”ഓള്‍ഡ് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കിരാതവും മൃഗീയവും പൈശാചികവുമായ പൗരത്വനിയമത്തിനെതിരായി ആളിപ്പടരുന്ന രാജ്യവ്യാപകമായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയോടൊപ്പം മകള്‍ മിറായാവധ്രാ ഇന്ത്യാ ഗേറ്റില്‍ ധര്‍ണ്ണ നടത്തി” – വാര്‍ത്ത.
മിടുമിടുക്കി! വെല്യമ്മച്ചീടേം അമ്മച്ചീടേം, മാസംതോറുമുള്ള ധ്യാനത്തിന് (എന്റീശോയേ!) കൊറിയാല്‍പ്പോയിരിക്കുന്ന മാവന്റേം റേറ്റിങ്ങ് തീരെ താഴോട്ടുപോയിരിക്കുന്നു. ഇനി മിറായാജീടേ ഊഴമാകുന്നു. ഈ പൗരത്വനിയമം എന്നതാണൊന്നും അറിയാമ്മേല. (അല്ല, അലറി വിളിക്കുന്നവരില്‍ എത്ര പേര്‍ക്ക് അതെന്നതാണെന്നറിയാം? അതു കള!) പക്ഷേ ഒന്നറിയാം. ഈ ഇന്ത്യാമഹാരാജ്യം ഭരിക്കാന്‍ നെഹ്‌റു കുടുംബത്തിലുള്ളവര്‍ക്കു കാരാണ്മയായും ഊരാണ്മയായും ഉള്ള അവകാശം ഒരു സംഘപരിവാറിനും ഇല്ലാതാക്കാനൊക്കുകേല!
എടയ്ക്കു ചോദിക്കുവാ. മിറായാജീടേ ആങ്ങള ഒരുത്തനുണ്ടല്ലൊ – അയ്യോ, എന്നതാ പുള്ളിക്കാരന്റെ പേര്, നാക്കേലിരിക്കുന്നു – ങ, റെയ്ഹാന്‍ജി – പുള്ളിക്കാരന്‍ എന്നാ ചെയ്യുവാ കുഞ്ഞേ? മാവന്റെ കൂട്ടു ധ്യാനത്തിനു വല്ല കൊളംബിയായിലോ ബ്രസീലിലോ പോയിരിക്കുവാന്നോ? വിധ്യബ്യാസം കൊറവാന്നറിയാം. (അതു പിന്നെ, വെല്യവെല്യച്ചായന്‍ ജവാഹര്‍ലാലിനെ ഒഴിച്ചാല്‍ ബാക്കിയെല്ലാര്‍ക്കും അങ്ങനല്യോ? അതുകള! ) അല്ല, അച്ചായന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സല്യോ കെടക്കന്നത്? അങ്ങോട്ടങ്ങു കേറുവല്യോ നല്ലത്? ഈ അലവലാതി രാഷ്ട്രീയം ആര്‍ക്കുവേണം? അച്ചായന്റേതല്യോ കുണ്ടന്നൂരെ കോടികളുടെ ഫ്‌ളാറ്റ് കോംപ്ലക്‌സ്? നേരെ ഇങ്ങു കേരളത്തിലോ? പോരരുതോ പുള്ളിക്കാരന്? നമ്മടെ സൊന്തം ആന്ഥണിജി, ചെന്നിദ്ധലാജി, ധോമാസ്ജി – അയ്യോ, എല്ലാരും ഓടിവരത്തില്യോ? അല്ല, അവരൊക്കെ എന്നാത്തിനാ? സാക്ഷാല്‍ മാവന്‍ തന്നില്യോ വയനാട്ടിലെ എമ്പീയായിട്ട്? എന്റെ കര്‍ത്താവേ, കഴിഞ്ഞമാസം ഇങ്ങോട്ടൊരു വരവുവന്നു. ജീന്‍സും ടീഷര്‍ട്ടും കുറ്റിത്താടീം ഫ്രഞ്ച് പെര്‍ഫ്യൂമും ഒക്കെയായിട്ട്. എന്നാ മാഗ്നെറ്റിസമാരുന്നു! ലാലേട്ടനും മമ്മുക്കായും തോറ്റുപോയില്യോ? എന്നാ എളക്കോം ആരവോം ആരുന്നു? വീണുപോയില്യോ സകലരും?
അതുകൊണ്ടു പ്രിയരേ, നമുക്കെല്ലാവര്‍ക്കും ഒട്ടും വൈകാതെ വിളിച്ചുതുടങ്ങാം, ”മിറായാജി കൊ ബുലാവോ, ദേശ് കൊ ബചാവോ.”