ഡിസംബർ 9
*റാവു തുലാ റാം ജന്മദിനം*
1825 ഡിസംബർ 9-ന് റെവാരിയിലെ രാംപുര പ്രാന്തപ്രദേശത്ത് പുരൺ സിങ്ങിന്റെയും ഗ്യാൻ കൗറിന്റെയും മകനായി അഹിർ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.
1857 ലെ ഭാരത സ്വാതന്ത്ര്യ സമരത്തിൽ ഉജ്ജ്വലമായ പോരാട്ടമാണ് ഹരിയാന കേന്ദ്രീകരിച്ച് ബ്രിട്ടീഷുകാർക്കെതിരെ അദ്ദേഹം നടത്തിയത്. ആയിരക്കണക്കിന് പടയാളികളെ സജ്ജരാക്കുകയും ആധുനിക രീതിയിലുള്ള പടക്കോപ്പുകൾ നിർമ്മിക്കാൻ ശാലകൾ ഉണ്ടാക്കുകയും ചെയ്തു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്ര്യാജ്യത്തിന്റെ അടിത്തറയിളക്കിയ പോരാട്ടമാണ് അദ്ദേഹം കാഴ്ചവെച്ചത്. റാവു തുലാറാമിനെ ഹരിയാന സംസ്ഥാനത്തിന്റെ വീരയോദ്ധാവായി കണക്കാക്കുന്നു.
1857 മേയ് 17-ന് അദ്ദേഹം തന്റെ ബന്ധുവായ റാവു ഗോപാൽ ദേവും, അനുയായികളും ചേർന്ന് പ്രാദേശിക തഹസിൽദാരെ സ്ഥാനഭ്രഷ്ടനാക്കുകയും രേവാരി പിടിച്ചടക്കുകയും ചെയ്തു. ഏകദേശം 5000 സൈനികരുടെ ഒരു സേനയെ അദ്ദേഹം തയ്യാറാക്കി. തോക്കുകളും മറ്റ് വെടിക്കോപ്പുകളും നിർമ്മിക്കുന്നതിനുള്ള ആയുധ ശാല സ്ഥാപിച്ചു. ദില്ലിയിൽ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്യുന്ന ബഹാദൂർ ഷാ ചക്രവർത്തിയേയും മറ്റ് വിമത സേനയെയും റാവു തുലാ റാം സഹായിച്ചു . ഡൽഹി പതനത്തിന് പത്ത് ദിവസം മുമ്പ് അദ്ദേഹം ജനറൽ ബഖ്ത് ഖാൻ മുഖേന 45000 രൂപ അയച്ച് ആവശ്യമായ സാധനങ്ങൾ വലിയ അളവിൽ വിതരണം ചെയ്യുകയും രണ്ടായിരം ചാക്ക് ഗോതമ്പ് വിതരണം ചെയ്യുകയും ചെയ്തു.
അദ്ദേഹത്തിന്റെ ബന്ധുവായ റാവു കിർഷൻ സിങ്ങിന്റെ നേതൃത്വത്തിൽ റാവു തുലാ റാമിന്റെ സൈന്യം 1857 നവംബർ 16-ന് നർനൗലിന്റെ പ്രാന്തപ്രദേശത്തുള്ള നാസിബ്പൂർ വയലിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടി . തുലാ റാമിന്റെ സേനയുടെ ആക്രമണം അപ്രതിരോധ്യമായിരുന്നു, ബ്രിട്ടീഷ് സൈന്യം അവർക്ക് മുന്നിൽ ചിതറിപ്പോയി.
നിരവധി ബ്രിട്ടീഷ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തു.
ബ്രിട്ടീഷുകാരുടെ പ്രത്യാക്രമണം രൂക്ഷമായതോടെ തുലാ റാം രാജസ്ഥാനിലേക്ക് മാറി. ഒരു വർഷത്തോളം ( तात्या टोपे )
താത്യാ ടോപ്പെയുടെ ഒപ്പം പോരാടി. എന്നാൽ രാജസ്ഥാനിലെ സിക്കാർ യുദ്ധത്തിൽ താത്യാ ടോപ്പെയുടെ സൈന്യത്തെ ബ്രിട്ടീഷ് സൈന്യം പരാജയപ്പെടുത്തി . അതെ തുടർന്ന് ഇറാനിലെ ഷായുടെ സഹായം തേടി റാവു തുലാ റാം ഭാരതം വിട്ടു . 1859-ൽ റാവു തുലാ റാമിന്റെ സ്വത്തുക്കൾ ബ്രിട്ടീഷുകാർ കണ്ടുകെട്ടി. 1863 സെപ്തംബർ 23-ന് ശരീരമാകെ പടർന്ന അണുബാധയെത്തുടർന്ന് 38 – ആം വയസ്സിൽ അദ്ദേഹം pഅഫ്ഗാനിസ്ഥാനിലെ കാബൂളിൽ വച്ച് ഇഹലോക വാസം വെടിഞ്ഞു.