോദിച്ചത്. ഞങ്ങള്‍ പുഴക്കരയില്‍ ഇരിക്കുകയായിരുന്നു. ഏറെനേരം നീണ്ടുനില്‍ക്കാറുള്ള എന്റെ മൗനങ്ങള്‍ അവനു പരിചിതമാണ്. എങ്കിലും ഇത്തവണ മനസ്സിലെന്തോ ഒളിപ്പിക്കുന്നതിന്റെ മുന്നോടിയാണ് മൗനമെന്നു മനസ്സിലാക്കിയിരിക്കണം.
”എല്ലാം കരയ്ക്കണയാന്‍ പോകുന്നു സഖേ” ഞാന്‍ പറഞ്ഞു.
ജോലിയെപ്പറ്റിയാണെന്ന് അവനു തീര്‍ച്ച. ”ഉറപ്പായോ.”
”ഇല്ല. പക്ഷേ ഉറപ്പാകുമെന്നാണ് പറഞ്ഞത്.”
”ആര്?”
”റഫര്‍ ചെയ്ത സുഹൃത്ത്.”
കാലില്‍ ഒരു തണുത്ത സ്പര്‍ശം. ഒപ്പം കരിങ്കല്ലില്‍ വെള്ളം വീഴുന്ന ശബ്ദവും കേട്ടു. കുടിലിനുള്ളില്‍ നിന്നാണ്. കുടിലിന്റെ മൂലയിലൂടെ വെള്ളം ഒലിച്ചുവന്ന് എന്റെ കാലില്‍ തൊട്ടു. കാലിരിക്കുന്ന ഭാഗത്തെ ചെറിയ കുഴിയില്‍ വെള്ളം തളംകെട്ടി. ഞാന്‍ കാലുകള്‍ അതില്‍ ഇറക്കിവച്ച്, വെറുതെ അങ്ങോട്ടുമിങ്ങോട്ടും ഇളക്കി. ഏതാനും തവണ ആവര്‍ത്തിച്ചപ്പോള്‍ വെള്ളത്തിനു മീതെ പത ഉയര്‍ന്നു. കാരസോപ്പിന്റെ നേരിയ പത.
ഓലഷെഡിന്റെ വാതില്‍ ഉണ്ടാക്കിയിരിക്കുന്നത് പനയോല മുളയോടു ചേര്‍ത്തുകെട്ടിയാണ്. മേല്‍ക്കൂരയും പനയോല തന്നെ. തെങ്ങോലകളേക്കാളും കൂടുതല്‍ കാലം നിലനില്‍ക്കും. പോരാതെ മഴയെ പ്രതിരോധിക്കാനുള്ള സവിശേഷ സാമര്‍ത്ഥ്യവും. വാതിലൊഴിച്ചുള്ള ചുമര്‍ഭാഗം മെടഞ്ഞ തെങ്ങോലകൊണ്ട് അധികം കട്ടിയില്ലാതെ കെട്ടിയതാണ്. പുറത്തുനിന്നു നോക്കിയാല്‍ ഉള്‍ഭാഗം കുറച്ചൊക്കെ കാണാം. മറിച്ചും അങ്ങനെ തന്നെ.
വാതില്‍ നിരക്കി നീക്കി അക്ക മുന്നിലെത്തി. മുഖത്ത് അതുവരെയുണ്ടായിരുന്ന കാഠിന്യം അപ്രത്യക്ഷമായിരുന്നു. മുഖവും കൈകളും വെള്ളമൊഴിച്ചു കഴുകിയിട്ടുണ്ട്. മുഖത്തിന് അഴക് കൊടുത്ത് ചെന്നിയില്‍ ഏതാനും മുടിയിഴകള്‍ ഒട്ടിയിരിക്കുന്നു.
കരിക്കുകുലയില്‍ ചാരിവച്ചിരുന്ന മടവാള്‍ കയ്യിലേന്തി അക്ക ചോദ്യഭാവത്തില്‍ നോക്കി. ‘ഏതു കരിക്ക് വേണം?’ ഞാന്‍ അത്ര വലുതല്ലാത്ത ഒന്നിനുനേരെ വിരല്‍ചൂണ്ടി. അതു തൊട്ടുമുന്നിലായിരുന്നു. അതിലെ വെള്ളത്തിനു മധുരമുണ്ടാകില്ല. എന്നിട്ടും എന്റെ കൈ അതിനുനേരെ നീണ്ടു. അക്ക എനിക്കു മുന്നില്‍ കുനിഞ്ഞു.
മൂന്നു വെട്ടുകൊണ്ടു അക്ക കരിക്കിന്റെ മൂടുചെത്തി. ഇളനീര്‍ എനിക്കു മുന്നില്‍ നിറഞ്ഞു തുളുമ്പി.
അക്ക പറഞ്ഞു ”സ്‌ട്രോ ഇല്ല.”
അതു കാര്യമാക്കിയില്ല. വേനലില്‍ ബാംഗ്ലൂര്‍ നഗരത്തിന്റെ മുക്കിലും മൂലയിലും ഇളനീര്‍ കച്ചവടമുണ്ടാകും. സൈക്കിളിന്റെ തണ്ടില്‍ ഒരുപിടി കരിക്കിന്‍കുലകളുമായി നഗരപ്രാന്ത പ്രദേശങ്ങളില്‍നിന്നു വരുന്ന പാവപ്പെട്ട ഗ്രാമീണരാണ് ഏറെയും. കസ്റ്റമര്‍ സപ്പോര്‍ട്ട് ജോലിക്കായി നഗരത്തിലൂടെയുള്ള അലച്ചിലിനിടയില്‍ പലതവണ ഇളനീര്‍ കുടിച്ചിട്ടുണ്ട്. ഒരിക്കലും സ്‌ട്രോ ഉപയോഗിച്ചിട്ടില്ല. വായിലൂടെ ഒലിച്ചിറങ്ങുന്ന ഇളനീര്‍ ചാലുകള്‍ക്കു നാടിന്റെ ഓര്‍മയുണര്‍ത്താന്‍ പര്യാപ്തമായ തണുപ്പുണ്ടാകും.
ഞാന്‍ കരിക്ക് കൈനീട്ടി വാങ്ങി, കല്‍ബെഞ്ചില്‍ ഇരുന്നു. കുറച്ചകലെ അക്കയും കാലുകള്‍ നീട്ടിവച്ച്, മുളങ്കോലില്‍ ചാരിയിരുന്നു. അക്ക വാടിയ വെറ്റിലയെടുത്ത് ചുണ്ണാമ്പുതേച്ചു വായില്‍തള്ളി. ചൂണ്ടുവിരലിന്റെ അഗ്രത്തില്‍ പറ്റിപ്പിടിച്ച ചുണ്ണാമ്പുതരികള്‍ സാരിയില്‍ തുടച്ചു. കരിക്കു മൊത്തുന്നതിനിടയില്‍ ഞാന്‍ എല്ലാം ഒളികണ്ണിട്ടു നോക്കിക്കണ്ടു.
അപരിചിതരുടെ സാമീപ്യവും അവരുമായുള്ള സഹവാസവും ചില സാഹചര്യങ്ങളില്‍ എനിക്ക് ഏറെ ഇഷ്ടമാണ്. എനിക്ക് അവരോടു എല്ലാം തുറന്നു പറയാം. സങ്കടങ്ങളും, സന്തോഷവും, പരിഭവങ്ങളും,… അങ്ങനെ എല്ലാം. അതോടെ എന്റെ മാനസിക സംഘര്‍ഷം അവരുടേതു കൂടിയാവുകയാണ്. മറ്റൊരാള്‍ കൂടി വിഷമിക്കുന്നുവെന്നു ക്രൂരമായ അറിവില്‍ എന്നിലെ സംഘര്‍ഷം കുറയും. എങ്കിലും അപരിചിതര്‍ എന്നും അപരിചിതരായി തുടരില്ലല്ലോ. ഒരിക്കല്‍ അവരും പരിചയക്കാര്‍ ആകും. അപ്പോള്‍, അടുത്ത അപരിചിതര്‍ വരുന്നതുവരെ ഞാന്‍ ക്ഷമാപൂര്‍വ്വം കാത്തിരിക്കും. ഇനിയിപ്പോള്‍ ഇതാ അക്കയുടെ ഊഴമാണ്.
ഞാന്‍ ചോദിച്ചു. ”എന്താ പേര്, അക്കാ?”
”സത്യ.”
ഞാന്‍ പിന്നെ കുറച്ചുനേരം മിണ്ടിയില്ല. സംസാരം എങ്ങനെ ആരംഭിക്കണം എന്ന കാര്യത്തില്‍ എനിക്ക്അവ്യക്തത തോന്നി.
ഒരു മിനിറ്റു കഴിഞ്ഞു. അക്ക അലക്ഷ്യമായി ചോദിച്ചു. ”എവിടേക്കാ യാത്ര?”
ഞാന്‍ ആലോചിച്ചു. എവിടേക്കാണ് യാത്ര തുടങ്ങിയത്? ആശ്വാസം ലഭിക്കുന്ന ഒരിടത്തേക്ക് ആയിരുന്നില്ലേ യാത്ര? ഇപ്പോഴാണെങ്കില്‍ ഞാന്‍ ഒരു അപരിചിതയോടൊപ്പം ആണ്. അപരിചിത/ന്‍ എന്നാല്‍ ആശ്വാസം എന്നാണ് എനിക്ക് അര്‍ത്ഥം.
ഞാന്‍ പറഞ്ഞു: ”ലക്ഷ്യമില്ലാത്ത യാത്രയായിരുന്നു അക്ക. എന്നാല്‍ ഇപ്പോള്‍ മനസ്സിലാകുന്നു, ഇവിടമായിരുന്നു ലക്ഷ്യമെന്ന്.”
”ഹഹഹ, കൊള്ളാം” ചിരി നിര്‍ത്താതെ അക്ക കൂട്ടിച്ചേര്‍ത്തു. ”മിടുക്കന്‍.”
മിടുക്കന്‍! ആ വാചകത്തിന്റെ പ്രതിധ്വനി എനിക്കു ചുറ്റും നിറഞ്ഞു. ഇതു തന്നെയാണ് അന്നും കേട്ടത്. അഭിമുഖത്തിനു ശേഷം ഇന്റര്‍വ്യൂവര്‍ എന്നെ അഭിനന്ദിച്ചു. ‘You are a smart guy’.
എനിക്ക് എന്തെന്നില്ലാത്ത ഉറപ്പു തോന്നി. ഈ ജോലി കിട്ടിയത് തന്നെ. ബസ് കാത്തു നില്‍ക്കുമ്പോള്‍ ഞാന്‍ നാട്ടിലേക്കു വിളിച്ചു. ജ്യേഷ്ഠനോട് ആവേശത്തോടെ എല്ലാം പറഞ്ഞു. അപ്പുറത്തു കനത്ത നിശബ്ദത മാത്രം. അനുജന് ആശ കൊടുക്കുന്നവരെ ജ്യേഷ്ഠന്‍ എന്നും ഭയന്നിരുന്നു. കാലം പഠിപ്പിച്ചത് അതാണ്. കാലം പഠിപ്പിക്കുന്നതും അതാണ്.
ജ്യേഷ്ഠന്‍ മന്ത്രിച്ചു. ”ഇപ്പോള്‍ ഒന്നും ഉറപ്പിക്കണ്ട… സമയമാകട്ടെ.”
ഞാന്‍ കല്‍ബെഞ്ചില്‍ ഒന്ന് അനങ്ങിയിരുന്നു. ആകാശത്തേക്കു നോക്കി. വെയിലിനു ഭാവമാറ്റം വരികയാണ്. സൂര്യപ്രകാശത്തിന്റെ തീവ്രത കുറഞ്ഞിരിക്കുന്നു. മൈതാനത്തുനിന്നു വരുന്ന കാറ്റിനു വേനലിനു ചേരാത്ത ഊഷ്മളത.
ഒരു മിനിറ്റിനു ശേഷം കുടിലിന്റെ പനയോല മേഞ്ഞ മേല്‍ക്കൂരയില്‍ എന്തോ താളാത്മകമായി വന്നുവീണു. ആരെങ്കിലും വളപ്പൊട്ടുകള്‍ വാരിവിതറിയോ? ഞാന്‍ കാതോര്‍ത്തു ശ്രദ്ധിച്ചു. ഒട്ടുനേരത്തെ നിശബ്ദത. അതിനുശേഷം വീണ്ടും അതേ താളങ്ങളുടെ കുറച്ചുകൂടി ദീര്‍ഘമായ ആവര്‍ത്തനം. താളം മുറുകുന്ന പഞ്ചാരി പോലെ നാലഞ്ചു തവണ ഇത് ആവര്‍ത്തിച്ചു. ഒടുവില്‍ പനയോലയില്‍ മഴത്തുള്ളികള്‍ തുടരെ വന്നു പതിച്ചു. ഇടവേളയില്ലാതെ താളം മുറുകി. നീണ്ട യാത്രയ്ക്കു ശേഷം കൂടണഞ്ഞ ആഹ്ലാദത്തില്‍ മഴത്തുള്ളികള്‍ നാലുപാടും ചിതറിത്തെറിച്ചു. അവയുടെ അനാദിയായ തണുപ്പില്‍ പ്രകൃതി ആശ്വാസം കൊണ്ടു. അക്ക എഴുന്നേറ്റു മഴയിലേക്കു ഇറങ്ങി.
“Sorry Sunil. They already selected a guy. So you have less chance now. And, unfortunately I failed to track the reason for rejection.”
ഒട്ടും പ്രതീക്ഷിക്കാത്ത അശുഭവാര്‍ത്തയാണ് കുറച്ചുമുമ്പ് ജിത്തുവിന്റെ ഇമെയിലില്‍ വായിച്ചത്. അര മിനിറ്റോളം തല മരവിച്ച് ഇരുന്നു പോയി. അത്ര നെഗറ്റീവ് ന്യൂസ്. എന്നിട്ടും ഇമെയിലില്‍ അവസാനം കണ്ട കൂട്ടിച്ചേര്‍ക്കല്‍ എന്നെ ചിരിപ്പിച്ചു. ഈക്വല്‍ ഓപ്പര്‍ച്ചുനിറ്റി തൊഴില്‍ദാതാക്കളും പതിവുകള്‍ തെറ്റിച്ചില്ലല്ലോ. അതോര്‍ത്തപ്പോള്‍ പിടിച്ചു നില്‍ക്കാനായില്ല. വെറുതെ ചിരിച്ചു. അതിനുപിന്നിലെ മനഃശാസ്ത്രം എത്ര ആലോചിച്ചിട്ടും മനസ്സിലായതുമില്ല. ‘ജീവിതം’ എന്ന മൂന്നക്ഷരങ്ങളുള്ള വാക്കിനു മനുഷ്യനെ പലതും പഠിപ്പിക്കാന്‍ സാധിക്കും. അതും വളരെ പെട്ടെന്ന്. ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്നവനെ ഒരു മിനിറ്റിനുള്ളില്‍ തകര്‍ത്തു കളഞ്ഞ്, പൊള്ളയായി ചിരിപ്പിക്കുകയും ചെയ്യും.
മഴയത്തു നിന്ന് കരിക്കിന്‍ കുലകള്‍ താങ്ങിയെടുത്തു അക്ക തിരിച്ചുവന്നു. എന്റെ നിറഞ്ഞ കണ്ണുകള്‍ കണ്ടു അക്ക അന്വേഷിച്ചു. ”എന്ത് പറ്റി?”
ഞാന്‍ മിണ്ടിയില്ല. അക്ക ആവര്‍ത്തിച്ചു. ”പറയൂ…”
ഞാന്‍ ഒന്നും പറയാതെ കരിങ്കല്‍ ബെഞ്ചില്‍ നിന്ന്എഴുന്നേറ്റു. മഴയിലേക്കിറങ്ങി ബൈക്കിനു നേരെ നടന്നു. അപരിചിതന്റെ ദുഃഖം ഏറ്റുവാങ്ങാതെ അക്ക അങ്ങനെ രക്ഷപ്പെട്ടു.
(തുടരും)