Tuesday, August 11, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

പാറ്റ സമരത്തിന് പിന്നിലാര് ?

കാവാലം ശശികുമാർകാവാലം ശശികുമാർ
31 July 2026

പ്രധാനം രാജ്യമാണ്, അപ്പോള്‍ പ്രധാനം വ്യക്തിയല്ല, പ്രത്യേകിച്ച് ഓരോരുത്തരും പ്രധാന സേവകരാണെന്ന വിശ്വാസഭാവമുള്ളപ്പോള്‍. അങ്ങനെ പ്രധാന്‍ മാറിയാല്‍ പ്രഹ്ലാദ്. പക്ഷേ അതിനിടയാക്കിയ സംഭവങ്ങളും സാഹചര്യങ്ങളും പാഠങ്ങളാണ്, സമൂഹം അറിഞ്ഞിരിക്കേണ്ട പാഠങ്ങള്‍.

Google NewsAdd Kesari Weekly as a preferred source on Google

കേന്ദ്ര വിദ്യാഭ്യാസ വകുപ്പുമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെച്ചൊഴിഞ്ഞു; കാരണം പ്രധാനം രാജ്യമാണ്. ഇനി പ്രഹ്ലാദ് ഭരിക്കും. നയം മാറ്റമില്ല, നിലപാടുമാറ്റമില്ല. പ്രഹ്ലാദ് വെങ്കിടേഷ് ജോഷിയുടെ മന്ത്രാലയം പുതിയ പരീക്ഷാരീതി നടപ്പിലാക്കും. നീറ്റ് ക്രമക്കേട് വിഷയത്തില്‍ സിജെപി എന്ന പാറ്റപ്പാര്‍ട്ടി നടത്തിയ സമരം അക്രമജഡിലമായതാണ് മന്ത്രിയുടെ രാജിയിലൂടെ സമരം അവസാനിപ്പിക്കാന്‍ മോദി സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്.

രാജിയോടെ സമരക്കാര്‍ തീര്‍ന്നു, സര്‍ക്കാര്‍ തുടരുകയാണ്. മൂന്നു മാസത്തിനിടെ, 12 വര്‍ഷം സദ്ഭരണം നടത്തിയ ഒരു സര്‍ക്കാരിനോട് രാജ്യത്തെ ഒരു വിഭാഗം കൈക്കൊണ്ട നിലപാട് ലോകമാകെക്കണ്ടു; മാധ്യമങ്ങളുടെ, സാംസ്‌കാരിക പ്രവര്‍ത്തകരുടെ, കലാകാരന്മാരുടെ, പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെയെല്ലാം. നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയും ദൗര്‍ബ്ബല്യങ്ങളും കണ്ടു. വരും നാളുകളില്‍ ലോകം അറിയും സമരത്തില്‍ സര്‍ക്കാര്‍ തോറ്റതോ, കീഴടങ്ങിയതോ, വഴങ്ങിയതോ എന്ന്. അത് ഏതായാലും എന്തുകൊണ്ടായിരുന്നുവെന്ന്.

ADVERTISEMENT

”ഞാനെന്തിന് സമരത്തിനുപോകണം. പകരം ആ സമയത്ത് ഞാന്‍ കൂടുതല്‍ പഠിച്ചു. എനിക്ക് പുനപ്പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് കിട്ടി. ആദ്യപരീക്ഷ റദ്ദാക്കിയപ്പോള്‍ സങ്കടവും നിരാശയും വന്നു. രണ്ടു മണിക്കൂറില്‍ ഞാന്‍ അത് മാറ്റി. പഠനം തുടര്‍ന്നു.” നീറ്റ് പുനപ്പരീക്ഷയില്‍ (2026) രണ്ടാം റാങ്ക് നേടിയ പ്രസൂന്‍ ബന്‍ഡാല്‍ (വയസ്സ് 17, ഹരിയാന) പറഞ്ഞു. പക്ഷേ എല്ലാവരും പ്രസൂനിനെപ്പോലെ അല്ലല്ലോ. അങ്ങനെയാണ് ജന്തര്‍മന്തര്‍ സമരത്തില്‍ 17 ദിവസം പങ്കെടുത്ത വിദ്യാര്‍ത്ഥിനി നാട്ടിലേക്ക് തിരികെ പോകുമ്പോള്‍ പറഞ്ഞത്. ”പ്രതിഷേധിക്കാനും പ്രതികരിക്കാനുമാണ് എത്തിയത്. ഇപ്പോള്‍ ഇവിടെ അക്രമികളാണ്. ഞങ്ങള്‍ ഓരോ വിദ്യാര്‍ത്ഥിക്കും ചുറ്റും അഞ്ച് ഗുണ്ടകള്‍ ഉണ്ട്. പോകാനും സമ്മതിക്കുന്നില്ല. ഇങ്ങനെയൊരു പ്രതിഷേധത്തിനല്ല ഞങ്ങള്‍ വന്നത്.”

കേരളമാധ്യമങ്ങള്‍ക്ക് എന്തുപറ്റി?
മലയാളത്തിലെ മാധ്യമങ്ങള്‍ക്ക് എന്തു പറ്റി? മാധ്യമസ്വാതന്ത്ര്യം മര്യാദകള്‍ ലംഘിക്കുന്നത് ചില മാധ്യമപ്രവര്‍ത്തകരും സ്ഥാപനങ്ങളും മാത്രമേ അറിയാതുള്ളൂ. രാജ്യത്ത് ഒരു ബംഗ്ലാദേശ് മോഡല്‍ കലാപമോ, നേപ്പാള്‍ കലാപമോ ശ്രീലങ്കന്‍ കലാപമോ ഉണ്ടായിക്കാണാന്‍ അവര്‍ ആഗ്രഹിക്കുന്നുവോ? ജനാധിപത്യം തെരഞ്ഞെടുപ്പിലൂടെ വേണോ കല്ലേറിലൂടെ വേണോ എന്ന് ചോദിച്ചാല്‍ കല്ലിന്റെ പക്ഷത്താണ് മലയാള മാധ്യമങ്ങള്‍ പലതും. അച്ചടി മാധ്യമങ്ങള്‍, അവരുടെതന്നെ ഉടമസ്ഥതയിലുള്ള ദൃശ്യമാധ്യമങ്ങളില്‍ പറയുന്നതിനും കാണിക്കുന്നതിനുമെതിരായി പറയുന്നു. ദല്‍ഹിയില്‍ സംഭവങ്ങള്‍ക്ക് ‘സാക്ഷി’യായ റിപ്പോര്‍ട്ടര്‍ പറയുന്നതിന് വിരുദ്ധമായി സ്റ്റുഡിയോയിലും എഡിറ്റിങ്ങ് മുറിയിലും ഉള്ളവര്‍ വ്യാഖ്യാനിക്കുന്നു. രണ്ടിലും ഉള്ളത് അസത്യമെന്ന് ഇതര ഭാഷാ ടിവി ചാനലുകളും മറ്റു മാധ്യമങ്ങളും കാണുന്നവര്‍ തിരിച്ചറിയുന്നു. മലയാള മാധ്യമങ്ങളില്‍ 90 ശതമാനവും രാജ്യവിരുദ്ധപക്ഷത്താണെന്ന് ജനങ്ങള്‍ നല്ലൊരുപങ്കും തിരിച്ചറിയുന്നു.

ഏഷ്യാനെറ്റ് വര്‍ത്ത പറയുന്നു: മോദി വീണു, വീഴുന്നു; രാഹുല്‍ഗാന്ധി അഗ്‌നിനാളമാകുന്നുവെന്ന മട്ടില്‍. മനോരമയ്ക്ക് ദല്‍ഹിയില്‍ ഭരണമാറ്റം ഉറപ്പായി, ദല്‍ഹി കത്തുകയാണെന്ന വാദം. മാതൃഭൂമിയ്ക്കും ഒരു കലാപം നടക്കുന്നതിന്റെ സൂചനകളെന്ന് ആഹ്ലാദം; യുദ്ധം റിപ്പോര്‍ട്ട് ചെയ്യുന്ന ആവേശം. മീഡിയവണ്‍ പോലെയുള്ള ടിവി ചാനലുകളില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കുക വയ്യ.

ദല്‍ഹി പോലീസിനെ നക്‌സല്‍-മാവോയിസ്റ്റ് ഭീകരര്‍ ചെയ്യുന്നതുപോലെ അക്രമിക്കുന്നത്, പൊതുമുതല്‍ നശിപ്പിക്കുന്നത്, കല്ലെറിയുന്നത്, സ്ഥാപനങ്ങള്‍ നശിപ്പിക്കുന്നത്, അവര്‍ കണ്ടിട്ടും സംപ്രേഷണം ചെയ്യുന്നില്ല. പക്ഷേ ഒന്നാണ് മനസ്സിലാകാത്തത്. വനിതാ പത്രപ്രവര്‍ത്തകരെ ആക്രമിക്കുന്നു. ശാരീരികമായി പീഡിപ്പിക്കുന്നു. അത് മലയാള മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ല. അതില്‍ പ്രതിഷേധമില്ല. ആക്രമിക്കപ്പെടുന്നവര്‍ മോദി മീഡിയ ജോണലിസ്റ്റുകളാണ് എന്നാണ് വ്യാഖ്യാനം. ദല്‍ഹിയിലുമുണ്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ശാഖ. സര്‍വ്വലോക മാനവികതയൊക്കെയാണ് യൂണിയന്റെ മുദ്രാവാക്യമെങ്കിലും പ്രസ്താവനകള്‍ ഇല്ലെന്നുമാത്രമല്ല, ആ ആക്രമണ സംഭവങ്ങള്‍ മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല.വനിതാ മാധ്യമ സിംഹങ്ങളുടെ എഡിറ്റോറിയല്‍ പ്രസംഗങ്ങളില്‍ പരാമര്‍ശം പോലുമില്ല. സമരക്കാര്‍ തുണിയുരിഞ്ഞ് വനിതാ മാധ്യമപ്രവര്‍ത്തകരെ നഗ്‌നത പ്രദര്‍ശിപ്പിക്കുന്നു. സങ്കടമില്ല, പരാതിയില്ല, പ്രസ്താവനയില്ല, വാര്‍ത്ത പോലുമില്ല. കേരളത്തില്‍ നിന്ന് ദല്‍ഹിയിലെത്തി ‘വിപ്ലവം’ നടത്താന്‍ ജന്തര്‍മന്ദറിലുള്ളവരും ദല്‍ഹിയിലെ മലയാളിപ്പാറ്റകളും ‘ജനം ടിവിക്കാരെ’ കിട്ടിയാല്‍ തല്ലുമെന്ന് പറയുന്നു, സമരക്കാരെ വാഴ്ത്തുന്ന മലയാള മാധ്യമക്കാര്‍ കേട്ട് ആസ്വദിക്കുന്നു. നിഷ്പക്ഷമാധ്യമ പ്രവര്‍ത്തനത്തിന്റെ ധര്‍മ്മപ്രസംഗങ്ങള്‍ നടത്തുകയും ചെയ്യുന്നു. അച്ചടിമാധ്യമങ്ങളെക്കുറിച്ചു പറയേണ്ടതില്ല. ഒരുകൈവിരലില്‍ എണ്ണാന്‍ തികയില്ല, ഈ സംഭവങ്ങളില്‍ വസ്തുതകള്‍ പറയുന്നവരായി.

കേരളത്തിലെ സിനിമക്കാര്‍
നവരസം ഉണ്ടാകുന്നതെങ്ങനെയാണ് കലാകാരന്‍ ‘പച്ചാളം ഭാസി’ (ജഗതി ശ്രീകുമാര്‍) ചോദിക്കുമ്പോള്‍ അഭിനയകലയുടെ എഞ്ചുവടി അറിയാത്ത ‘സരോജ് കുമാര്‍’ (ശ്രീനിവാസന്‍) ‘ഉദയനാണ് താരം’ സിനിമയില്‍ ചോദിക്കുന്നില്ലേ ‘രസം’ (കൂട്ടാന്‍) നമ്മള്‍ ഉണ്ടാക്കുകയല്ലേ ഉണ്ടാകുകയല്ലല്ലോ എന്ന്. നീറ്റ് പരീക്ഷ എന്നാല്‍ ‘നാഷണല്‍ എലിജിബിലിറ്റ് ആന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റ് (എന്‍ഇഇടി) ആണെന്ന് അറിയാത്തവര്‍ ന്യൂദല്‍ഹിയിലെ ജന്തര്‍മന്തര്‍ സമരപ്പന്തലിലുണ്ടായിരുന്നു. അവര്‍ വിദ്യാര്‍ത്ഥികളോ, വാടകസമരക്കാരോ അക്രമികളോ, ആള്‍ക്കൂട്ടമോ എന്നൊക്കെ ഇനം തിരിച്ച് അറിയാന്‍ സമയമെടുക്കും. പക്ഷേ ‘കോക്രോച്ച്’ (പാറ്റകള്‍) എന്ന ചെറു വിളിപ്പേരാണിപ്പോള്‍ അവര്‍ക്ക്. കേരളത്തില്‍ നിന്ന് പിന്തുണ ആദ്യം കിട്ടിയത് വിദ്യാര്‍ത്ഥികളില്‍ നിന്നല്ല. അഭിനേതാക്കള്‍, സാങ്കേതിക പ്രവര്‍ത്തകര്‍ ഒക്കെയായ സിനിമക്കാരില്‍ നിന്നാണ്. അവരില്‍ എല്ലാവരുടെയും പേരുപറയുന്നതില്‍ അര്‍ത്ഥമില്ലെങ്കിലും ചില പേരുകള്‍ പറയണം, ടൊവിനോ തോമസ്, ദുല്‍ക്കര്‍ സല്‍മാന്‍, പാര്‍വതി തിരുവോത്ത്, രഞ്ജിനി ഹരിദാസ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ പേരുകള്‍. ഇവര്‍ക്കൊക്കെ നീറ്റ് പരീക്ഷ എന്താണെന്ന് അറിയാത്തവരായിരിക്കില്ല. അതായത് വെറും ‘സരോജ് കുമാരന്‍’മാരല്ല. പക്ഷേ ‘വിവേകകുമാര’ന്മാരുമല്ല. ടൊവിനോ തോമസിന് ഡിവൈഎഫ്‌ഐയുടെ പ്രദേശിക നേതാവിന്റെ ബൗദ്ധിക നിലവാരവും പ്രവൃത്തി പരിചയവുമാണ്. ദുല്‍ക്കറിന് ഭൂട്ടാനില്‍ നിന്നുള്ള വാഹനം ഇറക്കുമതിയില്‍ സാമ്പത്തിക കുറ്റാന്വേഷണ സംവിധാനത്തിന്റെ പിടി വീണതില്‍ കേന്ദ്ര സര്‍ക്കാരിനോടുള്ള ചൊരുക്ക് മാറിയിട്ടില്ല. പാര്‍വ്വതി തിരുവോത്തിന് അങ്ങാടിയില്‍ തോറ്റതിന് അല്ല, ‘അമ്മ’യില്‍ തോറ്റതിന് അങ്ങാടിയില്‍ ക്ഷോഭമുണ്ട്. ആലപ്പുഴക്കാരന്‍ കുഞ്ചാക്കോ ബോബന്, അയലത്തുകാരനായ ഫഹദ് ഫാസിലിന്റെ അനുഭവത്തില്‍ നിന്ന് ഒന്നുംപിടികിട്ടിയില്ല ഇനിയും. അനിയന്‍ അനുഭവിക്കുന്നത് അറിഞ്ഞുകൊണ്ടുചെയ്തതില്‍ അബദ്ധം പിണഞ്ഞതാണെന്നത് അറിയാന്‍ ചേട്ടന്‍ ഇന്ദ്രജിത്തിന് ആവുന്നില്ല. ജഗതി ശ്രീകുമാര്‍ കണ്ടംവഴി ഓടിച്ച രഞ്ജിനി ഹരിദാസിന് കേരളത്തിലേക്ക് ഒരു തിരിച്ചുവരവിന് ചവിട്ടുതറ വേണം. ലളിതമാണ്, നിരാശിതരുടെ ട്വന്റി 20 സിനിമയുടെ രണ്ടാം ഭാഗമാണിത്. പറയാന്‍ മറന്നതല്ല, ഒഴിവാക്കിയതല്ല, മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ജന്തര്‍മന്ദര്‍ സമരത്തെ പിന്തുണച്ചത്; വിസ്മയ ‘നടി’ ആയില്ല, സെലിബ്രറ്റിയും അല്ല. തുടക്കസിനിമയായ ‘തുടക്കം’ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞല്ലേ, അഭിനേതാവ് ആണെന്ന് തോന്നിയാല്‍ അങ്ങനെ വിളിക്കാനാവൂ.

ഇവരില്‍ ഒതുങ്ങുന്നില്ല; മലയാള സിനിമയിലെ ‘മട്ടാഞ്ചേരിക്കൂട്ടം’ കാടിളക്കിയിട്ടേയുള്ളൂ, കടന്നലുകള്‍ പറന്നേക്കും. പക്ഷേ സിഎഎ എന്ന പൗരത്വ ബില്‍, സേവ് ലക്ഷദ്വീപ്, കത്വയിലെ പെണ്‍കുട്ടിയുടെ കൊലപാതകം തുടങ്ങിയ വിഷയങ്ങളില്‍ കണ്ട ആവേശം ഇല്ല, ആളുകളും ഇല്ല. മോശം ലക്ഷണമാണിത്.

രണ്ടു സമരം; എന്തിന് സമരം?
രണ്ടു സമരങ്ങളുണ്ട്. അതുകൊണ്ടുതന്നെ അതിനോട് പ്രതികരിക്കുന്നവരുടെ മനോനിലയും അറിയണം. നീറ്റ് പരീക്ഷയില്‍ ചില വീഴ്ചകള്‍ ഉണ്ടായി. അത് കണ്ടെത്തി, തിരുത്തല്‍ നടപടികള്‍ സര്‍ക്കാര്‍ നടത്തി. പകരം പുതിയ പരീക്ഷ നടത്തി. ഫലം വന്നു. കുറ്റക്കാരെ കണ്ടെത്തി, അവര്‍ക്കെതിരെ നടപടി വരുന്നു. വിചാരണയ്ക്ക് അതിവേഗ കോടതിയും സ്ഥാപിതമായി. ആ നീറ്റ് പരീക്ഷയുടെ വീഴ്ചയ്ക്ക് കാരണക്കാരായവരെയല്ല, വകുപ്പുമന്ത്രിയെ ശിക്ഷിക്കണമെന്നാണ് സമരക്കാരുടെ അവശ്യം. അതിന് പ്രതിഷേധം, നിരാഹാരം നടത്തി. അതുവരെ സമരം ‘നീറ്റ്.’ എന്നാല്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങിയ ജൂലായ് 20ന് ഈ സമരക്കാര്‍ പാര്‍ലമെന്റ് മാര്‍ച്ച് പ്രഖ്യാപിച്ചു. അനുമതിയില്ലാതെ അത് നടത്തി. മാര്‍ച്ച് ദല്‍ഹി പോലീസ് തടഞ്ഞു. പോലീസിനെ സമരക്കാര്‍ ആക്രമിച്ചു. പോലീസ് പ്രതിരോധിച്ചു. അക്രമണത്തില്‍ 117 പോലീസുകാര്‍ക്കും 70 പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റു. സമരപ്പന്തലില്‍, സമരം പ്രഖ്യാപിച്ച ‘സിജെപി’ എന്ന കോക്രോച്ച് ജനതാപാര്‍ട്ടി എന്ന ‘പാറ്റ’കള്‍ വിളിച്ചുവരുത്തിയ വിദ്യാര്‍ത്ഥികള്‍ക്കു’ പുറമേ, അവര്‍ പോലും ‘പുറത്തു നിന്നുള്ളവര്‍’ എന്ന് വിശേഷിപ്പിക്കുന്നവരുണ്ടായിരുന്നു. അവരില്‍ ‘പാഞ്ചാബിലെ വിഘടനവാദി സംഘടനയായ’ ‘ഖാലിസ്ഥാന്‍ തീവ്രവാദികള്‍’ ഉണ്ട്. പഞ്ചാബിലെ സിഖ് മതവിഭാഗത്തില്‍ നിന്നുള്ള, ആയുധംകൊണ്ട് മേല്‍ക്കൈ നേടണമെന്ന നിലപാടുള്ള സിഖ് നിഹംഗുകള്‍ ഉണ്ട്. കശ്മീരിലെ 370-ാം വകുപ്പ് മരവിപ്പിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്, മോദി സര്‍ക്കാരിനെ അട്ടിമറിക്കണമെന്ന് പറയുന്നവരുണ്ട്, പ്രധാനമന്ത്രി മോദിയെ കൊല്ലണമെന്ന്, പാര്‍ലമെന്റ് തകര്‍ക്കണമെന്ന്, സുപ്രീംകോടതിക്ക് തീവയ്ക്കണമെന്ന്, മന്ത്രിമാരെ വധിക്കണമെന്ന്, ഇതൊക്കെ ‘പാറ്റകള്‍’ ചെയ്തില്ലെങ്കില്‍ ഞാന്‍ ചെയ്യുമെന്ന് പറയുന്നവരുണ്ട്. ഇവരില്‍ മാവോ ഭീകരവാദികളുടെ അനുഭാവികളുണ്ട്. അനുയായികളുണ്ട്. അവരാണ് പോലീസിനെ ആസൂത്രിതമായി ആക്രമിക്കുന്നത്. ലഹരിക്ക് അടിമകളായവര്‍, ലഹരിക്കച്ചടവക്കാര്‍ ഏത് അസ്വസ്ഥതാശ്രമങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്നവര്‍ ഉണ്ട്. ഇവരില്‍ ആരെയാണ് ‘ജനകീയ വിദ്യാര്‍ത്ഥി ജനാധിപത്യ അവകാശ സ്വാതന്ത്ര്യ സമര’ങ്ങളെ പിന്തുണയ്ക്കുന്ന മലയാള ചലച്ചിത്ര മേഖലയിലെ പ്രതിഷേധക്കാര്‍ പിന്തുണയ്ക്കുന്നതെന്ന് വ്യക്തമാക്കേണ്ടതുണ്ട്.

എന്താണ് സിജെപി, ആരാണ് പാറ്റ?
2026 മെയ് 15ന് ഒരു കേസിന്റെ വിചാരണയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാക്കാല്‍ ചില അഭിപ്രായ പ്രകടനം നടത്തി. വ്യാജരേഖകളും സര്‍ട്ടിഫിക്കറ്റും കൊണ്ട് അര്‍ഹതപ്പെട്ട യോഗ്യരുടെ അവസരങ്ങള്‍ തട്ടിയെടുക്കുന്ന സംഭവങ്ങളെക്കുറിച്ചായിരുന്നു കേസ് വിചാരണ. ജസ്റ്റിസ് പറഞ്ഞു: ”ഇങ്ങനെ ചിലരുണ്ട് പാറ്റയെപ്പോലെ. (അവര്‍ മറ്റുള്ള യോഗ്യരുടെ അവസരം തട്ടിയെടുത്ത്) തൊഴിലില്ലാതെ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും വിവരാവകാശ മേഖലയിലും ആക്ടിവിസ്റ്റുകളായി എല്ലാവരേയും ആക്രമിക്കുന്നു” എന്നായിരുന്നു പ്രസ്താവന. ഇത് ലക്ഷ്യമിട്ടത് വ്യാജ സര്‍ട്ടിഫിക്കറ്റുകാരെയും കുഴപ്പക്കാരെയുമാണെങ്കിലും മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചത് വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും എതിരെ ആണെന്നാണ്. തുടര്‍ന്ന് കോടതിതന്നെ ചീഫ് ജസ്റ്റിസ് പറഞ്ഞതിനെ വിശദീകരിച്ചു. അതിനിടെ ‘കോക്രോച്ചു’ കളെപ്പോലെ എന്ന വാക്കിനെ പ്രതീകമാക്കി ‘കോക്രോച്ച്’ പാര്‍ട്ടി ഉണ്ടാവുകയായിരുന്നു. അവരുടെ പ്രതിരോധം ചീഫ് ജസ്റ്റിസിന്റെ പ്രസ്താവനയോടായിരുന്നു തുടക്കത്തില്‍.

ഗോള്‍ പോസ്റ്റുകള്‍ മാറ്റുന്നു
ഫിഫവേള്‍ഡ്കപ്പ് ഫുട്‌ബോളില്‍ തോറ്റ ടീമോ, ജയിച്ച ടീമോ, മറ്റെന്തൊക്കെ ചെയ്തുവെങ്കിലും ഗോള്‍പോസ്റ്റ് മാറ്റമില്ല. സിജെപി എന്ന സംഘടനയും അവരുടെ സമരക്കാരും അടിയ്ക്കടി, ഗോള്‍ അടിക്കാനാവാതെ വന്നപ്പോഴെല്ലാം ഗോള്‍ പോസ്റ്റ് മാറ്റി!
ഇടയ്ക്ക് പറയണം, സിജെപി ഒറ്റ രാത്രികൊണ്ടു പിറന്നതല്ല. ഏറെക്കാലമായി എവിടെയെല്ലാമോ നടന്ന, നടക്കുന്ന, ആസൂത്രണങ്ങളുടെ പുതിയ വരവാണിത്. വിദേശബന്ധം, ഭീകരബന്ധം, ധനസഹായം തുടങ്ങിയവയൊക്കെ ദല്‍ഹി പോലീസ് സംശയിച്ചു, കണ്ടെത്തി. കൂടുതല്‍ അന്വേഷണം ആ മേഖലയില്‍ നടക്കുകയാണ്. ഒരുപക്ഷേ ഏതെങ്കിലും അന്വേഷണ ഏജന്‍സിക്ക് അതിന് പ്രത്യേക ചുമതല നല്‍കിയേക്കാം.

പക്ഷേ, ബിജെപി എന്ന ഭരണകക്ഷിയുടെ പേരിനോട് സമാനമായ പേര്, ഏറെ എതിര്‍ വികാരം (നെഗറ്റീവ് ഫിലിങ്ങ്) ഉണ്ടാകുന്ന പാറ്റയെ ചിഹ്നമാക്കല്‍, സോനം വാങ്ചുക്കിനെപ്പോലുള്ളവരുടെ പെട്ടെന്നുള്ള സമരരംഗത്തേക്കുള്ള വരവ്, ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയാ നേതാവ് അഭിജിത് ദീപ്‌കെ എന്ന അപ്രശസ്തന്‍ നയിക്കുവാന്‍ മുന്നില്‍ വന്നത്, (ആം ആദ്മി പാര്‍ട്ടിയെ കൊണ്ടുള്ള ദൗത്യം പരാജയപ്പെട്ടെങ്കിലും പൂര്‍ത്തിയായി എന്നര്‍ത്ഥം), അജ്ഞാതരുടെ വന്‍ സാമ്പത്തിക പിന്തുണ, സമര പരിപാടികളിലെ ചെലവുകളുടെ സാമ്പത്തിക സ്രോതസ്സ് എല്ലാം പെട്ടെന്ന് ഉണ്ടായതല്ല എന്ന് ഉറപ്പ്.

ഇതിന്റെയെല്ലാം തുടര്‍ച്ചയാണ് സമരപ്പന്തലിലെ ‘ചൈനാ കണക്ഷ’നും, സിപിഎം മാവോയിസ്റ്റ് നേതാക്കളുടെ സഹകരണവും.

ദല്‍ഹി പോലീസും നിരോധനവും
ദല്‍ഹി പോലീസിന്, ഇന്നയാളെന്നില്ല, പാര്‍ലമെന്റ് പോലെയുള്ള അതീവസുരക്ഷാ മേഖലയിലെ സംരക്ഷണ പ്രവര്‍ത്തനത്തിന്. അക്കാര്യത്തില്‍ ദല്‍ഹി പോലീസ് ആക്ട് നല്‍കുന്ന അധികാരം വലുതാണ്. കേന്ദ്രമന്ത്രിയും എംപിയും മുഖ്യമന്ത്രിമാരും എന്ന വിഐപി, വിവിഐപി പരിഗണനകളൊക്കെ അതില്‍ സാധാരണ പൗരനു കിട്ടുന്നതുപോലെ മാത്രമാണ്. ന്യൂദല്‍ഹിയെ മുഴുവന്‍ ദല്‍ഹി പോലീസ്, അതീവ സുരക്ഷാ പരിധിയില്‍ പെടുന്ന പ്രദേശമാക്കി വിവിധതരം, നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തുന്നത് പതിവാണ്. പാര്‍ലമെന്റ്, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്, കൊണാട്ട് പ്ലേസ് തുടങ്ങിയവ അതീവ സുരക്ഷാ പ്രദേശമാണ്.

ഈ നിരോധനത്തിന് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് 1861 മുതല്‍ സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞുള്ള 1973 വരെ ന്യൂദല്‍ഹിയില്‍ കോഡ് ഓഫ് ക്രിമിനല്‍ പ്രൊസിജിയര്‍ (സിആര്‍പിസി) പ്രകാരം പാര്‍ലമെന്റുപോലുള്ള ഭരണാസ്ഥാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സുരക്ഷയ്ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. 1974ല്‍ ഈ നിയമത്തില്‍ ഭാരത സര്‍ക്കാര്‍ ഭേദഗതി വരുത്തി, അതിലെ വകുപ്പ് 144 പ്രകാരം ആള്‍ക്കൂട്ട നിരോധനം തുടര്‍ന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ 2026ല്‍ ഈ നിയമങ്ങളെ ഭാരതീയ നാഗരിക സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്) ആക്കി പരിഷ്‌കരിച്ചു. അതിലെ വകുപ്പ് 163 പ്രകാരം ദല്‍ഹിയില്‍ നിരോധനവും നിയന്ത്രണങ്ങളുമുണ്ട്. അതായത് രണ്ടു പേരില്‍ കൂടുതല്‍ ഒന്നിക്കുന്നതും പ്രക്ഷോഭ-പ്രതിഷേധ പരിപാടികള്‍ നടത്തുന്നതും നിയന്ത്രിക്കുന്നു. എന്നാല്‍ ഈ വിഷയം കോടതിയില്‍ വന്നപ്പോള്‍ ഭരണഘടനയുടെ വകുപ്പ് 19 ഉള്‍പ്പെടെ അനുവദിക്കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കാതിരിക്കാന്‍ ദല്‍ഹി പോലീസിന്റെ മുന്‍കൂര്‍ അനുമതി രേഖാമൂലം വാങ്ങിയാല്‍ സംഘടനകള്‍ക്ക് പ്രതിഷേധങ്ങള്‍ നടത്താമെന്ന് ആയി. അതിന് ജന്തര്‍മന്ദര്‍ എന്ന സ്ഥലത്തെ സമരം പ്രക്ഷോഭ സ്ഥാനമായി നിശ്ചയിക്കുകയും ചെയ്തു.

ജന്തര്‍മന്ദര്‍ ചരിത്രം
ജന്തര്‍മന്ദര്‍ സമര ആസ്ഥാനമാകുന്നതിന് മുമ്പ് ന്യൂദല്‍ഹിയില്‍, റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തിന്റെ സൈനിക ശക്തി പ്രദര്‍ശനം നടത്തുന്ന ‘കര്‍ത്തവ്യപഥി’ ന്റെ (മുന്‍പ് ‘രാജ്പഥ്’) ഭാഗമായ ബോട്ട് ക്ലബ് മൈതാനിയിലായിരുന്നു സമരകേന്ദ്രം. 1988ല്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷക നേതാവ് മഹേന്ദ്രസിങ് ടിക്കായത്ത് കേന്ദ്രസര്‍ക്കാരിനെതിരെ നടത്തിയ കര്‍ഷക റാലി വലിയ അരാജകത്വം രാജ്യത്തിന്റെ തന്ത്ര പ്രധാനസ്ഥലത്ത് സൃഷ്ടിച്ചു. പാര്‍ലമെന്റ് രാഷ്ട്രപതി ഭവന്‍, വിവിധ മന്ത്രാലയങ്ങള്‍, ചരിത്രപ്രധാന കേന്ദ്രങ്ങള്‍ എന്നിവ ഉള്ള സ്ഥലമാണവിടം. അന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ (രാജീവ് ഗാന്ധി പ്രധാനമന്ത്രി) ആയിരുന്നു. 1992ല്‍, അയോദ്ധ്യയിലെ തര്‍ക്കമന്ദിരം തകര്‍ത്ത സംഭവത്തിന്റെ പേരില്‍ യുപിയിലെ ബിജെപി സര്‍ക്കാരിനെ (കല്യാണ്‍ സിങ്ങ്) പി.വി. നരസിംഹ റാവുവിന്റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിരിച്ചുവിട്ടു. യുപിയെ മാത്രമല്ല, രാജസ്ഥാന്‍, ഹിമാചാല്‍ പ്രദേശ്, മധ്യപ്രദേശ് സര്‍ക്കാരുകളേയും പുറത്താക്കി. ഇതില്‍ പ്രതിഷേധിച്ച്, ഇടക്കാല തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടു ബിജെപി രാജ്യവ്യാപകമായി പത്തു ലക്ഷം പേരെ ദല്‍ഹിയിലെത്തിച്ച് ബോട്ട് ക്ലബ് മൈതാനിയില്‍ പ്രതിഷേധറാലി നടത്തുമെന്ന് പ്രഖ്യാപിച്ചു. രാജേഷ് പൈലറ്റായിരുന്നു ആഭ്യന്തരമന്ത്രി. ന്യൂദല്‍ഹിക്ക് ചുറ്റും മുള്‍വേലികള്‍ കെട്ടി റാലി തടഞ്ഞു. ഒരുലക്ഷം പേരെ അറസ്റ്റ് ചെയ്തു. പക്ഷേ റാലി നടന്നു; സമാധാനപരമായിത്തന്നെ. അന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതാണ് പ്രകടനങ്ങള്‍ ഇനി അവിടെ വേണ്ടെന്ന്. അങ്ങനെയാണ് പാര്‍ലമെന്റിന് ചുറ്റും അധിക നിയന്ത്രണങ്ങളും ജന്തര്‍മന്ദറില്‍ മാത്രം സമരങ്ങളും വന്നത്.

അനുമതിയില്ലാതെ പ്രകടനം
പാറ്റപ്പാര്‍ട്ടി നിരാഹാരസമരം നടത്തി. ആരോഗ്യപ്രശ്‌നങ്ങള്‍ പ്രകടമായപ്പോള്‍ സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ദല്‍ഹി കോടതിയുടെ നിര്‍ദ്ദേശം ദല്‍ഹി പോലീസ് നടപ്പാക്കി. അപ്പോഴേക്കും പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ചേരേണ്ട ജൂലായ് 20 ആയി. പെട്ടെന്നാണ് പാറ്റപ്പാര്‍ട്ടി പാര്‍ലമെന്റിലേക്ക് പ്രകടനം നടത്തുന്നുവെന്ന് പ്രഖ്യാപിച്ചത്. വാങ് ചുക്കിനെ അറസ്റ്റു ചെയ്തു എന്ന് നുണപ്രചരിപ്പിച്ച് വൈകാരികതയുണ്ടാക്കി. അതിനിടെ ചൈന എംബസിയില്‍ ഒരു യോഗം നടന്നു. അവിടെ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്തു. അവര്‍ സമരപ്പന്തലില്‍ എത്തി, സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ച വിദ്യാര്‍ത്ഥികളുടെ തീരുമാനം മാറ്റിച്ചു. കൂടുതല്‍ പേര്‍ സമരത്തിനെത്താന്‍ ആഹ്വാനമായി.

മറ്റൊരു പ്രതിഷേധറാലി കൂടി അവിടെ ആസൂത്രണം ചെയ്യപ്പെട്ടിരുന്നു. കശ്മീരില്‍ 370-ാം വകുപ്പ് റദ്ദാക്കുമ്പോള്‍ അവിടത്തെ ആഭ്യന്തര കാര്യങ്ങളുടെ നിയന്ത്രണം കേന്ദ്ര സര്‍ക്കാരില്‍ ആക്കാന്‍ നിയമസഭക്ക് നിര്‍വ്വഹണ ചുമതല മാത്രമായി ചുരുക്കി, സമ്പൂര്‍ണ സംസ്ഥാന പദവിയില്‍ നിയന്ത്രണം വരുത്തിയിരുന്നു. അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി ജന്തര്‍മന്ദറില്‍ സമരം നിശ്ചയിച്ചു. അതില്‍ പങ്കാളികളാകാന്‍ ‘രാഷ്ട്രീയാതീത’രെന്ന് വിശേഷണം നല്‍കി ചിലരെ കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ ഫറൂഖ് അബ്ദുള്ള ക്ഷണിച്ചിരുന്നു. കശ്മീരിലെ പ്രതിപക്ഷമായ പിഡിപിപോലും പങ്കെടുക്കാത്ത ആ പ്രതിഷേധ റാലിക്കുള്ള ഒരുക്കങ്ങളില്‍ കശ്മീരില്‍ ”കേന്ദ്ര സര്‍ക്കാരിനോട് പരാജയപ്പെട്ട കല്ലേറുകാരും” ദല്‍ഹിയില്‍ എത്തി എന്നുവേണം കരുതാന്‍. പക്ഷേ നാഷണല്‍ കോണ്‍ഫറന്‍സ്, പ്രതിഷേധ പരിപാടിക്ക് ദല്‍ഹി പോലീസിന്റെ അനുമതി തേടിയിരുന്നു, പ്രതിഷേധത്തിന്. ‘പാറ്റകള്‍’ പാര്‍ലമെന്റ് പ്രകടനത്തിന് അനുമതി തേടിയില്ല. നല്‍കിയിട്ടില്ല എന്ന് ദല്‍ഹി പോലീസ് ആവര്‍ത്തിച്ചു. പക്ഷേ അവര്‍ അനുമതിക്ക് അപേക്ഷിച്ചില്ല. മാത്രമല്ല സമാധാനസമരം, നിരാഹാര സമരം, അതിവേഗം അക്രമസമരമാക്കുകയും ചെയ്തു.

നീറ്റാക്കിയ നടപടികള്‍
2026 മെയ് മുന്നിനായിരുന്നു. ഇരുപത് ലക്ഷം വിദ്യാര്‍ത്ഥികള്‍ എഴുതിയ ‘നീറ്റ്’ പരീക്ഷ. ആ ആഴ്ചയോടെ പലതരം പരാതികള്‍ ഉയര്‍ന്നു. വിവിധ സംസ്ഥാന സര്‍ക്കാര്‍ പോലീസ് അന്വേഷണം നടത്തി. മെയ് 12ന് പരീക്ഷയിലെ ക്രമക്കേട് ബോധ്യപ്പെട്ടു. പരീക്ഷ റദ്ദാക്കി. മെയ് 15ന് വകുപ്പു മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ വാര്‍ത്താ സമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ജൂണ്‍ പകുതിയോടെ കൂടുതല്‍ സംസ്ഥാനങ്ങളില്‍ അന്വേഷണം വ്യാപിപ്പിച്ചു. കേരളത്തിലുള്‍പ്പെടെ സിബിഐ അന്വേഷണം ശക്തമായി. 2026 ജൂണ്‍ 21ന് പുനപ്പരീക്ഷ നടത്തി. ഫലം വന്നു. വിദ്യാര്‍ത്ഥി സമരം ശക്തമായി, അക്രമാസക്തമായി. അതിനിടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ കുറ്റക്കാരെ കണ്ടെത്തി, കുറ്റപത്രമായി, വിചാരണയ്ക്ക് ഫാസ്റ്റ് ട്രാക് കോടതിയും പ്രഖ്യാപിച്ചു. കോക്രോച്ച് പാര്‍ട്ടി പിറന്നത് മെയ് 16ന് സോഷ്യല്‍ മീഡിയയിലൂടെയാണ്. അതായത്, നീറ്റ് പരീക്ഷ വിഷയം വന്ന് രണ്ടാഴ്ചയോളമായപ്പോള്‍. അതും മുമ്പ് വിശദീകരിച്ച, ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശത്തിനെതിരെ. നീറ്റ് പരീക്ഷ കഴിഞ്ഞ് ഒരു മാസത്തിനു ശേഷമാണ് പാറ്റ പാര്‍ട്ടി ആ വിഷയം ഉയര്‍ത്തിയത്. കോടതി പരാമര്‍ശത്തിനെതിരെ പല കോണുകളില്‍ നിന്ന് കിട്ടിയ സോഷ്യല്‍ മീഡിയ പിന്തുണയെ മോദി വിരുദ്ധ – ബിജെപി വിരുദ്ധ- ഭാരത സര്‍ക്കാര്‍ വിരുദ്ധ വേദിയാക്കി മാറ്റിയത് ആരാണ്? ഒരു ‘കറുത്ത തമാശ’ യായി തുടങ്ങിയ പാറ്റപ്പാര്‍ട്ടിയെ ഗൗരവത്തിലുള്ളതാക്കി മാറ്റിയെടുത്തത് ആരുടെ തന്ത്രമാണ്. കാലം പറയട്ടെ. അങ്ങനെയാണ് മുമ്പ് സൂചിപ്പിച്ച ‘ഗോള്‍ പോസ്റ്റ് മാറ്റങ്ങള്‍’ ഉണ്ടായത്. കോടതി വിഷയത്തില്‍ നിന്ന് നീറ്റ് പരീക്ഷയിലേക്ക്, അവിടെനിന്ന് മന്ത്രി ധര്‍മ്മേന്ദ്രേ പ്രധാനിലേക്ക്, പിന്നീട് അമിത് ഷായിലേക്ക്, അടുത്ത ഗോള്‍ പോസ്റ്റ് മാറ്റം പ്രധാനമന്ത്രിയിലേക്ക്… ഇനി, പ്രതിഷേധ സമരം പതുക്കെ നിരാഹാരമായി, നിരാഹാരം പ്രതിഷേധ റാലിയായി, അത് ആക്രമണമായി, ആക്രമണം പോലീസിനെതിരായായി, ജന്തര്‍മന്ദറില്‍ നിന്ന് പാര്‍ലമെന്റിലേക്കായി, പാര്‍ലമെന്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും വസതിയിലേക്കുമായി, ‘പാറ്റ’ യില്‍ നിന്ന് ആക്രമണകാരികളിലേക്ക് കൈമാറി, നിയന്ത്രണം അഭിജിത് ദീപ്‌കെയില്‍ നിന്ന് ‘കാണാമറയത്തിരിക്കുന്നവ’രിലേക്കായി. കമ്മ്യൂണിസ്റ്റുകാര്‍ക്കു പുറമേ കോണ്‍ഗ്രസ് സമരത്തിനെത്തി. സമരം പാര്‍ലമെന്റിലെത്തി. പാര്‍ലമെന്റില്‍ നിന്ന് രാജ്യവ്യാപകമാക്കാന്‍ ശ്രമമായി. ക്രമത്തില്‍ ക്രമത്തില്‍, ഗോള്‍ പോസ്റ്റുകള്‍ മാറ്റുകയായിരുന്നു.

പാര്‍ലമെന്റില്‍ തടസ്സം
ഒടുവില്‍ തോല്‍ക്കുമെങ്കിലും അവസാനം വരെ ഉപദ്രവം തുടരുന്ന ചില ജീവികളുണ്ട്. ‘ഉറുമ്പ് മാര്‍ഗ്ഗം’ അതിലൊന്നാണ്. പൊതുമുതല്‍ നശിപ്പിക്കുന്നതില്‍, കണ്ണില്‍ ചോരയില്ലാത്ത, അല്ല ചോരയേ ഇല്ലാത്ത തനിപ്പാറ്റ സ്വഭാവമാണ് പാറ്റപ്പാര്‍ട്ടിയ്ക്കും. പാര്‍ലമെന്റ് സമ്മേളനം സുഗമമായാല്‍ ‘ഫെറാ (എഫ്‌സിആര്‍എ) നിയമഭേദഗതി നടപ്പാകും. പലരുടെയും പല ‘കച്ചവട’ വും പൂട്ടും. അത് ഭയക്കുന്നവരെല്ലാം പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്ന സമരത്തിലുണ്ട്; അവര്‍ക്ക് പിന്നിലുണ്ട്, ഒരു ഗഡുവെങ്കില്‍ ഒരുഗഡുകൂടി കിട്ടിയാല്‍ അത്രയുമായി. ‘വന്ദേമാതരത്തെ’ വന്ദിക്കാതിരുന്നാല്‍ വരുന്ന ശിക്ഷകള്‍ നിശ്ചിക്കാന്‍ പാര്‍ലമെന്റ് സമാധാനപരമായി നടന്നാല്‍ നിയമമാകും. അത് പരമാവധി നീട്ടേണ്ടത് എല്ലാത്തരം ‘മാതര’ വിരുദ്ധരുടെയും പദ്ധതിയാണ്. മണ്ഡല അതിര്‍ത്തി പുനര്‍നിര്‍ണയം, വനിതാ സംവരണം എല്ലാം രാഷ്ട്രീയ നിലനില്‍പ്പിന്റെ ആണിക്കല്ല് ഇളക്കുമെന്ന് ഭയക്കുന്നവര്‍ ഏറെയാണ്. പാര്‍ലമെന്റിനകത്തും പുറത്തും ഈ കാര്യങ്ങള്‍ ഉള്ളില്‍ക്കണ്ട് പ്രവര്‍ത്തിക്കുന്നവര്‍ ഏറെയാണ്. അവര്‍ക്ക് തോല്‍ക്കുമെന്നറിയാം, അതുവരെ ആവുന്നത്ര അസ്വസ്ഥത, അരാജകത്വം നടത്തുകയാണ് ലക്ഷ്യം.

പക്ഷേ, പാര്‍ലമെന്റില്‍, ലോക്‌സഭയില്‍ പ്രതിപക്ഷ മുന്നണിയില്‍ത്തന്നെ വിള്ളലുണ്ടാക്കാനേ ഈ ആക്രമണങ്ങള്‍ക്ക് കഴിഞ്ഞുള്ളൂ. പാര്‍ലമെന്റ് സമ്മേളനം സമാധാനപൂര്‍ണമാകില്ലെന്ന് ഉറപ്പായപ്പോള്‍ പ്രധാനമന്ത്രി സാമൂഹ്യമാധ്യമത്തിലൂടെ എഴുതിയും പറഞ്ഞും നിലപാടുകള്‍ അവതരിപ്പിച്ചു. യുവജനതയുടെ ഭാവിയും ക്ഷേമവുമാണ് ഏറ്റവും പ്രധാനം. അതിന് ആവുന്നതെല്ലാം ചെയ്യും. നടപടികളുടെ പരമ്പരതന്നെ ഉണ്ട് എന്ന്. പ്രതിപക്ഷത്തെ ഘടകകക്ഷികളെ ഇരുട്ടില്‍ നിര്‍ത്തി, കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ അതീവ സൂരക്ഷാ മേഖലയില്‍ ചട്ടം ലംഘിച്ച്, നടത്തിയ പ്രതിഷേധപ്രകടനം. മൂന്ന് കാര്യം വ്യക്തമാക്കി. (1) പ്രതിപക്ഷത്ത് ഐക്യമില്ല. (2) കോണ്‍ഗ്രസ്സിന് ലക്ഷ്യമില്ല, (3) നേതൃത്വത്തിന് സ്വബോധവും സാമൂഹ്യബോധവുമില്ല.

നടക്കാത്ത സ്വപ്‌നമാണെങ്കിലും
പക്ഷേ, നടക്കാത്ത സ്വപ്‌നമാണെങ്കിലും ആ സങ്കല്‍പ്പങ്ങള്‍ അപകടകരമാണ്. ജന്തര്‍ മന്ദറിലിരിക്കുന്ന ‘യുവാക്കളേ നിങ്ങള്‍ ഇങ്ങോട്ടു വരിക’ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ നിന്ന് ആഹ്വാനം ചെയ്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ മനസ്സിലെ ആഗ്രഹവും സങ്കല്‍പ്പവും അപകടകരമാണ്. അതേ മനസ്സാണ് വയനാട്ടില്‍ നിന്ന്, ‘ലോകാവസാനത്തിന്റെ സൂചന പാറ്റയിലാണെന്ന് ഖുറാനിലൂടെ കണ്ട് ന്യൂദല്‍ഹിയിലെ സമരപ്പന്തലിലെത്തിയ അല്‍പ്പബുദ്ധിക്കും. ‘പീരങ്കികൊണ്ട് പാര്‍ലമെന്റ് തകര്‍ക്കുന്നത്’ കിനാവുകണ്ട മൊഹമ്മദ് അനസ്സിനും കുറേ മലയാളിപ്പതിനേഴുകാര്‍ക്കും അവിടെ കുതിച്ചെത്തിയ സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിക്കും എംപിമാര്‍ക്കും ഉള്ളത്. കേരള മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി പി.സി. വിഷ്ണുനാഥിനും അത്തരം ബുദ്ധിഭ്രമമുണ്ടാകുന്നത് ഭരണഘടന അറിയാത്തതുകൊണ്ടാണ്, ഭരണഘടയുടെ പകര്‍പ്പ് പൊക്കിപ്പിടിച്ചാല്‍ പോരല്ലോ, തുറന്നു നോക്കണ്ടേ!

ദല്‍ഹിയില്‍ അധികാരം പിടിക്കാന്‍ വാഗമണ്ണില്‍ അനധികൃത കൈയ്യേറ്റം നടത്തുന്ന നടന്‍ പ്രകാശ് രാജിന്റെ വഴിയില്‍ ഒപ്പം നടക്കാന്‍ ആഷിഖ് അബുമാരുണ്ടാകും. പക്ഷേ ബംഗ്ലാദേശില്‍, നേപ്പാളില്‍, ശ്രീലങ്കയില്‍, മ്യാന്‍മറില്‍, പാകിസ്ഥാനില്‍ നടത്തിയ ആള്‍ക്കൂട്ട വിപ്ലവം ഭാരതത്തില്‍ എളുപ്പമല്ലല്ലോ. അധികാരത്തിന്റെ സര്‍വായുധ സമാഹരണത്തിലൂടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണ ഘടനയെ നിര്‍വീര്യമാക്കിയ കോണ്‍ഗ്രസിന്റെ ‘ഉരുക്കുവനിത’ യെ വിറപ്പിച്ചതാണല്ലോ ഭാരതജനത. അയല്‍രാജ്യങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് സര്‍വ്വായുധ യുദ്ധം നടത്തിയിട്ട് അടിപതറാത്ത ഒരു രാജ്യത്തെ ജനതയെ, ആര്‍ക്കാണ് പേടിപ്പിക്കാനാവുക; സ്വപ്‌നത്തില്‍ പോലും.

പക്ഷേ…പേടിക്കേണ്ടതുണ്ട്. ചെറിയ അസ്വസ്ഥതകളെ തുടക്കത്തിലേ കാരണം കണ്ടെത്തി പരിഹരിക്കേണ്ടതുണ്ട്; മുളയിലേ നുള്ളുക എന്നത് തോട്ടം സൂക്ഷിപ്പുകാരുടെ കലയാണ്. ലക്ഷണങ്ങള്‍ കാണുമ്പോള്‍ പ്രതിരോധം തുടങ്ങേതുണ്ട്. പ്രതിരോധം ശസ്ത്രക്രിയയിലെത്തിക്കേണ്ടതില്ല, ലേപനവും ആകാമല്ലോ! സിഎഎ, എസ്‌ഐആര്‍, കത്വാസംഭവം, ഇവിഎം, 370-ാം വകുപ്പ്, വഖഫ്, ഫെറ ലക്ഷദ്വീപ് മാതൃകകള്‍ ഏറെയാണ്. ദല്‍ഹിയിലെ ഷാഹീന്‍ ബാദ് കലാപം (2020 മാര്‍ച്ച്) അങ്ങനെയാന്നൊയിരുന്നു. ഭീകരസംഘടനകളുടെ സാന്നിധ്യം, ആസൂത്രണം അതിലുണ്ടായിരുന്നു. ജന്തര്‍ മന്തറിലെ ആക്രമണങ്ങളില്‍ പോലീസുകാരെ തിരഞ്ഞു പിടിച്ച്, വളഞ്ഞിട്ട് ആക്രമിക്കുന്ന നക്‌സല്‍-മാവോയിസ്റ്റ് രീതി ‘ഭാരതം നക്‌സല്‍ മുക്ത’ മല്ലെന്ന് അമിത് ഷായെ അറിയിക്കാനായിരുന്നോ? കശ്മീരിലെ കല്ലേറ് ആക്രമണം നടത്തുന്നത്, 370ാം വകുപ്പ് മരവിപ്പിച്ചതുകൊണ്ട് ഞങ്ങള്‍ മുച്ചൂടും മരവിച്ചുപോയിട്ടില്ലെന്നറിയിക്കാനാണോ? കണ്ടെത്തേണ്ട കാര്യങ്ങളാണ്.

അതിനിടെ ശ്രദ്ധയില്‍ പെടാതെ പോയെങ്കില്‍ ഓര്‍മ്മിപ്പിക്കാം; കേരളത്തില്‍ പാലക്കാട്ട് എ. ശ്രീനിവാസനെന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ പോപ്പുര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കാര്‍ മൃഗീയമായി വധിച്ച കേസിലെ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി, വിദേശത്തുനിന്ന് ന്യൂദല്‍ഹി വിമാനത്താവളം വഴിതന്നെ വന്നിറങ്ങിയത് ജന്തര്‍ മന്തറിന്റെ അന്താരാഷ്ട്ര ബന്ധമല്ലേ വ്യക്തമാക്കുന്നത്? അസ്വസ്ഥകള്‍ക്കിടയിലെ ഒളിച്ചുകടത്തല്‍. ജാഗ്രത കുറയരുത്, കൂട്ടണം എന്നാണ് അതിന്റെ മുഖത്തെഴുത്ത്.

”പ്രിയ ജനങ്ങളേ ഉറങ്ങുന്നതിനിന് മുമ്പ് കാതങ്ങള്‍ താണ്ടാനുണ്ട്” എന്ന് പറഞ്ഞത് ആദ്യ പ്രധാനമന്ത്രിയാണ്. അത് പഴമൊഴിയാണ്. ഉറക്കത്തിനാണ് സ്വാതന്ത്ര്യം നേടിയത് എന്ന കാഴ്ചക്കുറവിന്റെ ആഹ്വാനമായിരുന്നു അത്. സ്വാതന്ത്ര്യത്തിന് 80 വര്‍ഷം എത്തുമ്പോള്‍ കാര്യങ്ങള്‍ മാറി. ഉണര്‍ന്നുയരുന്ന രാജ്യത്തിനെ ‘ഉറക്കിക്കിടത്താന്‍’ ബാഹ്യ-ആഭ്യന്തര ശത്രുക്കള്‍ രാത്രിയെ പകലാക്കുകയാണ്. അപ്പോള്‍ പുതുമൊഴി ഇങ്ങനെയാകണം:”ഓരോ കാതം താണ്ടാനും നാം ഓരോരുത്തരും ഉറങ്ങാതിരിക്കേണ്ടേതുണ്ട്.”

Tags: cjpപാറ്റ
Share
Tweet
SendShare

Related Posts

പാറ്റാ സമരത്തിന്റെ ഗുണഭോക്താവ് ആര്?

പാറ്റാ സമരത്തിന്റെ ഗുണഭോക്താവ് ആര്?

ലോകം ആഗോള മാന്ദ്യത്തിലേക്കോ?

ലോകം ആഗോള മാന്ദ്യത്തിലേക്കോ?

നരേന്ദ്രമോദിയുടെ നയതന്ത്ര യാത്രകള്‍

നരേന്ദ്രമോദിയുടെ നയതന്ത്ര യാത്രകള്‍

പി. നാരായണക്കുറുപ്പ്- വാക്കില്‍ ജ്വലിച്ച മഹാജന്മം

പി. നാരായണക്കുറുപ്പ്- വാക്കില്‍ ജ്വലിച്ച മഹാജന്മം

കവിയുടെ കര്‍മ്മയജ്ഞം

കവിയുടെ കര്‍മ്മയജ്ഞം

കവി പത്മശ്രീ പി നാരായണക്കുറുപ്പ് അന്തരിച്ചു

പ്രതിഭ, സിദ്ധന്‍, ബുദ്ധന്‍

Shopping Cart

Latest

അഭിപ്രായസ്വാതന്ത്ര്യം പറഞ്ഞ് ആര്‍.എസ്.എസ്സിനെ തോണ്ടാന്‍ വരേണ്ട

ആർഎസ്എസ് സമന്വയ ബൈഠക് 19 മുതൽ 21 വരെ വിശാഖപട്ടണത്ത്

രാഷ്ട്രം വിശ്വഗുരുവാകാൻ അവഗണിക്കപ്പെട്ടവർ മുഖ്യധാരയിലെത്തണം : ഡോ. മോഹൻ ഭാഗവത്

രാഷ്ട്രം വിശ്വഗുരുവാകാൻ അവഗണിക്കപ്പെട്ടവർ മുഖ്യധാരയിലെത്തണം : ഡോ. മോഹൻ ഭാഗവത്

പിഎം ശ്രീയിലെ പുകമറകള്‍

പിഎം ശ്രീയിലെ പുകമറകള്‍

കര്‍ക്കടകത്തിലെ ഇരുട്ടുകടി

കര്‍ക്കടകത്തിലെ ഇരുട്ടുകടി

വന്ദേമാതരം പാടുമ്പോള്‍ സതീശനും വിജയനും എന്തുചെയ്യും?

വന്ദേമാതരം പാടുമ്പോള്‍ സതീശനും വിജയനും എന്തുചെയ്യും?

കര്‍ക്കടക വാവും പിതൃയജ്ഞവും

കര്‍ക്കടക വാവും പിതൃയജ്ഞവും

വന്ദേമാതരത്തിനുള്ള ജനപ്രീതി ദേശീയ ചിന്താധാരകളോടുണ്ടായിരുന്ന വിമുഖത മാറിയതിന്റെ തെളിവ്: സുനിൽ ആംബേക്കർ

വന്ദേമാതരത്തിനുള്ള ജനപ്രീതി ദേശീയ ചിന്താധാരകളോടുണ്ടായിരുന്ന വിമുഖത മാറിയതിന്റെ തെളിവ്: സുനിൽ ആംബേക്കർ

ആര്‍എസ്എസ് പ്രാര്‍ത്ഥന സംവദിക്കുന്നത് ഭഗവദ്ഗീതയുടെ ദര്‍ശനം : ഡോ. കൃഷ്ണഗോപാല്‍

ആര്‍എസ്എസ് പ്രാര്‍ത്ഥന സംവദിക്കുന്നത് ഭഗവദ്ഗീതയുടെ ദര്‍ശനം : ഡോ. കൃഷ്ണഗോപാല്‍

വന്ദേമാതരത്തിന് നിയമപരമായ സംരക്ഷണം ലഭിച്ചത് ചരിത്രപരമായ നാഴികക്കല്ല്‌: എബിവിപി

വന്ദേമാതരത്തിന് നിയമപരമായ സംരക്ഷണം ലഭിച്ചത് ചരിത്രപരമായ നാഴികക്കല്ല്‌: എബിവിപി

മാർപ്പാപ്പയുടെ ആദ്യ പ്രധാനമന്ത്രി… പക്ഷേ ബ്രിട്ടനിൽ എല്ലാം ചെയ്യാനാവില്ല!

മാർപ്പാപ്പയുടെ ആദ്യ പ്രധാനമന്ത്രി… പക്ഷേ ബ്രിട്ടനിൽ എല്ലാം ചെയ്യാനാവില്ല!

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies