അപൂര്‍വ്വമായ കാട്ടുപോ
ത്തിനത്തെ നേര്‍ക്കു കാണുവാന്‍
ഒരാദിവാസി മൂപ്പരൊ
ത്തിറങ്ങി ചാനല്‍ സുന്ദരി.
തയ്യാറിലാണ് ക്യാമറ,
ഉഷാറിലാണ് മാഡവും
തെളിഞ്ഞ കാട്ടുപൊയ്കതന്‍
കരയ്‌ക്കൊളിച്ച പൊന്തയില്‍.
കഴിഞ്ഞു രണ്ടു നാഴിക,
മുഷിഞ്ഞു നാട്ടുനായിക,
തിരക്കി: ‘കാട്ടുപോത്തുകള്‍
വരാത്തതെന്തു മൂപ്പരേ?….’
‘ഭജിക്ക മൗന’മെന്നയാള്‍
വിനീതമാംഗ്യമേകവേ
ഇരുന്നു നൊന്ത കാലുകള്‍
തിരുമ്മി ലേഡി മെല്ലവേ….
അടുക്കലായ് വെറും നില
ത്തമര്‍,ന്നനക്കമെന്നിയേ
ഇരിപ്പു മൂപ്പര്‍ കാവിലെ
പ്രതിഷ്ഠയെന്ന മാതിരി,
മനം മറഞ്ഞ പോലെയും
മണം നിറഞ്ഞ പോലെയും
പ്രപഞ്ചബോധ സത്തയില്‍-
പ്പടര്‍ന്നലിഞ്ഞ പോലെയും….
ഇഴഞ്ഞിഴഞ്ഞു പിന്നെയും
മണിക്കണക്കു നീങ്ങവേ
സമാധി വിട്ട കണ്ണുകള്‍
പതുക്കനെത്തുറക്കവേ,
ജ്വലിച്ചു ലേഡി തന്‍ കലി,
കുതിച്ചു പൊന്തവിട്ടവള്‍
കുരച്ചു: ‘മണ്ടിയല്ല ഞാന്‍,
ഉഡായ്പ്പു നിന്റെ പോത്തുകള്‍!’
തലയ്ക്കു കൈ കൊടുത്തുപോയ്
എണീറ്റ മൂപ്പരൊന്നുമേ-
പറഞ്ഞുമി,ല്ലധോമുഖം
നിലത്തിരുന്നു പിന്നെയും….
സുജാഗൃതം പുരാതനം
ചെകിട്ടിലെത്രയും സ്ഫുടം
അകന്നകന്നു പോകയാ
ണപൂര്‍വ്വമാം കുളമ്പുകള്‍…….






















