ഇനിയൊന്നു പെയ്യണം കുളിര്‍മഴയായ്
ഇടനെഞ്ചിലുറയുന്ന നോവിറക്കാന്‍
ഇനിയൊന്നു വിടരണം പുലര്‍വാനിലെ
പകല്‍ച്ചില്ലതോറും വെയില്‍പ്പൂക്കളായ്
ഇനിയൊന്നു തെളിയണം മാരിവില്ലായ്
ഇരുള്‍മൂടി നിന്നൊരീ വാനിടത്തില്‍
ഇനിയൊന്നു പൊഴിയണം നീഹാരമായ്
ഇലത്തുമ്പിലൊക്കെയും മുത്താകുവാന്‍
ഇനിയൊന്നു വീശണം പൂന്തെന്നലായ്
പൂക്കാലമണയാത്ത മലര്‍വാടിയില്‍
ഇനിയൊന്നു പാറണം പൂമണമായ്
കരിയുന്നകാടിന്റെ കരളകത്ത്
ഇനിയൊന്നു പാടണം പൂങ്കുയിലായ്
തളിരറ്റ മാകന്ദശിഖരങ്ങളില്‍
ഇനിയെനിക്കാടണം മാമയിലായ്
മഴപൊഴിഞ്ഞീടാത്ത മരുഭൂമിയില്‍
ഇനിയൊന്നു പായണം പൈമ്പുഴയായ്
വരളുന്നമണ്ണിനീ കുടിനീരുമായ്
കളരവംതൂവണം കുളിരോളമായ്
വെയിലേറ്റു പൊള്ളുന്ന തീരമാകെ
ഒടുവിലാകടലിനോടിണചേരണം
നുരചിന്നിയാര്‍ക്കണം തിരമാലയായ്
തിരികെ വന്നീടണമെന്നാകിലും
കരപുണര്‍ന്നീടണം കല്പാന്തവും!






















