ഓണനിലാവെത്തിനോക്കും മാമലതന്‍മേളില്‍
കാണിനേരമോര്‍മ്മകള്‍തന്‍
തേരിലേറിചിത്തം!
പൂവിടുവാന്‍ പൂത്തുലയും കാടുകളില്‍, മേട്ടില്‍
പൂവിറുക്കാന്‍കൂട്ടരുമായൊത്തുചേര്‍ന്ന ബാല്യം!
ആവണിപ്പൊന്‍ചിങ്ങ-
മാഘോഷങ്ങളോടെ
യെങ്ങും!
കാവ്യരുചി ചേര്‍ന്നിടുന്ന ഗ്രാമഭംഗിതിങ്ങി!
ജീവിതത്തിന്‍ ഭാര-
മെല്ലാം തെല്ലുമറന്നീടാന്‍
നീവരികെന്നോണനിലാ-
സ്സുന്ദരിയാം രാവേ!
കര്‍ക്കടക രാവുകളില്‍ രാമകഥകേട്ടും
ഉള്‍ക്കുളിരണിഞ്ഞു-
ഷസ്സില്‍
പൊന്‍കിരണമേറ്റും;
നന്മകള്‍നിറഞ്ഞൊ-
രോര്‍മ്മ പുല്‍കിടും ദിനങ്ങള്‍ !
നിര്‍മ്മലമാം പൂക്കളമൊരുക്കി-
ടുവാനോണം,
പൂക്കള്‍തോറും പാറിവരും തുമ്പി, ശലഭങ്ങള്‍!
പൂവിളികള്‍ ഹര്‍ഷമേകും പുണ്യമലയാളം!
കോടിയും ഞൊ-
റിഞ്ഞുടുത്തു പൊന്‍വെയിലണയും!
പൂങ്കുയിലുംപാടി വരു-
മാവണിപ്പൊന്‍ ചിങ്ങം!
കൈവിടല്ലേയോണ-
മതിന്‍ ധന്യവിശേഷങ്ങള്‍,
പൂവടയും പൂക്കളവും വേണമോണപ്പാട്ടും!
ഇഷ്ടമോടാമാബലിതന്‍ നാടുവാണഗാഥ;
കുട്ടികളില്‍നന്മനിറയ്-
ക്കാനുമോണമെന്നും!






















