ഏപ്രിൽ 18
താന്തിയാ തോപ്പി ബലിദാന ദിനം
ഭാരത സ്വാതന്ത്ര്യസമര സേനാനിയും, 1857 -ലെ സ്വാതന്ത്ര്യസമരത്തിലെ നേതാവുമായിരുന്നു രാമചന്ദ്ര പാണ്ടുരംഗ് തോപ്പെ എന്ന താന്തിയോ തോപ്പി .
മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിലെ യോല എന്ന സ്ഥലത്ത് പാണ്ഡുരംഗ്ഭട്ട് റാവു തോപ്പയുടേയും രുക്മാഭായുടെയും ഏക മകനായി 1814-ൽ ജനിച്ചു. രാമചന്ദ്രപാണ്ഡുരംഗനെന്നായിരുന്നു ശരിയായ പേർ. പേഷ്വാ ബാജിറാവുവിന്റെ കൊട്ടാരത്തിലെ ധനകാര്യവകുപ്പുമേധാവി ആയിരുന്നു പിതാവ് പാണ്ഡുരംഗ റാവു. പേഷ്വാ ബാജിറാവുവിന്റെ ദത്തു പുത്രനായിരുന്ന നാനാ സാഹിബിന്റെ അടുത്ത സുഹൃത്തായിരുന്നു താന്തിയോ തോപ്പെ. 1851 ൽ പേഷ്വാ ബാജിറാവുവിന്റെ മരണശേഷം, നാനാ സാഹിബ് അധികാരമേറ്റെടുത്തപ്പോൾ താന്തിയോ തോപ്പെയും നാനാ സാഹിബിന്റെ കൊട്ടാരത്തിലെ ഒരു സുപ്രധാന പദവി കൈകാര്യം ചെയ്തിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നാനാ സാഹിബിന് പെൻഷൻ നിഷേധിച്ചപ്പോൾ തോപ്പെയും ഒരു കറ തീർന്ന ബ്രിട്ടീഷ് വിരോധിയായി മാറി.
കാൺപൂർ ബ്രിട്ടീഷ് പട്ടാളം കീഴടക്കിയതോടെ, നാനാ സാഹിബ് കാൺപൂരിൽ നിന്നും ബിഥൂരിലേക്കു പലായനം ചെയ്തു. അവശേഷിക്കുന്ന സൈന്യത്തിന്റെ നേതൃത്വം സ്വയം ഏറ്റെടുത്ത് താന്തിയോ തോപ്പെ ബ്രിട്ടീഷ് സൈന്യത്തിൽ നിന്നും കാൺപൂർ പിടിച്ചെടുക്കാൻ പുറപ്പെട്ടു. ഭാഗികമായി അവർ കാൺപൂർ കീഴടക്കുകയും ചെയ്തെങ്കിലും,രണ്ടാം കാൺപൂർ യുദ്ധത്തിൽ താന്തിയോ തോപ്പെയുടെ സേന ജനറൽ കോളിൻ കാംപ്ബെല്ലിന്റെ മുന്നിൽ പരാജയപ്പെട്ടു. 1858 ൽ ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്തുകൊണ്ടിരുന്ന ഝാൻസി റാണി, തന്റെ സഹായത്തിന് താന്തിയോ തോപ്പെയോട് വന്നു ചേരുവാൻ ആവശ്യപ്പെട്ടു.യുദ്ധ നിപുണയായിരുന്നു ഝാൻസി റാണിയെങ്കിലും, ബ്രിട്ടീഷുകാരോട് ഒറ്റക്ക് പിടിച്ചു നിൽക്കാൻ അവർക്കാവുമായിരുന്നില്ല. 20000 ത്തോളം വരുന്ന സൈന്യവുമായി താന്തിയോ തോപ്പെ റാണിയുടെ സഹായത്തിനെത്തിയെങ്കിലും, ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ വിജയിക്കാൻ കഴിഞ്ഞില്ല.
ഗ്വാളിയോർ യുദ്ധത്തിനു ശേഷം താന്തിയോ തോപ്പെ, നാനാ സാഹിബിന്റെ അനന്തരവനായ റാവു സാഹിബിനുമൊപ്പം രാജ്പുതാനയിലേക്ക് പലായനം ചെയ്തു. സൈന്യത്തെ സംഘടിപ്പിച്ച് ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്യുക എന്നതായിരുന്നു ഇരുവരുടേയും പദ്ധതി. എന്നാൽ ബ്രിട്ടീഷ് പട്ടാളം ഇവരെ വളയുകയും പിടികൂടാൻ ശ്രമിക്കുകയും ചെയ്തെങ്കിലും താന്തിയോ തോപ്പെ യുദ്ധമുഖത്തു നിന്നും ഉദയ്പൂർ ലക്ഷ്യമാക്കി കടന്നു കളഞ്ഞു. റാവു സാഹീബ് തോപ്പെയേ അനുഗമിക്കുന്നുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇവരെ പിടികൂടാൻ പലതവണശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. അവശേഷിക്കുന്ന സൈന്യത്തെ രണ്ടായി പകുത്ത് രണ്ടു ലക്ഷ്യങ്ങളിലേക്ക് സഞ്ചരിക്കാൻ ഇരുവരും തീരുമാനിച്ചു. താന്തിയോ തോപ്പെ ചെറിയ സൈന്യവുമായി ചന്ദേരിയിലേക്കും, റാവു സാഹിബ് ഝാൻസിയിലേക്കും യാത്രയായി. 1859 ൽ തോപ്പെ ജയ്പൂരിലെത്തിയെങ്കിലും, തുടർച്ചയായ യാത്രകളും, പരാജയവും അദ്ദേഹത്തെ തളർത്തിയിരുന്നു.
ഇവിടെ വെച്ച് താന്തിയോ തോപ്പെ, നർവാറിലെ രാജാവായ മാൻ സിങിനെ പരിചയപ്പെടുകയും മാൻ സിങ്ങിന്റെ കൊട്ടാരത്തിൽ ഒളിവിൽ കഴിയാൻ തീരുമാനിക്കുകയും ചെയ്തു. ഗ്വാളിയോർ മഹാരാജാവുമായുള്ള തർക്കവുമായി ബന്ധപ്പെട്ട് മാൻ സിങിനും കുടുംബത്തിനും ബ്രിട്ടീഷ് പട്ടാളം സംരക്ഷണം വാഗ്ദാനം ചെയ്തു. തന്റെ ജീവനു വേണ്ടി ബ്രിട്ടീഷുകാർക്കു കീഴടങ്ങാൻ മാൻ സിങ് തീരുമാനിച്ചു. മാൻ സിങിന്റെ കൊട്ടാരത്തിൽ ഒറ്റക്കായ താന്തിയോ തോപ്പെയെ പിന്നീട് മാൻ സിങ് ഒറ്റുകൊടുക്കുകയായിരുന്നു. കൊട്ടാരത്തിൽ ഉറങ്ങികിടക്കുകയായിരുന്നു തോപ്പെയെ റിച്ചാഡ് ജോൺ മീഡ്സിന്റെ നേതൃത്വത്തിലുള്ള ഒരു സേന കൊട്ടാരം വളഞ്ഞ് പിടികൂടി. 1859 ഏപ്രിൽ 18 ന് താന്തിയോ തോപ്പെയെ ബ്രിട്ടീഷ് പട്ടാളം തൂക്കിലേറ്റി.