തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഭരണമാറ്റം പലര്‍ക്കും ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിച്ചിരിക്കുന്നു. അധികാരത്തോടുള്ള അമിതമായ അഭിനിവേശവും പദവികളില്‍ നിന്ന് മാറിനില്‍ക്കാനുള്ള വൈമുഖ്യവും രാഷ്ട്രീയനേതാക്കളെ സംബന്ധിച്ചെടത്തോളം സ്വാഭാവികമാണ്. രാഷ്ട്രീയത്തിന്റെ ലക്ഷ്യവും അന്തസത്തയും അധികാരവും പദവിയും മാത്രമായി അധഃപതിച്ചിരിക്കുന്ന സമകാലീന സാഹചര്യത്തില്‍ സേവനം എന്നത് ഒരു മുഖംമൂടിയും പദവികളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ആരോഗ്യകരമായ പ്രവണതകള്‍ കഴിവുകേടായി വ്യാഖ്യാനിക്കപ്പെടുന്ന അവസ്ഥയുമാണുള്ളത്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഭരണമാറ്റം ഇടതുമുന്നണി ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. കഴിഞ്ഞ 45 വര്‍ഷമായി യുഡിഎഫിന്റെ കഴിവുകേടും ബിജെപിയുടെ സംഘടനാപരമായ പിഴവുകളും കാരണമാണ് ഇടതുമുന്നണി ചോദ്യം ചെയ്യപ്പെടാത്ത രീതിയില്‍ അധികാരത്തില്‍ തുടരാന്‍ കാരണം.
നേരത്തേ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ 35 സീറ്റില്‍ ബിജെപി ജയിച്ചപ്പോള്‍ നേരത്തെ ഉണ്ടായിരുന്ന പത്തിലേറെ സീറ്റുകള്‍ നഷ്ടമായത് കൊണ്ട് മാത്രമാണ് ആര്യ രാജേന്ദ്രന്‍ എന്ന അപക്വമതിയായ നേതാവ് മേയര്‍സ്ഥാനത്ത് എത്തിയത്. അധികാരത്തില്‍ എത്തുന്നവര്‍, പദവികള്‍ പൊതുജനങ്ങള്‍ കാരുണ്യത്തോടെ തരുന്നതാണെന്നും അവര്‍ക്കുവേണ്ടി സേവനത്തിന്റെയും ത്യാഗത്തിന്റെയും പുതിയ വഴികള്‍ തുറക്കാന്‍ കഴിയുന്നതാകണം എന്നുമായിരുന്നു പഴയകാല രാഷ്ട്രീയനേതാക്കള്‍ കരുതിയത്. അത്തരം മാതൃകകള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഇല്ലാതായതോടെ ധാര്‍ഷ്ട്യത്തിന്റെ പ്രതീകങ്ങളാണ് മാതൃകകളെന്നു വന്നു. ഏറ്റവും പ്രായംകുറഞ്ഞ മേയര്‍ മഹാനഗരത്തിന്റെ ശാപമായി മാറി. സ്വാഭാവികമായും തെരഞ്ഞെടുപ്പിലും ഇത് പ്രതിഫലിച്ചു.
സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുകയും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും കോര്‍പ്പറേഷനിലെ അഴിമതികള്‍ ഒന്നൊന്നായി ചൂണ്ടിക്കാണിക്കുകയും ചെയ്തുകൊണ്ട് സക്രിയ പ്രതിപക്ഷമായി നിലകൊണ്ട ബിജെപിയില്‍ തലസ്ഥാനത്തെ ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിച്ചു. അങ്ങനെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകള്‍ ലഭിച്ചു. കമ്മ്യൂണിസ്റ്റ് വേട്ടയില്‍ ശാരീരികമായും മാനസികമായും പീഡനമനുഭവിച്ച ഒരു പത്രപ്രവര്‍ത്തകന്‍ കോര്‍പ്പറേഷനിലേക്ക് ജയിച്ചുവന്നു. സ്വാഭാവികമായും അദ്ദേഹത്തിന്റെ നിലപാടും ബിജെപിക്കൊപ്പമായി. കോര്‍പ്പറേഷന്‍ ഭരണം ബിജെപി പിടിച്ചു. 100 അംഗ കോര്‍പ്പറേഷനില്‍ 51 അംഗങ്ങളുടെ പിന്തുണയോടെ വി.വി. രാജേഷ് മേയറായി തെരഞ്ഞെടുക്കപ്പെട്ടു. ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാന്‍ അനുവദിക്കുകയും അഴിമതിയോ സ്വജനപക്ഷപാതമോ അടക്കമുള്ള എന്തെങ്കിലും കണ്ടെത്തിയാല്‍ അത് തുറന്നുകാട്ടുകയും നേര്‍വഴിക്ക് നയിക്കുകയും ചെയ്യുക എന്ന പ്രതിപക്ഷധര്‍മ്മം നിര്‍വഹിക്കുന്നതിന് പകരം ഇപ്പോള്‍ ഇടതുമുന്നണിയും വലതുമുന്നണിയും പ്രത്യക്ഷമായും പരോക്ഷമായും ബിജെപി ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ദയനീയ ചിത്രമാണ് തിരുവനന്തപുരത്ത് കാണുന്നത്.
ബിജെപിയുടെ ഭൂരിപക്ഷം കുറയ്ക്കാനുള്ള സിപിഎം-കോണ്‍ഗ്രസ് സംയുക്ത ഗൂഢാലോചനയാണ് വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെതിരെയുള്ള കാപ്പാക്കേസ്. സിപിഎമ്മുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ശിക്കാരി ശംഭുവിനെപോലെ വെടിവെച്ചാണ് ഒരു പാവം കൗണ്‍സിലറെ അറസ്റ്റ് ചെയ്തത്. ഒരു സ്‌കൂള്‍ കുട്ടിയും ഭാര്യയും കൗണ്‍സിലറും മാത്രമുള്ള വീട്ടില്‍ വെടിവെപ്പ് നടത്തി അറസ്റ്റ് ചെയ്ത് സീന്‍ സൃഷ്ടിച്ചത് മനപ്പൂര്‍വ്വം ആയിരുന്നു എന്ന് നാട്ടുകാര്‍ക്കെല്ലാം അറിയാം. വട്ടിയൂര്‍ക്കാവിലെ എസ്എച്ച്ഒ മുന്‍ എംഎല്‍എയുടെ ആജ്ഞാനുവര്‍ത്തിയാണ് എന്ന കാര്യം പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ അറിയാമായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥന് വേണ്ട നിഷ്പക്ഷതയോ സത്യസന്ധതയോ ഇല്ലാത്ത ഉദ്യോഗസ്ഥനാണ് ഇദ്ദേഹമെന്നാണ് ഇതര രാഷ്ട്രീയ സംഘടനാപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. നേരത്തെ ജോലിചെയ്ത എല്ലാ സ്ഥലങ്ങളിലും ഈ ബഹുമതി അദ്ദേഹം നിലനിര്‍ത്തിയിട്ടുണ്ട്. ഹിന്ദു സംഘടനാ പ്രവര്‍ത്തകരോട് ഇദ്ദേഹത്തിന് തീരാത്ത കലിയാണത്രേ. എന്തോ ചില പെന്തക്കോസ്ത് ബന്ധങ്ങളും അതിന് പിന്നില്‍ ഉണ്ടെന്ന ആരോപണവും പൊതുപ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നുണ്ട്.
ആഭ്യന്തരമന്ത്രിയായ ചെന്നിത്തല അറിയാതെ ഇങ്ങനെ ഒരു കാര്യം നടക്കില്ല എന്നാണ് പൊതുജനങ്ങള്‍ വിലയിരുത്തുന്നത്. കോര്‍പ്പറേഷന്‍ കൗണ്‍സിലറായ കെ.എസ്. ശബരിനാഥന്റെ സമ്മര്‍ദ്ദമാണത്രേ ആഭ്യന്തരമന്ത്രിയെ ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിച്ചത്. സുഗതനെ കാപ്പ അനുസരിച്ച് അറസ്റ്റ് ചെയ്താല്‍ വാഴോട്ടുകോണത്ത് ഉപതെരഞ്ഞെടുപ്പ് വരുമെന്നും അങ്ങനെ വന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സിപിഎം പിന്തുണയ്ക്കുമെന്നും വി.കെ. പ്രശാന്ത് ഉറപ്പു കൊടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ബാക്കി നാടകങ്ങള്‍ മുഴുവന്‍ അരങ്ങേറിയത്. പക്ഷേ കോടതിയുടെ ഇടപെടലും ജയിലില്‍ വച്ച് സത്യപ്രതിജ്ഞ ചെയ്യിക്കാനുള്ള ഉത്തരവും വന്നപ്പോള്‍ ആ പരിശ്രമം പിഴച്ചു. മൂന്നുതവണ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതിരിക്കുകയും, നിയമാനുസൃതമായ അവധി അനുവദിക്കുകയും ചെയ്തില്ലെങ്കില്‍ കേരള മുന്‍സിപ്പല്‍ നിയമമനുസരിച്ച് അംഗത്വം നഷ്ടപ്പെടും എന്ന വകുപ്പില്‍ സുഗതനെ കുടുക്കി പുറത്താക്കാനായിരുന്നു അടുത്തശ്രമം. സുഗതന്‍ മേയര്‍ക്ക് കൈമാറിയ അവധി അപേക്ഷ അനുസരിച്ച് കൗണ്‍സില്‍ അവധി അനുവദിക്കുകയും ചെയ്തു. പോലീസ് സംരക്ഷണത്തില്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇതിനിടെ സുഗതന്‍ അപേക്ഷ നല്‍കിയിരുന്നു. അപേക്ഷ ജയില്‍ സൂപ്രണ്ട് സര്‍ക്കാരിന് കൈമാറി. അതനുസരിച്ച് തദ്ദേശവകുപ്പ് സെക്രട്ടറിയുടെയും ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെയും മുന്നില്‍ ഫയലെത്തി. നിയമവശം പരിശോധിക്കുവാന്‍ സെക്രട്ടറിയേറ്റിലെ നിയമവിഭാഗത്തിന് അപേക്ഷ കൈമാറി. ശബരിനാഥന്റെ സമ്മര്‍ദ്ദത്തില്‍ ആഭ്യന്തരമന്ത്രി ഇക്കാര്യത്തില്‍ വീണ്ടും ഇടപെട്ടു. സുഗതന് അനുകൂലമായ ഒരു നടപടിയും ഉണ്ടാകാന്‍ പാടില്ലെന്ന് ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദ്ദേശവും നല്‍കി. ഇതേ നിര്‍ദ്ദേശം തന്നെ തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജിയും നല്‍കി. സുഗതനെ പോലീസ് അകമ്പടിയോടെ കൗണ്‍സില്‍ യോഗത്തിന് എത്തിക്കുന്നതിനുപകരം അവധി നല്‍കാമെന്ന നിര്‍ദ്ദേശമാണ് നിയമവകുപ്പില്‍ നിന്ന് വന്നത്. കൗണ്‍സിലര്‍ക്ക് അയോഗ്യത വരാതിരിക്കാന്‍ യോഗങ്ങളില്‍ നേരിട്ട് പങ്കെടുക്കുന്നതിന് ജയില്‍ സൂപ്രണ്ട് മുഖേന കോര്‍പ്പറേഷന്‍ കൗണ്‍സിലിന് അപേക്ഷ സമര്‍പ്പിക്കാന്‍ അനുവാദം നല്‍കാമെന്നും മുന്‍സിപ്പല്‍ നിയമമനുസരിച്ച് കൗണ്‍സില്‍ വോട്ടിനിട്ട് അംഗീകരിച്ചാല്‍ അദ്ദേഹത്തിന്റെ കൗണ്‍സിലര്‍ സ്ഥാനം സുരക്ഷിതമായിരിക്കുമെന്നും പരോള്‍ അനുവദിക്കാതെ തന്നെ പ്രശ്‌നം പരിഹരിക്കാം എന്നുമാണ് തദ്ദേശസ്വയംഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി കത്ത് നല്‍കിയത്. മന്ത്രിമാരുടെ ഇടപെടലിനെ തുടര്‍ന്ന് ഈ ഭാഗം നീക്കി. ഇങ്ങനെ കത്ത് നല്‍കിയ അണ്ടര്‍ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു. പരോള്‍ നല്‍കുന്നത് സംബന്ധിച്ച് വ്യവസ്ഥയില്ലെന്നും അതിനാല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എസ്‌കോര്‍ട്ട് പരോള്‍ അനുവദിക്കണമെന്ന അപേക്ഷ നിരസിക്കാവുന്നതുമാണ് എന്നാണ് പുതിയ മറുപടി.
കാപ്പ അനുസരിച്ചുള്ള കേസിന്റെ ന്യായാന്യായങ്ങള്‍ കോടതിയുടെ പരിഗണനയിലായതുകൊണ്ട് അതിലേക്ക് പോകുന്നില്ല. പക്ഷേ, കാരായി രാജനും, തലശ്ശേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആയിരുന്ന കാരായി ചന്ദ്രശേഖരനും ഫസല്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ ആയിരുന്നപ്പോള്‍ പരോള്‍ അനുവദിക്കാനും ജയില്‍ മാറ്റത്തിനും വേണ്ടി സ്വീകരിച്ച നടപടിക്രമങ്ങള്‍ മറ്റ് രാഷ്ട്രീയകക്ഷികളില്‍ പെട്ടവര്‍ക്കും ബാധകമല്ലേ എന്ന സംശയം ആരെങ്കിലും ഉയര്‍ത്തിയാല്‍ അത് തള്ളാന്‍ ആകുമോ? എസ്എച്ച്ഒ ഒരു സാധാരണക്കാരനായ കൗണ്‍സിലറുടെ വീട്ടില്‍ കയറി വെടിവെപ്പും ബഹളവും നടത്തി അറസ്റ്റ് ചെയ്തതും അദ്ദേഹം സൃഷ്ടിച്ച നാടകങ്ങളും സ്ഥലം എംഎല്‍എ ആയ കെ. മുരളീധരന്‍ പോലും തള്ളിപ്പറഞ്ഞു. പക്ഷേ, അതിനെ പിന്തുണയ്ക്കുകയും ഈ നാടകങ്ങള്‍ക്ക് മുഴുവന്‍ കൂട്ടുനില്‍ക്കുകയും ചെയ്ത ഏകയാള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ്. ശബരിനാഥന്റെ സമ്മര്‍ദ്ദത്തിന് രമേശ് ചെന്നിത്തല വഴങ്ങുന്തോറും രാഷ്ട്രീയമായി അദ്ദേഹത്തിന്റെ തിരിച്ചടി കൂടും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ഹരിപ്പാട് മണ്ഡലത്തില്‍ ഇത്തവണ വലിയ അനുകൂല സാഹചര്യമുണ്ടായിട്ടും ഇടതുപക്ഷത്തിന്റെ കാരുണ്യത്തില്‍ ദുര്‍ബല സ്ഥാനാര്‍ഥി വന്നതുകൊണ്ടാണ് ജയിച്ചത് എന്ന കാര്യം ചെന്നിത്തല മറക്കണ്ട. മന്ത്രിസ്ഥാനത്ത് ഇരിക്കുമ്പോള്‍ പലപ്പോഴും രാഷ്ട്രീയപരിഗണനകള്‍ വേണ്ടിവരും. പക്ഷേ നീതിയുടെ, സത്യത്തിന്റെ, ധര്‍മ്മത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞുകൊണ്ട് രാഷ്ട്രീയത്തിന് വേണ്ടി മാത്രം എന്തും ചെയ്യാം എന്ന് കരുതിയാല്‍ സിപിഎമ്മും പിണറായിയും പുലര്‍ത്തിയിരുന്ന നിലപാടുകളില്‍ നിന്ന് ഈ സര്‍ക്കാരിന് എന്ത് വ്യത്യാസമുണ്ട്?
വാഴോട്ടുകോണത്തെ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് സുഗതനെതിരെ മത്സരിച്ച് ജയിക്കാനുള്ള തന്റേടം ആഭ്യന്തരമന്ത്രിയായ രമേശ് ചെന്നിത്തലക്കോ മുന്‍ എംഎല്‍എമാരായ വി.കെ. പ്രശാന്തിനോ, കെ.എസ്. ശബരിനാഥനോ ഉണ്ടോ? സുഗതന്‍ കേസില്‍ പ്രതിയായത്, സാധാരണക്കാരായ പൊതുജനങ്ങളുടെ നീതിക്കുവേണ്ടി ഇടപെട്ടതുകൊണ്ടാണ്. ഉത്സവപ്പറമ്പില്‍ വടിവാളുമായി വന്ന ഗുണ്ടയ്‌ക്കെതിരെ നടപടി എടുക്കാതെ പോലീസ് പോലും മാറി നിന്നപ്പോള്‍ ഉത്സവം പ്രശ്‌നങ്ങളില്ലാതെ നടത്താന്‍ സുഗതന്‍ ഇടപെട്ടത് നാട്ടുകാര്‍ കണ്ടുനിന്നതാണ്. എന്നിട്ടും സുഗതനെ കുടുക്കി. ആഭ്യന്തരമന്ത്രി ചെന്നിത്തലയെ കുറിച്ചും ശബരിനാഥനെ കുറിച്ചും വി.കെ. പ്രശാന്തിനെക്കുറിച്ചും എത്ര പുച്ഛത്തോടെയാണ് നാട്ടുകാര്‍ സംസാരിക്കുന്നതെന്ന് തിരിച്ചറിയണം. സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസിനെ വിട്ട് ഇക്കാര്യം ഒന്ന് അന്വേഷിപ്പിച്ചാല്‍ നന്നാവും. നേമത്തുനിന്ന് ദയനീയമായ മൂന്നാം സ്ഥാനവുമായി ഊരുതെണ്ടുന്ന ശബരിനാഥന് മേയര്‍ പദവിക്ക് ഇടതുമുന്നണിയുടെ പിന്തുണ ഉറപ്പ് നല്‍കിയിട്ടുള്ളത് വി. ശിവന്‍കുട്ടിയാണ്. ആ ഉറപ്പിലാണ് അദ്ദേഹം ഈ പോരാട്ടം മുഴുവന്‍ നടത്തുന്നത്. ഒരു സ്വതന്ത്രന്‍ കൂടി ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ശബരിനാഥന്റെ മോഹങ്ങള്‍ തല്‍ക്കാലം അസ്തമിച്ചിരിക്കുകയാണ്.
ജനാധിപത്യസമ്പ്രദായം അനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട ബിജെപി തിരുവനന്തപുരത്ത് വരുത്തിയിട്ടുള്ള വ്യത്യാസങ്ങള്‍, ഭരണത്തില്‍ ഉണ്ടായിട്ടുള്ള പരിവര്‍ത്തനങ്ങള്‍ സാധാരണക്കാരെ സ്വാധീനിച്ചിരിക്കുന്നു. കേരളം മുഴുവന്‍ പ്രളയജലം നിറഞ്ഞിട്ടും ഇക്കുറി തിരുവനന്തപുരം നഗരം വെള്ളത്തില്‍ മുങ്ങിയില്ല. സാധാരണ ഒരു ചെറിയ മഴയില്‍ പോലും വെള്ളം നിറഞ്ഞിരുന്ന തമ്പാനൂരിലും ഇക്കുറി വെള്ളക്കെട്ട് ഉണ്ടായില്ല. കഴിഞ്ഞ 45 വര്‍ഷമായി സിപിഎമ്മുകാര്‍ നടത്തിയിരുന്ന അഴിമതിയുടെ, കൊള്ളയുടെ കഥകള്‍ അവസാനിക്കുകയാണ്. ഒരുദിവസം മീന്‍ കച്ചവടത്തിന് 500 രൂപ ഗുണ്ടാപ്പിരിവ് നല്‍കിയിരുന്ന മീന്‍ കച്ചവടക്കാരിയായ അമ്മയുടെ പരാതിയിലാണ് പാളയം ചന്ത ശുദ്ധീകരിച്ചത്. കോര്‍പ്പറേഷന്‍ നല്‍കിയിരുന്ന വൈദ്യുതിക്ക് ദിവസവും സിപിഎമ്മുകാര്‍ വാങ്ങിയിരുന്നത് നൂറു രൂപ വീതമാണ്. നഗരസഭാ കെട്ടിടങ്ങള്‍ പലതും പാര്‍ട്ടി ഓഫീസുകളും ചീട്ടുകളികേന്ദ്രങ്ങളും ആക്കിയിരുന്നത് പൊളിച്ചടുക്കി. ജനങ്ങള്‍ക്ക് പരാതി പറയാനും പരിഹരിക്കാനും ആളുണ്ട് എന്ന അവസ്ഥയിലേക്ക് തിരുവനന്തപുരം മാറി. കോര്‍പ്പറേഷന്‍ ഭരണം അഞ്ചുവര്‍ഷം തുടര്‍ന്നാല്‍ കോര്‍പ്പറേഷന്റെ പരിധിയിലുള്ള നാല് നിയമസഭാമണ്ഡലങ്ങളും നഷ്ടപ്പെടും എന്ന ആശങ്കയാണ് ബിജെപി ഭരണത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിന് പിന്നില്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ രണ്ടു പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ പാര്‍ട്ടി സംവിധാനത്തിനതീതമായി തെരഞ്ഞെടുപ്പ് രംഗത്തിറങ്ങി. രാഷ്ട്രീയം പഠിക്കുന്ന നിരീക്ഷകരായ ആളുകളെല്ലാം തന്നെ ഈ രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പാര്‍ട്ടി സംവിധാനത്തില്‍ നിന്ന് വ്യത്യസ്തമായി മകനോട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കളോട് ഇവരാവശ്യപ്പെടുകയും ചെയ്തു. ഈ നേതാക്കള്‍ രണ്ടുപേരും സ്വന്തം പ്രവര്‍ത്തനത്തില്‍ മര്യാദയും മിതത്വവും പാലിച്ചില്ലെങ്കില്‍ അവര്‍ മാത്രമല്ല, വരുംതലമുറകള്‍ കൂടി കേരള രാഷ്ട്രീയത്തില്‍ അന്യമാകും എന്ന കാര്യം മനസ്സിലാക്കണം.






















