HISTORY OF UNTRUTH
Umari Kasivelu
Indus Scrolls Press, Delhi
Page: 212 Rate: Rs.499
ദക്ഷിണേന്ത്യയില്‍ തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഹിന്ദുക്കളുടെ പേരും കുലത്തൊഴിലും നിലവിലുള്ള ജാതിയും നിലനിര്‍ത്തിക്കൊണ്ട് ക്രിസ്ത്യന്‍ പള്ളിയില്‍ പോകുന്ന മതംമാറ്റം വ്യാപകമായിട്ടുള്ളത്. ക്ഷേത്രാചാരങ്ങളോ പ്രസാദമോ അവര്‍ക്ക് വര്‍ജ്യമാക്കണമെന്ന് നിര്‍ദ്ദേശമുള്ളതായി അവരുടെ പെരുമാറ്റത്തില്‍ കാണാം. ഇവര്‍ ഹിന്ദു സമൂഹവുമായി ഇഴുകിച്ചേരാന്‍ വിസമ്മതിക്കും. എന്നാല്‍ ഹിന്ദു പേര് നിലനിര്‍ത്തിക്കൊണ്ട് തന്നെ സമുദായ സംവരണത്തിന്റെ അവകാശം ആസ്വദിക്കുന്നുമുണ്ട്. ഔദ്യോഗികമായി മതം മാറാതെ ഇടവകയില്‍ മറ്റൊരു പേരിലാണ് അവര്‍ അറിയപ്പെടുക. ഇത് കേരളത്തിന്റെ ചില ഭാഗത്തും ഉണ്ട്. ഉത്തരേന്ത്യയിലും വ്യാപകമാണ്. സമുദായ സംവരണം പ്രത്യേക സാഹചര്യം നിലനില്‍ക്കുന്ന ഹിന്ദു, സിഖ് തുടങ്ങിയ ഭാരതീയ മതങ്ങളില്‍ മാത്രമായതിനാലാണ് മതവിശ്വാസവും ആരാധനയും മാറിയാലും പേര് നിലനിര്‍ത്തിക്കൊണ്ട് സംവരാണാനുകൂല്യം കൈപ്പറ്റുന്നത്.
ഇത്തരം കപടനാടകത്തെ പൊളിച്ച് പറഞ്ഞിരിക്കുകയാണ് ഉമരി കാശിവേലു എഴുതിയ ‘History of untruth’ എന്ന പുസ്തകം. ഇത്തരം ഹീനകൃത്യങ്ങള്‍ ഫലപ്രദമാകാതെ വരുമ്പോള്‍ പുതിയ അടവുകളുമായാണ് രംഗപ്രവേശനമെന്ന് ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു.
ഭാരതീയ വസ്ത്രമായ സാരിയില്‍ മേരിമാത കുങ്കുമ തിലകവും ഭസ്മവിഭൂഷിതയുമായി കയ്യില്‍ പുസ്തകവുമായി രാജാരവിവര്‍മ്മ ചിത്രം മാതിരി വരച്ച് അവയെ വില്പന ചരക്കാക്കുകയും സാധാരണ ഹിന്ദുക്കളെ ആകര്‍ഷിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. യേശുക്രിസ്തു ചന്ദനക്കുറിയണിഞ്ഞ് കയ്യില്‍ വേലുമായി നില്‍ക്കുന്ന ചിത്രമാണ് മറ്റൊന്ന്. എല്ലാറ്റിലും ദൈവദര്‍ശനമെന്ന സനാതന ധര്‍മ്മ പാരമ്പര്യമുള്ള ഹിന്ദുസമുദായം ഇത്തരം കാപട്യത്തിലും വീണുപോകുമെന്ന് അവര്‍ക്കറിയാവുന്നതാണ്. പുരാണ പ്രതീകമല്ലാത്ത ഇത്തരം ദൈവിക പരിവേഷങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാത്തതും ഹിന്ദു സമുദായാംഗങ്ങള്‍ക്ക് വിനയാവുന്നു. ഈ കെണിയില്‍ അവര്‍ വീണുപോകുന്നു. കൊടിമരം, അഭിഷേകം, നിലവിളക്ക്, എഴുത്തിനിരുത്ത് എന്നിവയെല്ലാം ഇപ്പോള്‍ തന്നെ കേരളത്തില്‍ വ്യാപകമാണ്. കല്ലും മരക്കുരിശും വെള്ളത്തിലിട്ടാല്‍ പൊങ്ങി നില്‍ക്കുന്നതേതൊ അവയെ വിശ്വസിക്കണമെന്ന് വനവാസികളെ പഠിപ്പിക്കുന്ന പാസ്റ്റര്‍ ഒരുകാലത്ത് ഉണ്ടായിരുന്നു. പാല്‍പ്പൊടിയും മരുന്നും അതിന്റെ ഭാഗമായി. ഇതെല്ലാം സൂചിപ്പിക്കുന്നത് എത്രയധികം അടവുനയങ്ങള്‍ ആവിഷ്‌ക്കരിച്ച് നോക്കിയിട്ടും സനാതന ധര്‍മ്മത്തെ നിശ്ശേഷം തുടച്ചു നീക്കാനാവുന്നില്ല എന്നതാണ്. തമിഴ്‌നാട്ടിലെ സ്റ്റാലിന്റെ മകന്‍ ഉദയനിധി സനാതന ധര്‍മ്മത്തെ നശിപ്പിക്കാന്‍ ആഹ്വാനം ചെയ്തതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. ഇത്തരം കുടിലതന്ത്രങ്ങളെ തുറന്ന് കാട്ടുന്ന കൃതിയാണിത്.
മാന്ത്രികപ്പാത്രം
തോന്നയ്ക്കല്‍ കൃഷ്ണപ്രസാദ്
യെസ്പ്രസ്സ് ബുക്‌സ്
പേജ്:67 വില:110 രൂപ
ഫോണ്‍: 9048378091
കുട്ടികളുടെ ഭാവിജീവിതത്തിന്റെ ദിശനിര്‍ണ്ണയിക്കുന്നതില്‍ കഥകള്‍ക്ക് വലിയ പങ്കുണ്ട്. ഡിജിറ്റല്‍ യുഗത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യബോധവും ഭാവനയും തിരികെപ്പിടിക്കാന്‍ സഹായിക്കുന്നത് നല്ല കഥകളാണ്. അതിന് പറ്റിയ മികച്ചൊരു കൃതിയാണ് തോന്നയ്ക്കല്‍ കൃഷ്ണപ്രസാദ് രചിച്ച ‘മന്ത്രിക പാത്രം’ എന്ന പുസ്തകം. കുട്ടികളുടെ ചിന്തകള്‍ക്ക് ചിറക് വിരിക്കാനും അവരില്‍ സദ്ഗുണങ്ങള്‍ വളര്‍ത്താനും സാധിക്കുന്ന പതിനഞ്ച് കഥകളുടെ സമാഹാരമാണിത്.
വൈവിധ്യമാര്‍ന്ന ആശയങ്ങളാല്‍ സമ്പുഷ്ടമാണ് ഇതിലെ ഓരോ കഥയും. കേവലം ഉപദേശം നല്‍കുന്നതിന് പകരം ആശയം വളരെ ലളിതമായി കുട്ടികള്‍ക്ക് മനസ്സിലാക്കാവുന്ന തരത്തിലാണ് ഇതിന്റെ രചനാശൈലിയും അവതരണവും. ‘മാന്ത്രികപ്പാത്രം’ എന്ന പേര് സൂചിപ്പിച്ചത് പോലെ വായനക്കാരെ ഭാവനയുടേയും അദ്ഭുതങ്ങളുടെയും മാന്ത്രിക ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ഈ കൃതിക്ക് കഴിയും.






















