മക്കളില്ലാത്തവര്‍ക്കും ശ്രീകൃഷ്ണ ജയന്തിയുണ്ട്……
ഘോഷയാത്രയിലടക്കം അവരും പങ്കെടുക്കാറുണ്ട്.
പുല്ലാങ്കുഴലേന്തിയ ഉണ്ണിക്കണ്ണന്മാര്‍,
മയില്‍പ്പീലികണ്ണുള്ള രാധമാര്‍,
മരതകവും, മാണിക്യവും, ചെം പവിഴവും ഇന്ദ്രനീലവുമായ
പിഞ്ചോമനകളെ,
തങ്ങളുടെ മക്കളെന്നപോല്‍ അവര്‍ മാറോടണയ്ക്കാറുണ്ട്.
*************
മക്കളില്ലാത്തവര്‍ക്കും ശ്രീകൃഷ്ണ ജയന്തിയുണ്ട്…..
മക്കളെ വേഷം കെട്ടിക്കുന്നവരോടൊപ്പം
മക്കളില്ലാത്തവരുമെത്തും
കൊച്ചുകുട്ടികള്‍ക്കൊപ്പം അവരുടെ മനവും തുള്ളിച്ചാടും.
‘എന്റെ മോന്‍’ ‘എന്റെ മോള്‍’ ഘോഷയാത്രയില്‍
വേഷമിടുന്നുവെന്ന് കള്ളം നടിക്കും.
അച്ഛനമ്മമാര്‍ക്കിടയില്‍ ബന്ധുവെന്നപോല്‍ സൗഹൃദപ്പെടും.
ഉള്ളിലൊരു കടലിരമ്പമെന്നാലും അതടക്കി
ഒരവസരത്തിന് കൊതിച്ച് കാത്ത് നില്‍ക്കും
അവസരം വന്നാലും ഇല്ലെങ്കിലും
‘വാടാ ക്കള്ളക്കണ്ണാ’യെന്നോ’ ‘വാടീ രാധക്കുട്ടി’യെന്നോ പറഞ്ഞ്
അച്ഛനമ്മമാരുടെ കൈകളില്‍ നിന്നും മക്കളെയെടുത്ത് മാറോടണയ്ക്കും.
*************
മക്കളില്ലാത്തവര്‍ക്കും ശ്രീകൃഷ്ണ ജയന്തിയുണ്ട്.
ഘോഷയാത്രയുടെ തിരക്കില്‍ ആരുടേയും ശ്രദ്ധ കിട്ടാതെ
കുറച്ചുദൂരെ മാറിനില്‍ക്കുന്ന ഒരുണ്ണിക്കണ്ണന്‍,
ഒരു കുഞ്ഞു രാധ, ബലരാമന്‍, ശ്രീരാമന്‍….
അവരുടെ അടുക്കലേക്ക് മക്കളില്ലാത്തൊരച്ഛന്‍, പാഞ്ഞെത്തും.
ചുറ്റുപാടും വെപ്രാളപ്പെട്ടൊന്നു നോക്കും.
ആര്‍ത്തിയോടെ വാരിയെടുത്ത് മാറോടണയ്ക്കും
തുരുതുരെ ഉമ്മകള്‍ കൊണ്ടു പൊതിയും.
******************
മക്കളില്ലാത്തവര്‍ക്കുമുണ്ട് ശ്രീകൃഷ്ണജയന്തി.
അവര്‍ പിഞ്ചോമനകളുടെ തലമുടിയെ
പീലിത്തിരുമുടിയായി കാണും.
പാലും,പഞ്ചാമൃതവും,പാല്‍പായസവും
എന്റെ കൃഷ്ണനെന്നമട്ടില്‍ വിതരണം ചെയ്യും.
ആര്‍പ്പുവിളിയിലെ ഉറിയടിയില്‍
ഒക്കത്തിരിക്കുന്ന ഉണ്ണിക്കണ്ണന്മാരില്‍
ഉറിപൊട്ടലിന്റെ വിസ്മയം കാണും
*************************************************
മക്കളില്ലാത്തവര്‍ക്കുമുണ്ട് ശ്രീകൃഷ്ണ ജയന്തി.
ഘോഷയാത്ര കഴിഞ്ഞ നേരം.
വിമ്മലത്തേവരുടെ തിരുനട.
പതിവുപോലെ ആരുടേയോ പൊട്ടിക്കരച്ചില്‍.
‘ഭഗവാനേ..ഉണ്ണിക്കണ്ണാ,ഇനി അടുത്ത വര്‍ഷം.’
അത് കേള്‍ക്കെ ഉള്ളിലുറക്കെപൊട്ടിച്ചിരിച്ചു.
‘ഇവിടെന്റെ കണ്ണന് എന്നും പിറന്നാളല്ലേ.’






















