ഇടനെഞ്ചില്‍ എന്നും ഓര്‍മ്മയുണ്ട്.
ഇടവഴികള്‍ ഉണ്ടായിരുന്ന കാലം.
ഭയം അല്പം ഉള്ളില്‍ ഒതുക്കി നാം
എന്നും നടന്നുപോയകാലം
കുറുക്കനും കീരിയും കള്ളൂണിയും
പിന്നെ വേരുപോലുള്ളൊരു കരിംചേരയും
കുറുകെ പാഞ്ഞ് പോയകാലം.
എതിരെ വരും തരുണികള്‍ക്കെന്നും,
വഴിമാറി ഒതുങ്ങിക്കൊടുത്തകാലം.
അതിര്‍ത്തികള്‍ക്കിടയില്‍ ഇട ചെറുതെങ്കിലും
പിണങ്ങാതെ സ്‌നേഹവഴി പങ്കിട്ടകാലം.
കൊള്ളിന്മേല്‍ ഇരുപുറം നിന്നെന്നും അയല്‍ക്കാര്‍
നല്ല വിശേഷം പങ്കിട്ടെടുത്തകാലം.
ഇടുങ്ങിയ ചിന്തകള്‍ ഒട്ടുമേ ഇല്ലാതെ
ഏറേ ഇണങ്ങി കഴിഞ്ഞകാലം.
സന്തോഷ, സന്താപ കാഴ്ചകള്‍ എത്ര
ഇടവഴി താണ്ടി കടന്നുപോയി
ഇടനെഞ്ചില്‍ എന്നും ഓര്‍മ്മയുണ്ട്
ഇടവഴികള്‍ ഉണ്ടായിരുന്ന കാലം.






















