കാലം കലയോടു കൈകോര്‍ത്തു നില്ക്കുന്ന
കേള്വികേട്ടോരു കലാമണ്ഡലം.
പാദമൂന്നുമ്പോഴേ പ്രാര്‍ത്ഥനാ നിര്‍ഭരം
മാമകചിത്തമതിമുദിതം.
കേളീഗൃഹം കലാദേവിക്കിതേവര്ക്കു-
മാനന്ദപൂര്ണ്ണം കലാസുഭഗം
”ഭാരതമെന്നു കേള്ക്കുമ്പോളഭിമാന-
പൂരിതമാകുന്ന ഹൃത്തടത്തെ,
കേരളമെന്നു കേള്‍ക്കുമ്പോള്‍ തിളയ്ക്കുന്ന
ചോരനിറഞ്ഞ ഞരമ്പുകളെ”,
ചേലില് മലയാളകാവ്യത്തില് ചേര്‍ത്തോരു
ഭാവനാ പൂര്‍ണ്ണന്റെ സ്മൃതിയിടത്തില്‍
മെല്ലെക്കൊഴിയുമിലകളാല് നിത്യവും
അര്ച്ചനചെയ്യും തരുനിരകള്!
ആ തരു വൃന്ദത്തിനുള്ളിലേക്കൂളിയി-
ട്ടുള്പ്പുളകം കൊള്‍വു കുഞ്ഞു തെന്നല്‍.
മംഗളഗീതമുതിര്ക്കുന്നു പക്ഷികള്‍
”നന്നായ് വരട്ടെ കലാമണ്ഡലം.”
മുറ്റത്തു മാകന്ദശാഖികള്‍ പാകുന്നൊ-
രിത്തിരിച്ഛായതന് ചോടുപറ്റി,
ഇറ്റു നില്ക്കുന്നുണ്ടു പണ്ടീ മണല്‍പ്പര-
പ്പൊത്തിരി കേട്ട ചിലമ്പൊലികള്‍.
എത്രയോ പാദങ്ങള്‍ മുത്തുച്ചിലങ്കയിട്ടൊപ്പം
ചലിച്ചൊരീ വേദികളില്‍,
മങ്ങിക്കിടപ്പുണ്ടാ പാദങ്ങളില്‍ നിന്നു
ചെമ്മേയുതിര്ന്ന ചെഞ്ചായശോഭ.
നില്ക്കുകയാണു ഞാന്‍ ഭക്തിയാല്‍ വിഹ്വല-
വിസ്മിതനേത്രയായ് തൃപ്തയായി
വീണ്ടും വരേണമെനിക്കിവിടേക്കെന്ന-
ങ്ങാഗ്രഹിച്ചീടുകയാണു ചിത്തം






















