Wednesday, September 2, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

സാംസ്‌കാരിക നായകര്‍ തപസ്യയോടൊപ്പം 

എം.ശ്രീഹര്‍ഷൻഎം.ശ്രീഹര്‍ഷൻ
14 August 2026
തപസ്യയുടെ സ്ഥാപകരായ എം.എ. കൃഷ്ണനും വി.എം. കൊറാത്തും

തപസ്യയുടെ സ്ഥാപകരായ എം.എ. കൃഷ്ണനും വി.എം. കൊറാത്തും

തപസ്യ കലാ-സാഹിത്യവേദി സംഘടനാരൂപം കൈക്കൊണ്ടത് 1976 ഒക്‌ടോബര്‍ മാസത്തിലാണെങ്കിലും അതിനും മുമ്പുതന്നെ അത് ഉദയം കൊണ്ടിരുന്നു. ‘സാഹിത്യസായാഹ്നം’ എന്ന പേരില്‍. 1975 ജനുവരിയില്‍ കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളില്‍ പ്രശസ്ത സാഹിത്യകാരന്‍ തിക്കോടിയനാണ് അതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. അന്നു മുതല്‍ തന്റെ ജീവിതാവസാനം വരെ തപസ്യയുടെ സഹയാത്രികനായിരുന്നു അദ്ദേഹം. ആ കൊച്ചുസദസ്സില്‍ സംഘാടകരായി ഉണ്ടായിരുന്നത് കേസരി പത്രാധിപരായിരുന്ന എം.എ.കൃഷ്ണനും (എം.എ. സാര്‍) ചിന്തകനും വാഗ്മിയും ഗ്രന്ഥകാരനുമായിരുന്ന പി.മാധവനും (മാധവ്ജി) ആയിരുന്നു. ഒപ്പം സാഹിത്യനിരൂപകന്‍ പ്രഫ.കെ.ഗോപാലകൃഷ്ണനും.

Google NewsAdd Kesari Weekly as a preferred source on Google

സാഹിത്യസായാഹ്നം ചെറിയതോതില്‍ പ്രവര്‍ത്തിച്ചു തടങ്ങിയപ്പോഴാണ് ഭാരതം അടിയന്തരാവസ്ഥയുടെ ഇരുട്ടിലകപ്പെട്ടത്. അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ആ കാലഘട്ടത്തില്‍ അതിനെതിരെ ശക്തമായി പ്രതികരിക്കാനുള്ള സാഹിത്യസായാഹ്ന പ്രവര്‍ത്തകരുടെ പരിശ്രമത്തിന് എല്ലാ ആശീര്‍വാദവും നല്കി കൂടെ നിന്നത് കേരളത്തിലെ സാമൂഹ്യപരിഷ്‌കരണരംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ച വി.ടി.ഭട്ടതിരിപ്പാടാണ്.

വി.ടി.യുടെ അശീതി ആഘോഷം 1976 മെയ് മാസത്തില്‍ കോഴിക്കോട് അളകാപുരിയില്‍ സംഘടിപ്പിച്ചത് സാഹിത്യസായാഹ്നത്തിലെ പ്രവര്‍ത്തകരായിരുന്നു. പ്രമുഖ പത്രാധിപരും പില്ക്കാലത്ത് തപസ്യയുടെ അധ്യക്ഷനുമായിരുന്ന വി.എം.കൊറാത്ത് ആണ് അതിന് മുന്‍കൈയെടുത്തത്. സ്വാതന്ത്ര്യസമരസേനാനിയും വിഖ്യാത പത്രാധിപരും സമാദരണീയനുമായ കെ.പി.കേശവമേനോനായിരുന്നു സംഘാടകസമിതി അധ്യക്ഷന്‍. സുകുമാര്‍ അഴീക്കോട്, തായാട്ട് ശങ്കരന്‍ എന്നിവര്‍ പങ്കെടുത്ത ആഘോഷപരിപാടിയില്‍ പ്രസംഗിക്കവെ അടിയന്തരാവസ്ഥയുടെ കരാളഭരണത്തിനെതിരെ വി.ടി. അതിശക്തമായി പ്രതികരിച്ചത് കേരളത്തിലെ സാംസ്‌കാരികരംഗത്ത് വലിയ ചലനങ്ങള്‍ ഉണ്ടാക്കി. തപസ്യയുടെ സ്ഥാപകനായ എം.എ. കൃഷ്ണന്‍ അ ടിയന്തരാവസ്ഥക്കാലത്ത് ഒളിവില്‍ പ്രവര്‍ത്തിച്ചുകൊണ്ട് കലാ-സാഹിത്യരംഗത്തുള്ള പ്രമുഖരായ എല്ലാവരെയും സമ്പര്‍ക്കം ചെയ്യുന്നുണ്ടായിരുന്നു. പ്രശസ്ത കവിയും സാംസ്‌കാരിക ചിന്തകനുമായ എം.ഗോവിന്ദന്‍, പ്രമുഖ നാടകകൃത്തായ സി.എന്‍.ശ്രീകണ്ഠന്‍നായര്‍, പ്രശസ്ത ചിത്രകാരന്‍ എം.വി.ദേവന്‍, പ്രശസ്ത നോവലിസ്റ്റ് ഉറൂബ്, മഹാകവി അക്കിത്തം, പ്രമുഖ കവി എന്‍.എന്‍.കക്കാട്, പത്രാധിപരും സ്വാതന്ത്ര്യസമരസേനാനിയുമായ വി.എം.കൊറാത്ത് തുടങ്ങിവരൊക്കെ അക്കൂട്ടത്തില്‍പ്പെടുന്നു. അവരെല്ലം പില്ക്കാലത്ത് തപസ്യയുമായി പൂര്‍ണമായി സഹകരിക്കുകയുണ്ടായി.

ADVERTISEMENT

1977 ല്‍ നടന്ന ഒന്നാം വാര്‍ഷികാഘോഷമാണ് പി.പരമേശ്വരന്‍ (പരമേശ്വര്‍ജി) പങ്കെടുത്ത ആദ്യത്തെ തപസ്യ പരിപാടി. അദ്ദേഹത്തോടൊപ്പം എം.വി.ദേവന്‍, പി.മാധവന്‍, തായാട്ട് ശങ്കരന്‍, വി.എം.കൊറാത്ത് എന്നിവര്‍ ആ പരിപാടിയില്‍ സംബന്ധിച്ചിരുന്നു. ആര്‍.രാമചന്ദ്രന്‍, എം.ജി.എസ്.നാരായണന്‍, കാവാലം നാരായണപ്പണിക്കര്‍, എന്‍.വി. കൃഷ്ണവാര്യ യര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, എസ്.ഗുപ്തന്‍നായര്‍, എന്നിങ്ങനെ കേരളത്തിലെ വിഖ്യാതരായ കലാ-സാഹിത്യകാരന്മാര്‍ ആദ്യകാലം മുതലേ തപസ്യയുമായി സഹകരിച്ചു തുടങ്ങിയിരുന്നു. ഒപ്പം ആദ്ധ്യാത്മികരംഗത്തെ മഹനീയസാന്നിധ്യമായിരുന്ന സ്വാമി സിദ്ധിനാഥാനന്ദ, കേരളത്തിലെ സാംസ്‌കാരിക പരിവര്‍ത്തനത്തിന് നേതൃത്വം വഹിച്ച പ്രൊഫ. എം.പി. മന്മഥന്‍, വിഖ്യാത പണ്ഡിതനും എഴുത്തുകാരനുമായിരുന്ന ഡോ.കെ.ഭാസ്‌കരന്‍നായര്‍ എന്നിവര്‍ രക്ഷാധികാരികളായി തപസ്യയോടൊപ്പം ഉണ്ടായിരുന്നു.

വി.ടിയുടെ അശീതി ആഘോഷം മുതല്‍ സഹകരിച്ചുതുടങ്ങിയ സുകുമാര്‍ അഴീക്കോട് തുടര്‍ന്ന് തപസ്യയുടെ ഒട്ടുമിക്ക വാര്‍ഷികാഘോഷങ്ങളിലെയും മുഖ്യപ്രഭാഷകനായിരുന്നു. 1986 ല്‍ കോട്ടയത്തു നടന്ന ദശവാര്‍ഷികം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പ്രസംഗിച്ചുതുടങ്ങിയത്, ”ഇത് ഞാനും തപസ്യയുമായുള്ള ബന്ധത്തിന്റെ പത്താം വാര്‍ഷികം കൂടിയാണ്, തപസ്യ വാര്‍ഷികങ്ങളില്‍ പ്രസംഗിക്കുക എന്നത് എന്റെ കൊല്ലംതോറുമുള്ള നേര്‍ച്ചയാണ്” എന്നു പറഞ്ഞുകൊണ്ടാണ്.

പ്രശസ്ത ചിത്രകാരനും ചിന്തകനും വാഗ്മിയുമായ എം.വി.ദേവന്‍ ഒന്നാം വാര്‍ഷികം മുതല്‍ അദ്ദേഹത്തിന്റെ ജീവിതാവസാനം വരെ തപസ്യയുടെ ഒപ്പം സഞ്ചരിച്ച സാംസ്‌കാരിക നായകനായിരുന്നു. അദ്ദേഹത്തിന്റെ ‘ദേവസ്പന്ദനം’ എന്ന കൃതിയിലെ ഏറ്റവും പ്രധാനപ്പെട്ട ലേഖനം തപസ്യയുടെ ദശവാര്‍ഷികത്തില്‍ ചെയ്ത പ്രസംഗമാണ്. ‘അമ്മ-പ്രകൃതി-കല’ എന്ന പേരില്‍. ആ പ്രസംഗം ‘തപസ്യയുടെ തലക്കിട്ടുള്ള ഒരു കിഴുക്കാണ്’ എന്ന് ചില പത്രങ്ങള്‍ എഴുതിയിരുന്നു. 1987 ല്‍ എറണാകുളത്തു നടന്ന പതിനൊന്നാം വാര്‍ഷികത്തില്‍ ദേവന്‍ അതിനു പറഞ്ഞ മറുപടി ഇങ്ങനെയാണ്: ”ഞാന്‍ തപസ്യക്കിട്ട് ഒരു കിഴുക്കുകൊടുത്തു എന്ന് ചില പത്രങ്ങളെഴുതി. അങ്ങനെയെങ്കില്‍ ആ കിഴുക്ക് കൊണ്ടത് എന്റെ തലയ്ക്കു തന്നയാണ്. കാരണം ഞാനും തപസ്യയുടെ ഭാഗമാണ്.” തപസ്യയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത ചിത്രകാരനായ ജാമിനിറോയിയുടെ ജന്മശതാബ്ദി ആഘോഷിച്ചപ്പോള്‍ എല്ലാ ജില്ലകളിലും നടന്ന പരിപാടിയിലെ മുഖ്യപ്രഭാഷകന്‍ ദേവനായിരുന്നു. 1984 ല്‍ തൃശൂരില്‍ നടന്ന ചിത്ര – ശില്പ ശിബിരത്തിന്റെ ഡയറക്ടറും അദ്ദേഹമായിരുന്നു.

1980 ല്‍ നടന്ന നാലാം വാര്‍ഷികാഘോഷത്തിലാണ് പ്രശസ്ത നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ തപസ്യയുമായി ബന്ധപ്പെടുന്നത്. അന്ന് അദ്ദേഹം സംവിധാനം ചെയ്ത ഭാസവിരചിതമായ ‘മധ്യമവ്യായോഗം’ എന്ന നാടകം, കേരളത്തിലെ വേദികളില്‍ ഒരു സംസ്‌കൃതനാടകത്തിന്റെ ആദ്യ അവതരണം എന്ന നിലയില്‍ ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. ജീവിതാവസാനം വരെ കാവാലവും തപസ്യയുടെ അടുത്ത ബന്ധുവായി. കേരളത്തില്‍ അദ്ദേഹത്തിന്റെ നാടകങ്ങള്‍ ഏറ്റവും കൂടുതല്‍ അവതരിപ്പിച്ചത് തപസ്യവേദികളിലാണ്.

കേരളത്തിലുള്ള പ്രാമാണികരായ എതാണ്ടെല്ലാ എഴുത്തുകാരും കലാകാരരും പലതവണ തപസ്യ വേദികളില്‍ പങ്കെടുത്തിരിക്കുന്നു. തപസ്യയുടെ അഞ്ചാം വാര്‍ഷികത്തിലെ മുഖ്യാതിഥി ജ്ഞാനപീഠപുരസ്‌കാര ജേതാവായ എസ്.കെ.പൊറ്റെക്കാട്ടായിരുന്നു. ”ഈ ദുഷിച്ച അന്തരീക്ഷം ഇല്ലാതായി നമ്മുടെ സമുദായത്തിനും സാഹിത്യത്തിനും തെളിഞ്ഞ അന്തരീക്ഷം വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. അത്തരമൊരു അന്തരീക്ഷം കൊണ്ടുവരാന്‍ തപസ്യക്ക് സാധിക്കും” എന്നാണ് ആ സമ്മേളനത്തിലും പ്രസംഗത്തില്‍ പൊറ്റെക്കാട്ട് ആശംസിച്ചത്.

തപസ്യയുടെ എട്ടാം വാര്‍ഷികോത്സവം 1984 ല്‍ തൃശ്ശൂരില്‍ ഉദ്ഘാടനം ചെയ്തത് മഹാകവി വൈലോപ്പിള്ളിയായിരുന്നു. ”തപസ്യ കാലഘട്ടത്തിന്റെ അനിവാര്യതയാണ്” എന്നാണ് ആ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞത്. പ്രശസ്ത എഴുത്തുകാരന്‍ വി.കെ.എന്നും ക്ഷണിക്കപ്പെടാത്ത അതിഥിയായി ആ സമ്മേളനത്തില്‍ പങ്കെടുക്കുകയുണ്ടായി.

1984ല്‍ തൃശ്ശൂരില്‍ തപസ്യയുടെ 8-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന കവിസമ്മേളനത്തില്‍ മഹാകവി വൈലോപ്പിള്ളി സംസാരിക്കുന്നു

തപസ്യ 1986 ല്‍ എറണാകുളത്ത് മഹാകവി അക്കിത്തത്തിന് സ്വീകരണം നല്കിയപ്പോള്‍ അതില്‍ പങ്കെടുത്ത ഒ.എന്‍.വി കുറുപ്പ് ”താന്‍ തലയില്‍ മുണ്ടിട്ടുകൊണ്ടല്ല തപസ്യ പരിപാടിയില്‍ വരുന്നത്” എന്ന് തന്നെ വിമര്‍ശിച്ച ഇടതുപക്ഷമാധ്യമങ്ങളോട് തുറന്നു പറഞ്ഞിരുന്നു. 1986-ല്‍ത്തന്നെ കോട്ടയത്തുനടന്ന അഖിലഭാരതീയ കവിസമ്മേളനം ഉദ്ഘാടനം ചെയ്തതും ഒ.എന്‍.വി ആയിരുന്നു. അതേ വാര്‍ഷികോത്സവത്തില്‍ ജ്ഞാനപീഠപുരസ്‌കാര ജേതാവായ തകഴി മുഖ്യാതിഥിയായി പങ്കെടുക്കുകയുണ്ടായി. മലയാളത്തിലെ മറ്റൊരു ജ്ഞാനപീഠപുരസ്‌കാര ജേതാവായ എം.ടി. വാസുദേവന്‍ നായര്‍ 1996 ല്‍ പാലക്കാട്ട് നടന്ന പത്തൊമ്പാതാം വാര്‍ഷികോത്സവത്തില്‍ പ്രസംഗിച്ചിരുന്നു.

തപസ്യയുടെ ഒരു ആലോചനായോഗത്തില്‍ (1985) ടി.എം.ബി നെടുങ്ങാടി, എന്‍.എന്‍.കക്കാട്, പ്രൊഫ. സി.കെ. മൂസത്, എം.ജി.എസ് നാരായണന്‍, വി.എം.കൊറാത്ത്, എംവി.ദേവന്‍, അക്കിത്തം, എം.എ.കൃഷ്ണന്‍ എന്നിവര്‍

1979ല്‍ കോഴിക്കോട് സംഘടിപ്പിച്ച കളമെഴുത്ത് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത് പ്രശസ്ത നാടകാചാര്യനായിരുന്ന ജി.ശങ്കരപ്പിള്ളയാണ്. അന്നു മുതല്‍ തുടങ്ങിയ ആ ബന്ധം അദ്ദേഹത്തിന്റെ ജീവിതാവസാനം വരെ നിലനിന്നു. 1981 ല്‍ തപസ്യ നടത്തിയ നാടകക്യാമ്പിന്റെ ഡയറക്ടര്‍ അദ്ദേഹമായിരുന്നു. പൊതുവേദിയില്‍ അദ്ദേഹം ചെയ്ത അവസാനപ്രസംഗം 1988 ഡിസംബറില്‍ കോഴിക്കോട് നടന്ന പന്ത്രണ്ടാം വാര്‍ഷികത്തിലെ ‘കലാഭാരതി’ ഉദ്ഘാടനം ചെയ്തുകൊണ്ടുള്ളതായിരുന്നു.

പ്രശസ്ത നാടകകാരനും സാഹിത്യനിരൂപകനും സിനിമാതാരവുമായിരുന്ന ആര്‍.നരേന്ദ്രപ്രസാദ് 1983 മുതലാണ് തപസ്യയുമായി സഹകരിച്ചു തുടങ്ങിയത്. തനത് നാടകവേദിയുടെ വക്താവായ അദ്ദേഹത്തിന്റെ സുപ്രസിദ്ധമായ ‘സൗപര്‍ണിക’ എന്ന നാടകം തപസ്യ വേദികളിലാണ് ഏറ്റവും കൂടുതല്‍ അരങ്ങേറിയത്.

തുടക്കം മുതല്‍ തങ്ങളുടെ ജീവിതാന്ത്യം വരെ തപസ്യയുമായി പൂര്‍ണമായി സഹകരിച്ചിരുന്ന മറ്റ് പ്രമുഖരാണ് കെ.പി.നാരായണപിഷാരോടിയും കുഞ്ഞുണ്ണിമാഷും ജി.ശങ്കരപ്പിള്ളയും അയ്യപ്പ പണിക്കരും സുഗതകുമാരിയും ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയും ഡി.വിനയചന്ദ്രനും ജി.ഭാര്‍ഗവന്‍പിള്ളയും.

1999ല്‍ കോഴിക്കോട് നടന്ന തപസ്യ 21-ാം വാര്‍ഷികാഘോഷത്തില്‍ സുഗതകുമാരി പങ്കെടുത്തപ്പോള്‍

കെ.പി. കേശവമേനോന്‍, ഗുരു നിത്യചൈതന്യയതി, ഒളപ്പമണ്ണ, ബാലാമണിയമ്മ, കെ.പി. ശങ്കരന്‍, ആര്‍. ഹരി, എന്‍.കൃഷ്ണപിള്ള, ശൂരനാട് കുഞ്ഞന്‍പിള്ള, കൈനിക്കര കുമാരപിള്ള, എന്‍. കൃഷ്ണപിള്ള, ഡോ.കെ. രാഘവന്‍പിള്ള, വൈക്കം മുഹമ്മദ് ബഷീര്‍, കെ.എന്‍.എഴുത്തച്ഛന്‍, എം.എസ്. മേനോന്‍, പി.സി. വാസുദേവന്‍ ഇളയത്, എം.ലീലാവതി, എം.കെ.സാനു, ഡോ. ടി.കെ. രവീന്ദ്രന്‍, കടത്തനാട് മാധവിയമ്മ, മാധവിക്കുട്ടി, സുവര്‍ണനാലാപ്പാട്, കെ.ബി.ശ്രീദേവി, വി.ടി. ഇന്ദുചൂഡന്‍, എം.തോമസ്മാത്യു, പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, കാക്കനാടന്‍, എം. അച്ചുതന്‍, യു.എ.ഖാദര്‍, എന്‍.പി.മുഹമ്മദ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബി.രാജീവന്‍, പായിപ്ര രാധാകൃഷ്ണന്‍, പ്രൊഫ. ഹൃദയകുമാരി, പാലാ നാരായണന്‍ നായര്‍, പി.പി.ശ്രീധരനുണ്ണി, വി.രാജകൃഷ്ണന്‍, ആഷാമേനോന്‍, ജി.എന്‍.പിള്ള, ഓട്ടൂര്‍, എം.എന്‍.പാലൂര്‍, കെ.വി.രാമകൃഷ്ണന്‍, വി. കൃഷ്ണശര്‍മ്മ, വിലാസിനി (എം.കെ.മേനോന്‍), എം.ആര്‍.ചന്ദ്രശേഖരന്‍, ശ്രീകുമാരന്‍ തമ്പി, സി.പി.ശിവദാസ്, തിരുനല്ലൂര്‍ കരുണാകരന്‍, വി.മധുസൂദനന്‍നായര്‍, സി.രാധാകൃഷ്ണന്‍, പി.വത്സല, വീരേന്ദ്രകുമാര്‍, ഡോ.സി.കെ. രാമചന്ദ്രന്‍, ഡോ.കെ.മാധവന്‍കുട്ടി, എം.ജി.ശശിഭൂഷണ്‍, വി.ആര്‍.സുധീഷ്, യു.കെ.കുമാരന്‍, കെ.പി.രാമനുണ്ണി, പി.ആര്‍.നാഥന്‍, ടി.വി കൊച്ചുബാവ, ശത്രുഘ്‌നന്‍, ആത്മാരാമന്‍, സുഭാഷ്ചന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍ എന്നീ എഴുത്തുകാരും തപസ്യ വേദികളില്‍ പങ്കെടുത്തിട്ടുള്ള പ്രമുഖരാണ്.

കേരളത്തിലെ കലാരംഗത്തുള്ള ഏതാണ്ടെല്ലാ പ്രഗത്ഭരും തപസ്യ വേദികളില്‍ ഇതികം പങ്കെടുത്തിട്ടുണ്ട്. ലോകപ്രശസ്ത അഭിനയാചാര്യരായ മാണി മാധവചാക്യാരും അമ്മന്നൂര്‍ മാധവചാക്യാരും കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മയും ചേമഞ്ചേരി കുഞ്ഞിരാമന്‍നാരും, നര്‍ത്തകരായ ധനഞ്ജയനും താരാരാജകുമാരനും കലാമണ്ഡലം സുഗന്ധിയും പത്മാസുബ്രഹ്മണ്യവും, യക്ഷഗാനകലാകാരനായ ചന്ദ്രഗിരി അമ്പു, ചലച്ചിത്രകാരായ അടൂര്‍ ഗോപാലകൃഷ്ണനും ജി.അരവിന്ദനും ഭരത്‌ഗോപിയും കരമന ജനാര്‍ദനന്‍നായരും വേണു നാഗവള്ളിയും മങ്കട രവിവര്‍മ്മയും പി.വിജയകൃഷ്ണന്‍, നാടകാചാര്യരായ വയലാ വാസുദേവന്‍ പിള്ള, വിഖ്യാത സംഗീതജ്ഞരായ എം.ബി.ശ്രീനിവാസനും എസ്.രാമനാഥനും ഹരിപ്പാട് കെ.പി.എന്‍. പിള്ളയും കാമകോടിഭായിയും ശരത്ചന്ദ്ര മറാഠേയും ഞരളത്ത് രാമപ്പൊതുവാളും എം.കെ. അര്‍ജുനനും പി. ജയചന്ദ്രനും, ചിത്രകാരന്മാരായ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും എ.എസ്സും കെ.വി.എസ്. ഹരിദാസും കാട്ടൂര്‍ നാരായണപിള്ളയും മദനനും കെ.കെ.മാരാരും കെ.കെ.വാര്യരും പുണഞ്ചിത്തായയും, പ്രമുഖ ശില്പികളായ കാനായി കുഞ്ഞിരാമനും ജയപാലപ്പണിക്കരും, കാര്‍ട്ടൂണിസ്റ്റ് ബി.എം.ഗഫൂര്‍, ലോകപ്രശസ്ത വയലിനിസ്റ്റ് മൈസൂര്‍ മഞ്ജുനാഥ്, ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി തുടങ്ങിയ വിഖ്യാതരായ ഒട്ടുമിക്ക കലാകാരന്മാരും അതില്‍പ്പെടും.

1981ല്‍ കോഴിക്കോട് നടന്ന അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള നാടകശിബിരത്തില്‍ നാട്യാചാര്യന്‍ മണി മാധവചാക്യാര്‍ ക്ലാസ്സെടുക്കുന്നു.
1987ല്‍ കോഴിക്കോട്ട് നടന്ന ചലച്ചിത്രാസ്വാദക ശിബിരത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ക്ലാസ്സെടുക്കുന്നു

കേരളത്തിനു പുറത്തുള്ള വിഖ്യാതരായ സാംസ്‌കാരികനായകര്‍ തപസ്യവേദികളില്‍
തപസ്യയുടെ രണ്ടാം വാര്‍ഷികാഘോഷം മുതല്‍ മുഖ്യാതിഥികളായി പങ്കെടുക്കാറുള്ളത് കേരളത്തിനു പുറത്തുള്ള അതിപ്രശസ്തരായ വ്യക്തികളാണ്. 1978 ലെ രണ്ടാം വാര്‍ഷികാഘോഷത്തിലെ മുഖ്യാതിഥി പ്രശസ്ത കന്നഡ നോവലിസ്റ്റ് ഡോ.ശിവറാം കാരന്ത് ആയിരുന്നു. അടിയന്താരാവസ്ഥയോട് വിയോജിച്ചുകൊണ്ട് തനിക്കു ലഭിച്ച പത്മഭൂഷണ്‍ തിരിച്ചേല്പ്പിച്ച അദ്ദേഹത്തിന്റെ സാന്നിധ്യം കേരളത്തിലെ കലാ-സാഹിത്യമേഖലയില്‍ തപസ്യക്ക് മുന്‍നിരയില്‍ സ്ഥാനം ഉറപ്പിക്കുകയുണ്ടായി. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ക്ഷേത്രീയപ്രചാരക് (പില്‍ക്കാലത്ത് സര്‍കാര്യവാഹ് ആയ) എച്ച്.വി.ശേഷാദ്രി, പ്രമുഖ സംഗീതജ്ഞന്‍ പൂമുള്ളി രാമന്‍ നമ്പൂതിരിപ്പാട് എന്നിവരും അതില്‍ പങ്കെടുത്തിരുന്നു. ആ പരിപാടി കഴിഞ്ഞ ഉടനെയായിരുന്നു ശിവറാം കാരന്തിന് ജ്ഞാനപീഠപുരസ്‌കാരം ലഭിക്കുന്നത്. അതോടെ പിന്നീടുള്ള വാര്‍ഷികങ്ങളില്‍ ജ്ഞാനപീഠജേതാക്കളായി വാര്‍ഷികോത്സവങ്ങളിലെ മുഖാതിഥികള്‍. 1979 ലെ വാര്‍ഷികോത്സവം ജ്ഞാനപീഠ ജേതാവായ പ്രശസ്ത തമിഴ് നോവലിസ്റ്റ് അഖിലന്‍ എന്ന അഖിലാണ്ഡനായിരുന്നു ഉദ്ഘാടനം ചെയ്തത്. 1980 ല്‍ ജ്ഞാനപീഠജേതാവായ എസ്.കെ.പാറ്റെക്കാട്ടും.

1978ല്‍ തപസ്യയുടെ രണ്ടാം വാര്‍ഷികം ഡോ. ശിവറാം കാരന്ത് ഉദ്ഘാടനം ചെയ്യുന്നു
1981ല്‍ തപസ്യയുടെ 5-ാം വാര്‍ഷികാഘോഷം കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ എസ്.കെ.പൊറ്റെക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു

ആറാം വാര്‍ഷികത്തിന് കന്നഡ എഴുത്തുകാരനായ ഗോപാലകൃഷ്ണ അഡിഗ, എട്ടാം വാര്‍ഷികത്തിന് തൃശൂരില്‍ തമിഴ് എഴുത്തുകാരനായ കല്ക്കി രാജേന്ദ്രന്‍, പത്താം വാര്‍ഷികത്തിന് ഒഡിയ എഴുത്തുകാരനായ മനോജ്ദാസ്, പതിനൊന്നാം വാര്‍ഷികത്തിന് എറണാകുളത്ത് കന്നഡ നോവലിസ്റ്റ് ശ്രീകൃഷ്ണ ആലനഹള്ളിയും പുരാവസ്തു ഗവേഷകനായ ഡോ.വി.എസ്.വാക്കന്‍കറും, പന്ത്രണ്ടാം വാര്‍ഷികത്തിന് കോഴിക്കോട്ട് തമിഴ് നോവലിസ്റ്റ് അശോകമിത്രനും പത്രപ്രവര്‍ത്തകന്‍ എസ്.ഗുരുമൂര്‍ത്തിയും പതിമൂന്നാം വാര്‍ഷികത്തിന് തിരുവനന്തപുരത്ത് തെലുഗ് എഴുത്തുകാരന്‍ പാണ്ഡുരംഗറാവുവും പങ്കെടുക്കുകയുണ്ടായി.

പതിനാലാം വാര്‍ഷികത്തിന് കണ്ണൂരില്‍ കര്‍ണാടകയിലെ ഇംഗ്ലീഷ് എഴുത്തുകാരന്‍ രാമചന്ദ്രശര്‍മ്മ, പതിനാറാം വാര്‍ഷികത്തിന് കാഞ്ഞങ്ങാട്ട് പത്രപ്രവര്‍ത്തകനും കന്നഡ എഴുത്തുകാരനുമായ രസികപുത്തിഗെ, പതിനേഴാം വാര്‍ഷികത്തിന് കോഴിക്കോട്ട് മൈസൂര്‍ സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. സി.ഡി.നരസിംഹയ്യ, പതിനെട്ടാം വാര്‍ഷികത്തിന് തിരുവനന്തപുരത്ത് ഹൈദരാബാദ് സ്വദേശിയും പ്രമുഖ സംസ്‌കൃതപണ്ഡിതനുമായ ഡോ.ഘനശ്യാമളപ്രസാദ്‌റാവു, പത്തൊമ്പതാം വാര്‍ഷികത്തിന് പാലക്കാട് തമിഴ് സാഹിത്യകാരന്‍ സിര്‍പ്പി സുബ്രഹ്മണ്യം, ഇരുപതാം വാര്‍ഷികത്തിന് തൃശൂരില്‍ തമിഴ് നോവലിസ്റ്റ് ശ്രീമതി ശിവശങ്കരി, ഇരുപത്തൊന്നാം വാര്‍ഷികത്തിന് കോഴിക്കോട്ട് പ്രശസ്ത തെലുഗു നര്‍ത്തകി അനുരാധ ജോന്നലഗഡ, ഇരുപത്തിരണ്ടാം വാര്‍ഷികത്തിന് കൊല്ലത്ത് പ്രശസ്ത കന്നഡ എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ ഡോ. ചന്ദ്രശേഖര കമ്പാറ തുടങ്ങിയവര്‍ സംബന്ധിക്കുകയുണ്ടയി. അമ്പതാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് പ്രശസ്ത തമിഴ് നോവലിസ്റ്റ് പത്മശ്രീ ജോ ഡിക്രൂസായിരുന്നു. 1991 ല്‍ കന്യാകുമാരിയില്‍ സാംസ്‌കാരിക തീര്‍ഥയാത്ര ഉദ്ഘാടനത്തിന് തമിഴ് കഥാകൃത്ത് സുന്ദരരാമസ്വാമി എന്നിങ്ങനെ കേരളത്തിനുപുറത്തുള്ള പ്രമുഖരായ എത്രയോ സാംസ്‌കാരിക നായകരെ തപസ്യ വാര്‍ഷികങ്ങളിലൂടെ കേരളത്തിന് പരിചയപ്പെടുത്തിയത് തപസ്യയാണ്.

ഉദ്യോഗസ്ഥതലത്തിലുളള സാംസ്‌കാരികനായകരുടെ സഹകരണം
ഉന്നതോദ്യോഗസ്ഥരായിരുന്നവരുടെ ഒരു നീണ്ടനിരതന്നെ തപസ്യയുടെ വേദികള്‍ അലങ്കരിച്ചിട്ടുണ്ട്. പല പരിപാടികളുടെയും സംഘാടകസമിതി അധ്യക്ഷരായും ഉദ്ഘാടകരായും അവര്‍ പങ്കെടുത്തു. ആര്‍.രാമചന്ദ്രന്‍നായര്‍ ഐ.എ.എസ്. ഡോ.ഡി.ബാബുപോള്‍ ഐ.എ.എസ്, കോട്ടയം ജില്ലാ കലക്ടറായിരുന്ന ഒ.സി.വിന്‍സെന്റ്, കാസര്‍കോട് കളക്ടറായിരുന്ന രാജു നാരായണസ്വാമി, കോട്ടയം ജില്ലാ കലക്ടറായിരുന്ന ഷീലാ തോമസ്, ടൈറ്റാനിയം എം.ഡി. ആയിരുന്ന ഭരത്ഭൂഷണ്‍, ടി.എന്‍.ജയചന്ദ്രന്‍ ഐ.എ.എസ്, ടി.ബാലകൃഷ്ണന്‍ ഐ.എ.എസ്. കോഴിക്കോട് ജില്ലാ കളക്ടറായിരുന്ന കെ.ജയകുമാര്‍, യു.കെ.എസ്. ചൗഹാന്‍, ഉഷാ ടൈറ്റസ്, പാലക്കാട് കളക്ടറായിരുന്ന മാരപാണ്ഡ്യന്‍, വി.രാജ്‌മോഹന്‍ എന്നിവര്‍ അക്കൂട്ടത്തില്‍ പെടുന്നു. 1991 ല്‍ സാംസ്‌കാരികതീര്‍ഥയാത്ര നടത്തിയപ്പോള്‍ കോഴിക്കോട് ജില്ലയിലെ സ്വാഗതസംഘത്തില്‍ നഗരത്തിലെ പ്രമുഖരായ ഉദ്യോഗസ്ഥര്‍ അംഗങ്ങളായി സഹകരിച്ചിരുന്നു. ഇതില്‍ അസ്വസ്ഥരായ ചില പത്രങ്ങള്‍ അതിനെ വിമര്‍ശിച്ച് വാര്‍ത്തകൊടുക്കുകയുണ്ടായി.

പ്രഗത്ഭമതികളുടെ നേതൃത്വം
ആദ്യകാലത്ത് വി.എം.കൊറാത്ത്, എം.എ. കൃഷ്ണന്‍, പി.പരമേശ്വരന്‍, എന്നിവരൊടാപ്പം പ്രശസ്ത സാഹിത്യനിരൂപകന്‍ പ്രൊഫ. എസ്. ഗുപ്തന്‍നായര്‍ പണ്ഡിതനും എഴുത്തുകാരനുമായ ഡോ.കെ.ഭാസ്‌കരന്‍നായര്‍, സാമൂഹ്യപരിഷ്‌കര്‍ത്താവായ എം.പി.മന്മഥന്‍, പ്രമുഖ സാഹിത്യനിരൂപകനായ പ്രൊഫ. കെ.ഗോപാലകൃഷ്ണന്‍, പണ്ഡിതനും അധ്യാപകനുമായ ഡോ. എ. പത്മനാഭക്കുറുപ്പ്, പ്രമുഖ കലാപണ്ഡിതനായ ടി.എം.ബി നെടുങ്ങാടി എന്നിവര്‍ തപസ്യയുടെ നേതൃത്വത്തിലുണ്ടായിരുന്നു.

പ്രൊഫ.സി.കെ.മൂസത്, മഹാകവി അക്കിത്തം, കവിയും നിരൂപകനുമായ പി.നാരായണക്കുറുപ്പ്, വിഖ്യാത പണ്ഡിതനും എഴുത്തുകാരനുമായ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, കവികളായ പ്രൊഫ. മേലത്തുചന്ദ്രശേഖരനും എസ്. രമേശന്‍നായരും, നോവലിസ്റ്റ് മാടമ്പ് കുഞ്ഞുകുട്ടന്‍, ഡോ.സുവര്‍ണ നാലാപ്പാട് എന്നിവര്‍ അധ്യക്ഷരായും ഹാസ്യസാഹിത്യകാരനായ അഡ്വ. എം.എന്‍.ഗോവിന്ദന്‍നായര്‍, ബഹുഭാഷാ പണ്ഡിതനും അധ്യാപകനുമായ പ്രൊഫ. സി.ജി.രാജഗോപാല്‍ എന്നിവര്‍ ഉപാധ്യക്ഷരായും വിവിധ കാലഘട്ടങ്ങളിലായി സംസ്ഥാനതലത്തില്‍ തപസ്യയെ പിന്നീട് നയിക്കുകയുണ്ടായി. പ്രശസ്ത ചലച്ചിത്ര നിരൂപകനും സംവിധായകനും നോവലിസ്റ്റുമായ പി.വിജയകൃഷ്ണനാണ് ഇപ്പോഴത്തെ അധ്യക്ഷന്‍.

വിഖ്യാത പണ്ഡിതനായ പ്രൊഫ. കെ.പി. നാരായണ പിഷാരോടി, പ്രശസ്ത നാടന്‍കലാ പണ്ഡിതന്‍ കുട്ടമത്ത് എ. ശ്രീധരന്‍, ഭാഷാപണ്ഡിതനായ പ്രൊഫ. ടി.ലക്ഷ്മണന്‍, ഭാഷാപണ്ഡിതനും ഗ്രന്ഥകാരനുമായ വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, ചിത്രകാരന്‍ പ്രൊഫ. കാട്ടൂര്‍ നാരായണപിള്ള, പ്രശസ്ത അധ്യാപകനായ പ്രൊഫ. ബലറാം മൂസത്, കവികളായ സി.കൃഷ്ണന്‍നായരും വി.എസ്. ഭാസ്‌കരപ്പണിക്കരും വട്ടംകുളം ശങ്കുണ്ണിയും കുഞ്ഞപ്പന്‍ കൊല്ലങ്കോടും, പ്രമുഖ കഥാകൃത്തായ പി.ആര്‍.നാഥന്‍, സര്‍വകലാശാലാ വകുപ്പ് മേധാവിയും മഹാകവി ഉള്ളൂരിന്റെ പൗത്രനുമായ പ്രൊഫ. ഉള്ളൂര്‍ എസ്.പരമേശ്വരന്‍, പണ്ഡിതനും പത്രപ്രവര്‍ത്തകനുമായ പി.ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ ആദ്യകാലങ്ങളില്‍ വിവിധ ജില്ലാ അധ്യക്ഷരായി തപസ്യയെ നയിച്ചവരാണ്.

വി.എം.കൊറാത്തിന്റെ സ്വാധീനം
”കൊറാത്ത് ഇല്ലായിരുന്നെങ്കില്‍ എനിക്ക് തപസ്യ തുടങ്ങാന്‍ കഴിയുമായിരുന്നില്ല” എന്നാണ് തപസ്യ സ്ഥാപകനായ എം.എ.കൃഷ്ണന്‍ പറഞ്ഞത്. മാതൃഭൂമി ഡപ്യൂട്ടി എഡിറ്റര്‍ എന്ന നിലയില്‍ പത്രപ്രവര്‍ത്തനരംഗത്തും സാംസ്‌കാരികരംഗത്തും കേളപ്പജിയുടെ അനുയായി എന്നനിലയില്‍ പൊതുസമൂഹത്തിലും തപസ്യ സ്ഥാപകരിലൊരാളായ വി.എം.കൊറാത്തിനുണ്ടായിരുന്ന സ്വാധീനം ആദ്യകാലങ്ങളില്‍ തപസ്യയുടെ വളര്‍ച്ചയ്ക്കും സ്വീകാര്യതയക്കും വലിയ പങ്കാണ് വഹിച്ചത്. കേരളത്തിലെ പ്രമുഖ സാംസ്‌കാരിക നായകരെയെല്ലാം തന്റെ ഒരു കത്തുകൊണ്ടോ ഫോണ്‍വിളികൊണ്ടോ തപസ്യയുമായി സഹകരിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. തപസ്യ പരിപാടികള്‍ക്ക് ആദ്യകാലങ്ങളില്‍ വന്‍തോതിലുള്ള വാര്‍ത്താപ്രാധാന്യവും മാധ്യമപിന്തുണയും ലഭിച്ചതിനു കാരണം കൊറാത്ത് സാറായിരുന്നു. ജീവിതാവസാനംവരെ തപസ്യയെ തന്റെ ആത്മാംശമാക്കിയ അദ്ദേഹം സ്വധര്‍മ്മംപോലെ അതിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുകയുണ്ടായി.

മഹാകവി അക്കിത്തത്തിന്റെ നേതൃത്വം
1983 ല്‍ തപസ്യയുടെ തൃശൂര്‍ജില്ലാ അധ്യക്ഷനായിട്ടാണ് മഹാകവി അക്കിത്തം തപസ്യയുടെ പ്രവര്‍ത്തനത്തില്‍ പങ്കാളിയാവുന്നത്. തൊട്ടടുത്ത വര്‍ഷം തൃശൂരില്‍ നടന്ന എട്ടാം വാര്‍ഷികോത്സവത്തിന്റെ സംഘാടകസമിതി അധ്യക്ഷന്‍ എന്ന നിലയില്‍ ആ സമ്മേളനം ഗംഭീരവിജയമാക്കിയത് അക്കിത്തമായിരുന്നു.

1985 നവംബര്‍ മാസത്തില്‍ ആലുവയില്‍ നടന്ന വാര്‍ഷികപ്രതിനിധിസഭായോഗമാണ് അക്കിത്തത്തെ തപസ്യയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. അതോടെ അക്കിത്തവും തപസ്യയും പര്യായപദങ്ങളായി മാറി. തുടര്‍ന്ന് പതിനാല് വര്‍ഷക്കാലം സംസ്ഥാനാധ്യക്ഷനായും പിന്നീട് ജീവിതാന്ത്യംവരെ രക്ഷാധികാരിയായും തപസ്യക്ക് എല്ലാ ആശിര്‍വാദവും നല്‍കി അതിനെ ഉന്നതിയിലേക്ക് നയിച്ചത് അദ്ദേഹമാണ്. തപസ്യയിലെ തന്റെ ദൗത്യത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി.

”ഭാരതീയസംസ്‌കാരം എന്നാലെന്താണ്. ലോകസംസ്‌കാരത്തില്‍നിന്ന് അതിനുള്ള വ്യത്യാസമെന്താണ്. ധര്‍മ്മം എന്ന വാക്ക് ഈശ്വരന്‍ എന്ന വാക്കിന്റെ പ്രതീകമായി ഉപയോഗിച്ചുവന്ന ദര്‍ശനമാണ് ഇവിടെയുള്ളത്. ലോകത്തിലെ അനേകം സംസ്‌കാരങ്ങള്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തപ്പോഴൊക്കെ ഈ വാക്ക് ഇവിടെ നിലനിന്നു. അത് ഇനിയും നിലനിന്നാല്‍ കൊള്ളാം. അത് നിലനില്‍ക്കാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ട് എന്ന് വിചാരിക്കുന്ന ആളുകള്‍ പരസ്പരം ആലോചിച്ചുണ്ടായ ഒരു പ്രസ്ഥാനം മാത്രമാണ് തപസ്യ.
ഇതിനോടിപ്പോള്‍ ഞാന്‍ സഹകരിച്ചില്ല എന്നു വിചാരിക്കുക, ഇതില്ലാതാവാന്‍ നിവൃത്തിയില്ല. ഞാന്‍ സഹകരിച്ചുവെന്നു വിചാരിക്കുക, ഇതു കുറേക്കൂടി നന്നാവാനും പോവുന്നില്ല. പക്ഷെ എനിക്കുമുണ്ടല്ലോ ഒരു ധര്‍മ്മം. ഞാനും ഈ ഭാരതത്തിലാണല്ലോ ജനിച്ചത്. എപ്പോഴാണിവിടെ കണ്ണടച്ചു വീഴുന്നതെന്നറിയില്ല. അതുവരെ എനിക്കു കിട്ടിയ വെളിച്ചത്തിനനുസരിച്ച് ഈ ധര്‍മ്മബോധത്തെ അനുകൂലിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് എന്റെ ചുമതലയാണ് എന്നു വിചാരിച്ചുകൊണ്ടാണ് ഇക്കണ്ട കാലം മുഴുവന്‍ ഞാനിതുമായി സഹകരിച്ചിട്ടുള്ളത്. അതിലെനിക്ക് വളരെ സന്തോഷമുണ്ട്. ഇതില്‍ യാതൊരു രാഷ്ട്രീയവുമില്ല. എല്ലാവര്‍ക്കും ഇതില്‍ പങ്കുകൊള്ളുകയും ചെയ്യാം. ഈ ഭാരതീയസംസ്‌കാരത്തെ ആദരിക്കുന്നവര്‍ക്കൊക്കെ ഇതിലേക്കുവരാം.”

തപസ്യയുടെ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയ പ്രമുഖര്‍
തപസ്യ ഏര്‍പ്പെടുത്തിയ സഞ്ജയന്‍ പുരസ്‌കാരം ആദ്യമായി നല്കിയത് മഹാകവി അക്കിത്തത്തിനായിരുന്നു. തുടര്‍ന്ന് ഒ.വി. വിജയന്‍, അയ്യപ്പപ്പണിക്കര്‍, ടി.പത്മനാഭന്‍, സി.രാധാകൃഷ്ണന്‍, എംവി. ദേവന്‍, എസ്.രമേശന്‍നായര്‍, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, മാടമ്പ് കുഞ്ഞിക്കുട്ടന്‍, പി.നാരായണക്കുറുപ്പ്, പി.വത്സല, എന്‍.കെ. ദേശം. പി.ആര്‍. നാഥന്‍, എം.ജി.എസ്.നാരായണന്‍ എന്നിവര്‍ക്കായിരുന്നു പുരസ്‌കാരം ലഭിച്ചത്.

വി.എം.കൊറാത്തിന്റെ പേരില്‍ തപസ്യ നല്കിയ ആദ്യപുരസ്‌കാരം ലഭിച്ചത് പ്രമുഖ പത്രപ്രവര്‍ത്തകനായ എം.വി.കാമത്തിനായിരുന്നു. 2009 ല്‍ പുരസ്‌കാരദാനം നടത്തിയത് അന്ന് ലോകസഭയിലെ പ്രതിപക്ഷനേതാവായിരുന്ന എല്‍.കെ.അദ്വാനി ആയിരുന്നു. പത്രപ്രവര്‍ത്തകനായ ടി.വി.ആര്‍.ഷേണായി, സംവിധായകന്‍ ഹരിഹരന്‍ എന്നിവര്‍ക്കാണ് പിന്നീട് ആ അവാര്‍ഡ് നല്കിയത്.

പ്രഫ.തുറവൂര്‍ വിശ്വംഭരന്റെ ഓര്‍മ്മക്കായുള്ള പുരസ്‌കാരം അദ്ദേഹത്തിന്റെ നിര്യാണശേഷം 2018 മുതല്‍ തപസ്യ വര്‍ഷം തൊറും നല്കിവരുന്നു. ഡോ.എം.ലീലാവതിക്കായിരുന്നു ആദ്യപുരസ്‌കാരം ലഭിച്ചത്. പിന്നീട് വിഷ്ണുനാരായണന്‍ നമ്പൂതിരി, പ്രൊഫ.സി.ജി രാജഗോപാല്‍, ആഷാമേനോന്‍, ഡോ.സുവര്‍ണ നാലപ്പാട്, നടുവട്ടം ഗോപാലകൃഷ്ണന്‍, ഡോ.എം.ജി. ശശിഭൂഷണ്‍, വി.ആര്‍. പ്രബോധചന്ദ്രന്‍നായര്‍ എന്നിവര്‍ക്കായിരുന്നു.

1992ല്‍ കൊയിലാണ്ടിയില്‍ നടന്ന തപസ്യയുടെ സംസ്ഥാന പഠനശിബിരത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി
സംസാരിക്കുന്നു.

2022 മുതല്‍ മഹാകവി അക്കിത്തത്തിന്റെ പേരില്‍ നല്കിവരുന്ന പുരസ്‌കാരം ജ്ഞാനപീഠജേതാവ് എം.ടി.വാസുദേവന്‍ നായര്‍, ശ്രീകുമാരന്‍തമ്പി, പ്രൊഫ. കെ.പി.ശങ്കരന്‍, വി.മധുസൂദദന്‍നായര്‍ എന്നിവര്‍ക്ക് ലഭിക്കുകയുണ്ടായി. മാടമ്പ് കുഞ്ഞുക്കുട്ടന്റെ പേരില്‍ നല്‍കിവരുന്ന പുരസ്‌കാരം ആദ്യം നല്കിയത് സുരേഷ്‌ഗോപിക്കാണ്. പിന്നീട് പ്രശസ്ത ചലച്ചിത്ര സംവിധായകരായ ജയരാജ്, ശ്രീനിവാസന്‍ എന്നിവര്‍ക്കും.

പ്രശസ്ത കവി ദുര്‍ഗാദത്തന്‍ നമ്പൂതിരിപ്പാടിന്റെ സ്മരണയ്ക്ക് യുവ എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം ആദ്യം ലഭിച്ചത് 2003 ല്‍ പ്രശസ്ത കഥാകൃത്ത് സുഭാഷ്ചന്ദ്രനാണ്. ജോണ്‍ ഡിറ്റോ, ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍, ആര്‍. ലോപ, അശ്വതി ശശികുമാര്‍, ശ്രീകാന്ത് കോട്ടക്കല്‍, ആര്യാംബിക, പ്രശാന്ത് നാരായണന്‍, ഡോ.ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍, പ്രശാന്ത്ബാബു കൈതപ്രം, ഡോ.പി.ശിവപ്രസാദ്, യദു വിജയകൃഷ്ണന്‍ എന്നിവരാണ് പിന്നീടതിന് അര്‍ഹരായവര്‍.

തപസ്യ ഒരു സ്വതന്ത്രവേദി
ഭാരതീയ സാംസ്‌കാരിക പാരമ്പര്യത്തില്‍ അടിയുറച്ച കലാ-സാഹിത്യ ദര്‍ശനത്തില്‍ അടിയുറച്ചു നില്ക്കുന്ന കലാ-സാഹിത്യവേദിയാണ് തപസ്യ. ദേശീയതയിലൂന്നിയ അതിന്റെ നിലപാടുകളില്‍ ഒരിക്കലും വിട്ടുവീഴ്ചകളില്ല. എന്നാല്‍ കലാ-സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും തന്റെ അഭിപ്രായവും നിലപാടുകളും തപസ്യവേദികളില്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അടിയന്തരാവസ്ഥയില്‍ അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചു തുടങ്ങിയ തപസ്യയുടെ പ്രഖ്യാപിത നയമാണത്. അതിനാല്‍ എതിരഭിപ്രായമുള്ളവര്‍ക്ക് പോലും നിര്‍ഭയമായി തപസ്യവേദികളില്‍ പങ്കെടുക്കാന്‍ കഴിയുന്നു. തപസ്യ രൂപം കൊണ്ടയുടനെ നടന്ന ആദ്യപരിപാടി പ്രശസ്ത നാടകകാരന്‍ സി.എന്‍.ശ്രീകണ്ഠന്‍നായര്‍ അനുസ്മരണ പരിപാടിയായിരുന്നു. ഇടതുപക്ഷ സഹയാത്രികനായ എഴുത്തുകാരന്‍ എ.പി.പി.നമ്പൂതിരി അതില്‍ പ്രസംഗിച്ചിരുന്നു. ദേശാഭിമാനി പത്രാധിപരായിരുന്ന തായാട്ട് ശങ്കരനും നിരവധി തപസ്യ പരിപാടികളില്‍ സംബന്ധിച്ചിട്ടുണ്ട്. ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തിയ പ്രൊഫ. എം.എസ്.മേനോന്‍, ഡോ.കെ.കെ.എന്‍.കുറുപ്പ് എന്നിവരും തപസ്യ വേദികളില്‍ പ്രസംഗിച്ചിട്ടുണ്ട്. 1982 ല്‍ തിരുവനന്തപുരത്ത് നടന്ന ആറാം വാര്‍ഷികോത്സവത്തില്‍ തപസ്യയുടെ ആശയഗതികളോട് തീരെ യോജിപ്പില്ലായിരുന്ന ബി.രാജീവനും ബാലചന്ദ്രന്‍ ചുള്ളിക്കാടും പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ് നേതാവും സാഹിത്യകാരനുമായിരുന്ന എ.സുജനപാല്‍ പലതവണ തപസ്യ വേദിയില്‍ പങ്കെടുത്തിട്ടുണ്ട്.

1979 ല്‍ കോഴിക്കോട് ജില്ലയിലെ നന്മണ്ടയില്‍ തപസ്യ നടത്തിയ പത്രപ്രവര്‍ത്തകക്യാമ്പില്‍ ക്ലാസെടുക്കാനെത്തിയ ദേശാഭിമാനി പത്രാധിപസമിതി അംഗമായ അബ്ദുറഹിമാന്‍ ഒരു ദിവസം മുഴുവന്‍ ആ ക്യാമ്പില്‍ ചെലവഴിക്കുകയുണ്ടായി. 1987 ല്‍ എറണാകുളത്തു നടന്ന പതിനൊന്നാം വാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ കന്നഡ നോവലിസ്റ്റ് ശ്രീകൃഷ്ണ ആലനഹള്ളി തന്റെ പ്രസംഗത്തില്‍, ‘ഞാനൊരു ഹിന്ദുവല്ല’ എന്ന് പരാമര്‍ശിച്ചിരുന്നു. തികഞ്ഞ സഹിഷ്ണുതയോടെയാണ് ആ സദസ്സ് അദ്ദേഹത്തെ കേട്ടിരുന്നത്. ആ ചടങ്ങില്‍ സംബന്ധിച്ചിരുന്ന പ്രശസ്ത നോവലിസ്റ്റ് കാക്കനാടനാണ്, ‘ഞാനൊരു ഹിന്ദുവാണ്’ എന്ന് പറഞ്ഞുകൊണ്ട് അതിന് മറുപടി കൊടുത്തത്. തപസ്യ പരിപാടിയില്‍ സംബന്ധിച്ചതിന് ആലനഹള്ളിയെ വിമര്‍ശിച്ച ചിലരോട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: ”എന്റെ പ്രസംഗം കേട്ടിരിക്കാന്‍ മുന്‍നിരയില്‍ പി.പരമേശ്വരനും ഒ.രാജഗോപാലും മഹാകവി അക്കിത്തവും ഉണ്ടായിരുന്നു. അവരടക്കമുള്ള സദസ്സ് വളരെ ശ്രദ്ധയോടെയും സഹിഷ്ണുതയോടെയും ഞാന്‍ പറയുന്ന് കേട്ടിരുന്നു. എനിക്ക് തപസ്യയോട് തികഞ്ഞ ബഹുമാനമാണുള്ളത്.”

കഴിഞ്ഞ അമ്പത് വര്‍ഷമായി കേരളത്തിലെ സാംസ്‌കാരികരംഗത്ത് ഒരു ചാലകശക്തിയായി നിരന്തരം സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ തപസ്യയുടെ ആത്മാര്‍ഥതയും സംസ്‌കാരാഭിമുഖ്യവും കാരണം എഴുത്തുകാരുടെയും കലാകാരന്മാരുടെയും നിര്‍ലോഭമായ സഹകരണം ലഭിച്ചുകൊണ്ടിരിക്കുന്നു.

Tags: തപസ്യ
Share
Tweet
SendShare

Related Posts

തപസ്യ ഒരു ഈശ്വരലാസ്യം

തപസ്യ ഒരു ഈശ്വരലാസ്യം

വികസിത ഭാരതത്തിനായി… ശാസ്ത്രസാങ്കേതിക വഴിയിലെ കുതിച്ചു ചാട്ടങ്ങള്‍

വികസിത ഭാരതത്തിനായി… ശാസ്ത്രസാങ്കേതിക വഴിയിലെ കുതിച്ചു ചാട്ടങ്ങള്‍

പാറ്റ സമരത്തിന് പിന്നിലാര് ?

പാറ്റ സമരത്തിന് പിന്നിലാര് ?

പാറ്റാ സമരത്തിന്റെ ഗുണഭോക്താവ് ആര്?

പാറ്റാ സമരത്തിന്റെ ഗുണഭോക്താവ് ആര്?

ലോകം ആഗോള മാന്ദ്യത്തിലേക്കോ?

ലോകം ആഗോള മാന്ദ്യത്തിലേക്കോ?

നരേന്ദ്രമോദിയുടെ നയതന്ത്ര യാത്രകള്‍

നരേന്ദ്രമോദിയുടെ നയതന്ത്ര യാത്രകള്‍

Shopping Cart

Latest

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

നവോത്ഥാനത്തിന്റെ മാധവമുദ്രകള്‍

നവോത്ഥാനത്തിന്റെ മാധവമുദ്രകള്‍

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies