ശിവപുരത്തെ ശാന്തിക്കാരന്‍
വിജയകൃഷ്ണന്‍
പേജ്: 157: വില: 300 രൂപ
ക്വാണ്ടിക് ബുക്‌സ്
തിരുവനന്തപുരം
ഫോണ്‍: 8547355154
ആത്മകഥാംശമടങ്ങിയ അനുഭവക്കുറിപ്പുകളാണ് പ്രശസ്ത ചലച്ചിത്ര നിരൂപകനായ വിജയകൃഷ്ണന്റെ ശിവപുരത്തെ ശാന്തിക്കാരന്‍. നാട്ടിലെ നന്മനിറഞ്ഞവരുടെ അപൂര്‍വ്വ കഥകളുടെ കെട്ടഴിക്കുമ്പോള്‍ ഒരോ വായനക്കാരന്റെയും അനുഭവവുമായി താദാത്മ്യം പ്രാപിക്കുന്നതായി തോന്നും. ആശാനും പ്രവചനവും കവിടിയും പാരായണവും പീടിക കോലായിയും നിറഞ്ഞാടിയ നാടന്‍ ശീലുകള്‍. പ്രശസ്തനായ എഴുത്തുകാരനും ആദ്യകാലത്ത് ഹിന്ദു ആദ്ധ്യാത്മിക സംഘടനകള്‍ക്ക് കേരളത്തില്‍ വേരുണ്ടാക്കാന്‍ ദില്ലിയിലും ഇന്ത്യയുടെ നാനാഭാഗത്തും സഞ്ചരിക്കുകയും ചെയ്ത ഒരു മഹാനുണ്ടായിരുന്നു, സാധുശീലന്‍ പരമേശ്വരന്‍. കേരള രാഷ്ട്രീയത്തിലെ പ്രമുഖനായ കെ.രാമന്‍പിള്ളയുടെ സഹോദരന്‍. കേസരിയുടെ പത്രാധിപര്‍. ഹിന്ദു പരിചയം പോലുള്ള അനവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. അദ്ദേഹത്തിന്റെ മകനാണ് വിജയകൃഷ്ണന്‍. അവസാന കാലം സന്യാസം സ്വീകരിച്ച് പരമേശ്വരാനന്ദയായി. അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകളും യാത്രകളും ഇതില്‍ പ്രതിപാദിക്കുന്നു.
സിനിമാക്കാലവും കേരളത്തിലെ പ്രശസ്തരായ സാഹിത്യകാരന്മാരുമായുള്ള സമ്പര്‍ക്കവും കത്തിടപാടുകളും ഇതില്‍ അയവിറക്കുന്നുണ്ട്. കുട്ടിക്കാലം മുതല്‍ തുടങ്ങിയ എഴുത്ത് ശീലം പിന്നീട് കോളേജ് വിദ്യാഭ്യാസ കാലത്തും തുടര്‍ന്നു. അക്കാലത്തെ എഴുതാനുള്ള പ്രേരണ സാധുശീലനായിരുന്നുവത്രേ. തന്റെ ജീവിതത്തില്‍ അച്ഛന്‍ ചെലുത്തിയ സ്വാധീനം ഓര്‍മ്മിക്കുകയാണ് മകന്‍.
മാനവപുരോയാനം
ഇ.വി. സദാനന്ദന്‍
ഗംഗാ ബുക്‌സ്, കോഴിക്കോട്
പേജ്: 254 വില: 350 രൂപ
ഫോണ്‍: 9447022920
സുഖദുഃഖസമ്മിശ്രമാണല്ലോ മനുഷ്യജീവിതം. ജീവിതത്തിലെ ദുഃഖങ്ങളുടെ തീവ്രത എങ്ങിനെ കുറയ്ക്കാമെന്ന അന്വേഷണമാണ് ഇ.വി. സദാനന്ദന്റെ ‘മാനവപുരോയാനം’ എന്ന ഈ കൃതി. ഇതിലെ ചെറിയ ചിന്തകള്‍ വേദനിക്കുന്ന മനസ്സുകള്‍ക്ക് അല്‍പമെങ്കിലും ആശ്വാസമേകുമെന്ന കാര്യത്തില്‍ സംശയമുണ്ടാവില്ല. വ്യക്തിജീവിതത്തിലായാലും കുടുംബ ജീവിതത്തിലായാലും സമൂഹ ജീവിതത്തിലായാലും മനസ്സിന്റെ സമതാളം ഉണ്ടാകുമ്പോഴാണ് ജീവിതം ധന്യമാകുന്നത്. അഹങ്കാരവും സ്വാര്‍ത്ഥതയുമാണ് എല്ലാ കുടുംബസാമൂഹ്യ പ്രശ്‌നങ്ങള്‍ക്കും കാരണം. അതിനാല്‍ തന്നെ മനുഷ്യമനസ്സിന്റെ സമഗ്രമായ വളര്‍ച്ചയ്ക്കും സാമൂഹ്യ ഉദ്ധാരണത്തിനും വേണ്ട ചിന്തകള്‍ ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. തത്വചിന്തകന്റെ ഉള്‍ക്കാഴ്ചയും സാമൂഹ്യപരിഷ്‌ക്കര്‍ത്താവിന്റെ ധിഷണാശക്തിയും ഉള്‍ക്കൊണ്ട് മനുഷ്യമനുസ്സുകളെ എങ്ങനെ ഉദ്ധരിക്കാമെന്ന ആത്മാര്‍ത്ഥമായ ശ്രമം ഈ പുസ്തകത്തെ അര്‍ത്ഥവത്താക്കുന്നു.
നാട്ടുചൊല്ലുകളുടെ മുത്തശ്ശി
പ്രകാശന്‍ ചുനങ്ങാട്
പേജ്: 120 വില:150 രൂപ
ഇന്ത്യാ ബുക്‌സ്, കോഴിക്കോട്
9447394322
പഴഞ്ചൊല്ലുകള്‍ക്ക് പഞ്ഞമില്ലാത്ത ഭാഷയാണ് നമ്മുടെ മലയാളം. അറിഞ്ഞോ അറിയാതെയോ നിത്യജീവിതത്തില്‍ നാം എത്രയോ പഴഞ്ചൊല്ലുകള്‍ ഉരുളയ്ക്കുപ്പേരി പോലെ പ്രയോഗിക്കാറുണ്ട്. മലയാളത്തിലെ അനേകം പഴഞ്ചൊല്ലുകള്‍ എഴുത്തുകാരനായ പ്രകാശന്‍ ചുനങ്ങാട് ഒരു മുത്തശ്ശി പറഞ്ഞു തരുന്ന പഴമൊഴിക്കഥകളായി ‘നാട്ടുചൊല്ലുകളുടെ മുത്തശ്ശി’ എന്ന പുസ്തകത്തില്‍ കോര്‍ത്തിണക്കിയിരിക്കുന്നു.
കുട്ടികള്‍ക്ക് രസകരമായി വായിക്കാവുന്ന ഒരു പുസ്തകമാണിത്. ഒപ്പം അനേകം പഴമൊഴികള്‍ അറിയാനും അവര്‍ക്ക് കഴിയും. അവതാരികയില്‍ പ്രസിദ്ധ നിരൂപകനായ കെ.പി.ശങ്കരന്‍ ‘സാധാരണ ഒരു പഴഞ്ചൊല്‍ നിഘണ്ടുവിനെ അതിശയിക്കുന്ന ആഖ്യാനവും അവതരണരീതിയും പ്രകാശന്റെ ഈ ലഘു കൃതിയെ ചരിതാര്‍ത്ഥമാക്കുന്നു’ എന്ന് അഭിപ്രായപ്പെടുന്നു. ശ്രീഹരിയുടെ ചിത്രങ്ങളും ആകര്‍ഷകങ്ങളാണ്.






















