ഡിസംബർ 26 വീര ബാല ദിനം
മുഗളാധിപത്യത്തിന്റെ ഭയാനകമായ കഥ – ചരിത്രത്തിലെ മഹത്തായ ബാല ബലിദാനം’
ആനന്ദ്പൂർ സാഹിബ് കോട്ടയിൽ നിന്നാണ് അവരുടെ പോരാട്ടം ആരംഭിച്ചത്. മാസങ്ങളോളം യുദ്ധം നടക്കുന്ന സമയമായിരുന്നു അത്. ഗുരു ഗോവിന്ദ് സിംഹന്റെ പോരാട്ട വീര്യത്താൽ മുഗൾ സേന വിറച്ചു. ആ ധൈര്യം കണ്ട് ഔറംഗസേബും സ്തംഭിച്ചു പോയി. മുഗളന്മാരെ വിറപ്പിച്ച് ആനന്ദ്പൂര് ഗുരു ഗോവിന്ദ സിങ്ങും ഖാൽസ സൈന്യവും സംരക്ഷിച്ചു. നിരന്തരമായി നടന്ന യുദ്ധങ്ങളിൽ മുഗൾ സൈന്യവും സാമന്ത രാജാക്കന്മാരും പരാജയം അറിഞ്ഞു. ദേശീയതയുടെ പോരാട്ടവീര്യത്തിന് മുന്നിൽ പിടിച്ച് നിൽക്കാനാവാതെ മുസ്ലീം സേന പകച്ചു.
1704 ലെ ഡിസംബർ മാസമായിരുന്നു അത്. ഡിസംബർ 20 ന് കൊടുംതണുപ്പിൽ ഔറംഗസീബ് വൻ സൈന്യവുമായി ആനന്ദ്പൂർ സാഹിബ് കോട്ടയെ ആക്രമിച്ചു. ശക്തമായി പ്രതിരോധിച്ച ഖാൽസ സൈന്യം നിരവധി മുസ്ലീം അക്രമണകാരികളുടെ തലയറുത്തു മുന്നേറി. മുഗള സൈന്യം ഛിന്നഭിന്നമായി പോയെങ്കിലും സൈനികശക്തി വലുതായതിനാൽ കോട്ട വളഞ്ഞു ഉപരോധം ആരംഭിച്ചു. ഗുരു ഗോവിന്ദ് സിംഹൻ അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കാൻ ആഗ്രഹിച്ചെങ്കിലും, അദ്ദേഹത്തിന്റെ പരിവാരങ്ങളിലുള്ള സിഖുകാർ അപകടം മനസ്സിലാക്കി. ഖാൽസയുടെ തീരുമാനത്താൽ ഗുരു ഗോവിന്ദ് സിംഹനും സംഘവും കുടുംബത്തോടൊപ്പം ആനന്ദ്പൂർ കോട്ട വിട്ടു. യുദ്ധത്തിനിടയിൽ അമ്മയെയും ഇളയ രണ്ടു പുത്രന്മാരെയും കോട്ടയിൽ നിന്നും മറ്റൊരിടത്തേക്ക് എത്തിച്ചിരുന്നു. തൊട്ടടുത്തുള്ള സരസ നദിയിലെ നീരൊഴുക്ക് വളരെ വേഗത്തിലായിരുന്നു. ഇക്കാരണത്താൽ, ഗുരു ഗോവിന്ദ് സിംഹന്റെ കുടുംബം നദി മുറിച്ചുകടക്കുന്നതിനിടെ വേർപിരിഞ്ഞു.
ഗുരു ഗോവിന്ദ് സിംഹനും അദ്ദേഹത്തിന്റെ രണ്ട് മൂത്ത പുത്രന്മാരും 1704 ഡിസംബറിൽ ആനന്ദ്പൂരിൽ നിന്ന് ചാംകൗറിൽ എത്തിയിരുന്നു, ഗുരു ഗോവിന്ദിനൊപ്പം മൂത്തവരായ രണ്ട് സാഹിബ്സാദുകളായ ബാബ അജിത് സിംഗ്, ബാബ ജുജാർ സിംഗ് എന്നിവർ ചാംകൗറിലെത്തി. അമ്മ ഗുജ്‌രി രണ്ട് ഇളയ കൊച്ചുമക്കളായ ബാബ ജൊരാവർ സിംഗ്, ബാബ ഫത്തേഹ് സിംഗ് എന്നിവർക്കൊപ്പം ബാക്കിയായി. മുഗൾ സൈന്യവും സിഖ് സേനയും ചാംകൗറിൽ വീണ്ടും ഏറ്റുമുട്ടി. സരസ നദിയുടെ തീരത്ത് നീണ്ട യുദ്ധം നടന്നു. ഗുരു ഗോവിന്ദ് ജിയുടെ കുടുംബം അവിടെ നിന്നും പൂർണമായും വേർപെട്ടു.
തുടർന്നുള്ള യുദ്ധത്തിൽ, ‘വാദേ സാഹിബ്സാദെ’ എന്ന് വിളിക്കപ്പെടുന്ന ഗുരുവിന്റെ മൂത്ത പുത്രന്മാർ ധീരമായി പോരാടി, എന്നാൽ മുഗൾ സൈന്യം വളരെ വലുതും സജ്ജരുമായിരുന്നു. ഗുരുവിന്റെ മൂത്തമക്കളായ 17 വയസ്സുള്ള സാഹിബ്സാദ അജിത് സിംഗ്, 13 വയസ്സുള്ള ജുജാർ സിങ് എന്നിവർ 1704 ഡിസംബറിൽ മുഗൾ സൈന്യത്തിനെതിരെ നടന്ന ചാംകൗർ യുദ്ധത്തിൽ കൊല്ലപ്പെട്ടു.
അതിന് മുമ്പേ തന്നെ കോട്ടയുടെ മറ്റൊരിടത്ത് ഉണ്ടായിരുന്ന ഗുരുഗോവിന്ദ് സിങ്ങിന്റെ ഇളയ സാഹിബ്‌സാദെ ജൊരാവർ സിംഗും സാഹിബ്‌സാദെ ഫത്തേഹ് സിംഗും
അവരുടെ മുത്തശ്ശി ഗുജരി ദേവിയോടൊപ്പം പോയിരുന്നു. അവരും സരസ നദി കടന്ന് ചംകൗർ സാഹിബ് ഗഢിയിലെത്തി.
കാട്ടിലെ ബുദ്ധിമുട്ടുകൾ തരണം ചെയ്ത് ഇളയ സാഹിബ് സാദമാർ മുത്തശ്ശിയോടൊപ്പം ഒരു ഗുഹയിൽ താമസിച്ചു. ഗുരു സാഹിബിന്റെ സേവകൻ ഗംഗുവും അവരോടൊപ്പമുണ്ടായിരുന്നു. ലംഗറിന്റെ സേവകനായ ഗംഗു എല്ലാവരെയും തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പണത്തിന്റെ അത്യാഗ്രഹം കാരണം ഗംഗു അവരെ ഒറ്റിക്കൊടുത്തു. സാഹിബ്‌ജാദും മാതാജിയും അവരുടെ സ്ഥലത്ത് താമസിക്കുന്നുണ്ടെന്ന് സൈന്യത്തെ അറിയിച്ച് പിടിപ്പിച്ചു കൊടുത്തു. ജയിൽ വാസകാലത്ത് ഗുരു നാനാക്ക് ദേവിന്റെയും ഗുരു തേജ് ബഹാദൂറിന്റെയും ധീരതയുടെ കഥകൾ അമ്മ കുട്ടികളായ ഫത്തേഹ് സിംഗിനോടും ജൊരാവർ സിംഗിനോടും വിവരിച്ചു കൊണ്ടിരുന്നു. പിറ്റേന്ന് രാവിലെ എല്ലാവരെയും സർഹന്ദിലെ ബസി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഒരു വലിയ ജനക്കൂട്ടം അവരുടെ കൂടെ ഉണ്ടായിരുന്നു. പിഞ്ചു ബാലന്മാരുടെ വീര്യത്തെ കണ്ട ജനകൂട്ടം ‘വീരനായ പിതാവിൻ്റെ വീരരായ പുത്രന്മാർ’ എന്ന് ആർത്തു വിളിച്ചു. ശൈത്യ കാലമായിരുന്നു അത്. തണുത്ത് വിറക്കുന്ന അവരെ തുറന്ന മുറിയിൽ തടവിലാക്കി.
പിന്നീട് അവരെ സർഹന്ദ് നവാബ് വസീർ ഖാന്റെ മുമ്പാകെ ഹാജരാക്കി. ബാബ ജൊരാവർ സിംഗിനോടും ബാബ ഫത്തേഹ് സിംഗിനോടും ഇസ്ലാം സ്വീകരിക്കാൻ വസീർ ആവശ്യപ്പെട്ടു. അവർ തലകുനിച്ചില്ല. അടുത്ത ദിവസം വീണ്ടും നവാബ് വസീർ ഖാന്റെ കോടതിയിൽ ഹാജരാക്കി. ഇസ്ലാം സ്വീകരിക്കാൻ ഇളയ സാഹിബ്സാദുകളെ വസീർ ഖാൻ പ്രലോഭിപ്പിച്ചു. ഇതിന് മറുപടിയായി രണ്ട് സാഹിബ്സാദുകളും പറഞ്ഞു, ‘ഞങ്ങൾക്കു പ്രിയം ഞങ്ങളുടെ രാഷ്ട്രമാണ് “‘
നവാബ് കോപാകുലനായി പറഞ്ഞു, ഇവർക്ക് ശിക്ഷ നൽകേണ്ടി വരും. ഇവർ ആ വിപ്ലവകാരിയുടെ മക്കളാണ്. ഖാസി ഫത്വ പുറപ്പെടുവിച്ചു. ഫത്‌വയിൽ ഇങ്ങനെ എഴുതി. “അവരെ ജീവനോടെ മതിലിലേക്ക് എറിയണം.”
അടുത്ത ദിവസം ഒരിക്കൽ കൂടി സാഹിബ്സാദകളോട് ഇസ്ലാം മതം സ്വീകരിക്കാൻ ആവശ്യപ്പെട്ടെങ്കിലും അവർ നിലപാടിൽ ഉറച്ചു നിന്നു. ആജ്ഞ നടപ്പാക്കാൻ നവാബ് ഉത്തരവിട്ടു. ഇളയ സാഹിബ്സാദുകളെ രണ്ടുപേരെയും മധ്യത്തിൽ നിർത്തി ആരാച്ചാർ ചുറ്റും ചുടുകട്ടയാൽ മതിൽ കെട്ടാൻ തുടങ്ങി.
മതിൽ നെഞ്ചിലേക്ക് ഉയർന്നപ്പോൾ, ഒരിക്കൽ കൂടി നവാബ് അവരോട് ഇസ്ലാം മതം സ്വീകരിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ അപ്പോഴും അവർ നിലപാടിൽ തന്നെ ഉറച്ചു തലയുയർത്തി നിന്ന് രാഷ്ട്രത്തിനായ് ജയ് വിളിച്ചു. 6 വയസ്സുള്ള സാഹിബ്സാദ ഫത്തേ സിംഗ്, 9 വയസ്സുള്ള ജൊരാവർ സിംഗ് എന്നിവരുടെ ആത്മ വീര്യത്തിന് മേൽ മുഗൾ സൈന്യത്തിന് അടിപതറി. ഇസ്ലാം മതം സ്വീകരിച്ചാൽ അവർക്ക് സുരക്ഷിതമായ യാത്ര വാഗ്ദാനം ചെയ്തു, അത് അവർ ഗൗനിക്കുക പോലും ചെയ്തില്ല. 1704 ഡിസംബർ 26 ന് വസീർ ഖാൻ അവരെ ഭിത്തിയിൽ ജീവനോടെ ഇഷ്ടിക പടുത്തുയർത്തി പൂർണമായും തടവറയിലാക്കാൻ ഉത്തരവിട്ടു. അവർക്കും ചുറ്റും ഇഷ്ടിക പടുത്തുയർത്തി ശ്വാസം മുട്ടിച്ചു അവരെ ക്രൂരമായി വധിച്ചു.
അതേസമയം തന്നെ മാതാ ഗുജ്രിയെ സിർഹിന്ദ് കോട്ടയിൽ നിന്ന് തള്ളിയിട്ട് മുഗൾ സൈന്യം കൊലപ്പെടുത്തി.
ഫത്തേഹ് സിംഗ് , ജൊരാവർ സിംഗ്
1699 ഡിസംബർ 12 ജനിച്ച ഫത്തേ സിംഗും 1697 നവംബർ 28 ന് ജനിച്ച ജൊരോവർ സിംഗും ഗുരു ഗോബിന്ദ് സിങ്ങിന്റെ നാലാമത്തെ ഇളയ രണ്ട് പുത്രന്മായിരുന്നു. ഗുരു ഗോവിന്ദ് സിംഗ് ജിയുടെ ആദ്യ ഭാര്യ മാതാ ജിതോയുടെ നാലാമത്തെ മകനായി 1699 ഡിസംബർ 12 ന് ആനന്ദ്പൂർ സാഹിബിലാണ് ഫത്തേ സിംഗ് ജനിച്ചത്. അദ്ദേഹത്തിന് ഒരു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു, അവനെയും സഹോദരൻ സോരാവർ സിംഗിനെയും അവരുടെ മുത്തശ്ശി മാതാ ഗുജാരി അവരുടെ ബലിദാനം വരെ പരിപാലിച്ചു. സിഖ് മതത്തിലെ ഏറ്റവും വിശുദ്ധരായ ബലിദാനികളാണ് ഫത്തേഹ് സിംഗും അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ജൊരാവർ സിംഗും.
ഗുരു ഗോവിന്ദ് സിംഗിന്റെ മരണശേഷം ബന്ദാ ബൈരാഗിയിലൂടെ ആ പോരാട്ടം തുടർന്നു. ധീരന്മാരായ ആ ബാലന്മാരെ വധിച്ച മുഗൾ സേനയെ തകർത്തെറിഞ്ഞ് ബന്ദാ ബൈരാഗി പ്രതികാരം ചെയ്തു. യുദ്ധത്തിൽ മുഗളരെ പരാജയപ്പെടുത്തിയ ശേഷം അദ്ദേഹം സമനയും സന്ധൗരയും കീഴടക്കി, സിർഹിന്ദ് ലക്ഷ്യമാക്കി നീങ്ങി, ചപ്പാർ ചിരി യുദ്ധത്തിൽ മുഗൾ സൈന്യത്തെ പരാജയപ്പെടുത്തിയ സിഖ് സൈന്യം സിർഹിന്ദ് കീഴടക്കി. യുദ്ധത്തിൽ ബാലന്മാരെ വധിക്കാൻ ഉത്തരവിട്ട വസീർ ഖാന്റെ തലയറുത്താണ് ബന്ധാ ബൈരാഗി പകരം ചോദിച്ചത്.
സിഖ് പാരമ്പര്യമനുസരിച്ച്, ഫത്തേഹ് സിംഗ് ആദ്യത്തെ നിഹാംഗ് യോദ്ധാവാണ്, “ഫത്തേഹ് സിംഗ് കെ ജാതേ സിംഗ്” അകാലി നിഹാംഗുകളാണ് ഈ യുദ്ധവിളി പ്രധാനമായും ഉപയോഗിക്കുന്നത്. മധ്യ പഞ്ചാബിലെ ഫത്തേഹ് സിങ്ങിന്റെ പേരിലുള്ള നഗരമാണ് ഫത്തേഗഡ് സാഹിബ്-സിർഹിന്ദ്.
ഗുരു ഗോവിന്ദ് സിങ്ങിന്റെ രണ്ട് മക്കളെ ജീവനോടെ ഇഷ്ടികകൊണ്ട് കൊന്ന സ്ഥലമാണ് ഇന്ന് ഫത്തേഗഡ് സാഹിബ് എന്നറിയപ്പെടുന്നത്. ഇത് പുണ്യസ്ഥലമാണ്.
മാതാ ഗുജ്‌രി, ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജി, നാല് മക്കൾ എന്നിവരുടെ ധീരതയും ആദർശങ്ങളും ലക്ഷക്കണക്കിന് ഭാരതീയർക്ക് ഊർജം നൽകി. ഗുരു ഗോബിന്ദ് സിങ്ങിന്റെ നാല് ആൺ മക്കൾ ചാർ സാഹിബ്സാദെ എന്ന് അറിയപ്പെട്ടു. അദ്ദേഹത്തിന്റെ ജീവിതകാലത്ത് ആണ് നാലു പേരും വധിക്കപ്പെട്ടത്.
ഗുരു ഗോവിന്ദ് സിംഗ് ജിയുടെ കുടുംബത്തിന്റെ ഈ മഹത്തായ ബലിദാനം ചരിത്രത്തിലെ ഏറ്റവും വലിയ ബലിദാനമായി ഇന്നും കണക്കാക്കപ്പെടുന്നു. അനീതി ചെയ്യുന്നവൻ്റെ മുന്നിൽ തലയുയർത്തി നിൽക്കുകയും രാഷ്ട്ര സംരക്ഷണത്തിനായി ജീവൻ ബലിയർപ്പിക്കുകയും ചെയ്ത ഈ സംഭവം ചരിത്രത്തിൽ അപൂർവമാണ്.
സിഖ് നാനക്ക് ശാഹി കലണ്ടർ അനുസരിച്ച് എല്ലാ വർഷവും ഡിസംബർ 20 മുതൽ ഡിസംബർ 27 വരെ രാഷ്ട്ര ഭക്തർ ഇപ്പോഴും ബലി ദാന വാരമായി ആഘോഷിക്കുന്നു.
ഈ ദിവസങ്ങളിൽ ഗുരുദ്വാരകളിലും വീടുകളിലും കീർത്തന പാരായണം നടക്കുന്നു. ഗുരു സാഹിബിന്റെ കുടുംബത്തിന്റെ ബലി ദാനത്തെക്കുറിച്ച് കുട്ടികളോട് പറയുന്നു. കൂടാതെ, നിരവധി ഭക്തരായ സിഖുകാർ ഈ ആഴ്ച മുഴുവൻ നിലത്ത് ഉറങ്ങുകയും മാതാ ഗുജ്രിയുടെയും സാഹിബ്സാദുകളുടെയും ബലി ദാനത്തിന് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്യുന്നു.
ജൊരാവർ സിംഗിന്റെയും ഫത്തേ സിംഗിന്റെയും ത്യാഗങ്ങളുടെ സ്മരണയ്ക്കായി ഡിസംബർ 26 വീർബാൽ ദിവസമായി 2022 ജനുവരി 9 ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചു.