Thursday, September 10, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

വി.എം കൊറാത്ത്: അനശ്വരനായ പത്രപ്രവര്‍ത്തകന്‍

എം. രാജശേഖര പണിക്കർഎം. രാജശേഖര പണിക്കർ
4 September 2026

വിഎം കൊറാത്ത് ജന്മശതാബ്ദി

Google NewsAdd Kesari Weekly as a preferred source on Google

വിഎം കൊറാത്ത് എന്നത് പത്രപ്രവര്‍ത്തനത്തിന്റെ അപരനാമമെന്നപോലെയായിരുന്നു. അതോടൊപ്പം സ്വാതന്ത്ര്യസമരസേനാനിയും സാഹിത്യമേഖലയിലെ നിറസാന്നിധ്യവുമായിരുന്നു. കൊറാത്ത് സാറിനെ അനുമോദിക്കുന്ന ഒരു യോഗം ഒരിക്കല്‍ കോഴിക്കോട് നടന്നു. ഒരു സീനിയര്‍ ജേണലിസ്റ്റ് കൊറാത്ത് സാറിന്റെ വൈവിദ്ധ്യമാര്‍ന്ന സംഭാവനകളെ വിവരിച്ച് പറഞ്ഞത് ഏറെ ആലോചനാമൃതമാണ്. ”നമ്മള്‍ എട്ടു കോളം ജേണലിസ്റ്റുകള്‍ക്കിടയില്‍ കൊറാത്ത് സാര്‍ ഒരു ഒന്‍പത് കോളം ജേണലിസ്റ്റാണ്.”

ഹിന്ദിപ്രചാരസഭ, കോണ്‍ഗ്രസ് സമ്മേളനം, കമ്യൂണിസ്റ്റ് നേതാവിന്റെ വീട്ടിലെ അതിക്രമം ഒക്കെ റിപ്പോര്‍ട്ട് ചെയ്ത് ‘ഒലേ’യും ‘സ്വലേ’യും ആയി പത്രപ്രവര്‍ത്തനം ആരംഭിച്ച കൊറാത്ത് എന്ന വേലായുധമേനോന്‍ കൊറാത്ത്, കെ.പി. കേശവമേനോന്‍, സി.എച്ച്. കുഞ്ഞപ്പ, ടി.പി.സി. കിടാവ്, കെ. മാധവന്‍ നായര്‍, കെ.എം. ഉണ്ണികൃഷ്ണന്‍ നായര്‍, പി.കെ. രാമന്‍ (റാം ജി), പി.കെ. വേലായുധമേനോന്‍, വി. രാമനുണ്ണി മേനോന്‍, കട്ടയാട്ട് കരുണാകര മേനോന്‍ (റിപ്പോര്‍ട്ടര്‍), എന്‍.പി. ദാമോദരന്‍ എന്നീ പ്രഗത്ഭരായ മാധ്യമപ്രവര്‍ത്തകരുടെയിടയില്‍ എത്തിപ്പെടുകയായിരുന്നു.

ADVERTISEMENT

മാതൃഭൂമിയില്‍ ജോലിക്കായി അഭിമുഖം നടക്കുമ്പോള്‍ കൊറാത്ത് സാറിനെക്കൂടാതെ ഒരു രാഘവപ്പണിക്കരുമുണ്ടായിരുന്നു. അവര്‍ക്ക് ഒരാളെ മാത്രമേ വേണ്ടിയിരുന്നുള്ളൂ. രാഘവപ്പണിക്കര്‍ക്കുവേണ്ടി കൊറാത്ത് സര്‍ ഒഴിഞ്ഞുകൊടുത്തു. കുറേ നാള്‍ കഴിഞ്ഞ് പ്രൂഫ് റീഡറുടെ ഒഴിവുവന്നപ്പോള്‍ മാതൃഭൂമിയില്‍ കൊറാത്ത് സാറിന് നിയമനം ലഭിച്ചു.

കെ.പി. കേശവമേനോന്‍, വി.എം. നായര്‍, എ.പി ഉദയഭാനു, വി.പി.രാമചന്ദ്രന്‍ എന്നിവരൊക്കെ ഉണ്ടായിരുന്ന മാതൃഭൂമിയില്‍ ചേര്‍ന്നത് സ്വര്‍ഗവാതില്‍ തുറന്ന നിമിഷമായി കൊറാത്ത് ‘ഓര്‍മയുടെ നിലാവ്’ എന്ന തന്റെ ആത്മകഥയില്‍ അനുസ്മരിക്കുന്നു. കുട്ടികൃഷ്ണമാരാരെ പോലുള്ള അതികായന്മാര്‍ അന്ന് പ്രൂഫ്‌റീഡിങ്ങ് സെക്ഷനില്‍ ഉണ്ടായിരുന്നു.

ടി.എം.ബി നെടുങ്ങാടി, പി.പരമേശ്വരന്‍, എസ്.കെ. പൊറ്റെക്കാട്ട്, എന്‍.എന്‍ കക്കാട് എന്നിവര്‍ക്കൊപ്പം വി.എം. കൊറാത്ത്‌

കൊറാത്ത് കേവലം ജേണലിസ്റ്റ് മാത്രമായിരുന്നില്ല. സാഹിത്യം, കല, സംസ്‌കാരം, ദേശീയത എന്നീ മേഖലകളിലെല്ലാം അദ്ദേഹം വ്യാപരിച്ചിരുന്നു. മാതൃഭൂമി പത്രത്തിന്റെ ഉയര്‍ച്ചതാഴ്ചകളെ അദ്ദേഹം വിവരിക്കുന്നുണ്ട്. ”കേശവമേനോന്റെ വരവും ദാമോദരമേനോന്റെ പോക്കും” എന്ന ശീര്‍ഷകത്തില്‍ മാതൃഭൂമിയിലേക്ക് കേശവമേനോന്റെ വരവിനെ അദ്ദേഹം തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. അടിയന്തരാവസ്ഥയില്‍ കോഴിക്കോട് പോലീസ് അതിക്രമങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിച്ചിരുന്നത് കേശവമേനോന്റെ ഇടപെടല്‍ കൊണ്ടായിരുന്നു എന്ന് അനുസ്മരിക്കുകയും ചെയ്യുന്നുണ്ട്. മാതൃഭൂമിയിലെ സാമ്പത്തിക പരാധീനതയില്‍ എംഡിയായിരുന്ന കെ. മാധവന്‍ നായര്‍ ഭാര്യയുടെ കെട്ടുതാലി വരെ പണയം വെച്ച ചരിത്രവും അതില്‍ രേഖപ്പെടുത്തുന്നു.

മാതൃഭൂമിയിലെ പത്രപ്രവര്‍ത്തകയൂണിയന്റെ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. അഖിലേന്ത്യാതലത്തില്‍ ഐഎഫ്ഡബ്ല്യുജെയും കേരളത്തില്‍ കെയുഡബ്ല്യുജെയും രൂപം കൊണ്ടു. അതോടെ കോഴിക്കോട് മാത്രം കേന്ദ്രീകരിച്ചിരുന്ന യൂണിയന്‍ അതിന്റെ ശാഖയായി മാറി. പത്രപ്രവര്‍ത്തകര്‍ക്ക് പ്രസ്‌ക്ലബുകളും സേവനവേതന വ്യവസ്ഥകളുമുണ്ടായി. വേജ് ബോര്‍ഡുകളും രൂപീകരിച്ചു.

സംസ്ഥാനത്തെ ശ്രദ്ധേയരായ അനേകം വ്യക്തികളുടെ വൈചിത്ര്യങ്ങള്‍ക്കും അഭിവ്യദ്ധിക്കും വൃദ്ധിക്ഷയങ്ങള്‍ക്കും കൊറാത്ത് സാര്‍ സാക്ഷിയാണ്. മാതൃഭൂമി വാരാന്തപ്പതിപ്പിലൂടെയും ആഴ്ചപ്പതിപ്പിലൂടെയും കേരളത്തിലെ ഒട്ടുമിക്ക എഴുത്തുകാരുമായി സാറിന് സമ്പര്‍ക്കമുണ്ടായിരുന്നു. സി. രാധാകൃഷ്ണന്‍, കുഞ്ഞുണ്ണി മാഷ്, വികെഎന്‍, എംജിഎസ്, ഇ. വാസു, എഎസ് തുടങ്ങിയവര്‍ മാതൃഭൂമിയിലൂടെയാണ് എഴുതിത്തുടങ്ങിയത്.

മാദ്ധ്യമവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉറച്ച നിലപാടുകള്‍ കൊറാത്തുസാറിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കി. സുകുമാര്‍ അഴീക്കോടിന്റെ വിവാദമായ ”ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു” എന്ന ലേഖനം പ്രസിദ്ധീകരിച്ചത് ആ ബോധ്യത്തില്‍ നിന്നാണ്. ശങ്കരക്കുറുപ്പ് മാത്രമല്ല, എന്‍വിയും കേശവമേനോനും ഇതിനെ എതിര്‍ത്തു. എന്നാല്‍ കവിയുടെ അവകാശം പോലെ നിരൂപകനും അവകാശമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്താന്‍ കൊറാത്ത് സാറിന് കഴിഞ്ഞു. അതോടെ മുഴുവന്‍ ലേഖനവും പ്രസിദ്ധീകരിച്ചു.

വി.പി.ആര്‍(വി.പി. രാമചന്ദ്രന്‍) എഡിറ്റര്‍ ആയിരുന്ന കാലത്ത് ടി. വേണുഗോപാല്‍ ‘അഴീക്കോടിന്റെ നിരൂപണം ഒരു പഠനം’ എന്ന ലേഖന പരമ്പര ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ആദ്യഭാഗം വന്നപ്പോള്‍തന്നെ അഴീക്കോട് മാഷ് ക്ഷുഭിതനായി. ഖണ്ഡനവിമര്‍ശനം പതിവാക്കിയ അഴീക്കോട് വിമര്‍ശനത്തില്‍ ക്ഷുഭിതനാവേണ്ടതില്ലെന്ന നിലപാടാണ് കൊറാത്ത് സാര്‍ അവിടെയും എടുത്തത്.

കോണ്‍ഗ്രസ്സിന്റെ ആശയങ്ങള്‍ പറയാന്‍ ഒരു പത്രം എന്ന നിലയിലാണ് കെ. മാധവന്‍ നായര്‍ എംഡിയും കെ.കേളപ്പന്‍ മാനേജരും കെ.പി. കേശവമേനോന്‍ പത്രാധിപരുമായി മാതൃഭൂമി തുടങ്ങിയത്. പിന്നീട് കെ.പി. കേശവമേനോന്‍ കുറച്ചുകാലം ശ്രീലങ്കന്‍ ഹൈ കമ്മീഷണറായി പോയി. തിരിച്ചുവന്നപ്പോള്‍ വീണ്ടും മുഖ്യ പത്രാധിപര്‍ ചുമതലയേറ്റു. വി.എം. നായര്‍ മാനേജിംഗ് എഡിറ്ററുമായി. കേശവമേനോന് കാഴ്ച നഷ്ടപ്പെട്ടശേഷവും ആ വ്യവസ്ഥ തുടര്‍ന്നു.
മാതൃഭൂമിയിലെ തലമുറ മാറ്റങ്ങള്‍ സൂക്ഷ്മമായി കൊറാത്ത് സാര്‍ വിലയിരുത്തിയിരുന്നു. വി.പി.ആര്‍, എം.പി. വീരേന്ദ്രകുമാര്‍, എം.ഡി. നാലപ്പാട് എന്നിവര്‍ തമ്മിലുള്ള ഉരസലുകളില്‍ അകത്തായവരേയും പുറത്തായവരേയുംകുറിച്ച് പ്രൂഫ് റീഡറില്‍നിന്ന് ഡെപ്യൂട്ടി എഡിറ്ററായി വളര്‍ന്ന കൊറാത്ത് സാര്‍ വിവരിക്കുന്നുണ്ട്;

”വി.പി.ആറില്‍ നിന്ന് എഡിറ്റര്‍ സ്ഥാനം സ്വീകരിച്ച് നല്ല മനസ്സോടെ എനിക്ക് തരിക” എന്ന് നാലപ്പാട് ആവശ്യപ്പെട്ടതനുസരിച്ച് ഒരുദിവസത്തേക്ക് എഡിറ്ററായ ചരിത്രവും കൊറാത്ത് സാറിന് സ്വന്തമാണ്. ലക്ഷ്മണന്‍’ എന്ന പേരില്‍ എഴുതിയ ‘വാര്‍ത്തകള്‍ക്കിടയില്‍’ എന്ന പംക്തി വളരെ വായനക്കാരുണ്ടായിരുന്ന ഒന്നായിരുന്നു.

കോട്ടയം ബ്യൂറോ ചീഫ് ചെല്ലപ്പന്‍ പിള്ളയെ ഹൈദരാബാദിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് ചതിയിലൂടെ പിരിച്ചുവിട്ട നാലപ്പാടിന്റെ നെറികേട് കൊറാത്ത് സര്‍ വിവരിക്കുന്നുണ്ട്. അവസാനം കൊറാത്ത് സാറിനും മാതൃഭൂമിയില്‍ നിന്ന് പടിയിറങ്ങേണ്ടി വന്നു. 1986 സപ്തംബര്‍ 20ന് ആയിരുന്നു യാത്രയയപ്പ്, എം.പിയും എം.ഡിയും ഇല്ലാതെ.

സ്വാതന്ത്ര്യസമരം
കൊറാത്ത് സാറിന്റെ അച്ഛന്‍ ഗാന്ധി ആരാധകനായിരുന്നു. ജ്യേഷ്ഠന്റെ ദേശീയ ബോധവും രാഷ്ട്രീയവും കണ്ടാണ് കൊറാത്ത് സാര്‍ വളര്‍ന്നത്. ബ്രിട്ടീഷ് ഉദ്യോഗത്തിന്റെ ഭാഗമായി അധികാരി മാമക്ക് സ്വര്‍ണ മോതിരം കിട്ടി. ജയില്‍വാസം കഴിഞ്ഞുവന്ന ഏട്ടന് മാമന്‍ അത് നല്‍കി. ”മാമന്‍ കടമ ചെയ്തതിന്റെ അവാര്‍ഡാണിത്” എന്നു പറഞ്ഞ് തിരിച്ചു കൊടുത്തു. ”നീ ഗുരുത്വമുള്ളവനാ. നന്നായി വരും” എന്നു പറഞ്ഞ് കണ്ണുനിറഞ്ഞ് മാമന്‍ പോയി.

കേളപ്പജിയും കേശവമേനോനുമായുള്ള അടുപ്പം കൊറാത്ത് സാറിന് വലിയ അനുഭവ സമ്പത്തും നേതൃപാടവവും പകര്‍ന്നു നല്‍കി. സഹധര്‍മിണി പത്മിനി ടീച്ചറുടെ പിന്‍ബലം ജീവിതയാത്രയിലുടനീളം അദ്ദേഹത്തിന്റെ കൂട്ടിനുണ്ടായി.
പിറന്നതും വളര്‍ന്നതുമായ അരയംതോട്ടം വീടിന്റെ മുക്കും മൂലയും വരെ ഗൃഹാതുരത്വത്തോടെ ”ഓര്‍മകളുടെ നിലാവില്‍” എന്ന ഓര്‍മ്മക്കുറിപ്പില്‍ വിവരിക്കുന്നുണ്ട്. ”ആ വീട് ഇന്നില്ല” എന്ന് പറഞ്ഞു നിര്‍ത്തുമ്പോള്‍ കൊറാത്ത് സാറിന് തോന്നുന്ന ശൂന്യത നമുക്കും തോന്നും.

കലാലയജീവിതം
സൗഹൃദങ്ങളുടെയും വായനയുടെയും അറിവിന്റെയും ലോകം തുറക്കുന്ന സ്‌കൂള്‍, വായനശാലകളുമായുള്ള ആദ്യാനുഭവങ്ങള്‍ ഓര്‍മ്മക്കുറിപ്പില്‍ എഴുതുന്നുണ്ട്.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മകള്‍ ഗോമതി ടീച്ചറുടെ മുമ്പില്‍ വന്ദേമാതരം ചൊല്ലിയതും ഒരു വലിയ അനുഭവമായതായി പറയുന്നു.
1942 ആഗസ്റ്റ് മാസം സ്‌കൂളില്‍ ക്വിറ്റ് ഇന്ത്യ മുദ്രാവാക്യങ്ങള്‍ മുഴക്കിയതിനേത്തുടര്‍ന്നു കോഴിക്കോട് ഡിസ്ട്രിക്റ്റ് ജയിലില്‍ മൂന്നു മാസം കഴിയേണ്ടി വന്നു. പിന്നീട് സ്‌കൂളില്‍ നിന്ന് പുറത്തേക്ക്. പ്രൈവറ്റായി മെട്രിക്കുലേഷന്‍ നേടി.
കുറച്ചുകാലം പി.ബി. കുറുപ്പ് നടത്തിയ ടെക്‌നോ കെമിക്കല്‍ ഇന്‍ഡസ്ട്രീസില്‍ ഗുമസ്തപ്പണി ചെയ്തു. പിന്നീട് വി. ആര്‍ കൃഷ്ണന്‍ എഴുത്തച്ഛന്റെ ‘ദീനബന്ധു’വില്‍ കോഴിക്കോട് ലേഖകനായി. അഞ്ചു രൂപയായിരുന്നു ശമ്പളം. തെരുവത്തു രാമന്റെ പത്രാധിപത്യത്തില്‍ ‘ഭാരതി’യില്‍ ലേഖനങ്ങളെഴുതി.

അടിയന്തരാവസ്ഥയിലെ അവകാശസമരങ്ങള്‍
കേസരി വാരികയുടെ ഓഫീസ് എസ്.പി. ലക്ഷ്മണയും കൂട്ടരും തകര്‍ത്തു. പത്രാധിപര്‍ എം.എ. സാര്‍, മാനേജര്‍ എം. രാഘവന്‍ എന്നിവര്‍ ഒളിവിലായി. കൊറാത്ത് സര്‍ ഇടപെട്ട് കെ.പി. കേശവമേനോനോട് വിവരം പറഞ്ഞു. കേസരി വാരിക പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങി നല്‍കി.

തപസ്യ സ്ഥാപകന്‍ എം.എ. കൃഷ്ണനൊപ്പം വി.എം കൊറാത്ത്‌

അടിയന്തരാവസ്ഥക്കുശേഷം ചേര്‍ന്ന പത്രപ്രവര്‍ത്തക യൂണിയനില്‍ പ്രതിഷേധപ്രമേയം അവതരിപ്പിക്കാന്‍ കൊറാത്ത് സാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തിരുവനന്തപുരത്ത് പ്രതിഷേധ മാര്‍ച്ചിന് അദ്ദേഹം നേതൃത്വം നല്‍കി.
അടിയന്തരാവസ്ഥക്ക് മാതൃഭൂമി അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചത്. അനുകൂലിച്ച് എഴുതാന്‍ ആവില്ലെന്ന് കൊറാത്ത് സര്‍ നിലപാടെടുത്തു. അടിയന്തരാവസ്ഥയെ യുഗപ്പകര്‍ച്ചയെന്നും സഞ്ജയ് ഗാന്ധിയെ ഉദയസൂര്യനെന്നും എഴുതിയത് ഉദയഭാനു എന്ന എഡിറ്ററായിരുന്നു.
”മാതൃഭൂമിയിലെന്നല്ല കേരളത്തില്‍ തന്നെയുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ കൊറാത്തിനെ അടിയന്തരാവസ്ഥാവിരുദ്ധനെന്ന പേരില്‍ അറസ്റ്റ് ചെയ്യിപ്പിക്കാന്‍ മാത്യഭൂമിയുമായി അടുത്ത ബന്ധമുള്ള ഒരു കോണ്‍ഗ്രസ് നേതാവ് ശ്രമിച്ചിരുന്നതായി” എഴുത്തുകാരനായ പ്രൊഫ. കെ.പി. ശശിധരന്‍ എഴുതി.
തപസ്യയിലേക്ക്
കോഴിക്കോട് പി. മാധവ്ജിയും എം.എ. സാറും ‘സാഹിത്യ സായാഹ്ന’ത്തിന്റെ പേരില്‍ ഒരു പരിപാടി നടത്താന്‍ തീരുമാനിച്ചു. അളകാപുരിയില്‍ കേശവമേനോന്റെ അദ്ധ്യക്ഷതയില്‍ ആയിരുന്നു പരിപാടി. സ്വര്‍ണത്തില്‍ കെട്ടിയ തുളസിമാല പരിപാടിയില്‍ വച്ച് വി.ടി ഭട്ടതിരിപ്പാടിന് സമര്‍പ്പിച്ചു. അഴീക്കോടും ഉറൂബും പ്രസംഗിച്ചു. പൗരാവകാശ നിഷേധത്തിനെതിരെ പരിപാടിയില്‍ വി.ടി. ആഞ്ഞടിച്ചു.

ഇതേ സമയം തന്നെ കേസരിയുടെ രജത ജൂബിലി ആഘോഷത്തില്‍ കേശവമേനോന്‍ മുഖ്യാതിഥിയായി. കൊറാത്ത് സര്‍ സ്വാഗതം ആശംസിച്ചു. ഇതിനോടനുബന്ധിച്ച് സാംസ്‌കാരികബദല്‍ എന്ന ആശയത്തോടെ തപസ്യ രൂപീകരിച്ചു. പി. ബാലകൃഷ്ണന്‍, കൊറാത്ത്, സി.എം. കൃഷ്ണനുണ്ണി, കെ.പി. ശശിധരന്‍, പി.കെ. സുകുമാരന്‍ എന്നിവര്‍ സംഘടനയുടെ ഭാരവാഹികളായി. ആറു വര്‍ഷം കഴിഞ്ഞ് കൊറാത്ത് സാറില്‍നിന്ന് മൂസത് സാര്‍ തപസ്യയുടെ അദ്ധ്യക്ഷച്ചുമതല ഏറ്റെടുത്തു. പിന്നീട് ഒരു ദശാബ്ദക്കാലം അക്കിത്തമായിരുന്നു തപസ്യയുടെ അദ്ധ്യക്ഷന്‍.

1991 ല്‍ കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ നടന്ന സാംസ്‌കാരിക തീര്‍ത്ഥയാത്രയ്ക്ക് അക്കിത്തം നേതൃത്വം കൊടുത്തു. 2002 ല്‍ തപസ്യ രജതോത്സവത്തോടനുബന്ധിച്ച് കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ രണ്ടാമത്തെ യാത്ര സംഘടിപ്പിച്ചു.
വി.എം. കൊറാത്തിനെ അനുസ്മരിച്ചുകൊണ്ട് 2008 ല്‍ എഴുതിയ ലേഖനത്തില്‍ ”ചന്ദനഗന്ധം പോലുള്ള ഒരാള്‍” എന്നാണ് കെ.പി. ശശിധരന്‍ മാഷ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

1991ല്‍ അമ്പലപ്പുഴ ക്ഷേത്രനടയില്‍ തപസ്യയുടെ സാംസ്‌കാരിക തീര്‍ത്ഥയാത്രയില്‍ അക്കിത്തത്തോടൊപ്പം

മലബാര്‍ ക്ഷേത്ര സംരക്ഷണ സമിതി
എത്രയോ എഡിറ്റോറിയലുകള്‍! ലേഖനങ്ങള്‍! പ്രഭാഷണങ്ങള്‍ അദ്ദേഹം തയ്യാറാക്കി. എന്നിട്ടും കേളപ്പജിയേക്കുറിച്ചുള്ള ഒരു ലഘുപുസ്തകം മാത്രമാണ് അദ്ദേഹത്തിന്റെ പേരില്‍ അച്ചടിച്ചു വന്നത്! വളരെ വൈകിയാണ് ”ഓര്‍മ്മയുടെ നിലാവ്” തപസ്യ പ്രസിദ്ധീകരിക്കുന്നത്. കൊറാത്ത് സാറിന്റെ വാഗ്മയം മുഴുവന്‍ വെളിച്ചം കണ്ടാല്‍ സ്വാതന്ത്ര്യത്തിനുമുമ്പും ശേഷവുമുള്ള ദേശീയ സാമൂഹ്യ, സാംസ്‌കാരിക, കാലാ-സാഹിത്യ, ആദ്ധ്യാത്മിക ചരിത്രത്തിന് ഒരു മുതല്‍ക്കൂട്ടാകും.

കേളപ്പജി പ്രസിഡന്റും കൊറാത്ത് സാര്‍ ജനറല്‍ സെക്രട്ടറിയുമായിട്ടാണ് മലബാര്‍ ക്ഷേത്ര സംരക്ഷണ സമിതിയുടെ രൂപീകരണം.

അങ്ങാടിപ്പുറം തളിക്ഷേത്ര പുനരുദ്ധാരണം ഐതിഹാസികമായ സംഭവമായിരുന്നു. ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന വ്യാപകമായ പ്രസ്ഥാനമായി മാറി. മാധവ്ജിയും പി. രാമചന്ദ്രനും കേരളവര്‍മ രാജയും സംഘവും ക്ഷേത്രസംരക്ഷണ വിപ്ലവം തന്നെ നടത്തി. കൊറാത്ത് സാര്‍ അതിന്റെ ഭാഗമായിരുന്നു.

1991ല്‍ മഹാകവി അക്കിത്തം നയിച്ച സാംസ്‌കാരിക തീര്‍ത്ഥയാത്രയില്‍ അക്കിത്തം, സുന്ദരസ്വാമി, വി.എം. കൊറാത്ത്, തുറവൂര്‍ വിശ്വംഭരന്‍ എന്നിവര്‍

നര്‍മബോധം
നര്‍മബോധം കൊറാത്ത് സാറിന്റെ സഹജഭാവമായിരുന്നു. എം.ഡിമാരായിരുന്ന മാധവന്‍ നായര്‍ ഓഫീസിലായിരുന്നു താമസിച്ചിരുന്നത്. ഓഫീസ് വീടാകുമ്പോള്‍ ഓഫീസിന്റെ പഥ്യങ്ങളൊന്നും പാലിക്കാനാകില്ലല്ലോ. ഇതൊന്നുമറിയാത്ത കേശവമേനോന്‍, കുളി കഴിഞ്ഞ് ഈറനുടുത്തു നില്‍ക്കുന്ന മാധവന്‍ നായരെ കണ്ട് അന്ധാളിച്ച കഥ കൊറാത്ത് സാര്‍ നര്‍മ്മത്തോടെ വിവരിക്കുന്നുണ്ട്.

ഗുരുവായൂരില്‍ കേളപ്പജിയുടെ നിരാഹാരം നടക്കുന്നു. ആരോഗ്യം വഷളായി തുടങ്ങി. പിന്തിരിപ്പിക്കാനുള്ള ശ്രമത്തില്‍ ”കേളപ്പജിയുടെ ജീവന്‍ അപകടത്തിലാണ് നിരാഹാരം നിര്‍ത്തണം” എന്ന് മന്നത്തു പത്മനാഭന്‍ പ്രസംഗിച്ചു. ഇതറിയാതെ ”ആദര്‍ശത്തിനുവേണ്ടി നടത്തുന്ന സമരം പരാജയപ്പെടരുത് നിരാഹാരം തുടരണം” എന്ന് ആവേശം പകര്‍ന്ന് എന്‍.പി. ദാമോദരന്‍ പ്രസംഗിച്ചു. മന്നത്തെയും മറികടന്ന് ജനം നിരാഹാരം തുടരണമെന്നായി.

മണ്ടത്തരത്തിന് എന്ത് ലോജിക്?
സ്വന്തമായി കൊറാത്ത് സാര്‍ ഒരു പത്രം തുടങ്ങി. മൂന്നു മാസത്തെ പരീക്ഷണത്തിനൊടുവില്‍ അത് എട്ടുനിലയില്‍ പൊട്ടി. കനത്ത സാമ്പത്തിക നഷ്ടം സംഭവിച്ചു. അത് തുടങ്ങാനുള്ള ലോജിക് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല. കൊറാത്ത് സര്‍ എഴുതുന്നു, ”മണ്ടത്തരത്തിന് എന്ത് ലോജിക്ക്?”
കൊറാത്ത് എന്ന പേര് കോരത് എന്ന ക്രിസ്ത്യാനി പേരാണ് എന്ന് തെറ്റിദ്ധരിച്ച് കുറെപ്പേരെങ്കിലും ദീര്‍ഘനേരം മതകാര്യങ്ങള്‍ സംസാരിച്ചിരുന്നതായി ഒരിക്കല്‍ അദ്ദേഹം പറയുകയുണ്ടായി.

മാതൃഭൂമിയില്‍ നിന്ന് ജന്മഭൂമിയിലേക്ക്
ജന്മഭൂമിയുടെ മൂന്നാമൂഴത്തില്‍ കൊറാത്ത് സാറിന്റെ രണ്ടാമൂഴം ആരംഭിച്ചു. വലിയ പത്രത്തില്‍ നിന്ന് ചെറിയ പത്രത്തിലേക്ക്. അത് നാലു വര്‍ഷം തുടര്‍ന്നു. ജന്മഭൂമിയുടെ പുനഃപ്രസിദ്ധീകരണം ഉല്‍ഘാടനം ചെയ്തത് എല്‍.കെ. അദ്വാനിയായിരുന്നു. ജന്മഭൂമി ഇന്ന് അനേകം എഡിഷനുകളായി വളര്‍ന്നു. ഈ നിലയില്‍ വളര്‍ത്താന്‍ സഹായിച്ചത് പി.സുന്ദരം, പി. നാരായണ്‍ജി, ബാലഗോപാല്‍, കെ.എന്‍. നായര്‍, കൃഷ്ണനുണ്ണി തുടങ്ങിയവരാണ്.
ഒരിക്കല്‍ ജന്മഭൂമിയില്‍ മുഖ്യമന്ത്രി നായനാര്‍ പങ്കെടുത്ത പരിപാടിയുടെ റിപ്പോര്‍ട്ടും പടവും വന്നതും വിശ്വനാഥ മേനോന്റെ ബജറ്റിനെ സ്വാഗതം ചെയ്ത് എഡിറ്റോറിയല്‍ എഴുതിയതും ജന്മഭൂമി വായനക്കാരില്‍ നീരസമുണ്ടാക്കിയെങ്കിലും കൊറാത്തു സാറിനെ ജന്മഭൂമി ചേര്‍ത്തുപിടിച്ചു. പിന്നീട് സഹായത്തിന് കുമ്മനം മാനേജിംഗ് എഡിറ്ററായി നിയമിതനായി.

1975ല്‍ കോഴിക്കോട്ട് നടന്ന ജന്മഭൂമി ഉദ്ഘാടനത്തില്‍ പി. പരമേശ്വരന്‍ ദീപം തെളിയിക്കുന്നു

സംഘവിരോധി സംഘകാര്യാലയത്തില്‍
എറണാകുളത്തെ മാധവനിവാസ് എന്ന സംഘ കാര്യാലയത്തിലായിരുന്നു ജന്മഭൂമിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലയളവില്‍ അദ്ദേഹം താമസിച്ചിരുന്നത്. അവിടെ താമസിക്കുമ്പോഴാണ് സംഘത്തിനെ അദ്ദേഹം അടുത്തറിഞ്ഞത്. ഭക്ഷണം, വ്യവസ്ഥ, നേതാക്കളുടെ വരവ്, ലാളിത്യം, മോഹന്‍ജിയുടെ സേവനം എന്നിവയെല്ലാം സാറിനെ അത്ഭുതപ്പെടുത്തി. ആദ്യമായി ശാഖയില്‍ പോയതും അവിടെ വച്ചുതന്നെ.

ആരോഗ്യം മോശമായപ്പോള്‍ ഭാര്യയുമൊത്ത് വീടെടുത്ത് വേറെ താമസമാക്കി. ക്വാളിറ്റിയില്‍ അദ്ദേഹം കോമ്പ്രമൈസ് ചെയ്തില്ല. വിപുലമായ സമ്പര്‍ക്ക വലയം അദ്ദേഹത്തിനുണ്ടായിരുന്നു. പ്രവര്‍ത്തന മേഖലയില്‍ ആ സമ്പര്‍ക്കം പ്രയോജനപ്പെട്ടു. കനപ്പെട്ട ലേഖകരും ലേഖനങ്ങളും പത്രം, വാരാദ്യം, വാര്‍ഷികപ്പതിപ്പ് തുടങ്ങിയവക്കെല്ലാം അത് പ്രയോജനപ്പെട്ടു.

പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കും. എഴുതിയവര്‍ക്ക് പ്രതിഫലം കൊടുക്കണമെന്ന നിര്‍ബന്ധ ബുദ്ധി അദ്ദേഹത്തിനുണ്ടായിരൂന്നു. സംസ്‌കൃത പണ്ഡിതന്‍ കാലടി ശങ്കരശര്‍മയുടെ മൂന്ന് കൃതികളുടെ അസ്വാദനമെഴുതിയ മുരളി പാറപ്പുറത്തിന്റെ ലേഖനത്തിന് ”വേദാന്തത്തിന്റെ ചില്ലയില്‍ പൂത്ത വല്ലരികള്‍” എന്ന് ശീര്‍ഷകം കൊടുത്തതും അതിന് 50 രൂപ പ്രതിഫലം നല്‍കിയതും മുരളി ഓര്‍ക്കുന്നു.

ജന്മഭൂമിയില്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ മാഷിന്റെ സാഹിത്യചിന്തകള്‍ എന്ന പംക്തി ഉണ്ടായിരുന്നു. മാഷിന്റെ തുറന്നെഴുത്തിന്റെ ആഘാതം താങ്ങുന്നത് കൊറാത്ത് സാര്‍ ആയിരുന്നു. സഹ മാധ്യമങ്ങളോട് അദ്ദേഹത്തിന് എന്നും മാന്യമായ സമീപനമായിരുന്നു ഉണ്ടായിരുന്നത്. നല്ലത് അംഗീകരിക്കാനും ശ്രദ്ധേയമായ ചില കത്തുകള്‍ എഡിറ്റ് ചെയ്ത് കൊടുക്കാനും അദ്ദേഹം ശ്രദ്ധ ചെലുത്തി.

കൊറാത്ത് സാറിന്റേത് അസാമാന്യമായ എഡിറ്റിംഗ് ആയിരുന്നു. വിഷയത്തിലേക്ക് കടക്കാന്‍ ദീര്‍ഘമായ ആമുഖങ്ങള്‍ നിര്‍ദാക്ഷിണ്യം ഒഴിവാക്കും.

ലക്ഷ്മണന്റെ പേരിലുള്ള കോളം ജന്മഭൂമിയിലും തുടര്‍ന്നിരുന്നു. എന്താവാം ലക്ഷ്മണന്‍ എന്ന തൂലികാനാമം സ്വീകരിക്കാന്‍ കൊറാത്ത് സാറിനെ പ്രേരിപ്പിച്ചതെന്ന് ഞാന്‍ ആലോചിക്കാറുണ്ടായിരുന്നു. വെള്ളിവെളിച്ചത്തില്‍ നിന്നകന്ന് രാമന്റെ നിഴലായി ജീവിച്ച ലക്ഷ്മണന്‍ എന്ന കര്‍മയോഗി തന്നെയായിരുന്നല്ലോ കൊറാത്ത് സാര്‍ എന്ന വി.എം. കൊറാത്ത്.

Tags: വിഎം കൊറാത്ത്വിഎം കൊറാത്ത് ജന്മശതാബ്ദി
Share
Tweet
SendShare

Related Posts

ഫുട്ബോളിലൂടെ കടന്നുവരുന്ന മത അധിനിവേശം

ഫുട്ബോളിലൂടെ കടന്നുവരുന്ന മത അധിനിവേശം

തപസ്യ ഒരു ഈശ്വരലാസ്യം

തപസ്യ ഒരു ഈശ്വരലാസ്യം

സാംസ്‌കാരിക നായകര്‍ തപസ്യയോടൊപ്പം 

സാംസ്‌കാരിക നായകര്‍ തപസ്യയോടൊപ്പം 

വികസിത ഭാരതത്തിനായി… ശാസ്ത്രസാങ്കേതിക വഴിയിലെ കുതിച്ചു ചാട്ടങ്ങള്‍

വികസിത ഭാരതത്തിനായി… ശാസ്ത്രസാങ്കേതിക വഴിയിലെ കുതിച്ചു ചാട്ടങ്ങള്‍

പാറ്റ സമരത്തിന് പിന്നിലാര് ?

പാറ്റ സമരത്തിന് പിന്നിലാര് ?

പാറ്റാ സമരത്തിന്റെ ഗുണഭോക്താവ് ആര്?

പാറ്റാ സമരത്തിന്റെ ഗുണഭോക്താവ് ആര്?

Shopping Cart

Latest

സനാതന സംസ്‌കൃതി മാനവക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സനാതന സംസ്‌കൃതി മാനവക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

വിദ്യാഭ്യാസരീതികൾ വിദ്യാർത്ഥിസമൂഹത്തെ രാഷ്ട്രനിർമാണത്തിലേക്ക് നയിക്കുന്നതാകണം: ദത്താത്രേയ ഹൊസബാളെ

വിദ്യാഭ്യാസരീതികൾ വിദ്യാർത്ഥിസമൂഹത്തെ രാഷ്ട്രനിർമാണത്തിലേക്ക് നയിക്കുന്നതാകണം: ദത്താത്രേയ ഹൊസബാളെ

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

വി.എം കൊറാത്ത്: അനശ്വരനായ പത്രപ്രവര്‍ത്തകന്‍

വി.എം കൊറാത്ത്: അനശ്വരനായ പത്രപ്രവര്‍ത്തകന്‍

ഖാര്‍ഗെയുടെ വിലാപങ്ങള്‍!

ഖാര്‍ഗെയുടെ വിലാപങ്ങള്‍!

പ്രിയദര്‍ശിനിയിലെ പ്രതിബന്ധങ്ങള്‍

പ്രിയദര്‍ശിനിയിലെ പ്രതിബന്ധങ്ങള്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഫുട്ബോളിലൂടെ കടന്നുവരുന്ന മത അധിനിവേശം

ഫുട്ബോളിലൂടെ കടന്നുവരുന്ന മത അധിനിവേശം

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies