അഭിപ്രായ സ്വാതന്ത്ര്യവും സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാനുള്ള അവകാശവും രാജ്യത്തെ ഭരണഘടന ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഒരു ജനാധിപത്യ രാജ്യത്തിന്റെ നിലനില്‍പ്പിന് അത് അത്യന്താപേക്ഷികവുമാണ്. പക്ഷെ ഈ അവകാശം തെരുവില്‍ അരാജകത്വം വിതയ്ക്കാനും വൈദേശിക അജണ്ട നടപ്പിലാക്കാനും വേണ്ടി ദുരുപയോഗം ചെയ്യുമ്പോള്‍ സര്‍ക്കാരിന് കയ്യും കെട്ടി നോക്കിനില്‍ക്കാന്‍ കഴിയില്ല. പാറ്റകളുടെ കലാപം നിഷ്‌കളങ്കമായ വിദ്യാര്‍ത്ഥി പ്രക്ഷോഭം അല്ലായിരുന്നു. അതിന് കൃത്യമായ ലക്ഷ്യങ്ങള്‍ ഉണ്ട്!
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്രപ്രധാന്റെ രാജിയോടുകൂടി ദല്‍ഹി ജന്തര്‍മന്ദറില്‍ നടന്നുകൊണ്ടിരുന്ന പാറ്റാ സമരം അവസാനിച്ചു. കേന്ദ്ര സര്‍ക്കാരിലെ ശക്തനായ ഒരു മന്ത്രിയെ ഒരുമാസം കൊണ്ട് രാജിവെയ്പ്പിക്കാന്‍ സാധിച്ചു എന്നത് കോക്ക്‌റോച്ച് ജനതാപാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടം തന്നെയാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ക്ക് സാധിക്കാതെ പോയതാണ് പാറ്റകള്‍ക്ക് സാധിച്ചതും. കേന്ദ്രം യുവാക്കള്‍ക്ക് മുന്‍പില്‍ മുട്ടുമടക്കി എന്ന രീതിയില്‍ ഉള്ള വാര്‍ത്തകള്‍ പല മലയാള മാധ്യമങ്ങളിലായി കണ്ടു. എന്തുകൊണ്ട് രാജി, ഈ രാജിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം എന്താണ്? ഒരു കേന്ദ്രമന്ത്രിയെ രാജിവെപ്പിക്കുക എന്നത് ഇത്ര അനായാസമായ ഒരു കാര്യമാണോ? ഈ പാറ്റകളുടെ രാഷ്ട്രീയ ലക്ഷ്യം എന്താണ്? തുടങ്ങിയ സംശയങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകുക സ്വാഭാവികമാണ്. പാറ്റാ സമരത്തിന്റെ പിന്നിലുള്ള അപകടവും, കേന്ദ്ര സര്‍ക്കാരിന്റെ പിന്മാറ്റവും വിശകലനം ചെയ്യുകയാണ് ഈ ലേഖനത്തില്‍.
ജൂലായ് 20-ന് ദല്‍ഹിയിലെ ജന്തര്‍മന്ദറിലും പാര്‍ലമെന്റിന് സമീപത്തും കൊണാര്‍ട്ട് പ്ലേസിലും സമരം എന്ന പേരില്‍ വലിയ അക്രമം നടന്നിരുന്നു. നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നതിന് എതിരെയുള്ള വിദ്യാര്‍ത്ഥികളുടെ സമരം എന്ന നിലയ്ക്ക് തുടങ്ങിയ സമരത്തിലേക്ക് സോനം വാങ്ചുക്കിന്റെ കടന്നുവരവും, പിന്നീട് യാതൊരു ലക്ഷ്യവും ഇല്ലാത്ത ഒരു നരേന്ദ്ര മോദി വിരുദ്ധ സമരമായി പാറ്റാ സമരം മാറിയിയതും നമ്മള്‍ കണ്ടതാണ്. ‘വിദ്യാര്‍ത്ഥി സമരത്തില്‍’ വാളും കുന്തവും പിടിച്ചുകൊണ്ട് നില്‍ക്കുന്ന നിഹാങ് സിഖുകള്‍ മുതല്‍ ബിജെപിയെ താഴെ ഇറക്കാന്‍ വേണ്ടി മാത്രം മലപ്പുറത്തുനിന്ന് തീവണ്ടികയറിയ ചെറുപ്പക്കാര്‍ വരെ ഉണ്ട്. ബംഗ്ലാദേശ്-നേപ്പാള്‍ മോഡല്‍ ജെന്‍-സീ പ്രക്ഷോഭവും തുടര്‍ന്നുള്ള ഭരണമാറ്റവും ആണ് പലരുടെയും സ്വപ്‌നമെന്ന് വ്യക്തം. ഊരും പേരുമില്ലാത്ത ഇടങ്ങളില്‍ നിന്ന് അജ്ഞാതര്‍ അയയ്ക്കുന്ന ബ്രാന്‍ഡഡ് ഭക്ഷണപ്പൊതികള്‍ മുതല്‍ മുന്‍കാല സമരങ്ങളിലെ ടൂള്‍കിറ്റ് സെലിബ്രിറ്റിമാരുടെ വീണ്ടുമുള്ള കടന്നുവരവും പ്രധാനപ്പെട്ട ബില്ലുകള്‍ പാസ്സാക്കാന്‍ ഇടയുള്ള പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനവും, എല്ലാം കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ ഈ കോലാഹലത്തിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍ ആഗ്രഹിക്കുന്നത് എന്താണെന്ന് നമുക്ക് മനസ്സിലാകും.
ആരാണ് പാറ്റകള്‍?
15 മെയ് 2026-ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യാജ യോഗ്യതാ രേഖകളുള്ള വ്യക്തികള്‍ ഉള്‍പ്പെട്ട ഒരു കേസ് പരിഗണിക്കുന്നതിനിടെ, നിയമാനുസൃതമായ തൊഴില്‍ നേടുന്നതില്‍ പരാജയപ്പെടുകയും പകരം സംശയാസ്പദമായ മാര്‍ഗ്ഗങ്ങളിലൂടെ വ്യവസ്ഥിതിയെ ലക്ഷ്യമിടുകയും ചെയ്യുന്നവരെക്കുറിച്ച് വാക്കാലുള്ള ഒരു നിരീക്ഷണം നടത്തിയിരുന്നു. ”പാറ്റകളെപ്പോലെ, യാതൊരു തൊഴിലും ലഭിക്കാത്തതും ഔദ്യോഗിക മേഖലയില്‍ ഒരിടവും കണ്ടെത്താനാകാത്തതുമായ ചില യുവാക്കളുണ്ട്. അവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരായും, ചിലര്‍ സോഷ്യല്‍ മീഡിയ സാന്നിധ്യമായും, മറ്റു ചിലര്‍ വിവരാവകാശ (RTI) പ്രവര്‍ത്തകരോ മറ്റ് തരത്തിലുള്ള ആക്ടിവിസ്റ്റുകളോ ഒക്കെയായി മാറുകയും, എല്ലാവരെയും ആക്രമിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു.” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുകയും ചീഫ് ജസ്റ്റിസ് രാജ്യത്തെ മുഴുവന്‍ യുവാക്കളെയും അധിക്ഷേപിച്ചു എന്ന തരത്തില്‍ വലിയ പ്രചാരണം നടക്കുകയും ചെയ്തു. ഇങ്ങനെയാണ് കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി (CJP) എന്ന പേജ് മെയ് 16-ന് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതും, അതിന് ചെറുപ്പക്കാര്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചതും.
മെയ് 2-ന് നടന്ന മെഡിക്കല്‍ യോഗ്യതയ്ക്കുള്ള നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ആദ്യ ദിനങ്ങളില്‍ തന്നെ പുറത്തു വരികയും മെയ് 12-ന് അധികൃതര്‍ പരീക്ഷ ഔദ്യോഗികമായി റദ്ദാക്കുകയും കേസ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് (സിബിഐ) കൈമാറുകയും ചെയ്തു. കേസ് രജിസ്റ്റര്‍ ചെയ്ത സിബിഐ 49 ഇടങ്ങളില്‍ റെയ്ഡ് നടത്തുകയും 13 പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. നീറ്റ് പരീക്ഷ റദ്ദാക്കിയത് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കി എന്നത് തീര്‍ച്ചയാണ്. പക്ഷെ, 20 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയുടെ ഫലം കുറ്റമറ്റതായിരിക്കണം എന്ന ഉറച്ച വിശ്വാസത്തിലാണ് കേന്ദ്രം പരീക്ഷ റദ്ദ്‌ചെയ്തത് തന്നെ. അധികം താമസിക്കാതെ തന്നെ പരീക്ഷ കുറ്റമറ്റ രീതിയില്‍ നടത്താന്‍ എന്‍.ടി.എക്ക് സാധിച്ചു. ഫലവും പ്രസിദ്ധീകരിച്ചു, മെഡിക്കല്‍ കോളേജുകളിലേക്ക് ഉള്ള പ്രവേശനവും ആരംഭിച്ചു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പാറ്റ പരാമര്‍ശം പ്രചരിച്ച രീതിയും മറ്റും രാജ്യത്തെ യുവാക്കളുടെ ഇടയില്‍ അവമതിപ്പുണ്ടാക്കി. അതുകൊണ്ട് തന്നെയാണ് യുവാക്കള്‍ സിജെപിയിലേക്ക് ആകൃഷ്ടരായത്. സിജെപിയുടെ ‘സ്ഥാപകന്‍’ അഭിജിത് ദീപ്‌കെ ഇന്ത്യയിലേക്ക് തിരിച്ചു വരികയും ജൂണ്‍ 20-മുതല്‍ ദല്‍ഹി ജന്തര്‍മന്ദറില്‍ സമരം തുടങ്ങുകയും ചെയ്തു. ആദ്യം സമരം ഏറ്റെടുക്കാന്‍ യുവജനങ്ങള്‍ മുന്നോട്ട് വന്നിരുന്നില്ലെങ്കിലും, പിന്നീട് സോനം വാങ്ചുക്ക് നിരാഹാരസമരവുമായി കടന്നുവന്നു. പക്ഷെ കാര്യമായ ജനപങ്കാളിത്തം ഉണ്ടായില്ല. പട്ടിണി കിടക്കുന്ന വാങ്ചുക്കിന് മുന്നിലിരുന്ന് ‘പാറ്റകള്‍’ മൃഷ്ടാന്ന ഭോജനം നടത്തുന്ന വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കാണാത്തവര്‍ ആരും ഉണ്ടാകില്ല.
സമരം പരാജയപ്പെടും എന്ന തോന്നല്‍ വാങ്ചുക്കിന്റെ നിരാഹാര സമരം കണ്ടതോടെ ജനങ്ങള്‍ക്ക് ഉണ്ടായി. ആരോഗ്യകാരണങ്ങളാല്‍ ജൂലൈ 18-ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റാന്‍ ദല്‍ഹി ഹൈക്കോടതി ദല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടു.. സോനം വാങ്ചുക്കിന്റെ അഭാവത്തില്‍ മനസ്സിലാമനസ്സോടെ അഭിജിത് ദീപ്‌കെ നിരാഹാരം തുടങ്ങിയെങ്കിലും ആക്രമണത്തിന്റെ പേരില്‍ അദ്ദേഹം അത് അവസാനിപ്പിച്ചു. മൈഗ്രൈന്‍ മൂലം ഭക്ഷണം കഴിക്കാതെ ഇരിക്കാന്‍ പറ്റില്ല എന്ന് ആദ്യമേ പറഞ്ഞു നിരാഹാരത്തില്‍ നിന്ന് ജാമ്യം എടുത്തിരുന്നു അഭിജിത് ദീപ്‌കെ.
ബംഗ്ലാദേശ് മോഡല്‍ പരീക്ഷണം
ബംഗ്ലാദേശില്‍ വിദ്യാര്‍ത്ഥി സമരം എന്ന പേരില്‍ ജമാഅത്തെ ഇസ്ലാമി വിതച്ച അരാജക പ്രക്ഷോഭത്തിന്റെ അതേ മോഡലില്‍ തന്നെയാണ് പാറ്റാ സമരത്തിന്റെ തുടക്കവും. പാറ്റകളുടെ നേതാവ് അഭിജിത് ദീപ്‌കെ ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ആളാണ്. ആപ്പിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. വിവാദ യൂട്യൂബര്‍ ധ്രുവ് റാടിയുടെ ഉറ്റ സ്‌നേഹിതനുമാണ് ദീപ്‌കേ. ഒരു കോടതി വിധിയുടെ പേരിലാണ് ബംഗ്ലാദേശില്‍ സമരങ്ങള്‍ തുടങ്ങിയത്. ഇവിടെ കോടതിയില്‍ ജഡ്ജി നടത്തിയ ഒരു പരാമര്‍ശത്തെ വളച്ചൊടിച്ചുകൊണ്ടും. സമരത്തിന്റെ ആദ്യ ഘട്ടത്തില്‍ ജനങ്ങള്‍ പാടേ അവഗണിച്ചിരുന്നു എങ്കിലും പിന്നീട് മോദി വിരുദ്ധ ഇക്കോസിസ്റ്റം സമരവേദി കയ്യടക്കി.
സമരം തുടങ്ങിയ ജൂണ്‍ 20-നു തന്നെ ദില്ലിയില്‍ സംഘര്‍ഷം നടത്താന്‍ ഇവര്‍ ശ്രമിച്ചിരുന്നു. അധികൃതരില്‍ നിന്ന് അനുവാദം വാങ്ങിക്കാതെ അവര്‍ സമരം തുടങ്ങി. പക്ഷെ, അവര്‍ക്ക് പ്രതിഷേധം സംഘടിപ്പിക്കാനുള്ള അനുമതി കൊടുത്തത് കൊണ്ടുതന്നെ സംഘര്‍ഷം എന്ന പദ്ധതി അവിടെ പാളി. പക്ഷെ, അനുവാദം കൊടുത്ത സമയം കഴിഞ്ഞിട്ടും അവിടെ തുടര്‍ന്ന സംഘാടകര്‍, ജന്തര്‍മന്ദര്‍ ഒഴിയാന്‍ തയ്യാറായില്ല. സോനം വാങ്ചുക്കിന്റെ ആരോഗ്യം ക്ഷയിക്കുന്നു എന്ന വാര്‍ത്ത പരന്നതോടുകൂടി കൂടുതല്‍ യുവാക്കള്‍ പാറ്റാ സമരത്തിലേക്ക് എത്തി. വിദ്യാഭ്യാസ-യുവജന വിഷയങ്ങളില്‍ നിന്നൊക്കെ വ്യതിചലിച്ചു ഇതിനോടകം പാറ്റാ സമരവീഥി ഒരു ബിജെപി വിരുദ്ധ സംഗമഭൂമി ആയി മാറിയിരുന്നു. ആസാദി വിളികളും, ആര്‍ട്ടിക്കിള്‍ 370-നായുള്ള മുറവിളിയും, ഉമര്‍ ഖാലിദിന് വേണ്ടി ഉയര്‍ന്ന പോസ്റ്ററുകളും, പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ രാഷ്ട്രീയവുമായി കടന്നു വന്നതും മറ്റും ഈ സമരങ്ങളുടെ പോക്ക് എങ്ങോട്ടാണെന്നുള്ള സൂചനകള്‍ നമുക്ക് നല്‍കിയിരുന്നു.
ജൂലായ് 20-ന് സംഭവിച്ചത്
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലായ് 20 തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ അന്നേ ദിവസം പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനും സിജെപി തീരുമാനിച്ചു. ആയുധങ്ങളുമായി നില്‍ക്കുന്ന സിഖ് നിഹാങ്കള്‍ മുതല്‍ പാറക്കഷണങ്ങളുമായി നില്‍ക്കുന്ന ചെറുപ്പക്കാര്‍ വരെ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അവര്‍ പലയിടങ്ങളിലും സുരക്ഷാസേനയുമായും സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടു. സംഘര്‍ഷത്തിന്റെ ഇടയില്‍ പ്രക്ഷോഭകാരികള്‍ മരണപ്പെട്ടു എന്നുവരെ പല കേന്ദ്രങ്ങളില്‍ നിന്നും പ്രചാരണങ്ങള്‍ ഉണ്ടായി. അത് കൂടാതെ, രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള എല്ലാവിധ കമ്മ്യൂണിസ്റ്റ് മോഡല്‍ ശ്രമങ്ങളും ദല്‍ഹിയുടെ തെരുവുകളില്‍ അന്ന് നടന്നു. പൊന്നാനിയില്‍ നിന്നും മലപ്പുറത്തുനിന്നും യുവാക്കള്‍ ദല്‍ഹിയില്‍ സമരത്തിന് പോയത് ഇന്ത്യന്‍ വിദ്യാഭ്യാസ വ്യവസ്ഥയെ പരിവര്‍ത്തനപ്പെടുത്താനല്ല, കേരളത്തില്‍ ബിജെപിക്ക് 3 സീറ്റ് കിട്ടിയതായിരുന്നു അവരുടെ പ്രശ്‌നം! ഇസ്ലാമില്‍ പറയുന്നത് പോലെ ഈ പ്രക്ഷോഭത്തോടെ ലോകം അവസാനിക്കാന്‍ പോകുകയാണെന്ന് വരെ പറഞ്ഞു മറ്റൊരുവിരുതന്‍. പ്രതിഷേധ പോസ്റ്ററുകളില്‍ അശ്ലീലം എഴുതി അതുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന കുറേ പ്രക്ഷോഭകാരികള്‍, വിനോദസഞ്ചാരത്തിന് എത്തിയത് പോലെ പെരുമാറിയ ജെന്‍-സീ കുട്ടികള്‍, അരക്ഷിതമായിരുന്നു പാര്‍ലമെന്റിന്റെ പരിസരം.
വിദ്യാര്‍ഥികള്‍ എന്ന ബാനറില്‍ എത്തിയ ആ ആള്‍ക്കൂട്ടത്തില്‍ വിദ്യാര്‍ഥികള്‍ നന്നേ കുറവായിരുന്നു എന്നത് തീര്‍ച്ചയാണ്. അവിടേക്ക് വന്നവരുടെ ലക്ഷ്യം കലാപം സൃഷ്ടിക്കുക എന്നത് തന്നെ ആയിരുന്നു. ദല്‍ഹി പോലീസിന്റെ കണ്ടെത്തല്‍ പ്രകാരം നാനൂറില്‍ അധികം കൊടും ക്രിമിനലുകള്‍ ഈ ആള്‍ക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകരെ, പൊലീസുകാരെ, മറ്റു സുരക്ഷാ സൈനികരെ ഒക്കെ ആക്രമിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറി. സര്‍ക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും വാഹനങ്ങള്‍ തകര്‍ത്തു. ദല്‍ഹിയിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യകേന്ദ്രമായ കൊണാര്‍ട്ട് പ്ലേസില്‍ കലാപകാരികള്‍ അഴിഞ്ഞാടി. സുരക്ഷാസേനയുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് മാത്രമാണ് ഗുരുതര സ്ഥിതിയിലേക്ക് കാര്യങ്ങള്‍ കൈവിട്ടുപോകാതിരുന്നത്. ദല്‍ഹിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയുടെ ഗൗരവം കണക്കിലെടുത്താണ് സോനം വാങ്ചുക് അദ്ദേഹത്തിന്റെ നിരാഹാരം കേന്ദ്രമന്ത്രിമാരായ ജെ.പി.നദ്ദ, ഡോ. ജിതേന്ദ്ര കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അവസാനിപ്പിച്ചതും. ധര്‍മേന്ദ്ര പ്രധാന്റെ രാജി ഒരുപക്ഷെ പാറ്റകള്‍ പോലും പ്രതീക്ഷിച്ചിരുന്നുകാണില്ല. ഈ പാര്‍ലമെന്റ് സമ്മേളനം മുഴുവന്‍ ഈ പേരില്‍ തടസ്സപ്പെടുത്താം എന്ന് കരുതിയ പ്രതിപക്ഷത്തിനും തെറ്റി. ഈ രാജി ഇപ്പോള്‍ ഉണ്ടായില്ലായിരുന്നു എങ്കില്‍ സ്വാതന്ത്ര്യദിനത്തില്‍ ഉള്‍പ്പെടെ ദല്‍ഹിയില്‍ വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടായേനെ. അതില്ലാതാക്കാന്‍ എന്തായാലും മോദി സര്‍ക്കാരിന് സാധിച്ചു.
എഫ്.സി.ആര്‍.എ 2.0-യെ ആരാണ് ഭയപ്പെടുന്നത്?
ഇന്ത്യയില്‍ മതപരിവര്‍ത്തന മാഫിയകളുടെ പ്രവര്‍ത്തനം വര്‍ഷങ്ങളായി നിര്‍ലോഭം തുടരുന്നുണ്ട്. പണം, അരിച്ചാക്ക്, വിസ, വീട അങ്ങനെ പല വാഗ്ദാനങ്ങളും നല്‍കി ക്രൈസ്തവ മതത്തിലേക്ക് ആളെ കൂട്ടുന്ന ഒരു പാശ്ചാത്യ സംരംഭം ആയ തിമോത്തി ഇനിഷ്യറ്റീവിന്റെയും ജോഷുവ പ്രോജക്ടിന്റെയും ലക്ഷ്യസ്ഥാനം ഇന്ത്യയാണ്. യൂറോപ്പിലും അമേരിക്കയിലും ക്രൈസ്തവ മതത്തിന് സംഭവിക്കുന്ന ശോഷണം പരിഹരിക്കാന്‍ അവര്‍ കണ്ടെത്തിയിട്ടുള്ള മാര്‍ഗമാണ് ഇന്ത്യയിലെ മതപരിവര്‍ത്തനം. വികസനം കടന്നുചെല്ലാത്ത ഇടങ്ങളില്‍ വിദ്യാഭ്യാസം, ആരോഗ്യം എന്നൊക്കെ പറഞ്ഞു കടന്നുകയറി ഇവര്‍ മതപരിവര്‍ത്തനത്തിനായുള്ള ശ്രമങ്ങള്‍ നടത്തുന്നു. ഈ പേരില്‍ കോടിക്കണക്കിന് ഡോളറുകള്‍ ആണ് ഇന്ത്യയിലേക്ക് ഒഴുകുന്നത്. ഇത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വരുന്ന വിദേശ സംഭാവന (നിയന്ത്രണ) നിയമത്തിന്റെ പുതിയ പതിപ്പ് ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസ്സാക്കി എടുക്കാനായിരുന്നു കേന്ദ്ര പദ്ധതി. ആദ്യം മുതല്‍ക്കുതന്നെ ക്രൈസ്തവ സഭകള്‍ ഈ നീക്കത്തിനെതിരെ രംഗത്ത് ഇറങ്ങിയിരുന്നു. എല്ലാ സംഘടനകളെയും ബാധിക്കുന്ന വിഷയത്തില്‍ ക്രൈസ്തവ സംഘടനകള്‍ക്ക് മാത്രം എന്തേ ഇത്ര കുഴപ്പം എന്ന് തുടക്കം മുതല്‍ക്കേ ചോദിക്കുന്നവര്‍ ഉണ്ട്. പുതിയ നിയമപ്രകാരം ഈ വിദേശ ഫണ്ട് ഉപയോഗിച്ചുകൊണ്ട് മതപരിവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കില്ല. എഫ്.സി.ആര്‍.എ ലൈസന്‍സ് ലഭിച്ചില്ലെങ്കില്‍ ആ സംഘടനയുടെ വസ്തുവകകള്‍ കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിക്കാന്‍ പോകുന്ന സ്ഥാപനത്തിന് പിടിച്ചെടുക്കാന്‍ സാധിക്കും എന്നിങ്ങനെയാണ് പ്രധാനപ്പെട്ട മാറ്റങ്ങള്‍. പാറ്റാ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ക്രിസ്ത്യന്‍ പാതിരിമാര്‍ മാര്‍ച്ച് നടത്തിയതും ഇതിനോട് ചേര്‍ത്ത് വേണം വായിക്കാന്‍.
ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ മറ്റൊരാളെ വിജയിപ്പിക്കാന്‍ സഹായിക്കുന്നതിനായി 21 ദശലക്ഷം ഡോളര്‍ ചെലവഴിക്കാന്‍ യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് (ഡടഅകഉ) ആഗ്രഹിച്ചിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ജനങ്ങളെ അണിനിരത്തി നേപ്പാള്‍-ബംഗ്ലാദേശ് മോഡല്‍ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ പലവിധ ശ്രമങ്ങള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നു. പൗരത്വ നിയമത്തിനെതിരെ ഷഹീന്‍ ബാഗില്‍ നടന്ന സമരങ്ങള്‍, കര്‍ഷക സമരം, ദല്‍ഹി കലാപം (2020) എന്നിവ പരിശോധിച്ചാല്‍ നമുക്കത് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. ബിജെപി വിരുദ്ധരായ അന്താരാഷ്ട മാധ്യമങ്ങള്‍ – ഖത്തറിന്റെ അല്‍ ജസീറ, ബ്രിട്ടന്റെ ബിബിസി, തുര്‍ക്കിയുടെ ടി.ആര്‍.ടി ന്യൂസ് മുതലായ മാധ്യമങ്ങള്‍ ഈ വിഷയങ്ങള്‍ ഊതി വീര്‍പ്പിക്കുന്നതിലും അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന് മീതെ സമ്മര്‍ദ്ദം ചെലുത്താനും ശ്രമിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ജോര്‍ജ് സൊറോസ്, ഫോര്‍ഡ് ഫൌണ്ടേഷന്‍, റോക്ക്‌ഫെല്ലര്‍ ഫൌണ്ടേഷന്‍ എന്നിവര്‍ ഇടപെടാന്‍ ശ്രമിക്കുന്നത് ഈ രാജ്യത്തെ സര്‍ക്കാരിനെ താഴത്തിറക്കാന്‍ വേണ്ടി തന്നെയാണ്. അവര്‍ അവരുടെ അജണ്ട നടപ്പിലാക്കാന്‍ പാകത്തിലുള്ള ഒരു സര്‍ക്കാരിനെ ആണ് ഇവിടെ പ്രതിഷ്ഠിക്കാന്‍ ആഗ്രഹിക്കുന്നത്. പശ്ചിമ ബംഗാള്‍ നിയമസഭയിലേക്ക് നടന്ന തെതിരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് ശേഷം അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ കൊല്‍ക്കത്തയിലുള്ള മദര്‍ തെരേസ സ്ഥാപിച്ച ‘മിഷനറീസ് ഓഫ് ചാരിറ്റി’ യുടെ ആസ്ഥാനത്തില്‍ എത്തിയിരുന്നു. ഇതൊരു രാഷ്ട്രീയ സന്ദര്‍ശനം ആയിരുന്നില്ല, ആയിരുന്നെങ്കില്‍ ബംഗാളിന്റെ പുതിയ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായും ചര്‍ച്ച നടന്നേനെ. എഫ്.സി.ആര്‍.എ 2.0 ആണ് മാര്‍ക്കോ റൂബിയോയെ ‘മിഷനറീസ് ഓഫ് ചാരിറ്റിയില്‍’ എത്തിച്ചത് എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
എഫ്.സി.ആര്‍.എ 2.0-യുമായി ബന്ധപ്പെട്ട് പ്രധാനമായ ഈ സമയത്ത് ബിജെപി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ എന്തായാലും പാറ്റകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പാറ്റകളുടെ നേതാവ് അഭിജിത് ദീപ്‌കേ വന്നതും അമേരിക്കയില്‍ നിന്നാണ് എന്നതും സംശയം ജനിപ്പിക്കുന്നു. ഇത്രയും ദിവസങ്ങള്‍ ഈ സമരം സംഘടിപ്പിക്കാന്‍ ചിലവാക്കിയ പണം, വിദേശ രാജ്യങ്ങളില്‍ നിന്ന് ആരൊക്കെയോ ഓര്‍ഡര്‍ ചെയ്ത് സമരവേദിയിലേക്ക് എത്തിക്കുന്ന വിലകൂടിയ ഭക്ഷണപ്പൊതികള്‍ ഇതെല്ലം സംശയം ജനിപ്പിക്കുന്നു.
ഇതു കൂടാതെ, മണിപ്പൂരുമായി ബന്ധപ്പെട്ട് മലയാള മാധ്യമങ്ങള്‍ കണ്ണടച്ച ഒരു വാര്‍ത്ത കൂടി സൂചിപ്പിക്കട്ടെ. മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള പ്രാദേശിക സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട സായുധ വിമത ഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കാനും യൂറോപ്യന്‍ ഡ്രോണുകള്‍ കടത്താനും ഗൂഢാലോചന നടത്തിയതിന്, 2026 മാര്‍ച്ച് 13-ന് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (NIA-)- ഏഴ് വിദേശ പൗരന്മാരെആറ് ഉക്രേനിയക്കാരെയും ഒരു യു.എസ്. പൗരനെയും അറസ്റ്റ് ചെയ്തിരുന്നു. രണ്ടു ഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ വര്‍ഗീയ സംഘര്‍ഷം ആക്കി ചിത്രീകരിച്ചു മുതലെടുക്കാന്‍ ക്രൈസ്തവ സഭകളും സംഘടനകളും ശ്രമിച്ചിരുന്നു. ആ സംഘര്‍ഷത്തിന് പിന്നിലെ ബാഹ്യശക്തികളുടെ ഇടപെടലിനെ പറ്റി ഇവര്‍ ഒന്നും പറഞ്ഞതും ഇല്ല. രാജ്യത്തെ അശാന്തമാക്കാനായി പ്രവര്‍ത്തിക്കുന്ന ഈ ശക്തികള്‍ക്ക് ദല്‍ഹിയില്‍ നടക്കുന്ന സമരകോലാഹലങ്ങളിലും പങ്കുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നതുപോലെ തന്നെ ഈ ഇടയ്ക്ക് കര്‍ണാടകത്തിലും പഞ്ചാബിലും ചോദ്യപേപ്പര്‍ ചോര്‍ന്നിരുന്നു. അവിടുത്തെ വിദ്യാഭ്യാസ മന്ത്രി രാജിവെയ്ക്കണമോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉരുണ്ടുകളിക്കുകയായിരുന്നു സിജെപി നേതാക്കന്മാര്‍. ഈ സമരം ബിജെപിക്ക് എതിരെ മാത്രം ആയിരുന്നു എന്ന് ഇതിലൂടെ നമുക്ക് മനസ്സിലാകും. ദല്‍ഹിപോലെ ഉള്ള ഒരു സ്ഥലത്ത് പ്രത്യേക രാഷ്ട്രീയ മേല്‍വിലാസം ഒന്നും ഇല്ലാത്ത ചിലര്‍ വന്ന് ഇതുപോലെ സമരം നടത്തി വിജയിക്കുക എന്നത് പ്രായോഗികമല്ല. അവിടെ നിന്ന് തന്നെ ഈ സമരത്തെ ക്രോഡീകരിക്കാന്‍ ഒരു സംവിധാനം ഉണ്ടായിരുന്നു എന്നത് തീര്‍ച്ചയാണ്.

ടൂള്‍കിറ്റ് @ കേരളം
സമരം നടന്നത് ദല്‍ഹിയില്‍ ആണെങ്കിലും ആവേശം കേരളത്തില്‍ ആണെന്ന് തോന്നിപ്പോകും, സിനിമ നടീനടന്മാരുടെയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുന്‍സര്‍മാരുടെയും ഇടപെടല്‍ കണ്ടാല്‍. പലരും ഈ അവസരം തങ്ങളുടെ പേജുകളുടെ റീച്ച് കൂട്ടാനായി ഉപയോഗിച്ചു. പ്രതികരണം കണ്ട് ആവേശത്തോടെ ബിജെപി വിരുദ്ധര്‍ ലൈക്കും അടിച്ചു. പക്ഷെ ഈ സെലിബ്രിറ്റികള്‍ കാണാതെ പോയ ഒരു സമരം തിരുവനന്തപുരത്ത് നടന്നിരുന്നു. ലോവര്‍ പ്രൈമറി (LP)സ്‌കൂള്‍ അധ്യാപക നിയമനത്തിനായുള്ള റാങ്ക് പട്ടികയുടെ കാലാവധി തീരുന്നതിന് മുന്‍പ് അടിയന്തരമായി നിയമനം ആവശ്യപ്പെട്ട്, തിരുവനന്തപുരത്തെ സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ റാങ്ക് പട്ടികയിലുള്ളവര്‍ മണ്ണ് വാരിത്തിന്നുകൊണ്ട് സമരം നടത്തിയിരുന്നു. ഇതിനെ പറ്റി ഒരു നടനോ നടിയോ സോഷ്യല്‍ മീഡിയയില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതായി കണ്ടില്ല. കാരണം ഇടതുപക്ഷത്തിനോ – യുഡിഎഫിനോ എതിരെ സംസാരിച്ചാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള വലിയ നഷ്ടങ്ങളെ പറ്റി അവര്‍ ബോധവാന്മാരാണ്. സ്വജനപക്ഷപാത നിയമനങ്ങള്‍, ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, പരീക്ഷ തോറ്റ വിദ്യാര്‍ത്ഥിനേതാവിനു ഉപരിപഠനത്തിന് സീറ്റ് കൊടുക്കുക, ക്യാമ്പസുകളില്‍ മറ്റ് വിദ്യാര്‍ത്ഥി സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുക, എതിര്‍ക്കുന്നവരെ ആക്രമിക്കുക – ഒരു ജനാധിപത്യ സംവിധാനത്തില്‍ ഉണ്ടാവാന്‍ പാടില്ലാത്തതെല്ലാം കേരളത്തില്‍ നടക്കുന്നുണ്ട്. പക്ഷെ, ഇവിടെ പ്രതികരണങ്ങള്‍ ഇല്ല. വലിയ രാഷ്ട്രീയ ധാരണകള്‍ ഒന്നും ഇല്ലെങ്കിലും, രാഷ്ട്രീയ ബോധ്യമുള്ളവരാണ് തങ്ങള്‍ എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു തലമുറയുടെ പിന്തുണ ലഭിക്കാന്‍ ഈ ‘സെലക്ടീവ് ഔട്ട്‌റേജുകള്‍ക്ക്’ സാധിക്കുന്നുണ്ട് എന്നത് ഈ കേരള സമൂഹത്തിന്റെ അപചയം തന്നെയാണ്. കേരളത്തില്‍ നടക്കുന്ന ഒന്നിനോടും പ്രതികരിക്കാതെ, ഉത്തരേന്ത്യയിലേക്ക് എത്ര നാള്‍ ഇങ്ങനെ നോക്കിയിരിക്കും എന്നതും ഒരു ചോദ്യമാണ്.
കേന്ദ്രസര്‍ക്കാരിന്റെ പാളിച്ചകള്‍
ധര്‍മേന്ദ്ര പ്രധാന്റെ രാജി കേന്ദ്ര സര്‍ക്കാരിനെ ക്ഷീണിപ്പിച്ചിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. ഇതുപോലെ രാജിവെയ്ക്കാനായിരുന്നു തീരുമാനം എങ്കില്‍ തുടക്കത്തില്‍ തന്നെ അദ്ദേഹത്തിന് രാജിവെച്ചൊഴിയാമായിരുന്നു. രാഷ്ട്രീയമായി നോക്കിയാല്‍ കേന്ദ്രസര്‍ക്കാരിനെ ദുര്‍ബലമാക്കാനുള്ള ഒരു വഴികൂടി സിജെപി മറ്റുള്ളവര്‍ക്ക് മുന്‍പില്‍ തുറന്നുകൊടുത്തിരിക്കുന്നു. ദല്‍ഹിയില്‍ കുറച്ചാള്‍ക്കാരെ സംഘടിപ്പിക്കുക, കുറച്ചുദിവസം അവിടെ കഴിയുക, ആക്രമണം നടത്തുക, അപ്പോള്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കും, പിന്നീട് സംഘബലം പറഞ്ഞു സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കുക. ഒരുമാതിരിപ്പെട്ട ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കും. കൂടെ എടുത്ത കേസുകള്‍ എല്ലാം പിന്‍വലിക്കാനും ധാരണ ഉണ്ടാക്കുക! ദല്‍ഹിയിലെ തെരുവുകളില്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കുക എന്നത് തെറ്റായ സന്ദേശമാണ് രാജ്യത്തിന് നല്‍കുന്നത്. ഇത് ഇനി വരാന്‍ ഇരിക്കുന്ന പ്രക്ഷോഭങ്ങളെയും സാരമായി ബാധിക്കും. സമാധാനം അല്ല, ആക്രമണം നടത്തിയാല്‍ മാത്രമേ സര്‍ക്കാര്‍ തങ്ങളെ കേള്‍ക്കൂ എന്ന മാനസികാവസ്ഥയിലേക്ക് പലരും കടക്കാനുള്ള സാധ്യത ഇവിടെ ഉണ്ട്.
എഫ്‌സിആര്‍എ 2.0 പാര്‍ലമെന്റില്‍ പാസ്സാക്കിയതിനു ശേഷം ക്രിസ്ത്യന്‍ മിഷനറികള്‍ ഇങ്ങനെ വന്ന് സമരം ചെയ്താലും കേന്ദ്രം ഇങ്ങനെ പെരുമാറുമോ? ഇനി ഏക സിവില്‍ കോഡിന് ശേഷവും ഇതുപോലെയുള്ള പ്രക്ഷോഭങ്ങള്‍ വന്നാല്‍? ദല്‍ഹിപോലുള്ള ഒരു സ്ഥലത്തെ ഏറ്റവും പ്രധാനകേന്ദ്രത്തില്‍ ഇതുപോലെ അതിക്രമങ്ങള്‍ നടത്തുന്നവരെ തടയാനുള്ള സംവിധാനം ഈ രാജ്യത്തില്ലെ? എന്തായാലും രാഷ്ട്രീയമായി നിരവധി ചോദ്യങ്ങള്‍ ബിജെപി നേരിടേണ്ടിവരും.
അധികാരം എന്നത് എല്ലാക്കാലവും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ കൈകളില്‍ ഭദ്രമായി ഇരിക്കാന്‍ സാധ്യതയുള്ള ഒന്നല്ല. 1970-കളില്‍ ആരെങ്കിലും കരുതിക്കാണുമോ ഇന്ദിരാഗാന്ധി പരാജയപ്പെടുമെന്ന്? പക്ഷെ കാലത്തിന്റെ നീതി എന്നത് പോലെ അടിയന്തരാവസ്ഥയ്ക്ക് ശേഷം അവര്‍ക്ക് തന്നെ സീറ്റ് നഷ്ടപ്പെടുകയുണ്ടായി. ശക്തമായ ഒരു സര്‍ക്കാരിനെയാണ് മോദിക്ക് വോട്ട് ചെയ്തവര്‍ ആഗ്രഹിക്കുന്നത്. ആ സര്‍ക്കാര്‍ ഒരു ബാഹ്യശക്തിക്കുമുന്നില്‍ കീഴടങ്ങി എന്ന തോന്നലിന് വലിയ രാഷ്ട്രീയ തിരിച്ചടിയിലേക്ക് വരെ കൊണ്ടുപോകാന്‍ കഴിയും. ഇനിയും ഇതേ മാതൃകയിലുള്ള സമരങ്ങള്‍ ദല്‍ഹിയില്‍ ഉണ്ടാകും എന്ന് തീര്‍ച്ചയാണ്. അപ്പോഴൊക്കെ സമരം ചെയ്യുന്നവര്‍ ഇങ്ങനെ സംഘര്‍ഷം സൃഷ്ടിച്ചാല്‍ സര്‍ക്കാരിന് തിരിച്ചടിയാകും. ഇപ്പോള്‍ ഇവര്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു, നാളെ മോദി രാജിവെയ്ക്കണം എന്ന് പറഞ്ഞു ഇതേ മോഡല്‍ സമരം തുടങ്ങിയാല്‍? ദല്‍ഹിയില്‍ ഇനിയുള്ള മാസങ്ങളില്‍ എന്തൊക്കെ ആവും സംഭവിക്കുക എന്ന് നമ്മള്‍ കാത്തിരുന്നു കാണണം.
ദല്‍ഹിയിലെ പാറ്റ സമരം നമുക്ക് വലിയ ഒരു മുന്നറിയിപ്പാണ് നല്‍കുന്നത്. ബാഹ്യശക്തികള്‍ക്ക് ഇന്ത്യയുടെ തലസ്ഥാനത്തുവരെ ഇതുപോലെയുള്ള സുരക്ഷാപ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നു എങ്കില്‍ അവരുടെ അധീനതയിലുള്ള ‘ഇക്കോസിസ്റ്റം’ അത്രത്തോളം ശക്തമാണ്. ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന പേരില്‍ ഇന്ത്യാവിരുദ്ധത പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. വിദേശ ഫണ്ട് സ്വീകരിക്കുന്നതിലും മറ്റും കൃത്രിമത്വം കാണിക്കുന്ന സംഘടനകള്‍, അതേതുമാകട്ടെ ശക്തമായ നിയമങ്ങള്‍ അതിനെതിരെ പ്രവര്‍ത്തിക്കണം. അരാജകത്വം പിടിപെട്ട തലമുറ രാജ്യത്തെ തകര്‍ച്ചയിലേക്ക് ആവും നയിക്കുക.
വാല്‍ക്കഷ്ണം: സിജെപി മോഡലില്‍’ E-20 ജനതാ പാര്‍ട്ടി’ എന്ന പേജ് ഇതിനോടകം തുറന്നതായി അറിയുന്നു. അടുത്ത ലക്ഷ്യം ആരെന്ന് സുവ്യക്തം ! തെരുവിലെ ആള്‍ക്കൂട്ടത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് ഇനി രാജികള്‍ ഉണ്ടാകില്ല എന്ന് അനുമാനിക്കാം.രണ്ടാം യുപിഎ സര്‍ക്കാരിന്റെ പതനത്തിന് കാരണം സര്‍ക്കാര്‍ ദുര്‍ബലമാണെന്ന തോന്നല്‍ ആയിരുന്നു, ജനങ്ങള്‍ ആഗ്രഹിക്കുന്നത് ശക്തമായ ഒരു സര്‍ക്കാരിനെയാണ്. അരക്ഷിതമായ ആള്‍ക്കൂട്ടങ്ങള്‍ പലപേരുകളില്‍ ഇനിയും ജന്തര്‍ മന്ദറില്‍ കൂടാന്‍ സാധ്യതയുണ്ട്. ഇവരെ പിന്തുണയ്ക്കാന്‍ എഴുത്തുകാരും, സാംസ്‌കാരിക പ്രവര്‍ത്തകരും, രാഷ്ട്രീയ ബുദ്ധിജീവികളും, സിനിമാക്കാരും ഒക്കെ എത്തിയെന്നും വരാം. ഇവരുടെ ലക്ഷം സാമൂഹ്യ പരിവര്‍ത്തനമല്ല, സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുക എന്നതാണ്. ‘സുരക്ഷിതമായ ഒരു തലസ്ഥാനമില്ലാതെ, രാജ്യത്തിന് ഫലപ്രദമായി ഭരണം നടത്താനോ സ്വയം പ്രതിരോധിക്കാനോ കഴിയില്ല’, അര്‍ത്ഥശാസ്ത്രം പറയുന്നു. ഇന്ത്യവിരുദ്ധ ശക്തികളുടെ പ്രഥമലക്ഷ്യം ദല്‍ഹി ആകുന്നത് എന്തുകൊണ്ടെന്ന് ഇനി കൂടുതല്‍ പറയേണ്ടതില്ലല്ലോ !






















