Lok, Beyond Folk
ജെ. നന്ദകുമാര്‍
പ്രജ്ഞാപ്രവാഹ് പ്രതിഷ്ഠാന്‍ ന്യൂദല്‍ഹി
പേജ്: 246 വില: 350 രൂപ
അനേക ലക്ഷം വര്‍ഷങ്ങളിലൂടെ വളര്‍ന്നുവികസിച്ച ഭാരതത്തിന്റെ സാംസ്‌കാരിക നാഗരികതയുടെ തിളക്കമാര്‍ന്ന, അതിമഹത്തരങ്ങളായ പല വിജ്ഞാനസമ്പത്തുകളെയും കലാ സാംസ്‌കാരിക മുദ്രകളെയും ആചാരങ്ങളെയും ചടങ്ങുകളെയും കേവലം നാടന്‍, നാടോടി പാരമ്പര്യമെന്നൊക്കെയുള്ള ഗണങ്ങളിലൊതുക്കി അവയുടെ വിലകെടുത്തി മാറ്റിനിര്‍ത്തുകയും ചിലപ്പോള്‍ പരിഹാസ്യമാംവിധം പഠനങ്ങളായി അവതരിപ്പിക്കുകയും ചെയ്തുവരുന്നത് കോളനിവക്താക്കളുടെ കാലത്തും അതിനുശേഷം പണ്ഡിതസഭകളില്‍ കടന്നുകൂടിയ സാംസ്‌കാരിക മാര്‍ക്‌സിസ്റ്റുകളുടെ രഹസ്യ അജണ്ടകളിലും കാണാം. എന്നാല്‍ ഭാരതീയ കാഴ്ചപ്പാട് അനുസരിച്ച്, നമ്മുടെ ഈ പ്രപഞ്ചത്തില്‍ നിലകൊള്ളുന്നതെല്ലാം അനേകായിരം വര്‍ഷത്തെ പാരമ്പര്യമുള്ള നമ്മുടെ നാടിന്റെ സാംസ്‌കാരിക ഏകതയെ വളര്‍ത്തിയെടുക്കുന്നതില്‍ അവയുടെതായ പങ്കു വഹിക്കുന്നു.
ഈ വീക്ഷണത്തില്‍ നിന്നു കൊണ്ടാണ് ദേശീയ സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ ഭാരതത്തിന്റെ ഭാവിയെ പുന:സങ്കല്‍പിക്കുന്നതിന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ എഡിറ്റ് ചെയ്ത ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രശസ്ത പണ്ഡിതരുടെ പതിനാറു പ്രബന്ധങ്ങളുടെ സമാഹാരമായ ലോക് ബിയോണ്ട് ഫോക് എന്ന ഇംഗ്ലീഷിലുള്ള പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഭാരതത്തിന്റെ സാംസ്‌കാരികവും നാഗരികവുമായ പശ്ചാത്തലത്തില്‍ എല്ലാറ്റിനെയുമുള്‍ക്കൊള്ളുന്ന ഹിന്ദുത്വചിന്താഗതിയെ സമഗ്രതയില്‍ അവതരിപ്പിക്കാന്‍ നമുക്ക് ഫോക്കിന് അപ്പുറമുള്ള കൂടുതല്‍ വിശാലമായ ഒരു പദാവലി ആവശ്യമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ലോക് എന്നുപയോഗിക്കുന്നത്.
ഈ ഗ്രന്ഥത്തിന്റെ ആദ്യ അദ്ധ്യായത്തില്‍ ലോക്മന്ഥന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ജെ. നന്ദകുമാര്‍ തന്നെ അവതരിപ്പിക്കുന്നു. തുടര്‍ന്ന് ഡോ. കപില്‍ തിവാരിയുടെ ലേഖനത്തില്‍ രാഷ്ട്രസങ്കല്പത്തിലെ ലോക് എന്താണെന്ന് വിശദീകരിക്കുന്നു. തമിഴ് ലോക് പാരമ്പര്യത്തിലെ പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതിവാദങ്ങള്‍ എന്നിവ ഡോ. എ. രാമകൃഷ്ണപ്രസാദ് പരിശോധിക്കുന്നു. വടക്കു കിഴക്കന്‍ സമൂഹങ്ങളില്‍ ഇതിഹാസങ്ങളുടെ നൈരന്തര്യം എങ്ങനെയൊക്കെ നിലനില്‍ക്കുന്നു എന്ന് ഡോ. അനന്യ ബറുവയുടെ ലേഖനത്തില്‍ പരിശോധിക്കുന്നു. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സൗന്ദര്യശാസ്ത്ര പാരമ്പര്യം ലോക് പഠനത്തില്‍ മലയാളിയായ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ പരിശോധിക്കുന്നു. ഭാരതത്തിന്റെ വടക്കു കിഴക്കന്‍ ജനതയുടെ ഏകീകൃത നാഗരിക ബോധം എന്ന വിഷയമാണ് റമി നിരഞ്ജന്‍ ദേശായി ചര്‍ച്ചയ്ക്ക് വെക്കുന്നത്. മനോജ് കുമാര്‍ ശ്രീവാസ്തവ മഹാഭാരതത്തിന്റെ സാമുദായിക വീക്ഷണം പഠനവിധേയമാക്കുന്നു. വാദം, സംവാദം എന്നിവയിലൂടെ കാഴ്ചപ്പാട് വികസിക്കുന്നത് എങ്ങനെയെന്ന് ജെ. നന്ദകുമാറിന്റെ ലേഖനത്തില്‍ ചര്‍ച്ചചെയ്യുന്നു.
ലൈംഗിക ന്യൂനപക്ഷത്തെ ആദരിക്കുന്നതിന് പകരം കാഴ്ചവസ്തുവാക്കപ്പെടുന്നത്, അവരുടെ വ്യക്തിത്വം നഷ്ടപ്പെടുന്നതിന് എങ്ങനെ കാരണമാവുന്നു എന്നാണ് ഡോ. വീരേന്ദ്ര മിശ്രയുടെ ലേഖനം ചര്‍ച്ച ചെയ്യുന്നത്. ഡോ. ഡി. മുരളി മനോഹര്‍ പൗരോഹിത്യത്തിന്റെ ലോക് കാഴ്ചപ്പാട് എന്ന വിഷയമാണ് അവതരിപ്പിക്കുന്നത്. ബംഗാളിന്റെ ലോക് പാരമ്പര്യം എന്തെന്ന് ഡോ. മലയ് ശങ്കര്‍ ഭട്ടാചാര്യയുടെ ലേഖനത്തില്‍ പരിശോധിക്കുന്നു. നമ്മുടെ തദ്ദേശീയ വിജ്ഞാനത്തിന്റെ നിലവാരനിര്‍ണയവും അതിന്റെ പ്രതിസന്ധിയുമാണ് ഡോ. അമൃത് ജി. കുമാറിന്റെ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ജെ. നന്ദകുമാറിന്റെ മറ്റൊരു ലേഖനം ഭാരതീയ മനസ്സിന്റെ അപകോളനിവത്കരണമാണ്.
രാജ്യത്തിന്റെ താന്ത്രിക വേരുകള്‍ തേടിയുള്ള അന്വേഷണമാണ് ഡോ. ആര്‍. രാമാനന്ദ് എഴുതിയ പ്രബന്ധത്തിലുള്ളത്. കര്‍ണ്ണാടകയുടെ സില്ലെക്യതയിലൂടെ ലോക് തിയേറ്റര്‍ പാരമ്പര്യത്തിലേക്ക് ഒരെത്തിനോട്ടം നടത്തുകയാണ് പ്രശാന്ത് വൈദ്യരാജ്. കേരളത്തിലെ തെയ്യം കലാരൂപത്തിലെ ലോക് ആചാര രീതികളെപ്പറ്റിയാണ് യു.പി. സന്തോഷ് എഴുതിയ ലേഖനത്തിലുള്ളത്. ഭാരതത്തിലെ വിവിധ പ്രദേശങ്ങളിലെ വ്യത്യസ്ത രംഗങ്ങളില്‍ വിദഗ്ദ്ധരായവരുടെ മുകളില്‍ കൊടുത്ത വൈവിധ്യമാര്‍ന്ന നിരീക്ഷണങ്ങളും പഠനങ്ങളും വായിച്ചു കഴിയുമ്പോള്‍ നമുക്കു ബോധ്യപ്പെടുക നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തില്‍ ആരെയും മാറ്റിനിര്‍ത്താനോ അവഗണിക്കാനോ കഴിയാത്തവിധം എല്ലാവരും ഈ രാഷ്ട്രത്തിന്റെ സാംസ്‌കാരിക സ്വത്വം വളര്‍ത്തിയെടുക്കാനും അവയുടെ തിളക്കം കൂട്ടാനും അവരവരുടെ പങ്കു നിറവേറ്റിക്കൊണ്ടിരിക്കുന്നു എന്നാണ്. അതില്‍ പണ്ഡിതന്മാരുണ്ട്, നാടോടി പാരമ്പര്യ വിദഗ്ദ്ധരുണ്ട്, വനവാസികളുണ്ട്, ഓരോ സംസ്ഥാനക്കാരുമുണ്ട്.






















