നവഗ്രഹത്തടവറയില്‍
എത്ര രാശിചക്രങ്ങള്‍
മോക്ഷമാര്‍ഗ്ഗങ്ങള്‍
രാഹുവിന്‍ വിഷനാവുകള്‍
ഗ്രഹചാരദോഷങ്ങള്‍
ദശാപഹാരങ്ങള്‍
ഏതുമന്ത്രമുരുക്കഴിക്കേണ്ടു ഞാന്‍…
ചതുരംഗക്കളങ്ങളില്‍
കാതോര്‍ക്കുന്നെത്ര കരുക്കള്‍
സംഭീതഭാവ മുഖങ്ങള്‍
ചൂതുപതയും സ്മിതങ്ങള്‍
വിശുദ്ധനീക്കങ്ങള്‍
ജന്മഹോമങ്ങള്‍
ഏതു മൂര്‍ത്തീവരം തേടിടേണ്ടു ഞാന്‍….
അലയാഴിത്തീരങ്ങളില്‍
കണ്ണുനട്ടെത്രതോണികള്‍
തഴുകുമോളക്കുളിര്‍ വഴികള്‍
ജലാവര്‍ത്ത ജാഗ്രതകള്‍
പിന്‍വിളിപ്പാട്ടുകള്‍
വളവരക്കാഴ്ചകള്‍
ഏതമരത്തുഴയേന്തിടേണ്ടു ഞാന്‍….
നിലവറച്ചുമരുകളില്‍
അടഞ്ഞെത്ര വാതിലുകള്‍
അപ്പുറത്തിണ്ണയിലാരവങ്ങള്‍
സാന്ത്വനസ്പര്‍ശങ്ങള്‍
ഇഹപര ശാപങ്ങള്‍
സ്‌നേഹാനുതാപങ്ങള്‍
ഏതു വാതില്‍ തഴുതു നീക്കേണ്ടു ഞാന്‍…
വറുതിചായുമിടനെഞ്ചുകളില്‍
ഇഴനെയ്യുമെത്ര മൗനങ്ങള്‍
ഉറയൂരുമാര്‍ദ്രതാളങ്ങള്‍
ശുക്രനക്ഷത്രകാമനകള്‍
എത്ര ചേതനകള്‍
സര്‍ഗ്ഗവേദനകള്‍
ഏതുകാവ്യപ്പൊരുളണിയേണ്ടുഞാന്‍….!






















