ലോകത്തിന്റെ പലഭാഗത്തും ഒരു പുതിയ മുല്ലപ്പൂ വിപ്ലവം അരങ്ങേറുകയാണ്. അടിച്ചമര്‍ത്തപ്പെട്ട, ഹിജാബിന്റെയും പര്‍ദ്ദയുടെയും ഉള്ളില്‍ തളച്ചിടപ്പെട്ട മുസ്ലീം സ്ത്രീകള്‍ സ്വാതന്ത്ര്യത്തിന്റെയും വിമോചനത്തിന്റെയും ഒരു പുതിയ ഇതിഹാസം രചിക്കുകയാണ്. ഒരുപക്ഷേ ഭാരതത്തില്‍ മാത്രമാണ് അതിന്റെ തുടര്‍ച്ച ഇല്ലാതെ പോകുന്നത്.
ഭാരതത്തിലും കേരളത്തിലും ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിട്ടുള്ള ഒരു വിഭാഗമാണ് ഇസ്ലാമിക സ്ത്രീസമൂഹം. ഏറ്റവും കൂടുതല്‍ സ്ത്രീസാക്ഷരതയും വിദ്യാഭ്യാസവും ഉള്ള കേരളത്തില്‍ പോലും മുസ്ലീം വനിതകള്‍ക്ക് അര്‍ഹമായ സ്വാതന്ത്ര്യമോ പ്രാധാന്യമോ ലഭിക്കുന്നില്ല. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവന. ഒരു സാധാരണ പ്രസ്താവന എന്ന നിലയില്‍ ഏതെങ്കിലും ഒരു പ്രസംഗത്തില്‍ വൈകാരികമായി പ്രകടിപ്പിച്ച ഒരു നിലപാടല്ല കാന്തപുരത്തിന്റേത്. സ്ത്രീകള്‍ വീടുകളില്‍ അടങ്ങി ഒതുങ്ങിക്കഴിയണമെന്ന് ഖുര്‍ആനില്‍ പറയുന്നുണ്ട് എന്ന നിലപാട് അടുത്തിടെ പല വേദികളിലും അദ്ദേഹം ആവര്‍ത്തിച്ചു. സ്ത്രീകള്‍ പൊതുവേദികളില്‍ വരണ്ട എന്നുപറയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണെന്നും ഇസ്ലാം സ്ത്രീകള്‍ക്ക് എല്ലാവിധ ബഹുമാനവും നല്‍കുമ്പോള്‍ ചിലര്‍ അത് ദുരുപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു. നേരത്തെ പറഞ്ഞ ഇക്കാര്യം എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ഹുബ്ബു റസൂല്‍ കോണ്‍ഫറന്‍സിലും ആവര്‍ത്തിച്ചു.
ഒരു മതേതര രാജ്യത്ത് മതം പറയാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഭരണഘടന എല്ലാ പൗരന്മാര്‍ക്കും ഉറപ്പു നല്‍കുന്നുണ്ടെന്ന് കാന്തപുരം പറഞ്ഞു. മതപരമായ വിശ്വാസത്തിന്റെ പരിധി എവിടെയാണെന്ന് കഴിഞ്ഞദിവസത്തെ ഹൈക്കോടതിവിധിയും സുപ്രീംകോടതിയുടെ പരാമര്‍ശവും കാന്തപുരത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്. ശരീയത്ത് നിയമം ഭാരതത്തിന്റെ ഭരണഘടനയുടെ മുകളിലല്ലെന്നും രാജ്യത്തിന്റെ നിയമങ്ങളാണ് ഭാരതത്തിലെ എല്ലാ പൗരന്മാരെ സംബന്ധിച്ചിടത്തോളം അവസാനവാക്ക് എന്നും ഛത്തീസ്ഗഡ് ഹൈക്കോടതിയും സുപ്രീംകോടതിയും വ്യക്തമാക്കിക്കഴിഞ്ഞു. ഭാരതത്തിന്റെ ഭരണഘടന സ്ത്രീക്കും പുരുഷനും തുല്യസ്വാതന്ത്ര്യവും അവസരസമത്വവും വിഭാവനം ചെയ്യുന്നുണ്ട്. മതവിശ്വാസത്തിന്റെ പേരില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന ഈ അവകാശം അനുവദിക്കില്ലെന്നുപറയാന്‍, സ്ത്രീകള്‍ വീട്ടിനുള്ളില്‍ ഒതുങ്ങി കഴിയണം എന്നുപറയാന്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ക്ക് എന്താണ് അധികാരം?
പര്‍ദ്ദ വലിച്ചെറിഞ്ഞ് സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടിയ അബാദി ബാനു ബീഗത്തെ ഭാരതത്തില്‍ എത്രപേര്‍ കൊണ്ടാടുന്നുണ്ട്. പൂര്‍ണ്ണ സ്വരാജിനുവേണ്ടി ആഹ്വാനം ചെയ്യുകയും അതിനുവേണ്ടി തൂലിക ചലിപ്പിക്കുകയും ചെയ്ത ഉറുദു ഇ മുല്ല പത്രാധിപയായിരുന്ന ബീഗം നിഷാത്തുന്നിസാ മോഹാനിയെ കേരളത്തിലെ മുസ്ലീം ലീഗുകാര്‍ക്ക് അറിയുമോ? 1857 ലെ സ്വാതന്ത്ര്യസമരത്തില്‍ സായുധപോരാളികളെ നയിച്ച മുസ്ലീം വനിതയായ അഷ്ഗാനി ബീഗത്തെ സ്ത്രീകള്‍ പൊതുവേദിയില്‍ വരരുതെന്ന് പറയുന്ന ഈ മുല്ലാക്കമാര്‍ക്ക് അറിയുമോ? ഝാന്‍സിയിലെ റാണി ലക്ഷ്മിഭായിക്കൊപ്പം അവരുടെ അംഗരക്ഷകയായി മരണം വരെ ഒപ്പമുണ്ടായിരുന്ന മൂണ്‍ ദാറിനെ, സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ജയില്‍വാസം അനുഷ്ഠിച്ച ബീബി അംതുസ്സ് സലാമിനെ ഇവരാരെങ്കിലും പഠിച്ചിട്ടുണ്ടോ? പൊതുരംഗത്ത് മുസ്ലീം പുരുഷന്മാരെക്കാള്‍ കൂടുതല്‍ മുസ്ലീം സ്ത്രീകളുണ്ടായിരുന്നു എന്നതാണ് നമ്മുടെ പാരമ്പര്യം. ഈ പാരമ്പര്യത്തിന്റെ കടക്കലാണ് കാന്തപുരം ഉസ്താദും കുറെ മൊല്ലാക്കമാരും ചേര്‍ന്ന് കത്തിവെക്കാന്‍ ശ്രമിക്കുന്നത്.
ഇസ്ലാമിക പുരോഹിതന്മാരുടെ തിട്ടൂരങ്ങളും മുട്ടാളത്തരവും കേരളത്തിലും ഭാരതത്തിലും മാത്രമാണ് അരങ്ങേറുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. അഖിലേന്ത്യാതലത്തില്‍ ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് ഭാരതത്തിലെ മുസ്ലീം സ്ത്രീകളില്‍ രണ്ട് ശതമാനം മുതല്‍ അഞ്ച് ശതമാനം വരെ മാത്രമേ എത്തുന്നുള്ളൂ. അതേസമയം ബഹ്‌റിന്‍, കുവൈറ്റ്, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ പ്രമുഖ ഇസ്ലാമിക രാജ്യങ്ങളില്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് എത്തുന്ന സ്ത്രീകളുടെ എണ്ണം 34 ശതമാനമാണ്. അമേരിക്കയിലെ 42 ശതമാനം മുസ്ലീം വനിതകള്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് എത്തിച്ചേരുന്നു. പ്രവാചകന്‍ ജനിച്ച സൗദി അറേബ്യയില്‍ പോലും ഏറ്റവും കൂടുതല്‍ മുസ്ലീം പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് വരികയും പഠിക്കുകയും ജോലി നേടുകയും ചെയ്യുമ്പോള്‍ മതത്തിന്റെ പേരിലുള്ള ഈ അടിമത്തം ഭാരതത്തില്‍ മാത്രമാണ് എന്ന കാര്യം ഭാരതത്തിലെയും കേരളത്തിലെയും മുസ്ലീം പെണ്‍കുട്ടികള്‍ ചിന്തിക്കണ്ടേ? കേരളത്തിലെ മുസ്ലീം സ്ത്രീകളില്‍ 13.8 ശതമാനത്തിന് സര്‍ക്കാര്‍ ജോലിയുള്ളപ്പോള്‍ അഖിലേന്ത്യാതലത്തില്‍ വെറും 1.8 ശതമാനം പേര്‍ക്ക് മാത്രമാണ് ജോലിയുള്ളത്.
കേരളത്തിലും പരിവര്‍ത്തനത്തിന്റെ നാമ്പുകള്‍ മുളപൊട്ടിക്കഴിഞ്ഞു. മുല്ല ആര് നട്ടാലും മുല്ലപ്പൂവിന്റെ ഒരു പുതിയ സൗരഭ്യം, മുല്ലപ്പൂ ചൂടുന്നവരുടെ എണ്ണം കൂടുകയാണ്. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന് എത്തുന്ന മുസ്ലീം പെണ്‍കുട്ടികളുടെ എണ്ണത്തില്‍ അടുത്തിടെ കാര്യമായ വര്‍ധന ഉണ്ടായിരിക്കുന്നു. പുരുഷന്മാരെക്കാള്‍ കൂടുതലായി പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിലെ കോഴ്‌സുകളില്‍ പ്രവേശനം നേടാനും പഠിക്കാനും ശ്രമിക്കുന്നു. 20 ശതമാനം മുസ്ലീം പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് എത്തിയിരിക്കുന്നു. കോഴ്‌സുകളിലേക്ക് പഠിക്കാന്‍ എത്തുന്ന കുട്ടികളുടെ നിരക്കിലും ഈ വര്‍ദ്ധന പ്രകടമാണ്. 16 ശതമാനം പുരുഷന്മാര്‍ മാത്രം വിദ്യാഭ്യാസരംഗത്ത് എത്തുമ്പോള്‍ 25 ശതമാനം പെണ്‍കുട്ടികള്‍ ഈ രംഗത്തേക്ക് എത്തിയിരിക്കുന്നു. ബിരുദാനന്തര ബിരുദ പഠനത്തിലും ഈ വ്യതിയാനം കാണാവുന്നതാണ്. ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍, പിഎച്ച്ഡി എന്നിവയില്‍ അഖിലേന്ത്യാതലത്തില്‍ ചേര്‍ന്നിട്ടുള്ള മുസ്ലീം പെണ്‍കുട്ടികളുടെ എണ്ണം 1,54,878 ആണ്. ആണ്‍കുട്ടികള്‍ ഏറെ പിന്നിലാണ്. 1,08,526 ആണ്‍കുട്ടികള്‍ മാത്രമാണ് ഉന്നത വിദ്യാഭ്യാസമേഖലയില്‍ പ്രവേശനം നേടിയിട്ടുള്ളത്. ആണ്‍കുട്ടികളേക്കാള്‍ 42.7 ശതമാനം കൂടുതലാണ് ഉന്നത വിദ്യാഭ്യാസത്തിന് എത്തിയ പെണ്‍കുട്ടികളുടെ എണ്ണം.
1990 കള്‍ വരെ കേരളത്തില്‍ പര്‍ദ്ദക്കടകളോ ശരീരം മുഴുവന്‍ മൂടിക്കെട്ടി നടക്കുന്ന ബുര്‍ഖകളോ സാധാരണമായിരുന്നില്ല. തൊണ്ണൂറുകളില്‍ സജീവമായ സിമി അടക്കമുള്ള ഇസ്ലാമിക മതമൗലികവാദ ഭീകരസംഘടനകളാണ് കേരളത്തില്‍ മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെയും പുരോഗതിയുടെയും വഴിമുടക്കിയത്. മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്വാതന്ത്ര്യത്തിനും പുരോഗമനപരമായ വസ്ത്രങ്ങള്‍ക്കും ഒക്കെ വേണ്ടി ശബ്ദമുയര്‍ത്തുകയും അവസരതുല്യത ആവശ്യപ്പെടുകയും ചെയ്ത മുസ്ലീം എജുക്കേഷണല്‍ സൊസൈറ്റി അഥവാ എംഇഎസ് പോലെയുള്ള പ്രസ്ഥാനങ്ങള്‍ പോലും മതമൗലികവാദ സംഘടനകള്‍ക്ക് കീഴടങ്ങി. തൊണ്ണൂറുകളില്‍ ആരംഭിച്ച കേരളത്തിന്റെ തീവ്രവാദവല്‍ക്കരണമാണ് മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിനു പിന്നില്‍. സമസ്തയും കാന്തപുരം മാത്രമല്ല, നിരവധി മുസ്ലീം പുരോഹിതര്‍ പെണ്‍കുട്ടികള്‍ പഠിക്കാന്‍ പോകുന്നതിനും ജോലിക്ക് പോകുന്നതിനും എതിരെ തിട്ടൂരവുമായി എത്തി. സ്ത്രീകള്‍ പുരുഷന്റെ കളിപ്പാവകളോ കൃഷിയിടങ്ങളോ മാത്രമാണെന്നും അവര്‍ക്ക് സ്വതന്ത്രമായി പുറത്തുപോകാനോ വസ്ത്രധാരണം നടത്താനോ ഒറ്റയ്ക്ക് യാത്രചെയ്യാനോ അവകാശമില്ലെന്ന് വരുത്തിത്തീര്‍ക്കാനും സന്മാര്‍ഗം, ദീന്‍ തുടങ്ങി ഇരുന്നൂറിലേറെ വരുന്ന കേരളത്തിലെ മാത്രം പ്രസിദ്ധീകരണങ്ങളിലൂടെ ഊട്ടിയുറപ്പിക്കാന്‍ ശ്രമം നടന്നു. ഭാരതത്തിലെയും മുസ്ലീങ്ങള്‍ ഭീഷണിയില്‍ ആണെന്നും മതപരമായ വിവേചനം നേരിടുന്നു എന്നുമുള്ള പുതിയ വ്യാഖ്യാനവും ഇവര്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചു. അയോദ്ധ്യയിലെ തര്‍ക്കമന്ദിരത്തിന്റെ തകര്‍ച്ച ഉദാഹരണമായി ചൂണ്ടിക്കാണിച്ച് മുസ്ലീം സ്ത്രീകളെ ഭീഷണിപ്പെടുത്താനും മതപരമായി അടിമകളാക്കാനും ഇവര്‍ സമര്‍ത്ഥമായി ശ്രമിച്ചു. ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ഇഷ്ടത്തിനൊത്തു തുള്ളുന്ന ഒരുവിഭാഗം വനിതാപ്രവര്‍ത്തകരെയും സൃഷ്ടിച്ചെടുക്കാന്‍ മതമൗലികവാദികള്‍ക്ക് കഴിഞ്ഞു. അവരാണ് ലൗ ജിഹാദിനും മറ്റും ദാവാ സ്‌ക്വാഡായി പ്രവര്‍ത്തിക്കുന്നതും ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഇരകളാക്കി മാറ്റാന്‍ സഹായിക്കുന്നതും.
ഭാരതം പോലെ ഒരു ബഹുസ്വര രാഷ്ട്രത്തില്‍, സര്‍വ്വമതങ്ങളെയും വിശ്വാസങ്ങളെയും ആദരവോടെയും കാണുന്ന ഒരു സമൂഹത്തില്‍ തങ്ങളുടെ മതം മാത്രമാണ് ശരിയെന്ന വിശ്വാസം അടിച്ചേല്‍പ്പിക്കാനും അതിനനുസൃതമായി സ്ത്രീകളെയും പെണ്‍കുട്ടികളെയും ഉപയോഗപ്പെടുത്താനുമുള്ള ശ്രമമാണ് പിന്നീട് ഉണ്ടായത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനെതിരെ പോലും വ്യാപകമായ പ്രതിരോധവും എതിര്‍പ്പും ഉണ്ടായി. മുസ്ലീം പെണ്‍കുട്ടികളും സ്ത്രീകളും ഒറ്റയ്ക്ക് പുറത്തുപോകാന്‍ പാടില്ല, എപ്പോഴും കൂടെ ഒരു പുരുഷനുണ്ടാകണം, കണ്ണടക്കം ശരീരത്തിന്റെ ഒരു ഭാഗവും പുറത്തു കാണാന്‍ പാടില്ല തുടങ്ങി ഇസ്ലാമിക രാജ്യങ്ങളില്‍ പോലും ഇല്ലാത്ത നിയന്ത്രണങ്ങളാണ് കേരളത്തില്‍ അരങ്ങേറുന്നത്. അറേബ്യയില്‍ നിന്ന് എത്തിയവരെ സ്വന്തക്കാരെ പോലെ സ്വീകരിക്കുകയും ആരാധനാലയം നിര്‍മ്മിക്കാന്‍ സഹായം ചെയ്യുകയും വെള്ളിയാഴ്ച കടപ്പുറത്ത് ജനിക്കുന്നവരെ കോട്ടമാര്‍ക്കാര്‍ എന്ന പേരില്‍ മുസ്ലീങ്ങളാക്കാന്‍ അനുവദിക്കുകയും ഒക്കെ ചെയ്ത ഹിന്ദു രാജാക്കന്മാരെ പോലും ആത്മഹത്യയിലേക്ക് തള്ളിവിട്ട പഴങ്കഥകള്‍ മറന്ന് വീണ്ടും മത ഭേദങ്ങള്‍ മാറ്റിവെച്ച് ഒന്നിച്ചുപോകാനുള്ള ശ്രമത്തിലാണ് ഇവര്‍ വിഷം പുരട്ടാന്‍ ശ്രമിക്കുന്നത്. ഓണം അടക്കമുള്ള കേരളത്തിന്റെ സാംസ്‌കാരിക ഉത്സവങ്ങള്‍ പോലും ആഘോഷിക്കരുത്, ക്ഷേത്രങ്ങളുടെയും ഹിന്ദുക്കളുടെയും ആഘോഷച്ചടങ്ങുകളില്‍ പങ്കെടുക്കരുത് തുടങ്ങിയ ഫത്വകളും ചില മതപുരോഹിതര്‍ ഇറക്കി. നൃത്തവും പാട്ടും തെറ്റാണെന്ന് താലിബാന്‍ മാതൃകയില്‍ പ്രഖ്യാപിക്കാനും അവര്‍ മറന്നില്ല. ഏറ്റവും കൂടുതല്‍ മുസ്ലീങ്ങളുള്ള കോഴിക്കോടിന്റെ രാത്രികളെ സംഗീതത്തിന്റെ ഉന്മാദം കൊണ്ട് ഹരം കൊള്ളിച്ച എം.എസ്. ബാബുരാജിനെ പോലുള്ളവരുടെ പാരമ്പര്യത്തെ പോലും അവര്‍ തള്ളിപ്പറയുകയായിരുന്നു.
പക്ഷേ, കഴിഞ്ഞ ഓണത്തിന് എല്ലാ ഫത്വകളും ലംഘിച്ച് മുസ്ലീം പെണ്‍കുട്ടികള്‍ തലയില്‍ തട്ടമിട്ട് കേരളത്തിന്റെ പരമ്പരാഗത കസവ് വസ്ത്രം അണിഞ്ഞ് ഓണപ്പാട്ട് പാടി, പൂക്കളമിട്ട് സദ്യയുണ്ട് നൃത്തം ചെയ്തപ്പോള്‍ പല ഇരുളടഞ്ഞ നിലവറകളും തുറക്കപ്പെടുകയായിരുന്നു. ഫത്വകള്‍ക്കും മതശാസനകള്‍ക്കും അപ്പുറത്തായി കാസര്‍ഗോഡ് മുതല്‍ പാറശാല വരെ മറ്റു സമുദായക്കാര്‍ക്കൊപ്പം മുസ്ലീം പെണ്‍കുട്ടികളും ഓണം ആഘോഷിച്ചു. കാന്തപുരത്തെയും ജിഫ്രി തങ്ങളെയും പ്രകോപിപ്പിച്ചത് പെണ്‍കുട്ടികളുടെ ഈ വൈറല്‍ നൃത്തമാണ്. സമൂഹമാധ്യമങ്ങളില്‍ മുഴുവന്‍ പെണ്‍കുട്ടികളുടെ ഈ നൃത്തം ഹരമായി മാറി. ചിരിയും പൊട്ടിച്ചിരിയും പൂക്കളവും സദ്യയും മതില്‍ക്കെട്ടുകള്‍ തകര്‍ത്ത് പുറത്തേക്ക് വന്നപ്പോള്‍ ആ പെണ്‍കുട്ടികളെ വീണ്ടും മതില്‍ക്കെട്ടിനകത്ത് തളച്ചിടാനാണ് മതനേതൃത്വം ശ്രമിക്കുന്നത്.
ആരുടെയും മതവിശ്വാസത്തെ ചോദ്യം ചെയ്യാനോ ഇകഴ്ത്താനോ മുതിരുന്നില്ല. പ്രവാചകന്റെ ജീവിതകാലത്തെ സാമൂഹിക സാഹചര്യങ്ങളോ ശാസ്ത്ര സാങ്കേതികവിദ്യകളോ ഗതാഗത സംവിധാനങ്ങളോ അല്ല ഇന്ന് ലോകത്തുള്ളത്. അന്നത്തെ അറേബ്യന്‍ സാഹചര്യത്തില്‍ മരുഭൂമിയില്‍ മലമൂത്ര വിസര്‍ജനത്തിന് പോയിരുന്ന കാലത്ത് കണ്ണില്‍ മണ്ണ് വീഴാതിരിക്കാനും ആളെ അറിയാതിരിക്കാനും ഏര്‍പ്പെടുത്തിയ പര്‍ദ്ദ നിര്‍ബന്ധമല്ലെന്ന് സൗദി അറേബ്യയിലെ രാജാവ് പറഞ്ഞിട്ടും കേരളത്തില്‍ അത് വേണമെന്ന് വാശിപിടിക്കുന്നതിന്റെ പിന്നിലെ ചേതോവികാരം സ്ത്രീ സുരക്ഷയാണോ? സ്ത്രീ പുരുഷന്റെ ഉപഭോഗവസ്തുവും കൃഷിസ്ഥലവും മാത്രമാണോ? പെണ്‍കുട്ടി പഠിക്കാന്‍ പോയാല്‍, ജോലി നേടിയാല്‍, സ്വന്തം കാലില്‍ നിന്നാല്‍ മതത്തിന് എന്താണ് പ്രശ്‌നം? മതവിശ്വാസം അനുസരിച്ച് ആരാധന നടത്തുകയും ജീവിക്കുകയും കുഞ്ഞുങ്ങളെ വളര്‍ത്തുകയും ചെയ്യുന്നതിനപ്പുറം പുരുഷനുള്ള ഭരണഘടനാപരമായ സ്വാതന്ത്ര്യവും അവകാശവും സ്ത്രീക്കും ഉണ്ടെന്ന് അവള്‍ വിശ്വസിച്ചാല്‍ മതത്തിന് എന്താണ് പ്രശ്‌നം? പുരുഷന്മാര്‍ക്ക് നാല് കെട്ടാനും എപ്പോള്‍ വഴിയില്‍ തള്ളാനുമുള്ള അവകാശം ശരിയല്ലെന്ന് പറയാനും ജീവിക്കാനും ജീവനാംശം കിട്ടാനുമുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് പെണ്‍കുട്ടികള്‍ കരുതിയാല്‍ എന്താണ് പ്രശ്‌നം? ജീവിക്കാനുള്ള അവകാശം പുരുഷനും സ്ത്രീക്കും ഒരേ പോലെയുണ്ടെന്നും കുടുംബത്തിന്റെ സ്വത്തിന് പുരുഷനെ പോലെ തന്നെ സ്ത്രീക്കും അവകാശമുണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞാല്‍ മതത്തിന് എന്താണ് പ്രശ്‌നം? പ്രവാചകന്റെ കാലത്ത് പുരുഷന്മാര്‍ ജീവിച്ചിരുന്ന അതേ സാഹചര്യത്തില്‍ തന്നെയാണോ ഇന്നും അവര്‍ ജീവിക്കുന്നതെന്ന് പരിശോധിക്കപ്പെടേണ്ടേ? ഒരു ജനാധിപത്യരാജ്യത്തില്‍ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യത സ്ത്രീകള്‍ക്ക് മാത്രം പാടില്ലെന്ന് ഏതെങ്കിലും മുസ്ലിയാര്‍ക്കോ പുരോഹിതനോ പൂജാരിക്കോ തീരുമാനിക്കാന്‍ കഴിയുമോ? ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത് മുസ്ലീം സ്ത്രീകളാണ്! വിശാലമായ ആകാശത്തിന്റെ അതിരുകള്‍ ഭരണഘടന തുറന്നിടുമ്പോള്‍ വീടിനുള്ളില്‍ ഒതുങ്ങിയിരിക്കണോ എന്ന് തീരുമാനിക്കേണ്ടത് അവര്‍ തന്നെയാണ്. അവരുടെ സ്വാതന്ത്ര്യവും അവരുടെ വഴികളും തീരുമാനിക്കേണ്ടതും അവര്‍ തന്നെയാണ്.






















