ഹൈക്കോടതിയും സുപ്രീംകോടതിയും ഇടപെട്ടിട്ടും ദേവസ്വം കാര്യങ്ങള്‍ക്ക് മാത്രമായി ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ചിട്ടും ക്ഷേത്രസ്വത്തുക്കള്‍ അന്യാധീനപ്പെടുക മാത്രമല്ല, ഹിന്ദുവിന്റെ ആരാധനയും അനുഷ്ഠാനങ്ങളും ആചാരവും സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഹിന്ദുവിന്റെ ആലസ്യവും അനവധാനതയും, ഇതൊന്നും വ്യക്തിപരമായി തങ്ങളുടെ ജീവിതത്തെ ബാധിക്കുന്നില്ലല്ലോ എന്ന സുരക്ഷിതബോധവും രാഷ്ട്രീയത്തിന്റെയും ജാതിയുടെയും വേലിക്കെട്ടുകളില്‍ സ്വയം തളച്ചിടുന്ന മാനസികാവസ്ഥയും ഒക്കെയാകാം ഇതിന്റെ അടിസ്ഥാനപരമായ കാരണം. ഏതു സര്‍ക്കാര്‍ വന്നാലും ഹിന്ദുക്കള്‍ക്ക് രക്ഷയില്ല എന്നതാണ് സ്ഥിതി.
തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളത്ത് വര്‍ഷത്തില്‍ രണ്ടുതവണയാണ് നടക്കുന്നത്. തിരുവിതാംകൂര്‍ രാജ്യം ഭാരതത്തില്‍ ലയിക്കുമ്പോള്‍ അന്നത്തെ ഭരണാധികാരികളുമായി ഉണ്ടാക്കിയ കവണന്റ് അനുസരിച്ച് ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാനും ഒരു മാറ്റവും ഇല്ലാതെ നടത്താനുമുള്ള നിബന്ധന കരാറില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ നിബന്ധനകള്‍ അനുസരിച്ചാണ് പത്മനാഭസ്വാമിക്ഷേത്രത്തിന്റെ ഭരണാവകാശം ഏറ്റെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളെ തള്ളിക്കളയുകയും രാജകൊട്ടാരത്തിന്റെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ഭരണസമിതി രൂപീകരിച്ചതും. ആറാട്ട് എഴുന്നള്ളത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാനഗതാഗതം നിയന്ത്രിക്കുകയും എഴുന്നള്ളത്തിന് കടന്നു പോകാന്‍ വേണ്ടി മണിക്കൂറുകള്‍ വിമാനത്താവളം അടച്ചിടുകയും ചെയ്യും. ആറാട്ട് കടവില്‍ അലോസരം ഉണ്ടാക്കാനുള്ള ശ്രമം ചിലര്‍ തുടങ്ങിയിട്ട് കാലമേറെയായി. ഒരിക്കല്‍ മാര്‍പാപ്പ വന്നു സംസാരിച്ച വേദി സ്ഥിരം സ്മാരകമാക്കി ആറാട്ടുകടവ് കൈയ്യേറാനുള്ള ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ ശ്രമത്തെ, ചെറുത്തത് പി. പരമേശ്വര്‍ജിയുടെ നേതൃത്വത്തിലുള്ള ഹൈന്ദവ സംഘടനകളുടെ പ്രക്ഷോഭമാണ്. വിനോദസഞ്ചാരവകുപ്പും പഴയ മേയര്‍ ആര്യ രാജേന്ദ്രന്റെ കുപ്രസിദ്ധമായ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണവും ചേര്‍ന്ന് ആറാട്ട് മണ്ഡപത്തില്‍ മാംസഭക്ഷണം പാകം ചെയ്യാനും വില്‍ക്കാനും നടത്തിയ ശ്രമം വിവാദമാവുകയും ഹൈന്ദവ സംഘടനകളുടെ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് മാറ്റുകയും ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും ഒരു പുതിയ പ്രശ്‌നം ഉരുത്തിരിയുകയാണ്. ജലവിഭവകുപ്പിന്റെ തീരസംരക്ഷണ പദ്ധതിയില്‍ വലിയ ഗാലറി നിര്‍മ്മിച്ച് ആറാട്ട് മണ്ഡപവും ആറാട്ട് കടവും തമ്മില്‍ നേരിട്ടുള്ള ബന്ധം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നേരത്തെ ജലവിഭവ മന്ത്രിയായിരുന്ന റോഷി അഗസ്റ്റിന്റെ കാലത്ത് തയ്യാറാക്കിയതാണത്രെ പദ്ധതി. ഇപ്പോഴത്തെ മന്ത്രി മോന്‍സ് ജോസഫിന്റെ കാലത്തും അത് തുടരുകയാണ്. പത്മനാഭസ്വാമിയുടെ ആറാട്ടുകടവില്‍ ആറാട്ട് മണ്ഡപവും അനുഷ്ഠാനക്രിയകള്‍ക്കും യാതൊരു മാറ്റവും ഇല്ലാത്ത തരത്തില്‍ നിലനിര്‍ത്താനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും ഭരണഘടനാനുസൃതമായി തന്നെയുണ്ട്.
എന്തുകൊണ്ട് ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തോന്നിയതുപോലെ പ്രവര്‍ ത്തിക്കുന്നു എന്ന കാര്യം ചിന്തിക്കേണ്ടതാണ്. കടപ്പുറത്ത് ഒരുപക്ഷേ ന്യൂനപക്ഷ വോട്ടുകള്‍ അധികം ഉണ്ടാവും. കടപ്പുറത്തിന് ഇപ്പുറത്തേക്ക് ഹിന്ദു ഭൂരിപക്ഷം ആണെന്നും ഹൈന്ദവ താത്പര്യം സംരക്ഷിക്കാന്‍ ഏതറ്റം വരെയും ഹിന്ദുക്കള്‍ പോകും എന്നുള്ള കാര്യവും മറക്കരുത്. ആറാട്ടിനെ ബാധിക്കാത്ത രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ക്ഷേത്രങ്ങളിലെ ദേവതകളെ നിയമത്തിന്റെ ദൃഷ്ടിയില്‍ മൈനര്‍ എന്ന നിലയില്‍ പെടുത്തി അവകാശങ്ങളോടെ പരിപാലിക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടങ്ങള്‍, ദേവസ്വം ബോര്‍ഡുകള്‍ എന്നിവയില്‍ നിക്ഷിപ്തവുമാണ്. കേരളത്തിലെ ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഏക്കര്‍ കണക്കിന് ഭൂമിയെ സംബന്ധിച്ച ഹര്‍ജികള്‍ പലതവണ നീതിപീഠങ്ങള്‍ക്ക് മുന്നില്‍ എത്തിയതാണ്. കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം മന്ത്രി ആയിരിക്കുമ്പോള്‍ സംസ്ഥാന നിയമസഭയിലും ഹൈക്കോടതിയിലും ദേവസ്വം ഭൂമി വീണ്ടെടുക്കാനും പരിരക്ഷിക്കാനും പ്രത്യേക ട്രിബ്യൂണല്‍ ഉടന്‍തന്നെ രൂപീകരിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. കടകംപള്ളി മന്ത്രിസ്ഥാനം ഒഴിഞ്ഞ് വാസവന്‍ അഞ്ചുവര്‍ഷം ഭരിച്ചു പോയിട്ടും ട്രിബ്യൂണല്‍ സംബന്ധിച്ച ബില്ല് പുറത്തുവന്നില്ല. ബില്ല് തയ്യാറാക്കിയിരുന്നെന്നും ഇത് റവന്യൂ നിയമ വകുപ്പുകള്‍ സംയുക്തമായി സെക്രട്ടറിയേറ്റില്‍ മുക്കി എന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്ത. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയില്‍ ബില്ല് നിയമമാകാത്തതുകൊണ്ട് ഇത് അവിശ്വസിക്കാനും കഴിയില്ല. ക്ഷേത്രഭൂമികള്‍ കയ്യടക്കിയ ഭൂമാഫിയയുടെ പ്രവര്‍ത്തനവും ഇടപെടലും ആണ് ക്ഷേത്ര ട്രിബ്യൂണല്‍ സംബന്ധിച്ച നിയമം മുങ്ങാന്‍ കാരണം. ഈ ബില്ല് കണ്ടെത്താനും ക്ഷേത്ര ട്രിബ്യൂണല്‍ രൂപീകരിക്കാനും ഹൈക്കോടതിയോ ദേവസ്വം ബെഞ്ചോ വീണ്ടും ഇടപെടേണ്ട സാഹചര്യമാണ് ഉള്ളത്. ബിലീവേഴ്‌സ് ചര്‍ച്ച് വ്യാജരേഖകള്‍ സൃഷ്ടിച്ച് കൈവശം വെച്ചിരിക്കുന്ന പശ്ചിമ ദേവസ്വത്തിന്റെ ചെറുവള്ളി എസ്റ്റേറ്റ് മുതല്‍ നിരവധി എസ്റ്റേറ്റുകളും നഗരഹൃദയങ്ങളിലെ ഭൂസത്തും ഉള്‍പ്പെടെ ഏതാണ്ട് ഒന്നരലക്ഷം ഏക്കറോളം ഭൂമി അന്യാധീനപ്പെട്ടിരിക്കുന്നു എന്നാണ് സാമാന്യകണക്ക്. ഈ ഭൂമി കയ്യടക്കിയിരിക്കുന്നവരാരും സ്വസ്ഥമായി കഴിയില്ല എന്നത് വേറെ കാര്യം. പക്ഷേ, ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാനും പരിപാലിക്കാനും ഭരണഘടനാപരമായി ബാധ്യതയുള്ള സര്‍ക്കാരുകള്‍ക്ക് ഈ ഭൂമി വീണ്ടെടുക്കാനും പരിപാലിക്കാനും ഉത്തരവാദിത്തമില്ലേ? ഏറ്റവും കൂടുതല്‍ ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ട പ്രദേശമാണ് മലബാര്‍. ടിപ്പുവിന്റെയും ഹൈദറുടെയും പടയോട്ട കാലത്തും സ്വാതന്ത്ര്യസമരമായി കമ്യൂണിസ്റ്റുകാരും മുസ്ലീംലീഗും വാഴ്ത്തുന്ന മലബാര്‍ മാപ്പിള കലാപത്തിലും നൂറുകണക്കിന് ക്ഷേത്രങ്ങളാണ് തകര്‍ക്കപ്പെട്ടത്. പല ക്ഷേത്രങ്ങളും ഇനിയും പുനരുദ്ധരിച്ചിട്ടില്ല. ഹിന്ദുവിന്റെ സ്വാഭാവികമായ ആലസ്യവും വീറോടെ പോരാടാനും മാനബിന്ദുക്കളെ സംരക്ഷിക്കാനും ഉള്ള സ്വാഭിമാന ബോധത്തിന്റെ കുറവും തകര്‍ക്കപ്പെട്ട ഓരോ ക്ഷേത്രങ്ങളിലും കാണാം. ക്ഷേത്രഭൂമികള്‍ പലയിടത്തും അന്യാധീനപ്പെട്ടിരിക്കുന്നു. പല ക്ഷേത്രങ്ങളിലേക്കുമുള്ള വഴികള്‍ തീവ്രവാദികളായ സമാധാന മതക്കാര്‍ തടഞ്ഞിരിക്കുന്നു. ക്ഷേത്രങ്ങളുടെ ഊരാണ്മ അവകാശികളായി പോലും ഇതരമതസ്ഥര്‍ വന്നിരിക്കുന്നു.
കേരളത്തില്‍ ഉടനീളമുള്ള ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട സ്വത്ത് വീണ്ടെടുക്കാന്‍ ഹൈന്ദവ സംഘടനകളുടെ സംയുക്തമായ പരിശ്രമം അനിവാര്യമാണ്. ദേശീയപാതയ്ക്ക് ഏറ്റെടുത്ത സ്ഥലത്തിന്റെ നഷ്ടപരിഹാരമായി ലഭിച്ച നൂറ്റിഎട്ടു കോടിയോളം രൂപ സംസ്ഥാന സര്‍ക്കാരിന്റെ കൈവശമാണ്. ക്ഷേത്രഭൂമിക്ക് പകരം കിട്ടിയ ഈ തുക ക്ഷേത്ര ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കേണ്ടതാണ്. നഷ്ടമായ ഭൂമിക്ക് പകരം സ്ഥലം ഏറ്റെടുത്ത് നല്‍കുകയോ അല്ലെങ്കില്‍ അത് ദേവസ്വത്തെ ഏല്‍പ്പിച്ച് സ്ഥലം വാങ്ങുകയോ ചെയ്യണം. അടിയന്തരമായി ഈ തുക മടക്കിനല്‍കാനുള്ള ശ്രമം പുതിയ സര്‍ക്കാരില്‍ നിന്ന് ഉണ്ടാകണം. ക്ഷേത്രഭൂമി കൈയേറിയവര്‍ സ്വമേധയാ നല്‍കുന്നില്ലെങ്കില്‍ ട്രിബ്യൂണല്‍ രൂപീകരിച്ച് നിയമാനുസൃതം ഭൂമി വീണ്ടെടുക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്‌തേ കഴിയൂ. വയനാട്ടിലെ ആദിവാസികളുടെ ഭൂമി നഷ്ടമായത് തിരിച്ചു കൊടുക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടും കേരള കോണ്‍ഗ്രസുകളും സംഘടിത മതവിഭാഗങ്ങളും ചേര്‍ന്ന് അത് പരാജയപ്പെടുത്തിയ അനുഭവം നമ്മുടെ മുന്നിലുണ്ട്. അന്ന് ഇടതുമുന്നണിയും വലത് മുന്നണിയും സംയുക്തമായാണ് നിയമനിര്‍മ്മാണം കൊണ്ടുവന്ന് ആദിവാസികളുടെ ഭൂമി തിരിച്ചു കൊടുക്കേണ്ട എന്ന തീരുമാനമെടുത്തത്. സംസ്ഥാന സര്‍ക്കാര്‍ പകരം കൊടുക്കുമെന്ന് പറഞ്ഞ ഭൂമി എന്തായി എന്ന കാര്യം അന്വേഷിക്കേണ്ടതാണ്. ഇതിനിടെ ക്ഷേത്രസ്വത്തുക്കളുടെ നഷ്ടം മറുഭാഗത്ത്.

ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ഇടപെട്ടതുകൊണ്ട് മാത്രമാണ് ശബരിമലയിലെ സ്വര്‍ണക്കൊള്ളയുടെ ഇത്രയും ഭാഗമെങ്കിലും പുറത്തുവന്നത്. പക്ഷേ അന്വേഷണം ദൈവതുല്യര്‍ എന്ന് പഴയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ വിവരിച്ച ആളുകളിലേക്ക് പോയില്ല. പകരം ദേവസ്വം ബോര്‍ഡുകളില്‍ മാത്രം ഒതുങ്ങി. ശബരിമലയിലെ കിലോ കണക്കിന് സ്വര്‍ണ്ണം മോഷ്ടിച്ചു മാറ്റാന്‍ ദേവസ്വം ബോര്‍ഡിന്റെ ഭാരവാഹികള്‍ മാത്രം വിചാരിച്ചാല്‍ കഴിയില്ല. ദേവസ്വം മന്ത്രിമാരുടെയും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെയും അറിവില്ലാതെ ശബരിമലയിലെ സ്വര്‍ണക്കൊള്ള നടക്കില്ല എന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടുതന്നെ പ്രത്യേക അന്വേഷണ സംഘത്തെ വരുതിയില്‍ നിര്‍ത്താനുള്ള ശ്രമമാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്തുണ്ടായത്. ശബരിമലയില്‍ നിന്ന് കട്ടവരാരും രക്ഷപ്പെട്ടിട്ടില്ല എന്ന വിശ്വാസം സത്യമാണ്. അതുകൊണ്ടുതന്നെ ശബരിമലയിലെ മോഷണവുമായി ബന്ധപ്പെട്ട ഓരോരുത്തരും ഇന്ന് ചക്രവ്യൂഹത്തില്‍ പെട്ടത് പോലെ കുടുങ്ങുന്നത് കാണുമ്പോള്‍ ഏതു ദേവതുല്യനും പിടിക്കപ്പെടും എന്ന കാര്യം ഉറപ്പുമാണ്.
ഗുരുവായൂരില്‍ ഇതിനേക്കാള്‍ വലിയ കൊള്ളയാണ് നടക്കുന്നത്. ഓഡിറ്റ് വകുപ്പ് ചോദിച്ച 2058 ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കാത്തതും കണക്കുകള്‍ ഇല്ലാത്തതും സ്വര്‍ണത്തിന്റെയും മറ്റ് ഉരുപ്പടികളുടെയും രേഖകളിലെ വ്യതിയാനവും ഒക്കെ ഹൈക്കോടതി ദേവസ്വം ബെഞ്ച് ചൂണ്ടിക്കാണിച്ചു കഴിഞ്ഞു. ക്ഷേത്രസ്വത്തുക്കളും സ്വര്‍ണ്ണവും നഷ്ടപ്പെടണമെങ്കില്‍ അധികൃതരുടെ സഹായമില്ലാതെ, അവര്‍ കണ്ണടച്ചാല്‍ അല്ലാതെ നടക്കുമോ. ക്ഷേത്രങ്ങളുടെ ഒരുതരി മണ്ണുപോലും നഷ്ടമാകാതിരിക്കാന്‍ ഭഗവാന്റെ സ്വത്ത് സംരക്ഷിക്കാന്‍ അതിശക്തമായ ഒരു ഹൈന്ദവ മുന്നേറ്റം ഉണ്ടായേ കഴിയൂ. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങിയിരുന്ന ചിത്തിര തിരുനാള്‍ മഹാരാജാവ് ഒരുതരി മണ്ണ് അവിടെനിന്ന് പറ്റാതിരിക്കാന്‍ വഴിയില്‍ കാല്‍ കഴുകിയിരുന്നത് മറക്കരുത്. ആ പാരമ്പര്യവും വിശ്വാസവുമാണ് പത്മനാഭസ്വാമിയെ ലോകത്തെ ഏറ്റവും വലിയ സമ്പന്നനാക്കി മാറ്റിയത്.
ഓരോ ക്ഷേത്രങ്ങളിലെയും സ്വത്തുക്കള്‍ അതത് ദേവന്മാരുടെ മാത്രമായി പരിപാലിക്കപ്പെടണം. തിരുവനന്തപുരം നഗരഹൃദയത്തില്‍ പാളയം ശക്തി ഗണപതി ക്ഷേത്രത്തിലെ 98 സെന്റ് സ്ഥലത്തില്‍ വെറും 12 സെന്റ് സ്ഥലം മാത്രമാണ് ഇന്ന് ക്ഷേത്രത്തിന്റെ കൈവശമുള്ളത്. ബാക്കിയുള്ളത് മുഴുവന്‍ കയ്യേറ്റക്കാര്‍ പിടിച്ചെടുത്തിരിക്കുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള മുഴുവന്‍ ക്ഷേത്രസ്വത്തുക്കളും വീണ്ടെടുക്കാനും ക്ഷേത്രത്തിന്റേതാക്കി മാറ്റാനും ഉള്ള അതിശക്തമായ പ്രക്ഷോഭത്തിന്, നിയമപരമായ നീക്കങ്ങള്‍ക്ക് മുഴുവന്‍ ഹൈന്ദവ സംഘടനകളും ഭക്തരും തയ്യാറാകണം. ഒരുകാര്യം കൂടി ഓര്‍മിപ്പിക്കട്ടെ, കേരളത്തില്‍ ഉടനീളം ക്രൈസ്തവസഭകളുടെ നേതൃത്വത്തില്‍ ക്ഷേത്രസ്വത്തുക്കള്‍ കുരിശു നാട്ടി കയ്യേറുന്ന പ്രത്യേക പരിപാടി നടക്കുന്നുണ്ട്. ഇത്തരം കയ്യേറ്റം കന്യാകുമാരിയിലെ തിരിച്ചടിയില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിച്ചത് വെറുതെയാണ്. വള്ളിയങ്കാവിന്റെ മൂലസ്ഥാനമായ പാഞ്ചാലിമേട്ടില്‍ പ്രധാന ഭാഗങ്ങള്‍ മുഴുവന്‍ ഒരു അവകാശവും ഇല്ലാതെ നിരനിരയായി കുരിശ് സ്ഥാപിച്ചിരിക്കുന്നു. നിലക്കല്‍ സമരം പോലെ ഈ കുരിശു നീക്കാനും ഒരു സമരത്തിന് ഹൈന്ദവ സംഘടനകള്‍ തയ്യാറാകേണ്ടിവരും.






















