Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home കഥ

മസാലദോശ

യു.എസ്. രവീന്ദ്രൻയു.എസ്. രവീന്ദ്രൻ
26 December 2025

”എന്തെങ്കിലും കഴിച്ചിട്ട് പോയാല്‍ പോരെ കല്യാണിചേച്ചി, നേരം ഒന്നരമണിയായില്ലേ?”
”ശരിയാണ്, ന്നാല് വെശപ്പില്ല എന്തെങ്കിലും കഴിക്കാന്‍.”

Google NewsAdd Kesari Weekly as a preferred source on Google

കോടതിയില്‍ നിന്നും കിട്ടിയ ഇന്‍ഷുറന്‍സ് തുകയുടെ ചെക്ക് ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്തിറങ്ങിയപ്പോള്‍ സമയം വൈകിയിരുന്നു. ഊണിന്റെ സമയം കഴിയാറായി. ഗോപാലന്‍ ചോദിച്ചു ”മാരുതി ഹോട്ടലില്‍ കയറിയാലോ?”

”ആയ്‌ക്കോട്ടെ” വിശപ്പില്ലെങ്കിലും കല്യാണി ചേച്ചി സമ്മതമറിയിച്ചു. ചാലക്കുടി റെയില്‍വേ സ്റ്റേഷന്‍ റോഡിന്റെ തുടക്കത്തിലാണ് മാരുതി ഹോട്ടല്‍. ബാങ്കില്‍നിന്നും നടക്കാവുന്ന ദൂരമേയുള്ളു. കല്യാണിചേച്ചിയും ഗോപാലനും മാരുതി ഹോട്ടലിലേക്ക് നടന്നു. ക്യാഷ്‌കൗണ്ടറിന്റെ വലതു വശത്ത് കിഴക്കുഭാഗത്തെ ഫാമിലി റൂമിലാണ് സീറ്റ് കിട്ടിയത്. റൂമിന്റെ വലതു വശത്തുള്ള ജനല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. സപ്ലയര്‍ വന്നു ചോദിച്ചു. ”എന്തു വേണം?” ഊണിന്റെ സമയം കഴിഞ്ഞിട്ടില്ലെങ്കിലും കല്യാണി ചേച്ചിയുടെ സമ്മതത്തിനു കാത്തുനില്‍ക്കാതെ ഗോപാലന്‍ പറഞ്ഞു. ”രണ്ടു മസാലദോശയും രണ്ടു ചായയും. അല്ലേ കല്യാണിചേച്ചി?” കല്യാണിചേച്ചിക്ക് മസാലദോശ വളരെ ഇഷ്ടമാണെന്ന് ഗോപാലനറിയാം. വിശ്വേട്ടന്‍ എല്ലാ ദിവസവും മസാലദോശ കൊണ്ടുകൊടുക്കാറുണ്ടെന്ന് ഗോപാലനറിയാം. കല്യാണിയുടെ അയല്‍വാസികള്‍ക്കൊക്കെ അറിയാം.

ADVERTISEMENT

”കുറച്ചു കാറ്റുകടക്കട്ടെ” ഫാമിലി റൂമിന്റെ വലതു വശത്തെ ജനല്‍ ഗോപാലന്‍ പതുക്കെ തുറന്നു. ഇടനാഴിയില്‍ കൂടി പുറത്തെ മുറികൂടികാണാം. ഹോട്ടലിന്റെ അടുക്കളയോട് ചേര്‍ന്നുള്ള ആ മുറിയില്‍ ഒരു വലിയ അരപ്പ്‌മെഷീനില്‍ അരി ആട്ടിക്കൊണ്ടിരിക്കുന്നു. ആളൊന്നും അടുത്തില്ലെങ്കിലും മെഷീന്‍ നിര്‍ബാധം അരി ആട്ടിക്കൊണ്ടിരിക്കുകയാണ്. ആ മുറിയിലേക്ക് പതുക്കെ നോക്കി കണ്ണുകളെ പിന്‍വലിച്ച് തലതാഴ്ത്തി താടിക്ക് കൈകൊടുത്തുകൊണ്ട് കല്യാണി ഇരുന്നു. മസാലദോശയും ചായയും കൊണ്ടുവച്ചതറിഞ്ഞില്ല. ഗോപാലന്‍ പറഞ്ഞു. ”കല്യാണിചേച്ചി മസാലദോശ വന്നു. കഴിക്കു.” നല്ല വിശപ്പുള്ളതുകൊണ്ട് ഗോപാലന്‍ മസാലദോശയും ചായയും വേഗം കഴിച്ചു തീര്‍ത്തു. മസാല ദോശയില്‍ കൈവച്ചെങ്കിലും കൈ തിരിച്ചെടുത്ത കല്യാണിചേച്ചിയുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഇറ്റിറ്റു വീഴാന്‍ തുടങ്ങി.

ഒരു ദിവസം ഗോപാലന്‍ ലീവിനു വന്നപ്പോള്‍ കല്യാണി ചേച്ചി ചോദിച്ചു. ”എടാ ഗോപാലാ നിന്റെ വണ്ടി ഏതു വഴീലാടാ ഓടണത്?”
”എറണാകുളം തൃശ്ശൂര്‍ റൂട്ടില്‍.”
”അതിനെ കൊണ്ടോയി വല്ല ഗുരുവായൂര് നടയിലോ മറ്റോ ആക്ക്, എനിക്കിനി നോക്കാന്‍ വയ്യ.”
”ഏതിനെയാണ് ചേച്ചി?”
”എന്റെ നായരെ തന്നെ, നിന്റെ വിശ്വേട്ടനെ.”
”വിശ്വേട്ടന്വോ.”
”ആ അതിനെ തന്നെ. എനിക്കിനി നോക്കാന്‍ വയ്യ. രാത്രി വല്ലപ്പോഴുമൊക്കെ കേറിവരും. എറേത്തും മിറ്റത്തു ഒക്കെ അപ്പീട്ട് വൃത്തികേടാക്കി വയ്ക്കും. കാലത്ത് നോക്ക്യാല്‍ ആളെ കാണ്‌ല്യ. രണ്ടു മാസമായിട്ട് അങ്ങന്യാ. മിറ്റത്തെ കെണറ്റിലെങ്ങാലും വീണു ചത്തുപോയാലോ.”
”എനിക്ക് വയ്യ ഗുരുവായൂര് കൊണ്ട്‌പോയി നടതള്ളാന്‍. ആ പാപം കൂടി ഞാന്‍ ഏല്‍ക്കണോ? വേണമെങ്കില്‍ രണ്ടുപേര്‍ക്കുള്ള വണ്ടിക്കാശു തരാം. വേറെ ആരെയെങ്കിലും നോക്കിക്കോളൂ ഈ പണിക്ക്. എനിക്ക് പറ്റില്ല. ഓര്‍മ്മക്കേടുണ്ടെങ്കിലും കല്യാണിചേച്ചിയോട് സ്‌നേഹമുണ്ടായിട്ടല്ലെ വേറെ ഒന്നും ഓര്‍മ്മയില്ലെങ്കിലും മറക്കാതെ എല്ലാ ദിവസവും മസാലദോശ കൊണ്ട് തരാറ്. ഇപ്പോ ലോട്ടറി ടിക്കറ്റ് വില്‍ക്കുമ്പോ വിശ്വേട്ടന്‍ വിറ്റ ടിക്കറ്റിന് ആര്‍ക്കെങ്കിലും ബംബറടിച്ചാല്‍ വിശ്വേട്ടന് കമ്മീഷന്‍ കിട്ടും രണ്ടു ലക്ഷം രൂപ. അപ്പോ ചേച്ചി ഈ പറഞ്ഞതൊക്കെ പോകും.”
”എവിടെ കിട്ടാന്‍ പോണു രണ്ടു ലക്ഷം രൂപ.”

വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കല്യാണി ആദ്യമായി മാരുതി ഹോട്ടലില്‍ വന്നത്. ഗോവിന്ദന്‍ വല്യച്ഛന്റേയും പാറൂട്ടി വല്യമ്മയുടേയും കൂടെ അഞ്ചു വയസ്സുള്ള ഗോപാലനും ഉണ്ടായിരുന്നു. കൂടല്‍ മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സീതാസ്വയംവരം കഥകളിയും കണ്ട് ഉത്സവപറമ്പില്‍ തന്നെ ഉറങ്ങി കാലത്തെ കുളിയും തൊഴലും കഴിഞ്ഞ് ഇരിഞ്ഞാലക്കുടയില്‍ നിന്നും പിഎസ്എന്‍ ബസ്സില്‍ ചാലക്കുടിയില്‍ വന്നിറങ്ങിയതായിരുന്നു അന്ന്. ”എന്തെങ്കിലും കഴിച്ചിട്ട് പോയാല്‍ മതി. ഗോപാലന് വിശക്കുന്നുണ്ടാകും” പാറൂട്ടി വല്യമ്മ പറഞ്ഞു.
”വീട്ടില്‍ ചെന്ന് കഞ്ഞി ഒക്കെ ഉണ്ടാക്കി വരുമ്പോ ഉച്ചയാകും. കൊച്ചിന് വെശക്കും.”
”അങ്ങനെ ആയിക്കോട്ടെ, കഴിച്ചിട്ട് പോകാം” ഗോവിന്ദന്‍ വല്യച്ചന്‍ സമ്മതിച്ചു. ജംങ്ഷനിലെ റെയില്‍വേ സ്റ്റേഷന്‍ റോഡിന്റെ തുടക്കത്തിലുള്ള മാരുതി ഹോട്ടലിലേക്ക് എല്ലാവരും കൂടി കയറി. പഴയ ഒരു വീട് ഹോട്ടലായി പാകപ്പെടുത്തിയെടുത്തതാണ് മാരുതി ഹോട്ടല്‍. പൂമുഖത്ത് എട്ട് പേര്‍ക്കിരിക്കാവുന്ന മേശകളും കസേരകളും ഇട്ടിട്ടുണ്ട്. തെക്ക് പടിഞ്ഞാറെ മൂലയില്‍ ക്യാഷര്‍ക്ക് ഇരിക്കാനുള്ള കസേരയും മേശയും. വലത്തെ ഭാഗത്തെ മുറിയില്‍ ആറുപേര്‍ക്കിരിക്കാവുന്ന ഫാമിലി റൂം. തൊട്ട് കിഴക്കുവശത്ത് അടുക്കള ഇടനാഴിയ കൂടെ വന്നാല്‍ ആട്ടുകല്ലും അമ്മിയും ഉള്ള അരപ്പുമുറി. ഫാമിലി റൂമിന്റെ ജനല്‍ തുറന്നിട്ടാല്‍ എല്ലാം കാണാം. ഫാമിലി റൂമില്‍ ഇരുപ്പുറപ്പിച്ച ഗോവിന്ദന്‍ വല്യച്ചനോട് സപ്ലയര്‍ ചോദിച്ചു. ”എന്താണ് വേണ്ടത്” മാരുതി ഹോട്ടലിലെ മസാലദോശ പ്രസിദ്ധമായതുകൊണ്ട് ഗോവിന്ദന്‍ വല്യച്ചന്‍ പറഞ്ഞു. ”നാലു മസാലദോശയും നാലു ചായയും” കാറ്റുകടക്കാന്‍ വേണ്ടി കിഴക്കുവശത്തെ ജനല്‍ തുറന്നിട്ടിരുന്നു. അവിടെ ആട്ടുകല്ലില്‍ ഒരാള്‍ അരി ആട്ടിക്കൊണ്ടിരിക്കുന്നുണ്ട്. കറുത്തു തടിച്ച ശരീരം. അല്പം കഷണ്ടിയുണ്ട്. തുടകള്‍ അകത്തി വച്ച് ആട്ടുകല്ല് വയറിനോട് മുട്ടിമുട്ടിയില്ല എന്നപോലെ ഉയരം കുറഞ്ഞ സ്റ്റൂളില്‍ ഇരിക്കുന്നു. ഇടതുകൈകൊണ്ട് ആട്ടുകല്ലിന്റെ കുഴ തിരിക്കുന്നു. വലതുകൈകൊണ്ട് അരിമാടിയിടുന്നു. ജനല്‍ തുറന്ന ശബ്ദം കേട്ടയുടന്‍ സ്ഥാനം തെറ്റിക്കിടന്ന ലുങ്കിയെടുത്ത് തുടകള്‍ മൂടി. ഫാമിലി റൂമില്‍ ഇരിക്കുന്ന ഗോവിന്ദന്‍ വല്യച്ചനേയും പാറൂട്ടിവല്യമ്മയേയും കല്യാണിയേയും ഗോപാലനേയും ഒന്നുനോക്കി പെട്ടെന്ന് അരിയാട്ടുന്ന സ്വന്തം ജോലിയില്‍ മുഴുകി.
തലേദിവസത്തെ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ സീതാസ്വയംവരം കഥകളിയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് പാറൂട്ടി വല്യമ്മ ചോദിച്ചു
”കഥകളി നന്നായി അല്ലേ കല്യാണി.”

”പൊടിപൊടിച്ചു, സീതയുടെ ഭാഗ്യം. ഒരു ശ്രീരാമനെ കിട്ടീല്ലോ” കല്യാണി പറഞ്ഞു. അരിമാവ് മാടിയിടുന്ന ഭാവത്തില്‍ അരിയാട്ടല്‍ നിര്‍ത്തി കറുത്തു തടിച്ച അരി ആട്ടക്കാരന്‍ അവരുടെ സംഭാഷണം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.”നിനക്കെന്നാ ഒരു ശ്രീരാമനെ കിട്ടുക കല്യാണ്യേ, വയസ്സ് മുപ്പതായില്ലേ?” പാറൂട്ടി വല്യമ്മ ചോദിച്ചു.
”ആരുവരാനാ അച്ഛനില്ല അമ്മയില്ല. പാറൂട്ടി വല്യമ്മയുടെ കൂടെ ആയതോണ്ട് പട്ടിണിയില്ലാതെ ജീവിച്ചുപോരുന്നു. ഇങ്ങനെയൊക്കെ മതി. വിധിപോലെ വരട്ടെ.”
സപ്ലയര്‍ മസാലദോശയും ചായയും കൊണ്ടുവന്നു മേശപ്പുറത്തു വച്ചു. ആദ്യമായി ആണ് കല്യാണി മസാലദോശ കാണുന്നത്. ”ഇതെന്താ ഗര്‍ഭള്ള ദോശ്യോ?”
”ആ ഇതു തന്നെ ഗര്‍ഭോള്ള ദോശ. മസാലദോശ എന്നു പറയുന്നത് ഇതാണ്. ഒരെണ്ണം തിന്നാല്‍ വയറു നിറയും.” ദോശയുടെ മടക്ക് തുറന്നു നോക്കി ഉരുളക്കിഴങ്ങും സവാളയും ചേര്‍ത്ത മസാലതൊട്ട് നാക്കിന്‍മേല്‍ വച്ചിട്ട് കല്യാണി പറഞ്ഞു. ”എന്തൊരു സ്വാദ്. ഈ ഹോട്ടലില്‍ ജോലി ചെയ്യുന്നവര്‍ക്ക് എന്തു സുഖമാ, എല്ലാ ദിവസവും മസാലദോശ തിന്നാമല്ലോ.”

”എങ്കില്‍ നീ ഹോട്ടലിലെ ആരെയെങ്കിലും കല്യാണം കഴിച്ചോ. നിന്റെ സ്വയംവരം ഇവിടെ നിന്നു തന്നെയാകട്ടെ. നിന്റെ ശ്രീരാമന്‍ ദിവസവും മസാലദോശ കൊണ്ടുതരും.”
”കളിയാക്കല്ലേ പാറൂട്ടി വല്യമ്മേ” കല്യാണിക്ക് നാണം വന്നു.
”ഞാന്‍ വെറുതെ പറഞ്ഞതല്ലേ”പാറൂട്ടി വല്യമ്മ സമാധാനിപ്പിച്ചു.

എല്ലാവരും മസാലദോശയും കഴിച്ച് ചായയും കുടിച്ച് കൈകഴുകി. കാശ്‌കൊടുക്കാന്‍ കൗണ്ടറില്‍ എത്തി. കൗണ്ടറിനു സമീപം അല്‍പം മാറി അരി ആട്ടുന്നയാള്‍ നില്‍പ്പുണ്ടായിരുന്നു. ലുങ്കി മടക്കി ഉടുത്തിട്ടുണ്ട്. ശരീരം മറയ്ക്കാന്‍ ഷര്‍ട്ടിട്ടുണ്ട്. കൗണ്ടറില്‍ കാശുകൊടുത്ത് പുറത്തേക്കിറങ്ങിയപ്പോള്‍ ഗോവിന്ദന്‍ വല്യച്ഛനെ വിളിച്ച് അല്പം ദൂരത്തുള്ള മരത്തിന്റെ അടുത്തേക്ക് മാറ്റി നിര്‍ത്തി അയാള്‍ പറഞ്ഞു.

”എന്റെ പേര് വിശ്വനാഥന്‍ നായര്‍, ഇവിടെ ജോലി ചെയ്യുന്നു. അരി ആട്ടലാണ് പ്രധാന ജോലി, ഇടയ്ക്ക് സപ്ലയറാകും, ചിലപ്പോള്‍ അടുക്കളയിലും സഹായിക്കും. നിങ്ങള്‍ക്ക് സമ്മതമാണെങ്കില്‍ ആ പെണ്ണിനെ പട്ട്‌ല് കച്ചോടം ചെയ്ത് കൊണ്ടുപോയി. പാറൂട്ടി കുട്ട്യേ കണ്ടപ്പോതന്നെ ബോധിച്ചു. കല്ല്യാണവും നിശ്ചയിച്ചു. പിന്നെ വയസ്സറിയിച്ച ശേഷം ആണ്ടോടാണ്ട് പേറു തന്നെ. 28 വയസ്സായിപ്പോഴേക്കും ഏഴുപ്രസവം. ഗോവിന്ദന്‍ വല്യച്ഛന് പാറൂട്ടി വല്യമ്മയോടുള്ള സ്‌നേഹം അത്രക്കുണ്ടായിരുന്നു. നിന്റെ നേരെ മൂത്തത് രണ്ടു വയസ്സില്‍ മരിച്ചു പോയി.”
അങ്ങനെയിരിക്കുമ്പോഴാണ് പരിയാരം അമ്മു ടാക്കീസില്‍ നീലക്കുയില്‍ സിനിമ വന്നത്. ഒരാള്‍ ചെണ്ടകൊട്ടി വേറൊരാള്‍ നോട്ടീസും കൊടുത്തുകൊണ്ട് സിനിമ മാറുമ്പോള്‍ റോഡിലൂടെ എല്ലാ വഴികളിലൂടെയും പോകും. കുട്ടികള്‍ നോട്ടീസിനായി ഓടി എത്തും. ഗോപാലനും കിട്ടി ഒരു നോട്ടീസ്. കല്യാണം തീരുമാനിച്ചതുകൊണ്ട് കല്ല്യാണി ആ ദിവസങ്ങളില്‍ സന്തോഷവതിയായിരുന്നു. ”പാറൂട്ടി വല്യമ്മേ ഞാന്‍ സിനിമ കാണാന്‍ പൊക്കോട്ടെ? പടിഞ്ഞാറെ വീട്ടിലെ ജാനുവും പാടത്തിനക്കരയിലെ എച്ച്മു ചേച്ചിയും വടക്കേതിലെ സരസുവുമൊക്കെ പോകുന്നുണ്ട്. ഞാനും കൂടെ പൊക്കോട്ടെ?” ”സിനിമ തീരുമ്പോള്‍ രാത്രി ഒമ്പതു മണിയാകും. അവരോട് നിന്നെ ഇവിടെ കൊണ്ടാക്കീട്ട് വേണം പോകാന്‍ എന്നു പറയണം” പാറൂട്ടി വല്യമ്മ സമ്മതിച്ചു. അമ്പതു പൈസ കൊടുത്ത് തറടിക്കറ്റെടുത്ത് സ്‌ക്രീനിന്റെ അടുത്തു തന്നെ കടലാസ് നിലത്ത് വിരിച്ച് എല്ലാവരും ഇരിപ്പായി. പിന്നോട്ട് തിരിഞ്ഞു നോക്കിയാല്‍ ഒരു രൂപ കൊടുത്ത് ബഞ്ചിലും രണ്ടു രൂപ കൊടുത്ത് കസേരയിലും ഇരിക്കുന്നവരെ കാണാം. ഏറ്റവും പിന്നില്‍ നിന്നും പുകപോലുള്ള വെളിച്ചത്തില്‍ കൂടെ സിനിമവന്ന് തിരശ്ശീലതുണിയില്‍ പതിച്ചപ്പോള്‍ ആശ്ചര്യം. ആളുകള്‍ നടക്കുന്നു, വര്‍ത്തമാനം പറയുന്നു, പാടുന്നു. മഴയുടെ രംഗം വന്നപ്പോള്‍ ”നോക്കെന്‍ കൂട്ടരെ അവടൊക്കെ മഴ പെയ്യുന്നുണ്ടല്ലോ, നമ്മള്‍ ഇരിക്കുന്നേടത്ത് ഒന്നും ഇല്ലല്ലോ തേയ്” എച്ചുമുചേച്ചി വിളിച്ചുപറഞ്ഞു. ”പുഞ്ചവയല്‍ കൊയ്തല്ലോ കൊഞ്ചെടി കൊഞ്ചെടി തത്തമ്മേ” എന്നവരികള്‍ കേട്ടപ്പോള്‍ ”കേട്ടില്ലേ കല്ല്യാണി തത്തമ്മോട് കൊഞ്ചാന്‍ നിന്റെ വിശ്വേട്ടന്‍ പറയണതാ.” ” എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണി നെഞ്ചിലെന്ന് എന്ന പാട്ടു വന്നപ്പോള്‍ ”ടീ കല്ല്യാണി നിന്റെ നെഞ്ചില്‍ എന്താണെന്നാണ് പാടണത്? എന്താടീ നിന്റെ നെഞ്ചില്‍” എച്ചുമുചേച്ചിയുടെ ചോദ്യം ”എല്ലാവര്‍ക്കും ഉള്ളത് തന്നെ” തോളിലിട്ടിരുന്ന തോര്‍ത്ത് ഒന്ന് താളെക്ക് വലിച്ചിട്ട് ”അങ്ങോട്ട് നൊക്കെന്‍ കൂട്ടരെ” എന്ന് പറഞ്ഞു കല്ല്യാണി നീരസം അറിയിച്ചു. സിനിമ കഴിഞ്ഞ് വീട്ടിലെത്തും വരെ കല്ല്യാണിയെ നോക്കി എച്ച്മുചേച്ചി പാടിക്കൊണ്ടിരുന്നു. ”കല്ലാണി നെഞ്ചിലെന്ന്…” മറ്റുള്ളവര്‍ക്ക് പലപ്പോഴും കല്ല്യാണിയെ കളിയാക്കാനുള്ള ഒരു ആയുധമായി ആ പാട്ട്.

കല്ല്യാണിയുടെ കല്യാണം ഗോവിന്ദന്‍ വല്യച്ഛനും പാറൂട്ടി വല്യമ്മയും കൂടി നടത്തിക്കൊടുത്തു. ചെക്കന്റെ ഭാഗത്തുനിന്നും കുറച്ച് ആള്‍ക്കാരും കല്ല്യാണിയുടെ ആള്‍ക്കാരായി പത്തിരുപതു പേരും മാത്രമേ ഉണ്ടായിരുന്നുള്ളു. കോതേശ്വരം അമ്പലത്തില്‍ താലികെട്ട്. കല്ല്യാണിയുടെ വീട്ടുമുറ്റത്ത് ചെരിച്ചുകെട്ടി എടുത്ത പന്തലില്‍ സദ്യ. എല്ലാം ഭംഗിയായി അവസാനിച്ചു. അങ്ങനെ കല്ല്യാണിയുടേയും വിശ്വനാഥന്‍ നായരുടേയും ദാമ്പത്യജീവിതം ആരംഭിച്ചു. കല്ല്യാണി സ്വന്തം വീട്ടില്‍ വീണ്ടും അന്തിയുറങ്ങി. കാലത്ത് നാലര മണിക്ക് വിശ്വേട്ടന് മാരുതി ഹോട്ടലിലേക്ക് ജോലിക്കു പോകണം. നേരത്തേ എണീറ്റ് കുളിച്ച് ശുദ്ധിയായി കല്ല്യാണി കട്ടന്‍ ചായയുണ്ടാക്കിക്കൊടുക്കും. ആറുമണിയാകുമ്പോള്‍ കല്ല്യാണി പാറൂട്ടിവല്യമ്മേടെ വീട്ടില്‍ സഹായിക്കാന്‍ പോകും. സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുന്നതിന് മുന്‍പ് തിരിച്ചെത്തും. രാത്രി വിശ്വേട്ടന്‍ മസാലദോശ കൊണ്ടുവരുന്നതുകൊണ്ട് അത്താഴം ഉണ്ടാക്കേണ്ട ആവശ്യമില്ല.
മാരുതി ഹോട്ടിലിലെ മൊത്തം അരിആട്ടല്‍ വിശ്വനാഥനാണ് ചെയ്യുന്നത്. അതാതു ദിവസത്തേക്ക് വേണ്ട അരി തലേദിവസം തന്നെ ആട്ടിവച്ചിട്ടുണ്ടാകും. ഇഡ്ഡലിക്കും മസാലദോശയ്ക്കും വേറെ വേറെ കൂട്ടാണ്. രാത്രി തിരിച്ചുപോരുമ്പോള്‍ കല്ല്യാണിക്കും തനിക്കുമുള്ള മസാലദോശകള്‍ ചട്ട്ണിയും സാമ്പാറും ചേര്‍ത്ത് പ്രത്യേകം പൊതിഞ്ഞ് കൊണ്ടുവരും. എല്ലാ ദിവസവും മസാലദോശ തിന്നുതിന്നു കല്ല്യാണിക്ക് തൃപ്തിയായി. ഒരു ദിവസം പാറൂട്ടി വല്യമ്മയുടെ വീട്ടില്‍ ചമ്മന്തിക്ക് അരച്ചുകൊണ്ടിരുന്നപ്പോള്‍ കല്ല്യാണിക്ക് ഓക്കാനവും ഛര്‍ദ്ദിയും വന്നു. ഓക്കാനിച്ചുകൊണ്ട് വാഴക്കൂട്ടത്തിലേക്ക് ഓടുന്നത് കണ്ട് പാറൂട്ടി വല്യമ്മ ചോദിച്ചു. ”എന്താടീ കല്ല്യാണി ഓക്കാനവും ഛര്‍ദ്ദിയും. നിന്റെ കുളിതെറ്റിയോടീ? എന്നാടീ നീ തീണ്ടാരികുളിച്ചത്?” ”രണ്ടു മാസായി” സംഭ്രമത്തോടെ കല്ല്യാണി പറഞ്ഞു. ”എന്നാല്‍ നിനക്ക് ഗര്‍ഭമായിട്ടുണ്ടാകും. ഇനി ഇന്ന് ഒന്നും ചെയ്യണ്ട. ഞാന്‍ അരച്ചോളും. കൂട്ടാന്‍ കഷണം നുറുക്കിയാല്‍ മതി.” കല്ല്യാണിയെ അടുക്കളയിലേക്ക് വിട്ടിട്ട് പാറൂട്ടി വല്ല്യമ്മ ചമ്മന്തി അരച്ചെടുത്തു.
”മസാലദോശ തിന്നുതിന്ന് നീയും മസാലദോശപൊലെയായല്ലോ കല്ല്യാണി?” കല്ല്യാണിയുടെ മെലിഞ്ഞ ശരീരപ്രകൃതിയും വലിയ വയറും കണ്ട് എച്ച്മുചേച്ചി കളിയാക്കി. ”ഓ, നിങ്ങള്‍ക്കും ഗര്‍ഭമുണ്ടായിട്ടുതന്നെയല്ലേ രണ്ടു മക്കളെ പ്രസവിച്ചത്.” കല്ല്യാണിയുടെ പരിഭവം പ്രതിഷേധരൂപത്തില്‍ പുറത്തുവന്നു.
എച്ച്മുചേച്ചിയുടെ കേളുട്ടിനായര്‍ ആനക്കാരനാണ്.”ആനക്കാരന്‍ വരാറുണ്ടല്ലോ അല്ലേ. ആനക്കുട്ടികള്‍ എവിട്യാ” ചിലപ്പോള്‍ കല്ല്യാണി തിരിച്ചടിക്കും. എച്ച്മു ചേച്ചിയുടെ മക്കള്‍ രണ്ടുപേരും നല്ല തടിയന്മാരാണ്. ആനക്കുട്ടികള്‍ എന്നാണ് വിളിപ്പേരുകള്‍.
അങ്ങനെ മാസങ്ങളും മസാലദോശകളും കടന്നുപോയി. കല്ല്യാണി ഒരു പെണ്‍ കുഞ്ഞിനെ പ്രസവിച്ചു. പാറൂട്ടി വല്യമ്മയുടെ മൂത്തമകള്‍ പറഞ്ഞതനുസരിച്ച് വിശ്വനാഥന്റെ ”വി”യും കല്ല്യാണിയുടെ ”ല”’യും ചേര്‍ത്ത് പെണ്‍കുഞ്ഞിന് വിലാസിനി എന്ന പേരിട്ടു. വിലു എന്ന ഓമനപ്പേരില്‍ വിളിച്ചു. വിലു ഉണ്ടായതിനു ശേഷം വിശ്വേട്ടന്‍ വീട്ടില്‍ വരുമ്പോള്‍ രണ്ടിനു പകരം മൂന്നു മസാലദോശകള്‍ കൊണ്ടുവരും. വിലു വളര്‍ന്ന് വലുതായി. അവരുടെ കുടുംബജീവിതവും മസാലദോശകളിലൂടെ പുരോഗമിച്ചുകൊണ്ടിരുന്നു.
അതിനിടയില്‍ ഹോട്ടല്‍ മാരുതിയില്‍ ഒരു അരപ്പ് മെഷീന്‍ വാങ്ങിയത് വിശ്വനാഥന് ക്ഷീണമായി. ഹോട്ടലില്‍ വിശ്വനാഥന്റെ പ്രാധാന്യം കുറഞ്ഞു. ഇഡ്ഡലിക്കും ദോശയ്ക്കും മസാലദേശയ്ക്കുമുളള അരി അരയ്ക്കല്‍ അരപ്പുയന്ത്രം ഏറ്റെടുത്തു. അരി കുതിര്‍ത്തികൊടുക്കലും ആട്ടിയ അരിമാവ് പാത്രത്തില്‍ പകര്‍ത്തി വയ്ക്കലും മാത്രമായി വിശ്വനാഥന്റെ ജോലി. ബാക്കിസമയം അടുക്കളയില്‍ സഹായിക്കല്‍ മാത്രം. അടുക്കളപ്പണിയില്‍ അത്ര കൗശലക്കാരനല്ലാത്തതുകൊണ്ട് വിശ്വനാഥന്റെ ആവശ്യം കുറഞ്ഞുവന്നു.
”വിശ്വേട്ടാ ഇനി മുതല്‍ പൊള്ളാച്ചിയില്‍ നിന്നും പാട്ടതൈര് വരുന്നത്. വിശ്വേട്ടന്‍ റെയില്‍വേ സ്റ്റേഷനില്‍ പോയി കൊണ്ടുവരണം. റെയില്‍വേ സ്റ്റേഷനില്‍ തെക്കെ അറ്റത്ത് ഇറക്കി വച്ചിട്ടുണ്ടാകും. ഓട്ടോ വിളിച്ച് പോയി അതില്‍ തന്നെ കൊണ്ടുവന്നാല്‍ മതി.” ഹോട്ടല്‍ മാനേജരുടെ കല്പനപ്രകാരം വിശ്വനാഥന്റെ ഡ്യൂട്ടി തൈര് കൊണ്ടുവരുന്നതും അടുക്കളയില്‍ കഷ്ണം നുറുക്കലും മാത്രമായി.

വിലു ഉണ്ടായതിനു ശേഷം കല്ല്യാണി പാറൂട്ടി വല്ല്യമ്മേടെ വീട്ടില്‍ സഹായത്തിന് പോകാറില്ല. വിലുവിനെ നോക്കണ്ടേ. പൊള്ളാച്ചി തൈര് വേറെ ഹോട്ടലുകളില്‍ കൂടി എത്തിച്ചുകൊടുക്കുന്ന ജോലിയും വിശ്വനാഥന്‍ ഏറ്റെടുത്തു. വിശേഷദിവസങ്ങളില്‍ വീടുകളിലും എത്തിച്ചു കൊടുക്കും. അങ്ങനെ ചാലക്കുടിയിലെ മൊത്തം തൈര് കച്ചവടക്കാരനായി.
വിലു വളര്‍ന്നു വലുതായി പതിനേഴ് വയസ്സായപ്പോഴേക്കും ആലുവയിലെ ഒരു ഹോട്ടലിലെ സപ്ലയര്‍ വിജയന് കല്യാണം കഴിച്ചുകൊടുത്തു. വിജയന്‍ പണ്ട് മാരുതി ഹോട്ടലിലെ സപ്ലയറായിരുന്നു. വലിയ പ്രായവ്യത്യാസമുണ്ടായിരുന്നെങ്കിലും വിജയന്‍ കൊണ്ടുവരുന്ന മസാലദോശയുടെ രുചിയില്‍ പ്രായവ്യത്യാസം മറക്കാന്‍ വിലുവിന് കഴിഞ്ഞു. കല്യാണം കഴിഞ്ഞ് വിലു ആലുവയിലേക്ക് താമസം മാറ്റിയതോടെ കല്യാണി പകല്‍സമയത്ത് ഒറ്റയക്കായി. വീണ്ടും പകല്‍സമയത്ത് പാറൂട്ടി വല്ല്യമ്മയെ സഹായിക്കാന്‍ പോയി തുടങ്ങി. തൈരു കച്ചവടം നടത്തി എത്ര വൈകിയാലും വിശ്വേട്ടന്‍ കല്ല്യാണിക്ക് മസാലദോശ കൊണ്ടുവരുവാന്‍ മറക്കാറില്ല.

മാര്‍ക്കറ്റില്‍ തൈര് പാക്കറ്റുകള്‍ കിട്ടാന്‍ തുടങ്ങിയതോടെ വിശ്വനാഥന്റെ തൈരു കച്ചവടം മോശമായിതുടങ്ങി. ആരോഗ്യവും കുറഞ്ഞു. ഓര്‍മ്മശക്തിയും കുറഞ്ഞു തുടങ്ങി. പിന്നെ തൈരു കച്ചവടം നിറുത്തി. ലോട്ടറി ടിക്കറ്റ് കച്ചവടം ആരംഭിച്ചു.
ലോട്ടറിയുടെ വലിയ ഏജന്റ് ലോനപ്പന്‍ ചേട്ടന്‍ വിശ്വനാഥന് കുറച്ച് ടിക്കറ്റുകള്‍ കൊടുക്കും. വിറ്റ ശേഷം കമ്മീഷന്‍ കഴിച്ചുള്ള തുക ലോനപ്പന്‍ ചേട്ടന് കൊടുത്താല്‍ മതി. ഇപ്പോള്‍ വിശ്വനാഥന്‍ വീട്ടില്‍ നിന്നും ടിക്കറ്റ് വില്‍പ്പനയ്ക്കിറങ്ങുമ്പോള്‍ പതിവു പോലെ പിഎസ്എന്‍ ബസ്സ് കാത്തു നില്‍ക്കാറില്ല. ലോട്ടറി ടിക്കറ്റുകള്‍ ക്ലിപ്പ് ഒരു ചെയ്ത ബോഡും നെഞ്ചിന് കുറുകെ താഴേക്ക് തൂക്കിയിട്ടിരിക്കുന്ന ഒരു തുണിസഞ്ചിയുമാണ് ഇപ്പോഴത്തെ സ്ഥായിയായ വേഷം. കാലത്ത് അഞ്ചു മണിക്ക് നടത്തം തുടങ്ങിയാല്‍ പരിയാരം എലിഞ്ഞിപ്ര, ചൗക്ക, പോട്ടയെല്ലാം കറങ്ങി ചാലക്കുടിയിലെത്തി പടിഞ്ഞാറെ ചാലക്കുടിയിലെല്ലാം ടിക്കറ്റു വിറ്റ് രാത്രി പത്തു മണിയോടുകൂടി കല്ല്യാണിക്കുള്ള മസാലദോശയുമായി വീട്ടിലെത്തും. ഉറങ്ങിതുടങ്ങിയ കല്ല്യാണിയുടെ തലയിണയ്ക്കരികെ മസാലദോശപ്പൊതിയും മുറിയുടെ മൂലയില്‍ ബാക്കി ലോട്ടറി ടിക്കറ്റുള്ള ബോര്‍ഡും അന്നത്തെ വില്‍പ്പനയില്‍ നിന്നു കിട്ടിയ രൂപ അടങ്ങിയ തുണിസഞ്ചിയും വച്ച് പായവിരിച്ച് കല്ല്യാണിയെ ശല്യപ്പെടുത്താതെ ഉറങ്ങാന്‍ കിടക്കും. വിശ്വേട്ടന്റെ വൈകിയുള്ള വരവുകള്‍ കല്ല്യാണിക്ക് അത്ര ഇഷ്ടപ്പെടാറില്ല. എന്നാല്‍ മസാലദോശയുടെ സ്വാദോര്‍ക്കുമ്പോള്‍ വിശ്വേട്ടനോട് ഒന്നും പറയാനും തോന്നാറില്ല. എങ്കിലും ഒരു ദിവസം കല്ല്യാണിക്ക് പറയേണ്ടിവന്നു. ”നിങ്ങളുടെ ഈ പാതിരായ്ക്കുള്ള വരവ് ഇനി പറ്റില്ല. ഞാന്‍ വാതിലടച്ച് ഉറങ്ങും. പൊറത്ത് കിടക്കണ്ടിവരും.” പ്രതികരണശേഷി നഷ്ടപ്പെട്ട വിശ്വനാഥന്‍ തിരിച്ചൊന്നും പറയാറില്ല. രാത്രി വരുമ്പോള്‍ കല്ല്യാണി വാതില്‍ പൂട്ടികിടപ്പായെങ്കില്‍ മസാലദോശ വാതില്‍പ്പടിമേല്‍ വച്ച് പുറത്ത് ഇറയത്ത് പായവിരിച്ച് കിടന്നുറങ്ങും. ചിലപ്പോള്‍ സമയസ്ഥലകാലബോധമില്ലാതെ ആദ്യത്തെ ഉറക്കമുണരുമ്പോള്‍ ലോട്ടറി ടിക്കറ്റ് വില്പനക്കിറങ്ങും. വെളുപ്പിന് രണ്ട് മണിയോ മൂന്നു മണിയോ ആയിരിക്കും.

”വിശ്വേട്ടന് അല്‍ഷിമേഴ്‌സ് എന്ന സൂക്കേടാണ് മറവിരോഗം. സൂക്ഷിക്കണം. സ്ഥലകാലബോധമുണ്ടാകില്ല. ആളുകളെ തിരിച്ചറിയുകയില്ല.” അവധി ദിവസം വന്നപ്പോള്‍ ഗോപാലന്‍ പറഞ്ഞു. ”ഞാന്‍ എന്തു ചെയ്യാനാണ്. രാത്രി വൈകിവരും. വെളുപ്പിന് മുന്‍പു തന്നെ സ്ഥലം വിടും. മുറ്റത്തും എറേത്തും അപ്പീട്ട് വൃത്തികേടാക്കീട്ട് പോകും. കാലത്ത് എന്റെ പണി കോരികളയല്‍ തന്നെ. എനിക്ക് വയ്യാണ്ടായി.” ”ഓര്‍മ്മയില്ലാഞ്ഞിട്ടല്ലേ. ഈ മറവി രോഗത്തിന്റെ ലക്ഷണങ്ങള്‍ ഇതൊക്കെതന്നെ. എന്നാലും മസാലദോശകൊണ്ടുവരാന്‍ മറക്കാറില്ലല്ലോ.” ഗോപാലന്‍ സമാധാനിപ്പിച്ചു.
ഒരുദിവസം കാലത്ത് കല്ല്യാണി എണീറ്റു വാതില്‍ തുറന്നു നോക്കിയപ്പോള്‍ പതിവുപോലെ മസാലദോശ കണ്ടില്ല. ഇന്നലെ വിശ്വേട്ടന്‍ വന്നുകാണില്ല. മുറ്റത്തും ഇറയത്തും വൃത്തികേടൊന്നും ഇല്ല. ലോട്ടറി ടിക്കറ്റും കൊണ്ട് ഏതു വഴിക്ക് പോയാണാവോ. കല്ല്യാണിക്ക് ഉള്ളില്‍ ഒരു വല്ലായ്മ.
ഉച്ചയായപ്പോള്‍ ലോട്ടറി ഏജന്റ് ലോനപ്പന്‍ കല്യാണിയെ അന്വേഷിച്ച് പാറൂട്ടി വല്യമ്മയുടെ വീട്ടില്‍ വന്നു. ”വിശ്വേട്ടന്‍ ഇന്നലെ വിറ്റ ലോട്ടറി ടിക്കറ്റിന്റെ രൂപ തന്നില്ല. പുതിയ ടിക്കറ്റ് വാങ്ങാന്‍ വന്നതുമില്ല. ആള്‍ക്ക് സുഖമില്ലെന്നറിയാം. ഞാനാണ് ദിവസവും ടിക്കറ്റ് കൊടുക്കാറുള്ളത്. ടിക്കറ്റ് വാങ്ങുന്നവര്‍ വിശ്വേട്ടന്റെ കഴുത്തില്‍ തൂക്കിയിടുന്ന സഞ്ചിയില്‍ രൂപ ഇട്ടോളും. പുതിയ ടിക്കറ്റ് വാങ്ങുവാന്‍ വിശ്വേട്ടന്‍ പത്തു മണിയാകുമ്പോളേക്കും എത്താറുണ്ട്. ഇന്ന് ഇതുവരെ വന്നിട്ടില്ല.” അല്പം പരിഭ്രമത്തോടു കൂടിയാണ് ലോനപ്പന്‍ പറഞ്ഞു നിറുത്തിയത്.

ഇതിന്നിടയില്‍ സൈക്കിളില്‍ പോകുകയായിരുന്ന വാസു ലോനപ്പനോട് പറഞ്ഞു. ”ഇന്നലെ രാത്രി പോട്ടയില്‍ ഒരാള്‍ ലോറി ഇടിച്ചു മരിച്ചു. ലോട്ടറി വില്‍പ്പനക്കാരനാണത്രേ. ലോറി നിര്‍ത്താതെ പോയെങ്കിലും ചോരപ്പാടുകള്‍ കണ്ട് കൊരട്ടിയില്‍ പോലീസ് ലോറി പിടിച്ചിട്ടുണ്ട്.”
കല്ല്യാണിക്ക് സംഭ്രമം കൂടിവന്നു. വിശ്വേട്ടനായിരിക്കുമോ മരിച്ചത്. നിസ്സഹായതയുടെ ഒരു അസഹനീയാവസ്ഥ വിശ്വേട്ടനോട് ഉണ്ടായിരുന്നെങ്കിലും ഒരു ദിവസത്തെ അസാന്നിദ്ധ്യം കല്ല്യാണിയെ അലോസരപ്പെടുത്തിയിരുന്നു.
പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം വിശ്വനാഥന്റെ ശരീരം വീട്ടില്‍ കൊണ്ടുവന്നു. നാട്ടുകാര്‍ എല്ലാവരും ഓടിക്കൂടി. ഗോവിന്ദന്‍ വല്യച്ഛനും പാറൂട്ടി വല്യമ്മയും വന്നു. ആലുവായില്‍ നിന്നും വിലുവും ഭര്‍ത്താവും വന്നു. വിധിപ്രകാരം ശവസംസ്‌കാരം നടന്നു. എല്ലാവരും പിരിഞ്ഞു പോയി. വന്ന കൂട്ടത്തില്‍ ഒരാള്‍ വിശ്വേട്ടന്റെ സഞ്ചി കല്ല്യാണിയെ ഏല്‍പ്പിച്ചു. തലേദിവസം ലോട്ടറി വിറ്റ രൂപയും ഒരു മസാലദോശയും അതില്‍ ഉണ്ടായിരുന്നു.
വിശ്വേട്ടന്‍ മരിച്ചിട്ട് ഒരു മാസമായിക്കാണും ഒരു ദിവസം അപരിചിതരായ രണ്ടുപേര്‍ കല്ല്യാണിയുടെ വീട്ടില്‍ വന്നു. ഇന്‍ഷൂറന്‍സ് കമ്പനിക്കാരാണത്രേ. ഇന്‍ഷൂറന്‍സ് തുകയായ രണ്ടു ലക്ഷം രൂപ അവകാശിയായ കല്ല്യാണിക്ക് കിട്ടുമത്രേ. തുക കോടതിയില്‍ കെട്ടിവയ്ക്കുമെന്നും ഒരാഴ്ച കഴിഞ്ഞ് പോയി കൈപ്പറ്റാനും പറഞ്ഞിട്ട് അവര്‍ തിരിച്ചുപോയി.

മസാലദോശ കഴിക്കാതെ തലക്ക് കയ്യും കൊടുത്ത് താഴേക്ക് നോക്കി കണ്ണീര്‍ വീഴ്ത്തി കൊണ്ടിരിക്കുന്ന കല്ല്യാണിയെ നോക്കി ഗോപാലന്‍ പറഞ്ഞു. ”എല്ലാം ദൈവവിധിയാണെന്ന് വിചാരിച്ചാല്‍ മതി ചേച്ചി. മസാലദോശ കഴിക്കുന്നില്ലെങ്കില്‍ പൊതിഞ്ഞു വാങ്ങാം. വീട്ടില്‍ പോയാല്‍ കഴിക്കാമല്ലോ.”
”വേണ്ട നമുക്ക് പോകാം.”

അടുത്ത മുറിയിലെ അരി ആട്ടിക്കൊണ്ടിരിക്കുന്ന യന്ത്രത്തില്‍ ഒന്നു കൂടി നോക്കി കല്ല്യാണി, മുഖം തിരിച്ച് കണ്ണുനീര്‍ തുടച്ച് ഹോട്ടല്‍ മാരുതിയില്‍ നിന്നും പുറത്തു കടന്നു. പിന്നാലെ ഗോപാലനും.

Tags: മസാല ദോശ
ShareTweetSendShare

Related Posts

ബാന്‍സുരി

ബാന്‍സുരി

ഭീമരഥ ശാന്തി

ഭീമരഥ ശാന്തി

പക

പക

അരൂപികളുടെ ആകാശം

അരൂപികളുടെ ആകാശം

ദാനം

ദാനം

ദേവമ്മ

ദേവമ്മ

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies