- ഛത്രപതി ശിവജി
- വാസുദേവ ബൽവന്ത ഫട്കേ
- ഗുരു രവിദാസ്
- ബാബു ഗെയ്നു സെയ്ദ്
- ജ്ഞാനഞ്ജൻ നിയോഗി
- സരോജിനി നായിഡു
- മഹർഷി ദയാനന്ദ സരസ്വതി
*ബാബു ഗെയ്നു ബലിദാന ദിനം – സ്വദേശി ദിനം* ഡിസംബർ 12
സ്വദേശി, ,”ബഹിഷ്കരണം” എന്നീ ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തനങ്ങളിൽ സക്രിയനായത് മൂലം 1930 ഡിസംബർ 12ന് കേവലം 22 വയസ്സിൽ രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന ധീര വിപ്ലവകാരിയായിരുന്നു ബാബു ഗേനു സെയ്ദ് .പൂനെയ്ക്ക് സമീപം അംമ്പേഗാവ് താലൂക്കിൽ പർവ്വതനിരകൾക്ക് സമീപം പിഡവൽ എന്ന കൊച്ചു ഗ്രാമത്തിലാണ് ബാബു ഗേനു ഭൂജാതനായത്. അച്ഛൻ ജ്ഞാനബ സയീദും, അമ്മ കൊണ്ടാബായിയും. സാമൂഹ്യവും ദേശീയവുമായ കാഴ്ചപ്പാട് അദ്ദേഹത്തിന് കിട്ടിയത് സുഹൃത്ത് പ്രഹ്ലാദിൽ നിന്നായിരുന്നു. ബാറാചാലിയിലെ ചാച്ചാ എന്ന ഒരു മുസ്ലിം ദേശഭക്തനുമായി സമ്പർക്കത്തിൽ ആയി. ഏതു ദേശത്തിലാണ് ഞാൻ ജനിച്ചു വളർന്നത് അവിടുത്തെ പുത്രനാണ് ഞാൻ എൻറെ നാടിനെ ബ്രിട്ടീഷ് അടിമത്തത്വത്തിൽ നിന്നും രക്ഷിക്കേണ്ടത് എൻറെ കർത്തവ്യം ആണ് എന്ന് ചാച്ചാ ഉദ്ഘോഷിച്ചിരുന്നു. ചാച്ച ബ്രിട്ടീഷ് പാപ്പരത്വം, ക്രൂരത , അന്യായം എന്നിവയെപ്പറ്റി വ്യാഖ്യാനിച്ചുകൊണ്ട് ബാബുവിൽ ദേശഭക്തിയുടെ തീജ്വാല ആളി കത്തിച്ചു .റൗലത്ത് ആക്ടിന് പിന്നിലെ വഞ്ചന , ജാലിയൻവാലാ നരക്കുരുതിയുടെ ഭീകരത്വം , നിസ്സഹരണ പ്രസ്ഥാനത്തിൻറെ ആവശ്യകത ,ഗാന്ധിജിയുടെ സത്യാഗ്രഹ സമരം എന്നിവയെ കുറിച്ചെല്ലാം ബാബു ഗേനുവിന് അദ്ദേഹത്തിൽ നിന്ന് വ്യക്തമായി പഠിക്കാൻ കഴിഞ്ഞു .
ബാബുവും സുഹൃത്ത് പ്രഹ്ളാദും 1926. 27 ലെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു .ഇരുവരും കൽബാദേവിയിൽ കോൺഗ്രസിന്റെ ഭാരവാഹികളായി.ഗാന്ധിജിയുടെ സ്വദേശി പ്രസ്ഥാനത്തെപറ്റിയും വിദേശവസ്തു ബഹിഷ്കരണത്തെപറ്റിയും ജനങ്ങളെ ബോധവാന്മാരാക്കിക്കൊണ്ടിരുന്നു .ഒരു സ്വദേശി പ്രചാരണ സന്നദ്ധസേന രൂപീകരിച്ചു . ചർക്ക തുടങ്ങിയ വാങ്ങിക്കുവാൻ ചെറിയ ധനസഹായവും സംഘടിപ്പിച്ചു. ദിവസവും ഖാദിനൂറ്റ് വസ്ത്രം നെയ്തും,സ്വയം ഖാദി വസ്ത്രം ധരിച്ചും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്തു .
1929 നവംബർ 31ന് കോൺഗ്രസ് സമ്പൂർണ്ണ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.പ്രഖ്യാപിച്ച ദിവസം തന്നെ സമ്പൂർണ്ണ സ്വാതന്ത്ര്യ അവകാശ ദിവസമായി ആഘോഷിക്കപ്പെട്ടു. ബാബുവും തീവ്രമായി തന്നെ രംഗത്തിറങ്ങി അറസ്റ്റ് വരിച്ചു.ജയിലിൽ കിടക്കുമ്പോൾ രോഗം മൂലം അമ്മ കൊണ്ടാഭായി മരിച്ചു.അദ്ദേഹത്തിന് വലിയ ദുഃഖം ഉണ്ടായി .പക്ഷേ ജയിലിലെ സുഹൃത്തുക്കളോടായി അദ്ദേഹം പറഞ്ഞു . “മിത്രങ്ങളേ ഞാൻ ഇപ്പോൾ സർവ്വ ബന്ധങ്ങളിൽ നിന്നും മുക്തനായി കഴിഞ്ഞിരിക്കുന്നു .ഭാരത മാതാവിൻറെ മുക്തിക്കുവേണ്ടി ഇനി എന്തും ചെയ്യാൻ ഞാൻ തയ്യാറാണ് .”
1930 ജനുവരി 26 ആരംഭിച്ച നിരായുദ്ധ സ്വാതന്ത്രസമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചു . ചർക്ക , നൂൽ നൂൽപ് , സ്വദേശി വസ്തുക്കളുടെ ഉപയോഗം വിദേശ വസ്തുക്കളുടെ ബഹിഷ്ക്കരണം എന്നിവയിലൂടെ അഹിംസാ മാർഗ്ഗത്തിലൂടെ സമരം മുന്നോട്ട് പോയി.വിദേശ വസ്തുക്കൾ കൊണ്ടുപോകുന്ന ലോറികളെ തടയാൻ തീരുമാനിച്ചു .ബോംബെയിലെ ബുൾജി മാർക്കറ്റിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും വന്ന കമ്പിളി തുണികൾ 1930 ഡിസംബർ 12 ആം തീയതി ലോറിയിൽ കൊണ്ടുപോകുമ്പോൾ തടയേണ്ട ഉത്തരവാദിത്വം കോൺഗ്രസ് നേതൃത്വം ബാബു ഗേനുവിനെയും അദ്ദേഹത്തിൻറെ താനാജി സന്നദ്ധ സേനയെയും ഏൽപ്പിച്ചു. മാഞ്ചസ്റ്ററിൽ നിന്നും വിദേശ വസ്ത്രങ്ങളുമായി വന്ന ലോറി തടഞ്ഞു . പ്രിൻസസ് റോഡ് പോലീസ് സ്റ്റേഷനിൽ നിന്നും കനത്ത പോലീസ് സേന വന്നു. രാവിലെ പത്തര മണിയോടുകൂടി അനേകം വാഹനങ്ങൾ ഭാരത് മാതാ കീ ജയ് , വന്ദേമാതരം വിളിച്ചു കൊണ്ടുള്ള സത്യാഗ്രഹിളുമായി എത്തി . വിദേശ വസ്തുക്കളുമായി ലോറി കൽബാദേവി റോഡിലെത്തിയപ്പോൾ മറ്റൊരു പ്രവർത്തകൻ ലോറിക്ക് മുന്നിൽ കുറുകെ റോഡിൽ കിടന്നു ലോറി ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചവിട്ടി .പോലീസ് അദ്ദേഹത്തെ വലിച്ചു മാറ്റിയപ്പോഴും മറ്റൊരാൾ കിടന്നു അദ്ദേഹത്തെയും മാറ്റിയപ്പോൾ വീണ്ടും മറ്റൊരാൾ .പോലീസ് ക്രോധം കൊണ്ട് ബലപ്രയോഗം നടത്തി. ഇത്തവണ ബാബു സ്വയം ലോറിക്ക് മുന്നിൽ കിടന്നു ഇംഗ്ലീഷ് പോലീസുകാരൻ ലോറി ഡ്രൈവറോട് ആയി പറഞ്ഞു. ലോറി ഈ അഹങ്കാരികളുടെ മുകളിലൂടെ കയറ്റൂ.
ഈ വൃത്തികെട്ടവന്മാർ മരിച്ചാലും കുഴപ്പമൊന്നുമില്ല ലോറി ഡ്രൈവർ ബൽബീർ സിംഗ് എന്ന ഭാരതീയൻ ആയിരുന്നു.അയാൾ ലോറി ചലിപ്പിച്ചില്ല പക്ഷേ ഇംഗ്ലീഷ് സർജന്റ് സ്വയം ഡ്രൈവറുടെ സീറ്റിൽ ഇരുന്ന്ലോറി മുന്നോട്ട് എടുത്തു . ആകാശമിടിയുമാറ് ദേശഭക്തിഘോഷം മുഴങ്ങി . ലോറി ചക്രം ബാബുവിന്റെ തലയ്ക്കു മുകളിലൂടെ നീങ്ങി ബാബുവിന്റെ തല പൊട്ടിച്ചിതറി. റോഡ് മുഴുവൻ രക്തമയമായി. പോലീസിന്റെ ലാത്തിചാർജിലും മറ്റനേകം ദേശഭക്തർക്കും പരിക്കുപറ്റി . അനേകം പേർ ബോധരഹിതരായി. ജനസമൂഹം ബാബുവിന്റെ അന്ത്യ ദർശനത്തിനായി സ്വന്തം തൊപ്പികൾ അഴിച്ചുവെച്ച് ബാബുവിനെ അന്ത്യാഭിവാദനം ചെയ്തു .ദിവസങ്ങളോളം ജനങ്ങൾ വിദേശ വസ്ത്രങ്ങളും പോലീസുകാരുടെ കോലങ്ങളും കത്തിച്ചു പതിമൂന്നാം തീയതി ബോംബെ നഗരത്തിൽ സമ്പൂർണ്ണ ബന്ദ് ആചരിച്ചു സകല വിദ്യാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു .
പതിനായിരക്കണക്കിന് ആളുകൾ യാത്രയിൽ പങ്കെടുത്തു പൊതുയോഗത്തിൽ അധ്യക്ഷത വഹിച്ച ലീലാവതി മുൻഷി പറഞ്ഞു “ബാബു അനശ്വരനായി കഴിഞ്ഞു .ജീവത്യാഗം വ്യർത്ഥമാകില്ല .ഇവിടെ കൂടിയിരിക്കുന്ന ജനങ്ങൾ സ്വദേശി തത്വം പ്രാവർത്തികമാക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നതായിരിക്കും ബാബുവിനോട് ചെയ്യുന്ന യഥാർത്ഥ ആദരാഞ്ജലികൾ”. സ്വദേശി വിപ്ലവം മുന്നോട്ടുകൊണ്ടുപോകുന്നതായിരിക്കും നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ ആദരവ് എന്ന് ശ്രീ ജമുനാലാൽ മേത്ത പറഞ്ഞു .
ഓരോ വർഷവും ഡിസംബർ 12 ആം തീയതി എല്ലാ ദേശസ്നേഹികളായ പൗരന്മാരും സ്വദേശി ദിനം ആചരിക്കുന്നു.