തിരുമേനി വിനയത്തോടെ പറഞ്ഞു:
”എല്ലാവരും പുറത്തേയ്ക്കിറങ്ങി നില്‍ക്കണം. നിവേദ്യത്തിന്റെ സമയമാണ്…”
ധൃതിയില്‍ മുമ്പിലൂടെ ഇറങ്ങാന്‍ ശ്രമിച്ച സൗദാമിനിയോട് ഉപദേശ രൂപേണ പറഞ്ഞു.
”വടക്കേ നടയിലൂടെയാണ് പുറത്തേയ്ക്ക്; വരവ് തിരുമുമ്പിലൂടെ.”
ശങ്കിച്ചു നിന്ന സൗദാമിനിയെ സൂക്ഷിച്ച് ഏറെ നോക്കിയശേഷം തിരുമേനി എന്തോ പറയാന്‍ ശ്രമിച്ചു.
അപ്പോഴേയ്ക്കും വടക്കേ നടയിലൂടെ സൗദാമിനി പുറത്തേയ്‌ക്കെത്തി.
പ്രസാദത്തിലെ ചെത്തിപ്പൂക്കള്‍ നുള്ളിയെടുത്ത് മുടിയില്‍ തിരുകി. നെറ്റിയില്‍ ചന്ദനം തൊട്ടു. ചന്ദനത്തിന്റെ കുളിര്‍മ ഭഗവത്‌സ്പര്‍ശം പോലെ ശരീരത്തിലേയ്ക്ക് പടര്‍ന്നു കയറി.
മഴപെയ്തു നനഞ്ഞ പ്രദക്ഷിണ വീഥിയിലൂടെ നടക്കുമ്പോള്‍ ഓര്‍ത്തു, മഴ കാരണമാകാം ഭക്തര്‍ നന്നേ കുറവ്.
പ്രദക്ഷിണ വീഥിയിലൂടെ ഏകയായി, നടക്കുമ്പോഴാണ് കണ്ടത്,
തിരുമേനി ഓട്ടുരുളിയുമായി തിടപ്പള്ളിയില്‍ നിന്ന് ഇറങ്ങിവരുന്നത്. വാസുദേവന്‍ നമ്പൂതിരി ഒത്തിരി വൃദ്ധനായിരിക്കുന്നു. വാസുദേവന്‍ നമ്പൂതിരി ചോദിച്ചു.
”ഒത്തിരി കാലമായല്ലോ കണ്ടിട്ട് – ഇപ്പോ – എവിടാ കുട്ടീ… രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. നീ വരുമെന്ന്.
”തറവാട്ടില്‍ വന്നതാ. ജ്യേഷ്ഠന്‍ പറഞ്ഞ കാര്യങ്ങളൊക്കെ നടത്തണമെന്ന് വലിയ ആശ. പിന്നെ അമ്മേയും കണ്ട് തിരികെ യാത്രയാകാമെന്ന് കരുതി. തിരുമേനി തിരക്കിലായിരുന്നു. നട അടച്ചശേഷം കാണാമെന്നോര്‍ത്തു.
”രാമകൃഷ്ണന്‍ പോയി… ഇനി ആരുണ്ട് തറവാട്ടില്‍…?” വാസുദേവന്‍ നമ്പൂതിരിയുടെ മറുചോദ്യം.
”ജ്യേഷ്ഠന്റെ കുട്ടികള് വെളീലാ… ജ്യേഷ്ഠത്തിയുണ്ട്. മക്കളൊക്കെ വിദേശത്ത് സെറ്റില്‍ഡാ.”
”എന്നേക്കാളുമെല്ലാം തിരുമേനിയ്ക്കറിയാമല്ലോ – തറവാട്ടിലെ വിശേഷങ്ങള്‍.”
”ശരി – നിന്റെ വിശേഷങ്ങളൊന്നും പറഞ്ഞില്ലല്ലോ?”
വാസുദേവന്‍ നമ്പൂതിരിയുടെ ചോദ്യത്തിന് അവള്‍ ഇങ്ങനെ മറുപടി പറഞ്ഞു.
ഇപ്പോഴാണ് വാസുദേവന്‍ നമ്പൂതിരി അവളെ സൂക്ഷ്മമായി ശ്രദ്ധിച്ചത്. ചെന്നീലെ മുടിയിഴകളില്‍ വെള്ളി നൂലുകള്‍ പാകി കഴിഞ്ഞിരിക്കുന്നു. മുഖത്ത് പ്രായത്തിന്റെ ക്ഷീണം.
വരാന്‍ ആഗ്രഹമില്ലായിരുന്നു. ഒരിക്കലും വരരുതേയെന്ന് തോന്നി. പക്ഷേ പിടിച്ചു നില്‍ക്കാനായില്ല ആ ഉള്‍വിളി. പിന്നെ താമസിക്കാതെയിങ്ങു പോന്നു. ജ്യേഷ്ഠന്റെ ആഗ്രഹപ്രകാരമുള്ള സമര്‍പ്പണം നടത്തണം. അതിനുശേഷം തിരികെ.
ഓര്‍മ്മകളുടെ കല്പടവുകള്‍ കയറി മനസ്സിന്റെ തിരുമുമ്പിലെത്തി. മൂന്നു വ്യാഴവട്ടക്കാലത്തിനുശേഷമുള്ള മടക്കവരവ്. മാറ്റങ്ങളേറെ സംഭവിച്ചിരിക്കുന്നു.
”ആള്‍ക്കാരുടെ സംസാരഭാഷ മാറിയിരിക്കുന്നു. വേഷം മാറിയിരിക്കുന്നു, ഭക്ഷണരീതികള്‍ മാറിയിരിക്കുന്നു; നാട് മാറിയിരിക്കുന്നു; വീടുകളുടെ രൂപം മാറിയിരിക്കുന്നു. വഴികള്‍ മാറിയിരിക്കുന്നു. എല്ലാം മാറിയിരിക്കുന്നു.”
ഓട്ടുരുളി തിടപ്പള്ളിയുടെ തറയില്‍ കമഴ്ത്തിവെച്ച് തിരുമേനി പറഞ്ഞു.
”എല്ലാം മാറി; മാറാത്തത് ഞാനും ദേവരും മാത്രം. ദേവരെയൂട്ടി ഞാനും കാലം എണ്ണിക്കഴിയുന്നു.”
അല്പ മൗനത്തിനുശേഷം വാസുദേവന്‍ തിരുമേനി തുടര്‍ന്നു.
”ഇപ്പോള്‍ മൂന്നു നേരവും പൂജയുണ്ട്. നമ്മുടെ ധര്‍മ്മത്തിനൊരു ച്യുതി വന്ന കാലമുണ്ടായിരുന്നു. ക്ഷേത്രത്തില്‍ ആരും പോകുന്നതും, പ്രാര്‍ത്ഥിക്കുന്നതും ഒക്കെ കൊറച്ചിലിന്റെ കാലമായിരുന്നു. ഇപ്പോ-സ്ഥിതി പാടേ മാറി. ജനങ്ങളില്‍ വിശ്വാസം വന്നു. അവര്‍ ക്ഷേത്രങ്ങളിലേയ്ക്കും, വിശ്വാസങ്ങളിലേയ്ക്കും മുമ്പില്ലാത്ത പോലെ തിരികെ വന്നു. അതിന് സംഘത്തിന്റെ പ്രവര്‍ത്തനം വലിയ സ്വാധീനം സൃഷ്ടിച്ചു. അവര്‍ നന്നേ കഷ്ടപ്പെട്ടു.”
വാസുദേവന്‍ തിരുമേനി തുടര്‍ന്നു – ”ഏക അദ്ധ്യാപക വിദ്യാലയമെന്ന് കേട്ടിട്ടില്ലേ – അതുപോലെയാ ഇതും. ‘ഏക പൂജാരി ക്ഷേത്രം.’ മേല്‍ശാന്തിയും, കീഴ്ശാന്തിയും, കഴകവും എല്ലാം ഞാന്‍ തന്നെയാ – ഇപ്പോ പിന്നെ ക്ഷേത്രകാര്യത്തിനുള്ളതൊക്കെ വരുമാനമായി കിട്ടുന്നുണ്ട്.”
”ഇല്ലത്ത് ആരുണ്ട്?”
”ആരുമില്ല; രണ്ടും പെണ്‍മക്കളായിരുന്നു. വേളി കഴിഞ്ഞ് അവര്‍ പോയി. അന്വേഷണമുണ്ട്; അത്രേയുള്ളൂ.”
”അന്തര്‍ജ്ജനം.”
”അകത്താളമ്മ പോയിട്ട് വര്‍ഷം നാല് ഈ കര്‍ക്കടകത്തില്‍ തികയും.”
സൗദാമിനി ശ്രദ്ധയോടെ നോക്കി – വാസുദേവന്‍ നമ്പൂതിരിയുടെ കണ്ഠമിടറുന്നു. കണ്ണുകളില്‍ നീര് ഉരുണ്ടു കൂടുമോയെന്ന ശങ്ക.
കണ്ണുകള്‍ തുടച്ച് അയാള്‍ തുടര്‍ന്നു.
”ഇപ്പോ ഇല്ലത്തേയ്ക്ക് പോകാന്‍ ഇഷ്ടമില്ല. ഉച്ച പൂജ കഴിഞ്ഞ് നട അടച്ചാല്‍ ഇവിടെയങ്ങ് കൂടും. രാത്രീലേ ഇല്ലത്തേയ്ക്ക് മടക്കമുള്ളൂ.”
തിരുമേനി തുടര്‍ന്നു. ”എത്രയെത്ര കുടുംബക്ഷേത്രങ്ങളാണ് ജീര്‍ണ്ണാവസ്ഥയിലെത്തി നശിച്ചു പോയത്. ആരും ആ കാലഘട്ടങ്ങളില്‍ ശ്രദ്ധിച്ചില്ല. അവര്‍ക്കൊക്കെ ‘കടല്‍ കടന്നു വന്ന’കഥകളിലാണ് വിശ്വാസം വന്നത്.
അതിനു മറുപടിയായി സൗദാമിനി പറഞ്ഞു. ”അതൊക്കെ തെറ്റാണെന്ന് കാലം തെളീച്ചില്ലേ”
”അതേ, അപ്പോളവര്‍ തിരികെ വരാന്‍ തുടങ്ങി. അതിന് മറുപടി കൊടുത്തുകൊണ്ട് വാസുദേവന്‍ തിരുമേനി തുടര്‍ന്നു.
”ഞാന്‍ സ്‌കൂളിന്ന് പെന്‍ഷനായപ്പോഴാണ് സന്ധ്യാപൂജ മാത്രം പോരാ, മൂന്നു നേരവും പൂജവേണമെന്ന ആഗ്രഹം എനിക്കും രാമകൃഷ്ണനും തോന്നിയതും, അമ്മ അത് സാധിച്ചു തന്നതും.”
സൗദാമിനി എന്തു പറയണമെന്ന് വിഷമിക്കുമ്പോള്‍ തിരുമേനി തുടര്‍ന്നു.
”വിവരങ്ങളൊക്കെ ഞങ്ങളറിയുന്നുണ്ട്; ചൊവ്വാദോഷക്കാരനല്ലാരുന്നോ? വേണ്ടായെന്നെല്ലാരും പറഞ്ഞിട്ടും നീ എന്തിനാ വാശിപിടിച്ച് അതുതന്നെയങ്ങ് നടത്തിയത്.”
അതിന് സൗദാമിനി ഇങ്ങനെ മറുപടി പറഞ്ഞു.
”തിരുമേനി – ചെറുപ്രായം മുതല്‍ ഒന്നിച്ചു കളിച്ചു വളര്‍ന്നവര്‍, ഒരു പാത്രത്തിലുണ്ട്, ഒരു പായേല്‍ കിടന്ന് വളര്‍ന്നവര്‍. വലുതായപ്പോള്‍ ഒരു ചൊവ്വായ്ക്കും ഞങ്ങളെ അകറ്റാന്‍ കഴിഞ്ഞില്ല. എല്ലാ എതിര്‍പ്പും അവഗണിച്ച്, എല്ലാവരുടേയും സമ്മതത്തോടെ വിവാഹം നടന്നു. ഞങ്ങള്‍ യാത്ര തുടര്‍ന്നു.”
ഇപ്പോള്‍ അവളുടെ കണ്ഠമിടറുകയും, മുഖപേശീകള്‍ വലിയുകയും, കണ്ണുകളില്‍ കണ്ണുനീര്‍ത്തുള്ളികള്‍ നിറയുന്നപോലെയും തോന്നി.
അവള്‍ ഗദ്ഗദത്തോടെ ഇങ്ങനെ പറഞ്ഞു:
”മൂന്നു മാസമേ നിലനിന്നുള്ളൂ ‘മൗണ്ട് അബുവില്‍’ നിന്നുള്ള മടക്ക യാത്രയില്‍ ബസ്സ് അപകടത്തല്‍പ്പെട്ടു. ഏഴ് പേര് മരിച്ചു, ആ ബസ്സപകടത്തില്‍ എന്റെ പ്രിയപ്പെട്ട ‘പോക്കിരിയെന്ന്’ ഞാന്‍ വിളിക്കുന്ന പ്രഭുവും ഉണ്ടായിരുന്നു. ആശ്വാസത്തിനുപകരം എല്ലാവരും കൊള്ളിവാക്കുകള്‍ കൊണ്ടും, ശാപവാക്കുകള്‍കൊണ്ടും വേദനിപ്പിച്ചപ്പോള്‍ തീരുമാനിച്ചതാണ് ഇനി തറവാട്ടിലേയ്ക്കില്ലായെന്ന്. അവിടുന്ന് ഇവിടെ വരെയുള്ള യാത്ര തനിച്ചായിരുന്നു.
കേന്ദ്രീയ വിദ്യാലയത്തിലെ കറുത്ത ബോര്‍ഡില്‍ വെളുത്ത ചോക്കുകൊണ്ട് ഭൂഗോളത്തിന്റെ പടം വരച്ച് കുട്ടികളെ പഠിപ്പിച്ചുകൊണ്ട് കാലം കഴിച്ചു.
ആരെയും വെറുത്തിട്ടല്ല തിരുമേനീ… ഒന്നിനേയും ഓര്‍ക്കാന്‍ ശക്തിയില്ലാഞ്ഞിട്ടാണ് തിരികെ വരാതെ സ്വയം തീര്‍ത്ത വാല്മീകത്തിനുള്ളിലൊളിച്ചത്.
അവള്‍ തുടര്‍ന്നു.
”പ്രഭുവിന്റെ യാത്ര എന്നെ തളര്‍ത്തി. അതെനിക്ക് ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞില്ല. വര്‍ഷങ്ങള്‍ വേണ്ടി വന്നു ആ ആഘാതത്തില്‍ നിന്നും അല്പമൊരു മുക്തി നേടാന്‍. അതിനു സഹായം നല്‍കിയത് കേന്ദ്രീയ വിദ്യാലയത്തിലെ ജോലി മാത്രം. ഒന്നും നേടുവാനോ, സമ്പാദിക്കുവാനോ ആയിരുന്നില്ല. ജീവിതത്തിന്റെ അവസാന ബിന്ദുവിലേയ്ക്കുള്ള യാത്രയായിരുന്നു. അത് കണ്ടെത്താനുള്ള അലച്ചിലിലായിരുന്നു.”
അവളുടെ കണ്ണുനീര്‍ പീലികളിലുടക്കി അടര്‍ന്നു വീഴുന്ന നീര്‍ത്തുള്ളികളെ നോക്കിക്കൊണ്ട് വാസുദേവന്‍ തിരുമേനി ചോദിച്ചു.
”ഇനി എന്താ തീരുമാനം?”
സൗദാമിനി ഓര്‍ക്കുകയാണ്.
ഒരു നിമിത്തം പോലെ ജ്യേഷ്ഠന്‍ രാമകൃഷ്ണന്‍ അവളേത്തേടി ആശ്രമത്തിലെത്തിപ്പറഞ്ഞു.
നമ്മുടെ കുടുംബ ക്ഷേത്രം നിലനിര്‍ത്തണം. കുടുംബത്തിന്റെ മുഴുവന്‍ സ്വത്തും ക്ഷേത്രത്തിനു നല്‍കി പുനരുദ്ധരിക്കണം. നിന്റെ വീതവും അമ്മയ്ക്കായി കൊടുക്കുക. നമ്മുടെ കുടുംബക്ഷേത്രം ഒരു മഹാക്ഷേത്രമായി വളരണം. മൂന്നുനേരം പൂജയും, ഉത്സവങ്ങളും നടക്കുന്ന മഹാക്ഷേത്രമായി മാറണം. നീ വന്ന് എല്ലാം ഭംഗിയായി എന്റെ കൂടെ ചെയ്യണം.
പഴുത്ത കാട്ടു ഞാവല്‍ പഴങ്ങള്‍ അടര്‍ന്നുവീണ് ചിതറിക്കിടക്കുന്ന വഴിത്താരയിലൂടെ നടന്ന് ജ്യേഷ്ഠന്‍ പറഞ്ഞുകൊണ്ടിരുന്നു.
”വാസുദേവനും പെന്‍ഷനായി. മൂന്നു നേരം പൂജയ്ക്കും ആളായി. ക്ഷേത്രം, ക്ഷേത്ര സംരക്ഷണം, സംരക്ഷകരെ ഏല്‍പിക്കാം.”
അവളോര്‍ക്കുകയാണ്.
ജട പോലെ വിരിഞ്ഞു തൂങ്ങിക്കിടക്കുന്ന പേരാലിന്റെ വൃക്ഷച്ചുവട്ടിലൂടെ നടന്ന് കുതിരവണ്ടിയില്‍ കയറി ആഗ്രഹം അറിയിച്ചിട്ടുപോകുന്ന ജ്യേഷ്ഠന്റെ ചിത്രം മനസ്സിന്റെ തിരശ്ശീലയില്‍ തെളിഞ്ഞു വരുന്നു.
അവള്‍ ഓര്‍മ്മകളില്‍ നിന്ന് ഞെട്ടി ഉണര്‍ന്നിട്ട് പറഞ്ഞു. ”ഞാന്‍ വന്നപ്പോഴേയ്ക്കും ജ്യേഷ്ഠന്‍ കടന്നു പോയി. ജ്യേഷ്ഠന്റെ മരണവിവരം അറിയുമ്പോള്‍ ഞാന്‍ കുട്ടികളുമായി സ്റ്റഡി ടൂറിലായിരുന്നു. എനിക്ക് അവിടെയും എത്താന്‍ കഴിഞ്ഞില്ല”
അവള്‍ പറഞ്ഞു.
”ജ്യേഷ്ഠന്റെ ആഗ്രഹപ്രകാരം എല്ലാം നടക്കണം. ജ്യേഷ്ഠന്റെ സ്ഥാനത്തു നിന്ന് എല്ലാം നടത്തണം. അതു കഴിഞ്ഞേ ഞാന്‍ മടങ്ങിപ്പോകുകയുള്ളൂ”
ഇപ്പോള്‍ രണ്ടുപേരുടേയും കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. യാത്ര പറഞ്ഞ് അവള്‍ പിരിഞ്ഞപ്പോള്‍ അയാള്‍ ആരോടന്നില്ലാതെ പറഞ്ഞു.
”കാലം കടക്കുന്തോറും എല്ലാവര്‍ക്കും കദനത്തിന്റെ കഥകള്‍ മാത്രമേ പറയാനുള്ളൂ.”
സൗദാമിനി നിറഞ്ഞ കണ്ണുകള്‍ തുടച്ച് ഒതുക്കുകള്‍ ഇറങ്ങിയപ്പോള്‍ വാസുദേവന്‍ നമ്പൂതിരി തിടപ്പള്ളിയുടെ തറയിലിരുന്ന് ദേവിയോടു പറഞ്ഞു.
”അമ്മേ – നീ ഓരോ കഥകളും വ്യത്യസ്ത രീതിയിലാണല്ലോ രചിക്കുന്നത്.”
പ്രാവുകള്‍ പറന്നുപോയ പ്രാവിന്‍ കൂടുപോലെ അവശേഷിക്കുന്ന തറവാട്. അതിന്റെ ഉമ്മറക്കോണിലിരുന്ന് സൗദാമിനി ആകാശത്തേയ്ക്ക് നോക്കി.
നീല മേഘങ്ങള്‍ക്കിടയിലൂടെ പതഞ്ഞ് പൊങ്ങിക്കയറുന്ന വെള്ള മേഘക്കൂട്ടങ്ങള്‍ അവള്‍ തിരിച്ചറിഞ്ഞു. ജ്യേഷ്ഠന്‍ രാമകൃഷ്ണന്റെ സാമീപ്യം.
അവള്‍ ആകാശത്തേയ്ക്ക് നോക്കിപ്പറഞ്ഞു.
”ജ്യേഷ്ഠാ… സൗദാമിനി വന്നു. ജ്യേഷ്ഠന്റെ ആഗ്രഹം പോലെ എല്ലാം നടന്നു.
സൗദാമിനി നാളെ മടങ്ങുകയാണ്.”






















