”അച്ഛാ എന്താ വല്ലാതെയിരിക്കുന്നത്? ഇവിടെ വന്നതു മുതല്‍ ശ്രദ്ധിക്കുന്നുണ്ട്. എന്തോ വല്ലാത്ത ഒരു പരിഭ്രമം അച്ഛന്റെ മുഖത്തുണ്ട്”
മകളുടെ ശബ്ദം കേട്ട് ഞാന്‍ ഞെട്ടി, പയ്യെ ചുറ്റുപാടിലേക്കു കണ്ണോടിച്ചു ”ഒന്നുമില്ല മോളെ. എനിക്ക് നാളെ കഴിവതും വേഗം തിരിച്ചു പോകണം”
”എന്തു തല പോകുന്ന കാര്യമാണ് അച്ഛന് നാട്ടില്‍ ചെയ്തു തീര്‍ക്കുവാനുള്ളത്?”
ഞാന്‍ മൗനം അവലംബിച്ചു. എന്റെ ഉള്ളില്‍ പുകയുന്ന ചിന്ത ഞാന്‍ എങ്ങനെയാണ് മകളോടു പറയുക!
സുബ്രുവിലേക്ക് വീണ്ടും ചിന്ത ഓടിയെത്തി.
സുബ്രു എന്റെ അയല്‍ക്കാരനും ഉറ്റസുഹൃത്തുമായിരുന്നു. അവന്റേത് വലിയ ഒരു കൂട്ടുകുടുംബമായിരുന്നു. ഏഴു സഹോദരികളടക്കം ഇരുപതു പേരാണ് ആ വീട്ടില്‍ താമസിച്ചിരുന്നത്. തൊണ്ണൂറിനോടടുത്ത അച്ഛനും അമ്മയും അടങ്ങിയ ആ വീട്ടിലെ കാര്യങ്ങളെല്ലാം സുബ്രുവാണ് നോക്കിയിരുന്നത്. പിതാവിനെ കുളിപ്പിക്കുക മുതലായ ജോലികള്‍ ചെയ്തു മടുത്ത സുബ്രു എന്നോടു പറയുമായിരുന്നു ”നീ എത്ര ഭാഗ്യവാന്‍. നിനക്കു ഒരൊറ്റ മോളെയുള്ളൂ. മാതാപിതാക്കളില്ല എന്നെ നോക്കൂ. എന്തൊക്കെ കഷ്ടപ്പാടുകളാണ് ഞാന്‍ അനുഭവിക്കുന്നത്! എഴുപതു വയസ്സായാല്‍ മനുഷ്യന്‍ മരിക്കണം, അല്ലെങ്കില്‍ ആത്മഹത്യ ചെയ്യണം, ഞാന്‍ എന്റെ എഴുപതാം പിറന്നാളിന്റെ അന്നുതന്നെ ആത്മഹത്യ ചെയ്യും, സത്യം.”
നാളെയാണ് സുബ്രുവിന്റെ എഴുപതാം പിറന്നാള്‍. മകളോട് എങ്ങനെയാണ് ഈ സങ്കടം പങ്കുവെയ്ക്കുക. അവള്‍ക്ക് ഒമ്പതു കൊല്ലത്തെ കാത്തിരിപ്പിനു ശേഷം കിട്ടിയ മകന്റെ ആദ്യത്തെ പിറന്നാളാണ് നാളെ. വന്നില്ലെങ്കില്‍ മോള്‍ പിണങ്ങും എന്നതിലാണ് ഞാന്‍ വന്നത്. പറഞ്ഞാല്‍ അതുപോലെ ചെയ്യുന്ന ആളാണ് സുബ്രു. ഇതു ഞാന്‍ പല സന്ദര്‍ഭങ്ങളിലും കണ്ടിട്ടുള്ളതാണ്. അതുകൊണ്ടാണെനിക്ക് ഇത്രയും വേവലാതി.
അടുത്ത ദിവസം പിറന്നാള്‍ ആഘോഷമൊക്കെ ഒരുവിധം കഴിച്ചുകൂട്ടി ധൃതിയില്‍ ഊണും കഴിഞ്ഞ് ഞാന്‍ നാട്ടിലേക്കു പുറപ്പെട്ടു. ”ഒരാഴ്ച നിന്നിട്ടു പോയാല്‍ പോരേ അച്ഛാ” എന്ന മകളുടെ അഭ്യര്‍ത്ഥന നിരസിച്ചുകൊണ്ട് ഞാന്‍ വേഗത്തില്‍ സ്റ്റാന്റിലെത്തി ബസ്സില്‍ കയറി ഇരുന്നു. രണ്ടുമണിക്കൂര്‍ യാത്ര രണ്ടു യുഗം പോലെ തോന്നി. യാത്രയില്‍ മുഴുവന്‍ സുബ്രുവിനൊപ്പമുള്ള എന്റെ ബാല്യം, യൗവനം എന്നിവ കടന്ന് ഈ എഴുപതാം വയസ്സുവരെയള്ള ജീവിതം ഒരു സിനിമയെന്നോണം മനസ്സില്‍ തെളിഞ്ഞു.
നാട്ടില്‍ എത്തിയതും ബസ്സില്‍ നിന്നും ചാടിയിറങ്ങി സുബ്രുവിന്റെ വീട് ലക്ഷ്യമാക്കി ഞാന്‍ ഭ്രാന്തനെപ്പോലെ ഓടി. വീടിനു സമീപത്തെത്തിയപ്പോള്‍ അതാ വീട്ടുമുറ്റത്ത് ഒരാള്‍ക്കൂട്ടം. എന്റെ നെഞ്ചിടിപ്പു വര്‍ദ്ധിച്ചു. സ്വന്തക്കാര്‍ തമ്മില്‍ സംസാരിച്ചു നില്‍ക്കുന്നു. വീട്ടിനുള്ളില്‍ നിന്നും ഹോമകുണ്ഡത്തിന്റെ പുക ഉയര്‍ന്നു വന്നു, മന്ത്രധ്വനികളും കേള്‍ക്കാം. എന്റെ സകല നിയന്ത്രണങ്ങളും വിട്ടുപോയി ”എടാ സുബ്രു എന്നെ വിട്ടു പോയല്ലോടാ” എന്നു അലറി വിളിച്ചുകൊണ്ട് ഞാന്‍ വീട്ടിനുള്ളിലേക്കോടി. അതാ ഹോമകുണ്ഡത്തിന്റെ അരികിലായി ഇരിക്കുന്നതു സുബ്രുവല്ലേ, ഞാന്‍ കണ്ണും തിരുമ്മി വീണ്ടും നോക്കി. അതെ സുബ്രുതന്നെ, കൂടെ ഭാര്യയും ഉണ്ട്. എന്നെ കണ്ടപ്പോള്‍ സ്വല്പം ജാള്യതയോടെ സുബ്രു പറഞ്ഞു.
”ഭീമരഥ ശാന്തിയും മൃത്യുഞ്ജയഹോമവും നടക്കുകയാണ്.”






















