പകയൊടുങ്ങാത്ത പാമ്പുപോല്‍ രാത്രി തന്‍
മടയില്‍ നിന്നവന്‍ വീണ്ടുമെത്തീടുമോ?
മന,മഴല്‍പ്പാടിലുഴലുന്ന നേരമെന്‍
അരികിലെത്താന്‍ മറക്കുന്നതെന്തു നീ?
നറുനിലാവിന്റെ സ്വപ്നങ്ങളിനിയെന്റെ
സ്മൃതി വഴിയിലനാഥമാകുന്നുവോ?
തിരികെയെത്താതെയാ നല്ല നാളുകള്‍
കളമൊഴിഞ്ഞുവോ ദേവ!നാഥാ മറന്നുവോ
ചകിതമെന്മനം നീവരുമെന്നോതി
ഹൃദയമെന്നെ സമാശ്വസിപ്പിക്കവേ,
മിഴിയടച്ചാലുമുണ്ടെന്റെ മുന്നില്‍ നീ
മിഴി തുറന്നാലുമാ,രൂപ സൗരഭം.
ഒരു കിനാവുപോല്‍ വില്ലേന്തിയെത്തുമെന്‍
ഹൃദയ നാഥാ വരൂ വിശ്വ വിജയി നീ!
മറവി മായയാല്‍ പാടേ മറച്ചുവോ?
നൃപതി ദേവാ!വരാനെന്തു വൈകുവാന്‍.
ശപിത ഞാന്‍ രാമരാമേതി മന്ത്രമീ
ശുഭദ ശിംശിപാ വൃക്ഷച്ചുവട്ടില്‍ നി-
ന്നുരുവിടുന്നതറിയുന്നതില്ലയോ?
നിയതിയോ മറവി തന്നെ ഭവിച്ചതോ?
അടവിയില്‍ ചിത്രകൂടത്തിലൊരു ദിനം
കപടവേഷത്തിലൊരു കാകനായ് വന്നു
അരുതതോതുവാന്‍ വയ്യാത്തചെയ്തിക-
ണ്ടമര രാജേന്ദ്ര പുത്രന്റെ*കുസൃതിയെ
നയന മൊന്നു കുശം കൊണ്ടെടുത്തെന്ന്
അരുമയായെന്നെ മാറോടണച്ചവന്‍.
ശരി പൊറുക്കില്ലയെന്നെയിക്കാറ്റിന്റെ
വികൃതി പോലും, തളയ്ക്കുന്ന മന്നവാ!
അഴകി രാക്ഷസ, നിനി വരും മുന്നമെന്‍
പ്രണയരാഘവാ ഞാനിരിക്കില്ല മേല്‍
പഴയ രാഗാര്‍ദ്ര ജീവിത നാളുകള്‍
ഇനിമറന്നിടാം ദണ്ഡകാരണ്യവും.
അറിവെഴാത്ത ഞാനന്നു മാരീചനെ
വരുതി നേടാന്‍ കൊതിച്ച വിനാശമേ!
അവനി പാലകാ! ഞാന്‍ മറക്കില്ല, നിന്‍
പ്രണയവും പുണ്യ നാമാക്ഷരങ്ങളും.
*ദേവേന്ദ്രപുത്രനായ ജയന്തന്റെ കഥാസൂചന






















