സവര്‍ക്കറും ഹിന്ദുത്വ രാഷ്ട്രീയവും
പ്രൊഫ. ടി.പി. സുധാകരന്‍
കറന്റ് ബുക്‌സ്, തൃശ്ശൂര്‍
പേജ്: 104 വില: 170 രൂപ
ഫോണ്‍: 9447087681
വിനായക് ദാമോദര്‍ സവര്‍ക്കറെക്കുറിച്ചും (1883-1966) അദ്ദേഹത്തിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തെക്കുറിച്ചും മലയാളത്തില്‍ ആദ്യമായി ഇറങ്ങിയ ശ്രദ്ധേയമായ പുസ്തകമാണ് പ്രൊഫ. ടി.പി. സുധാകരന്‍ എഴുതി കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച സവര്‍ക്കറും ഹിന്ദുത്വ രാഷ്ട്രീയവും.
ബ്രിട്ടീഷ് സര്‍ക്കാരിനോട് മാപ്പപേക്ഷിച്ചിട്ടാണ് ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ നിന്ന് അദ്ദേഹം പുറത്തു കടന്നത് എന്നതാണ് എതിരാളികള്‍ അദ്ദേഹത്തിനെതിരെ ഉപയോഗിക്കുന്ന രാഷ്ട്രീയായുധം. എന്നാല്‍ ഇന്നത്തെ Bail Petition അന്ന് Clemency Petition ആയിരുന്നു. 1911ല്‍ ജോര്‍ജ്ജ് അഞ്ചാമന്‍ ചക്രവര്‍ത്തിയുടെ കിരീടധാരണവും ദല്‍ഹി ദര്‍ബാറും പ്രമാണിച്ച് തടവുകാര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. കൂട്ടത്തില്‍ സവര്‍ക്കര്‍ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചു. രത്‌നഗിരിവിട്ട് പുറത്തുപോകാനോ സ്വാതന്ത്ര്യസമരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനോ അനുവദിച്ചതുമില്ല.
അംബേദ്കറും സവര്‍ക്കറും വിഭജന കാര്യത്തില്‍ സമാനാഭിപ്രായക്കാരായിരുന്നു. ക്ഷേത്രപ്രവേശനം, മിശ്രഭോജനം എന്നിവയിലും ഖിലാഫത്തു നേതാവും ആലിസഹോദരന്മാരില്‍ ഒരാളുമായ ഷൗക്കത്തലി സവര്‍ക്കറെ നേരില്‍ കാണാന്‍ വസതിയിലെത്തി. ഹിന്ദു- മുസ്ലീം സൗഹൃദം, ഖിലാഫത്ത് എന്നീ വിഷയങ്ങളില്‍ നടത്തിയ സംഭാഷണവും ഈ പുസ്തകത്തിലുണ്ട്.
ഗാന്ധി വധത്തില്‍ എട്ടാം പ്രതിയായി ഇദ്ദേഹത്തെ ഉള്‍പ്പെടുത്തി. ഗോഡ്‌സെയേയും ആപ്‌തെയേയും വധശിക്ഷക്കു വിധിച്ച കോടതി സവര്‍ക്കര്‍ നിരപരാധിയാണെന്നു പറഞ്ഞു വെറുതെ വിട്ടു.
ചരിത്രത്തില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും സവര്‍ക്കറെ തമസ്‌കരിക്കാനുള്ള നീക്കമാണ് ഇന്ന് നടക്കുന്നത്. സവര്‍ക്കറുടെ സംഭാവനകള്‍ വിശദമായി പ്രതിപാദിക്കുന്ന പുസ്തകമാണ് ഇത്.
യാത്ര, അനുഭവം, എഴുത്ത്
തസ്മിന്‍ ഷിബാഹ് –
സുരേഷ് കീഴില്ലം
യെസ്പ്രസ് ബുക്‌സ്
പേജ്: 102 വില: 160 രൂപ
ഫോണ്‍: 9048588887
എഴുത്തുകാരുമായി സംസാരിക്കുന്നത് ഒരു ചരിത്രമായി മാറുന്ന അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന ഒരു രചനയാണ് യാത്ര, അനുഭവം, എഴുത്ത് എന്നത്. തസ്മിന്‍ ഷിഹാബും സുരേഷ് കീഴില്ലവും മലയാളത്തിലെ എട്ട് പ്രമുഖ എഴുത്തുകാരുമായി നടത്തിയ മുഖാമുഖത്തില്‍ നിന്നും അനുഭവിച്ചറിഞ്ഞ യാഥാര്‍ത്ഥ്യം, ഓരോ മനുഷ്യനും എത്ര വലിയ പുസ്തകമാണ് എന്നും, അവന്റെയുള്ളില്‍ എത്രയെത്ര ജീവിതങ്ങളാണുളളതെന്നുമാണ്. വേദനകളില്‍ തളരാതെ, അതിനെ നല്ല സാഹിത്യ രചനയ്ക്ക് പ്രയോജനപ്പെടുത്തിയ ട്രാന്‍സ്‌ജെന്റര്‍ എഴുത്തുകാരിയുടെ അനുഭവ സാക്ഷ്യം ഏറെ ചിന്തോദ്ദീപകമാണ്. എഴുത്തുകാരന്‍ അഭിസംബോധന ചെയ്യുന്നത് മലയാളികളെ മാത്രമല്ല. അയാള്‍ക്ക് മുന്നിലുള്ളത് മാനവരാശി ഒന്നാകെയാണെന്ന അറിവ് അയാളെ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലെത്തിക്കും. അതുകൊണ്ടുതന്നെ ഇടനിലക്കാരുടെ ആവശ്യത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ല എന്നും ഇതില്‍നിന്നു വായിച്ചെടുക്കാം. സ്വയം പരിഹാസത്തില്‍ നിന്നും രൂപപ്പെടുന്നതാണ് ഓരോ കഥയുമെങ്കിലും ആത്യന്തികമായി ആത്മാന്വേഷണം തന്നെയാണ് ഓരോ കഥയും എന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുകയാണ് ഈ പുസ്തകം.






















