ശാസ്ത്രവും സാങ്കേതികവിദ്യയും പരീക്ഷണശാലകളിലും ഗവേഷണപ്രബന്ധങ്ങളിലും പാഠപുസ്തകങ്ങളിലും മാത്രം ഒതുങ്ങേണ്ട മേഖലയല്ല. സാധാരണക്കാരന്റെ നിത്യജീവിതത്തെ സ്വാധീനിക്കുകയും അവനെ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുമ്പോഴാണ് ശാസ്ത്രം അതിന്റെ ഉദാത്തമായ ലക്ഷ്യങ്ങളിലേക്ക് അടുക്കുന്നത്. ഇത് വ്യക്തമായി മനസ്സിലാക്കിയത് കൊണ്ടാണ് പാശ്ചാത്യ രാജ്യങ്ങള്‍ കഴിഞ്ഞ രണ്ടുമൂന്ന് നൂറ്റാണ്ടുകളില്‍ ശാസ്ത്ര സാങ്കേതിക മേഖലയില്‍ വലിയ കുതിപ്പുകള്‍ നടത്തിയതും നൂറ്റാണ്ടുകളോളം ലോകം അടക്കി ഭരിച്ചതും ഇന്നും സാങ്കേതിക രംഗത്ത് ലോകത്തെ നയിക്കുന്നതും. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, ആയുര്‍വേദം, മെറ്റലര്‍ജി, ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങി മാനവ ചരിത്രത്തെ മാറ്റിമറിച്ച ഒരുപാട് മഹാവിജ്ഞാനങ്ങളുടെ ജന്മഭൂമിയായ ഭാരതത്തിനു കടന്നുപോയ ഏതാനും നൂറ്റാണ്ടുകളില്‍ ആശങ്കപ്പെടുത്തുന്ന തളര്‍ച്ചയാണ് ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ ഉണ്ടായത്. സഹസ്രാബ്ദങ്ങള്‍ നീണ്ടുനിന്ന വൈദേശിക അധിനിവേശം അതിനൊരു കാരണമായെങ്കിലും അതിലേക്ക് നയിച്ച സാഹചര്യങ്ങള്‍ക്ക് നമ്മുടെ സാമൂഹ്യാവസ്ഥയിലുണ്ടായ ജീര്‍ണ്ണതയും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം നേടുമ്പോഴേക്ക് ഏറ്റവും വലിയ മാനസിക അടിമത്തം ഈ മഹാരാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളിലും വിജയകരമായി കുത്തിവെച്ചിട്ടാണ് ബ്രിട്ടീഷുകാര്‍ കപ്പല്‍ കയറിയത്. അതുകൊണ്ടുതന്നെ 1947 നു ശേഷമുള്ള പതിറ്റാണ്ടുകളില്‍ ഏറിയ കാലവും രാജ്യം ഭരിച്ചത് പാശ്ചാത്യ മനോഭാവമുള്ള ബ്രിട്ടീഷുകാരുടെ മാനസിക അടിമകള്‍ തന്നെയായിരുന്നു എന്നതാണ് വാസ്തവം. ഞാന്‍ ജന്മം കൊണ്ട് ഭാരതീയനും മനസ്സുകൊണ്ട് ബ്രിട്ടീഷുകാരനും ആണെന്ന് തുറന്ന് തന്നെ പറയാന്‍ നമ്മുടെ ആദ്യ പ്രധാനമന്ത്രിക്ക് ഒരു മടിയുമില്ലായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമികളും പിന്തുടര്‍ന്നത് അതേ രീതി തന്നെ ആയിരുന്നു.
അതുകൊണ്ടുതന്നെ, ഇത്രയും വിഭവസമ്പന്നവും പ്രതിഭാസമ്പന്നവും സാംസ്‌കാരികസമ്പന്നവുമായ ഭാരതത്തിനു ലോകക്രമത്തിലും ശാസ്ത്ര സാങ്കേതിക മേഖലകളിലും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞില്ല എന്നത് ഏറെ ദുഃഖത്തോടെ നമുക്ക് സമ്മതിക്കേണ്ടി വരും.
ഇതിന്റെ ഫലമായി രാജ്യത്തിനുണ്ടായ പ്രതിഭ ചോര്‍ച്ച ഭയാനകമാണ്. വൈദ്യശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും നൊബേല്‍ സമ്മാനം നേടിയ ഹര്‍ ഗോവിന്ദ് ഖുരാനയും, ഡോ. എസ് ചന്ദ്രശേഖറും ഭാരതത്തില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറി അമേരിക്കന്‍ പൗരന്മാര്‍ ആയി ജീവിച്ചവരാണ്.ഒപ്റ്റിക്കല്‍ ഫൈബറിന്റെ പിതാവ് നരീന്ദര്‍ സിങ് കപാനി പഞ്ചാബില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറിയ മഹാശാസ്ത്രജ്ഞനാണ്. ലോകത്തിലെ ഏറ്റവും പ്രീമിയം സാങ്കേതികസ്ഥാപനങ്ങളായ ഐഐടികള്‍ ഏറെക്കാലമായി പാശ്ചാത്യ രാജ്യങ്ങളുടെ ടാലന്റ് ഫാക്ടറികള്‍ ആണ്. അവിടെ പഠിച്ചിറങ്ങുന്ന പ്രതിഭാശാലികള്‍ എത്രയും വേഗം രാജ്യം വിട്ടു പോവുക എന്നത് ഒരു സാധാരണ രീതിയായിട്ട് പതിറ്റാണ്ടുകളായി.
രാജ്യത്തിന്റെ പ്രതിഭാ സമ്പത്തും വിഭവശേഷിയും എങ്ങനെ വിനിയോഗിക്കണമെന്ന കാഴ്ചപ്പാടോ ദീര്‍ഘവീക്ഷണമോ ഇല്ലാത്ത രാഷ്ട്രീയ നേതൃത്വം നാട് ഭരിച്ചാലുള്ള അനിവാര്യമായ ദുരന്തങ്ങളാണ് ഇപ്പറഞ്ഞതെല്ലാം.
കടന്നുപോയ ഭൂതകാലത്ത് ചില രജതരേഖകള്‍ ഉണ്ടായിരുന്നു എന്നതും കാണാതിരുന്നുകൂടാ. ഒരു രാജ്യവും അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും കൈമാറാത്ത സാങ്കേതികവിദ്യകളാണ് ആണവ സാങ്കേതികവിദ്യയും ബഹിരാകാശ സാങ്കേതികവിദ്യയും. ഈ മേഖലകളില്‍ ഭാരതം നേടിയ വളര്‍ച്ച നിര്‍ണ്ണായകമാണ്. അതുപോലെ എഴുപതുകള്‍ വരെ നമുക്കാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്തുകൊണ്ടിരുന്നിടത്തു നിന്നും ഭക്ഷ്യധാന്യ കയറ്റുമതിയിലേക്ക് രാജ്യം മാറി. ലോകത്തിലെ ഏറ്റവും വലിയ ക്ഷീരോത്പാദക രാജ്യമായി ഭാരതം മാറി. പക്ഷേ ഇതിന്റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് ചില അസാമാന്യ ജന്മങ്ങളുടെ സമര്‍പ്പണവും പ്രതിഭയും കഠിനാധ്വാനവുമായിരുന്നു. ഹോമി ഭാഭ ആണവരംഗത്തും, വിക്രം സാരാഭായ് ബഹിരാകാശമേഖലയിലും ഡോ. എം.എസ്. സ്വാമിനാഥന്‍ കാര്‍ഷികമേഖലയിലും ഡോ. വര്‍ഗീസ് കുര്യന്‍ ക്ഷീരമേഖലയിലും അവരുടെ ജീവിതം സമര്‍പ്പിച്ചതിന്റെ ഫലമായിരുന്നു അത്. നൂറു കണക്കിന് കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് ഭൂമിയെ നിരീക്ഷിക്കുന്ന ഉപഗ്രഹങ്ങളും ക്യാമറകളും നമ്മള്‍ ഉണ്ടാക്കിയപ്പോള്‍ സാധാരണ ഫോട്ടോഗ്രാഫിക്കുള്ള ഒരു ക്യാമറക്ക് ഇന്നും നാം ആശ്രയിക്കുന്നത് സോണിയെയും നിക്കോണിനെയുമൊക്കയാണ്. കാര്‍ഷിക രംഗത്ത് വലിയ വിപ്ലവത്തിലൂടെ അധിക ഭക്ഷ്യധാന്യം ഉല്പാദിപ്പിച്ചപ്പോള്‍ ആ ധാന്യങ്ങള്‍ വേണ്ടവിധം ഉപയോഗിക്കാനുള്ള സൗകര്യങ്ങള്‍ ഇല്ലാതെ ജനകോടികള്‍ പട്ടിണി കിടന്നു. അതായത് വികസനം സാധാരണക്കാരന് പ്രയോജനപ്പെട്ടില്ല.ശാസ്ത്ര-സാങ്കേതിക വികസനങ്ങള്‍ക്ക് സാധാരണ ജനങ്ങളുടെ ജീവിതത്തെ സ്പര്‍ശിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ഏട്ടിലെ പശു മാത്രമാണ്.

അതായത്, ഉണ്ടായ വികസനങ്ങള്‍ ഭരണനേതൃത്വത്തിന്റെ മികവ് കൊണ്ടോ പ്രവര്‍ത്തനങ്ങള്‍ കൊണ്ടോ അല്ല പകരം മേല്‍പ്പറഞ്ഞ വ്യക്തിത്വങ്ങളുടെ സമര്‍പ്പണം കൊണ്ട് മാത്രമാണ്. അങ്ങനെയല്ലല്ലോ ഒരു രാജ്യം പുരോഗമിക്കേണ്ടത്.എന്തുകൊണ്ടാണ്‌രണ്ടാം ലോകമഹായുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ജപ്പാനും യൂറോപ്പുമൊക്കെ ഏതാനും പതിറ്റാണ്ടുകള്‍ കൊണ്ട് ലോകത്തെ നയിക്കാന്‍ പാകത്തിലുള്ള വന്‍ തിരിച്ചുവരവ് നടത്തിയത്. ആ രാജ്യങ്ങളില്‍ വികസനത്തിനും ശാസ്ത്ര-സാങ്കേതിക വിദ്യകള്‍ക്കും പറ്റിയ ഒരു എക്കോ സിസ്റ്റം അവര്‍ സൃഷ്ടിച്ചത് കൊണ്ടാണ്. അങ്ങനെയൊരു എക്കോ സിസ്റ്റം സൃഷ്ടിക്കുന്നതില്‍ ആറ് പതിറ്റാണ്ട് രാജ്യം ഭരിച്ചവര്‍ പരാജയപ്പെട്ടപ്പോള്‍ വിഭവസമ്പന്നവും പ്രതിഭാസമ്പന്നവുമായ ഭാരതം ലോകത്തില്‍ എങ്ങുമെത്താതെ ഇഴഞ്ഞു.
2014 ല്‍ നരേന്ദ്രമോദി അധികാരത്തില്‍ വരുമ്പോള്‍ ഭാരതത്തിനു മുന്നിലുള്ള പ്രധാന പ്രശ്‌നം ശാസ്ത്രസാങ്കേതിക വികസനത്തിന് വേണ്ടിയുള്ള ഈ എക്കോ സിസ്റ്റത്തിന്റെ അഭാവമായിരുന്നു. രാജ്യത്തിന് അടിയന്തിരമായി വേണ്ടത്, നമുക്കാവശ്യമുള്ള ഉത്പന്നങ്ങളും അവക്ക് വേണ്ട സാങ്കേതിക സൗകര്യങ്ങളും ഇവിടെത്തന്നെ ഒരുക്കുക, നമ്മുടെ പ്രതിഭാസമ്പന്നരായ ചെറുപ്പക്കാരുടെ സാദ്ധ്യതകള്‍ ഇവിടെത്തന്നെ പ്രയോജനപ്പെടുത്തുക എന്നതായിരുന്നു. അങ്ങനെയാണ് മെയ്ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് എന്നീ ആശയങ്ങള്‍ ഉണ്ടായതും, വന്‍വിജയമായി മാറിയതും. 2014 ല്‍ രാജ്യത്ത് ആകമാനമുണ്ടായിരുന്നത് മുന്നൂറ്റമ്പത് സ്റ്റാര്‍ട്ട് അപ്പുകള്‍ ആയിരുന്നെങ്കില്‍ ഇപ്പോഴുള്ളത് രണ്ട് ലക്ഷത്തിലധികമാണ്. അങ്ങനെ 2018ല്‍ ഉണ്ടായ ഒരു സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് സ്‌കൈറൂട്ട്. ഈ കമ്പനിയാണ് സ്വന്തമായി വികസിപ്പിച്ച വിക്രം റോക്കറ്റിലൂടെ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ചത്. ആദ്യശ്രമത്തില്‍ തന്നെ പൂര്‍ണ്ണ വിജയമായ വിക്ഷേപണങ്ങള്‍ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വമാണ്. എലോണ്‍ മാസ്‌കിന്റെ സ്‌പേസ് എക്‌സ് ആദ്യത്തെ വിക്ഷേപണങ്ങളെല്ലാം പരാജയപ്പെട്ട് കമ്പനിഅടച്ചു പൂട്ടലിന്റെ വക്കില്‍ എത്തിയതാണ്. അവിടെ ഐഎസ്ആര്‍ഒയില്‍ നിന്നിറങ്ങിയ രണ്ടു ചെറുപ്പക്കാരുടെ കഠിനാധ്വാനമാണ് വിജയക്കുതിപ്പ് നടത്തിയത്. സ്‌കൈറൂട്ട് മാത്രമല്ല, അഗ്‌നികുല്‍ കോസ്‌മോസ്, ധ്രുവ, ബെല്ലാട്രിക്‌സ് എന്നിങ്ങനെ ഒരുപാട് സ്വകാര്യ കമ്പനികളുടെ റോക്കറ്റുകള്‍ കുതിക്കാനൊരുങ്ങുന്നുണ്ട്.
സ്വകാര്യ കമ്പനികള്‍ ബഹിരാകാശമേഖലയിലേക്ക് വരുന്നതിന് ഒരുപാട് ഗുണങ്ങളുണ്ട്. സര്‍ക്കാര്‍ നടപടിക്രമങ്ങളുടെ നൂലാമാലകള്‍ ഇല്ലാതെ അവര്‍ക്ക് അതിവേഗം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കാതെ നടത്തുന്ന സ്ഥാപനങ്ങളായത് കൊണ്ട് അതിവേഗം സാമ്പത്തിക നയങ്ങള്‍ സ്വീകരിക്കാം, വലിയ റിസ്‌കുകള്‍ എടുത്ത് പദ്ധതികള്‍ നടപ്പാക്കാം. സര്‍ക്കാര്‍ പോളിസികളുടെ കെട്ടുപാടുകള്‍ ഇല്ലാതെ നിയമനങ്ങള്‍ നടത്താം. അതുകൊണ്ടുതന്നെ വികസനപദ്ധതികളുടെ വേഗം കൂടും.അമേരിക്കയില്‍ ഇപ്പോള്‍ സ്‌പേസ് എക്‌സ് നടത്തുന്ന വിപ്ലവങ്ങള്‍ കണ്ടില്ലേ. ഉപയോഗിച്ച റോക്കറ്റ് തിരിച്ചിറക്കി വീണ്ടും ഉപയോഗിക്കുക എന്നത് നാസക്ക് പോലും കഴിഞ്ഞിട്ടില്ലാത്ത കാര്യമാണ്. അതുപോലെ അടുത്ത അമ്പത് വര്‍ഷത്തേക്കുള്ള പദ്ധതിയുമായാണ് അവര്‍ മുന്നേറുന്നത്. അതേസമയം നാസ സാധാരണ വിക്ഷേപണങ്ങളെല്ലാം സ്വകാര്യ കമ്പനികളെ ഏല്‍പ്പിച്ച് പുതിയ ഗവേഷണങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
അതായത് വരും കാലത്ത് സാധാരണ ഉപഗ്രഹവിക്ഷേപണങ്ങള്‍ സ്വകാര്യ കമ്പനികള്‍ ചെയ്യുമ്പോള്‍, ബഹിരാകാശത്തേക്ക് മനുഷ്യരെ അയക്കുന്ന പദ്ധതികള്‍, രാജ്യത്തിന്റെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍, ചൊവ്വ, ശുക്ര ദൗത്യങ്ങള്‍, ചാന്ദ്രയാന്‍ പദ്ധതിയുടെ അടുത്ത ഘട്ടങ്ങള്‍, 2040 ല്‍ ചന്ദ്രനില്‍ മനുഷ്യരെ എത്തിക്കുന്ന പദ്ധതി ഇവക്കൊക്കെ ആവശ്യമായ അടുത്ത തലമുറ റോക്കറ്റുകള്‍ വികസിപ്പിക്കുക എന്നീ വലിയ പദ്ധതികളിലേക്കും ദൗത്യങ്ങളിലേക്കും ഐഎസ്ആര്‍ ഒയ്ക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകും.
ഇനി വരാന്‍ പോകുന്നത് ചെറിയ ഉപഗ്രഹങ്ങളുടെ കാലമാണ്. ഭൂമിയോട് അടുത്തുള്ള ലോ എര്‍ത്ത് ഭ്രമണപഥങ്ങളില്‍ ചുറ്റുന്ന ആയിരക്കണക്കിന് ഉപഗ്രഹങ്ങളിലൂടെ അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാനുള്ള പദ്ധതിയില്‍ ലോകം മുഴുവന്‍ വലിയ മുന്നേറ്റങ്ങളാണ് നടക്കുന്നത്. അടുത്ത ഒന്ന് രണ്ടു വര്‍ഷത്തിനുള്ളില്‍ പതിനായിരക്കണക്കിന് ചെറു ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കപ്പെടും. ഇത്ര ഡിമാന്‍ഡ് കൈകാര്യം ചെയ്യാനും വിക്ഷേപിക്കാനുമുള്ള വിക്ഷേപണ സൗകര്യങ്ങള്‍ ലോകത്ത് വളരെ കുറവാണ്. ആ വൈദഗ്ധ്യം ഉള്ള വിശ്വാസ്യതയുള്ള ഏജന്‍സികളും വിരലിലെണ്ണാവുന്നതേ ഉള്ളൂ. ആ മാര്‍ക്കറ്റിലേക്ക്, കുറഞ്ഞ ചെലവില്‍ ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് എത്തിക്കാന്‍ കഴിയുന്ന ഒരു കമ്പനിയായി ഇപ്പോള്‍ സ്‌കൈറൂട്ട് മാറി. പിന്നാലെ മറ്റു കമ്പനികളും വരുന്നു. അങ്ങനെ അന്താരാഷ്ട്ര ഉപഗ്രഹവിക്ഷേപണ മാര്‍ക്കറ്റില്‍ ഭാരതം നേതൃപരമായ സ്ഥാനമാണ് വഹിക്കാന്‍ പോകുന്നത്. ഇപ്പോള്‍ തന്നെ നാസയടക്കമുള്ള ഏജന്‍സികള്‍ ഐഎസ്ആര്‍ഒയെ ഉപഗ്രഹവിക്ഷേപണത്തിനു വേണ്ടി സമീപിക്കുന്നുണ്ട്. പക്ഷേ ഐഎസ്ആര്‍ഒയ്ക്ക് മാത്രം പൂര്‍ത്തിയാക്കാന്‍ പറ്റുന്നതിന്റെ അനേക മടങ്ങ് ഡിമാന്റാണ് ഈ വിപണിക്കുള്ളത്. ഇങ്ങനെയുള്ള സ്വകാര്യ കമ്പനികളുടെ വരവോടെ ശതകോടികളുടെ വിക്ഷേപണ ബിസിനസ്സ് ഭാരതത്തിലേക്ക് എത്തും. അത് രാജ്യത്തിന്റെ സമ്പദ് ഘടനയെ വലിയ കുതിപ്പുകളിലേക്കാണ് നയിക്കുന്നത്. 2047 ല്‍ ഭാരതം ഒരു വികസിത രാജ്യമാകുമ്പോള്‍ അതില്‍ നിര്‍ണ്ണായക പങ്കു വഹിക്കാന്‍ പോകുന്നത് ബഹിരാകാശ ഗവേഷണം ആയിരിക്കും.

അതുപോലെ ആരും അധികം ശ്രദ്ധിക്കാതെ ഒരു നിശ്ശബ്ദവിപ്ലവം ഭാരതത്തില്‍ നടക്കുന്നുണ്ടായിരുന്നു. റെയില്‍വേയുടെ വൈദ്യുതീകരണമാണിത്. ഇന്ന് ഇന്ത്യന്‍ റെയില്‍വേയുടെ 70,000 കിലോമീറ്റര്‍ റൂട്ടുകളില്‍ 99.6 ശതമാനവും വൈദ്യുതീകരിച്ചു കഴിഞ്ഞു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇത് 100 ശതമാനം എത്തും. ഇപ്പോള്‍ തന്നെ റെയില്‍വേ വൈദ്യുതീകരണത്തില്‍ ഭാരതം ലോകത്തില്‍ ഒന്നാം സ്ഥാനത്താണ്. ഇതിന്റെ ഫലമായി പത്തു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 186 കോടി ലിറ്റര്‍ ഡീസല്‍ ഉപയോഗം കുറഞ്ഞു. ഇതുമൂലം പത്ത് വര്‍ഷത്തില്‍ നാല് മില്യണ്‍ ടണ്‍ അഥവാ നാല്പത് ലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളല്‍ ആണ് കുറഞ്ഞത്, മാത്രവുമല്ല ഡീസല്‍ ഉപയോഗം കുറഞ്ഞപ്പോള്‍ സ്വാഭാവികമായും അത് പെട്രോളിയം ഇറക്കുമതിയിലും കുറവുണ്ടാക്കി. അങ്ങനെ രാജ്യം ലാഭിച്ചത് രണ്ട് ലക്ഷം കോടി രൂപയാണ്. 2014ല്‍ 20000 കിലോമീറ്റര്‍ മാത്രം വൈദ്യുതീകരിക്കപ്പെട്ടിടത്തു നിന്നും പത്ത് വര്‍ഷം കൊണ്ട് 70000 ലെത്തിയപ്പോഴുള്ള വിവിധ മാനങ്ങളിലെ ഫലമാണിത്.
പക്ഷേ ഇവിടെ വേറൊരു പ്രശ്‌നവും കൂടി പരിഹരിക്കേണ്ടതുണ്ട്. റെയില്‍വേയുടെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറഞ്ഞു എന്നത് സത്യമാണ്, പക്ഷെ സ്വാഭാവികമായും രാജ്യത്ത് വൈദ്യുതി ഉല്‍പ്പാദനം കൂടി. ഈ വൈദ്യുതി ഉണ്ടാക്കുന്നത് പ്രധാനമായും കല്‍ക്കരി കത്തിച്ചാണ്. അത് വലിയ തോതില്‍ കാര്‍ബണ്‍ പുറന്തള്ളുന്നുണ്ട്. ഈ പ്രശ്‌നത്തിന് കൂടി ദീര്‍ഘകാല അടിസ്ഥാനത്തില്‍ പരിഹാരം കണ്ടാല്‍ മാത്രമേ പൂര്‍ണ്ണമായ പരിസ്ഥിതി സൗഹൃദം എന്ന ലക്ഷ്യത്തില്‍ എത്തുകയുള്ളൂ.അതിലൊന്നാണ് ഹൈഡ്രജന്‍ ട്രെയിന്‍.
ഭാവിയുടെ ഇന്ധനമേതാണ് എന്ന് ചോദിച്ചാല്‍ ഒറ്റ ശ്വാസത്തില്‍ പറയാവുന്ന മറുപടിയാണ് ഹൈഡ്രജന്‍ എന്ന്. ഈ മഹാപ്രപഞ്ചത്തിലെ സാധാരണ ദ്രവ്യത്തിന്റെ ഏകദേശം 75% ഹൈഡ്രജനാണ്. ഈ പ്രപഞ്ചത്തിലെ നമ്മുടെ സ്വന്തം സൂര്യന്‍ അടക്കം കോടിക്കണക്കിനു നക്ഷത്രങ്ങളില്‍ നടക്കുന്ന ഊര്‍ജ്ജ ഉത്പാദനം മുഴുവന്‍ ഹൈഡ്രജന്‍ ഉപയോഗിച്ചാണ്. ഹൈഡ്രജന്‍ ന്യൂക്ലിയസ്സുകള്‍ ഉരുകിച്ചേര്‍ന്നു ഹീലിയം ആയി മാറുന്ന ന്യുക്ലിയര്‍ ഫ്യൂഷന്‍ എന്ന പ്രക്രിയ ആണത്. മൂലകങ്ങളില്‍ വെച്ച് ഏറ്റവും ലളിതവും, ഭാരം കുറഞ്ഞതുമായത് കൊണ്ടാണ് ഇത് പ്രപഞ്ചത്തില്‍ ഏറ്റവുമധികമായി ഉള്ളത്. പക്ഷേ ഇത്ര ലളിതമായ ഈ മൂലകത്തെ ഭൂമിയില്‍ ഇന്ധനമാക്കി ഉപയോഗിക്കുക എന്നത് അത്ര എളുപ്പമല്ല ലളിതവുമല്ല. അതിസങ്കീര്‍ണ്ണവും അപകടം പിടിച്ചതുമായ മാര്‍ഗ്ഗങ്ങളിലൂടെയാണ് ഹൈഡ്രജനെ ഉപയോഗിക്കുന്നത്. ഒരു ഹൈഡ്രജന്‍ ആറ്റം എടുത്താല്‍ അതിന്റെ ന്യൂക്ലിയസ്സില്‍ ഒരു പ്രോട്ടോണ്‍ മാത്രമേയുള്ളു, ചുറ്റുമായി ഒരേയൊരു ഇലക്ട്രോണും. കഴിഞ്ഞു. ഇത്രേയുള്ളൂ ഒരു ഹൈഡ്രജന്‍ ആറ്റം. വേറെ കാര്യങ്ങളൊന്നും ഇല്ലാത്തത് കൊണ്ട് സങ്കീര്‍ണ്ണതകള്‍ ഒന്നുമില്ല. അതായത്, ഒരു പ്രോട്ടോണും ഒരു ഇലക്ട്രോണും അടങ്ങിയ ലളിതമായ സംവിധാനമാണ് ഹൈഡ്രജന്‍ ആറ്റം, അങ്ങനെയുള്ള ആറ്റങ്ങള്‍ ചേര്‍ന്നതാണ് ഹൈഡ്രജന്‍ വാതകം. ഇത്രയേറെ ലളിതമായത് കൊണ്ടാണ് ഹൈഡ്രജന്‍ ഏറ്റവുമധികമായി കാണുന്നതും.
ഭൂമിയില്‍ ഏറ്റവുമധികം ഹൈഡ്രജന്‍ ഉള്ളത് വെള്ളത്തില്‍ ആണ്. രണ്ട് ഹൈഡ്രജന്‍ ആറ്റവും ഒരു ഓക്‌സിജന്‍ ആറ്റവും ചേര്‍ന്നതാണ് വെള്ളത്തിന്റെ ഒരു മോളിക്യൂള്‍ അഥവാ തന്മാത്ര..അതുകൊണ്ടാണ് വെള്ളത്തിന്റെ കെമിക്കല്‍ ഫോര്‍മുല ഒ2ഛ ആയത്. അതായത് രണ്ട് ഹൈഡ്രജനും ഒരു ഓക്‌സിജനും. ഇങ്ങനെ പല മൂലകങ്ങളുമായി ചേര്‍ന്ന സംയുക്തരൂപത്തില്‍ ഹൈഡ്രജന്‍ ഇവിടെ ധാരാളമുണ്ട്. വെള്ളത്തില്‍ കൂടി വൈദ്യുതി കടത്തിവിട്ട് ഈ ഹൈഡ്രജനെ അതില്‍ നിന്ന് വിഘടിപ്പിച്ചു സ്വതന്ത്രമാക്കാം. അതിനെ വലിയ മര്‍ദ്ദത്തില്‍ സംഭരിച്ചുവെച്ചാണ് വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്. അതാണ് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ടെക്‌നോളജി.
ഈ ഹൈഡ്രജന്‍ അന്തരീക്ഷത്തില്‍ നിന്നുള്ള ഓക്‌സിജനുമായി യോജിപ്പിക്കുമ്പോള്‍ വീണ്ടും വെള്ളം ഉണ്ടാകുന്ന പ്രക്രിയക്കിടയില്‍ വൈദ്യുതിയും ഉണ്ടാകും. ഹൈഡ്രജനെയും ഓക്‌സിജനെയും ജല തന്മാത്രയില്‍ നിന്ന് വിഘടിപ്പിക്കാന്‍ ഉപയോഗിച്ച മാര്‍ഗ്ഗത്തിന്റെ വിപരീതമാണിത്. ഇങ്ങനെ ഉണ്ടാകുന്ന വൈദ്യുതി നമുക്ക് ഉപയോഗിക്കാം. ഈ പ്രക്രിയയില്‍ അവശിഷ്ടമായി പുറന്തള്ളുന്നത് വെള്ളവും നീരാവിയും മാത്രമാണ്. പക്ഷെ ഈ സാങ്കേതികവിദ്യ അതിസങ്കീര്‍ണ്ണമാണ്. അത്യന്തം അപകടകാരിയായ ഹൈഡ്രജന്‍ വന്‍തോതില്‍ നിര്‍മ്മിച്ച് സൂക്ഷിക്കുക, ഉപയോഗിക്കുക എന്നതൊക്കെ വലിയ വെല്ലുവിളികളാണ്. എന്നാല്‍ ഭാരതം ഈ സാങ്കേതികവിദ്യയില്‍ പ്രാവീണ്യം നേടിക്കഴിഞ്ഞു. ജൂലായ് പതിനേഴിന് ഹരിയാനയിലെ ജിന്ദ് – സോനിപ്പത്ത് റൂട്ടില്‍ ഭാരതത്തിന്റെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ ചൂളം വിളിച്ചു പാഞ്ഞു. പ്രധാനമന്ത്രി ഈ ട്രെയിനിന് പച്ചക്കൊടി വീശിയപ്പോള്‍ അത് ഭാരതത്തിന്റെ സാങ്കേതികവൈഭവത്തിന്റെ മറ്റൊരു കുതിപ്പ് കൂടിയായി. ഇപ്പോള്‍ ലോകത്തില്‍ തന്നെ ഫ്രാന്‍സ്, ജര്‍മ്മനി, ചൈന എന്നിവിടങ്ങളില്‍ മാത്രമാണ് ഹൈഡ്രജന്‍ ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നത്. അതുമല്ല, പൂര്‍ണ്ണമായി ഭാരതത്തില്‍ വികസിപ്പിച്ച് ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മിച്ച ഈ ട്രെയിന്‍ ലോകത്തിലെ ഏറ്റവും ശേഷിയുള്ള കരുത്തുറ്റ ഹൈഡ്രജന്‍ ട്രെയിന്‍ ആണ്.
പക്ഷേ ഇവിടെയും ട്രെയിന്‍ കാര്‍ബണ്‍ പുറന്തള്ളുന്നില്ല എങ്കിലും ഉപയോഗിക്കുന്ന ഹൈഡ്രജന്‍ നിര്‍മ്മിക്കാന്‍ വൈദ്യുതി വേണം.ആ വൈദ്യുതി ഉണ്ടാക്കുന്നത് കല്‍ക്കരി കത്തിച്ചാണെങ്കില്‍ അതിനെ പരിസ്ഥിതി സൗഹൃദം എന്ന് വിളിക്കാനാവില്ല. സോളാര്‍ വൈദ്യുതി, കാറ്റില്‍ നിന്നുള്ള വൈദ്യുതി എന്നിവ ഉപയോഗിച്ചുള്ള ഹൈഡ്രജന്‍ നിര്‍മ്മാണമാണെങ്കില്‍ അത് പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദ ഹൈഡ്രജന്‍ അഥവാ ഗ്രീന്‍ ഹൈഡ്രജന്‍ ആണ്. ഇതിനുവേണ്ടി 2023ല്‍ നടപ്പാക്കിത്തുടങ്ങിയ നാഷണല്‍ ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്‍ എന്ന 19000 കോടി രൂപയുടെ പദ്ധതിയുടെ കീഴില്‍ രാജ്യത്ത് ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദനം അനുദിനം കൂടി വരികയാണ്. ഉല്‍പാദന പ്ലാന്റുകള്‍, സപ്ലൈ ലൈനുകള്‍, സ്റ്റോറേജുകള്‍, ട്രാന്‍സ്‌പോര്‍ട്ട് എന്നിവയെല്ലാം അടങ്ങിയ വന്‍ ശൃംഖലആണിത്. കൂടാതെ 2030 ആകുമ്പോഴേക്കും ആവശ്യമുള്ള ആകെ വൈദ്യുതിയുടെ 30ശതമാനം സോളാര്‍ ആക്കാനുള്ള ഒരു കര്‍മ്മ പദ്ധതി രാജ്യത്ത് നടക്കുന്നുണ്ട്. ഇതിനിടയില്‍ കല്‍പ്പാക്കത്തെ ഫാസ്റ്റ് ബ്രീഡര്‍ റിയാക്റ്റര്‍ ഉപയോഗിച്ച് ഒട്ടും കാര്‍ബണ്‍ പുറന്തള്ളാത്ത പരിസ്ഥിതി സൗഹൃദ ഹൈഡ്രജന്‍ വലിയതോതില്‍ ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയും വിജയിച്ചതോടെ ലോകത്തിലെ ഏറ്റവും വലിയ ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദകരായി ഭാരതം മാറാന്‍ പോവുകയാണ്. ഹൈഡ്രജന്‍ ഉത്പാദനം, അവയുടെ സംഭരണം, ട്രാന്‍സ്‌പോര്‍ട്ട് അങ്ങനെ വമ്പന്‍ അടിസ്ഥാന സൗകര്യ പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
ഡീസലും ഹൈഡ്രജനും തമ്മിലുള്ള താരതമ്യം ശരിക്കും കൗതുകകരമാണ്. ഒരു കിലോഗ്രാം ഹൈഡ്രജനില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജം ഏകദേശം 3.3 ലിറ്റര്‍ ഡീസലിന് തുല്യമാണ്. അതായത്, ഭാരത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഹൈഡ്രജന് ഡീസലിന്റെ ഏകദേശം മൂന്നിരട്ടി ഊര്‍ജസാന്ദ്രതയുണ്ട്.
സ്വാഭാവികമായും ഇന്ന് ഗ്രീന്‍ ഹൈഡ്രജന്റെ വില ഡീസലിനേക്കാള്‍ കൂടുതലാണ്. എന്നാല്‍ ഫ്യുവല്‍ സെല്ലിന്റെ ഉയര്‍ന്ന കാര്യക്ഷമതയും മികച്ച പ്രകടനവും കൂടി കണക്കിലെടുക്കുമ്പോള്‍, പ്രവര്‍ത്തനച്ചെലവില്‍ ആ വ്യത്യാസം ഗണ്യമായി കുറയാം. അതിനുപുറമെ, ഇന്ത്യയില്‍ ഗ്രീന്‍ ഹൈഡ്രജന്റെ ഉല്‍പ്പാദനച്ചെലവ് അതിവേഗം കുറയുകയാണ്.
ഇന്‍ഡ്യന്‍ റെയില്‍വേ പൂര്‍ണമായി വൈദ്യുതീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്ത് ഈ ഹൈഡ്രജന്‍ ട്രെയിന്‍ കൊണ്ട് എന്ത് പ്രയോജനം, ഇത് വെറുമൊരു ഷോ പീസ് മാത്രമാണ്. ഹൈഡ്രജന്‍ ഉല്പ്പാദനത്തിലെ ചെലവ്. അങ്ങനെയങ്ങനെ വിമര്‍ശനങ്ങളും ധാരാളം വരുന്നുണ്ട്. നോക്കൂ റെയില്‍വേയുടെ വികസനം ഇവിടെ അവസാനിക്കുന്നില്ല. വരും വര്‍ഷങ്ങളില്‍ റെയില്‍ കണക്ടിവിറ്റി ഇല്ലാത്ത നൂറു കണക്കിന് പ്രദേശങ്ങളിലേക്ക് റെയില്‍ ശൃംഖല വളരും. വനപ്രദേശങ്ങള്‍, പര്‍വ്വത പ്രദേശങ്ങള്‍ അതുപോലുള്ള പരിസ്ഥിതി ലോല പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഏറ്റവും അനുയോജ്യമായ ടെക്‌നോളജിയാണ് ഒരു തരി പുകയോ കരിയോ പുറത്തുവിടാത്ത, ഗ്രീന്‍ ഹൈഡ്രജന്‍ കൊണ്ട് ഓടുന്ന ട്രെയിനുകളും വാഹനങ്ങളും. അതുകൊണ്ടുതന്നെ ഹൈഡ്രജന്റെ ഉപയോഗം വ്യാപകമാവുക എന്നത് ലോകത്തിലെ ഏറ്റവും വലിയ ജനസമൂഹത്തിനെ ഉള്‍ക്കൊള്ളുന്ന ഭാരതത്തിന്റെ ഉത്തരവാദിത്തമാണ്.
ഇപ്പോള്‍ ഉദ്ഘാടനം ചെയ്ത പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ഹൈഡ്രജന്‍ ട്രെയിനിന്റെ യാത്രാനിരക്കും അമ്പരപ്പിക്കുന്നതാണ്. വെറും 5 രൂപ മുതല്‍ 25 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. അതായത്, ചില സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോം ടിക്കറ്റിനേക്കാള്‍ പോലും കുറഞ്ഞ നിരക്ക്.
ഈ പദ്ധതിയുടെ ലക്ഷ്യം ലാഭം മാത്രമല്ല, മറിച്ച് സാധാരണക്കാരെ ഹൈഡ്രജന്‍ സാങ്കേതികവിദ്യയുമായി പരിചയപ്പെടുത്തുകയും അതിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുകയുമാണ്. അതുകൊണ്ടുതന്നെ ആദ്യഘട്ടത്തില്‍ ഇത്രയും കുറഞ്ഞ നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്.
ഹൈഡ്രജന്‍ അധിഷ്ഠിത ഗതാഗതത്തെ ഇന്ത്യ എത്ര ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഈ ഒരു തീരുമാനം തന്നെ വ്യക്തമാക്കുന്നു. ഇത് ഒരു ട്രെയിന്‍ സര്‍വീസ് മാത്രമല്ല, ഭാവിയിലെ ശുദ്ധ ഊര്‍ജ അധിഷ്ഠിത ഗതാഗത സംവിധാനത്തിലേക്കുള്ള ഇന്ത്യയുടെ വലിയ ചുവടുവെപ്പാണ്.
ട്രെയിന്‍ മാത്രമല്ല, ബസുകള്‍, ട്രക്കുകള്‍ തുടങ്ങി കാറുകള്‍ വരെ ഹൈഡ്രജന്‍ സാങ്കേതികവിദ്യയില്‍ ഓടിത്തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്ത് ആദ്യത്തെ ഹൈഡ്രജന്‍ പമ്പ് സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. ഹൈഡ്രജന്‍ പ്രോത്സാഹനത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉപയോഗിക്കുന്നത് ഹൈഡ്രജന്‍ ഇന്ധനമായ കാറാണ്. അതായത് ഹൈഡ്രജന്‍ വിപ്ലവം എന്നത് അഞ്ചോ പത്തോ കൊല്ലത്തിനു ശേഷം സംഭവിക്കുന്ന ഒന്നല്ല.നമ്മുടെ കണ്‍മുമ്പില്‍ അതിവേഗം നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ്. ഇതിന്റെ ഫലം എന്നത് പരിസ്ഥിതി സൗഹൃദം എന്നത് മാത്രമല്ല. രാജ്യത്തിന്റെ സാമ്പത്തിക രംഗം, തൊഴിലവസരങ്ങള്‍, പുതിയ സാങ്കേതികവിദ്യകള്‍ അങ്ങനെയങ്ങനെ പല മാനങ്ങളിലുള്ളതാണ്.
അതായത്, ഭാരതം ഒരു വീണ്ടെടുപ്പിന്റെ പാതയിലാണ്. നഷ്ടപ്പെട്ടുപോയ സമയത്തെക്കുറിച്ച് വിലപിച്ച് കുറ്റപ്പെടുത്തി കാലം കഴിക്കാനല്ല, ഇനിയുള്ള ഓരോ നിമിഷവും വിലപ്പെട്ടതാണ് എന്ന തിരിച്ചറിവോടെ, വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ 2047 എന്ന ലക്ഷ്യത്തിലേക്ക് എത്തുക എന്നതാണ് രാഷ്ട്രീയ നേതൃത്വത്തിന്റെയും പൊതുജനങ്ങളുടെയും കടമ.






















