ഹേ.. ബാമിയാന്‍
നിന്റെ താഴ്വരയിലെ ചേറില്‍
പുതഞ്ഞ
ശിരസ്സറ്റ ശില്പങ്ങളെ തിരികെ നല്‍കൂ
ശാന്തി മന്ത്രങ്ങളാല്‍
ഞാനതിന് പ്രാണപ്രതിഷ്ഠയേകാം!
ഹേ.. പാഞ്ച്ഷീര്‍
നീ തുറന്ന് വിട്ട നിന്റെയഞ്ച്
സിംഹങ്ങളെ തിരികെ വിളിക്കൂ..
അടരില്‍ തളര്‍ന്ന പോരാളികള്‍
കാണട്ടെ
അതിജീവനത്തിന്റെ മൃഗേന്ദ്രരൂപം.
ആകുലയാണെങ്കിലും
ഭാരതാക്ഷമയുടെ തോളില്‍
കറുപ്പിനാല്‍ മയങ്ങുകയാണ്
പ്രിയ ഗാന്ധാര പുത്രി!
പീരങ്കിയൊച്ചകള്‍ക്കിടയില്‍
പതിയെത്താഴുന്നു
ബുദ്ധ വിഹാരങ്ങളുടെ
ശരണാലാപനങ്ങള്‍..
മാംസം ഭുജിക്കാന്‍ മാത്രം
കോമ്പല്ലുകളെ
സൃഷ്ടിച്ച പിശാചിന്റെ
പ്രത്യയ ശാസ്ത്രത്തോടെതിരിടാന്‍ മാത്രം
ശേഷിയില്ലാതെ പോയതത്രെ
നിങ്ങള്‍ രചിച്ച ധര്‍മ പുരാണങ്ങള്‍.






















