വൈക്കം സത്യാഗ്രഹം ഒരു സമഗ്രവിപ്ലവം
ഇ.എന്‍.നന്ദകുമാര്‍
നാഷണല്‍ ബുക് ട്രസ്റ്റ് ഇന്ത്യ
പേജ്: 224 വില: 340 രൂപ
ജാതീയമായ വേര്‍തിരിവുകള്‍ക്കും സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിനും എതിരെ നടന്ന വൈക്കം സത്യഗ്രഹത്തിന്റെ നാള്‍വഴികള്‍ വസ്തുനിഷ്ഠമായും വിശദമായും രേഖപ്പെടുത്തുന്ന പുസ്തകമാണ് ഇ.എന്‍.നന്ദകുമാര്‍ രചിച്ച വൈക്കം സത്യഗ്രഹം ഒരു സമഗ്ര വിപ്ലവം എന്ന പുസ്തകം. യാഥാസ്ഥിതികമായ കാഴ്ചപ്പാടുകളെ അതിശക്തമായി എതിര്‍ത്ത വൈക്കം സത്യഗ്രഹത്തില്‍ വ്യത്യസ്ത സമുദായങ്ങളില്‍ പെട്ടിരുന്ന മനുഷ്യസ്‌നേഹികളായ നവോത്ഥാനവക്താക്കള്‍ ഒറ്റമനസ്സോടെ 604 ദിവസമാണ് സത്യഗ്രഹം അനുഷ്ഠിച്ചത്.
നായര്‍ സമുദായത്തിലെയും ഈഴവ സമുദായത്തിലെയും ഇതര സമുദായങ്ങളിലെയും ഉല്‍പതിഷ്ണുക്കളും വൈക്കം സത്യഗ്രഹത്തിന്റെ ലക്ഷ്യപ്രാപ്തിക്കായി ഒന്നിച്ചണിനിരന്നിരുന്നു. ഭാരതമാകെ അലയൊലികള്‍ സൃഷ്ടിക്കുവാനും വാര്‍ത്താപ്രാധാന്യം നേടിയെടുക്കുവാനും കഴിഞ്ഞ സമരം കൂടിയായിരുന്നു വൈക്കം സത്യഗ്രഹം. ഇത് സംബന്ധിച്ച ചരിത്രപരമായ തെളിവുകള്‍ ഇ.എന്‍.നന്ദകുമാര്‍ ഭംഗിയായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഹിന്ദുസമുദായത്തിന്റെ കെട്ടുറപ്പിനും ഐക്യ ചിന്തയ്ക്കും വൈക്കം സത്യഗ്രഹം നല്‍കിയ സംഭാവനകള്‍ ഈ പുസ്തകത്തില്‍ സവിശേഷ പ്രാധാന്യത്തോടെ വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദു മിഷന്‍ എന്ന സംഘടനയെ കുറിച്ച് ഈ പുസ്തകത്തില്‍ നല്‍കിയിട്ടുള്ള വിവരണം ചരിത്രപരമായി ഏറെ പ്രധാനപ്പെട്ടതാവുന്നു. നായരീഴവഐക്യം, ഹിന്ദു സമുദായൈക്യം എന്നീ ആശയങ്ങള്‍ ശക്തിപ്പെടുന്നതില്‍ പരിഭ്രാന്തരായ ചിലരുടെ കുത്സിതനടപടികളെയും കൃത്യമായി ചൂണ്ടിക്കാട്ടുന്നുണ്ട് ഈ പുസ്തകം. കേരളീയ നവോത്ഥാനത്തിന്റെ പ്രഭാവപൂര്‍ണമായ ഏടുകളിലേക്കും ഗവേഷണബുദ്ധിയോടെ ഗ്രന്ഥകാരന്‍ പ്രവേശിച്ചിട്ടുണ്ട്. വൈക്കം സത്യാഗ്രഹത്തില്‍ അണിചേര്‍ന്ന നവോത്ഥാനവാദികളുടെ ആശയങ്ങളും അവരില്‍ ഉടലെടുത്ത അഭിപ്രായവ്യത്യാസങ്ങളും സത്യസന്ധമായി രേഖപ്പെടുത്തുവാനും ഇ.എന്‍.നന്ദകുമാറിന് സാധിച്ചിട്ടുണ്ട്.
വൈക്കം സത്യാഗ്രഹത്തിന്റെ പശ്ചാത്തലവും മഹാത്മാഗാന്ധിയുടെ നേതൃത്വവും ശ്രീനാരായണഗുരുദേവന്റെ മഹത്തായ സാന്നിധ്യവും ടി.കെ.മാധവന്‍, ആമ ചാടി കണ്ണന്‍ തേവന്‍, ചിറ്റേടത്ത് ശങ്കുപ്പിള്ള, മന്നത്ത് പത്മനാഭന്‍ മുതലായ മഹത്തുക്കളുടെ കര്‍മസുരഭിലമായ ഇടപെടലുകളും വിശദമായി ചര്‍ച്ചാവിധേയമാക്കിയിട്ടുണ്ട്. ചരിത്രഗവേഷകര്‍ക്ക് ഈ വിവരങ്ങള്‍ വിലപ്പെട്ട നിധികളാകുന്നു. നിയമനിര്‍മ്മാണസഭയിലും മറ്റും വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളും പ്രമേയങ്ങളും തുടര്‍നടപടികളും കോടതികള്‍ വിവിധകാലങ്ങളിലെടുത്ത തീര്‍പ്പുകളും സത്യഗ്രഹസന്ദര്‍ഭത്തില്‍ ഉയര്‍ന്ന നാനാവിധമായ വെല്ലുവിളികളും അഭിപ്രായ ഭിന്നതകളും വൈക്കത്ത് ദൃശ്യമായ നാരീശക്തിയുടെ പ്രകാശനവും യുവജനങ്ങളുടെ മികച്ച പങ്കാളിത്തവും വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് ദേശീയ നേതാക്കന്മാര്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളും കൃത്യമായി ക്രോഡീകരിച്ച് അവതരിപ്പിക്കുവാന്‍ ഗ്രന്ഥകാരന് സാധിച്ചു. അവതാരികാകാരനായ എം.ജി. ശശിഭൂഷണ്‍ ഇതിന്റെ പേരില്‍ ഗ്രന്ഥകാരനെ മുക്തകണ്ഠം പ്രശംസിക്കുന്നുമുണ്ട്.
വൈക്കം സത്യാഗ്രഹത്തിന് മുന്‍പും പിന്‍പും കേരളീയ സമൂഹത്തിന്റെ അവസ്ഥ എന്താണെന്നു വിശദീകരിക്കുന്ന ഭാഗം ആലോചനാമൃതമാണ്.
നവോത്ഥാനത്തിന് സംഭവിച്ച പില്‍ക്കാലപരിണാമത്തിന്റെ ഗുണവശങ്ങളും ദോഷവശങ്ങളും സന്തുലിതമായ കാഴ്ചപ്പാടോടെ ഗ്രന്ഥകാരന്‍ തനതായ നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ട് വ്യക്തമാക്കുന്നു. മുന്‍വിധികളുടെ കറ പുരളാതെയാണ് വൈക്കം സത്യഗ്രഹത്തിന്റെ ചരിത്രം വിവരിച്ചിട്ടുള്ളത്. ഈ പുസ്തകത്തിന്റെ വിശ്വാസ്യതയെയും ആധികാരികതയെയും നിര്‍ണയിക്കുന്നതും ഈ ശ്ലാഘനീയ നിലപാട് തന്നെ.
ചരിത്രത്തില്‍ വിസ്മരിക്കപ്പെട്ടതും നാളിതുവരെ രേഖപ്പെടുത്തപ്പെടാതെ പോയതുമായ നിരവധി സംഭവങ്ങള്‍ ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യ ശീര്‍ഷകത്തിന് കീഴില്‍ ഉപശീര്‍ഷകങ്ങള്‍ നല്‍കി ചരിത്രസംഭവങ്ങളെ ക്രമാനുഗതമായി വിവരിച്ച രീതി ആകര്‍ഷകമാണ്. ബാലികാബാലകന്മാര്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ അനായാസമായി ഈ പുസ്തകത്തിലേക്ക് പ്രവേശിക്കാന്‍ ഇതുവഴി സാധിക്കുന്നു. ഗവേഷണ സ്വഭാവത്തോടെയും ആസൂത്രണ ബുദ്ധിയോടെയും ചരിത്രവിഷയങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിന്റെ മികച്ച മാതൃകയായി ഈ ഗ്രന്ഥത്തെ ചൂണ്ടിക്കാട്ടുവാന്‍ സാധിക്കും. ഗ്രന്ഥസൂചിയുടെ മൂല്യവും എടുത്തു പറയേണ്ടതു തന്നെ.
നല്ല മലയാളത്തില്‍, വിരസതയൊഴിവാക്കി ദുരൂഹതയുടെ പുക പരത്താതെ ചരിത്ര വസ്തുതകളെ എങ്ങനെ അടയാളപ്പെടുത്താം എന്നതിന്റെ നല്ലമാതൃക കൂടിയാണ് വൈക്കം സത്യഗ്രഹം ഒരു സമഗ്ര വിപ്ലവം എന്ന ഈ വിശിഷ്ട കൃതി. നാളിതുവരെ ചരിത്രത്തിലേക്ക് പ്രവേശനം ലഭിക്കാതിരുന്ന അനേകം മഹത്തുക്കളെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ സ്ഥാനപ്പെടുത്തുവാനും ഈ പുസ്തകത്തിലൂടെ ഇ.എന്‍. നന്ദകുമാറിന് ഈ ഗ്രന്ഥരചന വഴി സാധിച്ചിട്ടുണ്ട്. പൂര്‍വികരായ മഹാത്മാക്കളുടെ ത്യാഗത്തിന്റെയും സമത്വദര്‍ശനത്തിന്റെയും വസ്തുനിഷ്ഠമായ അവതരണമായി ഈ പുസ്തകത്തെ വിശേഷിപ്പിക്കുവാന്‍ ഇതും കാരണമാവുന്നുണ്ട്. സമഗ്രവും ആധികാരികവുമായി ഒരു ചരിത്രത്തെ അവതരിപ്പിക്കുക എന്ന കര്‍മം ക്ഷിപ്രസാധ്യമല്ല. നല്ല പ്രയത്‌നം ചെയ്യുന്നവര്‍ക്കേ അത് സാധിക്കു. ഇ.എന്‍. നന്ദകുമാറിന് ഈ പുസ്തകരചന വഴി അത് സാധിച്ചു.






















