സമാനതകളില്ലാത്ത ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലൂടെയാണ് ലോകമിന്ന് കടന്നുപോകുന്നത്. യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും യുദ്ധങ്ങള്‍, അമേരിക്ക-ചൈന മത്സരത്തിന്റെ രൂക്ഷ ഫലങ്ങള്‍, ആഗോള വിതരണ ശൃംഖലകളിലെ തടസ്സങ്ങള്‍, ഊര്‍ജസുരക്ഷ നേരിടുന്ന വെല്ലുവിളികള്‍, സാങ്കേതികവിദ്യ മേധാവിത്തത്തിനായുള്ള മത്സരങ്ങള്‍ എന്നിവ അന്താരാഷ്ട്ര ബന്ധങ്ങളെ കൂടുതല്‍ സങ്കീര്‍ണവും അനിശ്ചിതവുമാക്കിയിരിക്കുകയാണ്. ഈ ആഗോള അരക്ഷിതാവസ്ഥയ്ക്കിടയിലും രാഷ്ട്രീയ-സാമ്പത്തിക സ്ഥിരത നിലനിര്‍ത്തിക്കൊണ്ട് ഭാരതം ആഗോളതലത്തില്‍ അതിന്റെ സ്വാധീനവും പങ്കും ക്രമാനുഗതമായി വര്‍ദ്ധിപ്പിക്കുകയാണ്.
ലോകത്തെ പരസ്പരം മത്സരിക്കുന്ന ശാക്തിക ചേരികളില്‍ ഏതെങ്കിലുമൊന്നില്‍ പ്രത്യയശാസ്ത്ര പ്രതിബദ്ധതയുടെ പേരില്‍ ചേരുന്നതോ ലോകത്തിന്റെ കൈയടി നേടുവാന്‍ അവരോടൊപ്പം ചേരിചേരാതിരിക്കുന്നതിലോ ഒതുങ്ങുന്നതല്ല ഇന്നത്തെ ഭാരത വിദേശനയം. എല്ലാ ചേരികളോടും തുല്യവും നിരന്തരമായ നയതന്ത്ര ഇടപെടലുകള്‍, സാമ്പത്തിക-വ്യാപാര, ഊര്‍ജ്ജ പങ്കാളിത്തം, സാങ്കേതിക സഹകരണം, തന്ത്രപരമായ സ്വയംഭരണം (Strategic Autonomy) എന്നിവയിലൂടെ പ്രാദേശികവും ആഗോളവുമായ ഫലങ്ങള്‍ രൂപപ്പെടുത്തുന്ന പുതിയൊരു ഭാരതത്തിനാണ് ന്യൂ ദല്‍ഹി രൂപം നല്‍കിയിരിക്കുന്നത്. ആഗോള ഭൗമരാഷ്ട്രീയ ചര്‍ച്ചകളില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന ഭാരതത്തെ അതിന്റെ കേന്ദ്രസ്ഥാനത്തേക്ക് പടിപടിയായി എത്തിക്കുന്നതായിരുന്നു കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ സേവാ തീര്‍ത്ഥില്‍ രൂപപ്പെടുത്തിയ ഭാരത വിദേശനയം.
2026-ല്‍ ഇതുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യാത്രകള്‍ തന്നെ ഭാരത വിദേശനയ വീക്ഷണത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് പ്രതിഫലിപ്പിക്കുന്നതാണ്. കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ തെക്കുകിഴക്കന്‍ ഏഷ്യ, പശ്ചിമേഷ്യ, യൂറോപ്പ്, ഇന്ത്യന്‍ മഹാസമുദ്രം, ഇന്‍ഡോ-പസഫിക് മേഖലകളിലായി പതിമൂന്നോളം രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്. അതേസമയം, യൂറോപ്പ്, വടക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള രാഷ്ട്രപതിമാര്‍, പ്രധാനമന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ ഭാരതത്തിലേക്കുമെത്തി. ഈ നയതന്ത്ര യാത്രകള്‍ കേവലം ഔദ്യോഗിക ചടങ്ങുകളോ പ്രതീകാത്മകമോ ആയിരുന്നില്ല. ഓരോ സന്ദര്‍ശനങ്ങളിലും തന്ത്രപരമായ ലക്ഷ്യങ്ങളടങ്ങിയിരുന്നു. നിര്‍ണായക ധാതുക്കളും (Critical Minerals) സെമികണ്ടക്ടര്‍ നിര്‍മ്മാണങ്ങളും അതിന്റെ മുഖ്യ അജണ്ടകളായിരുന്നു. വിതരണ ശൃംഖലകള്‍ സുരക്ഷിതമാക്കല്‍, പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തല്‍, വ്യാപാര കരാറുകള്‍ക്ക് രൂപം കൊടുക്കല്‍, സമുദ്ര സഹകരണം വ്യാപിപ്പിക്കല്‍ തുടങ്ങി അസ്ഥിരമായിക്കൊണ്ടിരിക്കുന്ന ആഗോള വ്യവസ്ഥയില്‍ നിന്ന് ഭാരതത്തെ സംരക്ഷിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടിയുള്ള യാത്രകളായിരുന്നു അവ.
ശീതയുദ്ധകാലത്ത് ആഗോള രാഷ്ട്രീയം രണ്ട് ചേരികളിലായിരുന്നു. എന്നാല്‍ ഇന്നത്തെ ആഗോള ഭൗമരാഷ്ട്രീയ രംഗം ബഹുമുഖമായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. സാങ്കേതികവും തന്ത്രപരവുമായ ആധിപത്യത്തിനായി മത്സരിക്കുന്ന അമേരിക്കയും ചൈനയും ഒരു വശത്തും കൂടുതല്‍ തന്ത്രപരമായ സ്വയംഭരണത്തിനായി ശ്രമിക്കുന്ന യൂറോപ്പും ആഗോള ഊര്‍ജ്ജ – പ്രതിരോധ വിപണികളില്‍ ഇപ്പോഴും കേന്ദ്ര സ്ഥാനത്തുള്ള റഷ്യയും മറ്റൊരു വശത്തും നിലകൊള്ളുന്നു. ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിന്‍ അമേരിക്കയിലെയും വിവിധ രാജ്യങ്ങള്‍ ഇന്ന് ഉയര്‍ന്നു വരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ നിന്നും വിഭിന്നമായി ഭൗമരാഷ്ട്രീയ മത്സരത്തിന്റെ പ്രധാന വേദി പാശ്ചാത്യ മണ്ണില്‍ നിന്നും ഇന്‍ഡോ-പസഫിലേക്ക് മാറി. ഇങ്ങനെ വ്യത്യസ്ത താല്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടൊരു ലോക ക്രമത്തില്‍ നിന്നും മാറി സഞ്ചരിക്കുകയോ അതോടൊപ്പം തന്നെ ഏതെങ്കിലും സൈനിക കൂട്ടായ്മയുടെ ഭാഗമായി ചേരുകയോ അല്ല ഇന്നത്തെ ഭാരതം.

ഭാരത വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ തന്റെ The India Way: Strategies for an Uncertain World (ഇന്ത്യയുടെ വഴി: അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ലോകത്തിനായുള്ള തന്ത്രങ്ങള്‍) എന്ന പുസ്തകത്തില്‍ ഇത് വ്യക്തമായി വിശദീകരിക്കുന്നു. അമേരിക്കയുമായി തന്ത്രപരമായ പങ്കാളിത്തം, സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട ചൈന, ആഴത്തിലുള്ള യൂറോപ്യന്‍ സഹകരണം, റഷ്യയുമായുള്ള തുടരേണ്ട വിശ്വാസബന്ധം, ജപ്പാനുമായുള്ള തന്ത്രപരമായ ബന്ധം, അയല്‍രാജ്യങ്ങളുമായുള്ള കൂടുതല്‍ അടുപ്പം, പരമ്പരാഗത സൗഹൃദ വലയങ്ങളെ കൂടുതല്‍ വളര്‍ത്തുക എന്നിവയാണ് ഭാരത വിദേശനയത്തിന്റെ പ്രധാന ലക്ഷ്യങ്ങളായി അദ്ദേഹം വിശദീകരിക്കുന്നത്. ഇന്നത്തെ അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ലോകത്തില്‍ ഭാരതത്തിന്റെ ‘ബഹുപക്ഷ സഹകരണ’ (Multi-alignment)- മെന്ന സമീപനത്തിന് ബൗദ്ധിക അടിത്തറ പാകുന്നതും ഈ ആശയങ്ങളാണ്. ചുരുക്കത്തില്‍ ‘പലവിധ ആശ്രിതത്വങ്ങള്‍ ഇല്ലാത്ത ബഹുവിധ പങ്കാളിത്തങ്ങള്‍’ (Multiple partnerships without multiple dependencies) എന്ന സമീപനമാണ് ഭാരതം പിന്തുടരുന്നത്.
ഈ സമീപനം പ്രധാനമന്ത്രി മോദിയുടെ പ്രധാന വിദേശനയ തത്വങ്ങളായ ഇന്ത്യ ഫസ്റ്റ (India First), തന്ത്രപരമായ സ്വയംഭരണം (Strategic Autonomy), ബഹുപക്ഷസഖ്യം (Multi-alignment), അയല്‍പക്കംആദ്യം (Neighbourhood First), സാഗര്‍ (SAGAR – Security and Growth for All in the Region), ആക്റ്റ് ഈസ്റ്റ് (Act East), തിങ്ക് വെസ്റ്റ് (Think West), കൂടാതെ’വസുധൈവ കുടുംബകം’ എന്ന സനാതന ലോക വീക്ഷണത്തെയും പ്രതിഫലിപ്പിക്കുന്നതാണ്. സ്വന്തവും സ്വതന്ത്രവുമായ തീരുമാനങ്ങള്‍ എടുക്കാനുള്ള ശേഷിയില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ അമേരിക്ക, റഷ്യ, യൂറോപ്പ്, ജപ്പാന്‍, ഇസ്രായേല്‍, ഗള്‍ഫ് രാജ്യങ്ങള്‍, ഗ്ലോബല്‍ സൗത്ത് (Global South) എന്നിവരുമായി ഒരേസമയം ബന്ധം ആഴത്തിലാക്കാന്‍ ഈ തത്വങ്ങള്‍ ഭാരതത്തെ പ്രാപ്തമാക്കി.
ഈ സമീപനത്തിന്റെ പ്രാധാന്യം ഈ വര്‍ഷം ആദ്യമുണ്ടായ ഹോര്‍മുസ് കടലിടുക്ക് പ്രതിസന്ധിയില്‍ (Strait of Hormuz Crisis) നിന്നും പ്രത്യേകം വ്യക്തമായി. ഊര്‍ജ്ജ വിഭവങ്ങള്‍ ഇറക്കുമതി ചെയ്യുന്ന പല രാജ്യങ്ങളും, വിതരണ തടസ്സങ്ങളും കുതിച്ചുയരുന്ന ഇന്ധന വിലയും കാരണം പ്രതിസന്ധിയിലായപ്പോള്‍ പശ്ചിമേഷ്യയിലെ നയതന്ത്ര ഇടപെടല്‍, വൈവിധ്യവത്കരിച്ച അസംസ്‌കൃത എണ്ണ ഇറക്കുമതി, വന്‍ എണ്ണ ശുദ്ധീകരണ ശാലകളുടെ സാന്നിധ്യം എന്നിവ പ്രയോജനപ്പെടുത്തി ആഭ്യന്തര ഊര്‍ജ്ജ പ്രതിസന്ധി ഒഴിവാക്കാന്‍ ഭാരതത്തിന് സാധിച്ചു. ജനങ്ങളെ നേരിട്ട് ബാധിക്കാത്ത തരത്തില്‍ ഒരു പ്രതിസന്ധിയെ കൈകാര്യം ചെയ്തുവെന്നതാണ് ന്യൂദല്‍ഹിയുടെ വിജയം. ചുരുക്കത്തില്‍, കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലത്ത് രൂപപ്പെടുത്തിയ ഭാരത വിദേശനയം രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷാ കവചമായി മാറുകയായിരുന്നു.

വികസനവും സുരക്ഷയും കൂട്ടിയിണക്കുന്ന ആഗോള നയതന്ത്രം
ഈ വര്‍ഷം ജൂലായ് വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രി മോദിയുടെ വിദേശ യാത്ര കലണ്ടറിലേക്ക് കണ്ണോടിച്ചാല്‍ വികസിത ഭാരത ലക്ഷ്യത്തിലേക്കായുള്ള നയതന്ത്ര സമീപനം എത്രത്തോളം വിശാലവും തന്ത്രപരവുമാണെന്ന് വ്യക്തമാവും. ഫെബ്രുവരിയിലെ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന സന്ദര്‍ശനം മലേഷ്യയിലേക്കായിരുന്നു. അവിടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഡിജിറ്റല്‍ കണക്റ്റിവിറ്റി, പ്രതിരോധ സഹകരണം, സെമികണ്ടക്ടര്‍ നിര്‍മ്മാണം, പാം ഓയില്‍ വ്യാപാരം, എന്നിവയിലായിരുന്നു ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചത്. ആഗോള ഉത്പാദന വിതരണ ശൃംഖല പുനഃക്രമീകരിക്കുന്ന ഇക്കാലഘട്ടത്തില്‍ തെക്കുകിഴക്കന്‍ ഏഷ്യ ഒരു നിര്‍മ്മാണ കേന്ദ്രമായി ഉയര്‍ന്നുവരുമ്പോള്‍ മലേഷ്യ ഭാരതത്തിന്റെ ‘ആക്റ്റ് ഈസ്റ്റ്’ നയത്തില്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്ന രാജ്യമായി മാറുന്നുവെന്നതിന്റെ വിളംബരമായിരുന്നു ആ യാത്ര.
മലേഷ്യയില്‍ നിന്നെത്തിയ മോദി ആ മാസം അവസാനം തന്നെ ഇസ്രായേലിലേക്ക് പോയി. അവിടെ പ്രതിരോധ സാങ്കേതികവിദ്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സുരക്ഷ, കൃത്യത കൃഷി (Precision Agriculture), ജലമാനേജ്‌മെന്റ് എന്നിവയ്ക്ക് ഉഭയകക്ഷി ചര്‍ച്ചകളില്‍ പ്രാധാന്യം നല്‍കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വെറും പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്നതിനപ്പുറം സംയുക്ത ഗവേഷണം, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ (Emerging Technologies) എന്നിവയിലേക്ക് വ്യാപിപ്പിക്കുവാനായി എന്നതായിരുന്നു നേട്ടം.
മെയ് 15 ന് ആരംഭിച്ച അഞ്ച് രാഷ്ട്രങ്ങളിലേക്കുള്ള പര്യടനം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) നിന്നുമാണ് അദ്ദേഹം തുടങ്ങിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (CEPA) നടപ്പാക്കല്‍, ഊര്‍ജ്ജ സുരക്ഷ, നിക്ഷേപങ്ങള്‍, ലോജിസ്റ്റിക്‌സ്, ഡിജിറ്റല്‍ പേയ്‌മെന്റുകള്‍, ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോര്‍ (IMEC) എന്നിവയെക്കുറിച്ചായിരുന്നു ചര്‍ച്ചകള്‍. യുഎഇ കേവലം ഒരു ഊര്‍ജ്ജ വിഭവ ദാതാവ് മാത്രമല്ല മറിച്ച് ഭാരതത്തിന്റെ ഏറ്റവും വലിയ നിക്ഷേപകനും തന്ത്രപ്രധാനിയായ സാമ്പത്തിക പങ്കാളിയുമാണെന്ന കാഴ്ചപ്പാടിന് അടിവരയിടുന്നതായിരുന്നു ആ യാത്ര.
ഇതിനൊപ്പം തന്നെ ആസൂത്രണം ചെയ്ത അദ്ദേഹത്തിന്റെ യൂറോപ്യന്‍ പര്യടനം ഭൂഖണ്ഡത്തിലെ പ്രമുഖ സമ്പദ്‌വ്യവസ്ഥകളുമായി ബന്ധം ശക്തമാക്കാനുള്ള ഭാരതത്തിന്റെ താല്പര്യം കൂടുതല്‍ പ്രകടമാക്കി. നെതര്‍ലാന്‍ഡ്, നോര്‍വേ, സ്വീഡന്‍, ഇറ്റലി എന്നീ രാജ്യങ്ങളായിരുന്നു ലക്ഷ്യ സ്ഥാനങ്ങള്‍. നെതര്‍ലാന്‍ഡ്‌സിലെത്തിയ അദ്ദേഹം സെമികണ്ടക്ടറുകള്‍, ശുദ്ധമായ സാങ്കേതികവിദ്യകള്‍, ജലമാനേജ്‌മെന്റ്, അത്യാധുനിക നിര്‍മ്മാണം എന്നിവയിലുള്ള സഹകരണത്തിന് ഊന്നല്‍ നല്‍കി. തടസ്സങ്ങളില്ലാത്ത വിശ്വസനീയമായ ആഗോള സാങ്കേതിക വിതരണ ശൃംഖലകളില്‍ ഇടം നേടുകയെന്ന ഭാരതത്തിന്റെ ലക്ഷ്യത്തെ ഈ സന്ദര്‍ശനം ശക്തിപ്പെടുത്തി. സ്വീഡനില്‍ ഇന്നോേവഷന്‍, പ്രതിരോധ നിര്‍മ്മാണം, സുസ്ഥിര സാങ്കേതികവിദ്യകള്‍, ഹരിത വ്യവസായ പങ്കാളിത്തം എന്നിവയിലായിരുന്നു ചര്‍ച്ചകള്‍. അത്യാധുനിക നിര്‍മ്മാണത്തിലും ശുദ്ധമായ സാങ്കേതികവിദ്യയിലുമുള്ള സ്വീഡിഷ് വൈദഗ്ദ്ധ്യം ഒരു ആഗോള നിര്‍മ്മാണ കേന്ദ്രമാകാനുള്ള ഭാരതത്തിന്റെ അഭിലാഷവുമായി ഏറെ പൊരുത്തപ്പെടുന്നതാണ്.
അടുത്ത രാജ്യം നോര്‍വേയായിരുന്നു. സമുദ്ര സഹകരണം, ഊര്‍ജ്ജം, ആര്‍ട്ടിക് ഗവേഷണം, ബ്ലൂ ഇക്കോണമി (Blue Eco nomy) എന്നീ മേഖലകള്‍ നോ ര്‍വേയ്ക്ക് ആഗോള രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യം നല്‍കുന്നു. ഹരിത ഷിപ്പിംഗ്, കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം, സുസ്ഥിര സമുദ്ര ഭരണം എന്നിവയിലെ പങ്കാളിത്തം ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു. ഇറ്റലി സന്ദര്‍ശനം മറ്റൊരു തന്ത്രപരമായ തിരഞ്ഞെടുക്കലായിരുന്നു. വ്യാപാരം, പ്രതിരോധ ഉത്പാദനം, വൈമാനിക രംഗം, കപ്പല്‍ നിര്‍മ്മാണം, ശുദ്ധമായ ഊര്‍ജ്ജം, വ്യവസായ സാങ്കേതികവിദ്യകള്‍ എന്നിവയിലെ സഹകരണത്തിനാണ് സന്ദര്‍ശനത്തില്‍ ഊന്നല്‍ നല്‍കിയത്. ഭാരതത്തിന്റെ വളരുന്ന പ്രതിരോധ-വ്യവസായത്തില്‍ ഇറ്റലി ഒരു പ്രധാന പങ്കാളിയായി ഇക്കാലയളവില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
ജൂണിലെ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ എയ്‌റോസ്‌പേസ് സാങ്കേതികവിദ്യകള്‍, ആണവോര്‍ജ്ജം, ബഹിരാകാശ സഹകരണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയുള്‍പ്പെടെയുള്ള പ്രതിരോധ സഹകരണത്തിനായിരുന്നു പ്രധാന്യം. തുടര്‍ന്ന് നടന്ന സ്ലൊവാക്യ സന്ദര്‍ശനം, മധ്യയൂറോപ്പിലേക്കുള്ള ഭാരതത്തിന്റെ നയതന്ത്ര വ്യാപനത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. പ്രത്യേകിച്ച് പ്രതിരോധ നിര്‍മ്മാണം, ഓട്ടോമോട്ടീവ് വ്യവസായങ്ങള്‍, ഇന്നോവേഷന്‍, വിതരണ ശൃംഖലകളുടെ വൈവിധ്യവത്കരണം എന്നിവയില്‍ അത് ശ്രദ്ധയൂന്നി. ജൂണ്‍ മാസം അവസാനം ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാജ്യമായ സീഷെല്‍സില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. തീരദേശ നിരീക്ഷണം, പ്രതിരോധ സഹകരണം, പ്രാദേശിക സുരക്ഷ എന്നിവ പ്രധാന വിഷയങ്ങളായി ചര്‍ച്ച ചെയ്തു. ഭാരതത്തിന്റെ ‘സാഗര്‍’ (SAGAR) കാഴ്ചപ്പാടിനെയും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലുടനീളം സുരക്ഷ ഉറപ്പാക്കാനുള്ള കരുതലിനെയും ശക്തിപ്പെടുത്തുന്നതായിരുന്നു സന്ദര്‍ശനം.
അവസാനമായി ജൂലായ്‌യില്‍ നടന്ന അദ്ദേഹത്തിന്റെ ഇന്തോനേഷ്യ, ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡിലായുള്ള ഇന്‍ഡോ-പസഫിക് പര്യടനം പൂര്‍വ്വ ദേശത്തേയ്ക്കുള്ള ഭാരതത്തിന്റെ തന്ത്രപരമായ നീക്കത്തെ കൂടുതല്‍ അടിവരയിടുന്നതായിരുന്നു. ഇന്തോനേഷ്യയില്‍ സമുദ്ര-പ്രതിരോധ സഹകരണം, വിതരണ ശൃംഖലകള്‍ എന്നിവ ചര്‍ച്ച ചെയ്തു. തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്തോനേഷ്യ ഭാരതത്തിന്റെ ഇന്‍ഡോ-പസഫിക് നയത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. ഓസ്‌ട്രേലിയയില്‍ നിര്‍ണ്ണായക ധാതുക്കളായിരുന്നു അജണ്ടയിലെ പ്രധാന വിഷയം. ഭാരതത്തിന്റെ ഇലക്ട്രിക് വാഹന നിര്‍മ്മാണം, പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍, സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിനാവശ്യമായ ലിഥിയം, കൊബാള്‍ട്ട്, അപൂര്‍വ്വ മണ്‍മൂലകങ്ങള്‍ (Rare Earth Elements) എന്നിവയുടെ വന്‍ ശേഖരം കാന്‍ബെറയിലുണ്ട്. പ്രതിരോധ പങ്കാളിത്തം, വിദ്യാഭ്യാസ സഹകരണം, വിതരണ ശൃംഖലകളുടെ സുരക്ഷ എന്നിവയും പ്രധാനമായി ചര്‍ച്ച ചെയ്യപ്പെട്ടു.
അവസാന ലക്ഷ്യസ്ഥാനമായ ന്യൂസിലാന്‍ഡില്‍ നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു ഭാരത പ്രധാനമന്ത്രിയെത്തിയത്. കൃഷി, ഭക്ഷ്യസംസ്‌കരണം, ക്ഷീര മേഖല, വിദ്യാഭ്യാസം, ഡിജിറ്റല്‍ നവീകരണം, ഇന്‍ഡോ-പസഫിക് സഹകരണം എന്നിവയായിരുന്നു ഇടപെടലിന്റെ അടിസ്ഥാനം. ചൈനയടക്കമമുള്ള രാജ്യങ്ങള്‍ ഈ മേഖലയിലുടനീളം ഭൗമരാഷ്ട്രീയ മത്സരം വര്‍ദ്ധിപ്പിക്കുമ്പോള്‍ പസഫിക് ജനാധിപത്യ രാജ്യങ്ങളുമായി ബന്ധം ശക്തമാക്കുന്നതില്‍ ഭാരതത്തിന്റെ വര്‍ദ്ധിച്ചുവരുന്ന താല്‍പ്പര്യവും ഈ സന്ദര്‍ശനങ്ങളില്‍ പ്രതിഫലിച്ചു.
ഈ പതിമൂന്ന് സന്ദര്‍ശനങ്ങള്‍ ഒന്നിച്ച് ചേര്‍ത്തു വായിക്കുമ്പോള്‍ സ്ഥിരതയും തന്ത്രപരവുമായൊരു നയതന്ത്ര ക്രമമാണ് വെളിപ്പെടുന്നത്. കേവലം പ്രതീകാത്മകതയ്ക്ക് വേണ്ടി നയതന്ത്ര യാത്രകള്‍ നടത്തുന്നതിന് പകരം ഭാരതം അതിന്റെ വിദേശ ഇടപെടലുകളെ ദീര്‍ഘകാല ലക്ഷ്യങ്ങളായ നിര്‍ണായക സാങ്കേതികവിദ്യകള്‍, സുരക്ഷിതമായ വിതരണ ശൃംഖലകള്‍, ഊര്‍ജ്ജ സുരക്ഷ, പ്രതിരോധ നിര്‍മ്മാണം, സമുദ്ര സുരക്ഷ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വിശ്വസനീയമായ സാമ്പത്തിക പങ്കാളിത്തം എന്നിവയുമായി ആഴത്തില്‍ ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
ലോകം ന്യൂദല്‍ഹിയിലേക്കെത്തിയപ്പോള്‍
ഭാരതത്തിന്റെ വിദേശ നയതന്ത്ര വ്യാപനത്തിന് തുല്യ പ്രതികരണമെന്ന നിലയിലായിരുന്നു ലോകനേതാക്കള്‍ ന്യൂദല്‍ഹിയിലേക്ക് ഈ വര്‍ഷം ഒഴുകിയെത്തിയത്. ജനുവരിക്കും ജൂലായ്ക്കുമിടയില്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക്ക് മെര്‍സ്, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ആന്റോണിയോ കോസ്റ്റ, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, ഫിന്‍ലാന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്ബ്, ഓസ്ട്രിയന്‍ ചാന്‍സലര്‍ ക്രിസ്റ്റ്യന്‍ സ്റ്റോക്കര്‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെ-മ്യൂങ്, വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ജാപ്പനീസ് പ്രധാനമന്ത്രി സനെയ് തകൈച്ചി എന്നിവരെല്ലാം ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഭാരതത്തിലെത്തി.
ജര്‍മ്മനിയുമായി അത്യാധുനിക നിര്‍മ്മാണം, ഹരിത സാങ്കേതികവിദ്യകള്‍, വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കുടിയേറ്റം എന്നിവയിലായിരുന്നു പ്രധാന ചര്‍ച്ച. യുഎഇ നിക്ഷേപങ്ങളിലും ലോജിസ്റ്റിക്‌സിലും സിഇപിഎ (CEPA)- നടപ്പാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാറിലേക്കുള്ള ചര്‍ച്ചകള്‍ വേഗത്തിലാക്കുകയും ശുദ്ധമായ സാങ്കേതികവിദ്യകളിലും പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലകളിലും പരസ്പര സഹകരണം വ്യാപിപ്പിക്കുകയും ചെയ്തു.
കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കിടയിലും നേരെത്തെ അരങ്ങേറിയ അസ്വാരസ്യങ്ങള്‍ക്ക് ശേഷം ഉഭയകക്ഷി ബന്ധം പുനരുജ്ജീവിപ്പിക്കാനുള്ള സുപ്രധാന ശ്രമമായിരുന്നു. രാഷ്ട്രീയ വിശ്വാസം പുനഃസ്ഥാപിക്കുക, വ്യാപാരം ശക്തിപ്പെടുത്തുക, ഊര്‍ജ്ജ സഹകരണം വര്‍ദ്ധിപ്പിക്കുക, ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം പുനരുജ്ജീവിപ്പിക്കുക എന്നിവയ്ക്കാണ് ഇരുരാജ്യങ്ങളും മുന്‍ഗണന നല്‍കിയത്. ഫിന്‍ലാന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്ബിന്റെ സന്ദര്‍ശനം ഭാരതത്തിന്റെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ, ടെലികമ്മ്യൂണിക്കേഷന്‍ സുരക്ഷ, ശുദ്ധമായ സാങ്കേതികവിദ്യകള്‍ എന്നിവയിലുള്ള യൂറോപ്പിന്റെ വര്‍ദ്ധിച്ചുവരുന്ന താല്‍പ്പര്യത്തെ പ്രതിഫലിപ്പിച്ചു. ഓസ്ട്രിയന്‍ ചാന്‍സലര്‍ ക്രിസ്റ്റ്യന്‍ സ്റ്റോക്കര്‍ റെയില്‍വേ, ഗ്രീന്‍ ഹൈഡ്രജന്‍, വ്യവസായ നവീകരണം എന്നിവയിലെ സഹകരണ സാധ്യതകള്‍ ന്യൂദല്‍ഹിയുമായി ചര്‍ച്ച ചെയ്തു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെ-മ്യൂങ്ങിന്റെ സന്ദര്‍ശനം സെമികണ്ടക്ടറുകള്‍, ഇലക്ട്രോണിക്‌സ് നിര്‍മ്മാണം, കപ്പല്‍ നിര്‍മ്മാണം, ബാറ്ററികള്‍, പ്രതിരോധ ഉത്പാദനം എന്നിവയിലെ സഹകരണം ശക്തമാക്കി. വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ഭാരതത്തിന്റെ ‘ആക്റ്റ് ഈസ്റ്റ്’ നയത്തിന് കീഴില്‍ സമുദ്ര സഹകരണം, പ്രതിരോധം, കണക്റ്റിവിറ്റി എന്നിവയിലെ സഹകരണം വ്യാപിപ്പിച്ചു.
സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പുനരുപയോഗ ഊര്‍ജ്ജം, പ്രതിരോധ നിര്‍മ്മാണം, ഇന്‍ഫ്രാസ്ട്രക്ചര്‍, നഗരവികസനം എന്നിവയിലേക്കുള്ള സഹകരണത്തിന്റെ വാതിലുകള്‍ തുറന്നു.
ജാപ്പനീസ് പ്രധാനമന്ത്രി സനെയ് തകൈച്ചിയുടെ സന്ദര്‍ശനത്തിന് സവിശേഷമായ തന്ത്രപ്രാധാന്യമുണ്ടായിരുന്നു. ഭാരതവും ജപ്പാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സെമികണ്ടക്ടറുകള്‍, പ്രതിരോധ സാങ്കേതികവിദ്യ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, നിര്‍ണ്ണായക ധാതുക്കള്‍ എന്നിവയില്‍ സഹകരണം വ്യാപിപ്പിക്കുന്ന വേളയിലാണ് തകൈച്ചി ന്യൂദല്‍ഹിയിലെത്തിയത്. സ്വതന്ത്രവും തുറന്നതും ഏവരെയും ഉള്‍ക്കൊള്ളുന്നതുമായ ഇന്‍ഡോ-പസഫിക് മേഖലയ്ക്കായുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത ഇരുരാജ്യങ്ങളും വീണ്ടും ഉറപ്പിക്കുകയും തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യ വികസന പ്രൊജക്ടുകള്‍ നടപ്പാക്കുന്നത് വേഗത്തിലാക്കുകയും ചെയ്തു. എന്നാല്‍ ഭാരതവും ജപ്പാനും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനെ ആശങ്കയോടെയാണ് ചൈന നോക്കിക്കണ്ടത്. ഇന്‍ഡോ-പസഫിക് പങ്കാളികള്‍ക്കിടയിലെ വര്‍ദ്ധിച്ചുവരുന്ന സഹകരണത്തെ ചൈന വിമര്‍ശിക്കുകയും നീക്കങ്ങള്‍ ബെയ്ജിങ്ങിന്റെ പ്രാദേശിക സ്വാധീനം തടയാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് പ്രഖ്യാപിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഒരു ഏറ്റുമുട്ടലിന്റെ ഭാഷ ഭാരതം ഒഴിവാക്കിയെങ്കിലും സ്വന്തം തന്ത്രപരമായ സ്വയംഭരണത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ ജപ്പാനുമായുള്ള സുരക്ഷാ-സാങ്കേതിക പങ്കാളിത്തം ആഴത്തിലാക്കാനുള്ള ന്യൂദല്‍ഹിയുടെ താല്പര്യത്തെ ഈ സന്ദര്‍ശനത്തിലൂടെ ഊട്ടിയുറപ്പിച്ചു.
ന്യൂദല്‍ഹിയിലെത്തിയ നേതാക്കളുടെ വൈവിധ്യം ഭാരതത്തിന്റെ അന്താരാഷ്ട്ര പദവിയിലുണ്ടായ സുപ്രധാന മാറ്റത്തെ വ്യക്തമാക്കുന്നു. പരമ്പരാഗതമായി ഭാരതത്തിന്റെ നയതന്ത്രം പലപ്പോഴും മത്സരിക്കുന്ന ശക്തികള്‍ക്കിടയില്‍ നിന്നുമകലുന്ന ഒന്നായിട്ടാണ് വ്യാഖ്യാനിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് പ്രമുഖ ശക്തികള്‍ ഭാരതവുമായി ഇടപഴകുന്നതിന്റെ പ്രധാന കാരണം തങ്ങളുടെ ഭൗമരാഷ്ട്രീയ ലക്ഷ്യങ്ങളെ നേടിയെടുക്കുകയെന്ന പഴയ ലക്ഷ്യം മാത്രമല്ല മറിച്ച് ആഗോള വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് ഭാരതം ഒഴിച്ചുകൂടാനാവാത്ത ഘടകമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ട്കൂടിയാണ്.
വന്‍ശക്തി മത്സരകാലത്തെ തന്ത്രപരമായ സ്വയംഭരണം
ഭാരത വിദേശനയത്തിന്റെ ഏറ്റവും പ്രധാന സവിശേഷത അന്താരാഷ്ട്ര ബന്ധങ്ങളെ ഒരു ‘സീറോ-സം ചോയ്‌സ്’ (ഒരു പക്ഷം ചേരല്‍) ആയി കാണാന്‍ വിസമ്മതിക്കുന്നുവെന്നതാണ്. റഷ്യയുമായി പ്രതിരോധ-ഊര്‍ജ്ജ സഹകരണം നിലനിര്‍ത്തുമ്പോള്‍ തന്നെ അമേരിക്കയുമായി ലോകത്തിലെ ഏറ്റവും അടുത്ത തന്ത്രപ്രധാന പങ്കാളിത്തം ഭാരതം കാത്തുസൂക്ഷിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കുന്നതോടൊപ്പം ഇസ്രായേലുമായുള്ള പ്രതിരോധ സഹകരണവും വിപുലീകരിച്ചു. അമേരിക്കയുടെ ക്വാഡില്‍ (Quad) സജീവമായി പങ്കെടുക്കുമ്പോള്‍ തന്നെ ചൈനയുടെയും റഷ്യയുടെയും ബ്രിക്‌സിലും (BRICS) ഷാങ്ഹായ് കോപ്പറേഷന്‍ ഓര്‍ഗനൈസേഷനിലും (SCO) സ്വാധീനമുള്ള അംഗമായി ഭാരതം തുടരുന്നു.
അതോടൊപ്പം ഐ2യു2 (ഇന്ത്യ, ഇസ്രായേല്‍, യുഎഇ, യുഎസ് (ക2ഡ2)വില്‍ ഭാരതം സ്ഥാപക അംഗമാകുകയും, ഇന്‍ഡോ-പസഫിക് ഇക്കണോമിക് ഫ്രെയിംവര്‍ക്കില്‍ (IPEF)) ചേരുകയും, മിനറല്‍സ് സെക്യൂരിറ്റി പാര്‍ട്ണര്‍ഷിപ്പില്‍ (MSP) പ്രവേശനം നേടുകയും, ജി20 അധ്യക്ഷപദവി കാലത്ത് ഗ്ലോബല്‍ ബയോഫ്യുവല്‍സ് അലയന്‍സ് (GBA) ആരംഭിക്കുകയും, ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോറി (IMEC) ന്റെ സ്ഥാപക അംഗമാവുകയും ചെയ്തു. കൂടാതെ സെമികണ്ടക്ടറുകള്‍, നിര്‍ണ്ണായക ധാതുക്കള്‍, സാങ്കേതികവിദ്യ വിതരണ ശൃംഖലകള്‍ എന്നിവയിലെ സഹകരണം ശക്തമാക്കുന്നതിനായി അടുത്തിടെ അമേരിക്കയുടെ ‘പാക്‌സ് സിലിക്ക’ (Pax Silica)) സംരംഭത്തിലും ഭാരതം ചേരുകയുണ്ടായി.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒപ്പം
ഓരോ കൂട്ടായ്മയും ഭാരതത്തിന്റെ പ്രത്യേക ദേശീയ താല്പര്യ ലക്ഷ്യങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ഐ2യു2 (I2U2) ഭാരതത്തിന്റെ ഭക്ഷ്യസുരക്ഷ, സാങ്കേതികവിദ്യ, ഇന്‍ഫ്രാസ്ട്രക്ചര്‍ പങ്കാളിത്താമെന്നിവ ശക്തിപ്പെടുത്തുന്നു. ഐപിഇഎഫ് (IPEF)- വിതരണ ശൃംഖലയുടെ പ്രതിരോധശേഷിയും ഡിജിറ്റല്‍ വ്യാപാരവും വര്‍ദ്ധിപ്പിക്കുന്നു. എംഎസ്പി (MSP) ലിഥിയം, കൊബാള്‍ട്ട്, അപൂര്‍വ്വ മൂലകങ്ങളുടെ ലഭ്യതയിലേക്കുള്ള ഭാരതത്തിന്റെ പ്രവേശനം ഉറപ്പു വരുത്തുന്നു. ഐഎംഇസി (IMEC) പശ്ചിമേഷ്യയിലൂടെ ഭാരതത്തെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഒരു വ്യാപാര ഇടനാഴി തുറക്കുന്നു. പാക്‌സ് സിലിക്ക സെമികണ്ടക്ടര്‍ നിര്‍മ്മാണത്തെ സാമ്പത്തിക വളര്‍ച്ചയുടെ ഒരു അവിഭാജ്യ ഘടകമാകാനുള്ള ഭാരതത്തിന്റെ അഭിലാഷത്തെ പ്രതിഫലിപ്പിക്കുന്നു. ഈ ഇടപെടലുകള്‍ തെളിയിക്കുന്നത് ഭാരതത്തിന്റെ വിദേശനയം കേവലം പ്രതികരണാത്മകമല്ല (Reactive)- എന്നാണ്. മറിച്ച് വളര്‍ന്നുവരുന്ന ആഗോള സ്ഥാപനങ്ങളുടെ ഘടനയെ രൂപപ്പെടുത്താന്‍ ഭാരതം ക്രിയാത്മകമായി ശ്രമിക്കുന്നുവെന്നുകൂടിയാണ്.
പരസ്പരം മത്സരിക്കുന്ന മറ്റ് ശക്തികളുമായി ഒരേസമയം ഇടപഴകാനുള്ള ഈ കഴിവ് ഭാരതത്തിന്റെ ഏറ്റവും വലിയ നയതന്ത്ര സ്വത്തായി മാറിയിരിക്കുന്നു. ഇത് ഏതെങ്കിലും രാജ്യങ്ങള്‍ക്കോ ചേരികള്‍ക്കോ എതിരല്ല. ഉദാഹരണത്തിന്, വളര്‍ന്നു കൊണ്ടിരിക്കുന്ന ബ്രിക്‌സ് ചട്ടക്കൂടില്‍ ഭാരതം പങ്കെടുക്കുന്നത് നിലവിലുള്ള പാശ്ചാത്യ സ്ഥാപനങ്ങളെ ഉന്മൂലനം ചെയ്യുവാനല്ല, മറിച്ച് ഇന്നത്തെ ലോക യാഥാര്‍ഥ്യങ്ങളെ പ്രതിഫലിപ്പിക്കും വിധത്തില്‍ ആഗോള ഭരണസംവിധാനത്തെ പരിഷ്‌കരിക്കുവാനുള്ള ഭാരതത്തിന്റെ പ്രതിജ്ഞാബദ്ധതയെയാണ് അതിലെ ഇടപെടലുകള്‍ എടുത്ത് കാട്ടുന്നത്. ഇവിടെയാണ് ഭാരതം ചൈനയില്‍ നിന്നും വ്യത്യസ്തമാവുന്നതും.

നയതന്ത്രത്തിലൂടെ ഊര്‍ജ്ജ സുരക്ഷ
ഇന്നത്തെ പ്രധാന പ്രശ്‌നമായി മാറിയിരിക്കുന്നത് ഊര്‍ജ്ജ പ്രതിസന്ധിയും അതിന്റെ രാഷ്ട്രീയ സാമ്പത്തിക അലയൊലികളുമാണ്. രാജ്യങ്ങള്‍ തമ്മിലുള്ള ആശ്രയത്വം പരമ്പരാഗത രാഷ്ട്രീയ ബന്ധങ്ങള്‍ക്കപ്പുറം എത്രത്തോളം വ്യാപിച്ചുകിടക്കുന്നുവെന്നതിന്റെ തെളിവായി ഹോര്‍മുസ് കടലിടുക്ക് പ്രതിസന്ധി മാറി. ഇറാന്‍ -ഇസ്രായേല്‍-അമേരിക്ക സംഘര്‍ഷങ്ങള്‍ ലോകത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു ഊര്‍ജ്ജ ഇടനാഴിയെ തടസ്സപ്പെടുത്തിയപ്പോള്‍ ഭാരതം കടുത്ത ക്ഷാമം നേരിടേണ്ടിവരുമെന്ന് പല നിരീക്ഷകരും പ്രവചിച്ചിരുന്നു. ഭാരതത്തിന്റെ അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ തൊണ്ണൂറ് ശതമാനവും, എല്‍എന്‍ജി (LNG) ഇറക്കുമതിയുടെ പകുതിയും, എല്‍പിജി (LPG) ഇറക്കുമതിയുടെ തൊണ്ണൂറ് ശതമാനവും പരമ്പരാഗതമായി ഹോര്‍മുസ് വഴിയാണ് വന്നിരുന്നത്.
ബ്രെന്റ് ക്രൂഡ് വില ബാരലിന് 120 യുഎസ് ഡോളര്‍ കടക്കുകയും ചരക്കുകൂലി വര്‍ദ്ധിക്കുകയും ചെയ്തപ്പോള്‍ മാത്രമാണ് വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ക്ക് തയ്യാറെടുത്തത്. എന്നാല്‍ ഭാരതത്തില്‍ വ്യാപകമായ ക്ഷാമമോ ഇന്ധന റേഷനിംഗോ ഉണ്ടായില്ല.
ഈ പ്രതിരോധശേഷി കേവലം ഭരണപരമായ കാര്യക്ഷമതയുടെ മാത്രം ഫലമല്ല. സൗദി അറേബ്യ, യുഎഇ, ഖത്തര്‍ തുടങ്ങിയ ഊര്‍ജ്ജ ഉത്പാദകരുമായി ഒരു പതിറ്റാണ്ടായി നടത്തിയ നയതന്ത്ര ഇടപെടലുകളുടെയും, റഷ്യ, അമേരിക്ക, ഗയാന, ബ്രസീല്‍, പടിഞ്ഞാറന്‍ ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് അസംസ്‌കൃത എണ്ണ സ്രോതസ്സുകള്‍ വൈവിധ്യവത്കരിച്ചതിന്റെയും ഫലമായിരുന്നു.
ഭാരതത്തിന്റെ എണ്ണ വിതരണക്കാരുടെ ശൃംഖല 27-ല്‍ നിന്ന് 41 രാജ്യങ്ങളായി ഇക്കാലയളവില്‍ വര്‍ദ്ധിപ്പിച്ചു. ഇത് എണ്ണ വിതരണ തടസ്സങ്ങളോട് അതിവേഗം പ്രതികരിക്കാന്‍ ഭാരതത്തെ പ്രാപ്തമാക്കി. തന്ത്രപ്രധാനമായ പെട്രോളിയം കരുതല്‍ ശേഖരം (Strategic Petroleum Reserves), വന്‍കിട ശുദ്ധീകരണ ശാലകള്‍, വര്‍ദ്ധിപ്പിച്ച ആഭ്യന്തര എല്‍പിജി ഉത്പാദനം, ഡിജിറ്റല്‍ വിതരണ മാര്‍ഗങ്ങള്‍ എന്നിവ ആഭ്യന്തര ഊര്‍ജ്ജ വിതരണ സുരക്ഷിതത്വം ഉറപ്പാക്കി. സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കുകയും, അന്താരാഷ്ട്ര വിലക്കയറ്റത്തില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുകയും ചെയ്തത് വിപണി അസ്ഥിരതയ്ക്കിടയിലും തടസ്സമില്ലാത്ത എല്‍പിജി ലഭ്യത ഉറപ്പാക്കുകയും ചെയ്തു. സമാധാന കാലഘട്ടത്തില്‍ ചര്‍ച്ച ചെയ്‌തെടുത്ത ദീര്‍ഘകാല പങ്കാളിത്തങ്ങള്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ ഭാരതത്തിന് ശക്തമായ പ്രതിരോധശേഷി നല്‍കി.
ഇതിന് പുറമെ അയല്‍രാജ്യങ്ങള്‍ക്കും റഷ്യ, യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കും ഭാരതം എണ്ണ കയറ്റുമതി ചെയ്തുകൊണ്ട് ആഗോള രംഗത്ത് ന്യൂദല്‍ഹി അത്ഭുതങ്ങള്‍ സൃഷ്ടിച്ചു.
പരമ്പരാഗത സഖ്യങ്ങള്‍ക്കപ്പുറമുള്ള അംഗീകാരം
ഭാരതത്തിന്റെ വളരുന്ന അന്താരാഷ്ട്ര വിശ്വാസ്യത പല മേഖലകളിലും ന്യൂദല്‍ഹിയുടെ പങ്കാളികളായ രാജ്യങ്ങള്‍ അംഗീകരിക്കുന്നുണ്ട്.
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് അടുത്തിടെ നടന്ന ഒരു സംവാദത്തിനിടയില്‍ ഇസ്രായേലിന്റെ ഏക യഥാര്‍ത്ഥ സഖ്യകക്ഷി അമേരിക്ക മാത്രമാണെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അത് നിരസിക്കുകയുണ്ടായി. പകരം, ന്യൂദല്‍ഹിയെ ടെല്‍ അവീവിന്റെ ഏറ്റവും വിശ്വസനീയമായ അന്താരാഷ്ട്ര പങ്കാളികളില്‍ ഒന്നായി ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ഭാരതത്തിന്റെയും 140 കോടി ജനങ്ങളുടെയും നിരന്തരമായ സൗഹൃദത്തെയും പിന്തുണയെയും നെതന്യാഹു പ്രത്യേകം പരാമര്‍ശിച്ചു.
നെതന്യാഹുവിന്റെ ഈ പ്രസ്താവന ഭാരതത്തെ സംബന്ധിക്കുന്ന വലിയൊരു യാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. വിശ്വസനീയമായതും ദീര്‍ഘവും തന്ത്രപ്രധാനവുമായ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതോടൊപ്പം തന്നെ സ്വതന്ത്രമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശേഷിയുള്ള വിശ്വസ്ത പങ്കാളിയായാണ് രാജ്യങ്ങള്‍ ഭാരതത്തെ വീക്ഷിക്കുന്നത് എന്നതായിരുന്നു ആ യാഥാര്‍ഥ്യം. ഈ വിശ്വാസ്യതയുടെ മറ്റൊരു ഉദാഹരണം ഭാരതവും ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളുമായുള്ള ബന്ധമാണ്. ഭാരതത്തിന്റെ നയതന്ത്രം വികസ്വര രാജ്യങ്ങള്‍ അഥവാ ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ക്കായി ലോക വേദികളില്‍ എപ്പോഴും ശബ്ദമുയര്‍ത്തുന്നു. വികസന പങ്കാളിത്തങ്ങള്‍, ഡിജിറ്റല്‍ പബ്ലിക് അടിസ്ഥാന സൗകര്യങ്ങള്‍, വാക്‌സിന്‍ സഹകരണം, ദുരന്ത നിവാരണം, ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കല്‍, ഇളവുകളോടെയുള്ള ധനസഹായം എന്നിവയിലൂടെ വികസിത-വികസ്വര സമ്പദ്‌വ്യവസ്ഥകള്‍ക്കിടയിലെ ഒരു പാലമായി ആഗോള രാഷ്ട്രീയത്തില്‍ ന്യൂദല്‍ഹി നിലയുറപ്പിച്ചിരിക്കുന്നു. ചൈന ഉള്‍പ്പെടെയുള്ള ശക്തികളില്‍ നിന്നും വ്യത്യസ്തമായി ആശയപരമായ ചേരികളില്‍ നിന്ന് ഭാരതം വിട്ടുനില്‍ക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതി, അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍, ബഹുരാഷ്ട്ര ഭരണസംവിധാനങ്ങള്‍ എന്നിവയുടെ പരിഷ്‌കരണത്തിനായി വാദിക്കുന്നത് തുടരുമ്പോള്‍ തന്നെ പ്രധാന ശക്തികളുമായും വളര്‍ന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളുമായും രാജ്യം ഒരേപോലെ സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.
പ്രാദേശിക ശക്തിയില്‍ നിന്ന് ആഗോള വ്യവസ്ഥ രൂപപ്പെടുത്തുന്ന രാജ്യത്തിലേക്ക്
കഴിഞ്ഞ ഒരു ദശബ്ദത്തിലെ ഭാരത വിദേശനയത്തിന്റ മുഴുവനായുള്ള പ്രാധാന്യം പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ സന്ദര്‍ശനങ്ങളുടെ എണ്ണത്തിലല്ല മറിച്ച് അവയെല്ലാം ചേര്‍ന്ന് ആഗോളരാഷ്ട്രീയത്തില്‍ ഭാരതത്തിനുണ്ടാക്കിയ തന്ത്രപരമായ പരിണാമവും സ്ഥാനവുമാണ്. ഭാരതത്തിന്റെ നയതന്ത്രം അന്നന്നുള്ള പ്രതിസന്ധികള്‍ പരിഹരിക്കല്‍ എന്നതിനപ്പുറം ദീര്‍ഘകാല ലക്ഷ്യങ്ങളിലേക്ക് നീങ്ങിയിരിക്കുന്നു. ആ മുന്‍ഗണനകള്‍ ഇന്ന് കൃത്യവും വ്യക്തവുമാണ്. നിര്‍ണ്ണായക സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കുക, ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുക, വിതരണ ശൃംഖലകള്‍ വൈവിധ്യവത്കരിക്കുക, പ്രതിരോധ പങ്കാളിത്തം വ്യാപിപ്പിക്കുക, നിക്ഷേപം ആകര്‍ഷിക്കുക, സമുദ്ര സുരക്ഷ ശക്തമാക്കുക, ആഗോള ഭരണത്തില്‍ ഭാരതത്തിന്റെ പങ്ക് പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ആ ലക്ഷ്യങ്ങള്‍.
ആഭ്യന്തര നയത്തെയും വിദേശനയത്തെയും പരസ്പരം ബന്ധിപ്പിക്കുകയെന്നതും ഒരുപോലെ പ്രധാനമാണെന്ന് ന്യൂദല്‍ഹി വിശ്വസിക്കുന്നു. ആഭ്യന്തര തലത്തിലെ നിര്‍മ്മാണ സംരംഭങ്ങള്‍, സെമികണ്ടക്ടര്‍ വികസനം, ശുദ്ധമായ ഊര്‍ജ്ജ പരിവര്‍ത്തനം, ഡിജിറ്റല്‍ പബ്ലിക് അടിസ്ഥാന സൗകര്യ വികസനം, പ്രതിരോധ നവീകരണം എന്നിവയെല്ലാം ഭാരതത്തിന്റെ നയതന്ത്ര ലക്ഷ്യങ്ങളെ ശക്തിപ്പെടുത്തുന്നു. വിദേശനയം കേവലമൊരു ഭൗമരാഷ്ട്രീയ നിലപാട് എന്നതിലുപരി ദേശീയ വികസനത്തിനുള്ള ഒരു ഉപകരണമായി മാറ്റുകയാണ് ഇന്നത്തെ നയം.
മുന്നോട്ട് വെയ്ക്കുന്ന തത്വങ്ങളില്‍ ആത്മവിശ്വാസവും അവയുടെ നടപ്പാക്കലില്‍ പ്രായോഗികതയും ലക്ഷ്യങ്ങളില്‍ വലിയ അഭിലാഷങ്ങളുമുള്ള ഒരു ഏകീകൃത വിദേശനയത്തെയാണ് അവ സൂചിപ്പിക്കുന്നത്. രാഷ്ട്രീയ വിഭജനം, സാങ്കേതിക മത്സരം, ഊര്‍ജ്ജ പ്രതിസന്ധി, ഭൗമരാഷ്ട്രീയ അനിശ്ചിതത്വം എന്നിവയാല്‍ അടയാളപ്പെടുത്തപ്പെട്ട ഒരു കാലഘട്ടത്തില്‍ ഭാരതത്തിന്റെ ഉദയം ഏതെങ്കിലും സൈനിക സഖ്യങ്ങളോ പ്രത്യയശാസ്ത്ര ചേരികളോ ചേരിചേരാനയമോ സ്വീകരിച്ചത് കൊണ്ടല്ല മറിച്ച് കൃത്യമായി കണക്കുകൂട്ടിയ തന്ത്രപരമായ പങ്കാളിത്തങ്ങള്‍, തന്ത്രപരമായ സ്വയംഭരണത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിജ്ഞാബദ്ധത, പ്രായോഗിക തീരുമാനങ്ങള്‍ എന്നിവയാലാണ് അവ നയിക്കപ്പെടുന്നത്. ഈ രീതി ഭാരതത്തെ ആഗോള രാഷ്ട്രീയത്തിലെ വെറുമൊരു പങ്കാളിയെന്ന നിലയില്‍ നിന്ന് അതിന്റെ പ്രധാന ശില്പികളില്‍ ഒരാളായി ഇന്ന് മാറ്റിയിരിക്കുന്നു.






















