കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണച്ച നിഷ്‌കളങ്കരായ ഹിന്ദുക്കളോട് കോണ്‍ഗ്രസ് നേതാക്കളും മുസ്ലീം ലീഗ് നേതാക്കളും പറഞ്ഞത് മുസ്ലീം ലീഗ് വര്‍ഗീയ കക്ഷിയല്ലെന്നാണ്. ഇനിയും രാഷ്ട്രീയ പക്വത കൈവരിച്ചിട്ടില്ലാത്ത രാഹുലും മുഖ്യമന്ത്രിമോഹികളായിരുന്ന കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും ഇത് ആവര്‍ത്തിക്കുകയും ചെയ്തു. മുസ്ലീം ലീഗിനോടുള്ള പ്രണയത്തില്‍ ഒരുപടി മുന്നില്‍ നിന്ന വി.ഡി. സതീശനിലാണ് ഇത്തവണ ലീഗ് നേതൃത്വം പ്രതീക്ഷയര്‍പ്പിച്ചത്. അതുകൊണ്ടുതന്നെ മറ്റുള്ളവരെ വെട്ടിനിരത്തി സതീശനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരാനും അത് തങ്ങളുടെ ശ്രമം കൊണ്ടാണെന്ന് വരുത്തിത്തീര്‍ക്കാനും മുസ്ലീം ലീഗിന് കഴിഞ്ഞു. ഇന്ന് കേരള രാഷ്ട്രീയത്തിന്റെ ഗതി നിശ്ചയിക്കുന്നത് പണ്ട് ജവഹര്‍ലാല്‍ നെഹ്‌റു ‘ചത്ത കുതിര’ എന്ന് വിളിച്ച് പുച്ഛിച്ചുതള്ളിയ മുസ്ലീം ലീഗ് ആണെന്ന് തെളിയുകയും ചെയ്തു. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ടും മറ്റ് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വിജയം ഉറപ്പില്ലാത്തതുകൊണ്ടും മുസ്ലീം വോട്ടിലൂടെ മാത്രമേ വിജയം സാധ്യമാകൂ എന്ന് ഉറപ്പിച്ചത് കൊണ്ടും നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാര്‍ക്ക് പാര്‍ലമെന്റ് കാണാന്‍ മുസ്ലീം ലീഗിന്റെ സഹായം ഇല്ലാതെ കഴിയില്ല എന്ന് വന്നതോടെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അവകാശം കൂടി പാണക്കാട് തങ്ങള്‍മാര്‍ക്ക് കോണ്‍ഗ്രസ് അടിയറ വെച്ചു.
കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് കോണ്‍ഗ്രസ് നേതൃത്വത്തോട് ആലോചിക്കാതെ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ പാണക്കാട് തങ്ങള്‍ അഞ്ചാംമന്ത്രിയെ പ്രഖ്യാപിച്ചതിനെതിരെ ശക്തമായ നിലപാടെടുത്ത് ആഞ്ഞടിച്ച വി.ഡി. സതീശന്‍ എന്ന പ്രതീക്ഷ ഉണര്‍ത്തിയ കോണ്‍ഗ്രസ് നേതാവ് അധികാരക്കൊതിയില്‍ എരിഞ്ഞടങ്ങി. പലപ്പോഴും എതിര്‍പ്പിന്റെ ശബ്ദങ്ങള്‍ ഉയര്‍ത്തുകയും കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപ്രസ്ഥാനം മുസ്ലീം ലീഗിന്റെ മതമൗലികവാദത്തിന് കീഴടങ്ങാന്‍ ഉള്ളതല്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്ത ആര്യാടന്‍ മുഹമ്മദും പി.ടി. തോമസും കഥാവശേഷരായി. പണ്ട് എതിര്‍പ്പിന്റെ ശബ്ദം ഉയര്‍ത്തിയ എം.എം. ഹസ്സനും വി.എം. സുധീരനും അടക്കമുള്ള പഴയ പടക്കുതിരകള്‍ ഒതുങ്ങുകയും വാര്‍ദ്ധക്യകാല പരിരക്ഷണത്തിന് പോലും മുസ്ലീം ലീഗിന്റെ കാരുണ്യം വേണമെന്ന അവസ്ഥയും വന്നപ്പോള്‍ കോണ്‍ഗ്രസില്‍ യുവതുര്‍ക്കികള്‍ അന്യംനിന്നു എന്ന് മാത്രമല്ല, ലീഗിനെതിരെ ഒരു വാക്ക് ഉരിയാടാന്‍ പോലും ആളില്ലാത്ത അവസ്ഥയായി.
സ്വാതന്ത്ര്യസമരകാലത്തെ നിലപാടുകളില്‍ നിന്നും, മുസ്ലീം ലീഗുമായുള്ള വിയോജിപ്പുകളില്‍ നിന്നും കേരളത്തിലെ കോണ്‍ഗ്രസ് എത്രമാത്രം അകന്നു എന്നതിന്റെ ദൃഷ്ടാന്തം കാണാന്‍ സംസ്ഥാന ഭരണം മാത്രം നോക്കിയാല്‍ മതി. ഭാരതത്തിലെ വിപ്ലവകാരികളും അല്ലാത്തവരുമായ എല്ലാ സ്വാതന്ത്ര്യസമരസേനാനികളെയും ഒരേപോലെ പ്രചോദിപ്പിച്ച, അവരുടെ ആവേശമന്ത്രമായി മാറിയ വന്ദേമാതരത്തിന്റെ 150-ാംവാര്‍ഷികത്തില്‍, ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം പൂര്‍ണമായി ചൊല്ലണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നു. ദേശീയഗാനത്തിനൊപ്പം ദേശീയഗീതത്തെയും നിയമംമൂലം തുല്യമാക്കുകയും അത് ആലപിക്കാന്‍ പുതിയ പ്രോട്ടോകോള്‍ കൊണ്ടുവരികയും ചെയ്തു. മുസ്ലീം ലീഗ് രൂപീകരിക്കപ്പെട്ടത് മുതല്‍ അവര്‍ ഉയര്‍ത്തിയിരുന്ന മതവാദത്തിന്റെ പ്രതീകമായി ഭാരതീയവും സനാതനവും ഹൈന്ദവവുമായ എല്ലാം വര്‍ഗീയവും എതിര്‍ക്കപ്പെടേണ്ടതുമാണ് എന്ന നിലപാടിലൂടെയാണ് മുസ്ലീം ലീഗ് പോകുന്നത്. അതിന് ഒത്താശ പാടുന്നത് വി.ഡി. സതീശന്‍ മാത്രമല്ല. പിണറായി വിജയനും സിപിഎമ്മും ഇതേ നിലപാടാണ് സ്വീകരിക്കുന്നത്. വന്ദേമാതരം ആലപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം ചീഫ് സെക്രട്ടറി സര്‍ക്കുലറായി ഇറക്കിയപ്പോള്‍ അതിനെതിരെ രംഗത്തുവന്നത് പിണറായി വിജയനാണ്. പിണറായി വിജയനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും സ്വാതന്ത്ര്യസമരം എന്നത് ഒരിക്കലും ദഹിക്കുന്ന കാര്യമല്ല. 1942 ലെ ക്വിറ്റിന്ത്യാ സമരത്തെ എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ബ്രിട്ടീഷുകാര്‍ക്ക് ഒറ്റിക്കൊടുത്തത് എന്നത് ‘ദ ഗ്രേറ്റ് ബിട്രയല്‍’ എന്ന പുസ്തകത്തിലൂടെ അരുണ്‍ ഷൂറി വരച്ചുകാട്ടിയിട്ടുണ്ട്. വി.ഡി. സതീശനെ പ്രകോപിപ്പിക്കാന്‍ തന്റെ പ്രസ്താവനയ്ക്ക് കഴിഞ്ഞു എന്നതാണ് പിണറായി വിജയന്റെ വിജയരഹസ്യം. ആരാണ് മുസ്ലീം ലീഗിന്റെ ഏറ്റവും വലിയ മൂടുതാങ്ങി എന്ന മത്സരമാണ് ഇന്ന് കേരള രാഷ്ട്രീയത്തില്‍ നടക്കുന്നത്. ദേശീയ പുരുഷന്മാരെയും ദേശീയപ്രതീകങ്ങളെയും ദേശീയ ഗാനത്തെയും ദേശീയഗീതത്തെയും അപമാനിക്കുന്നതിലും അപഹസിക്കുന്നതിലും രണ്ടു മുന്നണികളും തമ്മിലുള്ള അതിശക്തമായ മത്സരം അരങ്ങേറുകയാണ്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കുന്നത്, വന്ദേമാതരം പൂര്‍ണമായി പാടുന്നത് ആര്‍എസ്എസിനും കേന്ദ്രസര്‍ക്കാരിനും ഉള്ള കീഴടങ്ങലും അടിമത്തവും ആണ് എന്ന് പിണറായി വിജയന്‍ പറയുമ്പോള്‍ സ്വാതന്ത്ര്യദിനത്തിന് കാണാമല്ലോ എന്ന് തിരിച്ചടിക്കുന്ന വി.ഡി. സതീശന്‍ അല്പബുദ്ധിയായ രാഹുലിന് പറ്റിയ കൂട്ടാളിയാണ് എന്ന് തെളിയിക്കുകയാണ്.
വന്ദേമാതരത്തിലെ തത്ത്വം ഭാരതഭൂമിയെ മാതാവായി കാണുന്നതാണ്. മാതൃത്വത്തിന്റെ ഉദാത്ത സങ്കല്പം സ്ത്രീയെ കൃഷിയിടം മാത്രമായി കാണുന്നവര്‍ക്ക് ദഹിക്കാത്തത് സ്വാഭാവികം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വര്‍ഗീയ പ്രീണന സങ്കല്‍പ്പത്തിനനുസരിച്ച് വന്ദേമാതര ഗീതത്തെ വെട്ടിമുറിച്ചത് തെറ്റാണെന്ന് സുഭാഷ് ചന്ദ്ര ബോസ് അടക്കമുള്ള ദേശീയ നേതാക്കള്‍ മുഴുവന്‍ പറഞ്ഞതാണ്. സര്‍ദാര്‍ പട്ടേലിന്റെയും കെ.എം. മുന്‍ഷിയുടെയും നിലപാടും അതുതന്നെയായിരുന്നു. പലപ്പോഴും നെഹ്‌റുവിന്റെ നിര്‍ബന്ധങ്ങള്‍ക്ക് കീഴടങ്ങിയ ഗാന്ധിജി ഇക്കാര്യത്തിലും കീഴടങ്ങുകയായിരുന്നു. കോണ്‍ഗ്രസിന്റെയും നെഹ്‌റുവിന്റെയും നാണംകെട്ട കീഴടങ്ങലുകള്‍ക്ക് സഹസ്രാബ്ദങ്ങളായി ലോകത്തെ നയിച്ച ഭാരതം ഇനിയും വഴങ്ങണോ എന്നതാണ് പ്രശ്‌നം. സഹസ്രാബ്ദങ്ങളായി രാഷ്ട്രത്തെ മാതാവായി കാണുന്ന, വേദകാലത്തെ അഥര്‍വ്വവേദത്തിലെ പൃഥ്വീസൂക്തത്തിലൂടെ പോലും ഉന്നയിക്കപ്പെട്ട ഇക്കാര്യം വന്ദേമാതരത്തിലൂടെ ആവര്‍ത്തിക്കുമ്പോള്‍ എന്തിനാണ് കോണ്‍ഗ്രസ്സും മുസ്‌ലീം ലീഗും കമ്മ്യൂണിസ്റ്റുകാരും അതിനെ എതിര്‍ക്കുന്നത്? ഭാരതീയ മാതൃസങ്കല്പത്തിലെ ദുര്‍ഗയെയും സരസ്വതിയെയും ഒക്കെ ദഹിക്കാതെ പോകുന്നത് കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും മുസ്ലീംലീഗിന്റെയും മനസ്സിലും ആത്മാവിലും നിറഞ്ഞുനില്‍ക്കുന്ന വൈദേശിക ജീനിന്റെ പ്രചോദനം മൂലമാണ്. ഭാരതീയ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പൈതൃകമോ മാനബിന്ദുക്കളോ ഒരുതരത്തിലും സ്വാധീനിക്കാത്ത, സ്വാംശീകരിക്കാത്ത പ്രസ്ഥാനങ്ങള്‍ക്ക് ദേശീയതയോട് എതിര്‍പ്പ് വരുന്നത് സ്വാഭാവികം. കേരളം പോലെ ഒരു ചെറിയ സംസ്ഥാനത്ത് അധികാരത്തിലെത്താനുള്ള കുറുക്കുവഴി എന്ന നിലയില്‍ വര്‍ഗീയതയെ താലോലിക്കുകയും അവര്‍ക്ക് ഓശാന പാടുകയും ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണ്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്, ഗംഗ എന്ന പേരുള്ള വീട്ടില്‍ താമസിക്കില്ല എന്ന് ശഠിച്ച മതനിരപേക്ഷവാദിയായ മുസ്ലീം ലീഗ് മന്ത്രിക്ക് മുന്നില്‍ മുട്ടുമടക്കി വീടിന്റെ പേരുമാറ്റിയ കോണ്‍ഗ്രസിന് എന്തു ദേശീയ ബോധമാണുള്ളത്? ഇവിടുത്തെ മുസ്ലീങ്ങള്‍ ആരും അറേബ്യയില്‍ നിന്ന് വന്നവരല്ല. ഇവിടെ ജനിച്ചുവളര്‍ന്നുവന്ന നമ്മുടെ മുന്‍ഗാമികളില്‍ ചിലരൊക്കെ മതം മാറിയവരാണ് എന്ന ആര്യാടന്‍ മുഹമ്മദിന്റെ വാക്കുകള്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മതവിശ്വാസം മാറുമ്പോള്‍ പാരമ്പര്യവും ദേശീയബോധവും മാറുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കോണ്‍ഗ്രസിന്റെ വര്‍ഗീയതയ്ക്ക് കീഴടങ്ങുന്ന നിലപാട്. വന്ദേമാതരത്തിലും നിലവിളക്ക് കൊളുത്തുന്നതിലും അടക്കം മുസ്ലീം ലീഗിന്റെ തക്കിയക്കും ഫത്വക്കും കീഴടങ്ങുന്ന കോണ്‍ഗ്രസിന് ആത്മാഭിമാനം നഷ്ടപ്പെട്ടു കഴിഞ്ഞു.
ഇതേസാഹചര്യം തന്നെയാണ് വീര സാവര്‍ക്കറുടെ കാര്യത്തിലും. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കഴിഞ്ഞ സ്വാതന്ത്ര്യസമരസേനാനി ആരാണെന്ന് ഒരു ക്വിസ് മത്സരത്തില്‍ ചോദ്യമിട്ട കാസര്‍കോട്ടെ പാവപ്പെട്ട അധ്യാപകനെ മുസ്ലീംലീഗിന്റെ വിദ്യാഭ്യാസമന്ത്രി സസ്‌പെന്‍ഡ് ചെയ്തു. അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്താല്‍ സ്വാതന്ത്ര്യസമരചരിത്രം തിരുത്തി എഴുതാന്‍ കഴിയുമോ? ഈ ചോദ്യത്തില്‍ എന്താണ് തെറ്റ്? വീരസാവര്‍ക്കറോട് മുസ്ലീം ലീഗിന് എതിര്‍പ്പുണ്ടാവുന്നത് സ്വാഭാവികം. 1921 ലെ മാപ്പിള കലാപം ജയിലില്‍ കിടന്ന് അറിഞ്ഞ വീരസാവര്‍ക്കര്‍ പ്രാണഭയം കൊണ്ട് കാട്ടിലേക്ക് ഓടിയ ഹിന്ദുക്കളോട് ചെറുത്തുനില്‍ക്കാന്‍ ആവശ്യപ്പെടുകയും ‘മാപ്പിള’ എന്ന നോവലിലൂടെ ഇതിന് രാജവ്യാപകമായ പ്രചാരണം നല്‍കുകയും ചെയ്തു. വീരസാവര്‍ക്കര്‍ അവരുടെ പ്രഖ്യാപിത ശത്രുവാണ്. പക്ഷേ രാജ്യത്തിനുവേണ്ടി 27 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചത് മുന്‍കാലപ്രാബല്യത്തില്‍ കുറയ്ക്കാന്‍ വി.ഡി. സതീശനും ഷംസുദ്ദീനും പാണക്കാട് തങ്ങള്‍ക്കും കഴിയുമോ? മുസ്ലീം ലീഗുകാരന് മതവിശ്വാസം ഉള്ളതുപോലെ സ്വന്തം വിശ്വാസം അനുഷ്ഠിക്കാനുള്ള അവകാശം ഹിന്ദുമതത്തിലുള്ളവര്‍ക്കും ക്രിസ്തുമതത്തിലുള്ളവര്‍ക്കും മതമില്ലാത്തവര്‍ക്കും ഇല്ലേ? മതം മാത്രമാണ് തങ്ങള്‍ക്ക് പ്രധാനമെന്ന് ഉദ്‌ഘോഷിച്ച കെ.എം. ഷാജി മന്ത്രിയാകുന്നതിനുമുമ്പ്, കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് സജി ചെറിയാന്‍ മാതാ അമൃതാനന്ദമയി ദേവിയെ സന്ദര്‍ശിച്ചതിനെതിരെ ഇറക്കിയ പ്രസ്താവന ഇപ്പോള്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ അമ്മയെ കാണാന്‍ പോയപ്പോള്‍ ആവര്‍ത്തിച്ചിരിക്കുന്നു. അമ്മ ആള്‍ദൈവമാണെന്നും അമ്മയെപ്പോലുള്ളവരെ കാണാന്‍ പോകരുതെന്നുമാണ് ഷാജിയുടെ തിട്ടൂരം. പാണക്കാട് തങ്ങളെ കാണാന്‍, കാന്തപുരം ഉസ്താദിനെ കാണാന്‍, പിന്നെ ഭക്ഷണം ഹലാല്‍ ആക്കാന്‍ തുപ്പുന്ന മൊല്ലാക്കമാരെ കാണാന്‍, പോകുന്ന നൂറു കണക്കിന് കോണ്‍ഗ്രസുകാരോടും ലീഗുകാരോടും ഇത് പറയാനുള്ള ചങ്കൂറ്റം ഷാജിക്ക് ഉണ്ടോ? ആത്മീയ നേതാവ് എന്നതിന് ഉപരിയായി കേരളത്തിന്റെ എന്നല്ല ഭാരതത്തിന്റെ തന്നെ മാതൃത്വത്തിന്റെ ജീവിക്കുന്ന പ്രതീകമായി മാതാ അമൃതാനന്ദമയി ദേവി മാറിക്കഴിഞ്ഞു. മുഴുവന്‍ ലോകരാഷ്ട്രങ്ങളില്‍ നിന്ന് അമ്മയെ തേടി കോടിക്കണക്കിന് ആള്‍ക്കാര്‍ കാത്തുനില്‍ക്കുമ്പോള്‍ ആരോടും മതം മാറാന്‍ പറയാത്ത, ആരെയും മതം മാറ്റിയിട്ടില്ലാത്ത എല്ലാവര്‍ക്കും ഒരു ആലിംഗനത്തിലൂടെ സ്‌നേഹവും ശാന്തിയും നല്‍കുന്ന അമ്മയെ കാണാനും തിരിച്ചറിയാനും കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്? കേരളത്തിലെ, ഭാരതത്തിലെ മറ്റേത് സന്യാസി ആശ്രമങ്ങളും ചെയ്യുന്നതിനേക്കാള്‍ ഏറെ സേവന പ്രവര്‍ത്തനങ്ങളും കാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുകയും ജാതിക്കും മതത്തിനും അതീതമായി സര്‍വ്വരുടേയും കണ്ണീരൊപ്പുകയും ചെയ്യുന്ന അമ്മയുടെ മാതൃനിര്‍വിശേഷമായ സ്‌നേഹം മനസ്സിലാക്കാന്‍ കഴിയാത്ത മനോവൈകല്യത്തിനും ദുര്‍ബുദ്ധിക്കും പിന്നില്‍ സനാതനധര്‍മ്മത്തോടും ഹൈന്ദവ സംസ്‌കാരത്തോടുമുള്ള വിരോധമാണെന്ന് മനസ്സിലാക്കാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ട കാര്യമില്ല. കെ.എം. ഷാജിക്ക് മാത്രമല്ല, ഷംസുദ്ദീനും മുസ്ലീം ലീഗിനും വി.ഡി. സതീശനും കോണ്‍ഗ്രസിനും പിണറായിക്കും സിപിഎമ്മിനും ചികിത്സവേണം. അവര്‍ കളിക്കുന്ന വോട്ട് ബാങ്ക് രാഷ്ട്രീയത്തെ നേരിടാന്‍ ഹിന്ദു വോട്ട് ബാങ്ക് ഉണ്ടായാല്‍ മാത്രമേ കഴിയൂ. അതിന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതുപോലെ നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഹിന്ദുസമൂഹം ഒന്നാവുകയും സനാതനധര്‍മ്മത്തിന്റെയും സംസ്‌കാരത്തിന്റെയും രക്ഷയ്ക്ക് വേണ്ടി വോട്ടുബാങ്ക് ആവുകയും വേണം. ഹിന്ദു സമൂഹം ഇത് തിരിച്ചറിയുന്ന ഒരു കാലഘട്ടം തന്നെയാണ് വരാന്‍ പോകുന്നത്.






















