2026ന്റെ തുടക്കത്തില്‍ പശ്ചിമേഷ്യയില്‍ പ്രകടമായ യുദ്ധസൂചനകള്‍, വര്‍ഷത്തിന്റെ പകുതി പിന്നിടുമ്പോള്‍ ആഗോള സമാധാനത്തെത്തന്നെ വിഴുങ്ങുന്ന കടുത്ത പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. പതിറ്റാണ്ടുകളായി പുകഞ്ഞുകൊണ്ടിരുന്ന രാഷ്ട്രീയ-മതപരമായ തര്‍ക്കങ്ങള്‍ ഒടുവില്‍ തുറന്ന യുദ്ധത്തിലേക്ക് വഴിമാറുകയും, സമാധാനത്തിനായുള്ള അന്താരാഷ്ട്ര ശ്രമങ്ങളെയും താല്‍ക്കാലിക ഉടമ്പടികളെയും കാറ്റില്‍പ്പറത്തിക്കൊണ്ട് വന്‍ശക്തികള്‍ നേരിട്ട് ഏറ്റുമുട്ടുന്ന ഒരു ഭീകര സാഹചര്യത്തിലേക്ക് ലോകം എത്തിച്ചേരുകയും ചെയ്തിരിക്കുന്നു. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഇസ്രായേല്‍ പലസ്തീന്‍ തര്‍ക്കവും ഇറാനും ഇസ്രായേലും തമ്മിലുള്ള നിഴല്‍ യുദ്ധവും ആണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ മൂലകാരണം. ലോകത്തിന്റെ ഊര്‍ജ്ജ കേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ മേഖല അസ്ഥിരമാകുമ്പോള്‍ അത് ഭൂപടത്തിലെ അതിരുകള്‍ക്ക് അപ്പുറം ആഗോള സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്നു എന്നതു മാത്രമല്ല സാധാരണ മനുഷ്യന്റെ അടുക്കളകളിലേക്കും പടരുന്നു. അതിര്‍ത്തി ലംഘനങ്ങളും മേഖലയിലെ പ്രധാന സൈനിക നേതാക്കളുടെ വൈരവും ഇരുവശത്തെയും നേരിട്ടുള്ള യുദ്ധത്തിലേക്ക് നയിച്ചു. തീവ്രവാദ ഗ്രൂപ്പുകളുടെ കടന്നുകയറ്റവും പ്രത്യാക്രമണങ്ങളും ഈ വിഷയത്തെ ആളിക്കത്തിച്ചു.
ആഗോള രാഷ്ട്രീയത്തിലെ ചേരിതിരിവുകള്‍ ഇതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള വന്‍ ശക്തികളുടെ ശ്രമങ്ങളും ഭൗമ-രാഷ്ട്രീയ മുന്‍തൂക്കം നേടാനുള്ള പ്രാദേശിക ശക്തികളുടെ മത്സരവും യുദ്ധത്തിലേക്ക് നയിക്കപ്പെടാന്‍ ഉണ്ടായ പരോക്ഷമായ കാരണങ്ങളാണ്. ജൂണ്‍ മധ്യത്തോടെ (ജൂണ്‍ 14-17) അമേരിക്കയും ഇറാനും തമ്മില്‍ പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കാനും ഹോര്‍മുസ് കടലിടുക്ക് തുറക്കാനുമായി ഒരു താല്‍ക്കാലിക ധാരണാപത്രത്തില്‍ (MoU) ഒപ്പുവെച്ചിരുന്നു. എന്നാല്‍ ഈ ഉടമ്പടി അധികനാള്‍ നീണ്ടുനിന്നില്ല. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തില്‍ ആധിപത്യം സ്ഥാപിക്കാനും കപ്പലുകളില്‍ നിന്ന് നികുതി ഈടാക്കാനുമുള്ള ഇറാന്റെ ശ്രമങ്ങള്‍ വീണ്ടും സംഘര്‍ഷത്തിന് കാരണമായി. ജൂലായ് 6, 7 തീയതികളില്‍ ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്റെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന്, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമാധാന കരാര്‍ അവസാനിച്ചതായി പ്രഖ്യാപിച്ചു. അമേരിക്ക ഇറാന്‍ തുറമുഖങ്ങള്‍ക്ക് മേല്‍ വീണ്ടും കടുത്ത ഉപരോധം (Blockade) ഏര്‍പ്പെടുത്തുകയും ഇറാന് നേരെ വ്യോമാക്രമണം ശക്തമാക്കുകയും ചെയ്തു. ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാത്ത മനോഭാവമാണ് പുലര്‍ത്തുന്നത്. തങ്ങളുടെ അസ്തിത്വത്തിനായുള്ള പോരാട്ടം എന്ന് ഒരുപക്ഷം കരുതുമ്പോള്‍ തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതിനെതിരെയുള്ള നീക്കമായി മറുവിഭാഗം ഇതിനെ കാണുന്നു. നയതന്ത്ര മേശകളിലെ ചര്‍ച്ചകള്‍ ഒന്നൊന്നായി പരാജയപ്പെടുകയും ആധുനിക യുദ്ധ സാങ്കേതികവിദ്യകള്‍ വന്‍തോതില്‍ പ്രയോഗിക്കപ്പെടുകയും ചെയ്യുന്നതോടെ പശ്ചിമേഷ്യന്‍ പോരാട്ടം ഒരു അന്തമില്ലാത്ത യുദ്ധമായി മാറുകയാണ്. പ്രാദേശികമായ വാശികള്‍ക്കപ്പുറം വന്‍ശക്തികളുടെ നേരിട്ടുള്ള സൈനിക ഇടപെടലുകള്‍ കൂടി ഉണ്ടായതോടെ, ഈ യുദ്ധത്തിന്റെ അന്ത്യം എപ്പോഴെന്ന ചോദ്യം ആഗോളതലത്തില്‍ വലിയ ആശങ്കയ്ക്കും അസ്ഥിരതയ്ക്കും കാരണമായിരിക്കുന്നു.
ലോകം ഒരു ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴുതിവീഴുകയാണെങ്കില്‍ അതിന്റെ ആഘാതം ഏതെങ്കിലും ഒരു രാജ്യത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കില്ല. ആഗോള സമ്പദ്വ്യവസ്ഥയുടെ ചാലകശക്തിയായി മാറിക്കൊണ്ടിരിക്കുന്ന, വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ദൂരക്കാഴ്ചയോടെ മുന്നേറുന്ന നമ്മുടെ രാജ്യത്തിന് പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഒട്ടും ചെറുതല്ല. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കല്‍, വിദേശനാണ്യ ശേഖരത്തിലുണ്ടാകുന്ന ഇടിവ് തടയല്‍, പുതിയ ആഗോള തൊഴില്‍ വിപണികള്‍ കണ്ടെത്തേണ്ടതിന്റെ അനിവാര്യത എന്നിവയെക്കുറിച്ചെല്ലാം ദീര്‍ഘവീക്ഷണത്തോടെയുള്ള വ്യക്തമായ ധാരണ നമുക്കുണ്ടാകേണ്ടതുണ്ട്. ഇത്തരം അന്താരാഷ്ട്ര പ്രതിസന്ധികള്‍ക്കിടയിലും ഭാരതത്തിന്റെ വരുംകാല വളര്‍ച്ചയും സാമ്പത്തിക ഭദ്രതയും കാത്തുസൂക്ഷിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തുന്ന നയതന്ത്രപരവും തന്ത്രപരവുമായ നീക്കങ്ങളെ കൃത്യമായി വിശകലനം ചെയ്യുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.

യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍
ലോകത്തിന്റെ ഊര്‍ജ്ജകേന്ദ്രം എന്നറിയപ്പെടുന്ന പടിഞ്ഞാറന്‍ ഏഷ്യയിലെ സംഘര്‍ഷങ്ങള്‍ ആഗോളതലത്തില്‍ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. 2026 ലെ കണക്കുകള്‍ പ്രകാരം ഹോര്‍മുസ് കടലിടുക്ക് പോലുള്ള തന്ത്രപ്രധാനമായ പാതകളിലെ തടസ്സങ്ങള്‍ ലോകമെമ്പാടും വിലക്കയറ്റത്തിലും സാമ്പത്തിക മാന്ദ്യത്തിനും കാരണമായിട്ടുണ്ട്. 2026 തുടക്കം മുതല്‍ പടിഞ്ഞാറന്‍ ഏഷ്യയില്‍ കനക്കുന്ന യുദ്ധമേഘങ്ങള്‍ ലോക സമ്പദ്‌വ്യവസ്ഥയ്ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്.
അന്താരാഷ്ട്ര നാണയ നിധി (IMF) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, ലോകം ‘സ്റ്റാഗ്ഫ്‌ലേഷന്‍’ എന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്. അതായത്, ഒരുവശത്ത് സാമ്പത്തിക വളര്‍ച്ച നിലയ്ക്കുകയും (Stagnation) മറുവശത്ത് സാധനങ്ങളുടെ വില കുതിച്ചുയരുകയും (Inflatioി) ചെയ്യുന്ന അതീവ അപകടകരമായ അവസ്ഥയാണിത്. ലോകത്തിന്റെ എണ്ണ ഉല്‍പാദനത്തിന്റെ 30%ത്തിലധികം പടിഞ്ഞാറന്‍ ഏഷ്യയില്‍ നിന്നാണ്. യുദ്ധം മൂലം ക്രൂഡോയില്‍ വില കുതിച്ചുയരുന്നത് ആഗോളതലത്തില്‍ ഉല്‍പാദന ഗതാഗത ചെലവ് വര്‍ധിപ്പിച്ചു. അന്താരാഷ്ട്ര നാണയ നിധി (IMF) ജൂലായ് 8-ന് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ആഗോള സാമ്പത്തിക വളര്‍ച്ചാ നിരക്ക് മുന്‍പ് പ്രവചിച്ചതിനേക്കാള്‍ താഴ്ന്ന് 3.0 ശതമാനമായി ചുരുങ്ങിയിരിക്കുന്നു.
യുദ്ധം നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഇത് രണ്ടു ശതമാനത്തിലേക്ക് ഇടിയുവാനും ആഗോള മാന്ദ്യം ഉണ്ടാകുവാനും സാധ്യതയുണ്ട്. ലോകത്തെ പ്രധാന ഊര്‍ജ്ജ വിതരണ പാതകള്‍ തടസ്സപ്പെട്ടത് എണ്ണ പ്രകൃതി വാതകവിലകള്‍ കുതിച്ചുയരുവാന്‍ കാരണമായി. ചെങ്കടലിന്റെയും ഹോര്‍മുസ് കടലിടുക്കിലെയും അസ്ഥിരത കപ്പല്‍ ഗതാഗത ചെലവ് വര്‍ദ്ധിപ്പിക്കുകയും ആഗോളവ്യാപാരത്തെ മന്ദഗതിയിലാക്കുകയും ചെയ്തു. ലോക വ്യാപാരത്തിന്റെ 12% വും കടന്നുപോകുന്ന ചെങ്കടലും എണ്ണക്കപ്പലുകളുടെ പ്രധാനപാതയായ ഹോര്‍മുസ് കടലിടുക്കും യുദ്ധഭീഷണിയിലാണ്. കപ്പലുകള്‍ സുരക്ഷിതമായ മറ്റു പാതകള്‍ തേടുന്നത് ചരക്കു നീക്കത്തിന് സമയവും ചിലവും വര്‍ധിപ്പിച്ചു. ഇത് ആഗോളതലത്തില്‍ പണപ്പെരുപ്പത്തിന് കാരണമായി. പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ പാളിയതായി അന്താരാഷ്ട്ര നാണയ നിധി സമ്മതിക്കുന്നു. 2026-ലെ ആഗോള പണപ്പെരുപ്പ നിരക്ക് 4.7 ശതമാനമായി ഉയരുമെന്നാണ് പുതിയ കണക്ക്. ഊര്‍ജ്ജ പ്രതിസന്ധി മൂലം യൂറോപ്പിലെയും ഏഷ്യയിലെയും പല വ്യവസായ ശാലകളും ഉത്പാദനം കുറച്ചു. അത് ഗതാഗത മേഖലയിലടക്കം ഉള്ള ദശലക്ഷക്കണക്കിന് തൊഴിലുകളെ ബാധിച്ചു. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ആഗോള സമ്പദ്വ്യവസ്ഥ രണ്ട് തട്ടുകളിലാണ്. യുദ്ധം മൂലം ഊര്‍ജ്ജം ഇറക്കുമതി ചെയ്യുന്ന സാധാരണ രാജ്യങ്ങള്‍ കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍, നിര്‍മ്മിത ബുദ്ധി (AI), പുതിയ സാങ്കേതികവിദ്യ (Technology Value Chain) എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാജ്യങ്ങള്‍ ഈ പ്രതിസന്ധിയിലും വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്.

ഭാരതത്തിന് മേലുള്ള ആഘാതം
ഭാരതം അതിന്റെ എണ്ണ ആവശ്യകതയുടെ 80 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. അന്താരാഷ്ട്ര തലത്തില്‍ എണ്ണവില വര്‍ദ്ധിക്കുന്നത് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും, 2026 ജൂലായിലെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഭാരതത്തിന്റെ വിദേശനാണ്യ ശേഖരം 705 ബില്യണ്‍ ഡോളര്‍ എന്ന റെക്കോര്‍ഡ് കരുത്തിലാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 95 രൂപയുടെ അരികിലേക്ക് ഇടിഞ്ഞ സാഹചര്യത്തില്‍ ആര്‍.ബി.ഐ നടത്തിയ തന്ത്രപരമായ ഇടപെടലുകള്‍ ഇറക്കുമതി ചെലവ് നിയന്ത്രിക്കാന്‍ സഹായിച്ചിട്ടുണ്ട്. ആഗോള വളര്‍ച്ചാ നിരക്ക് 3.0 ശതമാനത്തിലേക്ക് ഇടിയുമെന്ന് അന്താരാഷ്ട്ര നാണയ നിധി (IMF) ജൂലായില്‍ മുന്നറിയിപ്പ് നല്‍കുമ്പോഴും, ഭാരതം 7 ശതമാനത്തിനടുത്ത് ജി.ഡി.പി വളര്‍ച്ചയോടെ ലോകത്തിന് തന്നെ മാതൃകയായി മുന്നേറുകയാണ്.
ആഗോള സാമ്പത്തിക രംഗത്തുണ്ടായ അസ്ഥിരത ഭാരതത്തിന്റെ വ്യാപാര മേഖലയിലും വലിയ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. പശ്ചിമേഷ്യയിലെ യുഎസ്-ഇറാന്‍ സംഘര്‍ഷങ്ങള്‍ കാരണം ചെങ്കടല്‍ വഴിയുള്ള ചരക്കുനീക്കത്തിന്റെ ചിലവ് കുത്തനെ ഉയര്‍ന്നത് നമ്മുടെ കയറ്റുമതി വ്യാപാരികള്‍ക്ക് വലിയ തിരിച്ചടിയായി. 2026 ജൂണിലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം യു.എ.ഇ പോലുള്ള രാജ്യങ്ങളിലേക്കുള്ള കയറ്റുമതി പതുക്കെ തിരിച്ചുവരവിന്റെ പാതയിലാണെങ്കിലും, അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വില കൂടിയത് കാരണം ഭാരതത്തിന്റെ വ്യാപാര കമ്മി (Trade Deficit) 30 ബില്യണ്‍ ഡോളര്‍ എന്ന നിരക്കിലേക്ക് ഉയര്‍ന്നിട്ടുണ്ട്.
ഈ പ്രതിസന്ധി രാജ്യത്തെ പരമ്പരാഗത ഉല്‍പ്പാദന മേഖലകളായ രത്‌ന-വജ്ര വ്യാപാരം, ടെക്‌സ്‌റ്റൈല്‍, കെമിക്കല്‍സ് എന്നിവയെ സാരമായി ബാധിച്ചു. അന്താരാഷ്ട്ര ഓര്‍ഡറുകള്‍ റദ്ദാക്കപ്പെടുകയോ വൈകുകയോ ചെയ്യുന്നത് സൂറത്തിലെയും മുംബൈയിലെയും വജ്ര വ്യവസായത്തിലും തിരുപ്പൂര്‍ അടക്കമുള്ള വസ്ത്രനിര്‍മ്മാണ കേന്ദ്രങ്ങളിലും ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴില്‍ സുരക്ഷയെ ആശങ്കയിലാക്കിയിട്ടുണ്ട്. പശ്ചിമേഷ്യയില്‍ നിന്നുള്ള രാസവളങ്ങളുടെ ഇറക്കുമതി തടസ്സപ്പെടുന്നത് രാജ്യത്തെ കാര്‍ഷിക മേഖലയ്ക്കും കരിനിഴല്‍ വീഴ്ത്തുന്നു. ഇതിനുപുറമേ, ഗള്‍ഫ് രാജ്യങ്ങളിലെ നിര്‍മ്മാണ-സേവന മേഖലകളിലുണ്ടായ മന്ദഗതി മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ കുറയാന്‍ കാരണമായിട്ടുണ്ട്. യുദ്ധഭീതി മൂലം മിഡില്‍ ഈസ്റ്റിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്ന കുറവ് വിമാന കമ്പനികളെയും ഹോട്ടല്‍ അനുബന്ധ മേഖലകളെയും നേരിട്ട് ബാധിക്കുന്നതും പ്രതിസന്ധിയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു.
ചെങ്കടലിലെ അസ്ഥിരത മൂലം കപ്പല്‍ ജീവനക്കാര്‍ക്ക് വലിയ ഭീഷണിയുണ്ട്. പല കമ്പനികളും ഈ പാത ഒഴിവാക്കുന്നതിനാല്‍ കപ്പല്‍ ഗതാഗത ചെലവ് കൂടുകയും ലോജിസ്റ്റിക്‌സ് മേഖലയില്‍ തൊഴില്‍ വെട്ടികുറയ്ക്കാന്‍ കാരണമാവുകയും ചെയ്യുന്നു. ക്രൂഡ് ഓയില്‍ ഉല്‍പാദനത്തില്‍ ഉണ്ടായ തടസ്സങ്ങള്‍ റിഫൈനറികളിലെയും അനുബന്ധ വ്യവസായങ്ങളിലും കരാര്‍ തൊഴിലാളികളെ ബാധിക്കുന്നു എന്ന് പഠനങ്ങള്‍ പറയുന്നു.
ഭാരതത്തില്‍ നിന്ന് പടിഞ്ഞാറന്‍ ഏഷ്യയിലേക്ക് വലിയ തോതില്‍ തുണിത്തരങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഓര്‍ഡറുകള്‍ റദ്ദാക്കപ്പെട്ടതോടെ തമിഴ്‌നാട്ടിലെ തിരുപ്പൂര്‍, ലൂധിയാന തുടങ്ങിയിടങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ പ്രതിസന്ധിയിലായി. ദുബായ് വഴിയുള്ള വജ്ര വ്യാപാരം സ്തംഭിച്ചത് സൂറത്തിലെയും മുംബൈയിലെയും വജ്രവുമായി ബന്ധപ്പെട്ടു പണിയെടുക്കുന്ന തൊഴിലാളികളെ സാരമായി ബാധിച്ചു.
കേരളത്തെ സംബന്ധിച്ചിടത്തോളം പശ്ചിമേഷ്യന്‍ മേഖലയിലെ സമാധാന അന്തരീക്ഷം അത്യന്താപേക്ഷിതമാണ്. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (GSDP) വലിയൊരു പങ്ക് പ്രവാസികള്‍ അയക്കുന്ന പണത്തെ ആശ്രയിച്ചാണിരിക്കുന്നത്. പ്രതിവര്‍ഷം ഏകദേശം 2.16 ലക്ഷം കോടി രൂപയോളം വരുന്ന പ്രവാസി വരുമാനത്തില്‍ യുദ്ധസാഹചര്യങ്ങള്‍ കാരണം ഉണ്ടാകുന്ന ചെറിയ വ്യതിയാനങ്ങള്‍ പോലും കേരള വിപണിയെ നേരിട്ട് ബാധിക്കും. പശ്ചിമേഷ്യയിലെ നിലവിലെ അസ്ഥിരത ഗള്‍ഫ് രാജ്യങ്ങളിലെ വലിയ നിര്‍മ്മാണ-സേവന പദ്ധതികളെ ബാധിച്ചതോടെ നാട്ടിലേക്കുള്ള പണമൊഴുക്കില്‍ സങ്കീര്‍ണ്ണതകള്‍ പ്രകടമായിത്തുടങ്ങിയിട്ടുണ്ട്. ഇത് സംസ്ഥാനത്തിന്റെ ആഭ്യന്തര മൊത്ത ഉല്‍പ്പാദനത്തെയും വിപണിയിലെ ഉപഭോഗത്തെയും ദോഷകരമായി ബാധിക്കുന്നു.
പ്രവാസി വരുമാനത്തിലെ അനിശ്ചിതത്വം കേരളത്തിലെ നിര്‍മ്മാണ മേഖലയിലും റിയല്‍ എസ്റ്റേറ്റിലും വ്യക്തമായ മന്ദതയ്ക്ക് കാരണമായിട്ടുണ്ട്. ഇത് ബാങ്കിംഗ് മേഖലയെയും പ്രത്യേകിച്ച് വായ്പാ വിതരണത്തെയും (Loans) ബാധിക്കുന്നതിലൂടെ പ്രാദേശിക വിപണിയിലെ സാമ്പത്തിക ചലനങ്ങള്‍ക്ക് വേഗത കുറയുകയും സര്‍ക്കാരിന്റെ നികുതി വരുമാനത്തെപ്പോലും പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു.

പടിഞ്ഞാറന്‍ ഏഷ്യയിലെ പുതിയ പ്രതിസന്ധികള്‍ കാരണം ഗള്‍ഫിലെ നിര്‍മ്മാണ-സേവന മേഖലകള്‍ മന്ദഗതിയിലായത് പ്രവാസികളുടെ കൂട്ടത്തോടെയുള്ള തിരിച്ചുവരവിന് വഴിതുറന്നിരിക്കുകയാണ്. യുദ്ധസാഹചര്യങ്ങള്‍ മൂലം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നതും, ഇവിടെയുള്ള പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അങ്ങോട്ട് പോകാന്‍ സാധിക്കാത്തതും സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയെ ഉലയ്ക്കുകയും തൊഴിലില്ലായ്മ രൂക്ഷമാക്കുകയും ചെയ്യും. ചെങ്കടല്‍-ഹോര്‍മുസ് കടലിടുക്കുകളിലെ അസ്ഥിരത പാചകവാതകത്തിന്റെ വിതരണ ശൃംഖലയെ ബാധിച്ചതോടെ, അത് ഹോട്ടല്‍ വ്യവസായത്തെയും സാധാരണക്കാരുടെ അടുക്കളകളെയും ഒരേപോലെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസി വരുമാനത്തില്‍ ഉണ്ടാകുന്ന ഇത്തരം വ്യതിയാനങ്ങള്‍ പ്രാദേശിക വിപണിയെ പൂര്‍ണ്ണമായി തളര്‍ത്തുന്നതാണ്. ഇതിനുപുറമേ, വിമാന സര്‍വീസുകളിലെ നിയന്ത്രണങ്ങളും ചരക്കുകൂലി വര്‍ദ്ധനവും കാരണം കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ പശ്ചിമേഷ്യയിലേക്കുള്ള കയറ്റുമതിയില്‍ വലിയ ഇടിവുണ്ടായി. ഇത് നമ്മുടെ കാര്‍ഷിക മേഖലയിലെ വരുമാനത്തെ തകര്‍ക്കുക മാത്രമല്ല, ഈ ഉല്‍പ്പന്നങ്ങള്‍ പ്രോസസ്സ് ചെയ്യുന്നതും പാക്ക് ചെയ്യുന്നതുമായ യൂണിറ്റുകളിലെ ആയിരക്കണക്കിന് സാധാരണ തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗം കൂടിയാണ് ഇല്ലാതാക്കുന്നത്.
ആഗോളതലത്തില്‍ പ്രതിസന്ധികള്‍ കനക്കുമ്പോഴും ഭാരതത്തിന്റെ ദേശീയ താല്‍പ്പര്യങ്ങളും സാമ്പത്തിക ഭദ്രതയും സംരക്ഷിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാര്‍ അതീവ ദീര്‍ഘവീക്ഷണത്തോടെയുള്ള തന്ത്രപരമായ നീക്കങ്ങളാണ് നടത്തുന്നത്. പശ്ചിമേഷ്യയിലെ പുതിയ സൈനിക അസ്ഥിരതകളിലും ഇസ്രായേലുമായും അറബ് രാഷ്ട്രങ്ങളുമായും ഒരേപോലെ സന്തുലിതമായ സൗഹൃദബന്ധം നിലനിര്‍ത്താന്‍ ഭാരതത്തിന് കഴിയുന്നുണ്ട്. ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടായ പുതിയ ആക്രമണങ്ങളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയ ഭാരതം, ഇറാനിയന്‍ നയതന്ത്ര പ്രതിനിധിയെ നേരിട്ട് വിളിച്ചുവരുത്തി തങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ചുകഴിഞ്ഞു. കപ്പലുകളിലെ ഇന്ത്യന്‍ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ കടുത്ത സമ്മര്‍ദ്ദമാണ് രാജ്യം ചെലുത്തുന്നത്.
ഊര്‍ജ്ജ പ്രതിസന്ധിയെ മറികടക്കാനായി റഷ്യയുമായുള്ള സവിശേഷമായ വ്യാപാര പങ്കാളിത്തം പരമാവധി പ്രയോജനപ്പെടുത്തി കുറഞ്ഞ നിരക്കില്‍ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്നത് തുടരുന്നതിലൂടെ, ആഭ്യന്തര വിപണിയില്‍ ഇന്ധനവില കുതിച്ചുയരുന്നത് തടയാന്‍ സര്‍ക്കാരിന് സാധിച്ചു. ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ ലിക്വിഡ് പെട്രോളിയം ഗ്യാസ് (LPG) വിതരണത്തെ ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൂട്ടിത്തന്നെ ബദല്‍ വിപണികള്‍ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ ആവശ്യമായ എല്‍.പി.ജിയുടെ പത്ത് ശതമാനത്തോളം അമേരിക്കയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിനുപുറമേ മറ്റ് ആഫ്രിക്കന്‍-യൂറോപ്യന്‍ രാജ്യങ്ങളുമായി നിര്‍ണ്ണായക കരാറുകളില്‍ ഏര്‍പ്പെട്ടും, തന്ത്രപ്രധാനമായ ഭൂഗര്‍ഭ അറകളില്‍ (Strategic Petroleum Reserves) വന്‍തോതില്‍ എണ്ണ സംഭരിച്ചുവെച്ചും രാജ്യം ഇന്ധന സുരക്ഷ ഉറപ്പാക്കിയിരിക്കുന്നു. ഡോളറിന്മേലുള്ള അമിത ആശ്രയത്വം കുറയ്ക്കാനും വിദേശനാണ്യ ശേഖരം ചോര്‍ന്നുപോകുന്നത് തടയാനുമായി സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുമായി രൂപയില്‍ നേരിട്ട് വ്യാപാരം (Rupee Trade) നടത്താനുള്ള തന്ത്രപരമായ കരാറുകള്‍ സര്‍ക്കാര്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
ഗള്‍ഫ് മേഖലയെ മാത്രം അമിതമായി ആശ്രയിക്കുന്നത് ഭാവി സുരക്ഷിതമാക്കില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ ഭാരതം, ലോകത്തിന്റെ ഇതര കോണുകളില്‍ നമ്മുടെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി പുതിയ തൊഴില്‍ വിപണികള്‍ തുറക്കാനുള്ള തന്ത്രപരമായ നീക്കങ്ങളിലാണ്. ഇതിന്റെ ഭാഗമായി വിവിധ വികസിത രാഷ്ട്രങ്ങളുമായി സുപ്രധാനമായ കുടിയേറ്റ-തൊഴില്‍ കരാറുകളില്‍ രാജ്യം ഒപ്പുവെച്ചുകഴിഞ്ഞു. 2022-ല്‍ ഐ.ടി, നഴ്‌സിംഗ് മേഖലകളില്‍ ആയിരക്കണക്കിന് ഭാരതീയര്‍ക്ക് ജര്‍മ്മനിയില്‍ തൊഴില്‍ ഉറപ്പാക്കുന്ന കരാറും, തൊട്ടുപിന്നാലെ 2023-ല്‍ പ്രതിവര്‍ഷം 12,000 നൈപുണ്യമുള്ള (Skilled) തൊഴിലാളികള്‍ക്ക് ഇറ്റലിയില്‍ ജോലി ചെയ്യാനുള്ള അവസരമൊരുക്കുന്ന ചരിത്രപരമായ കരാറും നിലവില്‍വന്നു. കൂടാതെ, യുവ പ്രൊഫഷണലുകള്‍ക്കായി പ്രതിവര്‍ഷം 3,000 വിസകള്‍ അനുവദിക്കുന്ന യു.കെ. യുടെ ‘യങ് പ്രൊഫഷണല്‍ സ്‌കീം’, ഓസ്ട്രിയയുമായി 2023-ല്‍ ഒപ്പുവെച്ച സമാന കരാര്‍ എന്നിവയും ഇതില്‍ നിര്‍ണ്ണായകമാണ്.
ഇത്തരം ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികള്‍ കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് പുതിയ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്. പരമ്പരാഗത ഗള്‍ഫ് കുടിയേറ്റത്തിനപ്പുറം ഉയര്‍ന്ന ജീവിതസാഹചര്യങ്ങളും സാമൂഹിക സുരക്ഷിതത്വവുമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് നയിക്കാന്‍ ഈ പദ്ധതികള്‍ നമ്മുടെ യുവതലമുറയെ പ്രേരിപ്പിക്കുന്നു.
നിലവിലെ ആഗോള പ്രതിസന്ധി മൂലം രൂപപ്പെടുന്ന ആഭ്യന്തര വിലക്കയറ്റം, ഓഹരി വിപണിയിലെ താല്‍ക്കാലിക ഇടിവ്, പ്രവാസികളുടെ പെട്ടെന്നുള്ള മടക്കം എന്നിവ ഹ്രസ്വകാല വെല്ലുവിളികളായി ഭാരതത്തിന് മുന്നിലുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, ഇതിനെ നേരിടാന്‍ കൃത്യമായ വിപണി ഇടപെടലുകളിലൂടെയും നികുതിയിളവുകളിലൂടെയും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറച്ച്, ആഭ്യന്തര ഉല്‍പ്പാദനം പരമാവധി വര്‍ദ്ധിപ്പിച്ചുകൊണ്ട് പൂര്‍ണ്ണ സ്വയംപര്യാപ്തത കൈവരിക്കാനാണ് ‘ആത്മനിര്‍ഭര്‍ ഭാരത്’ പദ്ധതിയിലൂടെ രാജ്യം ലക്ഷ്യമിടുന്നത്.
കയറ്റുമതി തടസ്സപ്പെട്ടതോടെ പ്രതിസന്ധിയിലായ ചെറുകിട വ്യവസായികള്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പകള്‍ ലഭ്യമാക്കി അവരെ സംരക്ഷിക്കുക, ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് രാജ്യത്തിനകത്ത് തന്നെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ ബഹുമുഖ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നുണ്ട്. നിലവിലെ ആഗോള സാഹചര്യം നിര്‍മ്മാണം, കപ്പല്‍ ഗതാഗതം, പരമ്പരാഗത കയറ്റുമതി എന്നീ മേഖലകള്‍ക്ക് കനത്ത ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം, നഴ്‌സിംഗ് ഉള്‍പ്പെടെയുള്ള ആരോഗ്യ സംരക്ഷണ (Healthcare) മേഖലയില്‍ ഭാരതീയര്‍ക്കുള്ള അന്താരാഷ്ട്ര ഡിമാന്‍ഡ് ഇപ്പോഴും ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ഇതിനൊപ്പം തന്നെ, ലോക നേതാക്കളുമായി നേരിട്ട് ആശയവിനിമയം നടത്തി പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര ശ്രമങ്ങളും ഭാരതം സജീവമായി തുടരുന്നു. ഇസ്രായേല്‍, ഇറാന്‍, സൗദി അറേബ്യ തുടങ്ങിയ പരസ്പരം പോരടിക്കുന്ന രാജ്യങ്ങളുമായി ഒരേസമയം ഭാരതം പുലര്‍ത്തുന്ന സന്തുലിതമായ സൗഹൃദബന്ധം രാജ്യത്തെ വലിയൊരു പരിധി വരെ ആഗോള പ്രതിസന്ധികളില്‍ നിന്ന് കാത്തുരക്ഷിക്കുന്നുണ്ട്.
ആഗോള ഊര്‍ജ്ജ വിതരണം തടസ്സപ്പെടുമ്പോഴും, റഷ്യ ഉള്‍പ്പെടെയുള്ള ഇതര സ്രോതസ്സുകളില്‍ നിന്ന് ക്രൂഡോയില്‍ ഇറക്കുമതി ശക്തമാക്കിക്കൊണ്ട് രാജ്യത്തിന്റെ ഇന്ധന സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നു. പല വിദേശരാജ്യങ്ങളിലും ഇന്ധനവില കുതിച്ചുയരുമ്പോഴും, തന്ത്രപരമായ നികുതിയിളവുകള്‍ വഴി രാജ്യത്തെ പെട്രോള്‍-ഡീസല്‍ വിലകളില്‍ വലിയ വ്യതിയാനങ്ങള്‍ വരാതെ പിടിച്ചുനിര്‍ത്താന്‍ ഭാരതത്തിന് കഴിഞ്ഞു എന്നത് നമ്മുടെ നയതന്ത്ര-സാമ്പത്തിക കരുത്തിന്റെ തെളിവാണ്. ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍, ലിക്വിഡ് പെട്രോളിയം ഗ്യാസിന്റെ (LPG) വിതരണ തടസ്സം മറികടക്കാന്‍ അമേരിക്ക, റഷ്യ, നോര്‍വേ, കാനഡ, അര്‍ജന്റീന,ആസ്ട്രേലിയ എന്നിവയ്ക്കു പുറമേ അങ്കോള, അല്‍ജീരിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഗ്യാസ് ഇറക്കുമതി ചെയ്യാനുള്ള ചര്‍ച്ചകള്‍ ഭാരതം ദ്രുതഗതിയിലാക്കിയിട്ടുണ്ട്.’
അതേസമയം, നമ്മുടെ മുന്നിലുള്ള വെല്ലുവിളികള്‍ ഒട്ടും ചെറുതല്ല. പശ്ചിമേഷ്യന്‍ തുറമുഖങ്ങളില്‍ നിന്ന് വെറും പത്തോ പന്ത്രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ ചരക്കുകപ്പലുകള്‍ ഭാരതത്തില്‍ എത്തിച്ചേരുമ്പോള്‍, സുരക്ഷിതമല്ലാത്ത ചെങ്കടല്‍ പാതകള്‍ ഒഴിവാക്കി അമേരിക്ക പോലുള്ള വിദൂര രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ക്ക് ഇവിടെയെത്താന്‍ കുറഞ്ഞത് 35 മുതല്‍ 40 ദിവസം വരെ സമയമെടുക്കും. ആഗോള വിതരണ ശൃംഖല നേരിടുന്ന അസ്ഥിരത കാരണം ചെങ്കടല്‍, ഹോര്‍മുസ് കടലിടുക്ക് തുടങ്ങിയ തന്ത്രപ്രധാന ജലപാതകള്‍ സുരക്ഷിതമല്ലാതായിത്തീര്‍ന്നിരിക്കുകയാണ്. ഇത് ചരക്കുനീക്കം വൈകിപ്പിക്കുന്നതിനൊപ്പം കപ്പല്‍ വാടകയും ഇന്‍ഷൂറന്‍സ് തുകയും കുത്തനെ ഉയരാന്‍ കാരണമാകുന്നു. ഇത്തരം അധികച്ചെലവുകള്‍ ആഭ്യന്തര വിപണിയില്‍ വിലക്കയറ്റത്തിന് വഴിതുറക്കും. ആഗോള നിക്ഷേപകര്‍ ആശങ്കയിലാകുന്നതോടെ ഓഹരി വിപണികളില്‍ വലിയ ഇടിവ് സംഭവിക്കാനുള്ള സാധ്യതയുമുണ്ട്.
യുദ്ധമേഖലകളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ പെട്ടെന്നുള്ള മടക്കം ഭാരതത്തിന്റെ വിദേശവരുമാനത്തെ ബാധിക്കുമെന്നുമാത്രമല്ല, അവരെ മാതൃരാജ്യത്ത് സുരക്ഷിതമായി പുനരധിവസിപ്പിക്കുക എന്നത് ഭരണകൂടത്തിന് വലിയൊരു കടമ്പയായി മാറും. ഭാരതത്തെയും യൂറോപ്പിനെയും നേരിട്ട് ബന്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ചരിത്രപ്രധാനമായ ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോര്‍ (IM EC) പദ്ധതിയുടെ പുരോഗതിയെ ഈ പ്രാദേശിക പ്രതിസന്ധി താല്‍ക്കാലികമായി ബാധിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. എങ്കിലും ഭാരതവും യു.എ.ഇയും യൂറോപ്യന്‍ രാജ്യങ്ങളും ഈ പദ്ധതിയുടെ നാവിക ബന്ധങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമായി തുടരുന്നു എന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ തടസ്സങ്ങള്‍ നമ്മുടെ വ്യാപാര ലക്ഷ്യങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാണെന്നതില്‍ സംശയമില്ല. ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന എണ്ണവിലയും പലിശനിരക്കുകളും ദീര്‍ഘകാല സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകത്തെ നയിച്ചേക്കാം. ഗള്‍ഫ് രാജ്യങ്ങള്‍ അവരുടെ സാമ്പത്തിക നയങ്ങള്‍ പരിഷ്‌കരിക്കുകയും ‘നിതാഖാത്’ ഉള്‍പ്പെടെയുള്ള സ്വദേശിവല്‍ക്കരണ നിയമങ്ങള്‍ കര്‍ശനമാക്കുകയും ചെയ്യുന്നത് കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തിരിച്ചടിയാകും. ഭൗമ-രാഷ്ട്രീയ അസ്ഥിരതകള്‍ കാരണം ആഗോള നിക്ഷേപകര്‍ വികസ്വര രാജ്യങ്ങളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാനുള്ള പ്രവണതയും ദൃശ്യമാണ്.
പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ അലയൊലികള്‍ ഉടനെയൊന്നും അടങ്ങുമെന്ന് കരുതാനാകില്ല. വെടിനിര്‍ത്തലിനും നയതന്ത്ര പരിഹാരങ്ങള്‍ക്കുമായി അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും മേഖലയില്‍ പൂര്‍ണ്ണമായ രാഷ്ട്രീയ സ്ഥിരത കൈവരിക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ എടുത്തേക്കാം. എന്നാല്‍, ഈ പ്രതിസന്ധി ഘട്ടത്തിലും ഭാരതം വെറുമൊരു കാഴ്ചക്കാരനായി നില്‍ക്കുന്നില്ല. മറിച്ച്, ലോകത്തിന് സമാധാനത്തിന്റെ വഴി കാട്ടിക്കൊടുക്കുന്ന കരുത്തുറ്റ സാന്നിധ്യമായി രാജ്യം സ്വയം അടയാളപ്പെടുത്തുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ശക്തമായ നയതന്ത്ര മികവും വിപണിയിലെ തന്ത്രപരമായ ഇടപെടലുകളും വഴി പശ്ചിമേഷ്യന്‍ പ്രതിസന്ധി ഭാരതത്തിന്മേല്‍ ഏല്‍പ്പിക്കാനിരുന്ന ആഘാതത്തിന്റെ വ്യാപ്തി പകുതിയോളമായി കുറയ്ക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും ആഗോള രാഷ്ട്രീയ അസ്ഥിരതയും കാരണം ചൈനയെയും പശ്ചിമേഷ്യയെയും അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇന്ന് ലോകരാജ്യങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഈ പുതിയ ആഗോള സാഹചര്യത്തെ വിതരണ ശൃംഖലയിലെ ‘വിശ്വസ്ത പങ്കാളി’ (Trusted Supply Chain Partner) എന്ന പദവി ഉപയോഗിച്ച് സ്വന്തം അനുകൂലമാക്കാനാണ് ഭാരതം ശ്രമിക്കുന്നത്. ആപ്പിള്‍, സാംസങ് തുടങ്ങിയ ആഗോള വമ്പന്മാര്‍ തങ്ങളുടെ ഉല്‍പ്പാദന ശൃംഖലകള്‍ വലിയ തോതില്‍ ഭാരതത്തിലേക്ക് മാറ്റുന്നത് ഇതിന് ഉത്തമ ഉദാഹരണമാണ്. ‘മേക് ഇന്‍ ഇന്ത്യ’ (Make in India) പദ്ധതിയിലൂടെ ലോകത്തിന് വിശ്വസിക്കാവുന്ന ഒരു നിര്‍മ്മാണ ഹബ്ബായി രാജ്യം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. വിവിധ മുന്‍ഗണനാ മേഖലകളില്‍ ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പി.എല്‍.ഐ (ജൃീറൗരശേീി ഘശിസലറ കിരലിശേ്‌ല ജഘക) പദ്ധതി ഇതിനകം തന്നെ കോടിക്കണക്കിന് രൂപയുടെ വിദേശ നിക്ഷേപങ്ങളെയാണ് ഭാരതത്തിലേക്ക് ആകര്‍ഷിച്ചത്.
ആഗോള പ്രതിസന്ധികളെ തന്ത്രപരമായ അവസരങ്ങളാക്കി മാറ്റാനാണ് ഭാരതം നിലവില്‍ ശ്രമിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നത്, ഭാരതത്തിന്റെ ഹരിത ഊര്‍ജ്ജ (Green Energy) ലക്ഷ്യങ്ങളിലേക്കുള്ള പരിവര്‍ത്തനം വേഗത്തിലാക്കാന്‍ സഹായിക്കും എന്നതില്‍ സംശയമില്ല. രാജ്യത്തെ ആഗോള ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദന കേന്ദ്രമാക്കി മാറ്റുന്നതിലൂടെ ഊര്‍ജ്ജ കാര്യത്തില്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് പൂര്‍ണ്ണമായി അവസാനിപ്പിക്കാന്‍ ഭാരതം ലക്ഷ്യമിടുന്നു. അന്താരാഷ്ട്ര സൗരസഖ്യത്തിന് (International Solar Alliance – ISA) നേതൃത്വം നല്‍കിക്കൊണ്ട് പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ ഭാരതം ഇപ്പോള്‍ ലോകത്തെ നയിക്കുകയാണ്.
ഭാരതത്തെയും യൂറോപ്പിനെയും പശ്ചിമേഷ്യ വഴി നേരിട്ട് ബന്ധിപ്പിക്കുന്ന ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോര്‍ (IMEC) പോലുള്ള പദ്ധതികള്‍ക്ക് രാജ്യം അതീവ പ്രാധാന്യമാണ് നല്‍കുന്നത്. നിലവിലെ യുദ്ധസാഹചര്യങ്ങള്‍ കാരണം ഈ പദ്ധതി താല്‍ക്കാലികമായി വൈകുന്നുണ്ടെങ്കിലും, ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ ഭാരതം ലോകവ്യാപാരത്തിന്റെ തന്ത്രപ്രധാനമായ ശ്രദ്ധാകേന്ദ്രമായി മാറും.
ആഗോള അസ്ഥിരതകളില്‍ ഡോളറിന്റെ മൂല്യം അനിയന്ത്രിതമായി ഉയരുന്നത് പല വികസ്വര രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നുണ്ട്. ഈ അവസരത്തില്‍ ഡോളറിന് പകരമായി സ്വന്തം കറന്‍സിയായ ‘രൂപയില്‍’ വ്യാപാരം നടത്തുവാന്‍ ഭാരതം സൗദി അറേബ്യ, യു.എ.ഇ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്.ഇതിനൊപ്പം യു.പി. ഐ (UPI) പോലെയുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് സാങ്കേതികവിദ്യകള്‍ ആഗോളതലത്തില്‍ അവതരിപ്പിച്ചുകൊണ്ട് സാമ്പത്തിക സാങ്കേതിക (Fintech) രംഗത്തും ഭാരതം ലോകത്തെ നയിക്കുന്നു. ഇത് അന്താരാഷ്ട്ര സാമ്പത്തിക ഇടപാടുകളില്‍ ഭാരതത്തിന് വലിയ സ്വാധീനം ഉറപ്പാക്കാന്‍ സഹായിക്കും
പ്രത്യേകിച്ച് റഷ്യ, യു.എ.ഇ തുടങ്ങിയ സുപ്രധാന രാജ്യങ്ങളുമായി രൂപയില്‍ തന്നെ നേരിട്ട് വ്യാപാര ഇടപാടുകള്‍ നടത്തുന്നത് വഴി ഡോളറിനെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഭാരതത്തിന് സാധിക്കും. ഭാവിയില്‍ രൂപയുടെ അന്താരാഷ്ട്ര മൂല്യം വര്‍ദ്ധിപ്പിക്കുകയും നമ്മുടെ നാണയത്തെ ഒരു ആഗോള കറന്‍സിയായി മാറ്റിയെടുക്കുകയും ചെയ്യുക എന്നതാണ് ഈ തന്ത്രപരമായ നീക്കങ്ങളുടെ ദീര്‍ഘകാല ലക്ഷ്യം. രാസവളങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ കാര്യത്തില്‍ പരമാവധി സ്വയംപര്യാപ്തത കൈവരിക്കാനായി ‘ആത്മനിര്‍ഭര്‍ ഭാരത്’ പദ്ധതി പ്രകാരം ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ സജീവമായി മുന്‍കൈയെടുക്കുന്നു. ഇത് കര്‍ഷകരെയും സാധാരണക്കാരെയും ഒരു പരിധിവരെ ആഗോള യുദ്ധങ്ങളുടെയും വിലക്കയറ്റത്തിന്റെയും ആഘാതത്തില്‍ നിന്ന് കാത്തുരക്ഷിക്കുന്നുണ്ട്.
ചുരുക്കത്തില്‍, പ്രതിസന്ധികളെപ്പോലും അവസരങ്ങളാക്കി മാറ്റുന്ന ഒരു ‘പ്രോ-ആക്ടീവ്’ (Pro-active) നയതന്ത്രമാണ് ഭാരതം നിലവില്‍ സ്വീകരിക്കുന്നത്. സൈനികശക്തിയേക്കാള്‍ ഉപരിയായി തങ്ങളുടെ സാമ്പത്തികവും സാങ്കേതികവുമായ കരുത്ത് ഉപയോഗിച്ചാണ് ഭാരതം ഈ ആഗോള വെല്ലുവിളികളെ നേരിടുന്നത്. വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ആത്മനിര്‍ഭര്‍ ഭാരത് നയത്തിന്റെ ഭാഗമായി സെമികണ്ടക്ടറുകള്‍, അത്യാധുനിക പ്രതിരോധ ഉപകരണങ്ങള്‍, രാസവളങ്ങള്‍ എന്നിവ രാജ്യത്തിനകത്ത് തന്നെ ഉത്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ വലിയ പ്രോത്സാഹനമാണ് നല്‍കുന്നത്. ഹ്രസ്വകാല പ്രതിസന്ധികളെ മറികടക്കാന്‍ സര്‍ക്കാര്‍ വിപണിയിടപെടലുകളും നികുതിയിളവുകളും നല്‍കുമ്പോള്‍ തന്നെ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പൂര്‍ണ്ണ സ്വയംപര്യാപ്തത കൈവരിക്കാനാണ് ഭാരതം ലക്ഷ്യമിടുന്നത്. അതോടൊപ്പം, ഭാരതത്തിന്റെ വിദേശനാണ്യ ശേഖരത്തെ ശക്തിപ്പെടുത്തുന്നതില്‍ പ്രവാസികള്‍ വഹിക്കുന്ന നിര്‍ണ്ണായക പങ്ക് കണക്കിലെടുത്ത്, അസ്ഥിരമായ ആഗോള സാഹചര്യങ്ങളില്‍ മടങ്ങിയെത്തുന്നവര്‍ക്കായി പുതിയ പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള സജീവമായ ഏകോപനം ഇപ്പോള്‍ അത്യന്താപേക്ഷിതമായി മാറിയിരിക്കുന്നു.
ആഭ്യന്തര വിപണിയിലെ എണ്ണവില നിയന്ത്രിക്കുന്നതിനായി മുന്‍ വര്‍ഷങ്ങളില്‍ കേന്ദ്ര എക്‌സൈസ് തീരുവയില്‍ വരുത്തിയ തന്ത്രപരമായ കുറവുകള്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് വലിയ നഷ്ടമില്ലാതെ കുറഞ്ഞ നിരക്കില്‍ ഇന്ധനം വിതരണം ചെയ്യാന്‍ സഹായകരമായിട്ടുണ്ട്. ഇതിനൊപ്പം തന്നെ ഇന്ധനത്തിന്റെ ആഭ്യന്തര കയറ്റുമതിക്ക് പ്രത്യേക ലെവി ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തയ്യാറായി. പെട്രോളില്‍ 20% എഥനോള്‍ മിശ്രിതം ചേര്‍ക്കുക എന്ന ലക്ഷ്യം 2025-26 കാലയളവില്‍ത്തന്നെ വിജയകരമായി കൈവരിച്ച ‘എഥനോള്‍ ബ്ലെന്‍ഡിംഗ് പ്രോഗ്രാം’ (Ethanol Blending Program), ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ വൈവിധ്യവല്‍ക്കരണം എന്നീ നിര്‍ണ്ണായക നീക്കങ്ങളിലൂടെ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്പന വിലയില്‍ വലിയ മാറ്റങ്ങളില്ലാതെ സുസ്ഥിരമായി നിലനിര്‍ത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്.
ലോകം ആഗോള മാന്ദ്യത്തിലേക്കോ?
‘ഒരു രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ പെട്ടെന്ന് തകരുകയും ജനങ്ങളുടെ വരുമാനത്തിലും ജീവിതനിലവാരത്തിലും വലിയ ഇടിവുണ്ടാകുകയും ചെയ്യുന്ന അവസ്ഥയെയാണ് സാമ്പത്തിക പ്രതിസന്ധി (Economic Crisis) എന്ന് വിളിക്കുന്നത്. പ്രശസ്ത അമേരിക്കന്‍ പ്രസിഡന്റ് ഹാരി ട്രൂമാന്‍ പറഞ്ഞതുപോലെ, ‘അയല്‍ക്കാരന് ജോലി നഷ്ടപ്പെട്ടാല്‍ അത് സാമ്പത്തിക മാന്ദ്യവും (Recession), നമുക്ക് ജോലി നഷ്ടപ്പെട്ടാല്‍ അത് സാമ്പത്തിക പ്രതിസന്ധിയുമാണ് (ഉലുൃലശൈീി). ലളിതമായി പറഞ്ഞാല്‍, സാധനങ്ങളുടെ വില നിയന്ത്രണാതീതമായി ഉയരുക (Inflation), തൊഴിലവസരങ്ങള്‍ ഇല്ലാതാകുക, ബാങ്കുകള്‍ പണലഭ്യതയ്ക്ക് ബുദ്ധിമുട്ടുക, രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പ്പാദന നിരക്ക് (GDP) കുത്തനെ താഴോട്ട് പോകുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. വിപണിയില്‍ പണത്തിന്റെ ഒഴുക്ക് നിലയ്ക്കുകയും ക്രയശേഷി നഷ്ടപ്പെട്ട് ജനങ്ങള്‍ സാധനങ്ങള്‍ വാങ്ങാന്‍ ഭയപ്പെടുകയും ചെയ്യുന്നതോടെ ഈ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു.
ആഗോള വിപണി ഇന്ന് നേരിടുന്നത് പുതിയ യുദ്ധങ്ങളും സംഘര്‍ഷങ്ങളും അടിച്ചേല്‍പ്പിച്ച ഒരു ‘അദൃശ്യ നികുതി’യാണ്. പെട്രോള്‍ പമ്പിലെ വിലക്കയറ്റം മുതല്‍ സാധാരണക്കാരുടെ അടുക്കളയിലെ ഭക്ഷ്യക്ഷാമം വരെ ഈ ഭൗമ-രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പ്രത്യാഘാതങ്ങള്‍ എത്തിനില്‍ക്കുന്നു. വരും ആഴ്ചകളില്‍ അന്താരാഷ്ട്ര തലത്തിലുള്ള ഈ യുദ്ധസാഹചര്യങ്ങള്‍ക്ക് ശമനമുണ്ടായില്ലെങ്കില്‍, ലോകം 2008-ലേതിനേക്കാള്‍ വലിയൊരു സാമ്പത്തിക തകര്‍ച്ചയെ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
നിലവിലെ സങ്കീര്‍ണ്ണമായ ആഗോള സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍ ഭാരതം ഒരു സാമ്പത്തിക തകര്‍ച്ചയുടെ വക്കിലാണെന്ന് പറയാനാകില്ല. 2026-ലെ ഏറ്റവും പുതിയ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയായി ഏകദേശം 6.5% മുതല്‍ 7% വരെയുള്ള ജി.ഡി.പി (GDP) വളര്‍ച്ചാ നിരക്കോടെ ഭാരതം മുന്നേറുകയാണ്. പശ്ചിമേഷ്യന്‍ യുദ്ധവും അന്താരാഷ്ട്ര ഭൗമ-രാഷ്ട്രീയ പ്രശ്‌നങ്ങളും ആഗോളതലത്തില്‍ എണ്ണവില വര്‍ദ്ധിപ്പിക്കുന്നുണ്ടെങ്കിലും, ഭാരതത്തിന്റെ 700 ബില്യണ്‍ ഡോളറിന് മുകളിലുള്ള ശക്തമായ വിദേശനാണ്യ ശേഖരവും (എീൃലഃ ഞലലെൃ്‌ല)െ ശക്തമായ ആഭ്യന്തര വിപണിയിലെ ഡിമാന്‍ഡും രാജ്യത്തിന് ഒരു സുരക്ഷിത കവചമായി പ്രവര്‍ത്തിക്കുന്നു. എങ്കിലും, ആഗോള വിപണിയിലെ അസ്ഥിരതകള്‍ സൃഷ്ടിക്കുന്ന തൊഴിലില്ലായ്മയും ഗ്രാമീണ മേഖലകളിലെ വരുമാനക്കുറവും നാം ജാഗ്രതയോടെ കാണേണ്ടതുണ്ട്. ചുരുക്കത്തില്‍, ഭാരതം ഇപ്പോള്‍ ഒരു ‘സാമ്പത്തിക പ്രതിസന്ധിയില്‍’ അല്ലെങ്കിലും, ആഗോള യുദ്ധങ്ങളും എണ്ണവിലയിലെ അനിശ്ചിതത്വവും തുടര്‍ന്നാല്‍ വരും മാസങ്ങളില്‍ അതീവ ജാഗ്രത പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
‘ലോകം ആഗോള മാന്ദ്യത്തിലേക്ക് വഴുതിവീഴുമോ?’ എന്ന ചോദ്യത്തിന്റെ ഉത്തരം പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ ദൈര്‍ഘ്യത്തെയും അതിന്റെ വ്യാപ്തിയെയും ആശ്രയിച്ചിരിക്കും. യുദ്ധം പെട്ടെന്ന് അവസാനിക്കുകയും അന്താരാഷ്ട്ര വ്യാപാരപാതകള്‍ സുരക്ഷിതമായി തുറന്നുകൊടുക്കുകയും ചെയ്താല്‍ ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ഈ മുരടിപ്പില്‍ നിന്ന് അതിവേഗം കരകയറാം. എന്നാല്‍ യുദ്ധം നീണ്ടുപോവുകയും ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായി അടയ്ക്കപ്പെടുകയും ചെയ്താല്‍ എണ്ണവില ബാരലിന് 150 ഡോളര്‍ വരെ ഉയര്‍ന്നേക്കാം. ഇത് ആഗോളതലത്തില്‍ ജനജീവിതം ദുസ്സഹമാക്കുകയും കടുത്ത സാമ്പത്തിക മാന്ദ്യത്തിന് വഴിതുറക്കുകയും ചെയ്യും. ലോകരാജ്യങ്ങള്‍ തങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ മാറ്റിവെച്ച് പ്രതിരോധത്തിനായി കൂടുതല്‍ പണം ചെലവാക്കുന്നത് സാമ്പത്തിക ഭദ്രതയെ ദോഷകരമായി ബാധിക്കും. യുദ്ധത്തിന്റെ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ അന്താരാഷ്ട്ര ഓഹരി വിപണികളില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ തുടരുകയാണ്.
ചുരുക്കത്തില്‍, ലോകം ഇപ്പോള്‍ ഒരു ആഗോള സാമ്പത്തിക വളര്‍ച്ചാ മുരടിപ്പിലൂടെയാണ് കടന്നുപോകുന്നത്. ഇറാന്‍-യു.എസ്-ഇസ്രായേല്‍ സംഘര്‍ഷങ്ങള്‍ കൂടുതല്‍ വഷളായാല്‍ ഇത് ഒരു ആഗോള സാമ്പത്തിക മഹാപ്രതിസന്ധിയായി മാറാന്‍ അധികം സമയം വേണ്ടിവരില്ല. സമാധാന ചര്‍ച്ചകളും സുതാര്യമായ നയതന്ത്ര ഇടപെടലുകളും മാത്രമാണ് ആഗോള സമ്പദ്വ്യവസ്ഥയെ രക്ഷിക്കാനുള്ള ഏകമാര്‍ഗ്ഗം. ഇവിടെയാണ് വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ആഗോള ശക്തി എന്ന നിലയിലും വിശ്വസ്ത പങ്കാളി എന്ന നിലയിലും ഭാരതത്തിന്റെ നിലപാട് നിര്‍ണ്ണായകമാകുന്നത്. യുദ്ധം ലോകത്തിന് പ്രതിസന്ധിയാണെങ്കിലും, ഭാരതത്തിന്റെ നിഷ്പക്ഷവും സമാധാനപരവുമായ നയതന്ത്ര നിലപാടിനെ ആദരവോടെയാണ് ആഗോള സമൂഹം വീക്ഷിക്കുന്നത്. ഭാരതത്തിന്റെ ശക്തമായ ഇടപെടലുകള്‍ വഴി ഈ യുദ്ധത്തിന് ഒരു ശാശ്വത പരിഹാരം കാണുവാന്‍ സാധിക്കുമെന്ന് പല പ്രമുഖ രാഷ്ട്രങ്ങളും വിശ്വസിക്കുന്നു. സ്വന്തം പ്രവാസികളുടെയും സാധാരണക്കാരുടെയും ദേശീയ താല്‍പ്പര്യങ്ങള്‍ ദൃഢമായി സംരക്ഷിച്ചുകൊണ്ട്, ഭാരതം ഈ കനല്‍പ്പാതകള്‍ വിജയകരമായി കടന്ന് ‘നവഭാരതമായി’ പ്രൗഢിയോടെ മുന്നേറുക തന്നെ ചെയ്യും.
(ലേഖകന്‍ കേരള കേന്ദ്ര സര്‍വകലാശാല ടൂറിസം സ്റ്റഡീസ് വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്)






















