ഫെബ്രുവരി 25
രവിശങ്കർ വ്യാസ് ജന്മദിനം
രവിശങ്കർ വ്യാസ് 1884 ഫെബ്രുവരി 25 മഹാശിവരാത്രി ദിവസം , രാധു ഗ്രാമത്തിലെ (ഗുജറാത്ത്- ഖേഡ ജില്ല) ഒരു വദാരാ ബ്രാഹ്മണ കർഷക കുടുംബത്തിലെ പീതാംബര ശിവറാം വ്യാസിന്റെയും നതിബയുകയും മകനായി ജനിച്ചു.
മഹന്തവാദിന് സമീപമുള്ള സർസവാനി ഗ്രാമത്തിൽ നിന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം.
കൃഷി പണികളിൽ മാതാപിതാക്കളെ സഹായിക്കാൻ വേണ്ടി ആറാം ക്ലാസ്സിന് ശേഷം പഠനം ഉപേക്ഷിച്ചു.
സൂരജ് ബാ ആയിരുന്നു അദ്ദേഹത്തിന്റെ പത്നി.
അദ്ദേഹത്തിന്റെ19-ാം വയസ്സിൽ പിതാവും 22 ആം വയസ്സിൽ അമ്മയും മരിച്ചു.
ആര്യസമാജത്തിന്റെ തത്വചിന്ത അദ്ദേഹത്തെ വളരെ സ്വാധീനിച്ചിരുന്നു.1915-ൽ മഹാത്മാ ഗാന്ധിജിയെ കണ്ടുമുട്ടുകയും സ്വാതന്ത്ര സമര പ്രസ്ഥാനങ്ങളൊടൊപ്പം സജീവമാവുകയും ചെയ്തു.
ഗാന്ധിയുടെയും സർദാർ വല്ലഭായ് പട്ടേലിന്റെയും ആദ്യകാല സഹചാരികളിൽ ഒരാളായിരുന്നു അദ്ദേഹം. 1920 കളിലും മുപ്പതുകളിലും ഗുജറാത്തിലെ ദേശീയ സമരങ്ങളുടെ മുഖ്യസംഘാടകനായ ദർബാർ ഗോപാൽ ദാസ് ദേശായി , നർഹരി പരീഖ്, മോഹൻലാൽ പാണ്ഡ്യ, എന്നിവരോടോപ്പം മധ്യ ഗുജറാത്തിലെ തീരപ്രദേശത്തെ ബരയ്യ, പടൻ വാദിയ ജാതികളുടെ പുനരധിവാസത്തിനായ് അദ്ദേഹം വർഷങ്ങളോളം പ്രവർത്തിച്ചു.
1920-ൽ സുനാവ് ഗ്രാമത്തിൽ വ്യാസ് ഒരു രാഷ്ട്രീയ ശാല (National school) സ്ഥാപിച്ചു. ഭാര്യയുടെ ആഗ്രഹത്തിന് വിരുദ്ധമായി പൂർവ്വിക സ്വത്തിന്റെ അവകാശം അദ്ദേഹം ഉപേഷിച്ചു. 1923-ൽ ബുർസാദ് സത്യാഗ്രഹത്തിൽ പങ്കെടുത്തു ,ഹൈദിയ നികുതിക്കെതിരെ പ്രതിഷേധിച്ചു. 1928-ൽ ബർദോഹി സത്യാഗ്രഹത്തിലും പങ്കെടുത്ത വ്യാസ് ബ്രിട്ടിഷുകാരാൽ പിടിക്കപെടുകയും 6 മാസം തടവിലാവുകയും ചെയ്തു.
1927-ലെ വെള്ളപൊക്ക ദുരിതാശ്വാസപ്രവർത്തനങ്ങളിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാവുകയും അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്തു.
ഉപ്പുസത്യാഗ്രഹത്തിൽ ഗാന്ധിജിയോടൊപ്പം ചേരുകയും 2 വർഷം തടവിലാവുകയും ചെയ്തു. 1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കുകയും അഹമ്മദാബാഗിലെ വർഗീയ കലാപം ശമിപ്പിക്കുവാൻ കാര്യമായി ഇടപെടുകയും ചെയ്തു.
1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിച്ചതിന് ശേഷം അദ്ദേഹം സാമൂഹിക പ്രവർത്തനങ്ങളിൽ സ്വയം സമർപ്പിതനായ്. ഭൂദാനപ്രസ്ഥാനത്തിൽ ആചാര്യ വിനോബഭാവയുമായി ചേർന്ന് 1955നും 58 നും ഇടയിൽ 6000 കിലോമീറ്റർ യാത്ര ചെയ്തു. 1960 കളിൽ അദ്ദേഹം സർവ്വോദയാ പ്രസ്ഥാനത്തെ സംഘടിപ്പിക്കുകയും പിൻതുണക്കുകയും ചെയ്തു.
1960 – മേയ് 1 – ന് ഗുജറാത്ത് സംസ്ഥാനം രൂപീകൃതമായപ്പോൾ രവിശങ്കർ മഹാരാജ് ഉത്ഘാടനം ചെയ്തു.
1975 -ലെ അടിയന്തിരാവസ്ഥയെ അദ്ദേഹം കർശനമായി എതിർത്തിരുന്നു. അദ്ദേഹത്തിന്റെ മരണം വരെ ഗുജറാത്തിൽ പുതിയതായി നിയമിതരാകുന്ന ഓരോ മുഖ്യമന്ത്രിയും സത്യപ്രതിജ്ഞ ചെയ്ത ശേഷം രവിശങ്കർ വ്യാസ്നെ സന്ദർശിച്ച് അനുഗ്രഹം വാങ്ങുമായിരുന്നു.
1984 ജൂലൈ 1 – ന് ഗുജറാത്തിലെ ബോർസാദിൽ വച്ച് അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ സ്മാരകം ബോചസനിലെ വല്ലഭ വിദ്യാലയത്തിലെ അധ്യാപൻ ഭവനിലാണ് നിർമ്മിച്ചിരിക്കുന്നത്.
രവിശങ്കർ വ്യാസ് എന്ന രാഷ്ട്രപുത്രന്റെ ശ്രേഷ്ഠജീവിതത്തെ സ്മരിച്ചുകൊണ്ട് പ്രണാമങ്ങൾ അർപ്പിക്കുന്നു….